12 Sep 2017

ബ്ലൂ ഗ്ലാസ്സ്

വീട്ടില്‍ കുട്ട്യോള്‍ മൂന്നാ.. അപ്പൊ ഇന്നത്തെ കഥയും അവരെക്കുറിച്ചാ...

**** കഥയുടെ പേര്: BLUE ഗ്ലാസ് ****

ഒരു 6 വയസ്സുകാരിയും പിന്നെ രണ്ട് വയസ്സു കഴിഞ്ഞ രണ്ട് ചെക്കന്മാരുമാണ്‌ കഥാപാത്രങ്ങള്‍.. ലച്ചു, അച്ചു, വീരു. ഇതിലെ ലച്ചൂം വീരൂം ഏട്ടന്റെ മക്കളാ.. തൊട്ടടുത്ത് താമസോം.. അച്ചു എന്റെ സ്വന്തം സൃഷ്ടിയാ.  രാവിലെ തൊട്ട് ഉച്ച വരെ അച്ചൂം വീരൂം ഉച്ചക്ക് ശേഷം സ്കൂളില്‍ നിന്ന് വരുന്ന ചേച്ചിയും കൂടിയുള്ള ബഹളമാണ്‌ വീട്ടിലെന്നും..

അടി, കടി, കരച്ചില്‍, വാശി, ബഹളം, സോഫയില്‍ നിന്നുള്ള ചാട്ടം, സൈക്കിളിനും കളിപ്പാട്ടങ്ങള്‍ക്കും വേണ്ടിയുള്ള പിടിവലികള്‍, കൊഞ്ചലുകള്‍, ജ്യൂസ് കുടിക്കാനുള്ള നേരത്തുമാത്രമുള്ള ഒതുങ്ങിയിരിക്കല്‍, ഭക്ഷണം കഴിക്കാനുള്ള പ്രശ്നം അങ്ങനെ സംബവബഹുലമാണ്‌ ഓരോ ദിവസവും. എന്റെ ഭാഗ്യത്തിന്‌ എനിക്ക് ഇത് ആഴ്ച്ചയില്‍ രണ്ട് ദിവസം മാത്രം കണ്ടാല്‍ മതി. ജോലിയുള്ളതല്ലേ...

വെള്ളിയാഴ്ച്ചകളില്‍ ഒരു വീട്ടിലാണ്‌ എല്ലാര്‍ക്കും ഭക്ഷണം. അങ്ങനെ കഴിഞ്ഞ വെള്ളി ഏട്ത്തു പിള്ളേര്‍ക്ക് ചോറു കൊടുക്കുന്ന സമയം. മൂന്നു പേരും "ക്ഷ" "ഞ്ഞ" "ണ്ണ" വരപ്പിക്കുന്നുണ്ട് ഏട്ത്തൂനെ. ഞാന്‍ പിന്നെ സഹനടി എന്ന പോലെ പിള്ളേര്‍ക്ക് വെള്ളമെടുത്ത് കൊണ്ടുവരാന്‍ തീരുമാനിച്ചു. ഒന്ന് കളര്‍ഫുള്‍ ആക്കാന്‍ ഞാന്‍ മൂന്നു നിറങ്ങളിലുള്ള  ഗ്ലാസ്സുകള്‍ കൊണ്ടു വന്നു - പച്ച, നീല, മഞ്ഞ.
 ഉടനെ മൂന്നെണ്ണവും എന്റെ നേരെ ചാടി.  ടമാര്‍ പഠാര്‍ !!!! എന്നിട്ടു പറഞ്ഞു "എനിക്ക് ബ്ലൂ എനിക്ക് ബ്ലൂ"...

ഞാനൊന്ന് പകച്ചു. പല നിറത്തിലുള്ള ഗ്ലാസ് കൊണ്ട് വന്ന് ഈ ഭക്ഷണം കൊടുക്കുന്ന ആ ഒഴുക്ക് ഞാന്‍ കൊളമാക്കി എന്ന ഭാവത്തോടെ എന്നെ നോക്കുന്ന ഏട്ത്തു ഒരു വശത്ത്. ഉറക്കെ ഉറക്കെ ബ്ലൂ ഗ്ലാസ്സിനുവേണ്ടി അലമുറയിടുന്ന പിള്ളേര്‍ മറുവശത്ത്.

അപ്പോഴേക്കും അവരുടെ അപേക്ഷകള്‍ വളരെ ക്ലിയര്‍ ആയി പറഞ്ഞു തുടങ്ങി.

"അമ്മേ.. അച്ചൂട്ട ബ്ലൂ ഗ്ലാസ്സ് മേണം"
"ഏമ്മ.. വീരു ബ്ലൂ ഗാസ്"
"എളേമ്മാ.. എനിക്ക് ബ്ലൂ ഗ്ലാസ്സ് തന്നെ വേണം"

കാര്‍ഗില്‍ യുദ്ധക്കളത്തില്‍ ഒറ്റക്ക് പടപൊരുതേണ്ടി വന്ന പട്ടാളക്കാരന്റെ അവസ്ഥയായി എന്റേത്.. മൂന്ന് പേരും കൈനീട്ടി ബ്ലൂ ഗ്ലാസ്സിനുവേണ്ടി ശബ്ദിക്കുന്നു. എങ്ങനെ ഇവരെ ഒതുക്കുമെന്ന് വിചാരിച്ച്  കൂട്ടത്തില്‍ ശാന്തനായ അച്ചൂട്ടന്‌ ഞാന്‍ മഞ്ഞ ഗ്ലാസ് കൊടുത്തു. ലച്ചു എന്റെ കയ്യില്‍ നിന്നും "ബ്ലൂ" ഗ്ലാസ്സ് തട്ടിപ്പറിച്ചതും വീരു പച്ച ഗ്ലാസ് എടുത്തു. എന്നിട്ട് മൂന്നു പേരും അവരവരുടെ കയ്യിലെ ഗ്ലാസ് നോക്കി പറഞ്ഞു
"ഹായ്... ! ബ്ലൂ ഗ്ലാസ് കിട്ടി !! ".
  
ങ്ഹേ...'
അതേന്നെ... മൂന്നുപേരും ഹാപ്പി. അവരുടെ മനസ്സിലുള്ള "ബ്ലൂ" അവര്‍ക്ക് കിട്ടി.

ശ്വാസം നേരെ വീണ ഞാന്‍ "ഇതൊക്കെ എന്ത്" എന്ന മട്ടില്‍ തിരിഞ്ഞു നടന്നു. ഏട്‌ത്തു ബാക്കി യജ്ഞം തുടര്‍ന്നു. മൂന്ന് പേരും "ബ്ലൂ" ഗ്ലാസ്സില്‍ വെള്ളം കുടിച്ചോണ്ട് ചോറുണ്ടു.


- ശുഭം - 

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

സംവഭബഹുലം ...
നീലപ്രപാഞ്ചലം ...!

Punaluran(പുനലൂരാൻ) said...

കുട്ടികളുടെ ചെറിയ പിടിവാശികൾ അത്രെ ഉള്ളൂ.. എഴുത്ത് കൊള്ളാം. ആശംസകൾ