31 Jan 2013

ഒരു സിനിമയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

'സദാനന്ദന്റെ സമയം' എന്ന ചിത്രം 'രാഹുകാലം, രാശി നോക്കി ഇറങ്ങല്‍ ' എന്ന കാര്യങ്ങളെ വളരെയധികം കളിയാക്കി വിമര്‍ശിച്ചു. 
എന്നാല്‍ ഇന്നും നമ്മളില്‍ പലരും രാശി നോക്കുന്നു, രാഹുകാലം നോക്കുന്നു.. 
ഒരു വിശ്വാസവും തകര്‍ന്നില്ല എന്നു മാത്രമല്ല അന്ധവിശ്വാസങ്ങള്‍ തകൃതിയില്‍ നടക്കുന്നുമുണ്ട്.

നിര്‍മാല്യത്തില്‍ ദേവീ വിഗ്രഹത്തിനുമേല്‍ നടന്‍ നീട്ടിതുപ്പി. ഇന്നും നമ്മളില്‍ പലരും ദേവീവിഗ്രഹള്‍ക്കുമേല്‍ പുഷ്പാര്‍ച്ചന നടത്തുന്നു. 
വിശ്വാസം മുന്നോട്ട് തന്നെ.

"പൈതൃകം" എന്ന സിനിമ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള അടിയാണ്‌ കാണിച്ചത്. അതില്‍ പരിപൂര്‍ണ്ണ അവിശ്വാസിയായി അഭിനയിച്ച സുരേഷ് ഗോപി പോലും അവസാനം 'യാഗം ചെയ്ത് മഴ പെയ്യുന്നത് കണ്ട്' വാ പൊളിച്ചു നിന്നു പോയി.
എന്നാല്‍ ഇന്നും സനല്‍ ഇടമറുകിനെപോലുള്ളവര്‍ അവിശ്വാസികളായി തുടരുന്നു. അവരുടെ വിശ്വാസമൊന്നും നഷ്ടപ്പെട്ടില്ല.. തകര്‍ന്നില്ല..

ഏറ്റവും അടുത്തായി ഇറങ്ങിയ "റോമന്‍സ്" എന്ന മലയാള സിനിമ കൃസ്ത്യന്‍ പാതിരിമാരെ കളിയാക്കി എന്നു കാണിച്ച് പരാതി വരെ പോയി. എന്നാല്‍ സിനിമ ഇപ്പോഴും ഓടുന്നു. ആരും തിയേറ്ററുകള്‍ക്കുമേല്‍ പെട്രോള്‍ ബോംബ് എറിഞ്ഞില്ല.. 
ഇപ്പോഴും കൃസ്ത്യന്‍ പാതിരിമാര്‍ കുറുബാന നടത്തുന്നു.
ആരുടെയും വിശ്വാസം തകര്‍ന്നില്ല. 

എന്തിനേറെ? "Da Vinci Code" എന്ന സിനിമയും പുസ്തകവും ചരിത്രത്തെ തന്നെ ചോദ്യം ചെയ്തതായിരുന്നു. 
"ഓ.. അതെന്നാ കഥയല്ലെ.. പോരാത്തതിനു ഇപ്പൊ സിനിമയും... ഇതിലേന്നാ അടി കൂടാന്‍ " എന്നും പറഞ്ഞു പള്ളിയില്‍ പോയി മാതാവിന്റടുക്കല്‍ പ്രാര്‍ത്ഥിച്ചവരുണ്ട് നമ്മുടെ നാട്ടില്‍ .അവരുടെ വിശ്വാസവും തകര്‍ന്നില്ല..

"വിശ്വരൂപം" താലിബാനെയും മറ്റും കാണിച്ചപ്പോ ചില വിശ്വാസങ്ങളെ പരിക്കേല്‍പ്പിച്ചെന്നു ചിലര്‍ക്കു പരാതി. അങ്ങനെ പരാതിപ്പെടാത്തവരുടെയല്ലെ യഥാര്‍ത്ഥ വിശ്വാസം? ചുമ്മാ തകര്‍ന്നടിയുന്ന വിശ്വാസം സത്യവിശ്വാസം ആണോ? 

അതോ ഇത് ജയലളിതയും കരുണാനിധിയും തമ്മിലുള്ള അടി "വിശ്വാസം " എന്ന വാക്കില്‍ ചാര്‍ത്തി പുരോഗമിക്കയാണോ?
എന്തൊക്കെയായാലും യഥാര്‍ത്ഥത്തില്‍ അടി കിട്ടിയിരിക്കുന്നത് സിനിമയ്ക്കും കമലഹാസനും അദ്ദേഹത്തിന്റെ സിനിമയെ സ്നേഹിക്കുന്നവര്‍ക്കുമാണ്‌ . 

അതുകൊണ്ട്  ഒരു സിനിമ എടുക്കുന്നതിനു മുന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട് എന്നു തോന്നുന്നു. അതില്‍ മുഖ്യമായ ചിലതിവിടെ ചേര്‍ക്കുന്നു.

1. ആദ്യം തന്നെ തിരക്കഥ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ശിങ്കിടി (അവരെയാണേറ്റവും പേടിക്കേണ്ടത്), പ്രതിപക്ഷം, മത മേലധികാരികള്‍ (മൊല്ലാക്ക, പാതിരി, സ്വാമി) എന്നിവരെ കാണിച്ച് "ഈ സിനിമ തുടരാം" എന്ന സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങണം.

2. ചിത്രീകരണത്തില്‍ നായകന്‍ , നായിക, വില്ലന്‍ എന്നുള്ളവര്‍ക്കു ഒരു മതത്തിന്റെ വക്താക്കളുടെയും പേരു പാടില്ല.. പ്രത്യേകിച്ച് വില്ലനു കൃഷ്ണന്‍ കുട്ടി, അബ്ദുള്ളക്കുട്ടി, തോമസ്‌കുട്ടി എന്നൊക്കെയുള്ള പേരുകള്‍ പാടുള്ളതല്ല.

3. എല്ലാ സിനിമയിലും ഗീത, ബൈബിള്‍ , ഖുറാന്‍ എന്നീ ഗ്രന്‍ഥങ്ങള്‍ അലമാറയില്‍ ചില്ലിട്ട് സൂക്ഷിച്ചുവെച്ചിരിക്കുന്ന നായകനെ കാണിക്കണം. (പുറത്ത് കൈ പിടിച്ച് നടക്കുന്ന ഈ 3 വിശ്വാസികള്‍ ഉണ്ടോ ഇല്ലയോ... അതൊന്നും പ്രശ്നമല്ല... എന്റെ ഭാരതം ഒരു മതേതര രാജ്യമാണ്‌. അപ്പൊ സിനിമയും അങ്ങനെ തന്നെ...

4. പറ്റുമെങ്കില്‍ ആ ഗ്രന്‍ഥങ്ങളിലോരോന്നിലേയും ഒരു വാക്യമെങ്കിലും പറഞ്ഞു ആ ഗ്രന്‍ഥങ്ങള്‍ വന്‍ സംഭവമാണെന്നു നായകനെക്കൊണ്ട് പറയിക്കണം. പിന്നെ, ആ ഗ്രന്‍ഥങ്ങളിലെ ന്യൂനതകള്‍ (ഉണ്ട് എന്നത് പകല്‍ പോലെ സത്യം. പക്ഷെ...) ഒരിക്കലും പറയാന്‍ പാടില്ല. കാരണം അതു വിശ്വാസികള്‍ക്കെതിരെയാണ്. 

5. തിരക്കഥ കണ്ടതുകൊണ്ടു മാത്രം സിനിമ പ്രദര്‍ശിപ്പിക്കാമെന്നു വിചാരിക്കരുത്. മൂര്‍ത്തിയേക്കാളും വലിയ ശാന്തിമാരുള്ള (കടപ്പാട്‌ : ആറാം തമ്പുരാന്‍ ) കാലമായതുകൊണ്ട് തിയേറ്റര്‍ ഉടമകള്‍ , ഫാന്‍സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്ക് സിനിമ ഒരു തവണ പ്രദര്‍ശിപ്പിച്ചു കൊടുത്ത് അനുമതി വാങ്ങണം. പിന്നെ, കോടതി, വക്കീലന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി ഇറങ്ങുന്നതിനു മുന്പെ ഒരു പ്രദര്‍ശനം നടത്തണം. 

6. സംവിധായകന്റെ സ്വപ്നം, നിര്‍മാതാവിന്റെ വീട്ടിലെ ജപ്തി ഭീഷണി, ആവിഷ്കാര സ്വാതന്ത്ര്യം, നല്ല സിനിമ, എന്നീ വാക്കുകള്‍ സിനിമാപ്രവര്‍ത്തകര്‍ ഉപയോഗിക്കരുത്.

7. എല്ലാത്തിലുമുപരി കൈക്കോട്ടും പിടിച്ച് ആരാന്റെ വീട്ടില്‍ കിളയ്ക്കാന്‍ പോകുന്നത് മുന്നില്‍ കണ്ടുകൊണ്ടുവേണം ഏതൊരു സിനിമാ'സ്നേഹിയും' പടം പിടിക്കാന്‍ ഇറങ്ങുന്നത്.

സിനിമ, പുസ്തകം, ചിത്രം വരയ്ക്കല്‍ , കാര്‍ട്ടൂണ്‍ എന്നിവയും വിശ്വാസവും തമ്മില്‍ വലിയ ഒരു ബന്ധമുണ്ടോ?
എന്തായാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടിവിടെ ചേര്‍ത്തു. അത്രമാത്രം.

ഇനി വിശ്വരൂപത്തെക്കുറിച്ച്. 

സിനിമയെ 'ഇസ്ലാം വിരുദ്ധം' എന്നു പറയുന്നവര്‍ക്കു അറിയില്ല ഇതില്‍ എന്തുണ്ടെന്ന്. ഖുറാനെ അധിക്ഷെപിച്ചെന്നു പറയുന്നവരില്‍ മിക്കവരും ആ രംഗം കണ്ടിട്ടില്ല - ഖുറാന്‍ വായിച്ചിട്ടില്ല.  സിനിമയെ അനുകൂലിക്കുന്നവര്‍ക്കോ ? അവര്‍ക്കുമറിയില്ല ഇതിലെന്താണെന്ന്.
ഇനി ഇത്രയും എഴുതിയ എനിക്കോ?
ഒട്ടു അറിയില്ല ഈ സിനിമയില്‍ എന്തുണ്ടെന്നു... ഇവിടെ റിലീസിനുപോലും എത്തിയില്ല സിനിമ.

ആകെ അറിയുന്നതിത്രമാത്രം:
കുറെ അന്ധന്മാര്‍ പെട്രോള്‍ ബോംബുമായി വരുന്നു തിയേറ്ററുകള്‍ തല്ലി തകര്‍ക്കുന്നു...
മറ്റു കുറേ അന്ധന്മാര്‍ കുന്തവും പിടിച്ച് തിയേറ്ററുകള്‍ക്ക് കാവലിരിക്കുന്നു..

ചില ബുദ്ധിരാക്ഷസര്‍ പരസ്പരം പക പോക്കാന്‍ ഈ സിനിമയെ ഉപയോഗിക്കുന്നു..
നഷ്ടം ഈ സിനിമയ്ക്കു വേണ്ടി അഹോരാത്രം പണിയെടുത്തവര്‍ക്കും ഇതിലേക്ക് പൈസ ഇറക്കിയവര്‍ക്കും.

മതേതരത്വം കീ ജയ്...

7 comments:

വിനുവേട്ടന്‍ said...

ഇതൊക്കെ മുന്നിൽ കണ്ടു കൊണ്ടാണ് വയലാർ പണ്ടെഴുതിയത്...

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്ക് വച്ചു... മനസ്സ് പങ്ക് വച്ചു...

വിവേകമില്ലാതെ വെറും വിശ്വാസങ്ങളുടെ പേരിൽ തല്ലിച്ചാവുന്ന ഭൂരിപക്ഷമാണല്ലോ ഈ ലോകത്ത് വസിക്കുന്നത്...

Anonymous said...

ഒരു കാലത്ത് മനുഷ്യന്റെ പ്രശ്നം വിശപ്പായിരുന്നു. അതു മാറ്റുകയായിരുന്നു അവന്റെ ആത്യന്തിക ലക്‌ഷ്യം. അന്ന് അവന് മതത്തെ പറ്റി ചിന്തിക്കാന്‍ സമയമില്ലായിരുന്നു. ജീവിത സാഹചര്യങ്ങള്‍ മാറിയപ്പോള്‍ അവന്റെ ചിന്താ ശേഷി വികലമായി. അവന്‍ ഇന്നലകളെ മറന്നു. ഇന്നില്‍, അവന്‍ നായരും ഈഴവനും മുസ്ലിമും ക്രിസ്ത്യാനിയും, ദളിതനും ആയി യുദ്ധം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്നു. അതിനു പിന്തുണയുമായി രാഷ്ട്രീയ നേതൃത്വങ്ങളും. പറയി പെറ്റ പന്തിരുകുലത്തിന്റെ അവസാനം അടുത്തിരിക്കുന്നു. ഒരു പുതിയ മാനവന്റെ ഉയിര്‍പ്പിന് കാത്തു നില്‍ക്കാതെ.... @ Manoj

ajith said...

കാളെ പെറ്റു
കയറെടുത്തു

ഇപ്പോ എല്ലാം പറഞ്ഞ് തീര്‍ത്തെന്നും കേള്‍ക്കുന്നു

ഡോ. പി. മാലങ്കോട് said...

നല്ല ലേഖനം. ഇവിടെ വിശ്വാസികളോ അവിശ്വാസികളോ എന്നല്ല പ്രശ്നം. ദൈവത്തിനു നിരക്കാത്ത/മനസ്സാക്ഷിക്കു നിരക്കാത്ത എന്തെങ്കിലും പറഞ്ഞു, കാണിച്ചു, മറ്റുള്ളവരുടെ മുമ്പില്‍ 'ആള്‍' ആകാനുള്ള പ്രവണത സാക്ഷര കേരളത്തില്‍, ''ദൈവത്തിന്റെ സ്വന്തം നാട്ടില്‍'' സുലഭം. നാടിനെയും, മലയാളിയെയും തള്ളി പറയുകയല്ല - തോന്നിപ്പോകുന്നു, പറഞ്ഞുപോകുന്നു....

Mahesh Ananthakrishnan said...

കലഹാസന്‍ ചിത്രങ്ങള്‍ക്ക് വിവാദങ്ങള്‍ ആണ് ഫസ്റ്റ് പ്രോമോ..... ഇത്തവണ അത് കൈവിട്ടുപോയി....
സിനിമ കണ്ടാല്‍ മനസിലാകും... സത്യാവസ്ഥ ..... ഒരു ഇന്ത്യന്‍ ഫിലിംമേകര്‍ നല്ല നിലവാരത്തിലുള്ള ഒരു സിനിമ എടുകുമ്പോള്‍ ..... ആ ചിത്രം കാണാതെ വിമര്‍ശിക്കുന്ന മണ്ടന്മാര്‍ ആണ് ഇവിടെ ഉള്ളത്..... സിനിമയെ സിനിമ ആയി കാണണം.... അത്രേയുള്ളൂ.. വിശ്വാസവും അന്ധവിശ്വാസവും സ്വീകരിക്കാമെങ്കില്‍ ഉള്‍ക്കൊള്ളുക/// അല്ലെങ്കില്‍ തിരസ്കരിക്കുക/// അല്ലാതെതിയേറ്ററിന് ബോംബ്‌ ഇടാന്‍ പോകരുത്.... :P

nalina kumari said...

തിന്നു മദിച്ചു നടക്കുമ്പോൾ എല്ലിന്റെ എടേൽ കുത്ത്വ എന്നൊരു ചൊല്ലുണ്ട് ഞങ്ങടെ നാട്ടിൽ . ഇപ്പൊ വേറെ ഒന്നുമില്ല പറഞ്ഞു ആളാകാൻ അത് കൊണ്ട് ഒരു വിവാദം ഉണ്ടാക്കി നാലാളുടെ കൂട്ടത്തിൽ ശ്രദ്ധേയൻ ആകണം അത്രയേ ഉള്ളു .
പണ്ട് വിവേകാനണ്ടാൻ പറഞ്ഞ പോലെ കേരളം ഇപ്പോളാണ് കൂടുതൽ ഭ്രാന്താലയമായത് എന്ന് തോന്നുന്നു .

ബിലാത്തിപട്ടണം Muralee Mukundan said...

ഇതോണ്ടാ ഞാനൊക്കെ സിനിമ എടുക്കാത്തെ..