2 Oct 2017

ജോര്‍ദാന്‍ : ചാവു കടലും വാദി റമ്മും

ഒരു കാപ്പി കുടിച്ചോണ്ടിരിക്കുമ്പോ ഓഫീസിലെ പാന്റ്രിയില്‍ വെച്ച് ഫറ എന്നോട് ചോദിച്ചു - "നീ ഇനി എന്നാ അടുത്ത യാത്ര പോകുന്നത്? അടുത്ത തവണ പോകുമ്പോ എന്നേം കൂട്ടാമോ?"

'രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്‍" എന്ന പോലെ "എന്നാ അടുത്ത ആഴ്ച്ച പോയാലോ?"എന്നു ഞാനും "റെഡി" എന്ന് അവളും.. 

ഇതായിരുന്നു ജോര്‍ദാന്‍ യാത്രയുടെ തുടക്കം. പോകാനും വരാനും മാത്രം ടിക്കറ്റെടുത്ത് എന്തെല്ലാം ചെയ്യണമെന്ന് മനസ്സിലൊരു ഏകദേശ കണക്ക് കൂട്ടലും നടത്തി ഒരു പോക്ക് !!!

ജോര്‍ദാന്‍ !!!

----------------------------------------------------------------------------------------------------------------------
ആദ്യം തന്നെ ചാവുകടലിന്നടുത്തേക്കാണ്‌ പോയത്.
----------------------------------------------------------------------------------------------------------------------

തലേന്ന് രാത്രി എയര്‍പോര്‍ട്ടില്‍ നിന്ന് ചാവുകടലിന്നടുത്തുള്ള താമസസ്ഥലത്തേക്ക് വരുമ്പോ ചെവിയൊക്കെ കൊട്ടി അടയുന്ന പോലെ ഒരു തോന്നല്‍. അപ്പോഴാ സാരഥി പറഞ്ഞത് ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണെന്ന്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1300 അടി താഴെയാണ്‌ ചാവുകടലിന്റെ ഉപരിതലം. അതിന്നടുത്തുള്ള റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ആ താഴ്ച്ചയിലേക്ക് ഇറങ്ങുന്നത് എന്റെ ചെവി അറിഞ്ഞു എന്ന് സാരം.

ഒരു കൊച്ചു കുന്നിന്‍ മുകളിലായിരുന്നു ഞങ്ങടെ താമസസ്ഥലം. പിറ്റേന്ന്, ആ മലമുകളിലെ മുറിയില്‍, ദൂരെ ചാവുകടലിലേക്ക് തുറക്കുന്ന ജനാലകളിലൂടെ നോക്കി ഞാനൊന്നന്തിച്ചു. നല്ല ഭംഗിയുള്ള നീല നിറം ! എന്റെ മനസ്സിലെ ചാവുകടല്‍ ഇതല്ലായിരുന്നു. കുറച്ച് കറുത്തിരുണ്ട വെള്ളമായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്.. !! ഹോട്ടലില്‍ ആംഗ്യഭാഷ വെച്ചും "Dead Sea" എന്ന വാക്കും വെച്ച് എങ്ങനെയോ അവിടേക്കെത്താനുള്ള മാര്‍ഗം കണ്ടെത്തി. ചാവുകടലിനെ പകുത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ ഒരുപാടുണ്ട്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി നമ്മള്‍ വേറെ ഒരു കൊച്ചു ഹോട്ടലിലാണ്‌ താമസിച്ചത്. 

ഇത് ഞങ്ങള്‍ താമസിച്ച ഇടത്തില്‍ നിന്നും കാണുന്ന ചാവുകടലിന്റെ ഭാഗം
ഇതാണ്‌ ചെറിയ തിരമാലകള്‍ ഉള്ള ചാവുകടല്‍ 

പേരില്‍ കടലുണ്ടെങ്കിലും ഈ കരയില്‍ നിന്നാല്‍ മറുകര കാണാം. അതായത് തീര്‍ത്തും വീതികുറവാണ്‌ ഈ ചാവുകടലിന്. 10 മുതല്‍ 15 കി.മി. മാത്രമാണ്‌ ഇതിന്റെ വീതി.

ചാവുകടലിലേക്കിറങ്ങുമ്പൊ തന്നെ കാലൊന്ന് ചെറുതായി ഉരഞ്ഞു. നല്ല ഒരമുള്ള കൂര്‍പ്പുള്ള വെള്ള കല്ലുകളിലൊന്ന് കാല്‍ തട്ടിയതാ. കമ്പ്ലീറ്റ് മിനറല്‍സ് ആണല്ലോ ഈ വെള്ളത്തില്‍. അവ കൂടി ചേര്‍ന്നിരിക്കുന്നവയാ ഈ കല്ലുകള്‍. ചിലതെല്ലാം ഒരുപാട് മൂര്‍ച്ഛയാണ്‌. അങ്ങനെ ധാതുക്കള്‍ കൂടുതലായുള്ള വെള്ളമുള്ള ഈ "Sea" എന്നു വിളിക്കുന്ന തടാകത്തില്‍ ഡെന്‍സിറ്റി അഥവാ സാന്ദ്രത കൂടുതലായതു കൊണ്ട് ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ പൊങ്ങി കിടക്കാനാകും. അപ്പൊ അത് തന്നെയാണ്‌ നമ്മടെ ലക്ഷ്യവും. പൊങ്ങി കിടക്കണം !

അച്ചന്‍ വീട്ടിലും അമ്മ വീട്ടിലും നല്ല കുളമുണ്ടായിട്ടും നീന്തല്‍ പഠിക്കാതിരുന്ന ഞാന്‍ സ്വിമ്മിങ്ങ് പൂള്‍ നീന്തല്‍ മാത്രം വശത്താക്കി വരുമ്പോള്‍ "ബുദ്ധിമുട്ടില്ലാതെ പൊങ്ങി കിടക്കുക എന്നത്" അത്രയും മനോഹരമായ ഒരാചാരമായി തോന്നുന്നതില്‍ അത്ഭുതമില്ലല്ലോ.. പിന്നെ മീനോ നീര്‍ക്കോലിയോ ഒക്കെ ഉണ്ടാകുമെന്ന പേടിയും വേണ്ട.  ഇവയ്ക്കൊന്നും ഈ ഉപ്പുരസത്തില്‍ ജീവിക്കാനാവാത്തതോണ്ടാണല്ലോ ചാവു കടല്‍ എന്ന പേരു തന്നെ വന്നിരിക്കുന്നത് !!.. കൂടെയുള്ള ഫറയ്ക്ക് നീന്തലിന്റെ ബാലപാഠം പോലുമറിയില്ല. പക്ഷെ അതില്‍ അഹങ്കാരമില്ലാത്തോണ്ട് ഞാന്‍ ചെങ്കടലിലെ മത്സ്യ സമ്പത്ത് ഒരു സംഭവമാണെന്ന് പറഞ്ഞപ്പോ  അതില്‍ സ്നോര്‍ക്കലിങ്ങ്  ചെയ്യാന്‍ പോലും തയ്യാറായി എന്റെ കൂടെ വന്നു ഫറ. ആ കഥ വരുന്നേ ഉള്ളൂ... 

അതിരാവിലെ ആളുകള്‍ എത്തി തുടങ്ങിയില്ല. .. പൊങ്ങിക്കിടന്ന് അവസാനം ഒഴുകി പോയാല്‍ പിന്നെ ചിലപ്പൊ ഇസ്രായേലെത്തും.

മറ്റു സമുദ്രങ്ങളിലേക്കാള്‍ 9 ഇരട്ടിയാണ്‌ ചാവുകടലിന്റെ ഉപ്പുരസം. അതു കൊണ്ട് തന്നെയാണ്‌ നീന്തല്‍ അറിയാത്ത ആള്‍ക്കു പോലും പൊങ്ങി കിടക്കാനാകുന്നതും. ശുദ്ധ വെള്ളത്തിന്റെ വരവ് തുലോം കുറവായതു കൊണ്ട് ഈ ഉപ്പുരസവും സാന്ദ്രതയുമൊന്നും കുറയുന്നതുമില്ല. ഈ പ്രദേശത്ത് മഴയും കുറവാണ്‌. ആകെ കൂടി ജോര്‍ദാന്‍ നദിയില്‍ നിന്നുള്ള വെള്ളം മാത്രമേ കുറച്ചെങ്കിലും ചാവുകടലിലേക്ക് ഒഴുകിയെത്തുന്നുള്ളൂ. അങ്ങനെയൊക്കെ വരുന്ന നല്ല വെള്ളമാണെങ്കിലോ ചൂട് നേരത്ത് ആവിയായി പോകും. വീണ്ടും ചാവുകടലിലെ വെള്ളം  പഴയ പോലെ തന്നെ ഇരിക്കും. ഇപ്പൊ മഴക്കുറവുക്കൊണ്ടും മറ്റു നദികളിലെ വെള്ളമൊഴുകിയെത്തുന്നതിലെ കുറവു കൊണ്ടും ചാവുകടല്‍ ശരിക്കും ചത്തുകൊണ്ടിരിക്കുകയാണ്‌. ഇതിന്റെ വീതി കുറഞ്ഞു വരുന്നതായി പലയിടത്തും വായിച്ചിരുന്നു.

ഇതില്‍ പൊങ്ങികിടക്കാനാകുമോ എന്ന എന്റെ സംശയത്തെ വലുതാക്കി കൊണ്ട് തിരകള്‍ അടിക്കുന്നുമുണ്ട്. അങ്ങനെ ഒരു മൃദുലമായ വെള്ളക്കല്ലിലിരുന്ന്‌ ആ നീല ജലത്തെ തഴുകി കൊണ്ട് അന്യോന്യം ആശങ്കകള്‍ പറഞ്ഞ് ആരാദ്യം ഈ വെള്ളത്തില്‍ പൊങ്ങി കിടക്കുമെന്ന് സംശയിച്ച് എന്തോ പറയാനായി വായ തുറന്നപ്പോള്‍ എന്റെ എല്ലാ സംശയങ്ങളും നീങ്ങി. 

എന്താ? 
ഒരു തിരമാലയിലൊരല്‍പം വെള്ളം വായിലെത്തി !!!!

"എന്റമ്മോ" എന്നാരും പറഞ്ഞ് പോകും. അത്രയ്ക്കും ഉപ്പുരസം ! 

പിന്നെ ഞാന്‍ ആവേശത്തോടെ വെള്ളത്തിലേക്ക് കൂടുതലിറങ്ങി മലര്‍ന്ന് കിടക്കാന്‍ തയ്യാറായി. ഒരു ലൈഫ് ഗാര്‍ഡിനെ ആ ഭാഗത്ത് കണ്ടപ്പൊ പിന്നെ ഒന്നും നോക്കീല. വിചാരിച്ചതിലുമെളുപ്പം മലര്‍ന്ന് കിടന്നു. അതിനു ശേഷം ഫറയെ സഹായിച്ചു. പിന്നെ അവിടത്തെ പ്രധാന ചടങ്ങിലേക്ക് കടന്നു. "Black sea clay" പുരട്ടല്‍. ഇവിടത്തെ ആഴങ്ങളില്‍ നിന്നുള്ള കളിമണ്ണിന്‌ ഒരുപാട് ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കെമിസ്റ്റ്രി ക്ലാസ്സില്‍ പഠിച്ചിട്ടുള്ള പീരിയോഡിക് ടേബിളില്‍ കേറി തല ഉയര്‍ത്തി നില്‍ക്കുന്ന ഒട്ടു മിക്ക elements-ഉം ഈ വെള്ളത്തിലും ഇടം പിടിച്ചിട്ടുണ്ടല്ലോ.. ഗാര്‍ഡായി അവിടെ നില്‍ക്കുന്ന ഈജിപ്തുകാരന്‍ ചേട്ടന്റെ സഹായത്തോടേ ആ മണ്ണ്‌ നമ്മളും സ്വന്തമാക്കി പുരട്ടി. വീണ്ടും വെള്ളത്തില്‍ മതിയാവോളം പൊങ്ങി കിടന്നു.

ചാവുകടലിലെ വെള്ളത്തിനും പിന്നെ അവിടത്തെ മണ്ണിനും ഒരുപാട് ഗുണഗണങ്ങളുണ്ട്. ത്വക്ക് രോഗങ്ങള്‍ക്കും സന്ധി വേദനയുള്ളവര്‍ക്കുമെല്ലാം നല്ലതായ ഔഷധഗുണങ്ങളുള്ള വെള്ളമാണ്‌ ഇവിടത്തേത് ത്രെ... വാതത്തിനു നല്ല ആശ്വാസം തരുന്നതാണ്‌ ഇവിടത്തെ മണ്ണ്‌. എല്ലാ അവയവങ്ങളിലെയും വിഷാംശം വലിച്ചെടുക്കാനുള്ള കഴിവു ഈ ഉപ്പുവെള്ളത്തിനുണ്ട്. പിന്നെ വളരെ താഴ്ന്ന പ്രദേശമായതിനാല്‍ ഓക്സിജന്‍ മര്‍ദ്ദം കൂടുതലാണ്‌ എന്നതു കൊണ്ട് ആസ്ത്‌മ പോലെയുള്ള ശ്വാസപ്രശ്നങ്ങളുള്ളവര്‍ക്കും ഏറെ ആശ്വാസമുള്ള അന്തരീക്ഷമാണിവിടം.  ചരിത്രപുസ്തകങ്ങളില്‍ പഠിച്ചിട്ടുള്ള ക്ലിയോപാട്ര രാജ്ഞി ഈ ചാവുകടലിലെ വെള്ളവും മണ്ണുമൊക്കെ തന്റെ തൊലിയുടെ സംരക്ഷണത്തിനുപയോഗിച്ചിരുന്നത്രെ.. 

വീണ്ടും വീണ്ടും പൊങ്ങികിടന്നപ്പോള്‍ പേടി ഇല്ലാതായി.. അതുകൊണ്ട് കൂടുതല്‍ ആസ്വദിക്കാനുമായി.  ചാവുകടല്‍ ഒരു നല്ല അനുഭവമാണ്‌. വായിച്ചറിഞ്ഞത് കാണുമ്പോഴും അനുഭവിക്കുമ്പോഴുമുള്ള ഒരു പ്രത്യേക രസവും ഈ യാത്രയില്‍ ലഭിച്ചിരുന്നു. 

ഇവിടെ നിന്ന് ഏകദേശം 10 കിലോമീറ്ററെ ഉള്ളൂ Bethany-The Batptism Site -ലേക്ക്. ഇവിടെയാണത്രെ യേശുകൃസ്തുവിനെ John the Baptist മാമോദീസ മുക്കിയത്. 

----------------------------------------------------------------------------------------------------------------------
ഇനി യാത്ര ഖാലിദിന്റെ കൂടെ വാദി റമ്മിലേക്ക്. 


----------------------------------------------------------------------------------------------------------------------

ജോര്‍ദാന്‍ ഇറങ്ങിയപ്പൊ തൊട്ട് സ്നേഹത്തോട് കൂടി സംസാരിക്കുന്ന ഒരുപാട് പേരെ കണ്ട് മുട്ടി. "അല്‍ ഹിന്ദ്?" എന്നു ചോദിക്കുമ്പൊ "Yes. ഫ്രം ഇന്ത്യ" എന്ന് പറഞ്ഞാല്‍ പിന്നെ അമിതാഭ്ബച്ചനെയും അമര്‍ അക്ബര്‍ അന്തോണി യെന്ന പഴയ ഹിന്ദി ചിത്രത്തിലെ പാട്ടുകളും പാടി കേള്‍പ്പിച്ചിരുന്നു ചിലര്‍. പിന്നെ നമ്മളെ നോക്കി "Indians - Good Eyes" എന്നൊക്കെ ആരോക്കെയോ പറഞ്ഞിരുന്നു. 

ഖാലിദും ഒരു പഞ്ചാരക്കുടമായിരുന്നു. രണ്ട് ഭാര്യമാരും 6 ഗേള്‍ഫ്രണ്ട്സുമുണ്ട് മൂപ്പര്‍ക്ക്. ആദ്യ കല്യാണം കഴിഞ്ഞ് 6 മാസം കഴിഞ്ഞപ്പൊ തന്നെ രണ്ടാമത്തേതൊപ്പിച്ചു മഹാന്‍. Divorce ചെയ്യ്വാണേല്‍ ഭാര്യക്ക് പുതിയ നിയമപ്രകാരം ഒരുപാട് പൈസ കൊടുക്കണമെന്നത് വലിയ സങ്കടത്തോടെയാണ്‌ ആള്‍ നമ്മളോട് പറഞ്ഞത്. അതു കൊണ്ടാത്രെ മൂപ്പര്‍ ആദ്യഭാര്യടെ സമ്മതപത്രം വാങ്ങാതെ ഷേഖിന്‌ പൈസ കൊടുത്ത് രണ്ടാമത്തെ കല്യാണം കഴിച്ചത്.  .. ഇപ്പൊ മൂന്നാമത് കെട്ടുമെന്ന് പറഞ്ഞ് ഉള്ള രണ്ട് പേരേം പേടിപ്പിച്ച് നിര്‍ത്തിയിരിക്കയാണത്രെ. അതും നല്ല അഭിമാനത്തോടെയാ മൂപ്പര്‍ പറഞ്ഞത്. എന്താലേ!!! പേടിപ്പിച്ചാ സ്നേഹം കിട്ട്വോ ?

ചാവു കടലില്‍ നിന്ന് വാദി റമ്മിലേക്കുള്ള യാത്രാമദ്ധ്യേ
വാദിയിലേക്ക് പോകുന്ന യാത്രയില്‍ ജോര്‍ദാനി സുലൈമാനി കുടിക്കാന്‍ ഒന്നു നിര്‍ത്തിയപ്പൊ നമ്മളെ ചായയ്ക്ക് പൈസ കൊടുക്കാന്‍ ഖാലിദ് സമ്മതിച്ചില്ല. അപ്പൊ 'എന്തേ?' ന്ന് ചോദിച്ചപ്പൊ പറയാ - ആണുങ്ങള്‍ ഉള്ളപ്പൊ പെണ്ണുങ്ങള്‍ ഭക്ഷണത്തിന്‌ പൈസ കൊടുക്കാന്‍ പാടില്ലെന്ന്. 21-ആം വയസ്സ് തൊട്ട് സമ്പാദിക്കുന്ന കുറെ ഒറ്റക്ക് ജീവിച്ചിട്ടുള്ള നമ്മള്‍ക്ക് അതിനോട് യോജിക്കാന്‍ പറ്റില്ലെന്ന് നമ്മളും. ഖാലിദിനെന്തോ വലിയ വിഷമം !

വളഞ്ഞു പുളഞ്ഞുള്ള റോഡുകള്‍.. കുന്നുകളും മലഞ്ചെരിവുകളുമൊക്കെ ഉണ്ട്. പോയത് ഏപ്രിലില്‍ ആയതോണ്ട് പച്ചപ്പുമുണ്ട്. തക്കാളി കൃഷിയിടവും തക്കാളി നിറച്ച കുട്ടകള്‍ വണ്ടിയിലേക്ക് കേറ്റുന്നതുമൊക്കെ കണ്ടിരുന്നു നമ്മടെ യാത്രയില്‍.

----------------------------------------------------------------------------------------------------------------------


ആകാശം നിറയെ ലക്ഷക്കണക്കിനു നക്ഷത്രങ്ങള്‍.. എവിടാണ്ടൊക്കെ വായിച്ചും പഠിച്ചും അറിഞ്ഞുള്ള നക്ഷത്രക്കൂട്ടങ്ങളെ കണ്ട് പിടിക്കാന്‍ നോക്കി. പിന്നെ വേണ്ടാന്ന് വെച്ചു. വേറെ ഒന്നുമല്ല - അല്ലാതെ തന്നെ അവ ഒരുപാട് രൂപങ്ങളായി തോന്നുന്നുണ്ട് എനിക്ക്..

നല്ല രസം.. ഇങ്ങനെ കിടക്കാന്‍.. ചുവന്ന മണല്‍ തിട്ടയില്‍ കിടപ്പ് തുടങ്ങി കുറച്ച് നേരമായി. അധികം ദൂരെയല്ലാതെയുള്ള ഒരു മലയ്ക്ക് പിന്നില്‍ സൂര്യന്‍ ഒളിച്ച് തുടങ്ങിയപ്പൊ തൊട്ട് കിടപ്പ് തുടങ്ങിയതാ... ഇപ്പൊ തണുപ്പ് കൂടി തുടങ്ങി. കയ്യൊക്കെ ചെറുതായി വിറയ്ക്കുന്നു. ഇനി എണീക്കാതെ നിര്‍വ്വാഹമില്ല..

സ്ഥലം: ജോര്‍ദാനിലെ വാദി റം മരുഭൂമി

----------------------------------------------------------------------------------------------------------------------


നിശബ്ദതയും ഇരുട്ടും നല്ല തണുത്ത കാറ്റും തെളിഞ്ഞ ആകാശവും മിന്നുന്നതും മിന്നാത്തതുമായ ലക്ഷോപലക്ഷം നക്ഷത്രങ്ങളും - ഇതൊക്കെ കാണാനും അനുഭവിക്കാനും ഏറ്റവും നല്ല സ്ഥലങ്ങളിലൊന്ന് - വാദി റം. ഇവിടെ വരെ വന്നിട്ടുണ്ടെങ്കില്‍ ഒരു രാത്രിയെങ്കിലും താമസിക്കാതെ പോകരുത്.

ചാവുകടലില്‍ നിന്ന് വാദി റം വരെയുള്ള യാത്ര ഏകദേശം 4 മണിക്കൂറോളം എടുത്തു. 

നമ്മള്‍ ഒരു കുടുംബത്തോടൊപ്പമാണ്‌ താമസിച്ചത്. മൂസയും ആലിയയും  അവരുടെ 5 മക്കളും പിന്നെ മൂസയുടെ അമ്മയും അടങ്ങുന്ന കുടുംബം. ആ സ്ഥലത്തെ മാത്രം വിശ്വസിച്ച് ജീവിക്കുന്ന ഒരു കുടുംബം.  ജോര്‍ദാനിലെ മറ്റു സ്ഥലങ്ങളിലേക്കൊന്നും പോയിട്ടില്ലാത്ത തികഞ്ഞ ഗ്രാമീണര്‍. വാദി റമ്മിലെ ആളുകളുടെ ജീവിത ഉപാധി ഒട്ടകങ്ങളും പിന്നെ നമ്മളെപോലുള്ള യാത്രികരുമാണ്‌.

വാദി റം ഗ്രാമത്തിലേക്കാണ്‌ നമ്മള്‍ പോയത്.  അവരുടെ വീട്ടിലെ അതിഥിയായി. ആ ഗ്രാമത്തിലെ വീടിനു പുറമെ മരുഭൂമിയില്‍ മൂസയ്ക്കൊരു ക്യാമ്പുമുണ്ട്. ചെറുതൊന്ന്. കൂടുതലും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ആളുകളാണ്‌ ആ ക്യാമ്പിലെത്തുന്നത്. ഇവരിലൂടെയാണ്‌ മൂസയും കുടുംബവും ലോകത്തെ കാണുന്നത്. പ്രത്യേകിച്ച് ആലിയ. അത് കൊണ്ട് തന്നെ പലപ്പോഴും ആലിയയുടെ വിശാലമായ ചിന്തകളും ആ മനസ്സിലെ നൈര്‍മല്യവും ഹൃദയം നിറയ്ക്കുന്ന ചിരിയും ഞങ്ങളെ അതിശയിപ്പിച്ചു.

ആ മരുഭൂമിയിലെ ഒരു മാണിക്യം - അതാണ്‌ ആലിയ. ആലിയയെക്കുറിച്ച് എഴുതുകയാണെങ്കില്‍ ഒരുപാടുണ്ട്. ഒരു പ്രസവത്തിന്‌ അഖബ വരെ പോയതാണ്‌ ആലിയ സഞ്ചരിച്ച ഏറ്റവും വലിയ ദൂരം. എന്നിട്ടും എന്തൊരറിവാണെന്നോ! നമ്മടെ മുന്നില്‍ വെച്ച് അനാവശ്യമായി ആലിയയെ ചീത്ത പറയുന്ന മൂസ ചിലപ്പോഴൊക്കെ വളരെ ചെറുതായി പോയി നമുക്ക് മുന്നില്‍. അവിടെ ഒരു രാത്രി ആലിയയും ഫറയും ഞാനും മാത്രമായി ഒരു കൊച്ച് തീയ്ക്കു ചുറ്റും സംസാരിച്ചും പാട്ടു പാടിയും ചിലപ്പോഴൊക്കെ ആംഗ്യം വഴി ആശയ വിനിമയം നടത്തിയുമൊക്കെ ചിലവിട്ടു. ആലിയയ്ക്ക് കണ്ണെഴുതാനിഷ്ടമാണെന്ന് പറഞ്ഞപ്പൊ നമ്മള്‍ നമ്മടെ ഐ ലൈനര്‍ കൊണ്ട്‌ അവര്‍ക്കും അവര്‍ ആ വീട്ടിലുണ്ടാക്കിയ കണ്‍മഷി കൊണ്ട് നമ്മള്‍ക്കും കണ്ണെഴുതി തന്നു. പുലര്‍ച്ചെ 4 മണി വരെ നമ്മള്‍ സംസാരിച്ചിരുന്നു ഒരു രാത്രി. അതിനിടയ്ക്ക് ഒരു 5 തവണയെങ്കിലും നമ്മള്‍ക്ക് കഴിക്കാനെന്തെങ്കിലുമൊക്കെ ആലിയ കൊണ്ടു വന്നിരുന്നു.

ഇനി വാദി റമ്മിനെക്കുറിച്ച്.. "Laawrence of Arabia",  "Krrish3" തുടങ്ങി പല സിനിമകള്‍ക്കും പാട്ടുകള്‍ക്കും ഈ ചരിത്രപ്രസിദ്ധമായ ഈ സ്ഥലം പശ്ചാത്തലമായിട്ടുണ്ട്. നബാത്തിയന്‍ ഗോത്രമാണ്‌ ഇവിടത്തെ ഭൂരിപക്ഷം. ഇന്ന് വാദി റം ഒരുപാട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ്‌. പ്രത്യേകിച്ച് സാഹസികരെ.

ഇത് നമ്മളെ വാദി റം കാണിച്ചു തന്ന സാരഥി. 
മണലു കൊണ്ട് ഹൃദയം ഉണ്ടാക്കുകയാ മൂപ്പര്‍ ഞങ്ങള്‍ക്ക് വേണ്ടി. 

പാറ കൊണ്ടുള്ള ഒരു വലിയ പാലം കണക്കെയുള്ള ആകൃതി.
മുകളിലെത്തിപ്പെടാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‌. 


സാഹസികര്‍ക്കായ് ഒരുപാട് മലകളും ട്രെക്കിങ്ങിനും ക്ലൈമ്ബിങ്ങിനും പറ്റിയ Sandstone and Granite പാറക്കൂട്ടങ്ങളും ഇവിടുണ്ട്. ലോറന്‍സ്‌ സഞ്ചരിച്ചെന്ന് പറയുന്ന പാതകള്‍, അനേകം ഗുഹകള്‍, കുന്നുകള്‍, പാലം പോലെയുള്ള പാറകള്‍ ഒക്കെ ഇവിടത്തെ കാഴ്ച്ചകളില്‍ പെടും.  വാദി റമ്മില്‍ ജീപ് സവാരി ചെയ്തത് മൂസയുടെ അനിയന്റെ കൂടെയായിരുന്നു. അവിടത്തെ സൂര്യാസ്തമയവും കാറ്റും വൈകുന്നേരം തൊട്ട് രാവിലെ വരെയുള്ള കോച്ചുന്ന തണുപ്പുമൊക്കെ ഈ യാത്രയെ കൂടുതല്‍ സുന്ദരമാക്കി. വൈകുന്നേരം നമ്മള്‍ വീടെത്തിയപ്പൊ ആലിയ അവിടെ നിന്ന് പറിച്ച  ഒരു ഇലയെല്ലാം ഇട്ട് ഒരു ചായ ഉണ്ടാക്കി തന്നു. പൊതുവെ കാപ്പി മാത്രം കുടിക്കുന്ന ഞാന്‍ ആ ചായ എത്ര തവണ കുടിച്ചെന്നോ ! 

ഇത് പാറകൊണ്ടുള്ള ചെറിയ പാലം

ഇവിടെ ഇരുന്ന് നമ്മള്‍ എത്രയെത്ര കഥകള്‍ പങ്കിട്ടെന്നോ !

രാത്രിയില്‍ മരുഭൂമി ചിലപ്പോഴൊക്കെ വല്ലതെ തണുത്ത് വിറയ്ക്കും

ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത എന്താന്നറിയോ?

രാത്രി മണലില്‍ കിടന്നു മുകളിലേക്ക്  നോക്കൂ.. ഇത്രേം നക്ഷത്രങ്ങള്‍ നമ്മുടെ കണ്ണുകള്‍ക്ക് കാണാനാകുമെന്ന് അപ്പൊഴാണ്‌ മനസ്സിലാവുക. നമ്മള്‍ക്ക് നാട്ടില്‍ കാണാവുന്നതിലും കൂടുതല്‍ നക്ഷത്രങ്ങള്‍ ഇവിടുന്ന് കാണാം... അത് കാമറയിലൊന്നും പകര്‍ത്താനാകില്ല. ഒരു പക്ഷെ ഇവിടെനിന്നുള്ള നക്ഷത്രക്കാഴ്ച്ച ലഭിക്കാനായി മാത്രം വാദി റം വരെ ഇനിയും വന്നേക്കുമെന്ന് ഫറ പറയുന്നുണ്ട്. 

ബാക്കി പിന്നെ.

#Jordan #WadiRum #DeadSea

Jordan Visa and Tourist Attractions Entry Fees: 

Jordan Visa is very costly. It is around 50 JD = 258 AED = 4600 INR.
Entry to Wadi Rum is 5 JD.
Entry to Petra is again costly. One day: 50 JD; Two-Day Pass 55 JD; 3 Day Pass: 60 JD.

So it is better to take the Jordan Pass for 70JD/75JD/80JD
      70 JD ( or 99 USD for one day visit to Petra + around 40 attractions) /
      75JD (for 2 day entry to Petra + 40 Other attractions) /
     80JD ( for 3 day entry to Petra + 40 other attractions).
Once Jordan pass is taken, visa fee of 50 JD is waivered. Visa is on-arrival for Indians.

Jordan Pass:  https://www.jordanpass.jo/Contents/Prices.aspx
Visa Information: http://international.visitjordan.com/generalinformation/entryintojordan.aspx

Dead Sea - You can either stay in any resort in Dead Sea region or use their facility to enter dead sea. there are other facilities which offer you swimming pool + dead sea + shower+ changing rooms access. Their price varies from 5 JD to 40 JD for one day visit.

Bethany - The Baptism site is very near to this region. It is nine kilometers north of the Dead Sea and is situated on the eastern bank of the River Jordan.


4 comments:

Lazar Dsilva said...

ആസ്വദിച്ച് വായിച്ചു...

Basheer Vellarakad said...

Good post and narration ,but still can add some details /history about the dead sea ..

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല വിശദമായ വിവരങ്ങൾ ഒപ്പം യോജിച്ച പടങ്ങളും
പിന്നെ
ചാവുകടലിലേക്ക് പോയിട്ട് ചാവാണ്ട് എത്തിയല്ലോ ..!

സുധി അറയ്ക്കൽ said...

കൊള്ളാം...നല്ല വിവരണം..

ഞങ്ങൾ എന്നതിനു പകരം നമ്മൾ എന്ന് പറയുന്നത്‌ അരോചകമായി തോന്നി.