23 Jul 2014

'വിശ്വാസ കേരളം'

ആരാ പറഞ്ഞേ കേരളത്തില്‍ മത സൌഹാര്‍ദ്ദമില്ലെന്നു...? അന്ധവിശ്വാസത്തിന്റെ കാര്യത്തിലും എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും എല്ലാ തട്ടിപ്പിനും "എന്നെ നിങ്ങടെ ഇരയാക്കൂ" എന്നും പറഞ്ഞു തല വെച്ചു കൊടുക്കുന്നതിലും നമ്മള്‍ മലയാളികള്‍ ഐക്യത്തോടെ ജാതിമതഭേദമില്ലാതെ വര്‍ത്തിക്കുന്നു...

ഇപ്പൊ കരുനാഗപ്പിള്ളിയില്‍ ജിന്നൊഴിപ്പിക്കലിനിടയില്‍ സിറാജുദ്ദീന്‍ എന്ന ആളുടെ ചവിട്ടേറ്റ് മരിച്ച ഹസീനയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.മലയാളിയുടെ ഈ 'വിശ്വാസ'വും അമിതമായ ആഗ്രഹങ്ങളും ചുളുവില്‍ ദൈവത്തിന്റെ പ്രീതിയൊപ്പിക്കാനുള്ള തൃഷ്ണയും എത്ര മനോഹരമായി ചൂഷണം ചെയ്യപ്പെടുന്നെന്നോ..

മന്ത്രവാദ സേവ നടത്താനറിയുമെന്നു പറഞ്ഞു യന്ത്രവും മന്ത്രവും കൊടുക്കുന്ന മന്ത്രവാദികള്‍, വായുവില്‍ നിന്ന് ശിവലിംഗവും മറ്റും കൊടുക്കുന്ന തട്ടിപ്പ് വീരന്മാര്‍, പിന്നെ ധ്യാനത്തിനിടയില്‍ ഹല്ലേലൂയ്യ പാടി വിശ്വാസിയുടെ ദേഹത്തിലെ 983 ബാധകളെ (നമ്പര്‍ correct ആയി ഓര്‍മയില്ല.. അങ്ങനെയൊരു 'കിറുകൃത്യ' നമ്പറാണ്‌ പറഞ്ഞത്) ഒഴിപ്പിച്ച വികാരിയച്ചന്‍.... അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍ നേരിട്ടും അല്ലാതെയും കണ്ടിരിക്കുന്നു...

റിപ്പോര്‍ട്ടര്‍ ചാനലില്‍ 'കാണാത്ത കേരളം' എന്നൊരു പരിപാടിയുണ്ട്. ചാനല്‍ പ്രവര്‍ത്തകര്‍ ഇല്ലാക്കഥകളും ഇല്ലാപ്രശ്നങ്ങളും ഉണ്ടാക്കി ഈ വക 'മഹാന്മാരെ' തിരഞ്ഞ് കണ്ടുപിടിച്ച് അവരുടെ അടുത്ത് സഹായം തേടുന്നതിനൊപ്പം തന്നെ അത് ഒളി ക്യാമറ വെച്ച് ഷൂട്ട് ചെയ്തു കാണിക്കുന്ന ഒരു പരിപാടിയാണ്‌ അത്.

വിശുദ്ധന്മാരെയും മന്ത്രവാദികളെയും സ്വയം ദൈവമെന്നു വിശ്വസിക്കുന്നവരെയും തേടുന്നതിനിടയില്‍ ചിലപ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ ആത്മീയതിയിലൂന്നി ജീവിക്കുന്ന നല്ലവരായ ചിലരുടെ അടുത്തും എത്തുന്നുണ്ട്. അവരെ അതേ നന്മയോട് കൂടി തന്നെ നമ്മളിലേക്കെത്തിക്കുകയും ഇവര്‍ ചെയ്യുന്നുണ്ട്. ( ഭാവിയില്‍ ഇവര്‍ വലിയ തട്ടിപ്പ് പ്രസ്ഥാനങ്ങളാകുമോ എന്തോ.. )

കൊല്ലത്ത് സ്വയം അന്ത്യപ്രവചകനായും വി. യൂദാസ്ലീഹയെ ഇടക്കിടെ കാണാറുണ്ടെന്നും പറയുന്ന, കല്‍ക്കി അവതാരം എന്നു സ്വയം പറയുന്ന അച്ചന്‍ പട്ടം ലഭിച്ചിട്ടുണ്ടെന്നു ചുമ്മാ അവകാശവാദം ഉന്നയിക്കുന്ന ജോര്‍ജ്ജുകുട്ടി എന്നൊരദ്ദേഹം... 300 കോടിയുടെ ജെറുസലേം ദേവാലയം എന്നു വിളിക്കുന്ന ഒരു പള്ളി ഉണ്ടാക്കി തുടങ്ങിയ ഇദ്ദേഹം ഒരു Illusion World-ല്‍ ആണ്. അയാളുടെ സംസാരം കേള്‍ക്കുമ്പൊ തന്നെ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സംഗതി മനസ്സിലാകും. പിന്നെ ...
റിപ്പോര്‍ട്ടേഴ്സ് കാണാതെ പോയെന്നു പറഞ്ഞ ഇല്ലാത്ത ലാപ്ടോപും പാസ്പോര്‍ട്ടും കട്ടെടുത്ത് കൊണ്ട്പോയത് ആരാണെന്നു ഭാവനയോട് കൂടി 'മഷിനോട്ടത്തിലൂടെ' കണ്ടെത്തി പറയുന്ന ഒരില്ലത്തെ നമ്പൂതിരിയുടെ ശിങ്കിടി സ്ത്രീ... മുസ്ലിം പള്ളിയും അമ്പലവും ചേര്‍ന്ന് സൌഹാര്‍ദ്ദത്തോടേ നടത്തുന്ന ഭ്രാന്തിനുള്ള മന്ത്രവാദ ചികിത്സ...


മലയപ്പൂപ്പന്‍മാരുടെ ഉപദേശങ്ങള്‍ ഒരു ശംഖിലൂടെ കേട്ട് തന്റടുക്കല്‍ വരുന്ന വിശ്വാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കൂടോത്രം വരെ ചെയ്യുന്ന മഹാന്‍ - അയാള്‍ ഈ വിശ്വാസി ചമഞ്ഞ റിപ്പോര്‍ട്ടറുടെ ഏട്ടനെ കൊല്ലാന്‍ വരെ തയ്യാറാകുന്നുണ്ട്... ! അതു പോലെ ഇരുപതിനായിരത്തോളം ബാധകള്‍ ഒഴിച്ചിട്ടുള്ള യുവതിയായ താര എന്ന ആള്‍ദൈവം ..

'ചികിത്സ'യ്ക്കൊപ്പം മന്ത്രവും ചെയ്യുന്ന, കാര്യങ്ങള്‍ ഗണിച്ച് മനസ്സിലാക്കാന്‍ പറ്റുന്ന കണ്ണൂരുകാരന്‍ റഹീമുസ്താദ്... ദൈവിക ശക്തികള്‍ ഉണ്ടെന്നു പറയുന്ന, അനേകം വിശ്വാസികള്‍ ഉള്ള, അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ടെന്നു അവകാശപ്പെടുന്ന ബുദ്ധിയുള്ളവരെ ചിരിപ്പിക്കുന്ന ദൈവത്തെ കണ്ടിട്ടുള്ള മേരി വര്‍ഗീസ് എന്ന ചെമ്പകപ്പാറ അമ്മച്ചി... (അമ്മച്ചിയേ ശരണം ..! ) അങ്ങനെ അങ്ങനെ എത്രയെത്ര ആള്‍ക്കാര്‍... (ഇതിലെ ചിലരെ മാത്രമേ എനിക്കിപ്പൊ ഓര്‍മയുള്ളൂ) ..

പിന്നെ നമ്മുടെ ഉമ്മന്‍ചാണ്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ടെ പേരു പറഞ്ഞ, വലിയ ആളുകള്‍ തന്റടുത്ത് മാരകക്രിയകള്‍ക്ക് വരുന്നുണ്ടെന്ന് പറഞ്ഞ ഒരു നുണയന്‍ തട്ടിപ്പ് വീരന്‍... തൃശ്ശൂര്‍ ജില്ലയിലെ ചെറുതും വലുതുമായ ചാത്തന്‍ മഠങ്ങള്‍... റിപ്പോര്‍ട്ടറുടെ ഇല്ലാത്ത ബിസിനസ്സിന്റെ അഭിവൃദ്ധിക്ക് തടസ്സമുണ്ടാക്കുന്ന കാരണങ്ങള്‍ കണ്ടെത്തി പരിഹാരം പറഞ്ഞിരിക്കുന്നു ചാത്തന്മാര്‍... പിന്നെ അതിലും വലുതാ ഈയടുത്ത് കണ്ടത് - മിമിക്രിയും മറ്റു വശമുള്ള, വേണമെങ്കില്‍ ഭദ്രകാളിയെ വരെ കൊല്ലാന്‍ തയ്യാറായ ജിന്നൊഴിപ്പിക്കല്‍ വീരന്‍ അഹ്‌മദ് ഹാജി... (അങ്ങോരു പുലിയാണ്‌ ട്ടോ... എന്ത് മനോഹരമായാ വിശ്വാസികളെ പറ്റിക്കുന്നത്!)

ഇതിലെയൊക്കെ തമാശ എന്താന്നറിയ്യോ - ഇവരെ കാണാന്‍ വരുന്നതില്‍ എല്ലാ മതവിഭാഗക്കാരുമുണ്ട്. അതും ഈ റിപ്പോര്‍ട്ടേഴ്സിന്റെ കള്ള കഥകള്‍ക്കുള്ള പരിഹാരം കേട്ടു മടങ്ങുമ്പോ ഇതേ തട്ടിപ്പ് വീരനെ കാണാന്‍ Queue-ഇല്‍ വിശ്വാസികളായ ആളുകള്‍ കേറാനായി നില്‍ക്കുന്നുണ്ടാകും...

മന:ശ്ശാന്തി തേടി വിശ്വാസികള്‍ ചെയ്യുന്ന പ്രാര്‍ത്ഥനകളും ആചാരങ്ങളും നമ്മള്‍ കാണുന്നുണ്ട്.. അതിന്റെ പേരില്‍ പള്ളി അമ്പലം എന്നിവ സന്ദര്‍ശിക്കുന്നവരെ നമുക്ക് മനസ്സിലാക്കാം... ആത്മീയ പ്രഭാഷണങ്ങള്‍ നടത്തുന്ന ആത്മീയ ഗുരുക്കളെ കണ്ടെത്തുന്നവരും ഉണ്ട്. അത് ആരെയും ബുദ്ധിമുട്ടിക്കുന്നില്ല. പക്ഷെ ഇത്തരം വിശ്വാസങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. അത് നിങ്ങളെ അടിമയാക്കരുത്.. ആരുടെയും ചൂഷണത്തിനിരയാകാനും സമ്മതിക്കരുത്..

ദൈവത്തോട് കാര്യങ്ങള്‍ പറയാന്‍ തന്ത്രിയോ പ്രവാചകനോ വിശുദ്ധനോ ആവശ്യമുണ്ടോ ? ആ... !

(ഇത്രേം പറഞ്ഞതല്ലേ - ഇനി എന്റെ മേല്‍ വല്ല ബാധ കൂടീട്ടുണ്ടങ്കിലോ... ഞാനും പോകട്ടെ ഒരു ബാധയൊഴിപ്പിക്കല്‍ കേന്ദ്രത്തിലേക്ക്... നായിന്റെ വാല്‍ പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും എത്ര MBA വരെ പഠിച്ചാലും വളഞ്ഞെ ഇരിക്കൂ...)

6 comments:

Mukesh M said...

"വിശ്വാസം....അതല്ലേ എല്ലാം... "
എന്തൊക്കെ സംഭവിച്ചാലും, ചിലര്‍ക്ക് ഇങ്ങനെ ചില തട്ടിപ്പ് വീരന്‍മാരുടെ അടുത്ത് പോയി തലവെച്ച് കൊടുക്കാതെ സമാധാനമാകില്ല.. !!


Jhonmelvin said...

This will go on, as long as there the public looks for it.

പട്ടേപ്പാടം റാംജി said...

മനുഷ്യന്റെ അവസാനിക്കാത്ത തൃപ്തി അന്വേഷിച്ചുള്ള ഓട്ടം അവനെ എവിടെ കൊണ്ടെത്തിക്കുന്നു എന്ന് അവനു തന്നെ മനസ്സിലാക്കാന്‍ കഴിയാതായിരിക്കുന്നു.

ajith said...

ഒരു സിദ്ധനായാലോന്ന് അലോചനയുണ്ട്. നല്ല മാര്‍ക്കറ്റാ ഇപ്പോള്‍!!

ബിലാത്തിപട്ടണം Muralee Mukundan said...

ദൈവത്തോട് കാര്യങ്ങള്‍
പറയാന്‍ തന്ത്രിയോ പ്രവാചകനോ
വിശുദ്ധനോ ആവശ്യമുണ്ടോ ?
ഉണ്ടല്ലോ ...ഇവർ തന്നെയാണല്ലോ ഇടനിലക്കാരായി നിൽക്കുന്ന ബ്രോക്കർന്മാർ...!

Bipin said...

അന്യനെ പറ്റിയ്ക്കാൻ, അവനൊരു "ശത്രു സംഹാരം" കൊടുക്കാൻ, നമുക്ക് ശരീരം അനങ്ങാതെ പത്തു കാശ് കണ്ണടച്ച് തുറക്കുന്നതിനു മുൻപ് ഉണ്ടാക്കാൻ, വലം പിരി ശംഖോ, ഉറുക്കോ,കുരിശോ എന്തും വാങ്ങുകയും അതിനു സിദ്ധൻമാരുടെ അടുത്ത് പോകാനും നമ്മൾ തയ്യാർ. ഇവിടെ ജാതിയും മതവും ഇല്ല. ഇവിടെ ഒന്നേ ഉള്ളൂ. ആർത്തി.പണം ഉണ്ടാക്കാനുള്ള ആർത്തി . അതൊന്നു മാത്രം.

ഞാൻ നോക്കിയപ്പോൾ പെണ്‍കൊടിയ്ക്ക് ചില ദോഷങ്ങൾ കാണുന്നു. അത് പരിഹരിക്കണം. വലിയ ചിലവൊന്നുമാകില്ല. ഒരു പൂജ, ഒരു മന്ത്രം പിന്നെ ഒരു ഏലസ്സും. ചവിട്ടി കൊല്ലുമെന്ന് പേടിക്കേണ്ട. ഒരു പതിനായിരത്തി ഒന്ന് രൂപ അയച്ചു തരുക. എല്ലാം ശുഭം ആകും.