4 Jan 2017

നോര്‍ത്തീസ്റ്റിലേക്കൊരു യാത്ര - ഭാഗം 4: ബ്രഹ്മപുത്ര പുഴയിലെ ദ്വീപായ മാജുലി, ആസ്സാം


ഭാഗം 1: ചാന്ദുഭിയും കസിറംഗയും, ആസ്സാം ഇവിടെ വായിക്കാം
ഭാഗം 2: ഹോണ്‍ബില്‍ ഫെസ്റ്റിവല്‍, നാഗലാന്‍ഡ് ഇവിടെ വായിക്കാം
ഭാഗം 3: സുകോ താഴ്വാരം ഇവിടെ വായിക്കാം

നാഗാലാന്‍ഡ് ഹോണ്‍ബില്‍ ഫെസ്റ്റിവലും സുകോവാലി ട്രെക്കിങ്ങും കഴിഞ്ഞ് പിന്നെ പോയത് അസ്സാമിലെ മാജുലിയിലേക്കാണ്‌. ഇന്ത്യയിലെ ഏക "ആണ്‍" പുഴയായ (ബാക്കിയെല്ലാ പുഴകള്‍ക്കും സ്ത്രീ നാമങ്ങളാണ്‌.8 പേരു കൊണ്ടാണേല്‍ ദാമോദരും ഭീമയുമൊക്കെ ആണ്‍ പുഴകള്‍ ആണെങ്കിലും ഏക ആണ്‍പുഴയെന്ന പേര്‍ ബ്രഹ്മപുത്രക്കാണ്. ഒരു പക്ഷെ അതിന്റെ ഉത്ഭവത്തെ ചൊല്ലിയുള്ള കഥകള്‍ കൊണ്ടുമാകാം. ബ്രഹ്മാവിന്‌ അമോധയിലുണ്ടായ പുത്രനത്രെ ബ്രഹ്മപുത്ര.). ബ്രഹ്മപുത്രയിലെ ഒരു ദ്വീപാണ്‌ മാജുലി. ലോകത്തിലെ ഏറ്റവും വലിയ River Island ആണിത്. അവിടേക്ക് എത്തിപ്പെടാന്‍ ആകുമെന്നതുകൊണ്ട് വേഗം യാത്ര തുടങ്ങി.

ദുബായിലെ വീട്ടീന്ന് ഇറങ്ങിയത് ഒറ്റക്കായിരുന്നെങ്കിലും ഹോണ്‍ബില്ലില്‍ വെച്ച് കണ്ട് സൌഹൃദത്തിലായ 5 പേര്‍ കൂടി ഉണ്ട് കൂടെ മാജുലിയിലേക്ക്..

അച്ചു ദുബായ് എയര്‍പോര്‍ട്ട് തൊട്ട് കൂടെയുണ്ട്. പക്ഷെ അന്നാണ്‌ ആദ്യം കണ്ടത് എന്നു വിശ്വസിക്കാനേ പ്രയാസം. പണ്ടു മുതല്‍ക്കേ അറിയണ ഒരു ചങ്ങാതി പോലെ. പിന്നെ കാമ്പ് സൈറ്റില്‍ വെച്ച് കണ്ടു മുട്ടിയ തിരുവനന്തപുരത്തുകാരന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ ജെ.പി, നല്ലോണം സമ്പാദിച്ച് ലോണുമെടുത്ത് തല്‍ക്കാലം ജോലി വേണ്ടെന്നു വെച്ച് ഒരുപാട് രാജ്യങ്ങള്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത ഹൈദരബാദില്‍ വളര്‍ന്ന മറാത്തക്കാരി അനുഭ, മഞ്ചേരിയില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ കിഷോര്‍ എന്ന കിച്ചു, പിന്നെ എഴുത്തുകാരിയും ബ്ളോഗ്ഗറുമായ നീലിമ റെഡ്ഡി എന്നിവരും മാജുലിയിലേക്കുണ്ട്.

ചിലപ്പോ എല്ലാം എതേലും യാത്ര പോയി വന്നാലോ അല്ലെങ്കില്‍ പോകാനുള്ള പ്ലാന്‍ പറഞ്ഞാലോ എന്നോട് ചിലരെല്ലാം ഞാന്‍ "ഭാഗ്യവതി" അഥവാ "lucky" ആണെന്ന് പറയാറുണ്ട്. അവരോട് ഞാന്‍ മറുപടി പറയാറുണ്ട് "എനിക്ക് ഭാഗ്യമുണ്ടാകാം ഇല്ലാതിരിക്കാം.  പക്ഷെ അതിലുപരി എനിക്ക് യാത്രയോട് അമിത താല്‍പര്യമുണ്ട്. Passion ഉണ്ട്. അതില്ലാതെ ഒരിക്കലും ഇഷ്ടമുള്ള യാത്രകള്‍ ചെയ്യാനാകില്ല." ഞാനും  ഈ പറഞ്ഞ 5 പേരും ഒരുപാട് പൈസകൊണ്ട് യാത്ര ചെയ്യുന്നവരല്ല. കുടുംബസ്വത്തെടുത്ത് യാത്രകള്‍ ചെയ്യുന്നവരല്ല. ബാധ്യതകളോ പ്രാരാബ്ദങ്ങളോ ഇല്ലാത്തവരല്ല. അതില്‍ നിന്നൊന്നും മാറി നില്‍ക്കുന്നവരുമല്ല. മാസ വരുമാനത്തില്‍ നിന്ന് എങ്ങനെയെങ്കിലുമൊക്കെ കുറച്ച് പൈസയുണ്ടാക്കി ആകുന്ന സ്ഥലത്തേക്ക് പറ്റുന്ന സമയത്ത് പോകാന്‍ ശ്രമിക്കുന്നു എന്നേ ഉള്ളൂ..

ഈ യാത്രകള്‍ - ഇതാര്‍ക്കും പറ്റും.. ഉള്ളില്‍ അത്രേം വലിയ ആഗ്രഹമുണ്ടെങ്കില്‍... ആന്തരിക വിലക്കുകളെ മറികടക്കുക... സുരക്ഷിതമായിരിക്കുക. വളരെ വലിയ റിസ്ക്കുകള്‍ എടുക്കാതെ സ്വന്തം അന്തര്‍ജ്ഞാനത്തെ വിശ്വസിച്ച് യാത്ര ചെയ്യുക. ചിലപ്പൊ നമ്മള്‍ വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല. അപ്പൊ മനസ്സാന്നിദ്ധ്യം കൈവിടാതിരിക്കുക. അത്ര മാത്രം.

പറഞ്ഞു വന്നത് മാജുലി യാത്രയെക്കുറിച്ചാണ്‌. നാഗലാന്‍ഡിനോട് യാത്ര പറഞ്ഞു തീവ്രവാദികളുള്ള കാട് കടന്ന് ജോര്‍ഹട്ടിലേക്ക്. അപ്പൊ പറഞ്ഞ് പറഞ്ഞ് ഞാനും ഏതോ കാട് കടന്നൂന്ന് മാത്രം.  ജോര്‍ഹട്ട് എത്തിയപ്പോള്‍ അറിഞ്ഞു ഫെറി വഴി വേണം മാജുലിയെത്താന്‍ എന്ന്. അവസാന ഫെറിയുടെ സമയം കഴിഞ്ഞുവെന്നും. അങ്ങനെ ജോര്‍ഹട്ടില്‍ റൂമെടുത്ത് താമസിച്ചു. കുറെ ദിവസങ്ങള്‍ക്ക് ശേഷം ഇവിടെ വെച്ചാണ്‌ ഒന്ന് കുളിച്ചത് പോലും.

ജോര്‍ഹട്ട് ഒരു സിറ്റി ആണ്‌. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഗോള്‍ഫ് കോഴ്സുള്ള, ഒരുപാട് കലാ സാംസ്കാരിക നായകരെ സൃഷ്ടിച്ച, അസ്സാമിന്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന സിറ്റി.

ജോര്‍ഹട്ട് സിറ്റി ജോര്‍ഹട്ട് ജില്ലയുടെ തലസ്ഥാനം കൂടിയാണ്‌. ഈ ജില്ലയിലാണ്‌ നമ്മുടെ കസിറംഗ ദേശീയോദ്യാനം ഉള്‍പ്പെടുന്നത്. ജോര്‍ഹട്ടില്‍ നിന്ന് ഏകദേശം 20 കി.മി. അകലെയാണ്‌ മാജുലി. 1 മണിക്കൂറില്‍ മേലെ ഫെറി യാത്രയുണ്ട്. ഫേറി രാവിലെ 7:30 തൊട്ട് വൈകുന്നേരം 4:30 വരെ ഉണ്ട്. കാലാവസ്ഥക്കന്സുസരിച്ചായിരിക്കും ഫെറികള്‍ക്കിടയിലുള്ള ഇടവേള. 

അസ്സാം - മാജുലി
********************

പിറ്റേന്ന് രാവിലെ ആദ്യ ഫെറിയില്‍ മാജുലിയിലേക്ക്. കാറുമായി. ബ്രഹ്മപുത്രയിലൂടെ മൂടല്‍ മഞ്ഞിലൂടെയാണ്‌ യാത്ര. തണുപ്പുണ്ടെങ്കിലും ഫെറിയില്‍ മുകളില്‍ തന്നെ നിന്നു.

മാജുലി ദ്വീപ് ഇന്ന് ഒരു ജില്ലയാണ്‌. ഇന്ത്യയിലെ ആദ്യത്തെ ദ്വീപായ ജില്ല. മാജുലി സന്ദര്‍ശനത്തിനായി ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെ വന്നത് ഈ വര്‍ഷമാണ്‌. മാര്‍ച്ചിലായിരുന്നു മോഡിയുടെ മാജുലി സന്ദര്‍ശനം. ഈ ജൂണിലാണ്‌ മാജുലി ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്. അതുവരെയും ഇത് ജോര്‍ഹട്ടിന്റെ കീഴിലായിരുന്നു. അസ്സാമിലെ 33-ആമത്തെ ജില്ലയാണ്‌ മാജുലി.

ആദ്യ കാഴ്ച്ചയില്‍ മാജുലി അറുപതുകളിലെ കേരളമെന്ന് തോന്നി. ഒന്നു രണ്ട് ചായപ്പീടികകള്‍. പിന്നെ മുറുക്കാന്‍ കടകള്‍. ഭരണിയിലിട്ടു വെച്ചിരിക്കുന്ന മിഠായികള്‍. നിലത്ത് തുണി വിരിച്ച് പച്ചക്കറി വില്‍ക്കുന്ന ഒരാള്‍. അത്രെയുമാണ്‌ ആദ്യ കാഴ്ച്ച മാജുലിയില്‍ ഫെറി ഇറങ്ങിയപ്പൊ. 

പിന്നെ ടൌണില്‍ ഹോട്ടലുണ്ടെന്ന് പറഞ്ഞ് പോയപ്പോ കാഴ്ച്ചകളില്‍ വലിയ വ്യത്യാസമൊന്നുമില്ല. അറുപതുകളില്‍ നിന്നു വ്യത്യസ്തം എന്നു പറയാന്‍ ഏ.ടി.എം ഒന്നോ രണ്ടോ ഉണ്ടെന്ന് മാത്രം. ക്യൂ ഇല്ലേ ഇല്ല. ചെറിയ ഹോട്ടലേ ഉള്ളൂ... ഭക്ഷണം എല്ലായിടത്തും ഒരു പോലെ. ദാല്‍ ഇല്ലാത്ത ഒരു ഭക്ഷണമില്ല. 

നവംബറിലാണ്‌ ഇവിടത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ രാസലീല. ആ സമയത്ത് വരുന്നത് കൂടുതല്‍ രസകരമാണെന്നാണ്‌ അവിടുള്ളവര്‍ പറഞ്ഞത്. 144 ഗ്രാമങ്ങളുണ്ട് മാജുലിയില്‍. കൃഷി, മത്സ്യം വളര്‍ത്തല്‍, കൈത്തറി എന്നിവയാണ്‌ പ്രധാന വരുമാന മാര്‍ഗ്ഗം. 

മാജുലിയില്‍ ഇടക്കിടെ വെള്ളം കേറുമെന്നതു കൊണ്ട് വീടുകള്‍ എല്ലാം മുള നാട്ടി അതിനു മുകളിലാണ്‌ ഉണ്ടാക്കിയിരിക്കുന്നത്.. മുള കൊണ്ടു തന്നെയാണ്‌ മിക്ക വീടുകളും. വൈഷ്ണവമതമാണ്‌ ഇവിടെ കൂടുതലും ആളുകള്‍ പിന്‍തുടരുന്നത്. രണ്ട് വൈഷ്ണവ സന്യാസീമഠങ്ങള്‍ സന്ദര്‍ശിച്ചു നമ്മള്‍. ഔണിയാട്ടി സത്രവും സാമഗുരി സത്രവും.

മാജുലിയിലെ സത്രങ്ങള്‍

17-ആം നൂറ്റാണ്ടിലാണ്‌ ഔണിയാട്ടി സത്രം സ്ഥാപിച്ചത്. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് കൊണ്ടു വന്ന കൃഷ്ണന്റെ (ഗോവിന്ദന്‍) വിഗ്രഹമാണ്‌ ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മുഗളന്‍മാരുടെ അധികാര പടയോട്ടത്തെ കട്ടക്ക് ചെറുത്ത് നിന്ന് വടക്കുകിഴക്കേ ഇന്ത്യയെ വിജയകരമായി രക്ഷിച്ച "അഹോം" രാജവംശത്തിലെ സുതാംല രാജവിന്റെ കാലഘട്ടത്തിലാണ്‌ ഔണിയാട്ടി സത്രത്തിന്റെ തുടക്കം. അതിനു ശേഷം അത് അവിടത്തെ സംസ്കാരത്തിന്റെയും അറിവിന്റെയും ചരിത്രത്തിന്റെയും ഭാഗമായി മാറി. നമ്മള്‍ അവിടെ വലിയ പ്രാര്‍ത്ഥന മുറിയും ലൈബ്രറിയും സ്കൂളും താമസസ്ഥലങ്ങളും മ്യൂസിയവുമൊക്കെ കണ്ടു.

സാമഗുരി സത്രം മുഖംമൂടി നിര്‍മാണത്തിനും നാടക, നടന കലകള്‍ക്കുമൊക്കെ വളരെ പ്രശസ്തമായ ഇടമാണ്‌. ബാലെ നടക്കുമ്പോള്‍ ഉപയോഗിക്കുന്നത് ഇതാണത്രെ.  സാന്‍ഗ്രി സത്രം എന്നും സാമഗുഡി സത്രമെന്നും ഇതേ സത്രത്തിന്റെ പേരായി പറയുന്നത് കേട്ടിരുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പരമ്പരാഗത കലയാണ്‌ ഈ മുഖംമൂടി നിര്‍മാണം ഇവിടെ. അവിടത്തെ മുഖംമൂടി നിര്‍മാണത്തിന്റെ പ്രധാന തലവനായ സത്രാധികാരിയുടെ വീട്ടിന്നടുത്ത് തന്നെയാന്‌ നിര്‍മാണ ശാല. ഇവരുടെ മുഖം മൂടി നിര്‍മാണരീതി തന്നെ സങ്കീര്‍ണമാണ്‌. ശാമഗുരിയും ഒരു വൈശ്ഹ്നവ സത്രമാണ്‌. മഹാവിഷ്ണുവിനെ പ്രകീര്‍ത്തിക്കുന്ന കലാരൂപങ്ങളായ നാടകങ്ങളിലും ബാലെകളിലും  മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന മുഖംമൂടികള്‍ ഇവിടെ നിര്‍മിക്കുന്നതാ..

സത്രാധികാരി ഞങ്ങള്‍ക്ക് ഇവരുടെ നിര്‍മാണ രീതിയുടെ പല ഘട്ടങ്ങള്‍ കാണിച്ചു തന്നു. ആദ്യം മുള കൊണ്ട് മുഖംമൂടിയുടെ ചട്ടക്കൂട് ഉണ്ടാക്കും. പിന്നീട് അതില്‍ ബ്രഹ്മപുത്ര തീരത്തെ കളിമണ്ണോ അല്ലെങ്കില്‍ ചാണകമൊ കൊണ്ട് ചട്ടക്കൂട് പൂര്‍ത്തിയാക്കും പിന്നെ മൂക്ക്, വായ തുടങ്ങിയവ സ്പഷ്ടമാക്കുന്നതിനായി വിസ്തരിച്ച കൈക്രിയകളും ചെയ്യും. പിന്നീട് അത് തുണി കൊണ്ട് ഒട്ടിച്ച് വൃത്തിയാക്കിയ ശേഷമാണ്‌ മറ്റു മിനുക്കു പണീകളായ നിറം കൊടുക്കല്‍ , ചാക്കുനൂലും മറ്റും കൊണ്ട് മുടിയും താടിയും ചേര്‍ക്കല്‍ എന്നിവ ചെയ്യ്യുന്നത്.

അധികാരിയുടെ വീട്ടിലെ മുഖം മൂടികള്‍ നമ്മള്‍ക്ക് ഇടാന്‍ തരില്ല. അവ അവിടത്തെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണ്‌. പക്ഷെ വേറെ നമ്മള്‍ക്ക് വാങ്ങാനാകും. പിന്നീട് എയര്‍പൊര്‍ട്ടിലൊക്കെ വളരെ കാര്യമായി മാജുലിയിലെ മുഖംമൂടികള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കണ്ടു. സത്രാധികാരി നമ്മുടെ മുന്നില്‍ ഒന്നു രണ്ട് മുഖംമൂടികള്‍ ധരിച്ച് ചില അഭിനയങ്ങള്‍ കാഴ്ച്ച വെച്ചു. പ്രധാനമന്ത്രി വന്നപ്പോഴും അദ്ദേഹത്തിന്‌ ഉപഹാരമായി മാജുലിക്കാര്‍ കൊടുത്തത് സാമഗുരിയിലെ ഗരുഡന്റെ മുഖം മൂടിയാണ്‌. 

മാജുലിയിലെ മിസിങ്ങ് ഗോത്രം

പിന്നീട് നമ്മള്‍ പോയത് "മിസിങ്" എന്നു പേരുള്ള ഗോത്രക്കാരുടെ ഗ്രാമത്തിലേക്കാണ്‌. നൂറ്റാണ്ടുകള്‍ മുന്നെ അരുണാചല്‍ പ്രദേശില്‍ നിന്ന് കുടിയേറി പാര്‍ത്തവരത്രെ ഇവര്‍. എത്ര സിമ്പിളാണെന്നോ ഇവരുടെ ജീവിതം..! 

മുള കൊണ്ടുള്ള തൂണുകളില്‍ മുള കൊണ്ട് തന്നെയാണ്‌ വീടും. രണ്ട് വലിയ മുറികളാണ്‌ വീടിന്. ഇത് രണ്ട് ഭാഗമായാണ്‌ ഉണ്ടാക്കിയിരിക്കുന്നത് എങ്കിലും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ഉള്ളിലൂടെ തന്നെ പോകാം. ആദ്യ വലിയ മുറിയില്‍ കൂടുതലും അടുക്കള ഭാഗം ആയിരിക്കും. അഞ്ചോ ആറോ പാത്രം മാത്രമേ ഉള്ളൂ.. ഞാന്‍ അപ്പൊ നമ്മടെ നാട്ടിലെ അടുക്കളകളെ ഓര്‍ത്തു. നമ്മള്‍ടെയൊക്കെ വീട്ടിലെത്ര പാത്രങ്ങളാ.. !


 രണ്ടാമത്തെ മുറിയില്‍ കട്ടിലും ഒരു അലമാറയുമൊക്കെ വെച്ചിട്ടുള്ളതായി കണ്ടു. അലമാറയിലൊന്നും അധികം സാധനങ്ങളില്ല. ചില വീടുകളില്‍ ടിവിയുണ്ട്. 14 ഇഞ്ച് പഴഞ്ചന്‍ സാധനമൊക്കെ വീണ്ടും കണ്ടത് ഇവിടെയാണ്‌. പിന്നെ കുട്ട്യോള്ടെ പഠിക്കാനുള്ള പുസ്തകം വെച്ചിട്ടുള്ള തുറന്ന സ്റ്റാണ്ടുണ്ട് ചില വീട്ടില്‍. വേറെ സാധനങ്ങള്‍ ഒന്നുമില്ല. ഒഴിഞ്ഞിരിക്ക്യാണ്‌ വീട്. പുറത്ത് ഒരു കക്കൂസ്-കുളിമുറിയുണ്ട്. അത്ര തന്നെ.

ചുറ്റും പന്നികള്‍ മേയുന്നുണ്ട് എല്ലായിടത്തും. സ്ത്രീധനമായി കൊടുക്കുന്നതും പന്നി ആണത്രെ. ചിലര്‍ക്ക് പന്നിക്ക് പുറമെ ആടുമുണ്ട്. കോഴിയും പശുവുമൊക്കെ കുറവാണ്‌ ആ വീടുകളില്‍. എല്ലാ വീടുകളിലും ഒരു വഞ്ചിയുണ്ട്. വെള്ളം കേറുമ്പോ ഉപയോഗിക്കാനായ്‌. പിന്നെ കൈത്തറി ചെയ്യാനുള്ള സാമഗ്രിയും. . 

നമ്മള്‍ വീട് കാണാന്‍ ഉള്ളില്‍ക്ക് കേറുമ്പോ അവര്‍ക്കൊരു പ്രശ്നവുമില്ല. ചിരിച്ചോണ്ട് കേറ്റും. ഫോട്ടോക്ക് പോസ് ചെയ്യും. ഒന്നും പ്രശ്നമല്ല. നമ്മള്‍ നമ്മടെ ഭാഷ സംസാരിക്കും. അവര്‍ അവരുടെയും. എന്നാലും അശയവിനിമയം നടക്കുന്നുണ്ട്. എല്ലാത്തിനും ഉത്തരം പറയും. ഹിന്ദി എല്ലാര്‍ക്കും കുറേശ്ശെ അറിയാം. പിന്നെ എന്റെ ഹിന്ദി പരിജ്ഞാനവും കുറവായതു കൊണ്ട് പ്രശ്നമില്ല.

പന്നിയിറച്ചി കഴിക്കണ ഇവര്‍ അവിടെയുള്ള കായും പൂവും ഇലയുമൊക്കെ ഭക്ഷണമാക്കും.  അവരുടെ രീതിയിലുള്ള വീട്ടിലാണ്‌ അന്നത്തെ രാത്രി നമ്മളും താമസിച്ചത്. 

പിന്നെ പിറ്റേന്ന് വീണ്ടും ഫെറിയില്‍ ജോര്‍ഹട്ടിലേക്ക്. അവിടുന്ന് ഗുവഹാട്ടിയിലേക്ക്.


ഗുവഹാട്ടിയിലെ സര്‍പ്രൈസ്
***********************************

പക്ഷെ ഗുവഹാട്ടി എയര്‍പോര്‍ട്ടില്‍ ഒരു "സര്‍പ്രൈസ്" എന്നെ കാത്ത് നിന്നിരുന്നു. ഞാന്‍ പറഞ്ഞില്ലേ ആദ്യ ദിവസം സ്റ്റേറ്റ് ബാങ്കില്‍ പോയിരുന്നു എന്ന്. അവിടത്തെ ക്യൂവില്‍ നിന്ന് എന്റെ അതേ പേരിലുള്ള ഒരു കുട്ടിയെ പരിചയപ്പെട്ടു. നമ്പര്‍ കൈമാറി. അവര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. പിന്നെ യാത്രയില്‍ ഒരിക്കല്‍ വിളിച്ചു. 'ഇന്ന ദിവസം തിരിച്ച് പോകുമെന്നും സമയമുണ്ടെങ്കില്‍ വരാമെന്നും' ഞാന്‍ പറഞ്ഞു. മാജുലിയില്‍ നിന്ന് വിചാരിച്ചതിലും കൂടുതല്‍ വൈകിയാണ്‌ ഗുവഹാട്ടി എത്തിയത് എന്നതുകൊണ്ട്  നേരെ എയര്‍പോര്‍ട്ടിലേക്ക് വിട്ടപ്പൊ അവിടെ എന്നെ കാത്ത് നില്‍ക്കുന്നു ആ വര്‍ഷ ! ഒരു സുഹൃത്തിനൊപ്പം. എന്നെ കാണാന്‍... !

ഞാന്‍ അന്തം വിട്ടു പോയി. നമ്മടെ നാട്ടില്‍ നമ്മള്‍ ഇങ്ങനെ ചെയ്യോ ???? നമ്മടെ നാടു കാണാന്‍ വന്ന ആളെ 15 മിനിറ്റ് സംസാരിച്ച് കമ്പനിയായതിന്റെ പേരില്‍ യാത്രയയക്കാന്‍ എയര്‍പോര്‍ട്ടില്‍ പോകുമോ?  ഡിഗ്രിക്ക് പഠിക്കണ കുട്ട്യോളാ. പരീക്ഷ കഴിഞ്ഞ് നേരെ എയര്‍പോര്‍ട്ട് വന്നത്രെ. വീട്ടുകാരുടെ അന്വേഷണമൊക്കെ പറഞ്ഞു. പിന്നെ ഞാന്‍ അവരോടൊപ്പം നിന്ന്  ഒരുമിച്ച് ഫോട്ടോ എടുത്തു. ഒരു 10 മിനുട്ട് സംസാരിച്ച് പിരിഞ്ഞു.ബ്രഹ്മപുത്ര തീരം 
മൂടല്‍മഞ്ഞിലൂടെ മറ്റൊരു ഫെറിമാജുലിയിലേക്ക് ഫെറി അടുക്കുമ്പോള്‍

അതിരാവിലെയുള്ള ഒരു വലക്കാഴ്ച്ച
മാജുലിയില്‍ ഇറങ്ങിയപ്പോള്‍ ആദ്യം കണ്ട കാഴ്ച്ചകളിലൊന്ന്. നിലത്തിരുന്ന് പച്ചക്കറി വില്‍ക്കുന്ന ഒരാള്‍മീനൊരു പ്രധാന വിഭവമാ.. ഇത് ചമ്മന്തി അരക്കാന്‍ വേണ്ടി എടുത്തതാ. 


ഒരു ചായക്കടയിലെ അടുക്കള. 

മുളകള്‍ വെച്ച് അതിന്‍മേലുണ്ടാക്കിയ താമസസ്ഥലങ്ങള്‍

സ്കൂള്‍ കുട്ട്യോള്‍. 

സ്കൂള്‍ കുട്ട്യോള്‍. 

ഔണാട്ടി സത്രത്തിനു മുമ്പില്‍ ആക്രി വാങ്ങാന്‍ നിന്നപ്പൊ എടുത്തത്

ഔണാട്ടി സത്രത്തിനു മുമ്പിലെ കടയോടൊപ്പം ഉള്ള വീട്ടിലെ ഒരു കാഴ്ച്ച
സാമഗുരി സത്രത്തിലെ പ്രശസ്തമായ മുഖംമൂടികള്‍
സ്സത്രാധികാരി ഹനുമാന്‍ മുഖം മൂടിയില്‍


പൂതനയെ അഭിനയിച്ച് കാണിച്ച് തന്നപ്പോള്‍
ഇനി മിസിങ് ഗോത്രത്തിന്റെ ഗ്രാമത്തിലൂടെ പോയപ്പോള്‍ കണ്ട ചില കാഴ്ച്ചകള്‍.


കൈത്തറിയില്‍ പണിയെടുക്കുന്ന ഒരു സ്ത്രീ


അമ്മേം മോനും


ഇവരു എന്ത് നന്നായിട്ടാണോ നമ്മടെ കൂടെ ഡാന്‍സൊക്കെ ചെയ്തത് ..! 


മിസിങ് വീടുകളിലൊന്ന്
ഇതാണ്‌ വീടിന്റെ പൂമുഖം
ഇതൊരു മുറിയില്‍ നിന്ന്‌ മറ്റൊരു മുറിയിലേക്ക് .


ഇനി മിസിങ് കുട്ട്യോള്‍


കളിയാ..

എന്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യാ


"നോര്‍ത്തീസ്റ്റിലേക്കൊരു യാത്ര നാലു ഭാഗങ്ങളായാണ്‌ എഴുതിയത്.
ഭാഗം 1: ചാന്ദുഭിയും കസിറംഗയും, ആസ്സാം ഇവിടെ വായിക്കാം
ഭാഗം 2: ഹോണ്‍ബില്‍ ഫെസ്റ്റിവല്‍, നാഗലാന്‍ഡ് ഇവിടെ വായിക്കാം
ഭാഗം 3: സുകോ താഴ്വാരം ഇവിടെ വായിക്കാം6 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്ത്യയിലെ ഏക "ആണ്‍" പുഴയായ ബ്രഹ്മപുത്ര... !
ഒരു പക്ഷെ അതിന്റെ ഉത്ഭവത്തെ ചൊല്ലിയുള്ള കഥകള്‍
കൊണ്ടുമാകാം. ബ്രഹ്മാവിന്‌ അമോധയിലുണ്ടായ പുത്രനത്രെ ബ്രഹ്മപുത്ര.
ബ്രഹ്മപുത്രയിലെ ഒരു ദ്വീപാണ്‌ മാജുലി. ലോകത്തിലെ ഏറ്റവും വലിയ River Island ആണിത്..!
പല പുതിയ അറിവുകളും അസ്സൽ ഫോട്ടോകളുമടക്കം വീണ്ടും ഒരു കിണ്ണങ്കാച്ചി യാത്ര വിവരണം ..

Mukesh M said...

നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ അതിമനോഹരമായ ഒരു വിനോദസഞ്ചാര മേഖലയാണെന്ന് കേട്ടിട്ടുണ്ട്..
ഗംഭീരം തന്നെ..
പ്രകൃതി ഭംഗിയുടെ കുറച്ചു കൂടി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നന്നാകുമായിരുന്നു...

Mubi said...

പ്രതീക്ഷിച്ചത് പോലെ നല്ല വിവരണവും മനോഹരമായ ചിത്രങ്ങളും!!

Lazar Dsilva said...

ഇപ്പോഴാണ് പോസ്റ്റുകൾ കണ്ടത്. നാല് ഭാഗങ്ങളും ഒറ്റയിരിപ്പിനു വായിച്ചു. നന്നായിട്ടുണ്ട്, ചിത്രങ്ങളും...!

Bipin said...

വർഷയുടെ ബ്ലോഗിൽ വന്നിട്ടു ഏറെ നാളുകളായി. ചിത്രങ്ങൾ മനോഹരം. അല്ലെങ്കിലും ഫോട്ടോകൾ ആണല്ലോ വർഷയുടെ മാസ്റ്റർപീസ്. എഴുത്തു കുറച്ചു കൂടി യാത്രാ വിവരണ സ്റ്റെയിലിൽ ആകാം.അൽപ്പം കൂടി രസകരമായിട്ടു.

നിഹാൽ said...

ഉഗ്രൻ ചിത്രങ്ങൾ. വായിച്ചു തുടങ്ങിയപ്പോഴാണ് ചിത്രങ്ങൾ കണ്ടത്. പിന്നെ വായിക്കാനൊന്നും നിന്നില്ല. കുറെ നേരം ചിത്രങ്ങൾ താഴോട്ടും മേലോട്ടും നോക്കി ഇരുന്നു. നന്ദിയുണ്ട് ,ഈ ചിത്രങ്ങളൊക്കെ ഇങ്ങനെ എടുക്കാനും,പങ്കു വെക്കാനും.നൂറ് ഉമ്മകൾ