14 Dec 2016

നോര്‍ത്തീസ്റ്റിലേക്കൊരു യാത്ര - ഭാഗം 2: ഹോണ്‍ബില്‍ ഫെസ്റ്റിവല്‍, നാഗലാന്‍ഡ്

ഭാഗം 1: ചാന്ദുഭിയും കസിറംഗയും, ആസ്സാം ഇവിടെ വായിക്കാംനാഗലാന്‍ഡ് - ഹോണ്‍ബില്‍ ഫെസ്റ്റിവല്‍
************************************************

അങ്ങനെ ആസ്സാം വിട്ട് കോഹിമയിലേക്ക് വണ്ടി നീങ്ങി. 16 പ്രമുഖ ഗോത്രങ്ങളുള്ള നാഗന്മാര്‍ ഒന്നിക്കുന്ന നാഗലാണ്ടിലെ ഏറ്റവും പ്രാമുഖ്യമുള്ള ഉത്സവം - Hornbill Festival. അത് തന്നെയാണ്‌ ലക്ഷ്യം.

വേഴാമ്പല്ലിനെ ചുറ്റിപറ്റിയാണ്‌ ഇവിടത്തെ പല കഥകളെങ്കിലും ഇവിടത്തെ സംസ്ഥാന പക്ഷി വേഴാമ്പല്‍ അല്ല ട്ടോ.. അത് Blyth's Tragopan ആണ്‌. ഒരു തരം കോഴി വര്‍ഗ്ഗത്തില്‍ (pheasant) പെട്ടതാണെന്നു തോന്നുന്നു.

അവിടത്തെ താമസം ടെന്റില്‍. ഡിസംബര്‍ 1 മുതല്‍ 10 വരെയാണല്ലോ ഈ ഉത്സവം. അപ്പൊ കാമ്പ് സൈറ്റുകളെ ആശ്രയിക്കുന്നതാണ്‌ കൂടുതല്‍ നല്ലത്. താമസം വേറെ കിട്ടിയില്ലെങ്കില്‍. ഒരു നെല്‍പാടം താല്‍ക്കാലിക കാമ്പ് ആക്കിയിരിക്കയാണ്‌. ടെന്റു വെച്ച് തന്നെ അടുക്കളയും ബാത്റൂമുമൊക്കെ. 35 പേരോളം ആള്‍ക്കാരെ കൊള്ളും ഈ കാമ്പ്സൈറ്റില്‍. അങ്ങനെ കൂട്ടുകാര്‍ അനവധിയായി. ഇതില്‍ ചിലര്‍ തുടര്‍ന്നുള്ള യാത്രയില്‍ കൂട്ടു ചേര്‍ന്നു.

നമ്മള്‍ താമസിച്ച കാമ്പ് സൈറ്റ്.


പിറ്റേന്ന് മുഴുവന്‍ ഉത്സവ നഗരിയില്‍. ഈ ഉത്സവത്തിന്റെ പ്രധാന വേദി കിസാമയിലെ പൈതൃക ഗ്രാമമാണ്‌. തലസ്ഥാന നഗരിയായ കൊഹിമയില്‍ നിന്ന് ഏതാണ്ട് 12 കി.മി അകലെയാണ്‌ ഇത്. ആഘോഷങ്ങളും നൃത്തങ്ങളുമൊക്കെ നടക്കുന്ന പ്രധാന വേദിക്ക് പുറമെ അനേകം കരകൌശല കടകളും ഭക്ഷണശാലകളുമൊക്കെ ഉണ്ടിവിടെ. എന്നാല്‍ ഏറ്റവും രസകരമായത് "മൊറുങ്" എന്നു വിളിക്കുന്ന ഇവരുടെ പരമ്പരാഗത കുടിലുകളാണ്.. 16 ഗോത്രങ്ങളുടെയും വകയായുള്ള 16 മൊറുങ്ങുകളുണ്ട്. ഓരോന്നിന്റെയും നിര്‍മ്മാണ രീതിയും ഉള്ളിലെ കാഴ്ചകളും വ്യത്യസ്തമാണ്‌.. 10 ദിവസത്തെ ആഘോഷമാണിത്.

സംസ്കാരത്തിലും ആചാരങ്ങളിലും കരകൌശല വിദ്യകളിലും സംഗീതനൃത്താദികളും വേഷവിധാനങ്ങളിലും ഭക്ഷണരീതികളിലും എന്തിന്‌.. ആയുധങ്ങളില്‍ വരെ വ്യത്യസ്തരായിരിക്കുന്ന ഓരോ ഗോത്രത്തിനും പറയാന്‍ എത്രയെത്ര കഥകളുണ്ടെന്നോ... ഞാനും പുതിയ കൂട്ടുകാരും എല്ലാ മൊറുങ്ങുകളും കേറിയിറങ്ങി അവരോടൊപ്പം പാട്ടുപാടി ഡാന്‍സ് കളിച്ചു - എന്തൊരു Festive Mood ആണെന്നോ.. ഡാന്‍സ് അറിയാത്തവന്‍ പോലും ഒന്നു ആടും. എന്നെ പോലെ. . കുറെ ട്രൈബല്‍ മാലകളൊക്കെ വാങ്ങിച്ചു. വൈകുന്നേരത്തെ തണുപ്പ് മാത്രം കുറച്ച് കടുപ്പമായിരുന്നു. കൊഹിമ 1500-ഓളം മീറ്റര്‍ മുകളിലാണ്‌ കടല്‍ നിരപ്പില്‍ നിന്ന്. പിന്നെ മലഞ്ചെരിവ് പോലത്തെ പ്രദേശമായതു കൊണ്ട് തട്ടു തട്ടിലായാണ്‌ മൊറുങ്ങുകളെല്ലാം സ്ഥിതി ചെയ്യുന്നത്. അപ്പൊ തണുപ്പിനു പുറമെ കാറ്റും കൂടിയുണ്ടാകുമ്പോള്‍ കയ്യുറയുമൊക്കെ വേണം.

ഇവിടെ കിസാമയില്‍ കലാ സന്ധ്യകളും മത്സരങ്ങളും ഒക്കെ നടക്കുന്നുണ്ട്. ഗുസ്തി മത്സരമുണ്ട്. കല്ലു വലിക്കുന്ന മത്സരമുണ്ട്. പിന്നെ തീറ്റ മത്സരങ്ങളുണ്ട് - മുളക് തീറ്റ മത്സരവും, പോര്‍ക്ക് തീറ്റ മത്സരവുമൊക്കെ. 
മുളക് തീറ്റ എന്നാല്‍ ചില്ലറ പണിയല്ല. ലോകത്തിലെ ഏറ്റവും എരിയുന്ന മുളകിനങ്ങളില്‍ ഒന്നാണ്‌ ഇവിടത്തെ ഭൂത് ജൊലോകിയ മുളക്.. "പ്രേത മുളക്" ന്നും വിളിക്കും. അതിന്റെ അച്ചാര്‍ കഴിച്ച് എന്റെ ദേഹം മൊത്തമെരിഞ്ഞു പോയി. മുളകുപൊടിയൊരെണ്ണം വാങ്ങി ദുബായില്‍ കൊണ്ടു വന്നിട്ടുണ്ട്.. എങ്ങനെയായിരിക്കുമോ എന്തോ..!

കാമ്പ്സൈറ്റില്‍ നിന്ന് സൈക്കിള്‍ വാടകക്കെടുത്താണ്‌ ഒരു ദിവസം കിസാമ ഹെറിട്ടേജ് വില്ലേജിലേക്ക് പോയത്. അപ്പൊ ഒരു ഹെല്‍മറ്റൊക്കെ തന്നു. അതെല്ലാം വെച്ച് ഞാനും അച്ചൂം ഓടിച്ച് പോയി. കേറ്റം കേറാനും ഇറങ്ങാനുമൊക്കെ ശരിക്ക് പാട് പെട്ടു. എല്ലാം കുത്തനെയാണല്ലൊ.

അങ്ങനെ ഒരു സ്ഥലത്ത് നിര്‍ത്തി കിതയ്ക്കുമ്പോ കുറെ പേര്‍ വന്നു എന്തൊക്കെയോ ചോദിച്ചു. ഫോട്ടോ എടുക്കട്ടേന്നും. "ആ" ന്ന് നമ്മളും. പിന്നെ നമ്മടെ കൂടെ ഫോട്ടോ എടുക്കാന്‍ കുറേ പേര്‍.
പിന്ന്യാ മനസ്സിലായത് അവിടെ എന്തോ വലിയ സൈക്കിള്‍ റാലി നടക്കുന്നുണ്ടത്രെ ഹോണ്‍ബില്‍ ഉത്സവത്തിന്റെ ഭാഗമായി. നമ്മള്‍ അതിന്റെ ആള്‍ക്കാരെന്ന് തെറ്റിദ്ധരിച്ചാണ്‌ ഫോട്ടോ എടുപ്പുമൊക്കെ. പിന്നെ നമ്മളല്ലേ ആള്‍ക്കാര്‍! തിരുത്താനൊന്നും പോയില്ല.

പിറ്റേ ദിവസത്തെ ഏതേലും ലോക്കല്‍ പത്രത്തില്‍ ഈ വല്യ സൈക്കിള്‍ യജ്ഞക്കാരിടെ പടം വന്ന്വോ എന്തോ... !

പിന്നെ ഇതിനോടൊപ്പം തന്നെ കൊഹിമ ടൌണില്‍ കാര്‍ണിവല്‍ നടക്കുന്നുണ്ട്. റോഡിന്നിരുവശത്തും വഴി വാണിഭക്കാരും കൊച്ചു ഭക്ഷണശാലകളുമൊക്കെയായി. തണുപ്പ് അധികമായതു കൊണ്ട് കയ്യുറയൊക്കെ ഒന്നു കൂടെ വാങ്ങി. എല്ലാവരും നല്ല സന്തോഷത്തിലാണ്‌. പാട്ടൊക്കെ പാടി. ഡാന്‍സൊക്കെ കളിച്ച്. ഫോട്ടോ എടുക്കാന്‍ വേണ്ടി കാമറ ഉയര്‍ത്തിയാല്‍ തന്നെ പോസ് ചെയ്തു തന്നോളും. ഒരു മടിയുമില്ല. മിക്ക ഇടത്തും പട്ടിയിറച്ചി ലഭ്യം. പന്നി, ഒച്ച് എന്നിവയുടെ ഇറച്ചിയെല്ലാം സര്‍വ്വ സാധാരണം. ഇവരുടെ പ്രധാന ഭക്ഷണ പാചകരീതിയിലൊന്ന് മുളയില്‍ വെച്ച് ആവികേറ്റി ഇറച്ചി വേവിക്കുന്നതാണ്‌.നാഗലാണ്ടിനെ ഉത്സവങ്ങളുടെ നാട് എന്നാണ് വിളിക്കുന്നത്.. എല്ലാ മാസോം ഈ സംസ്ഥാനത്ത് ഒന്നല്ലെങ്കില്‍ മറ്റൊരു ഗോത്രത്തിന്റെ ഉത്സവം ഉണ്ടാകും. അങ്ങനെ ഡിസംബറില്‍ ഇവരെല്ലാവരും കൂടി ഉത്സവങ്ങളുടെ ഉത്സവമായി ഈ വേഴാമ്പല്‍ ഉത്സവം കൊണ്ടാടും... കൊള്ളാം ലേ...

കുറച്ച് ഉത്സവ കാഴ്ച്ചകള്‍

ഇത് കിസാമ ഹേറിട്ടേജ് വില്ലേജിലെ പ്രധാന വേദിയിലേക്ക് കടക്കുന്ന കവാടം. 


ഇത് കോണ്യാക്ക് ഗോത്രത്തിന്റെ മൊറുങ്ങ് ആണ്‌.

ഇത് അംഗാമി ഗോത്രക്കാരന്‍ ആണെന്ന് തോന്നുന്നു. തലയില്‍ വേഴാമ്പല്‍ തൂവലൊക്കെയുണ്ട്.ആ മുളങ്കുഴലില്‍ Rice Beer ആണ്‌. ഇവരുടെ സ്വന്തം വാറ്റ്. ഇയാള്‍ടെ മാല കണ്ടോ.? എത്ര വല്യ മുത്തുകളാ. 


ആര്‍ക്കും ഫോട്ടോന്‍ പോസ് ചെയ്യാന്‍ മടിയില്ല ട്ടോ.. 

ഇത് ഇവിടെ കിട്ടണ കാട്ടു ആപ്പിള്‍ കൊണ്ടുണ്ടാക്കിയ ഒരു ലഹരി പാനീയം ആണ്‌. ഈ ആപ്പിള്‍ നമ്മള്‍ കാട്ടില്‍ നിന്ന് പറിച്ച് കഴിച്ചിരുന്നു. ഒരു പുളിപ്പും മധുരോം ഉണ്ട്. 

ഇയാള്‍ടെ മാല പോലത്തെ ഒരെണ്ണം ഞാനും വാങ്ങി. ഇത് ആനക്കൊമ്പുക്കൊണ്ടും പിന്നെ മിഥുന്‍ എന്ന കന്നുകാലിയിനത്തില്‍ പെട്ട മൃഗത്തിന്റെ കൊമ്പുക്കൊണ്ടും ഉണ്ടാക്കിയതാ. 

Photos - Cultural Demostrations by Different Naga Tribes:


ഒരോ ഗോത്രങ്ങളുടെയും വക ഓരോരോ കലാരൂപങ്ങള്‍


വിത്ത് വിതയ്ക്കുമ്പോള്‍ പാടുന്ന പാട്ട്. 

ഇത് കോണ്യാക് ഗോത്രക്കാര്‍ തല വെട്ടി കൊണ്ടുപോകാന്‍ വരുന്ന വരവാ..


ഇതാ സൈക്കിള്‍ റാലിക്കാരി ഞാന്‍:

കാര്‍ണിവല്‍ ഫോട്ടോസ്

ബലൂണ്‍ വേണോ?


എല്ലാ കളിപ്പാട്ടോം ഉണ്ടിവിടെ.

എല്ലാ തരം ഭക്ഷണോം കിട്ടും. 
 

പല നിറങ്ങളിലുള്ള മുടികള്‍, മുഖം മൂടികള്‍

കാശ് വെച്ച് എന്തൊക്കെ കളികളാണെന്നോ.. ആ ആള്‍ടെ കയ്യില്‍ ഒരു ജീവനുള്ള കോഴീം ഉണ്ട്.

ഓംലെറ്റ് ചുരുട്ടി വെച്ചിരിക്ക്‌ണൂ..

ഈ ഭക്ഷണം എന്തൊക്കെയാണെന്നോ... താഴെ നോക്കൂ... 


Duck Fry, Dog Curry, Snail, Pork Fry, Beef Skin Chutney, Pork Intestine Chutney and more...
Last pic: Snail
മറ്റൊരു കാര്‍ണിവല്‍ കാഴ്ച്ച... 

ഇതാ - മുളയില്‍ വെച്ച് വേവിച്ച മീനും ഇറച്ചിയുമൊക്കെ.. 

2 ദിവസം അവിടെ ചുറ്റി തിരിഞ്ഞ ശേഷം പിന്നെ പോയത് ഒരു ട്രെക്കിങ്ങിനാണ്‌. സുകോ വാലിയിലേക്ക്.

Kaziranga National Park - Kohima, Nagaland
Distance: Approx. 240 kms; Travel Duration: 5 hrs to 6 hrs

Kohima - Kisama Heritage Village (Main Venue of Horn bill Festival)
Distance: Approx 12 kms; Travel Duration: Approx 30 mts. But, entirely depends on traffic.


"നോര്‍ത്തീസ്റ്റിലേക്കൊരു യാത്ര നാലു ഭാഗങ്ങളായാണ്‌ എഴുതിയത്.

ഭാഗം 1: ചാന്ദുഭിയും കസിറംഗയും, ആസ്സാം ഇവിടെ വായിക്കാം
ഇപ്പോള്‍ വായിച്ചത്: ഭാഗം 2: ഹോണ്‍ബില്‍ ഫെസ്റ്റിവല്‍, നാഗലാന്‍ഡ്
ഭാഗം 3: സുകോ താഴ്വാരം ഇവിടെ വായിക്കാം3 comments:

Pilakkat Manoj said...

വായിച്ചു.അസ്സലായിട്ടുണ്ട്...ഞാന്‍ ചിലയിടങ്ങള്‍ മിസ് ചെയ്തു എന്ന് ശരിക്കും ഇപ്പോള്‍ തോനുന്നു..manoj

Mubi said...

ബക്കെറ്റ് ലിസ്റ്റില്‍ ഉള്ളതാണ്. Hornbill ഫെസ്റ്റിവലില്‍ പങ്കെടുത്തവരുടെ പോസ്റ്റുകള്‍ കുറെ മുഖപുസ്തകത്തിലും വായിച്ചിരുന്നു. ചിത്രങ്ങളും എഴുത്തും നന്നായിട്ടുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

കൊതിപ്പിക്കുന്ന ഭക്ഷണം
കൊതിപ്പിക്കുന്ന എഴുത്തും ,യാത്രയും ...!