18 Dec 2016

നോര്‍ത്തീസ്റ്റിലേക്കൊരു യാത്ര - ഭാഗം 3: സുകോ താഴ്വാരം

ഭാഗം 1: ചാന്ദുഭിയും കസിറംഗയും, ആസ്സാം ഇവിടെ വായിക്കാം
ഭാഗം 2: ഹോണ്‍ബില്‍ ഫെസ്റ്റിവല്‍, നാഗലാന്‍ഡ് ഇവിടെ വായിക്കാം
നാഗലാന്‍ഡ് - സുകോ വാലി ട്രെക്കിങ്ങ്
**********************************************

കൊഹിമയിലെ കാമ്പ്സൈറ്റില്‍ നിന്ന് സുമോയിലാണ്‌ വിശ്വേമ എന്ന ഗ്രാമത്തിലേക്ക് പോയത്. ഇതാണ്‌ സുകോ വാലി ട്രെക്കിങ്ങ് തുടങ്ങുന്ന സ്ഥലം.

അവിടുന്നു മുകളിലേക്ക് കാട്ടിനു നടുവിലൂടെ വഴിയുണ്ട്. കുറച്ച് കഴിഞ്ഞാല്‍ വഴി അവസാനിക്കും. അവിടെ വാഹനം നിര്‍ത്തി നടത്തം തുടങ്ങി. നല്ല കുത്തനെയുള്ള കയറ്റമാണ്‌. മുകളില്‍ താമസിച്ചിരുന്നവര്‍ മിക്കയിടത്തും പടവുകള്‍ ഉണ്ടാക്കീട്ടുണ്ട്. ഇടക്കെല്ലാം ഇരുന്ന് വിശ്രമിച്ച് മല കയറ്റം തുടര്‍ന്നു. വെയില്‍ താഴുമ്പോള്‍ പുലി ഇറങ്ങുമെന്ന് പറഞ്ഞ് ഗൈഡ് പേടിപ്പിച്ചു. അതോടെ നടത്തത്തിന്‌ ഇത്തിരി സ്പീഡ് കൂടി. ഏറ്റവും മുകളിലെത്തിയാല്‍ പിന്നെ ഒരു ചെറിയ വാച്ച് ടവ്വര്‍ ഉണ്ട്.

നല്ല കാടാണ്. ഇങ്ങോട്ട് വരുന്നവര്‍ ശ്രദ്ധിക്കണം. ഇനി എവിടെയും ഭക്ഷണമില്ല. കടകളില്ല. മുകളിലെ റെസ്റ്റ് കാമ്പില്‍ ചോറും പരിപ്പും കിട്ടും പൈസ കൊടുത്താല്‍ എന്നല്ലാതെ. അതുക്കൊണ്ട് എന്തെങ്കിലും ചെറു കടികളോ വെള്ളമോ കയ്യില്‍ കരുതുക.

നമ്മുടെ കയ്യില്‍ നിറയെ ബിസ്കറ്റ്‌ പാക്കറ്റുകള്‍ ഉണ്ടായിരുന്നു. പക്ഷെ വെള്ളം കുറവായിരുന്നു. അത് പലപ്പോഴും വലിയ വിഷമമുണ്ടാക്കിയിരുന്നു. ഇത്തരം മലകയറ്റങ്ങളില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് ആവശ്യത്തിന്‌ വെള്ളം കരുതുക എന്നതാണ്‌. ഒരു കവിള്‍ ഇറക്കില്‍ കൂടുതല്‍ ഒരു തവണ കുടിക്കരുത്. കുറച്ച് കുറച്ച് മാത്രം കുടിക്കുക.

പിന്നെ മലയ്ക്ക് ചുറ്റുമുള്ള നടത്തമാണ്‌. ചെരിവിലൂടെ. ഒരാള്‍ക്ക് മാത്രം നടക്കാന്‍ ആകുന്നയത്രയെ ഉള്ളൂ ആ പാത. ഒരാള്‍ പൊക്കത്തിലുള്ള ചെടികളാണ്‌ ഇരു വശത്തും. കൂടുതലും മുള. അപ്പോഴേക്കും ചെറിയ ചെറിയ കുന്നുകളും താഴ്വാരങ്ങളുമായി നല്ല ഭംഗിയുള്ള കാഴ്ച്ചകളായി. ചിലയിടത്തെല്ലാം നിന്ന് കാഴ്ച്ച കണ്ടു.

ഏകദേശം 9 കി.മി നടന്നാല്‍ സുകോ റെസ്റ്റ് കാമ്പെത്തും. റെസ്റ്റ് കാമ്പെന്നാല്‍ പ്രത്യേകിച്ച് ഗൃഹോപകരണങ്ങളൊന്നുമില്ലാത്ത 4 കോട്ടേജുകള്‍. ഒരെണ്ണം ഡോര്‍മിറ്ററി പോലെ. കട്ടിലു പോലുമില്ല. മറ്റു രണ്ടെണ്ണത്തില്‍ കട്ടിലു മാത്രമുണ്ട്. ഇത് സര്‍ക്കാര്‍ വകയാണ്‌. 30 രൂപയും 50 രൂപയുമൊക്കെയേ വാടകയുള്ളു. പിന്നെയൊരെണ്ണം അത് നോക്കി നടത്തുന്നവര്‍ ഉപയോഗിക്കുന്നതാണെന്നു തോന്നുന്നു. അടുക്കളയൊക്കെ ഉള്ളതാണ്‌. 

ഇവിടെ തണുപ്പ് കൂടുതലാണ്‌. അതു കൊണ്ട് തീ കായല്‍ നിര്‍ബന്ധം. ഏകദേശം 2 മണിയോടടുപ്പിച്ചാണ്‌ റെസ്റ്റ് കാമ്പിലെത്തിയത്. പിന്നെ ഒന്നു നടക്കാന്‍ പോയി. താഴെ താഴ്വാരത്തിലേക്ക്. 2 കി.മി. ഇറക്കം. കുന്നുകളും അരുവികളുമൊക്കെയായി നല്ല ഭംഗിയുള്ള സ്ഥലം. പക്ഷെ അരുവിയില്‍ ഇറങ്ങരുതെന്ന് ഗൈഡ് ആദ്യമേ ഉപദേശം തന്നു. നല്ല അടിയൊഴുക്കാണ്. അതു മാത്രമല്ല വെള്ളം ഐസായി മാറുമ്പോള്‍ ആളുകള്‍ ആ ഐസിനുമേലെ കേറി ഫോട്ടോ എടുക്കാറുണ്ടത്രെ. ഏറ്റവും അപകടകരമാണത്.ചിലപ്പൊ മുകളിലെ പാളി നേര്‍ത്തതാണെങ്കില്‍ അതു പൊട്ടിയാല്‍ ആള്‍ താഴെ പോകും . പിന്നെ രക്ഷപ്പെടുത്താനാകുമില്ല. 1 കിമി അപ്പുറത്ത് അങ്ങനെ ആളുകള്‍ മരിച്ച സ്ഥലമൊക്കെ ഗൈഡ് കാണിച്ച് തന്നു. 

അപ്പോഴേക്കും സൂര്യനസ്തമിച്ചു. പിന്നെ ഇരുട്ടത്തായിരുന്നു തിരിച്ച് റെസ്റ്റ് കാമ്പിലേക്കുള്ള കയറ്റം. അവിടെ വെച്ച് ബാംഗ്ലൂരില്‍ നിന്നുള്ള ഒരു ഗ്രൂപ്പിനെ പരിചയപ്പെട്ടു. അവരുടെ കയ്യിലെ മിഠായിയൊക്കെ തന്ന് ടോര്‍ച്ച് ലൈറ്റിന്റെ സഹായത്തില്‍ കിതച്ച് മുകളിലെത്തി. കരണ്ടില്ല. പൈപ്പില്ല. അരുവിയില്‍ നിന്ന് വെള്ളം പിടിച്ച് ടോയ്ലറ്റില്‍ കൊണ്ടു വെച്ചിട്ടുണ്ട്. അതല്ലാതെ തണുപ്പത്ത് കുളിയൊന്നും നടക്കില്ലല്ലോ. പിന്നെ പരിമിതമാണ്‌ എല്ലാ സൌകര്യങ്ങളും ഭക്ഷണ സാമഗ്രികളും. മൊബിലിന്‌ റേഞ്ചുമില്ല.. അല്ലേലും സഞ്ചാരിക്ക് സൌകര്യങ്ങളില്‍ വലിയ താല്‍പര്യം കാണില്ലല്ലോ... പിന്നെ കാമ്പ് ഫയറിനു ചുറ്റും വേറെയും സുഹൃത്തുക്കളെയുണ്ടാക്കി. സി.എ. കഴിഞ്ഞ ഒരാളും, എന്‍ഞ്ചിനീയറിങ്ങ് കഴിഞ്ഞ അയാളുടെ സുഹൃത്തും കൂടി നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യാത്രക്കായി ഇറങ്ങിയിരിക്കുന്നത് കേട്ടപ്പോ തിരിച്ച് ദുബായില്‍ പോകണോ എന്നു വരെ ഞാന്‍ കുറച്ച് നേരം ചിന്തിച്ചു. പിന്നെ ചോറും ദാലും ഉരുളക്കിഴങ്ങുപ്പേരിയും കഴിച്ച് കുറച്ച് നേരം കൂടെ തീ കാഞ്ഞു. സംസാരിച്ചു. തികച്ചും വ്യതസ്തമായ 5 ചുറ്റുപാടുകളില്‍ നിന്ന് വന്ന അപരിചിതരായ 5 പേരാണ്‌ ആ തീയ്ക്ക് ചുറ്റും കളിയാക്കിയും വിശേഷങ്ങള്‍ പങ്കു വെച്ചും ഇരുന്നത്. അതും ഭാഷാ പ്രശ്നങ്ങള്‍ ഇല്ലാതെ...  ഒരു യാത്രക്ക് എന്തെല്ലാം ചെയ്യാമെന്നോ ...!!! അപരിചിതരായ ഞങ്ങള്‍ ഇന്ന് സുഹൃത്തുക്കളായി മാറിയിരിക്കുന്നു..

തീ കായുമ്പോ നല്ല ചൂട്. ഒന്നു മാറിയിരുന്നാല്‍ വല്ലാത്ത തണുപ്പും. പിന്നെ ആ ചൂട് മായുന്ന മുന്നെ തന്നെ റൂമിലെത്തി കട്ടിലിനു മുകളില്‍ സ്ലീപിങ്ങ് ബാഗ് വിരിച്ച് അതിനുള്ളില്‍ കിടന്നുറങ്ങി. അതിനു പുറമെ 2 കമ്പിളി പുതപ്പുകള്‍ റെസ്റ്റ് കാമ്പ് വകയും തന്നു. 

പിറ്റേന്ന് രാവിലെ തണുത്ത് എണീക്കുമ്പൊ ചുറ്റിനും ഐസ് കിടക്കുന്നതായി കാണാമായിരുന്നു പല ഭാഗത്തും. ഒന്നു കൂടെ അവിടെയെല്ലാം ചുറ്റി ഫോട്ടോ എടുത്ത് ചായ കുടിച്ച് തിരിച്ചിറങ്ങാന്‍ തയ്യാറായി. ഇനി ജാഖാമ ഗ്രാമം വഴി ഇറങ്ങാം അല്ലെങ്കില്‍ വിശ്വേമ വഴി തന്നെ. ഞങ്ങള്‍ വിശ്വേമ വഴിതന്നെ ഇറങ്ങി. ജാഖാമ വഴി കുറച്ചൂടെ കഠിനമാത്രെ. അതിലൂടെ ഇറങ്ങാന്‍ ആകാത്തതില്‍ ഇപ്പൊഴും നല്ല വിഷമമുണ്ട്. പോയ വഴി തന്നെ വരുന്നതില്‍ അത്ര രസമില്ലല്ലോ.. ആ 10 കിലോമീറ്ററില്‍ കുറച്ചൂടെ സുഹൃത്തുക്കളെ ഉണ്ടാക്കി. ബാംഗ്ലൂരില്‍ നിന്ന് വന്ന കുറച്ച് സഞ്ചാരികള്‍.

പിന്നെയും താഴേക്ക് റോഡിലൂടെ നടന്നു. റോഡെന്നാല്‍ ഒരു മണ്‍ വഴി. വിശപ്പാണെങ്കില്‍ അസഹ്യം. സൂകോ റെസ്റ്റ് കാമ്പില്‍ ചായയും മുട്ടയും മാത്രമേ കിട്ടിയുള്ളൂ.. ഇനി ഭക്ഷണം കഴിക്കാനുള്ള വക നോക്കിയപ്പോള്‍ ഒരു വീട് കണ്ടു. അവിടെ 2 ആളുകള്‍ മാത്രം. അവിടത്തെ വാച്ചറോ മറ്റോ ആണേന്ന് തോന്നുന്നു. അവരുടെ ആവശ്യത്തിനുള്ള ഒരു ചെറിയ കൂര എന്നു പറയാം. പിന്നെ അറിയാവുന്ന ഹിന്ദിയില്‍ അവരുടെ കാല്‍ പിടിച്ച് ഭക്ഷണമുണ്ടാക്കിപ്പിച്ചു. വെറും ചോറും പിന്നെ അപ്പൊ പറിച്ച ഒരു ഇല വെച്ച് ദാലും. കൂടെ ഉള്ളീം തക്കാളീം അരിഞ്ഞതും. എന്തൊരു സ്വാദായിരുന്നെനോ...!

വീണ്ടും ഉത്സവ നഗരിയിലേക്ക്.. കാമ്പ് സൈറ്റിലേക്ക്..

കാമ്പ് സൈറ്റിലെ താമ്സവും പൈസയും സെറ്റില്‍ ചെയ്ത് ഇനി എങ്ങോട്ട് പോകണമെന്ന ആലോചനയായി. കൊണോമ എന്ന ഹരിതനഗരം ആയിരുന്നു പ്ലാനില്‍. പിന്നെ കുറച്ച് ടൂറിസ്റ്റ് സ്ഥലങ്ങളുണ്ട്. അതു കാണാനുമുള്ള താല്‍പര്യം ഇല്ലാണ്ടായി. മാത്രമല്ല. തുടക്കം പോലെയല്ല. ഇപ്പൊ 6 പേരുണ്ട് ഞങ്ങള്‍. 

ഉത്സവനഗരിയില്‍ അനേകം ഗോത്രങ്ങളെ പരിചയപ്പെട്ടെന്നു പറഞ്ഞില്ലെ. അതില്‍ "കോണ്യാക്"  എന്നൊരു നാഗ ഗോത്രമുണ്ട്. മനുഷ്യ തല വെട്ടുന്നവരാണവര്‍. വെട്ടിയ തലകള്‍ മുളാങ്കൊമ്പില്‍ തൂക്കിയിടുന്നത് പ്രൌഡിയത്രെ അവരുടെ ഇടയില്‍. ഏറ്റവും തലകളുള്ളവന്‍ രാജാവ്. ഈയടുത്തായണ്‌ ആ രീതി നിന്നത്. അവരുടെ ഗ്രാമങ്ങളിലൊന്നാണ്‌ ലോങ്‌വ. മോന്‍ എന്ന ജില്ലയില്ലാണീ ഗ്രാമം. ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നോക്കമായുള്ള ജില്ലകളിലൊന്നാണിത്. ഇവിടെ ഭരണം നടത്തുന്നത് അംഗ് എന്നു വിളിക്കുന്ന ഗോത്ര തലവന്‍ ആണ്‌. അദ്ദേഹത്തിന്‌ 60 ഭാര്യമാര്‍ ഉണ്ടെന്നൊക്ക്യാ കേട്ടിരിക്കുന്നത്. അയാളുടെ വീടിനൊരു ഭാഗം ഇന്ത്യയിലും അടുക്കളയുള്‍പ്പെടുന്ന ഭാഗം മ്യാന്‍മറിലുമാണ്‌. ഇത് ഒരു അതിര്‍ത്തി പ്രദേശമാണ്. ഇവിടത്തെ കോണ്യാക്കുകാര്‍ ഇപ്പോഴും പരമ്പരാഗത രീതികള്‍ തുടരുന്നവരാണ്‌.  അപ്പൊ അവരെ കാണാന്‍ അവരുടെ കൂടെ താമസിക്കാന്‍ ലോങ്‌വ പോയാലോ എന്നായിരുന്നു ആലോചന. പിന്നെ ദൂരം അധികമായതുകൊണ്ടും വഴി തീരെ നന്നല്ലാത്തതുകൊണ്ടും വേറെ വാഹനമൊന്നും ഉത്സവ സമയത്ത് പെട്ടെന്ന് കിട്ടാത്തതുകൊണ്ടും അത് വേണ്ടെന്നു വെച്ചു. തല്‍ക്കാലത്തേക്ക് മാത്രം. പക്ഷെ ഇതെന്റെ മനസ്സിലുണ്ട്. ഒരു നാള്‍ പോകും. ആ "അംഗ്"നെ ഒന്നു കാണണം. 

പിന്നെ ചിന്ത ആസാമിലെ "മാജുലി"യിലേക്കായി.
അത് അടുത്ത (അവസാന) ഭാഗത്തില്‍.

ആദ്യം മല കേറുന്ന ഭാഗത്ത് ചിലയിടങ്ങളില്‍ ഉള്ള പടവുകള്‍ ..

മല കയറ്റത്തിലെ ചെറിയ വിശ്രമങ്ങള്‍.

മുകളിലേക്ക്.. ഇനിയുമേറെയുണ്ട് നടക്കാന്‍. 

സുകോ വാലിയിലെ റെസ്റ്റ് കാമ്പ്

ഇത് റെസ്റ്റ് കാമ്പിലെ മുറി. 

എന്റെ ബാഗും സ്ലീപിങ് ബാഗും കട്ടിലില്‍ വെച്ച് ഈ സ്ഥലം സ്വന്തമാക്കി.


റെസ്റ്റ് കാമ്പിന്റെ ഒരു വശത്തുനിന്നുള്ള സുകോ വാലി ദൃശ്യം

താഴ്വാരത്തിലേക്ക് വരുമ്പോ ഒരു ചെറിയ ഫോട്ടോ സെഷന്‍

താഴ്വാരത്തിലെ അരുവി


അസ്തമയ സൂര്യന്‌ സ്വര്‍ണത്തിന്റെ നിറമെന്നൊക്കെ പലരും വര്‍ണിക്കണത് കേട്ടിട്ടില്ലേ... 

ഇത് വീടൊന്നുമല്ല ട്ടോ.. അവിടെ കല്ലുകള്‍ വെച്ചൊരു സ്ഥലമുണ്ട്. അവിടെ ആരൊക്കെയോ തീ കായുന്നതാ...


ഇത് അതിരാവിലെയുള്ള സുകോ താഴ്വാരം. താഴെയെല്ലാം ഐസായി..

ചായ കുടിച്ചപ്പൊ അതൊന്ന് ഫോട്ടോ എടുത്തതാ

ഞങ്ങള്‍ !!! 5 അപരിചിതര്‍ !!!

ഇതാണാ സ്വാദുള്ള ചോറും ദാലും. 

തിന്നുമ്പോ ചുറ്റുള്ളുതൊന്നും കാണാനാകൂല. 


"നോര്‍ത്തീസ്റ്റിലേക്കൊരു യാത്ര" നാലു ഭാഗങ്ങളായാണ്‌ എഴുതിയത്.
ഭാഗം 1: ചാന്ദുഭിയും കസിറംഗയും, ആസ്സാം ഇവിടെ വായിക്കാം
ഭാഗം 2: ഹോണ്‍ബില്‍ ഫെസ്റ്റിവല്‍, നാഗലാന്‍ഡ് ഇവിടെ വായിക്കാം
ഇപ്പോള്‍ വായിച്ചത്: ഭാഗം 3: സുകോ താഴ്വാരം
ഭാഗം 4: ബ്രഹ്മപുത്ര പുഴയിലെ ദ്വീപായ മാജുലി, ആസ്സാം ഇവിടെ വായിക്കാം

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ഈ സഞ്ചാര വിവരണത്തിന്റെ
ഇതുവരെയുള്ള എല്ലാ ഭാഗങ്ങളും
കലക്കി പൊരിച്ചു കേട്ടോ വർഷേ

Mubi said...

നോര്‍ത്തീസ്റ്റ് എന്‍റെ ബക്കറ്റില്‍ കിടന്ന് നിലവിളിക്കാന്‍ തുടങ്ങീട്ടോ... അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു :)