23 Oct 2014

ഇതൊരു ഒന്നൊന്നര കാലഘട്ടം !!!

"ഞാനൊന്നു ഉറങ്ങിയാലോ എന്നാലോചിക്ക്യാ.. വല്ലാണ്ട് ക്ഷീണോം ഉറക്കം വരലും..."
നല്ലപാതി ഞെട്ടി... ക്ലോക്ക് നോക്കി. "നിനക്കെന്തു പറ്റി? ഇന്നലേം ഇതേ പോലെ തന്നെ ആയിരുന്നല്ലോ"

പിറ്റേന്ന് ഓഫീസ്സുണ്ടെങ്കില്‍ കൂടി 11:30 - 12:00 ആകാതെ ഉറക്കത്തെക്കുറിച്ച് ഞാന്‍ ആലോചിക്കാറില്ല. അപ്പോഴും ഒരു പുസ്തകം കയ്യിലെടുത്ത് 4 പേജുകള്‍ മറിയ്ക്കും. ഇപ്പൊ സമയം വെറും ആറരയേ ആയുള്ളൂ.. ഓഫ്ഫീസില്‍ നിന്ന് ഇരുവരും എത്തിയതേയുള്ളൂ.. ഭര്‍ത്താവിന്റെ ഞെട്ടലില്‍ കുറ്റം പറയാന്‍ പറ്റില്ല.

ഓഫീസില്‍ നിന്നു വന്ന ഉടനെ തന്നെ എങ്ങോട്ടെങ്കിലും പോകേണ്ടതുണ്ടെങ്കില്‍ യാതൊരു മടിയും കൂടാതെ വലിയ ഉത്സാഹത്തോടെ ചാടി പുറപ്പെടുന്ന ആളാണ്‌ ഞാന്‍. ഒരു മിനുറ്റ് വെറുതെ ഇരിക്കാന്‍ ഇഷ്ടമല്ല. എപ്പോഴും എന്തെങ്കിലും ചെയ്തോണ്ടിരിക്കണം. കൂടെ കൂടെ യാത്രകള്‍ പോകാനിഷ്ടം. വേറെ യാതൊന്നും ചെയ്യാനില്ലെങ്കില്‍ നടക്കാനോ, നീന്താനോ, ചുമ്മാ ഷോപ്പുകള്‍ കയറിയിറങ്ങാനോ, അല്ലെങ്കില്‍ എന്തെങ്കിലും ചിത്രം വരയ്ക്കാനോ, വായിക്കാനോ ഇരിക്കുന്ന ഞാന്‍ ഇതാ രണ്ടു മൂന്നു ദിവസമായി ഓഫീസില്‍ നിന്ന് വന്ന ഉടനെ ഏകദേശം രണ്ട് മണിക്കൂര്‍ ഉറങ്ങുന്നു. പിന്നെ എഴുന്നേറ്റ് എന്തെങ്കിലും കഴിച്ച് വീണ്ടും ഉറങ്ങുന്നു. ഒക്കെ പോരാത്തതിനു വണ്ടി ഓടിക്കുമ്പോ ഉറക്കം വരുന്നെന്ന പരാതിയും...

അങ്ങനെ ഈ ഉറക്കം വരലിനോടും ഉറങ്ങുന്നതിനോടും ഞാന്‍ അവയ്ക്ക് കീഴടങ്ങിക്കൊണ്ട് മെല്ലെ മെല്ലെ പൊരുത്തപ്പെടാന്‍ ശ്രമിച്ചു തുടങ്ങി. പക്ഷെ മാനസികമായി വിഷമമാണ്‌. കാരണം ഈ നേരം ഇന്നതു ചെയ്യണമെന്ന് മനസ്സില്‍ ആലോചിക്കുമെങ്കിലും വില്ലനായി ഉറക്കം വരുമന്നേരം.. മനസ്സെത്തുന്നിടത്ത് ദേഹം എത്തുന്നില്ല.

ഇനി അടുത്ത പ്രശ്നം - ഗ്യാസ്.
രാവിലെ ഭക്ഷണം കഴിച്ച് ഓഫീസ്സില്‍ പോയാല്‍ കുറച്ച് നേരം കഴിയുമ്പോ വയറിനൊക്കെ "ഒരു എന്തോ പോലെ".. പിന്നെ വായിലൂടെ 'ഗൃ ഗൃ' എന്നു പറഞ്ഞ് ഗ്യാസും. അതും ഉറക്കത്തില്‍ പോലും ഇടുന്ന ഉടുപ്പിന്റെ ഭംഗി ശ്രദ്ധിയ്ക്കുന്ന ഒരു ഫാഷന്‍ റീട്ടെയില്‍ ഓഫീസിലെ ജാടകളില്‍ ജാടകളായ ഒരു സംഘം സഹ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇരുന്നുകൊണ്ടാണ്‌ ഈ "ഗൃ" "ഗൃ"... ഈ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിച്ച് ഞാന്‍ കൂലങ്കഷമായി ആലോചിച്ചു "ഇതെന്താ ഇങ്ങനെ ????"

പിന്നെ ക്ഷീണം.. 
ഉച്ചയ്ക്ക് ഫുഡ് കോര്‍ട്ട് വരെ പോയി തിരിച്ച് ഓഫീസിലേക്ക് വരുമ്പോള്‍ സഹപ്രവര്‍ത്തകയെ ഒരിക്കല്‍ പോലും ലിഫ്ട് എടുക്കാന്‍ സമ്മതിക്കാതെ സ്റ്റെപ്പുകള്‍ കയറ്റുന്ന ഞാന്‍ 'ഇന്നു ലിഫ്ട് എടുത്താലോ'എന്ന് അന്വേഷിച്ച് തുടങ്ങി. കാരണം ക്ഷീണം. ശാരീരിക ആരോഗ്യത്തിനു പടവുകള്‍ കയറുന്നതാണ്‌ നല്ലത് എന്ന് വിശ്വസിക്കുന്ന ഞാന്‍ ആ വിശ്വാസവും താഴെ വെച്ച് കീഴടങ്ങി. 

എന്നും കഴിയ്ക്കാറുള്ള ആപ്പില്‍ എന്ന ഫ്രൂട്ട് കണ്ടാല്‍ വല്ലാത്ത ദേഷ്യം. പണ്ടെപ്പളോ എന്നെ ദ്രോഹിച്ച പോലെയൊരു തോന്നല്‍...!!! അതിനെ നോക്കി കണ്ണുരുട്ടുമ്പൊ ഒരു സമാധാനം...!

എന്താ പറ്റിയത് ?
ഒരു 20 ദിവസം കൂടി കഴിഞ്ഞാല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ ട്രെക്കിങ്ങും റിവെര്‍ റാഫ്ടിങ്ങും ചെയ്യേണ്ട് ആളാണ്.  10 ദിവസത്തെ യാത്രയാണ്‌ പ്ലാന്‍ ചെയ്തിരിക്കുന്നത്.. 

പിന്നെ ഛര്‍ദ്ദി - ഇതെനിക്ക് പണ്ടു തൊട്ടെ പ്രശ്നമല്ല. വീട്ടില്‍ വെയ്ക്കുന്നതോ അല്ലെങ്കില്‍ അത്രയ്ക്കും നല്ല എണ്ണ ഉപയോഗിക്കുന്നതോ ആയ എണ്ണ പലഹാരം, അല്ലെങ്കില്‍ എണ്ണ ഉപയോഗിച്ചുള്ള കറി എന്നിവ മാത്രമേ എനിക്ക് പിടിയ്ക്കുള്ളൂ.. അല്ലാത്തവ  കഴിച്ചാല്‍ ഞാന്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അത് പുറത്തേക്ക് തള്ളും. എത്ര ആക്രാന്തത്തോടെ ആസ്വദിച്ച് കഴിച്ചതാണെങ്കിലും കുടലു പോലും പുറത്തിയ്ക്ക് ഇട്ടെന്നപോലെ വാളുവെച്ച് ഞാന്‍ അതൊക്കെ ഔട്ട് ആക്കും. എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ കൂളായി നടക്കും. 
അതോണ്ട് ഇത് ഞാനൊരു ഉപദ്രവമായി ഒരിക്കലും കരുതിയില്ല..

എന്നാലോ രാവിലെ ഇപ്പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ല. രാവിലെ പഴയ പോലെ തന്നെ. ഉണര്‍വ്വോടും ഉഷാറോടും കൂടി നടക്കും. ഉച്ചയ്ക്കു ശേഷം പഞ്ചറായ ടയറു പോലെയും. 

കുറച്ച് ദിവസങ്ങള്‍ ഇങ്ങനെ കടന്ന് പോയി. അങ്ങനെയാണ് നമ്മള്‍ മനസ്സിലാക്കിയത് - ഇത് വലിയൊരു മാറ്റങ്ങള്‍ക്ക് വേണ്ടി എന്റെ ശരീരം തയ്യാറെടുപ്പ് നടത്തുകയാണെന്ന്‌. അതെ - ഇതാണ്‌ കേട്ടു പരിചയിച്ച ഗര്‍ഫം എന്ന ഗര്‍ഭം. 

അങ്ങനെ നമ്മള്‍ ഒഫീഷ്യലായി അത് സ്ഥിരീകരിച്ചു. ആദ്യ 3 മാസത്തേക്ക് വണ്ടി ഓടിക്കാന്‍ വിലക്കു വന്നതായിരുന്നു ആദ്യത്തെ ഇടിത്തീ. പിന്നെ കുനിയരുത്.. പടവുകള്‍ കയറരുത്.. ചാടരുത്.. നീന്തരുത്... ജിം പോകരുത്.. യാത്ര ചെയ്യരുത്.. ഇടക്കിടെ ചെറുതായി ഭക്ഷണം കഴിച്ചോണ്ടിരിക്കണം, വെള്ളം കുറെ കുടിക്കണം.  'വേണം' എന്ന വാക്കിനേക്കാള്‍ ഡോക്ടറുടെ അടുത്ത് നിന്ന് കേട്ടത് 'അരുത്' എന്ന വാക്കായിരുന്നു.

പിന്നെ വീട്ടുകാരെ അറിയിച്ചപ്പൊ എല്ലാര്‍ക്കും സന്തോഷമായെങ്കിലും കൂടെ ഞെട്ടല്‍, അത്‌ഭുതം, സഹതാപം എന്നീ വികാരങ്ങള്‍ മാറി മാറി വന്നു - പിന്നെയുള്ള ഉപദേശങ്ങള്‍ ഇങ്ങനെയായിരുന്നു - 'ഇനി കുട്ടിക്കളി പറ്റില്ല', 'ചാടലും ഓടലും കുറയ്ക്കണം', 'പഴയപോലെ സര്‍ക്കസും കസര്‍ത്തും പറ്റില്ലാട്ടോ ശ്രദ്ധിയ്ക്കണം'... അങ്ങനെ അങ്ങനെ... 

ഈ വാര്‍ത്ത ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൌതുകമായിരുന്നു. അതിലേറെ അത്ഭുതകരവും. 

ഒരു കണക്കിനു പറഞ്ഞാല്‍ നമ്മടെ മലയാളം സിനിമകള്‍ ശരിക്കും വമ്പന്‍ പാരയാണ്‌ എന്നോട് പണിഞ്ഞിരിക്കുന്നത്.. അതില്‍ "കല്യാണം കഴിക്കുന്നു. ഭാര്യ ഗര്‍ഭിണിയാകുന്നു. ഒരു തവണ ഛര്‍ദ്ദിക്കുന്നു. പിന്നെ എല്ലാം വളരെ എളുപ്പം. മുഖത്ത് സന്തോഷം മാത്രം. അവസാനം പ്രസവിയ്ക്കാന്‍ നേരം 'അയ്യോ അമ്മേ.. ആ ആ....' എന്നൊക്കെ പറഞ്ഞു നിലവിളിയും. പിന്നെ വീണ്ടും ചിരി.. എല്ലാ വേദനയും തീര്‍ന്ന പോലെ.."

പക്ഷെ യഥാര്‍ത്ഥ ഗര്‍ഭം ഇങ്ങനെയല്ല. സംഭവം ടോപ് സംഭവം തന്നെയാണ്. ലോകത്തില്‍ എത്രയോ പേര്‍ ഗര്‍ഭിണികളാകുന്നു എന്നു ചിലര്‍ പറയും. അതെ.. ഇത് കാലാ കാലങ്ങളായി എല്ലാരും അനുഭവിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും കാശുള്ള സ്ത്രീ മുതല്‍ ദിനരാത്രങ്ങളില്ലാതെ കല്ലും മണ്ണൂം ചുമന്ന് പണി ചെയ്യുന്ന സ്ത്രീ വരെ .. എന്നു പറഞ്ഞ് അത് എളുപ്പമുള്ള കാര്യമല്ല എന്ന് മനസ്സിലായത് ഇപ്പോഴാണ്. നമ്മള്‍ പലപ്പോഴും എല്ലാരും ചെയ്യുന്ന കാര്യത്തെ നിസ്സാരവത്ക്കരിച്ചു കാണാറുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ഓരോരുത്തര്‍ക്കും ആ കാലഘട്ടം ഓരോ പോലെയാണ്. എനിക്ക് - ഇത് ഒരു ഒന്നൊന്നര കാലഘട്ടം തന്നെയാണ്.  അല്ലേലും മനസ്സും ശരീരോം ഓരോ പോലെയല്ലേ ഓരോരുത്തര്‍ക്കും.. 

ഞാനും ഭര്‍ത്താവും അത്ഭുതത്തോടെ അത് മനസ്സിലാക്കാന്‍ തുടങ്ങി. വലുതായി ദേഷ്യം വരാത്ത, കരയാത്ത, സങ്കടപ്പെട്ടിരിക്കാത്ത ഞാന്‍ ഇടയ്ക്ക് ചെറിയ കാര്യങ്ങള്‍ക്ക് വിഷമിക്കുന്നു ദേഷ്യപ്പെടുന്നു, ചിലപ്പൊ കരയുന്നു... അതും ഏങ്ങിയേങ്ങി... അന്നേരം യാതൊരുവിധത്തിലും എന്നെ സമാധാനിക്കാന്‍ അങ്ങോര്‍ക്ക് പറ്റില്ല. പിറ്റേന്ന് ഇതാലോചിക്കുമ്പോ നമ്മള്‍ രണ്ടു പേരും ചിരിയ്ക്കും .. എനിക്കാകെ ചമ്മലും. 
പിന്നെ നമ്മള്‍ ഇതെല്ലാം പുതിയ പലതരം ഹോര്‍മോണുകളുടെ വികൃതികളാണെന്ന് മനസ്സിലാക്കി. 

പിന്നെയോ... 
വയറു വലുതാകുന്നതിന്റെ ഭാഗമായി അതിന്റെ വികസിക്കാനുള്ള ശ്രമവും അവിടത്തെ തൊലിയിലെ വേദനയും ചൊറിയും... ദൈവമേ !!!!! എണ്ണയും ക്രീമും തേച്ച് വയ്യാണ്ടായി.... എന്നു മാത്രമല്ല നാലു പേരുടെ മുന്നില്‍ നില്‍ക്കുമ്പോ വയര്‍ ചൊറിയാനുള്ള ഒരു നിയന്ത്രിക്കാനാകാത്ത തോന്നലും.. 

അടുത്തത് എന്നെ വളരെ ബുദ്ധിമുട്ടിയ്ക്കുന്ന ഇപ്പോഴും ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമാണ്. ഈ കുഞ്ഞന്‌ വളരാന്‍ എന്റെ ഗര്‍ഭപാത്രം തയ്യാറെടുക്കുകയാണ്‌.. വലുതാകേണ്ടതുമുണ്ട്.. പക്ഷെ അത് എന്റെ യൂറിന്‍ ബ്ലാഡറെയും കുടലിനെയും അടിച്ചമര്‍ത്തിയാണ്‌ ആ തയ്യാറെടുപ്പ് നടത്തുന്നതും വലുതാകുന്നതും. കുടലിനെ അടിച്ചമര്‍ത്തിയതുകൊണ്ട് ഒരല്‍പം ഭക്ഷണം മാത്രമേ ഒരുനേരം കഴിക്കാന്‍ പറ്റുള്ളു. അതും മെല്ലെ മെല്ലെ.. അല്ലാത്തവ ഡൈജസ്റ്റ് ചെയ്യാന്‍ സംവിധാനമില്ല. പക്ഷെ കുറച്ച് കഴിഞ്ഞാല്‍ വിശക്കും. അപ്പൊ വീണ്ടും ഇതു പോലെ കുറച്ച് കഴിച്ചേ തീരൂ. ഇല്ലെങ്കില്‍ സുഹൃത്തായ ഗ്യാസെത്തും. പിന്നെ ചോറ്, ബിരിയാണി, തുടങ്ങിയ അരി ഭക്ഷണം കഴിക്കാനേ ആകുന്നില്ല. അത് എത്ര മെല്ലെ കഴിച്ചാലും എത്ര കുറച്ചുമാത്രം കഴിച്ചാലും ഒരു 5 മണിക്കൂര്‍ കഴിഞ്ഞാല്‍ അതിഗംഭീരമായി വാളു വെയ്ക്കും. എന്നിട്ടോ ? ഉറങ്ങാന്‍ പോലും സമ്മതിക്കാതെ വില്ലന്‍ ഗ്യാസെത്തും. ഞാന്‍ ഉറങ്ങിയില്ല എന്നാല്‍ ഭര്‍ത്താവിനും ഉറങ്ങാനാകില്ല.. പിന്നെ അര്‍ദ്ധരാത്രിയ്ക്ക് എണീറ്റ് ഫ്ലാറ്റിന്റെ വരാന്തയിലൂടെ തലങ്ങും വിലങ്ങും നടന്ന് ഈ ഗ്യാസിനോട് യുദ്ധം ചെയ്യും.. ആകെ മൊത്തം കലുഷിതമായ അവസ്ഥയായിരിക്കും വീട്ടില്‍.. അല്ലെങ്കിലേ ഗ്യാസ് എനിക്കിപ്പൊ ഒരു പ്രശ്നമാണ്‌ - അത് അരി കഴിച്ചാല്‍ അക്രമകാരിയാകുന്നുമുണ്ട്.. അതോണ്ട് അരി നിര്‍ത്തി. ബിരിയാണിയോടുള്ള കൊതിയൊക്കെ പിന്നീടത്തെ അവസ്ഥ ആലോചിക്കുമ്പൊ തന്നെ തിരിഞ്ഞോടും.  ഞാന്‍ ഇപ്പൊ മറക്കാതെ കഴിക്കുന്ന ഒരു സാധനം ധന്വന്തരം ഗുളികയാണ്. ജയ് ധന്വന്തരം !!

മുന്നെ പറഞ്ഞതു പോലെ ഈ വളര്‍ന്നോണ്ടിരിക്കുന്ന ഗര്‍ഭപാത്രം അടുത്തതായി പണി കൊടുത്തത് എന്റെ യൂറിന്‍ ബ്ലാഡര്‍ക്കാണ്‌ (മൂത്ര സഞ്ചിയ്ക്ക്). വളരാനുള്ള സ്ഥലം അയല്‍ക്കാരനെ ഞെരുക്കിയാണ്‌ ഗര്‍ഭപാത്രം ഉണ്ടാക്കുന്നത്. അതു കൊണ്ടെന്തായി ? ഇടക്കിടെ മൂത്ര ശങ്ക... ഒരു തവണ പോയി തിരിച്ച് വന്നു ആ ക്ഷീണം മാറ്റി ഇരിയ്ക്കുമ്പോ വീണ്ടും ശങ്ക. 

മിക്കവാറും ഞാന്‍ ഞാനല്ലാതെയായ പോലെ... നമ്മള്‍ നമ്മളായി ഇരിക്കാന്‍ പറ്റാതെയായി.. നമ്മുടെ ജീവിത രീതികളും മാറി... പഴയ പോലെ എനര്‍ജിയില്ല. വിചാരിക്കുന്ന പോലെ ഒന്നും ചെയ്യാനാകുന്നില്ല. 

പക്ഷെ മാനസികമായി ഈ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ നമ്മള്‍ക്ക് കുറച്ച് വിഷമമുണ്ടായി.. 'അരുതു' എന്ന വാക്ക് കൂടുതല്‍ കേട്ടു തുടങ്ങി.. ഛര്‍ദ്ദി, ഗ്യാസ്‌, ക്ഷീണം, മൂത്ര ശങ്ക, വയറു വേദന, ഇരിന്നോടത്തുനിന്ന് എണീക്കാന്‍ ഒരു ചെറിയ വിഷമം, ചില ഭക്ഷണങ്ങളോട് ഇഷ്ടമില്ലായ്മ, എന്നിവ തുടര്‍ന്നു കൊണ്ടിരിക്കുന്നു. 

3 മാസം കഴിഞ്ഞപ്പൊ വണ്ടി ഓടിക്കാന്‍ തുടങ്ങി. പക്ഷെ പുതിയ പ്രശ്നങ്ങള്‍ വന്നു തുടങ്ങി.  

ഒരു ദിവസം രാവിലെ ബെഡ്ഡില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ നോക്കുമ്പൊ കാല്‍ പൊന്തുന്നില്ല. ഈ കാല്‍ വെച്ച് എത്ര മലകള്‍ കയറിയിരിക്കുന്നു.. ! എത്രയെത്ര മാരത്തോണുകള്‍ ഓടിയിരിക്കുന്നു..! എത്ര കിലോമീറ്ററുകള്‍ നടന്നിരിക്കുന്നു..! ആ കാലുകള്‍ക്ക് ഇപ്പൊ നിലത്തൂന്നാന്‍ പറ്റുന്നില്ല. തലേന്ന് രാത്രി 10-20 കിലോമീറ്ററുകള്‍ ഓടിയ പോലെ. പിന്നെ ഭര്‍ത്താവ് വന്ന് എന്തൊക്കെയോ മരുന്ന് പുരട്ടി തിരുമ്മി തന്ന് അതിനെ നിലത്തൂന്നാകുന്ന പരുവത്തിലാക്കി..  എന്നിട്ട് നമ്മള്‍ അന്യോന്യം നോക്കി - 'ഇതൊക്കെ ഉണ്ടാകുമായിരിക്കുമല്ലേ ?' എന്ന ഭാവത്തില്‍.  പിന്നെ കുറെ ചിരിച്ചു. ഇനിയുമുണ്ടോ ആവോ ഇതുപോലത്തെ വിചിത്രമായ ആചാരങ്ങള്‍...?

മറ്റൊരു ദിവസം പ്രശ്നക്കാരന്‍ തലവേദനയായിരുന്നു. ഓര്‍മ വെച്ച് കാലം തൊട്ടു തലവേദന എന്ന സംഭവം അടുത്ത് കൂടെ പോയിട്ടില്ല.. പക്ഷെ അന്ന് തലയില്‍ ആരോ വലിയ ഭാരം വെച്ച പോലെ. നെറ്റിയൊക്കെ പോളിയണ പോലെ.

അതുവരെ എന്റെ ഭര്‍ത്താവും ഞാനും വിചാരിച്ചിരുന്നത് സ്ത്രീയായാലും പുരുഷനായാലും ഒക്കെ ഒരു പോലെ തന്നെ. ഒരേ പ്രശ്നങ്ങള്‍.. ഒരേ ആവശ്യങ്ങള്‍.. പക്ഷെ ഒരു 4 മാസം ഗര്‍ഭകാലം കഴിഞ്ഞപ്പൊ ലോകത്തിലെ സകലമാന സ്ത്രീകളെയും നമ്മള്‍ രണ്ട് പേരും  നമിച്ചു പോയി... 

ഇപ്പൊ 6 മാസം കഴിഞ്ഞപ്പൊ നമ്മള്‍ക്ക് ആകസ്മിതകളെയും പുതിയ പുതിയ അനുഭവങ്ങളെയും വരവേല്‍ക്കുന്നത് ശീലമായി മാറി. ഇടത്തോട്ടോ വലത്തോട്ടോ മാത്രം തിരിഞ്ഞു കിടക്കുക, എന്തെങ്കിലും നിലത്തു വീണാല്‍ കുനിയാതെ മുട്ടു മടക്കി ഇരുന്നു അതെടുക്കുക, ആരു പെട്ടന്നു വിളിച്ചാലും സ്വന്തം സമയം എടുത്ത് മെല്ലെ മാത്രം എഴുന്നേല്‍ക്കുക, മെല്ലെ നടക്കുക, ഓഫീസിലാണെങ്കിലും അധിക നേരം ഇരിക്കാതെ ഇടക്കിടെ എഴുന്നേറ്റ് ഒന്നു ചെറുതായെങ്കിലും നടക്കുക, ഇരിക്കുമ്പോ കാല്‍ ഉയര്‍ത്തി വെക്കുക തുടങ്ങി കുറെ കാര്യങ്ങള്‍.. 

ഇതെല്ലാം നമ്മടെ പഴയ ദിനചര്യകളില്‍ നിന്നും സ്വഭാവത്തില്‍ നിന്നുമൊക്കെ വ്യത്യസ്തമാണെങ്കിലും മൂന്നാം മാസത്തിലും ആറാം മാസത്തിലും എടുത്ത അള്‍ട്ര സൌണ്ട് സ്കാനിങ്ങില്‍ കുട്ടി ഇളകുന്നതും കളിക്കുന്നതും കൈ വെച്ചിരിക്കുന്നതുമൊക്കെ കണ്ടത് ഓര്‍ത്താല്‍ "ഓ.. സാരല്ല്യാ... ഇനി കുറച്ചു മാസങ്ങള്‍ കൂടി സഹിച്ചാല്‍ മതീലോ" എന്ന് തോന്നിപോകുന്നതുകൊണ്ടും പിന്നെ സാഹചര്യങ്ങള്‍ നമ്മളെ രണ്ടു പേരെയും മികച്ച പോരാളികള്‍ ആക്കിയതു കൊണ്ടും കുഴപ്പമില്ലാതെ പോകുന്നു. ഉറക്കമില്ലാത്ത രാത്രികളും തല തൊട്ട് പാദം വരെയുള്ള ഭാഗങ്ങളിലെ പലവിധ വേദനകളും ഭാവ വ്യത്യാസങ്ങളും മാനസികവും ശാരീരികവുമായ വിഷമങ്ങളും തുടര്‍ന്നും നല്ല സ്പോര്‍ട്ട്മാന്‍ സ്പിരിറ്റില്‍ ഏറ്റെടുക്കാന്‍ കഴിയട്ടെ എന്നു സ്വയം ആശംസിച്ചുകൊണ്ട് ഒരു "ഗൃ" ശബ്ദത്തോടെ തല്‍ക്കാലം നിര്‍ത്തുന്നു. 

സമര്‍പ്പണം : ഗര്‍ഭിണികളായ എല്ലാ സ്ത്രീകള്‍ക്കും അവരെ സ്നേഹപൂര്‍വ്വം മനസ്സിലാക്കുന്ന എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും ... 

(പൊതുവെ ഗര്‍ഭകാലത്ത് കുട്ടിയെ വരവേല്‍ക്കുന്ന സന്തോഷത്തെക്കുറിച്ചും  ആവേശത്തെക്കുറിച്ചും പിന്നെ ആ സമയത്തെ വ്യായാമങ്ങളെക്കുറിച്ചും അതുമല്ലെങ്കില്‍ പ്രസവത്തിനുശേഷമുള്ള മാതൃത്വത്തെക്കുറിച്ചും മാത്രമേ കൂടുതല്‍ എഴുതികണ്ടിട്ടുള്ളു.. ഇവിടെ ഗര്‍ഭകാലത്തെ ഞങ്ങളുടെ തോന്നലുകളും അനുഭവങ്ങളും വിവരിക്കാമെന്നു തോന്നി - അങ്ങനെ എഴുതി. )