31 Jan 2013

ഒരു സിനിമയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

'സദാനന്ദന്റെ സമയം' എന്ന ചിത്രം 'രാഹുകാലം, രാശി നോക്കി ഇറങ്ങല്‍ ' എന്ന കാര്യങ്ങളെ വളരെയധികം കളിയാക്കി വിമര്‍ശിച്ചു. 
എന്നാല്‍ ഇന്നും നമ്മളില്‍ പലരും രാശി നോക്കുന്നു, രാഹുകാലം നോക്കുന്നു.. 
ഒരു വിശ്വാസവും തകര്‍ന്നില്ല എന്നു മാത്രമല്ല അന്ധവിശ്വാസങ്ങള്‍ തകൃതിയില്‍ നടക്കുന്നുമുണ്ട്.

നിര്‍മാല്യത്തില്‍ ദേവീ വിഗ്രഹത്തിനുമേല്‍ നടന്‍ നീട്ടിതുപ്പി. ഇന്നും നമ്മളില്‍ പലരും ദേവീവിഗ്രഹള്‍ക്കുമേല്‍ പുഷ്പാര്‍ച്ചന നടത്തുന്നു. 
വിശ്വാസം മുന്നോട്ട് തന്നെ.

"പൈതൃകം" എന്ന സിനിമ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള അടിയാണ്‌ കാണിച്ചത്. അതില്‍ പരിപൂര്‍ണ്ണ അവിശ്വാസിയായി അഭിനയിച്ച സുരേഷ് ഗോപി പോലും അവസാനം 'യാഗം ചെയ്ത് മഴ പെയ്യുന്നത് കണ്ട്' വാ പൊളിച്ചു നിന്നു പോയി.
എന്നാല്‍ ഇന്നും സനല്‍ ഇടമറുകിനെപോലുള്ളവര്‍ അവിശ്വാസികളായി തുടരുന്നു. അവരുടെ വിശ്വാസമൊന്നും നഷ്ടപ്പെട്ടില്ല.. തകര്‍ന്നില്ല..

ഏറ്റവും അടുത്തായി ഇറങ്ങിയ "റോമന്‍സ്" എന്ന മലയാള സിനിമ കൃസ്ത്യന്‍ പാതിരിമാരെ കളിയാക്കി എന്നു കാണിച്ച് പരാതി വരെ പോയി. എന്നാല്‍ സിനിമ ഇപ്പോഴും ഓടുന്നു. ആരും തിയേറ്ററുകള്‍ക്കുമേല്‍ പെട്രോള്‍ ബോംബ് എറിഞ്ഞില്ല.. 
ഇപ്പോഴും കൃസ്ത്യന്‍ പാതിരിമാര്‍ കുറുബാന നടത്തുന്നു.
ആരുടെയും വിശ്വാസം തകര്‍ന്നില്ല. 

എന്തിനേറെ? "Da Vinci Code" എന്ന സിനിമയും പുസ്തകവും ചരിത്രത്തെ തന്നെ ചോദ്യം ചെയ്തതായിരുന്നു. 
"ഓ.. അതെന്നാ കഥയല്ലെ.. പോരാത്തതിനു ഇപ്പൊ സിനിമയും... ഇതിലേന്നാ അടി കൂടാന്‍ " എന്നും പറഞ്ഞു പള്ളിയില്‍ പോയി മാതാവിന്റടുക്കല്‍ പ്രാര്‍ത്ഥിച്ചവരുണ്ട് നമ്മുടെ നാട്ടില്‍ .അവരുടെ വിശ്വാസവും തകര്‍ന്നില്ല..

"വിശ്വരൂപം" താലിബാനെയും മറ്റും കാണിച്ചപ്പോ ചില വിശ്വാസങ്ങളെ പരിക്കേല്‍പ്പിച്ചെന്നു ചിലര്‍ക്കു പരാതി. അങ്ങനെ പരാതിപ്പെടാത്തവരുടെയല്ലെ യഥാര്‍ത്ഥ വിശ്വാസം? ചുമ്മാ തകര്‍ന്നടിയുന്ന വിശ്വാസം സത്യവിശ്വാസം ആണോ? 

അതോ ഇത് ജയലളിതയും കരുണാനിധിയും തമ്മിലുള്ള അടി "വിശ്വാസം " എന്ന വാക്കില്‍ ചാര്‍ത്തി പുരോഗമിക്കയാണോ?
എന്തൊക്കെയായാലും യഥാര്‍ത്ഥത്തില്‍ അടി കിട്ടിയിരിക്കുന്നത് സിനിമയ്ക്കും കമലഹാസനും അദ്ദേഹത്തിന്റെ സിനിമയെ സ്നേഹിക്കുന്നവര്‍ക്കുമാണ്‌ . 

അതുകൊണ്ട്  ഒരു സിനിമ എടുക്കുന്നതിനു മുന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട് എന്നു തോന്നുന്നു. അതില്‍ മുഖ്യമായ ചിലതിവിടെ ചേര്‍ക്കുന്നു.

1. ആദ്യം തന്നെ തിരക്കഥ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ശിങ്കിടി (അവരെയാണേറ്റവും പേടിക്കേണ്ടത്), പ്രതിപക്ഷം, മത മേലധികാരികള്‍ (മൊല്ലാക്ക, പാതിരി, സ്വാമി) എന്നിവരെ കാണിച്ച് "ഈ സിനിമ തുടരാം" എന്ന സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങണം.

2. ചിത്രീകരണത്തില്‍ നായകന്‍ , നായിക, വില്ലന്‍ എന്നുള്ളവര്‍ക്കു ഒരു മതത്തിന്റെ വക്താക്കളുടെയും പേരു പാടില്ല.. പ്രത്യേകിച്ച് വില്ലനു കൃഷ്ണന്‍ കുട്ടി, അബ്ദുള്ളക്കുട്ടി, തോമസ്‌കുട്ടി എന്നൊക്കെയുള്ള പേരുകള്‍ പാടുള്ളതല്ല.

3. എല്ലാ സിനിമയിലും ഗീത, ബൈബിള്‍ , ഖുറാന്‍ എന്നീ ഗ്രന്‍ഥങ്ങള്‍ അലമാറയില്‍ ചില്ലിട്ട് സൂക്ഷിച്ചുവെച്ചിരിക്കുന്ന നായകനെ കാണിക്കണം. (പുറത്ത് കൈ പിടിച്ച് നടക്കുന്ന ഈ 3 വിശ്വാസികള്‍ ഉണ്ടോ ഇല്ലയോ... അതൊന്നും പ്രശ്നമല്ല... എന്റെ ഭാരതം ഒരു മതേതര രാജ്യമാണ്‌. അപ്പൊ സിനിമയും അങ്ങനെ തന്നെ...

4. പറ്റുമെങ്കില്‍ ആ ഗ്രന്‍ഥങ്ങളിലോരോന്നിലേയും ഒരു വാക്യമെങ്കിലും പറഞ്ഞു ആ ഗ്രന്‍ഥങ്ങള്‍ വന്‍ സംഭവമാണെന്നു നായകനെക്കൊണ്ട് പറയിക്കണം. പിന്നെ, ആ ഗ്രന്‍ഥങ്ങളിലെ ന്യൂനതകള്‍ (ഉണ്ട് എന്നത് പകല്‍ പോലെ സത്യം. പക്ഷെ...) ഒരിക്കലും പറയാന്‍ പാടില്ല. കാരണം അതു വിശ്വാസികള്‍ക്കെതിരെയാണ്. 

5. തിരക്കഥ കണ്ടതുകൊണ്ടു മാത്രം സിനിമ പ്രദര്‍ശിപ്പിക്കാമെന്നു വിചാരിക്കരുത്. മൂര്‍ത്തിയേക്കാളും വലിയ ശാന്തിമാരുള്ള (കടപ്പാട്‌ : ആറാം തമ്പുരാന്‍ ) കാലമായതുകൊണ്ട് തിയേറ്റര്‍ ഉടമകള്‍ , ഫാന്‍സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്ക് സിനിമ ഒരു തവണ പ്രദര്‍ശിപ്പിച്ചു കൊടുത്ത് അനുമതി വാങ്ങണം. പിന്നെ, കോടതി, വക്കീലന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി ഇറങ്ങുന്നതിനു മുന്പെ ഒരു പ്രദര്‍ശനം നടത്തണം. 

6. സംവിധായകന്റെ സ്വപ്നം, നിര്‍മാതാവിന്റെ വീട്ടിലെ ജപ്തി ഭീഷണി, ആവിഷ്കാര സ്വാതന്ത്ര്യം, നല്ല സിനിമ, എന്നീ വാക്കുകള്‍ സിനിമാപ്രവര്‍ത്തകര്‍ ഉപയോഗിക്കരുത്.

7. എല്ലാത്തിലുമുപരി കൈക്കോട്ടും പിടിച്ച് ആരാന്റെ വീട്ടില്‍ കിളയ്ക്കാന്‍ പോകുന്നത് മുന്നില്‍ കണ്ടുകൊണ്ടുവേണം ഏതൊരു സിനിമാ'സ്നേഹിയും' പടം പിടിക്കാന്‍ ഇറങ്ങുന്നത്.

സിനിമ, പുസ്തകം, ചിത്രം വരയ്ക്കല്‍ , കാര്‍ട്ടൂണ്‍ എന്നിവയും വിശ്വാസവും തമ്മില്‍ വലിയ ഒരു ബന്ധമുണ്ടോ?
എന്തായാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടിവിടെ ചേര്‍ത്തു. അത്രമാത്രം.

ഇനി വിശ്വരൂപത്തെക്കുറിച്ച്. 

സിനിമയെ 'ഇസ്ലാം വിരുദ്ധം' എന്നു പറയുന്നവര്‍ക്കു അറിയില്ല ഇതില്‍ എന്തുണ്ടെന്ന്. ഖുറാനെ അധിക്ഷെപിച്ചെന്നു പറയുന്നവരില്‍ മിക്കവരും ആ രംഗം കണ്ടിട്ടില്ല - ഖുറാന്‍ വായിച്ചിട്ടില്ല.  സിനിമയെ അനുകൂലിക്കുന്നവര്‍ക്കോ ? അവര്‍ക്കുമറിയില്ല ഇതിലെന്താണെന്ന്.
ഇനി ഇത്രയും എഴുതിയ എനിക്കോ?
ഒട്ടു അറിയില്ല ഈ സിനിമയില്‍ എന്തുണ്ടെന്നു... ഇവിടെ റിലീസിനുപോലും എത്തിയില്ല സിനിമ.

ആകെ അറിയുന്നതിത്രമാത്രം:
കുറെ അന്ധന്മാര്‍ പെട്രോള്‍ ബോംബുമായി വരുന്നു തിയേറ്ററുകള്‍ തല്ലി തകര്‍ക്കുന്നു...
മറ്റു കുറേ അന്ധന്മാര്‍ കുന്തവും പിടിച്ച് തിയേറ്ററുകള്‍ക്ക് കാവലിരിക്കുന്നു..

ചില ബുദ്ധിരാക്ഷസര്‍ പരസ്പരം പക പോക്കാന്‍ ഈ സിനിമയെ ഉപയോഗിക്കുന്നു..
നഷ്ടം ഈ സിനിമയ്ക്കു വേണ്ടി അഹോരാത്രം പണിയെടുത്തവര്‍ക്കും ഇതിലേക്ക് പൈസ ഇറക്കിയവര്‍ക്കും.

മതേതരത്വം കീ ജയ്...

26 Jan 2013

ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര


വായിച്ചു തീര്‍ക്കുന്ന പുസ്തകത്തെ പറ്റി എനിക്കു തോന്നുന്ന എന്തെങ്കിലും കുറച്ചു കാര്യങ്ങള്‍ ഡയറിയില്‍ എഴുതുന്ന ശീലം എനിക്കു പണ്ടുണ്ടായിരുന്നു. 

"വായന മരിക്കുന്നു.. വായന മരിക്കുന്നു.." എന്നു ഞാന്‍ പലയിടത്തും വായിക്കാറുണ്ട്. ശരിയാണ്. ഇപ്പൊ പുസ്തക വായന എന്റെ പല സുഹൃത്തുക്കളിലും കുറഞ്ഞതായി കാണുന്നു. "സമയമില്ല" എന്നതാണ്‌ കാര്യം ത്രെ. ടിവിയും സിനിമയും മുഖപുസ്തകവും ഭക്ഷണവും നല്ലൊരു സമയം അപഹരിക്കുന്നുണ്ട് എന്നതു ഈ സമയമില്ലായ്മ അനുഭവപ്പെടാനുള്ള മുഖ്യ കാരണം തന്നെയാണ്‌ . പുസ്തകം വായിക്കാന്‍ എനിക്കിപ്പോഴും സമയം കിട്ടാറുണ്ടെങ്കിലും പഴയപോലെ അവയെക്കുറിച്ച് ഡയറിയില്‍ എഴുതാറില്ല. 

വീണ്ടും എഴുതിത്തുടങ്ങിയാലോ എന്നും വിചാരിച്ചു പേനയെടുത്തു. അപ്പൊ അത് ഇവിടേക്കും പകര്‍ത്താമെന്നു കരുതി. പേന കൊണ്ടുള്ള എഴുത്ത് ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് അവ ഡയറിയില്‍ നിന്നു ഇങ്ങോട്ടേക്ക് പകര്‍ത്താനുള്ള ഒരു വിഷമം മാത്രമേ ഉള്ളൂ.. 

ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര


നോവല്‍ തുടങ്ങുന്നത് അമേരിക്കന്‍ പട്ടാളക്കാരനായ സേവ്യര്‍ ഇട്ടിക്കോരയും കൊച്ചിയിലെ ഒരു മുന്തിയ ഫ്ലാറ്റില്‍ താമസിക്കുന്ന മൂന്നു യുവതികളും തമ്മിലുള്ള ഇന്റര്‍നെറ്റ് ഭാഷണത്തിലൂടെയാണ്‌ . ഇറാഖില്‍ പട്ടാളക്കാരനായി സേവനം അനുഷ്ഠിച്ചിരുന്ന സേവ്യര്‍ ഇട്ടിക്കോര അമേരിക്കന്‍ പട്ടാളത്തില്‍ ചേര്‍ന്നതു തന്നെ ചുവന്നു തുടുത്ത ഇറാഖി പെണ്‍കുട്ടികളെ കണ്ടുകൊണ്ടാണ്‌ . വളരെ വികലവും വികൃതവുമെന്ന് തോന്നുന്ന ലൈംഗിക ഇഷ്ടങ്ങളുള്ള അയാളുടെ അത്തരം ചെയ്തികളിലൊരിക്കല്‍ ഒരിറാഖി പെണ്‍കുട്ടി പെട്ട് പിടഞ്ഞുമരിക്കാനിടയായി. അതിനു ശേഷം നഷ്ടപെട്ട മാനസികാരോഗ്യം തിരിച്ചെടുക്കാനായെങ്കിലും ലൈംഗികാരോഗ്യം തിരിച്ചെടുക്കാനായില്ല. പലവിധത്തില്‍ ശ്രമിച്ചെങ്കില്‍ക്കൂടി. അയാള്‍ നരഭോജികളുടെ കൂട്ടത്തില്‍ ചേര്‍ന്നതുപോലും അതിനായിരുന്നു. അങ്ങനെ "ദി സ്കൂള്‍ " എന്നു പേരിട്ടു വിളിക്കുന്ന 'ശരീരത്തിനും മനസ്സിനും സന്തോഷം പകരാന്‍ പ്രാപ്തമായ ഒരു സ്ഥാപനത്തിന്റെ' നെടും തൂണുകളായ ആ 3 യുവതികള്‍ സേവ്യര്‍ ഇട്ടിക്കോരയെ സാഹായിക്കാന്‍ തയ്യാറാകുന്നു. 

അടുത്ത ശ്രമം കേരളത്തില്‍ നടത്താമെന്നു വിചാരിക്കാനും ഇട്ടിക്കോരക്കൊരു കാരണമുണ്ട്. തന്റെ വേരുകള്‍ കേരളത്തിലാണെന്നുള്ളതുകൊണ്ട് തന്നെ. സേവ്യര്‍ ഇട്ടിക്കോരയുടെ മുതു മുതു മുതു മുത്തശ്ശനായ കുന്നംകുളത്തുകാരനായ ഫ്രാന്‍സിസ് ഇട്ടിക്കോരയാണ്‌ ഇറ്റലിയിലെ ഫ്ലോറന്‍സില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ 'കോര കുടുംബം' സ്ഥാപിച്ചത്. ഇന്നു ലോകത്തിന്റെ പലഭാഗത്തും ഇട്ടിക്കോര കുടുംബമുണ്ട്. അദ്ദേഹത്തിന്റേതായി കിട്ടിയ പഴയ ചില രേഖകളെ പറ്റി കൂടുതലറിയാന്‍ തത്പരനായ സേവ്യര്‍ ഇട്ടിക്കോരയെ സഹായിക്കാനായി "ദി സ്കൂള്‍ " അംഗങ്ങള്‍ തയ്യാറാകുന്നു. ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു തങ്ങളുടെ സേവനം കൂടുതല്‍ ആനന്ദകരമാക്കുന്നതാണ്‌ "ദി സ്കൂളി"ന്റെ മുഖമുദ്ര തന്നെ. അതിനു തക്കതായ വേതനവും അവര്‍ ഈടാക്കും.  സമൂഹത്തില്‍ വലിയ വലിയ സ്ഥാനങ്ങളിലിരിക്കുന്ന ഒരുപാട് പേര്‍ അവരുടെ സേവനങ്ങള്‍ വാങ്ങിയിട്ടുള്ളവരാണ്‌ . വളരെ ആധുനികമായ രീതിയിലുള്ള ഉപകരണങ്ങളാണ്‌ "ദി സ്കൂളി"ല്‍ ഉള്ളത്. സേവനം തേടി വന്ന സേവ്യര്‍ ഇട്ടിക്കോരയോട് "ദി സ്കൂളി"ന്റെ പ്രിന്‍സിപ്പളായ രേഖ പറയുന്നത് ഇങ്ങനെയാണ്‌ "We teach the Art of Love Making in a different way to rejuvenate your mind and body in an exotic location in Kerala". 

ഇത്രയും ആമുഖം. ഇനി ചരിത്രവും സങ്കല്പവും കഥയും കാല്‍പനികതയും ഇഴ ചേര്‍ത്തുള്ള ആഖ്യാനമാണ്‌ . 

14, 15, 16 നൂറ്റാണ്ടില്‍ കേരളത്തില്‍ അനേകം ഗണിത ശാസ്ത്രജ്ഞരുണ്ടായിരുന്നുവെന്നത് ചരിത്രമാണ്. അവരില്‍ അറിയപ്പെടുന്ന പേരുകള്‍ അനവധിയുണ്ട്. സംഗമഗ്രാമ മാധവന്‍,  സോമയാജി, പരമേശ്വരന്‍, അച്യുത പിഷാരടി, മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി എന്നിവരുടെ ഗണിതം, ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങളെക്കുറിച്ചുള്ള കൃതികളില്‍ ഇന്നു "calculus, trigonometry, Mathematical Analysis " എന്നൊക്കെ ആധുനിക ലോകം പേരിട്ടു വിളിക്കുന്ന  Mathematical Theories and Ideas  -നെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവരുടെയൊക്കെ കാലശേഷം വളരെക്കഴിഞ്ഞാണ്‌ പാശ്ചാത്യലോകം ഇതെല്ലാം കണ്ടുപിടിക്കുന്നത്. പണ്ട് കേരളവും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവട ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തിരുന്നവര്‍ വഴി കേരളത്തില്‍ നിന്നും അറബിനാടുകളില്‍ നിന്നുമുള്ള കണ്ടുപിടുത്തങ്ങളില്‍ പലതും വിദേശരാജ്യങ്ങളില്‍ എത്തിപ്പെട്ടതാകാമെന്ന് ഈ ചരിത്രം അറിയാവുന്ന ഒരുപാട് പേര്‍ ഇപ്പോഴും വിശ്വസിക്കപ്പെടുന്നുണ്ട്. അത്തരത്തില്‍ കച്ചവടം നടത്തിയിരുന്ന വ്യക്തിയായിരുന്നു നോവലിലെ ഫ്രാന്‍സിസ് ഇട്ടിക്കോര.അദ്ദേഹത്തിനു കച്ചവടത്തിനുപുറമെ ഗണിതം, സ്ത്രീവിഷയം തുടങ്ങി പല വിഷയങ്ങളിലും  വലിയ പിടിപാടായിരുന്നു. 

1517-ഇല്‍ ഫ്ലോറന്‍സില്‍വെച്ച് മരിച്ച ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്ക് "ഹൈപേഷ്യന്‍ ഗണിത വിദ്യാലയങ്ങളു" മായി ബന്ധമുണ്ടായിരുന്നത്രെ. ഏ.ഡി.415 ഇല്‍ മരിച്ച ഹൈപേഷ്യയാണ്‌ ഈ നോവലിലെ ചരിത്രകഥാപാത്രങ്ങളില്‍ പ്രമുഖ. ഏഥന്‍സിലും അലക്സാണ്ട്രിയയിലുമായി ജീവിച്ച ലോകത്തിലെ അറിയപ്പെടുന്ന ആദ്യ ഗണിതശാസ്ത്രജ്ഞയായ ഹൈപേഷ്യയുടെ ജീവിതവും മരണവും ടി.ഡി.രാമകൃഷ്ണന്‍ എന്ന രചയിതാവു കേട്ടു കേള്‍വികളും, ചരിത്രവും, തന്റെ തന്നെ ഗവേഷണത്തിന്റെ ഫലവും ചേര്‍ത്തു ഈ നോവലില്‍ ഒരു ഉപകഥയായി ചേര്‍ത്തിട്ടുണ്ട്. ഹൈപേഷ്യയുടെ പല കണ്ടുപിടിത്തങ്ങളും കൃസ്ത്യന്‍സഭയുടെ നിലപാടുകള്‍ക്കെതിരെയായിരുന്നു എന്നതുകൊണ്ട് തന്നെ ഹൈപേഷ്യ മരിച്ച ശേഷവും അവരുടെ ആശയങ്ങള്‍ പഠിപ്പിച്ചിരുന്ന വിദ്യാലയങ്ങള്‍  -  ഹൈപേഷ്യന്‍ സ്കൂളുകള്‍ - കുറേക്കാലം രഹസ്യമായാണ്‌ പ്രവര്‍ത്തിച്ചിരുന്നത്. നോവലിലെ ഫ്രാന്‍സിസ് ഇട്ടിക്കോരയും ഇത്തരമൊരു സ്കൂളില്‍ പഠിച്ചിരുന്നു. ഹൈപേഷ്യയെ കൂടാതെ മൈക്കളാഞ്ചലോയും അദ്ദേഹത്തിന്റെ പിയേത്തായും (Pieta) ഒക്കെ ഈ നോവലില്‍ വരുന്നുണ്ട്.

രേഖ, രശ്മി, ബിന്ദു തുടങ്ങിയവര്‍ പല ബ്ലോഗിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റും ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഗണിത ബന്ധങ്ങള്‍ അറിയുന്നു. ഇനി അദ്ദേഹത്തിന്റെ കുന്നംകുളം ബന്ധം അറിയാന്‍ ഇവരെ സഹായിക്കാന്‍ കുറച്ചു കഥാപാത്രങ്ങള്‍കൂടി നോവലിലുണ്ട്.  'ദി സ്കൂള്‍ ' ഇവര്‍ക്ക് രഹസ്യമായ ഒരു 'കലാ കച്ചവടമാണ്‌'. സമൂഹത്തില്‍ മാന്യമായ ജോലികള്‍ ചെയ്യുന്നവരാണ്‌ ഈ 3 പേരും. തങ്ങളുടെ സുഹൃത്തായ സൂസന്നയെ കള്ളു കുടിപ്പിച്ചും അതുകൂടാതെ പല വഴിക്കും ഇവര്‍ കുന്നംകുളത്തുള്ള ഇട്ടിക്കോര കുടുംബത്തെക്കുറിച്ചറിയാന്‍ നടത്തുന്ന അന്വേഷണവും തുടര്‍ന്നുള്ള സംഭവങ്ങളും നോവലിനെ ഒരു "Thriller" ആക്കി മാറ്റുന്നു. കുന്നംകുളത്തുകാര്‍ക്കു അദ്ദേഹം "കോരപാപ്പാന്‍ " ആണ്‌ . 'പതിനെട്ടാം കൂറ്റുകാര്‍' എന്നറിയപ്പെടുന്ന  അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്ക് ബൈബിളിനുപുറമെ മറ്റൊരു  വേദപുസ്തകമുണ്ട്. പിന്നെ പള്ളിയുമായും സഭയുമായും ബന്ധമില്ലാത്ത ഇന്നും തുടര്‍ന്നു പോരുന്ന എനാല്‍ അതീവ രഹസ്യമായ അനേകം ആചാരങ്ങളും. ഇവര്‍ക്ക് കോരപാപ്പാന്‍ കാരണവരും ദൈവവുമൊക്കെയാണ്‌ . പ്രീതിപ്പെടുത്തിയാല്‍ സമ്പത്ത് തന്നനുഗ്രഹിക്കുന്ന ദൈവം. 

പിന്നെ നോവല്‍ നമ്മളെ കൊണ്ടു പോകുന്നത് കോരപാപ്പാന്‍ ജീവിച്ച 15-ആം നൂറ്റാണ്ടിലേക്കാണ്‌ . കൊച്ചി രാജാവും അന്നത്തെ കുന്നംകുളവും "ഇയ്യാലെ കോതയും ", കുരുമുളക് കച്ചവടവും, ഇറ്റലിയിലെ കൊട്ടാരവും, വാസ്കോഡഗാമയും, കടല്‍ യാത്രയും ഒക്കെ ടി.ഡി.രാമകൃഷ്ണന്റെ സങ്കല്‍പം, ചരിത്രം, കാല്‍പനികത എന്നീ ഇഴകളില്‍ ഭദ്രം.

പോക്കായ പോപ്പും സഭയുടെ ചീത്ത നിലപാടുകളും മടിയന്മാരായ നമ്പൂതിരിമാരും , അവരുടെ മേല്‍ക്കൊയ്മയും ഒക്കെ പരാമര്‍ശിക്കപ്പെടുന്ന നോവലില്‍ കഥാകൃത്തു പല സ്ഥാപിത ബിംബങ്ങള്‍ക്ക് മേലേയും നിശിത വിമര്‍ശനങ്ങള്‍ എറിയുന്നുണ്ട്.  

ഗണിത ശാസ്ത്രത്തെക്കുറിച്ചുള്ള ചില അദ്ധ്യായ ഭാഗങ്ങള്‍ വിരസമായി തോന്നിയെങ്കിലും കഥയിലെ നിഗൂഢതയും സസ്പെന്‍സുമെല്ലാം ഭംഗിയായി തോന്നി. ഭാഷയുടെ ഭംഗിയ്ക്കുള്ള ഉദാഹരണമായി "ഫ്രാന്‍സിസ് ഇട്ടിക്കോര"യെ പറയാനാകുമെന്നു തോന്നുന്നില്ല. പക്ഷെ ആഖ്യാനത്തില്‍ വിരസതയില്ലായിരുന്നു. വലുതായി വിമര്‍ശിക്കാനുള്ള അറിവെനിക്കില്ല എന്നതുകൊണ്ട് തന്നെ ഇതെല്ലാമെനിക്ക് തോന്നിയ കാര്യങ്ങള്‍ മാത്രമാണ്. 

ഈ നോവല്‍ വായിച്ച് തീരുമ്പോള്‍ ചരിത്രത്തിലെ അറിയാത്ത പല കാര്യങ്ങളും പുതുതായി അറിയാനാകും. അതുപോലെ ഏതാണ്‌ ചരിത്രം ഏതാണ്‌ കഥ എന്ന് വേര്‍തിരിച്ചറിയാനാകത്തത്രയും നന്നായി സംഭവങ്ങളും കഥകളുമെല്ലാം ചേര്‍ത്തു വെച്ചിട്ടുണ്ട് ടി.ഡി.രാമകൃഷ്ണന്‍ ഈ നോവലില്‍ . ഇത്രയും നന്നായി എഴുതണമെങ്കില്‍  കഥാകൃത്ത് എത്രമാത്രം ഗൃഹപാഠം ചെയ്തിട്ടുണ്ടാകുമെന്നാലോചിക്കുമ്പോള്‍ ശരിക്കും അത്ഭുതം തോന്നിപോകുന്നു - വിദേശ രാജ്യങ്ങളുടെ ഭൂമിശാസ്ത്രം, ഗണിത ശാസ്ത്രം, കത്തോലിക്കാ സഭ ചരിത്രം, കേട്ടു കേള്‍വികള്‍, ചരിത്രകാരന്മാര്‍, ഇറാഖ്-സദ്ദാം കഥകള്‍, ഗറില്ലാ യുദ്ധങ്ങള്‍ , നരഭോജികള്‍ , അങ്ങനെ എത്രയെത്ര കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു . പലപ്പോഴും ചരിത്രം പറയുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുവോ , കൂടിപ്പോയോ എന്നും തോന്നാം. വാസ്കോഡ ഗാമയാണ്‌ ആദ്യം യൂറോപ്പ് - ഇന്ത്യ കടല്‍മാര്‍ഗ്ഗം കണ്ടുപിടിച്ചതെന്ന വാദത്തെ പുന:പരിശോധനക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് എഴുത്തുകാരന്‍ . 

2009 -ഇല്‍ ഇറങ്ങിയ ഏതാണ്ട് 300 പേജുകളുള്ള ഈ നോവല്‍ ഇതിനകം തന്നെ ഒരുപാട് പ്രതികള്‍ വിറ്റഴിക്കപ്പെട്ടിരിക്കുന്നു കേരളത്തില്‍. വലിയ പ്രയാസമില്ലാതെ തന്നെ വായിച്ചു തീര്‍ക്കാം ഇതിലെ മിക്ക അദ്ധ്യായങ്ങളും. ഇതില്‍ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ഭാഷ തന്നെയാണുള്ളത് എന്നതായിരിക്കാമൊരു കാരണം. 

വായിക്കാത്തവര്‍ വായിച്ചു നോക്കുക. വായന വളരട്ടെ. 

Novel : Francis Itty cora (Malayalam, 2009)
Author: T.D. Ramakrishnan, currently working as Deputy Chief Controller in Southern Railway - Palakkad Division

You can buy the book online here - DC Books Online Store - Rs.144 (on 30 Jan, 2013)

This review on Francis Ittycora is my thoughts - May not be accepted by everyone - Varsha

3 Jan 2013

ജീവിക്കുന്ന അനേകം ജ്യോതിമാര്‍ക്ക് - ഭാഗം 2

ഈ എഴുത്തിന്റെ ഭാഗം - 1  ഇവിടെ വായിക്കാം.

ഏതൊരു വ്യക്തിയുടെയും സ്വഭാവ രൂപീകരണം നടക്കുന്നത് അവരുടെ അനുഭവങ്ങള്‍ , ചുറ്റും കാണുന്ന കാഴ്ച്ചകള്‍ എന്നിവയില്‍ നിന്നാണ്‌ . അതും പ്രധാനമായി ഇത് നടക്കുന്നത് 18 വയസ്സിനു മുമ്പെയാണെന്നു തന്നെ പറയാം . അപ്പൊ അതില്‍ വീട്ടുകാര്‍ക്കുള്ള പങ്ക് എത്രയെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. അങ്ങനെയെങ്കില്‍ ഈ കാലഘട്ടത്തില്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെ ക്കുറിച്ച് ആലോചിച്ചു നോക്കൂ്‌ . അത് ഓരോ പെണ്‍കുട്ടിയുടെയും ഭാവി ജീവിതത്തെ എത്ര മാത്രം ബാധിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളൂ.

ഇനി 18 വയസ്സു കഴിഞ്ഞാലോ..
നമ്മള്‍ ഈ ലോകത്തെ പലപ്പോഴും ഒറ്റക്കു തന്നെ നേരിടേണ്ടിയിരിക്കുന്നു....

ഇവിടെയും ഞാന്‍ കണ്ട കാഴ്ചകള്‍ സ്ത്രീ - പുരുഷ അസമത്വം കാണിക്കുന്നതായിരുന്നു.

പ്രായം: 18 - 22

അങ്ങനെ ഞാന്‍ കോയമ്പത്തൂരിലെ എഞ്ചിനീയറിംഗ് കോളേജിലെത്തി. അവിടെ സഹപാഠിയെ പോലും ചരക്കെന്നു വിളിച്ച് ചിരിക്കുന്നവരെ ഞാന്‍ കണ്ടൂ. നേരില്‍ കാണൂമ്പോള്‍ നല്ലവന്‍ .. പെണ്‍കുട്ടിയുടെ അടുത്ത് നിന്നു മാറിയാല്‍ പിന്നെ "അവള്‍ വേണമെങ്കില്‍ നിന്നു തരുംട്ടോ.. ഒന്നു ശ്രമിച്ചോടാ " എന്നൊക്കെ പറയുന്നവരെ കണ്ടു. എല്ലാവരും ഇത്തരക്കാരെന്നു ഞാന്‍ പറയുന്നില്ലെങ്കിലും കൂട്ടുകാരുടെ മുന്നില്‍ താന്‍ പോരിമ കാണിക്കാനായി പലപ്പോഴും നല്ലവരായ പെണ്‍കുട്ടികളുടെ പേരുകള്‍ വലിച്ചിഴക്കപ്പെടുന്നതു കണ്ടു. ഇവിടെ പെണ്‍കുട്ടികളുടെ ഇടയിലും ഞാന്‍ യൂദാസുമാരെ കണ്ടിരുന്നു പക്ഷെ കൂടുതല്‍ ആണുങ്ങളായിരുന്നു. സ്വയം സംഭവമാണെന്നു ധരിച്ച് തങ്ങളെ വലിയ ആളായി കണക്കാക്കാത്തവരുമായി തല്ലു കൂടുന്ന ഈഗോ വീരന്മാര്‍ . കൂക്കലായാലും കോളേജ്‌ വികൃതികള്‍ ആയാലും തങ്ങള്‍ ചെയ്താല്‍ ശരി. എന്നാല്‍ മറ്റുള്ളവര്‍ ചെയ്താല്‍ അതിലോളം വലിയ കുറ്റമില്ല എന്നു കരുതിയ വിഡ്ഢികള്‍ . പക്ഷെ ഇതൊന്നുമല്ല എന്നെ ചൊടിപ്പിച്ചത്. 

ഞങ്ങളുടെയെല്ലാം സുഹൃത്തായ ഒരു പെണ്‍കുട്ടി. രൂപ എന്നു വിളിക്കാം. അവള്‍ ആണ്‍കുട്ടികളുമായും പെണ്‍കുട്ടികളൂമായും നല്ല സൌഹൃദത്തില്‍ തന്നെ. എല്ലാവര്‍ക്കും എപ്പോഴും ഉപകാരം ചെയ്യാന്‍ തയ്യാറായി നിന്നിരുന്ന അവള്‍ നൃത്തത്തിലും ഉണ്ടായിരുന്നു. അങ്ങനെ ഒരു ആഘോഷ സമയത്ത് ദ്രുത താളത്തിലുള്ള ഒരു സിനിമാപാട്ടിനു നൃത്തം വെക്കാന്‍ അവളുള്‍പ്പടെ 7 പേര്‍ വേദിയില്‍ കയറി. ഇവര്‍ കോളേജില്‍ ഏറ്റവും നന്നായി്‌ നൃത്തം ചെയ്യുന്ന സംഘം ആയിരുന്നു. നീളമുള്ള ബ്ലൌസും പാവാടയും പിന്നെ മാറിലൂടെ ഒരു ദുപ്പട്ടയും ആയിരുന്നു വേഷം.  എന്നാല്‍ നൃത്തത്തിനിടയില്‍ ഈ കുട്ടിയുടെ ദുപ്പട്ട സ്ഥാനം തെറ്റി. ഇതാര്‍ക്കും സംഭവിക്കാം. എങ്കിലും അധികം പതറാതെ അവള്‍ ദുപ്പട്ട ശരിയാക്കിയശേഷം നൃത്തം തീര്‍ത്തു. 

എന്നാല്‍ പിറ്റേന്ന് ക്ലാസില്‍ എത്തിയപ്പോള്‍ എന്റെയും അവളുടെയും സുഹൃത്തുക്കള്‍ എന്നു കരുതിയിരുന്നവര്‍ എന്നെ നേരിട്ടത് രൂപയുടെ 'സ്ട്രക്ചറിനെ'ക്കുറിച്ച് സംസാരിച്ചായിരുന്നു. നാണമില്ലെ സുഹൃത്തിനെ കുറിച്ച് ഇങ്ങനെ പറയാന്‍ എന്നു ചോദിച്ച എന്നോട് "അതിനെന്താ അവള്‍ പെണ്ണല്ലേ" എന്നാണവര്‍ പറഞ്ഞത്. ഇപ്പോള്‍ നിങ്ങള്‍ ഡെല്ഹിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജ്യോതി എന്ന പെണ്‍ക്കുട്ടിയെക്കുറിച്ച് സങ്കടപ്പെടുന്നു. ഇവിടെ രൂപയും മറ്റൊരു ജ്യോതി തന്നെ. നിങ്ങളോ ? ആ 6 ക്രൂരന്‍മാരില്‍ നിന്നു ഒട്ടും വ്യത്യസ്തരല്ല എന്നു മനസ്സിലാക്കുക ..
നിങ്ങള്‍ക്കിന്നു പണ്ടു ചെയ്ത പ്രവൃത്തികളില്‍ ശരിക്കും ദു:ഖം തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ വീട്ടിലെങ്കിലും ആന്‍ - പെണ്‍ അസമത്വം കാണിക്കാതിരിക്കുക. പരസ്പരം ബഹുമാനത്തോടെ കുട്ടികളെ വളരാന്‍ സഹായിക്കുക. 'ആണ്‍കുട്ടികള്‍ കരയില്ല പെണ്‍കുട്ടികളല്ലേ കരയുക' എന്നതു പോലെ വളരെ നിര്‍ദോഷം എന്നു നിങ്ങള്‍ക്കു തോന്നിയേക്കാവുന്ന ഇത്തരം വാക്കുകള്‍ പറഞ്ഞു പെണ്‍കുട്ടികള്‍ കരയേണ്ടവരാണെന്നു സമര്‍ത്ഥിക്കാതിരിക്കുക. 

കമ്പ്യൂട്ടര്‍ ലാബില്‍ ഇരിക്കുമ്പോ ഭാനു എന്ന സുഹൃത്തിനോട് ചാറ്റ് വിന്‍ഡോവിലൂടെ "നിന്റെ ഒരു രാത്രിക്കു എന്തു വില വരുമെന്നു' ചോദിച്ച പ്രവീണിനെ എനിക്കറിയാം. 'നിന്റെ അനിയത്തിയും ഞാനും ഒരേ വില തന്നെയാണ്‌ നിശ്ചയിച്ചിരിക്കുന്നത്' എന്നു പറഞ്ഞപ്പോള്‍ ലാബില്‍ വലിയ ബഹളം സൃഷ്ടിച്ചതും അതേ പ്രവീണ്‍ തന്നെ. വീട്ടിലിരിക്കുന്നവരെക്കുറിച്ചാണോ കണ്ണില്‍ കണ്ടത് പറയുന്നത് എന്നു ചിലരെങ്കിലും ചോദിക്കുമായിരിക്കും . ചിലര്‍ ചിലതര്‍ഹിക്കുന്നു. 

ഇത് ഒരു സാധാരണ തമാശയായി നിങ്ങള്‍ക്ക് തോന്നിയോ? കളിയാക്കപ്പെടുന്നവന്റെ വേദന അറിയില്ല കളിയാക്കുന്നവര്‍ക്ക്. 

പ്രായം: 23 മുതല്‍  

പിന്നെ ഞാന്‍ ബാംഗ്ലൂരിലെത്തി പ്രശസ്തമായ ഐ.ടി. കമ്പനിയില്‍ ചേര്‍ന്നു. അവിടെ ഞാന്‍ മറ്റൊരു ലോകമാണ്‌ കണ്ടത്. ആണ്‍ - പെണ്‍ വ്യത്യാസമില്ല. ആദ്യമൊക്കെ കളികളില്‍ "ടീം ബില്‍ഡിംഗ്' ആക്ടിവിറ്റിയില്‍ എല്ലാം ദേഹം നോക്കി നോക്കി സംശയത്തോടെ പങ്കെടുത്തു. പിന്നെ മനസ്സിലായി ഞാന്‍ നേര്‍ത്തെ പറഞ്ഞ അവയവങ്ങള്‍ മാത്രമല്ല എന്നു കരുതുന്നവര്‍ ഒരുപാടുണ്ടിവിടെ എന്നു. എങ്കിലൂം ജെ.പി നഗറില്‍ ഞാനും ഇന്ദുവും കൂടി നടന്നു വരുമ്പോള്‍ കാറില്‍ 4 വട്ടം ഞങ്ങളുടെ അടുത്ത് വന്നു 'വരുന്നോ' എന്നു ചോദിച്ചിട്ടുണ്ട് ഒരാള്‍ . അയാളുടെ തുറിച്ചു നോക്കിയുള്ള ക്രൂരമായ ചിരി ബലാത്സംഗം പോലെ നികൃഷ്ടമായിരുന്നു. അങ്ങനെ ഒരാള്‍ മാത്രമല്ല. എത്രയെത്ര പേര്‍ .  ഇല്ലെന്നു തറപ്പിച്ചു പറഞ്ഞാല്‍ ഒട്ടു മിക്കരും മാറി തന്നിരുന്നു. മാറാതെ വീണ്ടും പുറകെ വന്നവരും ഉണ്ട്.

നിങ്ങളുടെ കൂടെ രാത്രി പങ്കിടാനായി വരുന്ന ആണും പെണ്ണും കാണുമായിരിക്കാം . പക്ഷെ  വഴിയില്‍ കാണുന്ന ആളുകള്‍ "മുട്ടി" നില്‍ക്കുന്നവരാണെന്നെങ്ങനെ നിങ്ങള്‍ കരുതുന്നു?

എനിക്ക് ബാംഗ്ലൂരില്‍ നല്ലൊരു സുഹൃത്തുണ്ടായിരുന്നു. അവന്‍ കേരളത്തില്‍ പഠിച്ചു വളര്‍ന്ന മറ്റ് മിക്ക ആണ്‍കുട്ടികളെ പോലെയും "ജീന്‍സിട്ട പെണ്ണ്‌ പിഴയാണെന്നു പറഞ്ഞു നടന്നിരുന്നു..". ഇന്നു അവനും മാറിയെന്നു ഞാനറിയുന്നു. ആ കാലത്ത് ഞാനും ഇന്ദുവും പിന്നെ "ഡാറ്റാ വെയര്‍ഹൌസിങ്ങിലെ" 18 പേരും കൂടി "ടീം ജോയ് ട്രിപിന്റെ" ഭാഗമായി കൂര്‍ഗ് യാത്രയാണ്‌ ഒരു വര്‍ഷം നടത്തിയത്. ആ 18 പേരും ആണുങ്ങളായിരുന്നെന്നു പറയട്ടെ. അതിമനോഹരമായിരുന്നു യാത്ര. തലകാവേരിയും സൂര്യാസ്തമയവുമെല്ലാം കണ്ട് "ഹോം സ്റ്റേ"യുടെ രസകരമായ നിമിഷങ്ങള്‍ ആഘോഷിക്കുകയായിരുന്നു. രാത്രി ബാംഗ്ലൂരില്‍ നിന്നു ഫോണ്‍ വിളിച്ച എന്റെ ഈ സുഹൃത്ത് പലതും പറയുന്നതിനിടയില്‍ അവരുടെ സഹമുറിയന്‍മാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഞങ്ങളുടെ യാത്രയില്‍ 2 പെണ്‍കുട്ടികള്‍ ആണെന്നറിഞ്ഞപ്പൊ ഒരു കമന്റടിച്ചതിനെക്കുറിച്ച് പറഞ്ഞു  " അവളുമാരൊക്കെ അവന്‍മാരുമായി അത് ചെയ്തിട്ടുണ്ടാകുമല്ലെ" എന്നു. എന്നിട്ടവന്‍ പറഞ്ഞു - "നീ ഇപ്പോ ഈ രാത്രിയില്‍ എന്റെ അടുത്ത് സംസാരിക്കുന്നെന്ന് എനിക്കറിയാം പക്ഷെ അവന്മാര്‍ അങ്ങനൊന്നും വിചാരിക്കില്ല.. അങ്ങനെയാടാ എല്ലാ ആണുങ്ങളും ".. എന്തൊരു സഹജീവി സ്നേഹം !!
പക്ഷെ അങ്ങനെയല്ല എല്ലാ ആണുങ്ങളും. അല്ലാത്തവരെയും അറിയാമെനിക്ക്.

ബാംഗ്ലൂരിലെ ബസ്സിലും ഓട്ടോയിലുമൊക്കെ വീണ്ടും പത്തു കണ്ണുമായി ഞാന്‍ യാത്ര ചെയ്തു. ഞരമ്പ് രോഗികള്‍ക്ക് വേഷം ഒരു പ്രശ്നമല്ലെന്നു ഞാന്‍ മനസ്സിലാക്കി. അവരുടെ കാഴ്ച്ചപ്പാടിലാണ്‌ പ്രശ്നം...  അവരുള്‍പ്പെടുന്ന നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെയും ... ചിലര്‍ പറയാറുണ്ട് പെണ്ണുങ്ങളുടെ ദേഹം ഭര്‍ത്താവു മാത്രം കാണാനുള്ളതാണെന്ന്. അതു പോലെ തന്നെ ആണുങ്ങളുടെയും എന്നു പറഞ്ഞാല്‍ മുണ്ടു മടക്കി കുത്തി അറ്റം വരെ കാണിച്ച് നടക്കുന്നവര്‍ എന്തു ചെയ്യും ? തന്റെ സുഖവും സൌകര്യവും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്‌. അതു പോലെ തന്നെ മറ്റുള്ളോരുടേയും. ജീന്‍സിട്ടതുകൊണ്ട് ആരും പിഴയാകുന്നില്ല സുഹൃത്തെ . 

പാവാട ഇടുമ്പോള്‍ കാണുന്ന കാലുകള്‍ കണ്ടൊ അല്ലെങ്കില്‍ 'കയ്യില്ലാത്ത ടോപ്' ഇടുമ്പോള്‍ കാണുന്ന കക്ഷമോ കയ്യോ കണ്ടിട്ടോ വികാരങ്ങള്‍ വരുമെന്നു പറയുന്നവരോടൊരു ചോദ്യം . നിങ്ങളുടെ വീടുകളില്‍ താമസിക്കുന്ന അമ്മയൊ പെങ്ങളോ വസ്ത്രം മാറുന്നതോ അല്ലെങ്കില്‍ അടിച്ചു വാരാന്‍ സാരി കുത്തുമ്പോള്‍ കാണുന്ന കാലുകളോ കണ്ടാല്‍ നിങ്ങള്‍ അവരെയും കേറി പിടിക്കുമോ ?ഇല്ലല്ലോ ലേ..  സ്വന്തം അമ്മയേയും പെങ്ങന്മാരേയും നിങ്ങള്‍ക്ക് അപ്പോള്‍ തിരിച്ചറിയാന്‍  കഴിയുമെന്നല്ലേ അതിനര്‍ത്ഥം?? അങ്ങനെയെങ്കില്‍ രോഗിയായ നിങ്ങള്‍ക്കും നിങ്ങളുടെ കാഴ്ച്ചപ്പാടായ രോഗത്തിനുമാണ്‌ ചികിത്സ വേണ്ടത്. അല്ലാതെ വഴിയിലൂടെ പൂര്‍ണ ആരോഗ്യത്തോടെ കടന്നു പോകുന്ന ആള്‍ക്കല്ല. . 

ട്രെക്കിങ്ങും ഫോട്ടോഗ്രാഫി പ്രേമവും എഴുത്തുമൊക്കെയായി നടന്ന എനിക്ക് കല്യാണ സമയമായി. അമ്മയുടെ ആദ്യ ഉപദേശം - 'നീ അവരോടൊന്നും കേറി "ആണും പെണ്ണും വ്യത്യാസമില്ല" എന്നു പറയരുത്.. അവരൊക്കെ പഴയ ആള്‍ക്കാരാ..' പഴയവരായലും പുതിയവരായാലും ആണും പെണ്ണും ഒരുപോലെ സമൂഹത്തിന്റെ നിലനില്‍പിനു ആവശ്യമാണ്‌ എന്നറിയാത്തവര്‍ ഉണ്ടാകുമോ?

നമ്മള്‍ ആരെയാണീ പേടിക്കുന്നതെന്നാണെനിക്ക് മനസ്സിലാകാത്തത്. എന്തിണോടൊക്കെയോ ഉള്ള പേടി. അതാണു നമ്മുടെ ജീവിതത്തെ നയിക്കുന്നത്. സ്ട്രെസ്സ്, പ്രെഷര്‍, ടെന്‍ഷന്‍ - ഇതിനൊക്കെ ഒരു പരിധി വരെ നമ്മള്‍ തന്നെയല്ലെ ഉത്തരവാദി ?

പിന്നെ ഏറ്റവും വലിയ പ്രശ്നത്തിലേക്ക് കടന്നു. ഞാന്‍ അണിയേണ്ട ആഭരണങ്ങള്‍ .രണ്ടില്‍ കൂടുതല്‍ മാല ഇടില്ലെന്നു തറപ്പിച്ചു പറഞ്ഞ എന്നെ ഉപദേശിക്കാന്‍ ചില അമ്മായി, വകയിലുള്ള വലിയമ്മ, വലിയച്ഛന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് എന്റെ തീരുമാനങ്ങളെ മാറ്റാന്‍ കഴിഞ്ഞില്ല. അതുപോലെ ഗള്‍ഫ്കാരന്റെ സമ്പാദ്യങ്ങളെ പൊങ്ങച്ചത്തോടെ കാണിക്കാന്‍ വേണ്ടി അച്ഛന്‍ എന്നെ 'ചില്ലിട്ട ഷോക്കേസ്' ആക്കാനും കൂട്ടു നിന്നില്ല. വിവാഹവേദിയില്‍ രണ്ടു മാല ഇട്ടു നിന്ന എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് "നന്നായി മോളെ" എന്നു പറഞ്ഞവര്‍ ഉണ്ട്. 3 വര്‍ഷം കഴിഞ്ഞു ഇപ്പോഴും "ഇതു പോലെ പെണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങട്ടെ" എന്നു പറയുന്നവരും ഇല്ലാതില്ല. 

സ്വര്‍ണം കുറഞ്ഞു പോയാല്‍ ചെക്കന്റെ വീട്ടുകാര്‍ എന്തു ചിന്തിക്കുമെന്നു ഭയപ്പെടുന്നോ? ജയദേവിനു ജീവിതം തുടങ്ങാന്‍ എന്റെ അച്ഛന്റെ സമ്പാദ്യങ്ങള്‍ ആവശ്യമില്ല. അതുകണ്ട് സ്വപ്നങ്ങള്‍ നെയ്യുകയുമില്ല. മറ്റൊരു വീട്ടിലെ പൈസ കിട്ടി തറവാട് മോടി പിടിപ്പിക്കണമെന്നു വിചാരിക്കുന്ന വീട്ടിലേക്ക് പോകുന്നതിലും ഭേദം കല്യാണം കഴിക്കാതിരിക്കുന്നതല്ലേ?

ഈയടുത്ത് വിദ്യാ സമ്പന്നന്നായ എന്റെ ഒരു സുഹൃത്ത് മക്കള്‍ക്കായി ഇന്‍ഷൂറന്‍സ് പോളിസി എടുത്തു. അദ്ദേഹത്തിനു രണ്ടു മക്കള്‍ ആണ്‌ - ആണും പെണ്ണും. കുറെ ആലോചിച്ച ശേഷം മകനു വിദ്യാഭ്യാസ ചിലവിനും മകള്‍ക്ക് കല്യാണ ചിലവിനുമാണ്‌ ഇന്‍ഷൂറന്‍സ് എടുത്തത്. അതും വിദ്യാഭ്യാസം ആണും പെണ്ണും ഒരു പോലെ കാണുന്ന കാലഘട്ടത്തില്‍ . എന്തുകൊണ്ട്?

ഭര്‍ത്താവ് എന്നത് സ്ത്രീധനം എന്ന പേരില്‍ പെണ്ണിന്റെ അച്ഛനുമമ്മയ്ക്കും പൈസ കൊടുത്തു വാങ്ങാന്‍ മാത്രം ഒരു പലച്ചരക്കു സാധനമല്ല എന്ന സാമാന്യ ബോധം എല്ലാ ആണുങ്ങള്‍ക്കും ഉണ്ടാകട്ടെ. താന്‍ ഒരു പലചരക്കു സാധനത്തിനു സമാനമാണെന്നു വിശ്വസിക്കുന്ന ആണുങ്ങള്‍ ഇന്നുമുണ്ടെന്നത് എത്ര നാണക്കേടാണ്‌ . 

അതു പോലെ മകളുടെ കല്യാണം നടത്തിയതിനു തീരാ കടങ്ങള്‍ കൂട്ടാവുന്ന അച്ഛനമ്മമാരെ സൃഷ്ടിക്കാതിരിക്കാന്‍ ഓരോ മകളും ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ വയസ്സുകാലം അവര്‍ക്കാഘോഷിക്കാനുള്ളതാണ്‌ . അവരുടെ ചെറുപ്രായത്തില്‍ അവര്‍ക്കനുഭവിക്കാന്‍ പറ്റാതിരുന്ന പുതിയകാലത്തെ ഈ സൌകര്യങ്ങള്‍ റിട്ടയര്‍മെന്റിനു ശേഷം യാത്രകളായോ കൂടുതല്‍ സൌകര്യങ്ങള്‍ക്കായി പൈസ ചിലവഴിച്ചോ അവര്‍ക്കു സുഖിക്കാനുള്ളതാണ്‌ . അല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിയും സ്ത്രീധനം തന്നും മിച്ചം വന്ന പൈസ കണക്കു കൂട്ടി, കടക്കാരെ പേടിച്ച് നാമജപം കഴിച്ചു ജീവിക്കാനുള്ളതല്ല.. 

'നിങ്ങള്‍ക്കു ഇഷ്ടമുള്ളത് തന്നോളൂ" എന്ന രീതിയില്‍ സംസാരിക്കുന്നവര്‍ സ്ത്രീധനം എണ്ണിപ്പറഞ്ഞു വാങ്ങുന്നവരേക്കാളും ചെറ്റകള്‍ ആണെന്നറിയുക. 

ഇങ്ങനെയെല്ലാം ചെയ്ത നിങ്ങള്‍ ഡെല്‍ഹി സംഭവത്തെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുന്നോ? അതിനുള്ള അര്‍ഹത നിങ്ങള്‍ക്കുണ്ടോ? പക്ഷെ ഈ ദു:ഖം ഭാവിയില്‍ ഒരു മാറ്റത്തിനു നിങ്ങളെ തയ്യാറാക്കുമെങ്കില്‍ പ്രവൃത്തിയില്‍ അതു കാണിക്കുക. ആ പ്രവൃത്തികള്‍ നിങ്ങളുടെ വീട്ടില്‍ നിന്നു തുടങ്ങേണ്ടതാണ്‌ .

കല്യാണ ശേഷം പാസ്‌പോര്‍ട്ട്  പുതുക്കാന്‍ പോയപ്പോള്‍ 'പേരു മാറ്റണോ' എന്നു ചോദിച്ച ഒരു ഉദ്യോഗസ്ഥനെ ഞാന്‍ ദുബായിലെ ഇന്ത്യന്‍ പാസ്പോര്‍ട്ടാഫീസ്സില്‍ കണ്ടു. 'അല്ലാ കല്യാണം കഴിഞ്ഞ സ്ഥിതിക്കു ഭര്‍ത്താവിന്റെ പേര്‍ പുറകില്‍ വരുത്തുന്നതല്ലെ നല്ലത്?' എന്നു ചോദിച്ചു. 
എന്റെ പേരിനു പുറകില്‍ അച്ഛന്റെ പേരാണുള്ളത്. നായര്‍ തറവാട്ടുകളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്  അമ്മ വീടിന്‍ പേരാണ്‌ പേരിനു പുറകില്‍ ഉണ്ടാകാറുള്ളത്. ഇതു രണ്ടിനോടും എനിക്ക് അഭിപ്രായ വ്യത്യാസമില്ല. പേരിനു പുറകില്‍ അമ്മയുടെ പേരു വെച്ചിട്ടുള്ള 3 സുഹൃത്തുക്കള്‍ എനിക്കുണ്ട്. അതും നല്ലതല്ലേ? "അതെന്താ അങ്ങനെ വെച്ചേ? അയ്യേ !!!" എന്നു പറഞ്ഞവരെയും ഞാന്‍ കണ്ടിട്ടുണ്ട്.

പക്ഷെ കല്യാണം കഴിഞ്ഞാല്‍ പിന്നെ ഞാന്‍ അറിയപ്പേടേണ്ടത് ഭര്‍ത്താവിന്റെ പേരിലാണോ? അപ്പൊ ഇതുവരെയുള്ള ഞാന്‍ ഇനി ഇല്ലേ? ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കുന്നവരുണ്ടാകും . അവരൊക്കെ എന്തു പേരു വിളിച്ചാലും തിരിഞ്ഞു നോക്കുമോ? പേരില്‍ കാര്യമുണ്ട്. എന്നെക്കുറിച്ചോ എന്റെ പ്രവൃത്തികളെ കുറിച്ചോ ആളുകള്‍ ഓര്‍ക്കുന്നത് എന്റെ പേര്‍ പറഞ്ഞു കൊണ്ടാണ്‌ . അല്ലാതെ വായില്‍ തോന്നുന്ന പേര്‍ പറഞ്ഞല്ല. ഒരേ ഒരു ഞാന്‍ തന്നെയാണ്‍ കല്യാണത്തിനും മുന്നും പിന്നും ജീവിക്കുന്നത്. ഇങ്ങനെ തോന്നാത്തവര്‍ക്ക് പേരു മാറ്റാം അതവരുടെ ഇഷ്ടം. പക്ഷെ അതാണ്‌ നല്ലതു എന്നു തോന്നുന്നവരും മേല്‍ പറഞ്ഞ അതേ അസമത്വം തന്നെയല്ലെ കാണിക്കുന്നത്?

ഇവിടെ ദുബായിലൊരു ദിവസം യൂടൂബില്‍ "ശരണ്യ ചാലിശ്ശേരി"എന്ന പേരില്‍ ഒരു വീഡിയോ കണ്ടു. ഒരു കാമുകന്‍ കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തി ഇന്റെര്‍നെറ്റില്‍ ഇട്ടിരിക്കുന്നു. അതിനു താഴെ അവളെ "വെടി" എന്നു വിളിച്ചും "എട മോനേ ഒരു ദിവസത്തേക്ക് കിട്ടുമോ" എന്നുമൊക്കെയുള്ള കമന്റുകള്‍ താഴെയുണ്ട്. ഇത്രയും കണ്ട ഞാന്‍ കേരളാ പോലീസിന്റെയും തൃശ്ശൂര്‍ സൈബര്‍ പോലീസിന്റെയും ഇമേയിലുകളിലേക്ക് ഇതു സൂചിപ്പിച്ച് കത്തയച്ചു. ഇപ്പൊ ആ വീഡിയോ കാണുന്നില്ല. പക്ഷെ തിരിച്ച് ഒരു മറുപടി എനിക്ക് ലഭിച്ചതുമില്ല. 

ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഡെല്‍ഹിയിലേ ജ്യോതിയുടെ മരണ വാര്‍ത്ത കണ്ട് എന്റെ അച്ഛന്‍ പറഞ്ഞു - മക്കളെ ആണായാലും പെണ്ണായാലും 23 വയസ്സു വരെ വളര്‍ത്തിയത് അവരുടെ ഇഷ്ടങ്ങള്‍ക്കു കൂട്ടു നിന്നത് ഇങ്ങനെ ചിലര്‍ക്കു കൊല്ലാന്നായിരുന്നോ? 
അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞതായി ഞാന്‍ കണ്ടു. 
അതെ. ആ വേദന സ്നേഹ നിധിയായ അച്ഛനും അമ്മയ്ക്കും മനസ്സിലാകും.

ഡെല്‍ഹിയില്‍ നടന്ന ഈ ക്രൂരതയുടെ വാര്‍ത്ത വിവരിച്ചുള്ള ഒരു ബ്ലോഗിലും പിന്നെ ഒരു ഓണ്‍ലൈന്‍ പത്രത്തിലും ഒരു "മാന്യ"ദേഹത്തിന്റെ കമന്റ് ഞാന്‍ വായിച്ചത് ഇപ്രകാരമായിരുന്നു : "ചില പെണ്ണൂങ്ങളെ കാണുമ്പോള്‍ തോന്നാറുണ്ട് - ഇവളെയൊന്നും ബലാല്‍സംഗം ചെയ്യാന്‍ ആരുമില്ലേ എന്ന്? "
ഈയൊരവസരത്തിലും ഇങ്ങനെ പറയാന്‍ അയാള്‍ക്കെങ്ങനെ പറ്റി? തന്നേക്കാള്‍ സമര്‍ത്ഥയായ ഒരു സ്ത്രീയെ പാഠം പഠിപ്പിക്കാനോ തന്റെ മേല്‍ക്കോയ്മ അംഗീകരിക്കാത്ത ഒരു പെണ്ണിനെ അടിച്ചമര്‍ത്താനോ ഉപയോഗിക്കേണ്ട ഒരു ഉപകരണമാണോ ബലാല്‍സംഗം? ചെറുപ്പം മുതലേ സ്ത്രീയെ തുല്യരായി ബഹുമാനിച്ച് കാണാന്‍ പഠിക്കാത്തതു തന്നെയാണ്‌ ഇത്തരത്തിലുള്ള നികൃഷ്ട ജന്തുക്കളുടെ പ്രശ്നം.

ഇത് ഒന്നോ രണ്ടോ പേരെ ബാധിക്കുന്ന കാര്യമായിരുന്നെങ്കില്‍ ഇത്തരത്തില്‍ എഴുതാന്‍ ഞാന്‍ മുതിരില്ലായിരുന്നു.. എന്നാല്‍ ഇത് ഞാനടക്കമുള്ള പെണ്‍കുട്ടികളെ .. സ്ത്രീകളെ സംബന്ധിച്ച് ദിവസവും നേരിടുന്ന ഒന്നാണ്‌. അതുകൊണ്ട് തന്നെ കേരളത്തില്‍ ജനിച്ചു വളര്‍ന്നതു മുതല്‍ ഞങ്ങള്‍ അനേകം ജ്യോതിമാര്‍ ദിവസവും ചിലരുടെ ക്രൂര തമാശകള്‍ വേദനയോടെ നേരിടുന്നു. 

നിങ്ങള്‍ നിങ്ങടെ പെണ്‍കുട്ടിക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാറുണ്ടോ? ചെറുപ്പം തൊട്ടേ അവളിലെ ആത്മവിശ്വാസം കെടുത്താന്‍ പല വിധേന ശ്രമിക്കാറുണ്ടോ? മകള്‍ ഒരു ബാധ്യതയാണെന്നു കൂടെക്കൂടെ ഓര്‍മപ്പെടുത്താറുണ്ടോ?
പാചകമെന്ന കലയോട് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും അതവളില്‍ അടിച്ചേല്‍പ്പിക്കാറുണ്ടോ ? കുടുംബങ്ങള്‍ ഒത്തു കൂടുന്ന നിമിഷത്തില്‍ പൊതുകാര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ "ഇത് നിങ്ങള്‍ക്കുള്ളതല്ല, ബുദ്ധിയുള്ളവര്‍ക്കാണ്‌ " എന്നു സ്വന്തം ഭാര്യയോട് പോലും പറഞ്ഞു കളിയാക്കാറുണ്ടോ ? ഒരു സംഘം മുന്‍വശത്തും മറ്റൊരു സംഘം അടുക്കളയിലും എന്ന ചേരി തിരിവു നടത്താറുണ്ടോ?

അങ്ങനെയുള്ള നിങ്ങള്‍ക്ക് ഈ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ എങ്ങനെ പറ്റി???

ഭാവിയില്‍ എനിക്ക് ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഉണ്ടായാല്‍ , അവരെ എങ്ങനെ വളര്‍ത്തണമെന്നെനിക്ക് ഈ സമൂഹം കാണിച്ചു തന്നു. .. സംസ്കാരവും ആര്‍ദ്രമായ മനസ്സും അവരിലുണ്ടാക്കുക. അവരില്‍ അസമത്വത്തിന്റെ ബീജങ്ങള്‍ നടാതിരിക്കുക.
ഇനിയും ഇതുപോലെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ നടന്നാല്‍ അതിനു ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹമാണ്‌ ഉത്തരവാദി എന്നറിയുക. അതുകൊണ്ട് നാളെ മറ്റൊരു ജ്യോതിയെ നരഭോജിക്കു വിട്ടുകൊടുക്കാതിരിക്കാന്‍ നമുക്കിന്നു തൊട്ടെങ്കിലും ശ്രമിക്കാം.