13 Dec 2016

നോര്‍ത്തീസ്റ്റിലേക്കൊരു യാത്ര - ഭാഗം 1: ചാന്ദുഭിയും കസിറംഗയും, ആസ്സാം

9 ദിവസത്തെ ആസാം-നാഗലാന്‍ഡ് യാത്ര കഴിഞ്ഞ് നാല് ദിവസം മുന്നെ തിരിച്ചത്തിയതേ ഉള്ളൂ ഞാന്‍. അപ്പൊ അതിനെക്കുറിച്ചൊരു ചെറിയ വിവരണമെഴുതാമെന്നു വെച്ചു. ഇപ്പൊ എഴുതി പോസ്റ്റ് ചെയ്തില്ലെങ്കില്‍ പിന്നെ മടിയാകും. അതോണ്ട് വേഗം എഴുതി. നാലു ഭാഗങ്ങളായാണ്‌ തയ്യാറാക്കിയിരിക്കുന്നത്. ചിത്രങ്ങളും ഉള്‍പ്പെടുത്തണമെന്നുള്ളതുകൊണ്ട് 4 ഭാഗങ്ങളാക്കിയിരിക്കുന്നു.


ഇന്ത്യയിലെ പല ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തി ചേര്‍ന്നിട്ടില്ല. പിന്നെ ഇപ്പൊ ദുബായിലായതു കൊണ്ട് യാത്ര എന്നു പറയുമ്പോ ആദ്യം മറ്റു രാജ്യങ്ങളാണ്‌ മനസ്സില്‍ വരിക. എനിക്ക് വളരെയധികം ഇഷ്ടമാണ്‌  ട്രെക്കിങ്ങും ഹൈക്കിങ്ങും  യാത്രയില്‍ ഉള്‍പ്പെടുന്നത്.. ഒരുപാട് ട്രെക്കിങ് റൂട്ടുകള്‍ "To DO List"-ഇല്‍ ഇട്ടു വെച്ചിരിക്കുന്നതുക്കൊണ്ട് അതിനൊരു പരിശീലനം എന്നു കണ്ട് ഇവിടെ തണുപ്പ് കാലാവസ്ഥ തുടങ്ങിയപ്പൊ തന്നെ ജെബെല്‍ ജൈസ് മല 20 കി മി നടന്നു കയറി. പിന്നെ വാദി ഷാ ട്രെക്കിങ്ങ് അങ്ങനെ പലതും ചെയ്തു. അത്യാവശ്യം ദേഹാദ്ധ്വാനമുള്ള ഇത്തരം യാത്രകള്‍ എനിക്ക് ഹരമാണ്‌.

പറഞ്ഞു വന്നത് നോര്‍ത്തീസ്റ്റിനെക്കുറിച്ചാണ്‌. 3-4 ദിവസമെടുത്ത് കാറില്‍ പോയി കാറില്‍ തന്നെ ഇറങ്ങി 'ദാ... ആ സ്ഥലം', 'ദാ.. മറ്റേ സ്ഥലം',  'ഇവിടുന്നു ഒരു ഫോട്ടോ' എന്ന രീതിയിലുള്ള യാത്രകളില്‍ താല്‍പര്യമില്ലാത്തതുകൊണ്ടും വലിയ വലിയ ഹോട്ടലുകളില്‍ ആ സ്ഥലത്തിന്റെ  സത്ത തീര്‍ത്തുമുണ്ടാകില്ല എന്നതുകൊണ്ടും ഒരു കാമ്പിങ്ങ് ആണ്‌ ഞാന്‍ ആഗ്രഹിച്ചതും. അങ്ങനെ രോഗി ഇച്ഛിച്ഛ പോലെ ഒരു പോസ്റ്റ് കണ്ടു - നോര്‍ത്തീസ്റ്റില്‍ കാമ്പിങ്ങും ട്രെക്കിങ്ങും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാമ്പ് സൈറ്റുകള്‍ ഒരുക്കുന്ന ഒരു കൂട്ടരുടെ പോസ്റ്റ്. അതും ഹോണ്‍ബില്‍ ഉത്സവത്തിന്റെ സമയത്ത്. അപ്പൊ താമസ സ്ഥലം തയ്യാര്‍. ബാക്കി എല്ലാം നമ്മുടെ ഇഷ്ടമാണല്ലോ. കൂട്ടിനു ആരുമില്ലെങ്കിലും നേരെ കേറി മുട്ടി. അങ്ങനെ ഇതു പോലെ ആഗ്രഹിക്കുന്ന ഒരാളെ കണ്ടു മുട്ടി - അച്ചു. വീട്ടില്‍ ഒരുപാട് ചോദിച്ചാല്‍ പ്രശ്നമാണ്‌ - കാട്‌ കേറി ചിന്തിക്കാന്‍ എന്റെ അമ്മക്കുള്ള കഴിവ് അപാരമാണ്‌.  നേരെ ടിക്കറ്റ് ബുക്ക് ചെയ്തു ഗുവഹാട്ടിയിലേക്ക്. തിരിച്ചും. അതു കഴിഞ്ഞാണ്‌ കാമ്പ്സൈറ്റില്‍ എങ്ങനെയെത്തണമെന്ന് അന്വേഷിച്ചതു പോലും. മടിച്ച് നിന്നാല്‍, "വേണോ" എന്നു രണ്ട് വട്ടം ചിന്തിച്ചാല്‍, പിന്നെ നടക്കില്ല. നോര്‍ത്തീസ്റ്റ് "കാണാനുള്ള To Do List -ഇലെ സ്ഥലമായിത്തന്നെ" തുടരുന്നത് കാണേണ്ടി വരും.

അതാണ്‌ തുടക്കം. 

അങ്ങനെ  ദുബായില്‍ നിന്ന് ഡല്‍ഹി വഴി ഗുവഹാറ്റിയിലേക്ക് ആദ്യം പറന്നു. പ്രധാന ഉദ്ദേശ്യം നാഗലാന്‍ഡിലെ "ഹോണ്‍ബില്‍ ഫെസ്റ്റിവലും" "സുക്കോ വാലി ട്രെക്കിങ്ങും". ഏല്ലാ വര്‍ഷവും ഡിസംബര്‍ 1 മുതല്‍ 10 വരെയാണ്‌ ഹോണ്‍ബില്‍ ഉത്സവം. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒറ്റക്കായിരുന്നെങ്കിലും തിരിച്ച് വന്നത് ഒരുപാട് സമാന മനസ്കരായ സുഹൃത്തുക്കളെ ഉണ്ടാക്കിയാണ്‌. 

ഗുവഹാട്ടി എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പോയത് സ്റ്റേറ്റ് ബാങ്കിലേക്ക്. പഴയ 500-1000 നോട്ടുകളെല്ലാം നിക്ഷേപിച്ചു. വട്ടച്ചിലവിന്‌ കാശെടുത്തു. വലിയ ക്യൂ ഒന്നുമില്ല.  

അസ്സാം- ചാന്ദുഭി തടാകവും കസിറംഗ നാഷനല്‍ പാര്‍ക്കും
**********************************************************************

പിന്നെ നേരെ ചാന്ദുഭി തടാകത്തിലേക്ക്. അസ്സം-മേഘാലയ ക്ക് നടുവിലുള്ള ഗാരോ മലനിരകളുടെ താഴെയാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. 1897-ലെ ഭൂകമ്പത്തില്‍ കാട്ടിനുള്ളില്‍ ഉണ്ടായതാണ്‌ ഈ തടാകം. എയര്‍പോര്‍ട്ടില്‍ നിന്ന് തേയിലത്തോട്ടങ്ങള്‍ താണ്ടി കാട്ടിന്നകത്തേക്ക് കടന്ന് പിന്നെയും മുന്നോട്ട് പോയാല്‍ ഈ തടാകം കാണാം.

എന്റെ വലിയമ്മേം വലിയച്ഛനും ജോലി ചെയ്തിരുന്നത് ടീ എസ്റ്റേറ്റുകളിലായിരുന്നു. വാല്‍പാറയിലും ദേവഷോലയിലും ഗുഡ്ഡലൂരിലും തായ്ഷോലയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട് അവര്‍.. അവിടെയെല്ലാം മലഞ്ചെരുവിലാണ്‌ ചായ ചെടി വളരുന്നത് കണ്ടിരിക്കുന്നത്. എന്നാല്‍ ആസ്സാമില്‍ നിരപ്പുകളിലും ചായ തോട്ടം കാണാം. റോഡിനിരുവശവും ചായത്തോട്ടം നിരപ്പായി കാണാനായത് എനിക്ക് വല്യ ആശ്ചര്യമായിരുന്നു.

ചാന്ദുഭി തടാകം  വരെ ബസില്ല.  ഈയടുത്തായി ഒരു ടൂറിസ്റ്റ് ലോഡ്ജ് സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വളരെ ആള്‍ക്കുറവുള്ള ഒരു സ്ഥലമാണ്‌ ചാന്ദുഭി. പക്ഷെ ഇവിടെ താമസിക്കാന്‍ വരുന്നെങ്കില്‍ ഞാന്‍ ചെയ്തതു പോലെ റാഭ ഗോത്ര വര്‍ഗ്ഗകാരുടെ അതിഥിയായി താമസിക്കണം. ഒരു 3 വര്‍ഷം മുന്നെ വരെ ടൂറിസം എന്തെന്നറിയില്ലായിരുന്ന ഇവര്‍ ഇന്ന് നല്ല ആതിഥേയരാണ്‌. തടാകത്തിനിപ്പുറം ലോഡ്ജിനു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത് വഞ്ചിയില്‍ വേണം ദിഗന്തര്‍ റാഭയുടെയും കുടുംബത്തിന്റെയും വീടെത്താന്‍. ഒരു കൊച്ചു ദ്വീപിലാണത്. അവരുടെ രീതിയിലുള്ള ഭക്ഷണവും കഴിച്ച് തീ കാഞ്ഞ് ഇരിക്കാന്‍ നല്ല രസാര്‍ന്നു. കരണ്ടൊന്നുമില്ല. മുള കൊണ്ടുള്ള തൂണില്‍ ഉണ്ടാക്കിയിരിക്കുന്ന ഒരു കോട്ടേജുണ്ട് അതിഥികള്‍ക്ക്. പിറ്റേന്ന് അവര്‍ തൊട്ടടുത്തുള്ള വെള്ളച്ചാട്ടം കാണിക്കാനൊക്കെ കൊണ്ടു പോയി. കുറച്ച് നടക്കണം കാട്ടിനുള്ളിലെ ഈ ഗ്രാമത്തിലൂടെ. പിന്നെ ഞങ്ങള്‍ വഞ്ചി തുഴഞ്ഞ് വെറുതെ തടാകത്തില്‍ കുറെ നേരം അലഞ്ഞു. എത്രയെത്ര പക്ഷികളാണെന്നോ.. പക്ഷികളെക്കുറിച്ച് പഠിക്കാനിഷ്ടമുള്ളോര്‍ക്കെല്ലാം ഇത് പറ്റിയ സ്ഥലമാണ്‌. ഭാഗ്യമുണ്ടെങ്കില്‍ 50-ഇല്‍ കൂടുതല്‍ ആനകള്‍ തടാകത്തില്‍ കുളിക്കാന്‍ വരുന്നത് കാണാം എന്നു ദിഗന്തര്‍ റാഭ പറഞ്ഞു.

ചാന്ദുഭി തടാകം
ദിഗന്തര്‍ റാഭയുടെ കുടുംബം.. വഞ്ചി തുഴഞ്ഞു പോകുമ്പോള്‍ എടുത്തതാ ഈ ഫോട്ടോ..ചാന്ദുഭിയില്‍ താമസിച്ച വീടിനു പിന്നില്‍ ഒരു കുഞ്ഞു വെള്ളച്ചാട്ടമുണ്ടെന്ന് പറഞ്ഞില്ലേ... അത്..

ഇത് നമ്മള്‍ തുഴഞ്ഞ വഞ്ചി.
അതിനുശേഷം ഞങ്ങള്‍ പോയത് കസിരംഗയിലേക്കാണ്‌. ലോക പൈതൃക ഇടങ്ങളില്‍ ഒന്ന്. ചാന്ദുഭിയില്‍ നിന്ന് കാറില്‍ ഏകദേശം 5 മണിക്കൂറെടുത്തു കസിറംഗയിലേക്ക്. ഗുവഹാട്ടിയില്‍ നിന്ന് ബസ്സുകള്‍ അനവധിയുണ്ട്. സന്ധ്യക്ക് ഗോത്ര വര്‍ഗ്ഗക്കാരുടെ നൃത്തമെല്ലാം കണ്ടു.

അതിലൊരു ഗോത്രത്തെ വിളിക്കുന്നതെന്തെന്നോ ? Tea Tribes എന്ന്‌. ആസാമിലെ തോട്ടങ്ങളില്‍ തേയില പറിക്കാന്‍ ദൂരെ ന്ന് ആളെ വരുത്തി ബ്രിട്ടീഷുകാര്‍. ഒറീസ്സയില്‍ നിന്നും വെസ്റ്റ് ബംഗാളില്‍ നിന്നുമൊക്കെ. അവരെല്ലാം കൂടി പിന്നെ ഒരു ഗോത്രമായി മാറി ത്രെ.

അവരുടെ ഡാന്‍സൊക്കെ ഉണ്ട്. തലയില്‍ തേയിലയൊക്കെ വെച്ച്.

പിന്നെ പിറ്റേന്ന് രാവിലെ 1 മണിക്കൂര്‍ ആന സഫാരിയും 2 മണിക്കൂര്‍ ജീപ് സഫാരിയും. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം തന്നെയാണ്‌ ഇവിടത്തെ ഏറ്റവും പ്രധാന കാഴ്ച്ച. ഒരുപാട് കണ്ടു അവയെ. ഗര്‍ഭിണിയായ ആനകളെ സഫാരിക്ക് ഉപയോഗിക്കുന്നത് കണ്ടപ്പൊ "വേണ്ടീര്‍ന്നില്ല്യ" എന്നു തോന്നി. ജീപ് സഫാരി ചെയ്യാന്‍ 5 റേഞ്ചുകളുണ്ട്. ഉള്‍ക്കാട്ടില്‍ക്ക് കൊണ്ടു പോകണമെന്നാവശ്യപ്പെട്ടാലേ അത് ചെയ്യുകയുള്ളൂ.

കസിരംഗയില്‍ പുലി ആന സഫാരി ചെയ്ത ആളെ ആക്രമിച്ച് ഒരാള്‍ടെ കൈ പോയ വീഡിയോ യ്യൂട്യൂബിലുണ്ട്. ആ സംഭവം നടന്ന സ്ഥലമൊക്കെ കാണിച്ചു തന്നു ആനക്കാരന്‍. പക്ഷെ നമ്മള്‍ പുലിയെ ഒന്നും കണ്ടില്ല. പിന്നെ ജീപില്‍ പോയപ്പൊ പുലി തന്റെ പ്രദേശം അടയാളപ്പെടുത്തിയ പാടൊക്കെ കണ്ടു.

തലയില്‍ തേയില വെച്ച് ഡാന്‍സ് കളിച്ച Tea Tribes


കസിറംഗയിലെ കലാസന്ധ്യയില്‍ നിന്ന്.. കാട്ടുച്ചോലയിലെ മരക്കൊമ്പില്‍ ആമകള്‍ കൂട്ടത്തോടെ ഇരിക്കുന്ന കാഴ്ച്ച

കസിറംഗയിലെ കാട്ടിനുള്ളിലെ ഒരു പുഴ. ഇതാ ആന സഫാരി ചെയ്യണ ഒരാന. 4 പേര്‍ക്കിരിക്കാം. 

ഇവനാണ്‌ താരം - ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം - The Great Indian One-Horned Rhino

മരത്തിലെ പാട് ശ്രദ്ധിച്ചോ?

ഇതെന്താന്ന് മനസ്സിലായോ?
കടുവ തന്റെ ടെറിടറി (അധികാര അതിര്‍ത്തി) അടയാളപ്പെടുത്തിയതാത്രെ. അങ്ങനെയാ ആ ജീപ് ഡ്രൈവര്‍ പറഞ്ഞത്. ഇത് കണ്ടാല്‍ മറ്റു കടുവകള്‍ക്ക് മനസ്സിലാകുമത്രെ.

കാട്ടിലെ മൃഗങ്ങള്‍ക്ക് അതിര്‍ത്തി ബഹുമാനിക്കാനും അടയാളപ്പെടുത്താനുമൊക്കെ അറിയാം. നാട്ടിലെ നമ്മള്‍ക്ക് മാത്രമൊന്നുമല്ല...


ഒരു വാച്ച് ടവര്‍


ജീപ് സഫാരികസിറംഗ കഴിഞ്ഞ് നേരെ പോയത് നാഗലാന്‍ഡിലേക്ക്. അപ്പോഴേക്കും വേഗം അസ്തമിക്കുന്ന സൂര്യനെനിക്ക് പരിചിതമായി. നോര്‍ത്തീസ്റ്റില്‍ 5 മണിയാകുമ്പോഴേക്കും ഇരുട്ടാകുമല്ലോ..

Lokpriya Gopinath Bordoloi International Airport, Borjhar, Guwahati, Assam - Chandubhi Lake:
Distance: Approx. 40 kms, Travel Duration: 1hr 30 mts

Guwahati - Kaziranga National Park
Distance: Approx. 200 kms; Travel Duration: 4 hrs to 5 hrs


"നോര്‍ത്തീസ്റ്റിലേക്കൊരു യാത്ര" നാലു ഭാഗങ്ങളായാണ്‌ എഴുതിയത്.

ഇപ്പോള്‍ വായിച്ചത്: ഭാഗം 1: ചാന്ദുഭിയും കസിറംഗയും, ആസ്സാം
ഭാഗം 2: ഹോണ്‍ബില്‍ ഫെസ്റ്റിവല്‍, നാഗലാന്‍ഡ് ഇവിടെ വായിക്കാം
ഭാഗം 3: സുകോ താഴ്വാരം ഇവിടെ വായിക്കാം
ഭാഗം 4: ബ്രഹ്മപുത്ര പുഴയിലെ ദ്വീപായ മാജുലി, ആസ്സാം ഇവിടെ വായിക്കാം

4 comments:

സുധി അറയ്ക്കൽ said...

ഒരു നല്ല തുടക്കം വേണ്ടിയിരുന്നെന്ന് തോന്നി.ഇത്രയധികം ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബ്ലോഗ്‌ വായിക്കുന്നത്‌ ആദ്യം.ധൃതിക്കെഴുതിയതുകൊണ്ടാണോ ഇത്രസ്പീഡ്‌??ഈ അധ്യായം മൂന്ന് ഭാഗങ്ങളായി തിരിക്കാനുള്ള വകുപ്പുണ്ടായിരുന്നു.അടുത്ത ഭാഗമെങ്കിലും വിശദീകരിച്ചെഴുതണേ!!ആശംസോൾസ്‌!!!!!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

'സംസ്കാരത്തിലും ആചാരങ്ങളിലും
കരകൌശല വിദ്യകളിലും സംഗീതനൃത്താദികളും
വേഷവിധാനങ്ങളിലും ഭക്ഷണരീതികളിലും എന്തിന്‌..
ആയുധങ്ങളില്‍ വരെ വ്യത്യസ്തരായിരിക്കുന്ന ഓരോ ഗോത്രത്തിനും
പറയാന്‍ എത്രയെത്ര കഥകളുണ്ടെന്നോ... ഞാനും പുതിയ കൂട്ടുകാരും
എല്ലാ മൊറുങ്ങുകളും കേറിയിറങ്ങി അവരോടൊപ്പം പാട്ടുപാടി ഡാന്‍സ്
കളിച്ചു - എന്തൊരു Festive Mood ആണെന്നോ.. ഡാന്‍സ് അറിയാത്തവന്‍ പോലും
ഒന്നു ആടും. 'എന്നെ പോലെ. ...!'

തെക്കുപടിഞ്ഞാറ്‌ നിന്ന് വടക്ക് കിഴക്കിലെത്തിയുള്ള ഈ സഞ്ചാര വിവരണം
അസ്സലായിട്ടുണ്ട് കേട്ടോ വർഷേ .ഈ ഉഗ്രൻ വാചകമടി ശരിക്കും പറഞ്ഞാൽ ഒന്ന്
രണ്ട് എപ്പിസോഡായി അവതരിപ്പിക്കാമായിരുന്നു എന്ന എനിക്കും തോന്നുന്നു ...

പെണ്‍കൊടി said...

@സുധി @മുരളി ചേട്ടാ...

ഇപ്പൊ എനിക്കും തോന്നുന്നു - ഇത് തന്നെ രണ്ട് ഭാഗമായി അവതരിപ്പിക്കാമായിരുന്നെന്ന്‌. പക്ഷേ ആര്‍ക്കേലും ഇങ്ങനെ തുടര്‍ക്കഥ വായിക്കാനുള്ള ക്ഷമയുണ്ടാക്വോ ന്ന് വിചാരിച്ചു.
ഇതാ ഇപ്പൊ തന്നെ പകുക്കുന്നു.

Mubi said...

വര്‍ഷാ... താന്‍ എഴുതടോ. ആരെങ്കിലും വായിക്കുമോന്നുള്ള ശങ്കയൊക്കെ മാറ്റി വെക്കൂ. അടുത്തതില്‍ ഇത്ര സ്പീഡില്‍ ഓടിയോന്നറിയാന്‍ പോയി നോക്കട്ടെ... പറയാന്‍ വിട്ടു, യാത്രാവിവരണം ഇഷ്ടായിട്ടോ :)