13 Nov 2013

എന്റെ ശ്രീലങ്കന്‍ യാത്ര - ഭാഗം:1 - സിഗിരിയ റോക്ക്

ലങ്ക എന്ന രാവണന്റെ സ്വര്‍ണ നഗരി, ആഢ്യനായ കുബേരന്റെ ധനിക സാമ്രാജ്യം, മലയാളികള്‍ ജോലി തേടി പോയിരുന്ന സിലോണ്‍ എന്ന "പഴയ ഗള്‍ഫ്", തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ട് സമ്പന്നമായ ഇന്നത്തെ ശ്രീലങ്കയിലേക്കൊരു യാത്ര.

തലസ്ഥാന നഗരിയായ കൊളമ്പോ, ബുദ്ധദേവന്റെ ദന്തം സ്ഥിതി ചെയ്യുന്ന കാന്‍ഡി എന്ന പഴയ തല സ്ഥാനം, പിന്നവാല ആന സങ്കേതം, പ്രസിദ്ധമായ സിലോണ്‍ ചായയുടെ ഉറവിടമായ നുവാര ഈലിയ,  ചരിത്രവും പഴയ സംസ്കാരവും ഉറങ്ങുന്ന സിഗിരിയ, അനുരാധപുര, ഗാല്ല എന്ന കോട്ട നഗരി, പിന്നെ മനോഹരമായ അനേകം ബീച്ചുകള്‍ എന്നിവയാണ് പ്രധാനമായും സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ .

എന്നാല്‍ ഇത്  ശ്രീലങ്കയുടെ ഒരല്‍പം സാഹസികത നിറഞ്ഞ മറ്റൊരു മുഖമാണ്. ഈ യാത്രയില്‍ ഏറ്റവു കുറവു ഇന്ത്യാക്കാരെ കണ്ടതും ഈ പ്രദേശത്തു തന്നെ. 

സിഗിരിയ റോക്ക് 

കൊളമ്പോയില്‍ നിന്നു ഏതാണ്ട് 150 കി.മി അകലെയുള്ള സിഗിരിയ എന്ന സ്ഥലത്തേക്ക്  4 മണിക്കൂര്‍ കാര്‍ യാത്ര കൊണ്ട് എത്തിച്ചേരാം. സിഗിരിയയില്‍ എത്തിയപ്പോള്‍ തന്നെ ഹോട്ടല്‍ അധികൃതര്‍ സിലോണ്‍ ചായയുമായി വരവേറ്റു. പാല്‍ ചായയല്ല. കട്ടന്‍. കൂടെ ഒരു കഷ്ണം ശര്‍ക്കരയുമുണ്ട്. പണ്ട് ഈ വിധമുള്ള ചായ കുടിക്കല്‍ നമ്മുടെ നാട്ടിലും പതിവുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഈ രീതി കാണുന്നതും ഇതു പോലെ ചായ കുടിക്കുന്നതും ആദ്യമായാണ്‌ . ഇപ്പൊ തിരിച്ചു വീടെത്തിയിട്ടും ഇതു തന്നെ തുടരുന്നു. ശര്‍ക്കര കടിച്ചു ചൂടു കട്ടന്‍ മോന്തി ഞാന്‍ ചുറ്റും നോക്കി. പ്രകൃതിയെ അധികം വേദനിപ്പിക്കാതെ ഒരു ഗ്രാമത്തിന്റെ മാതൃകയില്‍ ഉണ്ടാക്കിയതാണ്‌ ഞാന്‍ താമസിച്ച ഹോട്ടല്‍. ഒരു വശത്ത് സിഗിരിയ പാറ തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം.

ശ്രീലങ്കയിലെ സിഗിരിയ റോക്ക്.
പുരാതന പട്ടണമായ സിഗിരിയ 1982 തൊട്ട്‌ യുണെസ്കൊ (UNESCO) വിന്റെ ലോക സംസ്കാര - പൈതൃക ആസ്ഥാനങ്ങളിലൊന്നാണ്‌. സിഗിരിയ എന്നു വിളിക്കുന്ന ഈ സ്ഥലത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറയുണ്ട്. 200 മീറ്ററിലേറെ ഉയരത്തിലുള്ള ഈ പാറയ്ക്ക് ശ്രീലങ്കന്‍ ചരിത്രത്തില്‍ നല്ലൊരു സ്ഥാനമുണ്ട്. ഇവിടെ ചരിത്രം ഉണര്‍ന്നു തന്നെ ഇരിക്കുന്നു എന്നു വേണം പറയാന്‍. 

ബി.സി. 3-ആം ആണ്ടില്‍ സിഗിരിയ പാറയില്‍  സന്യാസി മഠമായിരുന്നത്രെ ഉണ്ടായിരുന്നത്. പാലി ഭാഷയിലുള്ള മഹാവംശ എന്ന ചരിത്രാഖ്യായികയില്‍ ശ്രീലങ്ക ഭരിച്ചിരുന്ന രാജാക്കന്‍മാരെ പറ്റിയും ഈ സിഗിരിയ നഗരത്തെ കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. അതിന്‍ പ്രകാരം എ.ഡി. 477 തൊട്ടു 495 വരെ കാശ്യപ രാജാവ് സിഗിരിയയില്‍ ഈ വലിയ പാറയുടെ മുകളില്‍ ഒരു കൊട്ടാരം കെട്ടി ഭരിച്ചിരുന്നു. ഈയൊരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും ശ്രിലങ്കന്‍ ചിത്രകലയുടെ ശ്രേയസ്സു വിളിച്ചോതുന നൂറ്റാണ്ടുകളോളം പല പല ഋതുക്കളെ അതിജീവിച്ച ചുമര്‍ചിത്രങ്ങളും പിന്നെ ആ കോട്ടക്കു ചുറ്റും നിര്‍മിച്ചിരിക്കുന്ന പൂന്തോട്ടവും അതിലെ ആധുനിക സാങ്കേതിക വിദ്യകളെ പോലും വെല്ലുവിളിക്കാന്‍ പര്യാപ്തമായ ജലസേചന രീതിയും  കാശ്യപ രാജാവിനെ കുറിച്ചുള്ള അനേകം കഥകളും ( കുറെയേറെ ബഡായികളും) ഇവിടത്തെ ആകര്‍ഷണങ്ങളാണ്‌. എങ്കിലും ഇവിടേക്ക് സാഹസികരായ ആളുകളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം കൂടി ഉണ്ട്. 200 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള സിഗിരിയപാറയുടെ മുകള്‍ഭാഗം വരെയുള്ള കയറ്റവും തിരിച്ചുള്ള ഇറക്കവും. 1200-ഇല്‍ പരം പടികളുണ്ടെന്നാണ്‌ പറയപ്പെടുന്നത്. ചിലര്‍ 1500 എന്നും പറയുന്നു. പടികള്‍ കയറുമ്പോള്‍ ഇത് എണ്ണി തിട്ടപ്പെടുത്തണം എന്നാഗ്രഹിച്ചിരുന്നുവെങ്കിലും ശ്രമകരമായ കയറ്റത്തില്‍ ആവുന്നത്ര ഓക്സിജന്‍ വലിച്ചുകേറ്റാന്‍ തത്രപ്പെടുന്നതിന്നിടയ്ക്ക് ഇത് എണ്ണി തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതില്‍ ചെറിയ വിഷമമുണ്ട്.

കാടുപിടിച്ചു കിടക്കുന്ന ഒരു ജല സംഭരണി
രാവിലെ 7 മണിക്കു തന്നെ ഈ കയറ്റം ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത് എന്നു സാരഥിയായ കോസല അറിയിച്ചിരുന്നു. നേരം വൈകുന്തോറും വെയിലിന്റെ കാഠിന്യമേറുകയും കയറ്റം കൂടുതല്‍ ആയാസകരമാവുകയും ചെയ്യും. എന്നാല്‍ അന്നേ ദിവസം ചെറിയ മഴക്കാറും പൊടി മഴയും ഉണ്ടായിരുന്നതിനാല്‍ വെയില്‍ തരി പോലും ഉണ്ടായിരുന്നില്ല. അനുമതി ചീട്ടു വാങ്ങി ഒരു വഴികാട്ടിയേയും കൂട്ടി നമ്മള്‍ നടന്നു.  ഈ ചരിത്രസ്മാരകത്തിന്റെ പ്രവേശന കവാടം കടന്നാല്‍ ആദ്യം കാണുന്നത് ഒരു കിടങ്ങാണ്‌. പാലം വഴി ആ കിടങ്ങു കടന്നാല്‍ പിന്നെ നീളത്തില്‍ നടപ്പാത കാണാം. ഇരുവശത്തും ഉദ്യാനങ്ങളുള്ള നടപ്പാതയുടെ അറ്റത്ത് ഉയര്‍ന്നു നില്‍ക്കുന്ന സിഗിരിയ പാറയും കാണാം. നീണ്ടു കിടക്കുന്ന നടപ്പാതയില്‍ ഇടക്കിടെ കയറ്റം ആരംഭിക്കുന്നതിന്റെ സൂചന നല്‍കിക്കൊണ്ട് പടികളുമുണ്ട് . 

ഉദ്യാന പരിപാലകന്‍
ഇരുവശത്തും ഉദ്യാനങ്ങളാണെന്നു പറഞ്ഞല്ലോ.. ആദ്യം തന്നെ ഇരു വശത്തും ദീര്‍ഘ ചതുരാകൃതിയില്‍ വെട്ടി ഉണ്ടാക്കിയ ആഴമേറിയതും അല്ലാത്തതുമായ കുളങ്ങള്‍ കാണാം. അതിലേക്ക് പടവുകളും ചിലതിനടുത്ത് വസ്ത്രം മാറ്റാന്‍ സൌകര്യമുള്ള അറകളുമുണ്ട്. ഈ ജല ഉദ്യാനങ്ങള്‍ക്ക് അനേകം പ്രത്യേകതകളുണ്ട്. അതിലൊന്നാണ്‌ ജലസേചന രീതി. പാറമുകളിലും കൊട്ടാരക്കെട്ടിലും വീഴുന്ന മഴവെള്ളം പോലും പാറയില്‍ വെട്ടിയിരിക്കുന്ന ചെറിയ വെള്ളച്ചാലുകള്‍ വഴി ഈ ഉദ്യാനങ്ങളിലേക്ക് തിരിച്ച് വിട്ടിരിക്കുന്നു. ഉദ്യാനങ്ങളിലുള്ള ഓരോ ജലസംഭരണിയും ഭൂമിക്കടിയിലൂടെ പരസ്പരം ബന്ധിച്ചിട്ടുണ്ട്.

കൂടുതല്‍ മഴയുള്ള സമയത്ത് ഒരു ഫൌണ്ടന്‍ രൂപപ്പെടുന്ന ഭംഗിയുള്ള കാഴ്ച്ച കൂടി കാണാനാകും. എങ്ങനെയെന്നല്ലേ?
നടപ്പാതയുടെ വലതു വശത്ത് വട്ടത്തിലുള്ള ഒരു കല്‍നിര്‍മിതിയുണ്ട്. അതിനകത്ത് 5 ഓട്ടകളും. കുറച്ചു മുമ്പെ പറഞ്ഞ വെള്ളച്ചാലുകളിലൂടെ വരുന്ന വെള്ളം ഈ ഓട്ടകളിലൂടെ മുകളിലേക്ക് പൊന്തി വരുന്ന സംവിധാനമാണ്‌ ഫൌണ്ടനായി രൂപപ്പെടുന്നത്. കൂടുതല്‍ മഴ ലഭിക്കുന്ന സമയത്ത് ഇതിന്റെ ഉയരവും കൂടും. ഏതാണ്ട് 1500 വര്‍ഷങ്ങള്‍ക്കു മുമ്പെയാണ്‌ ഈ വിധമുള്ള ഒരു നിര്‍മാണം നടന്നിരിക്കുന്നതെന്നോര്‍ത്ത് അന്തം വിട്ടു നിന്നപ്പോള്‍ വഴികാട്ടി എന്റെ ശ്രദ്ധ ഇടത്തു വശത്തെ ഫൌണ്ടനിലേക്കാകര്‍ഷിച്ചു. വലതു ഭാഗത്ത് 5 ഓട്ടകളെങ്കില്‍  ഇടതു ഭാഗത്തുള്ളത് വലുതായിരുന്നു. 9 ഓട്ടകള്‍. പക്ഷെ അത് ഉണങ്ങി കിടന്നിരുന്നു. അതിനു താഴെയുള്ള സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലായിരിക്കാം.

കാശ്യപ രാജാവിനു മുമ്പും പിമ്പും സന്യാസീ മഠം ആയാണ്‌ സിഗിരിയ പാറ ഉപയോഗിച്ചിരുന്നത്. ചുറ്റും വനപ്രദേശമായതുകൊണ്ട് പിന്നീട്‌ ഈ പാറയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും വനത്തിന്റെ ഭാഗമായി മാറി. ഇതിനിടയിലെപ്പോഴോ കൊട്ടാരവും നശിക്കപ്പെട്ടു. അങ്ങനെ കാട്ടിനുള്ളില്‍ ഒതുങ്ങി കൂടിയിരുന്ന ഈ പ്രദേശവും വലിയ പാറയും ബ്രിട്ടീഷ്‌ ഭരണകാലത്തെ മേജറായ ജോനാഥന്‍ ഫോര്‍ബ്‌സിന്റെ ശ്രദ്ധയിലാണ്‌ ആദ്യം പെട്ടത്. പിന്നീട്‌ പുരാവസ്തു ഗവേഷകര്‍ ഈ സ്ഥലത്തെ കുറിച്ച്‌ കൂടുതല്‍ പഠിച്ചു. ചരിത്രാഖ്യായികകളില്‍ പരമാര്‍ശിച്ചിട്ടുള്ള ഈ സ്ഥലം ശ്രീലങ്കന്‍ സര്‍ക്കാരിന്റെ "കള്‍ച്ചറല്‍ ട്രയാന്‍ഗിള്‍ പ്രൊജക്റ്റിന്റെ" ഭാഗമായി യുണെസ്കോ സഹായത്തോടേ കൂടുതല്‍ ഖനനം നടത്തി വെളിച്ചത്തേക്കു കൊണ്ടു വന്ന ശേഷം ഇവിടെക്കുള്ള സഞ്ചാരികളുടെ വരവു വര്‍ദ്ധിച്ചതായി കാണാം. 

ഇനിയും ഖനനം നടത്താന്‍ ഏറെയുണ്ടെന്നാണ്‌ വഴികാട്ടി പറഞ്ഞത്. വീണ്ടും നീണ്ടനടപ്പാതയിലൂടെ പാറയെ ലക്ഷ്യം വെച്ചു ഉദ്യാനങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങി. പടികളും ശിലകളും പച്ചപ്പും പൊയ്കകളും ഒക്കെയായി മനോഹരമായ ഉദ്യാനങ്ങളാണ്‌ ഇരു വശത്തും...

കുറച്ച് നടന്നപ്പോള്‍ ഒരു ചെറിയ ഗുഹ. അകത്തേക്ക് ഒരുപാട് സ്ഥലമൊന്നുമില്ല.. അവിടെ ഗുഹയാണെന്നു എഴുതിവെച്ചതുകൊണ്ട് മാത്രം 'ഗുഹ'യെന്നു വിളിക്കാം. അത്ര തന്നെ. ആ ഗുഹയുടെ മേല്‍ക്കൂരയില്‍ ചില ചിത്രങ്ങള്‍ മങ്ങിക്കൊണ്ട് കാണാമായിരുന്നു. സ്ത്രീ മുഖങ്ങള്‍ ആയിരുന്നു അവ. എന്തോ ഒരു വസ്തു വെച്ച് തേച്ചു മായ്ക്കാന്‍ ശ്രമിച്ചതുകൊണ്ടാണ്‌ ആ ചിത്രങ്ങള്‍ ഇന്നു അവ്യക്തമായിരിക്കുന്നതെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. കാശ്യപ രാജാവിന്റെ കാലത്ത് ഭരണ കേന്ദ്രമായ ഇവിടെ കലകള്‍ക്ക് നല്ല സ്ഥാനമുണ്ടായിരുന്നു. സിഗിരിയയിലെ ചുമര്‍ ചിത്രങ്ങളും ചുമരെഴുത്തുകളും കവിതകളും ഇതിനു സാക്ഷ്യം വഹിക്കുന്നു. എന്നാല്‍ പിന്നീട് ഇവിടെ താമസിച്ച സന്യാസിമാര്‍ക്ക് അര്‍ദ്ധനഗ്നരും സുന്ദരികളുമായ സ്ത്രീ ചിത്രങ്ങള്‍ അവരുടെ താമസ സ്ഥലത്ത് അനുയോജ്യമല്ലെന്നു തോന്നിയതുകൊണ്ടത്രെ അവയെ നശിപ്പിച്ചത്.

നടത്തം തുടരുന്നു. ഇനി ഇതുവരെയുള്ള പോലെയല്ല.. വലിയ വലിയ കയറ്റമാണ്‌. പടികള്‍ വൃത്തിയായി വെട്ടിയിട്ടുണ്ട്. ആദ്യം സന്യാസിമാര്‍ നശിപ്പിക്കാത്തതായ കുറച്ച് ചിത്രങ്ങള്‍ കാണാന്‍ മാത്രമായി കുറച്ച് ഉയരത്തിലുള്ള മറ്റൊരു ഗുഹയിലേക്ക് നടക്കണം.
ചുമര്‍ ചിത്രങ്ങളിലെ സുന്ദരികള്‍
ഈ സ്ത്രീ മുഖങ്ങളെ കുറിച്ച് പറയണമെങ്കില്‍ കാശ്യപരാജാവിനെക്കുറിച്ചും കുറിച്ചും പറയണം. അനുരാധപുര തലസ്ഥാനമായി ശ്രീലങ്ക ഭരിച്ചിരുന്ന ധതുസേന രാജാവിന്റെ യഥാര്‍ത്ഥ കിരീടാവകാശി മൊഗള്ളാന എന്ന മകന്‍ ആയിരുന്നു. എന്നാല്‍ രാജകുടുംബാംഗമല്ലാത്ത മറ്റൊരു സ്ത്രീയില്‍ ജനിച്ച കാശ്യപന്‍ ഒരവസരം കൈവന്നപ്പോള്‍ അച്ഛനെ തുറങ്കിലടച്ചു രാജ്യം സ്വന്തമാക്കി .പിന്നീട് ഒരു നിധിയുടെ പേരിലുള്ള വഴക്കില്‍ സ്വന്തം അച്ഛനെ കൊല്ലുകയും ചെയ്തു. 
തുടര്‍ന്ന് യഥാര്‍ത്ഥ കിരീടാവകാശിയായ മൊഗള്ളാന അവിടെ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. മൊഗള്ളാന തന്നോട് പ്രതികാരം ചെയ്യാന്‍ തിരിച്ചു വരുമെന്ന ഉറപ്പുണ്ടായിരുന്നതു കൊണ്ട് കാശ്യപന്‍ തന്റെ ഭരണ തലസ്ഥാനം അനുരാധപുരയില്‍ നിന്നു കുറച്ചു കൂടെ ഭദ്രമായ സിഗിരിയയിലേക്ക് മാറ്റി. ഇവിടെ സിഗിരിയ പാറയ്ക്കു മുകളില്‍ ഒരു സിംഹത്തിന്റെ രൂപത്തിലുള്ള പ്രവേശന കവാടമുള്ള കൊട്ടാരം പണിതു. ചുറ്റും കോട്ട കെട്ടി ഭരിച്ചു. സിംഹത്തിന്റെ രൂപത്തിലുള്ള പാറ കാരണമാണ്‌ ഈ സ്ഥലത്തിനു സിഗിരിയ (Lion Rock ) എന്ന പേരു വന്നതെന്നു വേണം കരുതാന്‍.
പടികള്‍ കയറി വരുന്ന സഞ്ചാരികള്‍

ഇവിടെ ചുമര്‍ചിത്രങ്ങളില്‍ 500 വ്യത്യസ്തമായ മുഖങ്ങള്‍ ഉണ്ടായിരുന്നത്രെ. വഴികാട്ടി പറഞ്ഞു തന്നതും പൊതുവെ പ്രചരിച്ചിരിക്കുന്നതുമായ ഒരു കഥ കാശ്യപനു 500 വെപ്പാട്ടികള്‍ ഉണ്ടായിരുന്നെന്നാണ്‌. ഇന്നു വിരലിലെണ്ണാവുന്നത്രയും ചിത്രങ്ങളേ അവശേഷിക്കുന്നുള്ളൂ.. ബാക്കിയുള്ളവ നശിക്കുകയോ നശിപ്പിച്ചു കളയുകയോ ചെയ്തിരിക്കുന്നു.

കാശ്യപന്റെ മരണത്തെക്കുറിച്ചും കഥകള്‍ അനവധിയുണ്ട്. 7 കൊല്ലം കൊണ്ടാണ്‌ ഈ കോട്ട പണിതതത്രെ. അതു കഴിഞ്ഞു കാശ്യപന്‍ സിഗിരിയയില്‍ ഇരുന്നു ലങ്ക ഭരിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം മൊഗള്ളാന സൈന്യസമേതം ഇന്ത്യയില്‍ നിന്നു തിരിച്ചെത്തി കാശ്യപനെ യുദ്ധത്തില്‍ തോള്‍പിച്ച് രാജ്യം തിരികെപിടിച്ചത്രെ. കാശ്യപന്‍ യുദ്ധത്തില്‍ മരണപ്പെട്ടെന്നും അതല്ല യുദ്ധത്തിലെ തോല്‍വി മണത്തപ്പോള്‍ ആത്മഹത്യ ചെയ്തെന്നും അതൊന്നുമല്ല 500 വെപ്പാട്ടികളില്‍ ഒരാള്‍ കാശ്യപനെ വിഷം കൊടുത്തു കൊന്നുവെന്നും കഥകള്‍ കേള്‍ക്കുന്നു. 

ഇനി വീണ്ടും കാശ്യപന്റെ കൊട്ടാരത്തിലെ സ്ത്രീചിത്രങ്ങളിലേക്ക്. 
തുടര്‍കയറ്റത്തിനു മുമ്പെ ക്ഷീണം മറച്ചു വെച്ചു പുഞ്ചിരിക്കാനുള്ള ശ്രമം
ഈ ചിത്രങ്ങളില്‍ അവശേഷിക്കുന്നവ കാണാന്‍ മുകളിലെ ഒരു ഗുഹയിലേക്ക് പോകണമെന്നു പറഞ്ഞല്ലോ. അതിലേക്ക് എത്തിപ്പെടാന്‍ ചുറ്റി ചുറ്റിയുള്ള പടികള്‍ ഏറണം. ഇരു വശവും ഒരു കൂട്ടിലെന്ന പോലെ തടസ്സമുള്ളതുകൊണ്ട് പിടിച്ചു കയറാന്‍ എളുപ്പമാണ്‌. പൂ പിടിച്ചു നില്‍ക്കുന്ന സ്ത്രീ, താഴോട്ടു നോക്കി നില്‍ക്കുന്ന ഒരു സുന്ദരി , ആഭരണങ്ങളണിഞ്ഞു എന്നാല്‍ മേല്‍ വസ്ത്രം ധരിക്കാതെ  പിന്നെയും സുന്ദരികള്‍ .. ഈ ചുമര്‍ചിത്രകലാ രീതിയ്ക്ക് ഇന്ത്യയിലെ അജന്താ ഗുഹയിലെ ചിത്രങ്ങളുമായി സാമ്യമുണ്ടത്രെ. ഇവിടെ ഫ്ലാഷ് ഇല്ലാതെ മാത്രമേ ഫോട്ടൊ എടുക്കാന്‍ പാടുള്ളൂ. ഇത്രയും കണ്ട ശേഷം നമ്മള്‍ താഴോട്ടിറങ്ങി..അവിടെ നിന്നു പിന്നീടുള്ള കയറ്റത്തില്‍ ആദ്യം കാണുന്നത് "കണ്ണാടി ചുമര്‍ " എന്നു വിളിപ്പേരുള്ള ഒരു ചുമരാണ്‌. അതീവ മിനുസമായിട്ടാണ്‌ ഈ ചുമര്‍ പണിതിരിക്കുന്നത് എന്നതിനാല്‍ ഒരു കണ്ണാടിയെന്ന പോലെ ഇതില്‍ പ്രതിഫലനങ്ങള്‍ കാണാന്‍ പറ്റുമായിരുന്നത്രെ. പണ്ട് സിഗിരിയ കോട്ടാരത്തില്‍ വന്നു പോയ സഞ്ചാരികള്‍ അവരുടെ അഭിപ്രായങ്ങളും അവര്‍ കണ്ട കാഴ്ചകളുമെല്ലാം എഴുതിയിരുന്നതും ഈ ചുമരിലായിരുന്നു.  അതെല്ലാം കൊണ്ടാകണം "കണ്ണാടി ചുമര്" എന്ന പേര്  ഇന്നു ആ ചുമരിനു അത്ര കണ്ട് യോജ്യമായി എനിക്ക് തോന്നാതിരുന്നത്. എന്നിരുന്നാലും ആ എഴുത്തുകളില്‍ നിന്നൊക്കെയാണ്‌ സിഗിരിയ കൊട്ടാരവും പരിസരവും പണ്ട് എങ്ങിനെ ആയിരുന്നെന്നു ഇന്നു നമുക്ക് മനസ്സിലാക്കാന്‍ സാദ്ധ്യമായിരിക്കുന്നത്. 

കൊട്ടാരത്തേക്ക് കയറുന്നതിനു മുമ്പുള്ള
സിംഹ കവാടവും തുടര്‍പടികളും
ഇനി വീണ്ടും കയറ്റം. കൈയ്യിലുണ്ടായിരുന്ന ഗ്ലൂക്കോസും വെള്ളവും അകത്താക്കി ഞങ്ങള്‍ വീണ്ടും നടത്തം തുടര്‍ന്നു. അതു കഴിഞ്ഞെത്തിയത് ഒരു തുറസ്സായ സ്ഥലത്താണ് . മട്ടുപ്പാവെന്ന പോലെ.  അതാണ്‌ കൊട്ടാരത്തിന്റെ പ്രവേശന കവാടം. ചുറ്റുമുള്ള കാഴ്ച്ച ആസ്വദിക്കാനും വേണമെങ്കില്‍ വിശ്രമിക്കാനും സൌകര്യമുണ്ടവിടെ. താഴേക്ക് നോക്കുമ്പോള്‍ മനസ്സിലാകും എത്ര ഉയരത്തിലാണ്‌ നമ്മളെന്ന്‌ . ഒരു സിംഹത്തിന്റെ രൂപത്തിലാണ്‌ പ്രവേശന കവാടം എന്നു പറഞ്ഞിരുന്നല്ലോ. അവിടെയാണ്‌ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇന്നു സിംഹത്തിന്റെ മുഖഭാഗമൊന്നും കാണാനില്ല. അതെല്ലാം നിലം പരിശായവയില്‍ ഉള്‍പ്പെടുന്നു.  ആകെയുള്ളത് അതിന്റെ രണ്ട് കാലുകളാണ്‌ .

സിംഹപാദങ്ങള്‍ക്കു മുന്നില്‍
അവിടെ പണ്ടു എങ്ങനെ ഉണ്ടായിരുന്നു എന്നു കാണിക്കുന്ന ആരോ വരച്ച ഒരു ചിത്രം വഴികാട്ടി കാണിച്ചു തന്നു. സിംഹത്തിന്റെ വായയുടെ ഉള്ളിലേക്ക് എന്ന രീതിയില്‍ ആയിരുന്നത്രെ മുകളിലേക്കുള്ള പടവുകള്‍ ഉണ്ടായിരുന്നത്.   സിംഹത്തിന്റെ കാലിന്റെ  അടുത്തു നിന്നു പടം എടുത്ത ശേഷം  വീണ്ടും മുകളിലേക്ക്. ഇനി കൊട്ടാരം നിന്നിരുന്ന ഭാഗമാണ്. ഒരല്‍പം കഠിനമായ കയറ്റം. ഈ പടികള്‍ യുണസ്കോ ഏറ്റെടുത്ത ശേഷം ഉണ്ടാക്കിയതാണ്‌ . അത് എത്തിച്ചേരുന്നത് കൊട്ടാര മുറ്റത്തേക്കാണ്‌.
ഇത് വഴികാട്ടി കാണിച്ചു തന്ന - കേട്ടറിവുകള്‍ വെച്ചു ചിത്രകാരന്‍ ഭാവനയില്‍ തീര്‍ത്ത - ഒരു പടം.  ഇങ്ങനെയായിരുന്നത്രെ സിംഹകവാടം ഉണ്ടായിരുന്നത്.

സിംഹപാദം
പാറയ്ക്കു മുകളില്‍ പണ്ടുണ്ടായിരുന്ന കൊട്ടാരത്തിന്റെ അടിത്തറ
സിഗിരിയ പാറയുടെ ഏറ്റവും  മുകള്‍ ഭാഗമാണിത്. കൊട്ടാരത്തിന്റെ അടിത്തറ മാത്രമേ ഇന്നു അവശേഷിക്കുന്നുള്ളു എന്നതുകൊണ്ട് മുകള്‍ ഭാഗം ഒരു പരന്ന സ്ഥലമായി കാണാം.  ഇവിടെ 360 ഡിഗ്രിയില്‍ കാഴ്ച്ച കാണാം എന്നതു തന്നെയാണ്‌ ഏറ്റവും മുഖ്യമായ ഖടകം. ആദ്യം തന്നെ അവിടെയുള്ള ഒരു കല്ലില്‍ കേറി നില്‍ക്കാന്‍ വഴികാട്ടി പറഞ്ഞു. ഇപ്പോള്‍ ഈ പാറയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ്‌ നമ്മള്‍ നില്‍ക്കുന്നതത്രെ. ഇവിടെ കൈകള്‍ ഉയര്‍ത്തി നിന്നു നമ്മള്‍ ഈ കയറ്റം ആഘോഷിച്ചു. പിന്നെ ചുറ്റും നോക്കി.  1.5 ഹെക്ടറില്‍ മേലേ വ്യാസമൂണ്ട് കൊട്ടാരം സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകള്‍ ഭാഗത്തിനു. അവിടെ നിന്നു താഴേക്കു നോക്കുമ്പോള്‍ ഉദ്യാനത്തില്‍ നമ്മള്‍ നടന്നു നീങ്ങിയ നീണ്ട നടപ്പാത കാണാം. ഇത്ര ദൂരം നടന്നുവല്ലോ എന്നു ഞാന്‍ അത്ഭുതപ്പെട്ടു. പിന്നെ ദൂരങ്ങളിലേക്ക് നോക്കിയാല്‍ വെളുത്ത നിറത്തില്‍ ഒരു ബുദ്ധപ്രതിമയും കാണാം. കൊട്ടാരത്തിന്റെ അടിത്തറക്കു പുറമെ അവിടെ ഒരു കുളവും ആ കുളത്തിന്റെ അടുത്ത് ഒരു ഇരിപ്പിടവും ഉണ്ട്. ഈ കോട്ട വളപ്പിലേക്ക് കയറിയതു മുതല്‍ എത്ര കുളങ്ങള്‍ കണ്ടെന്നോ.. ഇപ്പോള്‍ ഏറ്റവും മുകളില്‍ മറ്റൊരെണ്ണം.
ഏറ്റവും മുകളില്‍ ഉണ്ടായിരുന്ന കുളം

മുകളില്‍ നിന്നു താഴേക്ക് നോക്കുമ്പോള്‍ കാണുന്ന നടപ്പാതയുടെയുടെയും ഉദ്യാനങ്ങളുടെയും ഒരു ദൃശ്യം.
രാജാവു പ്രജകളോട് സംവദിച്ചിരുന്ന ഇടം
അതു കഴിഞ്ഞു ഇറങ്ങാന്‍ തുനിയുമ്പോ തൊട്ടാവടി ചെടി കാണിച്ച് എന്നെ അത്ഭുതപ്പെടുത്താന്‍ വഴികാട്ടി ഒരു ശ്രമം നടത്തി. അയാളെന്നോട് പറഞ്ഞു ഇലയിലൊന്നു തൊടാന്‍ . കോങ്ങാട്ടിലും ചങ്ങരംകുളത്തുമായി വളര്‍ന്ന എനിക്ക് തൊട്ടാവാടി അറിയാതിരിക്കുമോ? നല്ല കഥ. . 'ഇതു തൊട്ടാവാടിയല്ലെ, തൊട്ടാല്‍ വാടുമല്ലോ' എന്നു പറഞ്ഞു  ഞാന്‍ തൊട്ടു കൊടുത്തു. അത് വാടി.. അയാളുടെ മുഖവും വാടി. സായിപ്പന്‍മാരില്‍ പലര്‍ക്കും ഈ ചെടി അത്ഭുതമാണത്രെ. 

താഴേക്കിറങ്ങി വീണ്ടും സിംഹ കവാടത്തിലെത്തി. ഇനി ബാക്കി ഇറങ്ങുന്നത് മറ്റൊരു വഴിയിലൂടെയാണ്‌ എന്നു വഴികാട്ടി പറഞ്ഞു. അല്ലെങ്കിലും പോകുന്ന വഴി തന്നെ തിരിച്ചു വരുന്നത് രസമുള്ള കാര്യമല്ല.
മൂര്‍ഖന്റെ പത്തിയുടെ രൂപത്തിലൊരു പാറ
ഇറങ്ങി വന്ന വഴിയുടെ ഒരു ദൃശ്യം

 കൂടുതല്‍ കാഴ്ചകള്‍ തേടികൊണ്ട് നമ്മള്‍ വഴികാട്ടിയുടെ പുറകെ നടന്നു. പടവുകള്‍ ഇറങ്ങിയും  നിരപ്പായ പാതകളിലൂടെ നടന്നും നമ്മള്‍ ചുറ്റും കല്ലുകളുള്ള ഒരു സ്ഥലത്തെത്തി. ഞാന്‍ ഇപ്പോള്‍ നടക്കുന്നത് പണ്ടു രാജാവു ജനങ്ങളോട് സമ്പര്‍ക്കം പുലര്‍ത്താനായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ്‌ . അവിടെ മലര്‍ത്തിവെച്ച ചീനചട്ടി കണക്കെ എന്നാല്‍ മുകളില്‍ നിരപ്പായ ഒരു പാറക്കല്ലുണ്ട്. അതായിരുന്നത്രെ രാജാവു ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ഇരുന്നിരുന്ന ഇടം. സിഗിരിയയില്‍ നാം ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതിയുണ്ട്. പ്രകൃത്യാ ഉള്ള പാറകളുടെയും മറ്റു ശിലകളുടെയും രൂപത്തിനനുസരിച്ച്, അവയ്ക്കു വലിയ മാറ്റം വരുത്താതെ പല പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി കാണാം. അതിനു തൊട്ടടുത്ത് രാജാവിനു വിശ്രമിക്കാനായൊരിടം. അവിടെ കസേര പോലും പാറ കൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്. അതു കഴിഞ്ഞു മൂര്‍ഖന്റെ പത്തി പോലുള്ള ഒരു പാറയുണ്ട് - അതിനെ ഒരു പ്രവേശനകവാടമാക്കി മാറ്റിയിരിക്കുന്നതായി കാണാം.
അങ്ങനെ പ്രകൃതിയെ താലോലിച്ചുകൊണ്ട് നിലനിന്നിരുന്ന സിംഹ പാറയും സിഗിരിയ കൊട്ടാരവും കണ്ട് പുറത്തെത്തി. ചെറുതായി മഴ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു അപ്പോള്‍ . പുറത്തും അകത്തും.

Tips:
1. You can apply visa online before going to SriLanka through http://www.eta.gov.lk/slvisa/
2. Carry water and glucose in your backpack while climbing Sigiriya Rock. 

22 Mar 2013

നായരു പിടിച്ച (?) പുലിവാല്....


"Mother's Day" കടന്നുപോയ വേളയില്‍ അമ്മയ്ക്കിട്ടൊരു പണി ...
(ഇത് കുറച്ച് മുമ്പെ പബ്ലിഷ് ചെയ്തതാണ്‌ )


ഇത് എന്റെ അമ്മയെക്കുറിച്ചാണ്‌... അബദ്ധങ്ങള്‍ തീരെ പറ്റാത്ത അമ്മക്ക്‌ പറ്റിയ അബദ്ധമല്ലാത്ത ഒരു അബദ്ധത്തെ കുറിച്ചാണ്‌ . അച്ചന്റെ അഭിപ്രായത്തില്‍ ഒരു "ബെസ്റ്റ് കഥാപിഞ്ഞാണം" ആണ്‌ അമ്മ.. കാരണം അമ്മ അങ്ങനെ ഒരു ചിന്ന കഥാപാത്രമായി ഒതുങ്ങില്ലാത്രേ.. അല്ലാ.. അതും ശരിയാണ്‌...

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ..
നിങ്ങള്‍ എവിടെ വെച്ചെങ്കിലും എന്റെ അമ്മയെ കണ്ടു മുട്ടുകയാണെങ്കില്‍ നിങ്ങള്‍ക്കാര്‍ക്കും ഈ പാവം പെണ്‍കൊടിയെ അറിയില്ല.. ഈ പോസ്റ്റ്‌ വായിച്ചിട്ടില്ലാ. കണ്ടത് പോലുമില്ല..

സംഭവം നടക്കുന്നത് അറബികളുടെയും ഒട്ടകങ്ങളുടെയും ഷെയ്ഖുമാരുടെയും നാടായ ദുബായില്‍.. ഒരു സാമാന്യം ചൂടുള്ള കാലം..

അച്ഛനും അമ്മയും കൂടി ദെയ്റയിലൂടെ കാറോടിച്ചു പോകുന്നു. ഇപ്പൊ അവിടെ നില്‍ക്കട്ടെ.ഈ കഥയുടെ ബാക്കി പറയുന്നതിനു മുമ്പെ അച്ഛന്റെ കുറച്ച് സുഹൃത്തുക്കളെ കൂടി പരിചയപ്പെടുത്താനുണ്ട്...

അമ്മ കല്യാണം കഴിഞ്ഞതും ദുബായിലെത്തി. അന്നു മലയാളികളുടെ കൂട്ടത്തോടെയുള്ള കുടിയേറ്റം ആരംഭിച്ചു വരുന്നേയുള്ളു.. അന്നു തൊട്ടേ അച്ഛനും അമ്മക്കും കുറച്ച്‌ കുടുംബ സുഹൃത്തുക്കളുണ്ട്.. കൂടാതെ കുറച്ച്‌ ബാച്ചിലേഴ്സും. അമ്മയും നമ്മളും നാട്ടിലായിരുന്ന സമയത്ത് അച്ഛനു പരിചയമുള്ളവര്‍ , അന്നത്തെ അച്ഛന്റെ സുഹൃത്തുക്കള്‍ എന്നിവര്‍ക്കെല്ലാം സ്വന്തം പേരിനു പുറമെ ഒരു വിളിപ്പേരു കൂടി ഉണ്ടായിരുന്നു - രസകരമായ വിളിപ്പേരുകള്‍ . ആ വിളിപ്പേരിലായിരുന്നു അവരില്‍ ഭൂരിഭാഗം ആള്‍ക്കാരും അറിയപ്പെട്ടിരുന്നതു തന്നെ. .. അതില്‍ "ചൊക്ളി" (ഈ ആശാന്റെ ജന്മനാടു കണ്ണൂരിലെ ചൊക്ളി ആയിരുന്നു.. കാണാനും അങ്ങനെ തന്നെ...) , "സ്വാമി മത്സ്യാനന്ദ" (വേണമെങ്കില്‍ മീന്‍ കൊണ്ടു അവിയലു പോലുമുണ്ടാക്കും ഈ വിദ്വാന്‍...), തുടങ്ങി കുറേ പേരുണ്ട്. പക്ഷെ അതില്‍ കൂടുതലുണ്ടായിരുന്നത് വിവിധ രീതിയിലും തരത്തിലുമുള്ള നായന്മാരായിരുന്നു.. 'കാനഡ നായര്‍'(ആള്‍ക്കു കാനഡ പൌരത്വം കൂടിയുണ്ടേ..) , ഒമാനി നായര്‍ ( ആ അങ്കിള്‍ കുറേ കാലം ഒമാനില്‍ ആയിരുന്നു.. അങ്ങനെ വീണതാണീ പേര്..) , കത്തി നായര്‍ (പേരു പോലെ തന്നെയാണീ കക്ഷിയുടെ സ്വാഭവവും.) , ജ്യോത്സ്യം നായര്‍ (കാല്‍ മുന്നോട്ട്‌ വെക്കണമെങ്കില്‍ പണിക്കരു തന്നെ വിചാരിക്കണം...) തുടങ്ങി അത് ‘നസ്രാണി നായര്‍ ’ വരെ എത്തി നില്‍ക്കുന്നു.. അങ്ങനെ "നായര്‍ ജനം പലവിധം" ആണ്‌.. ഇതൊന്നും കൂടാതെ എതോ വലിയ അറബാബിന്റെ വലംകൈ ഒരു നായര്‍ ആണത്രേ... ഇതെല്ലാം അച്ഛന്‍ പറഞ്ഞു കേട്ട്‌ അമ്മക്കും ഞങ്ങള്‍ക്കുമൊക്കെ അറിയാം..

അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ സ്വന്തം മാതാശ്രീ അച്ഛന്റെ കൂടെ കാറില്‍ യാത്ര ചെയ്യുന്നിടത്തേക്ക്‌ തിരിച്ചെത്താം... ദുബായിലെ ട്രാഫിക്കില്‍ നട്ടം തിരിഞ്ഞിരിക്കുന്ന നേരത്ത് അമ്മ അച്ഛനെ ഉറക്കെ വിളിച്ചു...
"ഏട്ടാ... അതു കണ്ടോ..."

ഇനി അച്ഛനെയും അമ്മയെയും കുറിച്ച് 2 വാക്കു പറയട്ടെ... അമ്മയുടെ അഭിപ്രായത്തില്‍ നടക്കുന്ന, നില്‍ക്കുന്ന, ഇരിക്കുന്ന, ചിരിക്കുന്ന എന്‍സൈക്ലോപീഡിയ ആണ്‌ അച്ഛന്‍ എന്നാണ്‌ അച്ഛന്‍ പറയാറുള്ളത്.. കുറെയൊക്കെ അത് സത്യവുമാണ്‌ . വാര്‍ത്തകള്‍ കാണുമ്പൊ അതില്‍ ഏതെങ്കിലും പ്രസംഗം കേള്‍ക്കുമ്പൊ 'അതെന്താ ഏട്ടാ അവര്‍ ഇങ്ങനെയെല്ലാം ആഹ്വാനം ചെയ്യുന്നത്?' , കാറില്‍ പോകുമ്പൊ റോഡില്‍ ആരെങ്കിലും ട്രാഫിക് നിയമം തെറ്റിച്ച് വണ്ടി ഓടിച്ചാല്‍ 'അതെന്താ ഏട്ടാ. അയാള്‍ ഇങ്ങനെ വണ്ടി ഓടിക്കുന്നത്?', 'ഈ ബില്‍ഡിങ്ങിന്റെ അറബാബിനു എത്ര വരുമാനം കാണും?', 'ഈ ഫ്ലാറ്റിന്റെ വാച്ച് മാന്‍ എന്താ എപ്പോഴും ചവച്ചു കൊണ്ടിരിക്കുന്നത്?' , അന്നത്തെ വാര്‍ത്തയില്‍ എന്തുകൊണ്ട് അങ്ങിനെ പറഞ്ഞു? , ഈ സോണിയാ ഗാന്ധി ഇപ്പൊ എന്തിനാ അവരെ കാണാന്‍ പോകുന്നത്?, അവരെന്താ ഇങ്ങനെ നോക്കുന്നത്? എന്നു തുടങ്ങി ചന്ദ്രയാന്‍ വരെയുള്ള കാര്യങ്ങള്‍ അച്ഛനോട് ചോദിക്കുക എന്നത് അമ്മയുടെ ഒരു ഹോബിയാണ്‌... അച്ഛനാണെങ്കില്‍ ചിലപ്പൊ ഒരു സമാധാനത്തിനു എന്തെങ്കിലും ഒരു ഉത്തരം നല്ക്കും... അത്രയും മതി എന്റെ അമ്മയ്ക്ക്. 
അപ്പൊഴാണീ " ഏട്ടാ... അതു കണ്ടോ..."

"എന്താണ്‌ ഈ ഏട്ടന്‍ കാണേണ്ടത്...? നല്ല ട്രാഫിക്.. അങ്ങോട്ടും ഇങ്ങോട്ടും ഒന്നും നോക്കാന്‍ പറ്റില്ലാ.. " അച്ഛന്‍ പറഞ്ഞു.

ഒരു വിശദീകരണത്തിനു ഇട നല്‍കാതെ അമ്മ അടുത്ത ചോദ്യം ചോദിച്ചു.. ' ഈ ദുബായില്‍ കുറെ ബില്‍ഡിങ് ഒക്കെ സ്വന്തമായുള്ള ഒരു നായര്‍ ഉണ്ടല്ലെ.. ? സിറിയ നായര്..'

'സിറിയ നായരോ...?' അത് അച്ഛന്‌ ഒരു പുതിയ അറിവായിരുന്നു...

അമ്മയുടെ മുഖം വിടര്‍ന്നു... അച്ഛനു റിയാത്ത ഒരു കാര്യം അമ്മ അറിഞ്ഞിരിക്കുന്നു.. അതും വളരെ അധികം പ്രസിദ്ധനായ ഒരു വ്യക്തിയെക്കുറിച്ച്... അമ്മ പറഞ്ഞു - അവിടെയുള്ള ബില്‍ഡിങ്ങ് അയാളുടെയാണ്‌ . ഈ 'മോഹന്‍ലാല്‍സ്‌ ടെയ്‌സ്റ്റ് ബഡ്ഡ്സ്' എന്നെല്ലാം പറയുന്ന പോലെ 'സിറിയ നായേഴ്സ്‌' ...

പിന്നെ.. വീടെത്തി. പക്ഷെ അമ്മ ഈ കഥ മറന്നില്ല..
അങ്ങനെ ആയുധമേന്തിയ പടയാളിയുടെ വീറോടെ 'അല്ലാ.. ഏട്ടന്‌ സത്യമായിട്ടും സിറിയ നായരെ അറിയില്ല..?' - അമ്മ ചോദിച്ചു..

പത്തിരുപത്തെട്ട്‌ വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന താന്‍ അറിയാതെ എപ്പൊഴാണ്‌ ഇത്രയും പ്രസിദ്ധനായ വ്യക്തി ഉണ്ടായത്? പക്ഷെ തോല്‍വി സമ്മതിക്കാതെ നിവൃത്തിയില്ല. കാരണം അയാള്‍ടെ പേര്‌ ഈ ദുബായിലെ പല സ്ഥലത്തും കാണാമത്രെ. എന്നു മാത്രമല്ല അത് കണ്ട്‌ പിടിച്ചത് നമ്മടെ മാതാശ്രീയും.. മെല്ലെ മെല്ലെ സിറിയ നായര്‍ക്ക്‌ വീട്ടിലുള്ള പ്രശസ്തി കുറഞ്ഞെങ്കിലും അച്ഛനെ അത് വല്ലാതെ വേട്ടയാടിയിരുന്നു.

ആരാണീ സിറിയ നായര്‍?

അങ്ങനെയുള്ള സമയത്ത്‌ വീണ്ടും അച്ഛനും അമ്മയും കൂടി കാറിലൊരു യാത്ര...കാഴ്ച്ചകളുടെ ഇടയില്‍ അമ്മ വീണ്ടും സിറിയ നായരെ കണ്ടു. അച്ഛനെ കാണിച്ചു കൊടുക്കാനും മറന്നില്ല. ഇത്തിരി ട്രാഫിക്കുണ്ടെങ്കിലും അച്ഛനും സിറിയ നായരുടെ ബില്‍ഡിങ് കാണാന്‍ പുറത്തേക്ക്‌ നോക്കി. 'ആരാണീ വിദ്വാന്‍ ' എന്നു പിന്നീട്‌ ആരോടെങ്കിലും ചോദിച്ചും മനസ്സിലാക്കാമല്ലോ...

അപ്പൊഴല്ലെ അമ്മ കണ്ടുപിടിച്ച സിറിയ നായരെ അച്ഛനും കണ്ടത്. ഇതാണ്‌ സിറിയ നായര്‍! .


SYRIAN AIR എന്ന വിമാന കമ്പനിയുടെ പരസ്യവും ഓഫീസിനു മുന്നിലെ ബോര്‍ഡും ആണ്‌ അമ്മ Syria Nair എന്നു വായിച്ചത്. അമ്മ വായിച്ചപ്പൊ അവസാന 4 അക്ഷരങ്ങള്‍ ഒരുമിച്ചായിപോയി എന്ന്‌ മാത്രം.

ഇതറിഞ്ഞതോടെ അമ്മയുടെ ഉള്ളിലെ ആയുധമേന്തിയ പടയാളി വാളും പരിചയുമെല്ലാം അഴിച്ചു വെച്ചു. പിന്നെ അച്ഛന്റെ ഊഴമായിരുന്നു. അപ്പൊ തന്നെ ഏട്ടനെയും എന്നെയും അറിയിച്ച് അച്ഛന്‍ അത് ആഘോഷിച്ചു.

ഇന്നും അമ്മ ആയുധം എടുക്കാന്‍ തുനിഞ്ഞാല്‍ നമ്മളില്‍ ആരെങ്കിലും ഇങ്ങനെ പറയും -'അല്ലെങ്കിലും പ്രശസ്തനായ സിറിയ നായരെ നമുക്കാര്‍ക്കും അറിയില്ലല്ലോ.. എന്തിന്‌.. കേട്ടിട്ട് പോലുമില്ലല്ലോ.. '

... അല്ലേലും എല്ലാത്തിനും കാരണം ആ കാനഡ നായരും ഒമാനി നായരും ആണത്രെ.. പിന്നെ വലിയൊരു പങ്ക് അച്ഛനും..

1 Mar 2013

മനോഹരം ഈ മാല്‍ഡീവ്സ്

1190 ദ്വീപുകള്‍ കൊണ്ട് മനോഹരമായ മാല തീര്‍ക്കുന്ന മാല്‍ഡീവ്സ് എന്ന രാജ്യത്തില്‍ ഒരു അവധിക്കാലം...

കാല്‍ നീട്ടി വെച്ചു നടന്നാല്‍ 15 മിനിറ്റ് കൊണ്ടു നടന്നു തീര്‍ക്കാവുന്ന ദ്വീപുകള്‍ . എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും കടല്‍ . അതും ഭംഗിയുള്ള നീല നിറം, നല്ല സൂര്യപ്രകാശം, വെള്ള മണല്‍
... ഇത് മാല്‍ഡീവ്സ്.

മാല്‍ഡീവ്സിലേക്ക് യാത്ര പോകാമെന്ന ആശയം ജയദേവ് മുന്നോട്ട് വെച്ചപ്പോള്‍ ആദ്യം തന്നെ ഓര്‍ത്തത് തങ്ങളുടെ ഭൂതകാലവും ചരിത്രവും ഒക്കെ അടയാളപ്പെടുത്തുന്ന സ്വന്തം വേരുകളെ പോലും ബഹുമാനിക്കാതെ അവസാന ബുദ്ധ പ്രതിമയും തല്ലി തകര്‍ത്ത അസഹിഷ്ണുക്കളായ ജനങ്ങളെ കുറിച്ച് പത്രത്തില്‍ വായിച്ചതാണ്‌ .എന്നാല്‍ ഭാവിയില്‍ Global Warming ന്റെ ഭാഗമായി കടല്‍വെള്ളത്തിന്റെ നിരപ്പു പൊന്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആദ്യം ഇല്ലാതാകാന്‍ പോകുന്ന രാജ്യങ്ങളുടെ സാദ്ധ്യതാ നിരയില്‍ മുന്‍പന്തിയിലാണ്‌ മാല്‍ഡീവ്സ്. അപ്പൊ പിന്നെ കണ്ടു കളയാമെന്നു തീരുമാനിച്ചു. 2004-ല്‍ ഉണ്ടായ ഭീകര സുനാമിയില്‍ അത്രമാത്രം നാശനഷ്ടങ്ങള്‍ സഹിച്ചിട്ടുണ്ട് ഈ രാജ്യം.

പൊതുവെ വിമാന യാത്രകളെ ചെറുതായി പേടിക്കുന്ന ഞാന്‍ ഒരിക്കലും അശുഭമായി ചിന്തിക്കരുത് എന്നു മനസ്സില്‍ വിചാരിച്ച് പ്ലെയിനില്‍ കാലെടുത്ത് വെക്കുന്ന അതേ നിമിഷം തൊട്ടു തന്നെ പ്ലെയിന്‍ ആകാശത്തില്‍ അഗ്നിഗോളമായി മാറുന്നതും, അല്ലെങ്കില്‍ blackhole എന്ന അഗാധതയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും അതുമല്ലെങ്കില്‍  Air Crash Investigation സീരീസിലൊക്കെ കാണുന്ന പോലെ നിയന്ത്രണം വിടുന്ന വിമാനം വല്ലാത്ത വേഗതയില്‍ താഴേക്ക് പതിക്കുന്നതും അതുമല്ലെങ്കില്‍ കടലില്‍ വീഴുന്നതും ടൈറ്റാനിക്കിലെ നായികയെപോലെ ഒരു പലകയില്‍ പിടിച്ചു നിന്നു വിസില്‍ വിളിക്കുന്നതുമൊക്കെ മനസ്സില്‍ കണ്ടു തുടങ്ങും. പിന്നെ ഹനുമാനെ പ്രാര്‍ത്ഥിച്ച് യാത്രയില്‍ ചൊല്ലേണ്ടുന്ന മന്ത്രങ്ങളൊക്കെ ഉരുവിട്ടു ചമ്രം പടിഞ്ഞു ഇരിക്കും. പതിവു തെറ്റിയില്ല. ഇപ്രാവശ്യവും അങ്ങനെ തന്നെ.

തലസ്ഥാന നഗരിയായ മാലിയില്‍ എത്തിയപ്പോള്‍ തന്നെ കാര്യങ്ങള്‍ മനസ്സിലായി.. വിമാനം ഇറക്കുന്ന പാതയില്‍ ഒരല്‍പം അങ്ങോട്ടോ ഇങ്ങോട്ടോ പോയാല്‍ നേരെ ചെന്നെത്തുന്നത് കടലിലാണ്‌. കടല്‍ ജലനിരപ്പില്‍ നിന്നു വലിയ ഉയരമൊന്നുമില്ല അവിടത്തെ ഭൂമിക്ക്. ഏറ്റവും  ഉയര്‍ന്ന ഇടം (പ്രകൃതിജം ആയത്) 7 അടിയാണത്രെ. പിന്നെ ഒരേ ഒരു സമാധാനം പ്ലെയിന്‍ കടലില്‍ പോയാലും "അവസാന സമയത് ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല" എന്ന പ്രശ്നം വരില്ല. ആവോളം കുടിക്കാം. ഉപ്പുരസം കാണും. അത്ര മാത്രം.

വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച്ച
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലക്ഷദ്വീപിന്റെ അടുത്തായും പിന്നെ നീണ്ട് നീണ്ട് ഭൂമധ്യരേഖ വരെ കാണാവുന്ന അനേകം കൊച്ചു കൊച്ചു ദ്വീപുകള്‍ അടങ്ങുന്ന രാജ്യമാണ്‌ മാല്‍ഡീവ്സ്. അനേകം എന്നാല്‍ 1190 കൊചു ദ്വീപുകള്‍ . ഇത്രയും ദ്വീപുകളുണ്ടെങ്കിലും മാല്‍ഡീവ്സുകാര്‍ താമസിക്കുന്നത് വെറും 192 ദ്വീപുകളില്‍ മാത്രമാണ്‌. ബാക്കി ചിലതില്‍ ആരുമില്ല.. ചിലതില്‍ റിസോര്‍ട്ടുകള്‍ പണിതിരിക്കുന്നു.ബാക്കിയുള്ളവ വിനോദ സഞ്ചാരത്തിനു ഉപയോഗിക്കുന്നതോ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്നതോ കൃഷിക്കു ഉപയോഗിക്കുന്നതോ ആയിരിക്കും.  നമ്മള്‍ സഞ്ചാരികള്‍ക്കു അവിടത്തെ നാട്ടുകാരുമായി സൌഹൃദം സ്ഥാപിക്കാനോ അവരുടെ കൂടെ സമ്പര്‍ക്കം നടത്താനോ അവസരങ്ങള്‍ കുറവാണ്.   സഞ്ചാരികളെല്ലാം നേരെ റിസോര്‍ട്ടിലേക്ക് പോവുകയാണ്‌ പതിവു. ഇനി മാല്‍ഡീവ്സിലെ ഏതെങ്കിലും റിസോര്‍ട്ടിന്റെയോ എയര്‍പോര്‍ട്ടിന്റെയോ അഡ്രസ്സ് നോക്കുമ്പോള്‍ ഇന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് ഇന്ന അട്ടോളിലാണെന്നു കാണാം. ഈ അടോള്‍ എന്ന വാക്കു രണ്ടു രീതിയില്‍ മാല്‍ഡീവ്സില്‍ ഉപയോഗിക്കുന്നുണ്ട്. ഒന്നു -  ഭൂമിശാസ്ത്രപരമായി പറയുന്ന അടോള്‍ . രണ്ട് - മാല്‍ഡീവ്സിലെ ഭരണകേന്ദ്രങ്ങളുടെ പേരിന്റെ പുറകിലുള്ള അടോള്‍ എന്ന വാല്‍ .

പവിഴപുറ്റുകള്‍ അഥവാ പവിഴപാറക്കൂട്ടങ്ങള്‍ മാല്‍ഡീവ്സ് ഭാഗത്തെ കടലിനടിയില്‍ കാണാം. ഈ പവിഴപുറ്റുകള്‍ ഏതാണ്ടൊരു വട്ടത്തിലാണ്‌ കിടക്കുക. ആ വട്ടത്തിനു പുറം ഭാഗം മഹാസമുദ്രം. ഉള്‍ഭാഗം കായല്‍ അഥവാ ലഗൂണ്‍ (Lagoon). ഇങ്ങനെയുള്ള ഓരോ വട്ടത്തിലും ഒന്നോ രണ്ടോ അതില്‍ക്കൂടുതലോ ദ്വീപുകള്‍ ഉണ്ടാകാം.  ഉണ്ടാകാതിരിക്കാം. പവിഴപുറ്റും അതിനുള്ളിലെ കായലും ദീപുകളും അടങ്ങുന്നതാണ്‌ ഭൂമിശാസ്ത്രപരമായ ഒരു അടോള്‍ .

ഭൂമിശാസ്ത്രപരമായി പറയുകയാണെങ്കില്‍ മാല്‍ഡീവ്സില്‍ 26 അടോളുകളുണ്ട്. ആയിരത്തില്‍ മേലെ ദ്വീപുകളുള്ള ഈ രാജ്യത്തെ ഭരണകാര്യങ്ങള്‍ക്കായി 7 പ്രവിശ്യകളാക്കി (7 ഭരണഭാഗങ്ങളാക്കി) തിരിച്ചിട്ടുണ്ടായിരുന്നു പണ്ട്. ഓരോ പ്രവിശ്യയിലും ഒന്നോ രണ്ടോ അതില്‍ക്കൂടുതലോ അടോളുകള്‍ ഉണ്ടാകും. ഇന്നു അതിനു പകരം 21 ഭരണ കേന്ദ്രങ്ങളാണ്‌ (തലസ്ഥാനമായ മാലി ഉള്‍പ്പടെ). മാല്ഡീവ്സില്‍ ഇതിലെ 19 ഭരണകേന്ദ്രങ്ങള്‍ക്കും വാലായി അടോള്‍ (Atoll) എന്ന വാക്കും കാണാം. 

ഇത് വിമാനത്തില്‍ നിന്നെടുത്ത പടമാണ്‌ . ഇങ്ങനെ കടലില്‍ വിട്ടു വിട്ടു സ്ഥിതി ചെയ്യുന്ന ഒരുപാട് മണല്‍ത്തിട്ടകളും ദ്വീപുകളുമാണ്‌ മാല്‍ഡീവ്സ് രാജ്യം..

വീണ്ടും എന്റെ യാത്രയിലേക്ക്. 

വിമാനം ഇറങ്ങിയത്‌ നീണ്ട റണ്‍വേ ഉള്ള, വിമാനത്താവളം മാത്രമുള്ള തലസ്ഥാന നഗരിയായ മാലിയിലെ ഒരു ദ്വീപിലാണ്‌ . അവിടെ മിക്കവാറും വിദേശികളെയാണ്‌ കാണാനാകുക. പിന്നെ അവരെ സ്വീകരിക്കാന്‍ വരുന്ന ഹോട്ടലധികൃതരെയും. അതും പഴയപോലെ യൂറോപ്പ്യന്‍ സഞ്ചാരികളല്ല ഇപ്പോള്‍ കൂടുതല്‍ . വിനോദ സഞ്ചാരവും ചൈന കൈക്കലാക്കിയിരിക്കുന്നു. 

ഇവിടേക്ക് വരാന്‍ വിസ ആവശ്യമില്ലെങ്കിലും ശ്രദ്ധിക്കേണ്ട അനേകം കാര്യങ്ങളുണ്ട്. ഇതൊരു ഇസ്ലാമിക രാഷ്ട്രമാണ്‌ .. ശരിഅത്താണ്‌ ഇവിടത്തെ നിയമം. അതുകൊണ്ട് തന്നെ മദ്യം, പൂജാ വിഗ്രഹങ്ങള്‍ , പ്രചരണോദ്ദ്യേശ്യത്തോടെയുള്ള മറ്റു മത പുസ്തകങ്ങള്‍ എന്നിവ കൊണ്ടു വരുന്നതിനു നിരോധനങ്ങളൊ അല്ലെങ്കില്‍ കര്‍ശന നിയമങ്ങളോ ഉണ്ടിവിടെ. ഇസ്ലാമിക രാജ്യമാണെങ്കിലും മദ്യം റിസോര്‍ട്ടുകളില്‍ സുലഭം. 

സ്വാഗതമോതിയ മഴത്തുള്ളികള്‍
നമ്മളിറങ്ങിയതും ഒരു ചാറ്റല്‍ മഴ പെയ്തു സ്വാഗതമോതിക്കൊണ്ട്. പൊതുവേ ഉഷ്ണ കാലാവസ്ഥയാണവിടെ. അപ്പൊ ആ മഴ വളരെ രസകരമായി തോന്നി.

ഇനി ഈ ദ്വീപില്‍ നിന്നു തൊട്ടടുത്താണ്‌ തലസ്ഥാന നഗരിയായ മാലി പ്രധാന ദ്വീപ്. അവിടെ ഉയര്‍ന്ന കെട്ടിടങ്ങളൊക്കെ കാണാം. കുറച്ചപ്പുറത്ത്‌ വ്യവസായ സ്ഥാപനങ്ങളുടെ ദ്വീപ് കാണാം. മാലിയിലെ ചവറു ഇടാനും ഒരു ദ്വീപുണ്ട്. അങ്ങനെ അങ്ങനെ ദ്വീപുകള്‍ ദ്വീപുകള്‍ ... 

അന്തര്‍ദേശീയ വിമാനത്താവളത്തിനു തൊട്ടടുത്തു തന്നെയാണ്‌ ദേശീയ ടെര്‍മിനലും. ഇവിടെ നിന്നും മാല്‍ഡീവ്സിലെ മറ്റു എയര്‍പോര്‍ട്ടിലേക്ക്ക്ക് പോകാനായി Island Aviation ന്റെ വിമാനങ്ങളുണ്ട്. പിന്നെ അടുത്തുള്ള റിസോര്‍ട്ടുകളിലേക്ക് സ്പീഡ് ബോട്ടിലോ അല്ലെങ്കില്‍ സീ പ്ലെയിനിലോ യാത്ര ചെയ്യാം. അതേര്‍പ്പാടാക്കുന്നതും റിസോര്‍ട്ടുകാര്‍ തന്നെയാണ്‌ . ഇതെല്ലാം കൂട്ടി ഒരു കൊന്ന വില ഡോളറിലങ്ങിടും അവര്‍ .

നമ്മള്‍ റിസോര്‍ട്ടിലേക്ക് പോയത് 50 മിനിറ്റ് വിമാനത്തിലും പിന്നെ 20 മിനിറ്റ് സ്പീഡ് ബോട്ടിലുമാണ്‌ . ആ പ്രാദേശിക വിമാനത്താവളത്തിലിറങ്ങി പുറത്തേക്ക് കടന്ന ഞാന്‍ ആദ്യം കണ്ടത് മടി പിടിച്ച് കാര്യമായൊന്നും ചെയ്യാതെ അവിടവിടെയായി ഇരിക്കുന്ന കുറച്ച് മാല്‍ഡീവ്സുകാരെയാണ്‌ . ആകെ മൊത്തം അവിടത്തെ ഗന്ധത്തില്‍ ഒരു അലസത അനുഭവപ്പെട്ടു. മെല്ലെയുള്ള ജീവിതം. Slow Life എന്നൊക്കെ പറയാം.

മാല്‍ഡീവ്സ് നിവാസികള്‍
സ്പീഡ് ബോട്ട് യാത്ര
ബോട്ടില്‍ കേറുന്നതിനു മുമ്പെ അവിടമൊന്നു നടന്നു കണ്ടു. വീടുകളും അവിടത്തുകാരെയും ഒക്കെ. മാല്‍ഡീവ്സ് ജനതയില്‍ ഭൂരിഭാഗവും ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്‌ . അവിടത്തെ ഒരു 10 - 15 കുഞ്ഞു മുഖങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു. ഒരു മാതിരിപ്പെട്ട എല്ലാ ethnicity-ഉം അവരില്‍ കാണാം. കറുത്തും വെളുത്തും ഇരുനിറവും ഗോതമ്പു നിറവുമൊക്കെയായി..

മാലിദ്വീപില്‍ ഒരുപാട് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. മലയാളികളുള്‍പ്പടെ. പ്രത്യേകിച്ച് അദ്ധ്യാപകര്‍ . യാത്രക്കിടെയില്‍ അങ്ങനെ കുറച്ചുപേരെ കണ്ടുമുട്ടാനായി. അതില്‍ ഏറ്റവും അടുത്തത് റെജിയോടായിരുന്നു. ഒരു തെക്കന്‍ നസ്രാണി. റിസോര്‍ട്ടില്‍ ഷെയറുള്ള ഗല്‍ഫ് മേഖലയിലെ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. 8 മാസം മാലിദ്വീപിലും 4 മാസം ഗള്‍ഫിലുമായി ജോലി. അങ്ങനെ ഇപ്പൊ 2 വര്‍ഷമായി ഇവിടെ. നല്ല ഉദ്യോഗം, നല്ല ശമ്പളം. കുടുംബം പക്ഷെ ഇവിടെ ഇല്ല. ഗള്‍ഫിലാണ്‌ . കുട്ടികളുടെ വിദ്യാഭ്യാസമാണത്രെ പ്രശ്നം. അപ്പൊ ന്യായമായും "വിദ്യാഭ്യാസം ഇവിടെ ഇല്ലേ" എന്നു ഞാന്‍ സംശയിച്ചു. റെജിയുടെ അഭിപ്രായത്തില്‍ ഇവിടെ വിദ്യാഭ്യാസമൊക്കെയുണ്ട്. സ്കൂളുണ്ട്. "ഒ" ലെവല്‍ സിലബസാണ്‌ കൂടുതലും.  പക്ഷെ 'അച്ഛന്‍' എന്നെഴുതാന്‍ പറഞ്ഞാല്‍ പിള്ളേര്‍ 'ഓച്ഛന്‍' എന്നെഴുതുംത്രേ. ഒരു കളിയാക്കല്‍ സ്വരമുണ്ടായിരുന്നു അതിനു. സ്കൂളുകളുടെ മാത്രമല്ല പ്രശ്നം. ഇവിടത്തെ രീതികളുടെ കൂടിയാണ്‌ . പിന്നെ... എന്തിനും വലിയ വിലയാണ്‌ . ഈ റെജിക്കറിയാവുന്നര്‍ തന്നെ ചില പമ്പ്, വയര്‍ സാമഗ്രികള്‍ പല വരവുകളിലായി നാട്ടില്‍നിന്നു കൊണ്ടു വന്നു ഇവിടെ വലിയ വിലയ്ക്ക് വില്‍ക്കാറുണ്ട്പോലും. മാല്‍ഡീവിയന്‍ രുഫിയാക്ക് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യമുണ്ട്. ഒരു ഏകദേശകണക്കായി പറഞ്ഞാല്‍ 1 MVR = 3.5 INR . ഇവിടത്തെ റിസോര്‍ട്ടുകളില്‍ ചിലവിടാനായി വരുന്നവരുടെ അവധിക്കാലത്തിന്റെ വിലയും അതിഗംഭീരമാണ്‌ . ഒരു ദിവസം 700 ഡോളര്‍ മുതല്‍ മുകളിലേക്കാണ്‌ മിക്കതിലും.
കടലിനു മീതെയുള്ള വീടുകള്‍
റെജിയെക്കൂടാതെ വേറെയും മലയാളികളോട് നല്ല കൂട്ടായി. അങ്ങനെ റിസോര്‍ട്ടിന്റെ സ്റ്റാഫ് കോര്‍ട്ടേഴ്സും കിച്ചണും പിന്നെ അഡ്‌മിനിസ്ട്രേഷന്‍ ഏരിയയുമൊക്കെ കാണാന്‍ സാധിച്ചു. ഈ റിസോര്‍ട്ടിലാണ്‌ റെജി കൂടുതല്‍ സമയമെങ്കിലും തലസ്ഥാന നഗരിയായ മാലി ദ്വീപിലും ജോലി സംബന്ധമായി ഇടക്കിടെ താമസിക്കേണ്ടി വരാറുണ്ട്. റെജിയുടെയും കൂട്ടരുടെയും അഭിപ്രായത്തില്‍ Morality കുറവാണ്‌ ഇവിടത്തെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും.  ഇവര്‍ പറയുന്ന മൊറാലിറ്റിയുടെ അടിസ്ഥാനം എന്തെന്നറിയില്ല.ഇത്തരം കാര്യങ്ങളില്‍ ഓരോരുത്തരുടെയും "ശരി" വ്യത്യസ്തമല്ലേ?  പക്ഷെ പൈസ എങ്ങനെയെങ്കിലും ഉണ്ടാക്കുക -അടിച്ചു പൊളിക്കുക- നാളയെക്കുറിച്ച് ചിന്തിക്കാതിരിക്കുക എന്നതൊക്കെയാണ്‌ ഇവിടത്തുകാരെക്കുറിച്ചുള്ള അഭിപ്രായം. ബന്ധങ്ങളിലൊന്നും വലിയ വില കൊടുക്കുന്നവരല്ലത്രെ അവിടത്തെ യുവതലമുറ.  മാലിക്കാരായ ഫൈസലിനെയും റഷീദിനെയും ഒക്കെ പരിചയപ്പെട്ടപ്പോള്‍ അതില്‍ കുറെ സത്യമുണ്ടെന്നു തോന്നി. കൂടെയുണ്ടായിരുന്ന ജിജോ പറഞ്ഞു - "നിങ്ങളീ 'One man Woman, One woman Man' എന്നൊന്നും പറയല്ലേ. അവന്മാര്‍ ചിരിച്ച് ചിരിച്ച് ചാവും " എന്നു. ഞാന്‍ മന്ദഹസിച്ചു.

മാല്‍ഡീവ്സുകാരായ ജീവനക്കാരില്‍ ഞാന്‍ ആദ്യം തന്നെ ശ്രദ്ധിച്ച ഒരു കാര്യം ഇവരെല്ലാം പുകവലിക്കുന്നവരാണ്‌ എന്നാണ്‌ . പുകവലി എന്നാല്‍ ഒരു തരം മയങ്ങിയ കണ്ണുകളൊക്കെയായി. കഞ്ചാവും മറ്റു മയക്കു മരുന്നും ഇവരുടെ ഏറ്റവും പ്രിയപ്പെട്ട സാധനങ്ങളത്രെ. ഇവര്‍ സായിപ്പിന്റെ ഭാഷ സംസാരിക്കുന്നത് വളരെ നന്നായിട്ടാണ്‌ എന്നതും ഞാന്‍ ശ്രദ്ധിച്ചു.

മറ്റൊന്നിന്നും വലിയ ഉത്സാഹവും ആവേശവുമൊന്നും കണ്ടില്ലെങ്കിലും രാത്രി അപ്പുറത്തെ Sandbank-ഇല്‍ പോയാലോ എന്നു ചോദിച്ചപ്പൊ അവര്‍ക്കെല്ലാം വലിയ ആവേശമായിരുന്നു.  ദ്വീപുകള്‍ക്കു പുറമെ മണല്‍ തിട്ടകളും കാണാം. ഈ മണല്‍തിട്ടകള്‍ കാറ്റിനും കോളിനുമനുസരിച്ച് ഒരല്‍പം മാറിയും ഇരിക്കാം. രാത്രിനേരത്ത് ഇത്തരം മണല്‍ത്തിട്ടകളില്‍ ബോട്ടെടുത്തു വന്നു ചെറിയ ടെന്റൊക്കെ കെട്ടി Barbeque നടത്തി രാത്രി ആഘോഷിക്കുന്നത് ഇവരുടെ ഇഷ്ടവിനോദമാണ്‌ .

റിസോര്‍ട്ടിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു ദ്വീപ് മുഴുവന്‍ അവരുടേതായിരിക്കും. എന്നാല്‍ ഈ ദ്വീപ് എന്നുപറയുന്നത് അത്ര വലുതൊന്നുമല്ല. 15 മിനിറ്റുകൊണ്ട് ഒരു വട്ടം സൈക്കിള്‍ ചവിട്ടി കാണാവുന്നതേ ഉള്ളൂ.. വെള്ളത്തിനു മുകളിലുള്ള വീടുകള്‍ , ബീച്ച് പരിസരത്തെ വീടുകള്‍ എന്നിവയാണിവിടത്തെ മുഖ്യാകര്‍ഷണങ്ങള്‍ . കടലിനൊത്ത മുകളില്‍ നില്‍ക്കുന്ന ഒരു ഇരുനില വീട്ടിലാണ്‌ നമ്മള്‍ താമസിച്ചത്. താഴെയും മുകളിലും ബാല്‍ക്കണിയുണ്ട്. താഴേത്തതില്‍ ഒരു ജാക്കൂസിയും ഉണ്ട്. പല രീതിയില്‍ പലയിടത്തായി നിന്നു വെള്ളം വരുന്ന ഒരു വലിപ്പമുള്ള ബാത് ടബ്ബ് ആണത്. ഒരു മസാജിന്റെ സുഖമുണ്ടാകും അതും പ്രവര്‍ത്തിപ്പിച്ച് അതിലെ വെള്ളത്തില്‍ കിടക്കുമ്പോള്‍ . അങ്ങനെ ദൂരെ കടലിനെയും നോക്കി അതില്‍ കിടന്നു വിശ്രമിക്കുന്നത് വളരെ രസകരമാണ്‌ . 

ഇനി ഭക്ഷണത്തെക്കുറിച്ച്. അതില്‍ എന്തു പറയാനിരിക്കുന്നു? മീന്‍ തന്നെ മുഖ്യമായ ഭക്ഷണം. കടലില്‍ നിന്നു പിടിച്ചയുടനെ ഉണ്ടാക്കിയ മീന്‍ വിഭവങ്ങള്‍ . മീന്‍ കൊണ്ടുള്ള പലതരം ചമ്മന്തി. ചിക്കനും സസ്യവിഭവങ്ങളും ഇതിനോടൊപ്പമുണ്ടായിരുന്നു. ഇവിടത്തെ അടുക്കളയിലും ഒരുപാട് മലയാളികളെ കണ്ടു. നമ്മള്‍ ഒരാഴ്ച്ചയൊക്കെ ഇവിടെ വന്നു താമസിച്ചു സന്തോഷിക്കുന്നു. പക്ഷെ അവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഈ സന്തോഷം കണ്ടില്ല. കാരണം മറ്റൊന്നുമല്ല. ബോറടി തന്നെ. ജോലി കഴിഞ്ഞാല്‍ കാര്യമായൊന്നും അവര്‍ക്ക് ചെയ്യാനില്ല.. ഒരു ദ്വീപ് എന്നാല്‍ ഒരു ചെറിയ സ്ഥലം. ആഞ്ഞു നടന്നാല്‍ അത് തീര്‍ന്നു. പിന്നെ വെള്ളമാണ്‌ ചുറ്റും. കുറച്ചപ്പുറമോ ഇപ്പുറമോ പോകാമെന്നു വെച്ചാല്‍ അത് വേറെ ദ്വീപിലേക്കാണ്‌. അങ്ങനെയങ്കില്‍ ബോട്ടോ പ്ലെയിനോ വേണം. അപ്പൊ ആ യാത്ര ചെറിയകീശകള്‍ക്കൊതുങ്ങില്ല. ഇവരുടെ വിശ്രമനേരം വെള്ളത്തിലും (ഉള്ളിലും പുറത്തും) പിന്നെ ഇന്റര്‍നെറ്റിലുമാണ്‌ .


റിസോര്‍ട്ടുകളില്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കു പുറമെ പാകിസ്ഥാനികള്‍ ,  ഒരുപാട് ബംഗ്ലാദേശികള്‍ എന്നിവരുണ്ട് ജോലിക്കാരായി.പിന്നെ ചൈനയില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ അവരോട് സംസാരിക്കാന്‍ ഒന്നോ രണ്ടോ ചൈനക്കാരും. എന്തായാലും നമ്മള്‍ മലയാളികള്‍ക്ക് മാല്‍ഡീവ്സില്‍ ഭാഷ അത്ര പ്രശ്നമാകില്ല. മലയാളം പറ്റിയില്ലെങ്കിലും മുറി ഹിന്ദി ഇവിടെ പയറ്റാം. കാരണം ഷാറൂഖും കത്രീനയും കരീനയും ഒക്കെ ഇവര്‍ക്ക് സുപരിചിതരാണ്.

ഡൈവിങ്ങിനു തയ്യാറായി നില്‍ക്കുന്നവര്‍
സങ്കേതികമായി മാല്‍ഡീവ്സ് പുറകിലല്ല. തലസ്ഥാന നഗരിയില്‍ നിന്നും ഒരുപാട് ദൂരെയുള്ള ഈ റിസോര്‍ട്ടില്‍ പോലും ഇന്റര്‍നെറ്റുണ്ടായിരുന്നു. നമ്മള്‍ ഇന്റര്‍നെറ്റൊക്കെ ഉണ്ടല്ലൊ എന്നന്വേഷിച്ചാണ്‌ ബുക്കുചെയ്തത്. എന്നാല്‍ കുറച്ചപ്പുറത്ത് താമസിച്ച ഇംഗ്ലീഷ് ദമ്പതിമാര്‍ക്ക് അതിന്റെ ആവശ്യമേ തോന്നിയില്ലത്രെ. ചാറ്റും, മെയിലും, ഫേസ്ബൂകും, മൊബൈലും ഒക്കെ നോക്കാനാണെങ്കില്‍ നമ്മള്‍ എന്തിനു മാല്‍ഡീവ്സ് വരെ വരണം? എന്നാണവരുടെ ഭാഷ്യം. അവര്‍ക്ക് യാത്രകള്‍ എല്ലാത്തില്‍ നിന്നുമുള്ള വിടുതലാണ്‌ . പുസ്തകം, കടല്‍ , കത്തി നില്‍ക്കുന്ന സൂര്യനെ നോക്കി പൂഴിയില്‍ കിടക്കല്‍ , പിന്നെ നീന്തല്‍ , മദ്യം , വിശ്രമം ഇതു മാത്രമാണ്‌ അവരുടെ ആവശ്യം. എന്നാല്‍ ചൈനക്കാര്‍ അങ്ങനെയല്ലത്രെ.. അവര്‍ കൊടുത്ത പൈസ മുതലാക്കാനായി അവിടെയുള്ള എല്ലാത്തിലും കൈ വെക്കും. പിന്നെ ഇത്രയും ദൂരം വന്ന് സ്കൂബ ഡൈവിങ്ങും സ്നോര്‍ക്കലിങ്ങുമെല്ലാം ഒരു തവണയെങ്കിലും പയറ്റി നോക്കും. മലയാളികള്‍ സഞ്ചാരികളായി എത്തുന്നതും കുറവാണ്‌ . 

ഡൈവിംങ്, വിശ്രമം, മധുവിധു ആഘോഷം എന്നിവയ്ക്കാണ്‌ മാല്‍ഡീവ്സിലേക്ക് മിക്ക സഞ്ചാരികളും എത്തുന്നതെങ്കിലും  സമ്പന്നരായ ചിലര്‍ അവരുടെ സമ്പന്നമായ വിവാഹങ്ങള്‍ ഇവിടത്തെ റിസോര്‍ട്ടുകളില്‍ നടത്താറുണ്ട്. അല്ലെങ്കില്‍ വിവാഹത്തോടനുബന്ധമായി ഫോട്ടോ എടുക്കാനും ഈ സ്ഥലം തെരഞ്ഞെടുക്കുന്നവരുണ്ട്. അത്തരത്തില്‍ വിവാഹവേഷത്തിലുള്ള ഒരു വധുവിനെ ഞാന്‍ കണ്ടു. കൃസ്ത്യന്‍ വിവാഹങ്ങളില്‍ കാണുന്ന നീളമുള്ള വെള്ള ഉടുപ്പ് ധരിച്ചൊരു വധു. അവരെ മണലിലൂടെ നടത്തിയും തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകളുടെ താഴെ ചാരി നിര്‍ത്തിയും മറ്റും ഫോട്ടോകള്‍ എടുത്തുകൊണ്ടേയിരുന്നു ആ ഫോട്ടോഗ്രാഫര്‍ .

സ്നോര്‍ക്കലിംങ്
മാല്‍ഡീവ്സിലെ കാലാവസ്ഥ കൂടുതലും ആകര്‍ഷിക്കുന്നത് തണുത്ത രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയാണ്‌ . നിറപകിട്ടാര്‍ന്ന പവിഴപുറ്റുകള്‍ തന്നെയാണ്‌ മാല്‍ഡീവ്സില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. സ്നോര്‍ക്കലിംങ് (Snorkeling) ചെയ്യാനായി മൂക്കും വായും അടയ്ക്കുന്ന കണ്ണടയും പിന്നെ താറാവിന്റെ കാല്‍പാദം പോലത്തെ ഷൂവും ധരിച്ച് കടലിലിറങ്ങി അടിയിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി. കടലിനടിയില്‍ ഇത്രമാത്രം സൌന്ദര്യമോ? ദൂരെ ഭംഗിയുള്ള നീലനിറത്തില്‍ പരന്നു കിടക്കുന്ന കടല്‍ കണ്ടുതന്നെ 'എന്തു ഭംഗി' എന്നു പറഞ്ഞ ഞാന്‍ കടലിന്നടിഭാഗം കണ്ട് ശരിക്കും പകച്ചു പോയി. വിവിധ വര്‍ണങ്ങളില്ലുള്ള മീനുകള്‍ , നക്ഷത്ര മീന്‍, ജലസസ്യങ്ങള്‍ , മറ്റു ജലജീവികള്‍ , ഭംഗിയുള്ള കടല്‍ തട്ട്, ഇതെല്ലാം ഒരു സ്വപ്നലോകം പോലെയാണെനിക്ക് തോന്നിയത്. പവിഴപുറ്റുകള്‍ക്കിടയിലൊരു കൊച്ചു രാജകൊട്ടാരം. അവിടെ പടയാളികളായി മഞ്ഞയും ബ്രൌണും വരയുള്ള മീനുകള്‍ .. തോഴിമാരായി നീല നിറത്തിലുള്ള സുന്ദരിമീനുകള്‍ ... വെള്ളത്തിനടിയിലേക്ക് നോക്കി എന്തൊക്കെയോ ചിന്തിച്ചു കൂട്ടി കുറെ നേരം നീന്തി ഞാന്‍ . അപ്പോഴാണ്‌ ട്രെയിനര്‍ ചേട്ടന്‍ എനിക്കൊരു  ആമയെ കാണിച്ചു തന്നത്. . ആമ എന്നാല്‍ മെല്ലെ നടക്കുന്ന ജീവി എന്നാണെനിക്കറിയാവുന്നത്. പക്ഷെ ആ കണ്ടത് നല്ല വേഗതയില്‍ നീന്തുന്ന ആമയെയായിരുന്നു.. അത്രയും വേഗത്തില്‍ നീന്തിപ്പോയതുക്കൊണ്ട് കാമറയില്‍ പകര്‍ത്താനായില്ല.  എന്തൊക്കെ ഇനി കാണണം? എനിക്കിങ്ങനെ അത്ഭുതപ്പെടാനേ നേരമുണ്ടായിരുന്നുള്ളൂ. വാ പൊളിച്ചാല്‍ വെള്ളം കേറുമെന്നുള്ളതു കൊണ്ട് അത് ചെയ്തില്ലെന്നു മാത്രം.

നക്ഷത്രമത്സ്യം
കടല്‍ അടിത്തട്ടിലെ ആഴമില്ലാത്തൊരു ഭാഗം
വെള്ളത്തിനടിയില്‍ ഫോട്ടോ എടുക്കാന്‍ കാമറക്ക് Underwater Case എന്ന ഒരു ഉടുപ്പ് ഇടീപ്പിച്ചാണ്‌ ഞാന്‍ കടലിലേക്ക് ചാടിയത്. ആ തീരുമാനം നന്നായി എന്നെനിക്ക് തോന്നി. ഞാന്‍ കണ്ണു കൊണ്ടു കണ്ട ആ ഭംഗി അതുപോലെ കാമറയിലേക്ക് പകര്‍ത്താനായില്ലെങ്കിലും ഒരുപിടി നല്ല ചിത്രങ്ങള്‍ കിട്ടി എനിക്ക്.. അതില്‍ കുറച്ചെണ്ണം ഇവിടെ ഉണ്ട്. സ്നോര്‍ക്കലിംങ് ചെയ്യാന്‍ റിസോര്‍ട്ടിലെ ഡൈവിംഗ് സെന്ററിന്റെ സഹായമാണ്‌ ഞങ്ങള്‍ തേടിയത്. അല്ലെങ്കില്‍ അതിനുള്ള ഉപകരണങ്ങള്‍ വാങ്ങി ഇവിടെ നിന്നു തന്നെ കൊണ്ടുപോകാം. കാരണം അത്രക്കെളുപ്പമാണ്‌ സ്നോര്‍ക്കലിംങ്. മാത്രമല്ല അതിനായി അതിദൂരം പോകേണ്ട ആവശ്യമില്ല. നീന്തലറിയണമെന്നുമില്ല. നീന്താനറിയാത്തവര്‍ക്ക് ലൈഫ്ജാക്കറ്റിട്ടിറങ്ങാം. നീന്താനറിയുന്നവര്‍ക്കു ചെറുതായി ഊളിയിട്ടു കൂടുതല്‍ ഭംഗിയുള്ള അടിത്തട്ടു കാണാം. എങ്ങിനെയായാലും മനോഹരമായ ഒരു അനുഭവമാണത്. കാണാത്തതിനെയും അറിയാത്തതിനെയും അകാരണമായി പേടിക്കുന്ന ഒരു പ്രവണത നമുക്കുണ്ടല്ലോ.. അതിന്റെ ആവശ്യം ഈ കാര്യത്തില്‍ തീര്‍ച്ചയായും വേണ്ട. ഞാന്‍ സാക്ഷ്യം.

റിസോര്‍ട്ടിലെ ഒരു രാത്രി മാള്‍ഡീവ്സുകാരുടെ കളികളിലൊന്നായ Crab Race കാണാന്‍ പറ്റി. അതെ. 'ഞണ്ട് ഓട്ടം' എന്നു മലയാളീകരിക്കാം. ഒരു തുറന്ന പാത്രത്തില്‍ നിറയെ ഞെണ്ടുകളിട്ട് നിറച്ചിട്ടുണ്ട്. അതില്‍ നിന്നൊരു ഞെണ്ട് പോലും പുറത്തേക്ക് പോകില്ലെന്നറിയാമല്ലോ അല്ലേ. എന്റെ അച്ഛന്‍ തമാശക്ക് സ്വയം കളിയാക്കി പറയാറുണ്ട് - "നായന്മാര്‍ ഞണ്ടുകളെ പോലെയാണ്‌" എന്ന്. ഒരുത്തന്‍ മുകളിലേക്ക് പോയി രക്ഷപ്പെടാന്‍ നോക്കിയാല്‍ മറ്റുള്ളവ പിടിച്ച് താഴെയിടും. താനും വലുതാകണ്ട. മറ്റവന്‍ ഒട്ടുമാകണ്ട. അതത്രെ മനോഭാവം. 

"Soul Of Maldives"
ഇനി കളിയെക്കുറിച്ച് പറയാം. ഈ ഞണ്ടുകളില്‍ ഓരോന്നു വീതം കാണികള്‍ തിരഞ്ഞെടുക്കണം. അവിടെ താമസിക്കുന്നവരും ജോലിക്കാരുമൊക്കെ ഓരോന്നിനെ തിരഞ്ഞെടുത്തു. 1, 2, 3, എന്നിങ്ങനെ ആ ഞണ്ടുകളുടെ പുറത്ത് സ്റ്റിക്കര്‍വെച്ചു ഒട്ടിച്ച് വെച്ചിട്ടുണ്ട്. പങ്കെടുക്കുന്ന ആള്‍ടെ പേരും ഞണ്ടിന്റെ നമ്പറും ഒരാള്‍ നോട്ടില്‍ കുറിക്കുന്നുമുണ്ട്. 10 ഡോളര്‍ കൊടൂത്തു വേണം ഈ കളിയില്‍ പങ്കെടുക്കാന്‍.  അതായത് 500.00 ഇല്‍ മേലെ ഇന്ത്യന്‍ രൂപ. കാശില്ലാതെ ഇവിടെ ഒന്നും നടക്കില്ല. ഇവിടത്തെ സുവനീര്‍ ഷോപ്പും മസാജ് സെന്ററും അങ്ങിനെ തന്നെയാ... തൊട്ടാല്‍ 60 ഡോളര്‍ , 90 ഡോളര്‍ എന്നൊക്കെ കാണാം. അവിടെ നിന്നു 5 ഇന്റെയും 10 ഇന്റെയും Fridge Magnets മാത്രമാണ്‌ ഞാന്‍ വാങ്ങിയത്. സുവനീര്‍ ഷോപ്പില്‍ മറ്റൊരു രസകരമായ സാധനമുണ്ടായിരുന്നു. ഒരു മരക്കഷണത്തില്‍ തെങ്ങും വെള്ളവും മീനും ഒക്കെ വരച്ചിരിക്കുന്നു. ഭംഗിയായി തന്നെ. പക്ഷെ വില 70 ഡോളര്‍ . ഞാന്‍ അതിനു 'Soul Of Maldives' എന്നു പേരിട്ടു. 'കളിപ്പാട്ട'ത്തിലെ ഊശാന്താടിക്കാരന്‍ സിദ്ദിക്കിനെ പോലെയാരോ വരച്ചതാണത്.

അപ്പൊ വീണ്ടും ഞണ്ടുകളുടെ മത്സരയോട്ടത്തിലേക്കെത്താം. 

അങ്ങനെ രാത്രി ഭക്ഷണം കഴിഞ്ഞു നമ്മള്‍ നീന്തല്‍ക്കുളത്തിനും ബാറിനും ഇടയിലുള്ള സ്ഥലത്ത് കൂടി. അവിടെ നിലത്ത് ഒരു വലിയ വട്ടം വരച്ചിട്ടുണ്ട്. സ്കൂളുകളിലൊക്കെ പൂക്കള മത്സരത്തിനു ഇടുന്ന പൂക്കളത്തേക്കാളും ഒരല്‍പം വലുത്‌ . അതിനൊത്ത നടുവില്‍ ഈ സ്ഥാനാര്‍ത്ഥി ഞണ്ടുകളുടെ പാത്രം കമിഴ്ത്തി വെച്ചു. പിന്നെ ഞണ്ടുകളുടെ ഓട്ട മത്സരം തുടങ്ങുകയാണെന്നു പറഞ്ഞു ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണി 'START' എന്ന് നിലവിളിച്ച് ഈ പാത്രത്തിന്റെ ഇപ്പോള്‍ മുകളിലുള്ള ഭാഗത്ത് ഒന്നു കൊട്ടി ഞണ്ടെല്ലാം വീണെന്നുറപ്പാക്കിയ ശേഷം പൊക്കി. ഞണ്ടുകളെല്ലാം നിലത്തുണ്ട്. പിന്നെ കാണുന്നത് അവയുടെ പരക്കം പാച്ചിലാണ്! ഞണ്ടുകള്‍ ഓടി. അതെ. Crab Race.
ഞണ്ടുകളുടെ ഓട്ടമത്സരം

ആദ്യം ആ വട്ടത്തിനു പുറത്ത് കടക്കുന്ന ഞണ്ടു ജയിക്കും . അതാണ്‌ മത്സരം. ആ ഓട്ടം കാണുന്നത് രസകരമായിരുന്നു. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പരക്കം പാഞ്ഞു ഒരു വീരന്‍ ആ വട്ടം മുറിച്ചു കടന്നു വിജയിയായി. അങ്ങനെ ഒന്നാമനേയും രണ്ടാമനേയും കണ്ടെത്തി. ആ വിജയി ഞണ്ടിനെ തിരഞ്ഞെടുത്തവര്‍ക്കു സമ്മാനമായി ലഭിച്ചത് അവിടെത്തന്നെയുള്ള ബാറില്‍ നിന്നു രണ്ടു പാനീയം സൌജന്യമായി കുടിക്കാനുള്ള കൂപ്പണുകളാണ്‌ .. കളി കഴിഞ്ഞപ്പോള്‍ എല്ലാരും കുടിയും വലിയും ചിരിയുമൊക്കെയായി അവിടെ തങ്ങി. സിഗററ്റിന്റെ പുക സഹിക്കാത്തതുകൊണ്ട് ഞാന്‍ കുറച്ചു നേരം മാറി നിന്നു. പിന്നെ എല്ലാരോടും  യാത്ര പറഞ്ഞു തിരിച്ച് എന്റെ 'കടല്‍ വീട്ടിലെ' ബാല്‍ക്കണിയിലെത്തി രാത്രിയോടും തിരകളോടും സംസാരിച്ചു നിന്നു.

അങ്ങനെ കുറച്ച് നല്ല ദിവസങ്ങള്‍ . പിന്നെ വീണ്ടും നഗരത്തിലേക്ക്. ജോലിയിലേക്ക്. 

വളരെ തിരക്കേറിയ നമ്മുടെ ജീവിതത്തിലെ ജോലിത്തിരക്കില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറി ഒരാഴ്ച്ച ഇതുപോലുള്ള യാത്രകളില്‍ , സ്ഥലങ്ങളില്‍ ചിലവിടുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ നല്ല ഊര്‍ജ്ജവും ഉന്മേഷവും പ്രദാനം ചെയ്യുമെന്നതില്‍ സംശയം വേണ്ട.

ഇനിയും ജീവിതത്തിരക്കേറുമ്പോള്‍ ജോലിസമ്മര്‍ദ്ദങ്ങള്‍ പെരുകുമ്പോള്‍ ഒരാഴ്ച്ച എല്ലാം മറന്നു മെല്ലെയുള്ള ജീവിതം ആസ്വദിക്കാനായി, നീലക്കടലില്‍ ഇറങ്ങി രാജകൊട്ടാരം കാണാനായി, എന്റെ സ്വകാര്യതയെ സന്തോഷിപ്പിക്കാനായി, വിശ്രമിക്കാനായി ഞാന്‍ തിരിച്ചെത്തും ഈ പവിഴദ്വീപിലേക്ക്.

ബോട്ട്ജെട്ടി
More details:

Map Source: http://www.turkey-visit.com/map/Maldives/map_of_Maldives.gif


How to Reach: There are flights connecting Mainland Male from Trivandrum, Dubai, Srilanka, etc.
Cost: Flights are cheap. But, resort stay may come above 700 USD per day (including food, stay and travel).

What to take when planning a trip to Maldives: Insect repellent cream, sunscreen, Snorkeling kit, Cotton Clothes, Swim wears, Sunglasses, Camera with underwater case (even you can rent it), books if you read, and all personal items including medicine kit because it is tough to find a shop to buy those if you are in a resort.
Never Forget:
1. Maldives is an Islamic country and therefore, there are many restrictions on the items that you can carry.
2. Nudity is prohibited.
3. Try Scuba Diving or at least Snorkeling in Maldives. It is worth the price.

Above write-up is a travelogue of my journey to a resort in Maldives. 
If someone asks me to describe my stay in Maldives resorts in one sentence, I would answer that it was " Sunny, Calm, Blue and Refreshing '.
- Varsha 

31 Jan 2013

ഒരു സിനിമയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

'സദാനന്ദന്റെ സമയം' എന്ന ചിത്രം 'രാഹുകാലം, രാശി നോക്കി ഇറങ്ങല്‍ ' എന്ന കാര്യങ്ങളെ വളരെയധികം കളിയാക്കി വിമര്‍ശിച്ചു. 
എന്നാല്‍ ഇന്നും നമ്മളില്‍ പലരും രാശി നോക്കുന്നു, രാഹുകാലം നോക്കുന്നു.. 
ഒരു വിശ്വാസവും തകര്‍ന്നില്ല എന്നു മാത്രമല്ല അന്ധവിശ്വാസങ്ങള്‍ തകൃതിയില്‍ നടക്കുന്നുമുണ്ട്.

നിര്‍മാല്യത്തില്‍ ദേവീ വിഗ്രഹത്തിനുമേല്‍ നടന്‍ നീട്ടിതുപ്പി. ഇന്നും നമ്മളില്‍ പലരും ദേവീവിഗ്രഹള്‍ക്കുമേല്‍ പുഷ്പാര്‍ച്ചന നടത്തുന്നു. 
വിശ്വാസം മുന്നോട്ട് തന്നെ.

"പൈതൃകം" എന്ന സിനിമ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള അടിയാണ്‌ കാണിച്ചത്. അതില്‍ പരിപൂര്‍ണ്ണ അവിശ്വാസിയായി അഭിനയിച്ച സുരേഷ് ഗോപി പോലും അവസാനം 'യാഗം ചെയ്ത് മഴ പെയ്യുന്നത് കണ്ട്' വാ പൊളിച്ചു നിന്നു പോയി.
എന്നാല്‍ ഇന്നും സനല്‍ ഇടമറുകിനെപോലുള്ളവര്‍ അവിശ്വാസികളായി തുടരുന്നു. അവരുടെ വിശ്വാസമൊന്നും നഷ്ടപ്പെട്ടില്ല.. തകര്‍ന്നില്ല..

ഏറ്റവും അടുത്തായി ഇറങ്ങിയ "റോമന്‍സ്" എന്ന മലയാള സിനിമ കൃസ്ത്യന്‍ പാതിരിമാരെ കളിയാക്കി എന്നു കാണിച്ച് പരാതി വരെ പോയി. എന്നാല്‍ സിനിമ ഇപ്പോഴും ഓടുന്നു. ആരും തിയേറ്ററുകള്‍ക്കുമേല്‍ പെട്രോള്‍ ബോംബ് എറിഞ്ഞില്ല.. 
ഇപ്പോഴും കൃസ്ത്യന്‍ പാതിരിമാര്‍ കുറുബാന നടത്തുന്നു.
ആരുടെയും വിശ്വാസം തകര്‍ന്നില്ല. 

എന്തിനേറെ? "Da Vinci Code" എന്ന സിനിമയും പുസ്തകവും ചരിത്രത്തെ തന്നെ ചോദ്യം ചെയ്തതായിരുന്നു. 
"ഓ.. അതെന്നാ കഥയല്ലെ.. പോരാത്തതിനു ഇപ്പൊ സിനിമയും... ഇതിലേന്നാ അടി കൂടാന്‍ " എന്നും പറഞ്ഞു പള്ളിയില്‍ പോയി മാതാവിന്റടുക്കല്‍ പ്രാര്‍ത്ഥിച്ചവരുണ്ട് നമ്മുടെ നാട്ടില്‍ .അവരുടെ വിശ്വാസവും തകര്‍ന്നില്ല..

"വിശ്വരൂപം" താലിബാനെയും മറ്റും കാണിച്ചപ്പോ ചില വിശ്വാസങ്ങളെ പരിക്കേല്‍പ്പിച്ചെന്നു ചിലര്‍ക്കു പരാതി. അങ്ങനെ പരാതിപ്പെടാത്തവരുടെയല്ലെ യഥാര്‍ത്ഥ വിശ്വാസം? ചുമ്മാ തകര്‍ന്നടിയുന്ന വിശ്വാസം സത്യവിശ്വാസം ആണോ? 

അതോ ഇത് ജയലളിതയും കരുണാനിധിയും തമ്മിലുള്ള അടി "വിശ്വാസം " എന്ന വാക്കില്‍ ചാര്‍ത്തി പുരോഗമിക്കയാണോ?
എന്തൊക്കെയായാലും യഥാര്‍ത്ഥത്തില്‍ അടി കിട്ടിയിരിക്കുന്നത് സിനിമയ്ക്കും കമലഹാസനും അദ്ദേഹത്തിന്റെ സിനിമയെ സ്നേഹിക്കുന്നവര്‍ക്കുമാണ്‌ . 

അതുകൊണ്ട്  ഒരു സിനിമ എടുക്കുന്നതിനു മുന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട് എന്നു തോന്നുന്നു. അതില്‍ മുഖ്യമായ ചിലതിവിടെ ചേര്‍ക്കുന്നു.

1. ആദ്യം തന്നെ തിരക്കഥ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ശിങ്കിടി (അവരെയാണേറ്റവും പേടിക്കേണ്ടത്), പ്രതിപക്ഷം, മത മേലധികാരികള്‍ (മൊല്ലാക്ക, പാതിരി, സ്വാമി) എന്നിവരെ കാണിച്ച് "ഈ സിനിമ തുടരാം" എന്ന സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങണം.

2. ചിത്രീകരണത്തില്‍ നായകന്‍ , നായിക, വില്ലന്‍ എന്നുള്ളവര്‍ക്കു ഒരു മതത്തിന്റെ വക്താക്കളുടെയും പേരു പാടില്ല.. പ്രത്യേകിച്ച് വില്ലനു കൃഷ്ണന്‍ കുട്ടി, അബ്ദുള്ളക്കുട്ടി, തോമസ്‌കുട്ടി എന്നൊക്കെയുള്ള പേരുകള്‍ പാടുള്ളതല്ല.

3. എല്ലാ സിനിമയിലും ഗീത, ബൈബിള്‍ , ഖുറാന്‍ എന്നീ ഗ്രന്‍ഥങ്ങള്‍ അലമാറയില്‍ ചില്ലിട്ട് സൂക്ഷിച്ചുവെച്ചിരിക്കുന്ന നായകനെ കാണിക്കണം. (പുറത്ത് കൈ പിടിച്ച് നടക്കുന്ന ഈ 3 വിശ്വാസികള്‍ ഉണ്ടോ ഇല്ലയോ... അതൊന്നും പ്രശ്നമല്ല... എന്റെ ഭാരതം ഒരു മതേതര രാജ്യമാണ്‌. അപ്പൊ സിനിമയും അങ്ങനെ തന്നെ...

4. പറ്റുമെങ്കില്‍ ആ ഗ്രന്‍ഥങ്ങളിലോരോന്നിലേയും ഒരു വാക്യമെങ്കിലും പറഞ്ഞു ആ ഗ്രന്‍ഥങ്ങള്‍ വന്‍ സംഭവമാണെന്നു നായകനെക്കൊണ്ട് പറയിക്കണം. പിന്നെ, ആ ഗ്രന്‍ഥങ്ങളിലെ ന്യൂനതകള്‍ (ഉണ്ട് എന്നത് പകല്‍ പോലെ സത്യം. പക്ഷെ...) ഒരിക്കലും പറയാന്‍ പാടില്ല. കാരണം അതു വിശ്വാസികള്‍ക്കെതിരെയാണ്. 

5. തിരക്കഥ കണ്ടതുകൊണ്ടു മാത്രം സിനിമ പ്രദര്‍ശിപ്പിക്കാമെന്നു വിചാരിക്കരുത്. മൂര്‍ത്തിയേക്കാളും വലിയ ശാന്തിമാരുള്ള (കടപ്പാട്‌ : ആറാം തമ്പുരാന്‍ ) കാലമായതുകൊണ്ട് തിയേറ്റര്‍ ഉടമകള്‍ , ഫാന്‍സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്ക് സിനിമ ഒരു തവണ പ്രദര്‍ശിപ്പിച്ചു കൊടുത്ത് അനുമതി വാങ്ങണം. പിന്നെ, കോടതി, വക്കീലന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി ഇറങ്ങുന്നതിനു മുന്പെ ഒരു പ്രദര്‍ശനം നടത്തണം. 

6. സംവിധായകന്റെ സ്വപ്നം, നിര്‍മാതാവിന്റെ വീട്ടിലെ ജപ്തി ഭീഷണി, ആവിഷ്കാര സ്വാതന്ത്ര്യം, നല്ല സിനിമ, എന്നീ വാക്കുകള്‍ സിനിമാപ്രവര്‍ത്തകര്‍ ഉപയോഗിക്കരുത്.

7. എല്ലാത്തിലുമുപരി കൈക്കോട്ടും പിടിച്ച് ആരാന്റെ വീട്ടില്‍ കിളയ്ക്കാന്‍ പോകുന്നത് മുന്നില്‍ കണ്ടുകൊണ്ടുവേണം ഏതൊരു സിനിമാ'സ്നേഹിയും' പടം പിടിക്കാന്‍ ഇറങ്ങുന്നത്.

സിനിമ, പുസ്തകം, ചിത്രം വരയ്ക്കല്‍ , കാര്‍ട്ടൂണ്‍ എന്നിവയും വിശ്വാസവും തമ്മില്‍ വലിയ ഒരു ബന്ധമുണ്ടോ?
എന്തായാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടിവിടെ ചേര്‍ത്തു. അത്രമാത്രം.

ഇനി വിശ്വരൂപത്തെക്കുറിച്ച്. 

സിനിമയെ 'ഇസ്ലാം വിരുദ്ധം' എന്നു പറയുന്നവര്‍ക്കു അറിയില്ല ഇതില്‍ എന്തുണ്ടെന്ന്. ഖുറാനെ അധിക്ഷെപിച്ചെന്നു പറയുന്നവരില്‍ മിക്കവരും ആ രംഗം കണ്ടിട്ടില്ല - ഖുറാന്‍ വായിച്ചിട്ടില്ല.  സിനിമയെ അനുകൂലിക്കുന്നവര്‍ക്കോ ? അവര്‍ക്കുമറിയില്ല ഇതിലെന്താണെന്ന്.
ഇനി ഇത്രയും എഴുതിയ എനിക്കോ?
ഒട്ടു അറിയില്ല ഈ സിനിമയില്‍ എന്തുണ്ടെന്നു... ഇവിടെ റിലീസിനുപോലും എത്തിയില്ല സിനിമ.

ആകെ അറിയുന്നതിത്രമാത്രം:
കുറെ അന്ധന്മാര്‍ പെട്രോള്‍ ബോംബുമായി വരുന്നു തിയേറ്ററുകള്‍ തല്ലി തകര്‍ക്കുന്നു...
മറ്റു കുറേ അന്ധന്മാര്‍ കുന്തവും പിടിച്ച് തിയേറ്ററുകള്‍ക്ക് കാവലിരിക്കുന്നു..

ചില ബുദ്ധിരാക്ഷസര്‍ പരസ്പരം പക പോക്കാന്‍ ഈ സിനിമയെ ഉപയോഗിക്കുന്നു..
നഷ്ടം ഈ സിനിമയ്ക്കു വേണ്ടി അഹോരാത്രം പണിയെടുത്തവര്‍ക്കും ഇതിലേക്ക് പൈസ ഇറക്കിയവര്‍ക്കും.

മതേതരത്വം കീ ജയ്...

26 Jan 2013

ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര


വായിച്ചു തീര്‍ക്കുന്ന പുസ്തകത്തെ പറ്റി എനിക്കു തോന്നുന്ന എന്തെങ്കിലും കുറച്ചു കാര്യങ്ങള്‍ ഡയറിയില്‍ എഴുതുന്ന ശീലം എനിക്കു പണ്ടുണ്ടായിരുന്നു. 

"വായന മരിക്കുന്നു.. വായന മരിക്കുന്നു.." എന്നു ഞാന്‍ പലയിടത്തും വായിക്കാറുണ്ട്. ശരിയാണ്. ഇപ്പൊ പുസ്തക വായന എന്റെ പല സുഹൃത്തുക്കളിലും കുറഞ്ഞതായി കാണുന്നു. "സമയമില്ല" എന്നതാണ്‌ കാര്യം ത്രെ. ടിവിയും സിനിമയും മുഖപുസ്തകവും ഭക്ഷണവും നല്ലൊരു സമയം അപഹരിക്കുന്നുണ്ട് എന്നതു ഈ സമയമില്ലായ്മ അനുഭവപ്പെടാനുള്ള മുഖ്യ കാരണം തന്നെയാണ്‌ . പുസ്തകം വായിക്കാന്‍ എനിക്കിപ്പോഴും സമയം കിട്ടാറുണ്ടെങ്കിലും പഴയപോലെ അവയെക്കുറിച്ച് ഡയറിയില്‍ എഴുതാറില്ല. 

വീണ്ടും എഴുതിത്തുടങ്ങിയാലോ എന്നും വിചാരിച്ചു പേനയെടുത്തു. അപ്പൊ അത് ഇവിടേക്കും പകര്‍ത്താമെന്നു കരുതി. പേന കൊണ്ടുള്ള എഴുത്ത് ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് അവ ഡയറിയില്‍ നിന്നു ഇങ്ങോട്ടേക്ക് പകര്‍ത്താനുള്ള ഒരു വിഷമം മാത്രമേ ഉള്ളൂ.. 

ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര


നോവല്‍ തുടങ്ങുന്നത് അമേരിക്കന്‍ പട്ടാളക്കാരനായ സേവ്യര്‍ ഇട്ടിക്കോരയും കൊച്ചിയിലെ ഒരു മുന്തിയ ഫ്ലാറ്റില്‍ താമസിക്കുന്ന മൂന്നു യുവതികളും തമ്മിലുള്ള ഇന്റര്‍നെറ്റ് ഭാഷണത്തിലൂടെയാണ്‌ . ഇറാഖില്‍ പട്ടാളക്കാരനായി സേവനം അനുഷ്ഠിച്ചിരുന്ന സേവ്യര്‍ ഇട്ടിക്കോര അമേരിക്കന്‍ പട്ടാളത്തില്‍ ചേര്‍ന്നതു തന്നെ ചുവന്നു തുടുത്ത ഇറാഖി പെണ്‍കുട്ടികളെ കണ്ടുകൊണ്ടാണ്‌ . വളരെ വികലവും വികൃതവുമെന്ന് തോന്നുന്ന ലൈംഗിക ഇഷ്ടങ്ങളുള്ള അയാളുടെ അത്തരം ചെയ്തികളിലൊരിക്കല്‍ ഒരിറാഖി പെണ്‍കുട്ടി പെട്ട് പിടഞ്ഞുമരിക്കാനിടയായി. അതിനു ശേഷം നഷ്ടപെട്ട മാനസികാരോഗ്യം തിരിച്ചെടുക്കാനായെങ്കിലും ലൈംഗികാരോഗ്യം തിരിച്ചെടുക്കാനായില്ല. പലവിധത്തില്‍ ശ്രമിച്ചെങ്കില്‍ക്കൂടി. അയാള്‍ നരഭോജികളുടെ കൂട്ടത്തില്‍ ചേര്‍ന്നതുപോലും അതിനായിരുന്നു. അങ്ങനെ "ദി സ്കൂള്‍ " എന്നു പേരിട്ടു വിളിക്കുന്ന 'ശരീരത്തിനും മനസ്സിനും സന്തോഷം പകരാന്‍ പ്രാപ്തമായ ഒരു സ്ഥാപനത്തിന്റെ' നെടും തൂണുകളായ ആ 3 യുവതികള്‍ സേവ്യര്‍ ഇട്ടിക്കോരയെ സാഹായിക്കാന്‍ തയ്യാറാകുന്നു. 

അടുത്ത ശ്രമം കേരളത്തില്‍ നടത്താമെന്നു വിചാരിക്കാനും ഇട്ടിക്കോരക്കൊരു കാരണമുണ്ട്. തന്റെ വേരുകള്‍ കേരളത്തിലാണെന്നുള്ളതുകൊണ്ട് തന്നെ. സേവ്യര്‍ ഇട്ടിക്കോരയുടെ മുതു മുതു മുതു മുത്തശ്ശനായ കുന്നംകുളത്തുകാരനായ ഫ്രാന്‍സിസ് ഇട്ടിക്കോരയാണ്‌ ഇറ്റലിയിലെ ഫ്ലോറന്‍സില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ 'കോര കുടുംബം' സ്ഥാപിച്ചത്. ഇന്നു ലോകത്തിന്റെ പലഭാഗത്തും ഇട്ടിക്കോര കുടുംബമുണ്ട്. അദ്ദേഹത്തിന്റേതായി കിട്ടിയ പഴയ ചില രേഖകളെ പറ്റി കൂടുതലറിയാന്‍ തത്പരനായ സേവ്യര്‍ ഇട്ടിക്കോരയെ സഹായിക്കാനായി "ദി സ്കൂള്‍ " അംഗങ്ങള്‍ തയ്യാറാകുന്നു. ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു തങ്ങളുടെ സേവനം കൂടുതല്‍ ആനന്ദകരമാക്കുന്നതാണ്‌ "ദി സ്കൂളി"ന്റെ മുഖമുദ്ര തന്നെ. അതിനു തക്കതായ വേതനവും അവര്‍ ഈടാക്കും.  സമൂഹത്തില്‍ വലിയ വലിയ സ്ഥാനങ്ങളിലിരിക്കുന്ന ഒരുപാട് പേര്‍ അവരുടെ സേവനങ്ങള്‍ വാങ്ങിയിട്ടുള്ളവരാണ്‌ . വളരെ ആധുനികമായ രീതിയിലുള്ള ഉപകരണങ്ങളാണ്‌ "ദി സ്കൂളി"ല്‍ ഉള്ളത്. സേവനം തേടി വന്ന സേവ്യര്‍ ഇട്ടിക്കോരയോട് "ദി സ്കൂളി"ന്റെ പ്രിന്‍സിപ്പളായ രേഖ പറയുന്നത് ഇങ്ങനെയാണ്‌ "We teach the Art of Love Making in a different way to rejuvenate your mind and body in an exotic location in Kerala". 

ഇത്രയും ആമുഖം. ഇനി ചരിത്രവും സങ്കല്പവും കഥയും കാല്‍പനികതയും ഇഴ ചേര്‍ത്തുള്ള ആഖ്യാനമാണ്‌ . 

14, 15, 16 നൂറ്റാണ്ടില്‍ കേരളത്തില്‍ അനേകം ഗണിത ശാസ്ത്രജ്ഞരുണ്ടായിരുന്നുവെന്നത് ചരിത്രമാണ്. അവരില്‍ അറിയപ്പെടുന്ന പേരുകള്‍ അനവധിയുണ്ട്. സംഗമഗ്രാമ മാധവന്‍,  സോമയാജി, പരമേശ്വരന്‍, അച്യുത പിഷാരടി, മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി എന്നിവരുടെ ഗണിതം, ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങളെക്കുറിച്ചുള്ള കൃതികളില്‍ ഇന്നു "calculus, trigonometry, Mathematical Analysis " എന്നൊക്കെ ആധുനിക ലോകം പേരിട്ടു വിളിക്കുന്ന  Mathematical Theories and Ideas  -നെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവരുടെയൊക്കെ കാലശേഷം വളരെക്കഴിഞ്ഞാണ്‌ പാശ്ചാത്യലോകം ഇതെല്ലാം കണ്ടുപിടിക്കുന്നത്. പണ്ട് കേരളവും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവട ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തിരുന്നവര്‍ വഴി കേരളത്തില്‍ നിന്നും അറബിനാടുകളില്‍ നിന്നുമുള്ള കണ്ടുപിടുത്തങ്ങളില്‍ പലതും വിദേശരാജ്യങ്ങളില്‍ എത്തിപ്പെട്ടതാകാമെന്ന് ഈ ചരിത്രം അറിയാവുന്ന ഒരുപാട് പേര്‍ ഇപ്പോഴും വിശ്വസിക്കപ്പെടുന്നുണ്ട്. അത്തരത്തില്‍ കച്ചവടം നടത്തിയിരുന്ന വ്യക്തിയായിരുന്നു നോവലിലെ ഫ്രാന്‍സിസ് ഇട്ടിക്കോര.അദ്ദേഹത്തിനു കച്ചവടത്തിനുപുറമെ ഗണിതം, സ്ത്രീവിഷയം തുടങ്ങി പല വിഷയങ്ങളിലും  വലിയ പിടിപാടായിരുന്നു. 

1517-ഇല്‍ ഫ്ലോറന്‍സില്‍വെച്ച് മരിച്ച ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്ക് "ഹൈപേഷ്യന്‍ ഗണിത വിദ്യാലയങ്ങളു" മായി ബന്ധമുണ്ടായിരുന്നത്രെ. ഏ.ഡി.415 ഇല്‍ മരിച്ച ഹൈപേഷ്യയാണ്‌ ഈ നോവലിലെ ചരിത്രകഥാപാത്രങ്ങളില്‍ പ്രമുഖ. ഏഥന്‍സിലും അലക്സാണ്ട്രിയയിലുമായി ജീവിച്ച ലോകത്തിലെ അറിയപ്പെടുന്ന ആദ്യ ഗണിതശാസ്ത്രജ്ഞയായ ഹൈപേഷ്യയുടെ ജീവിതവും മരണവും ടി.ഡി.രാമകൃഷ്ണന്‍ എന്ന രചയിതാവു കേട്ടു കേള്‍വികളും, ചരിത്രവും, തന്റെ തന്നെ ഗവേഷണത്തിന്റെ ഫലവും ചേര്‍ത്തു ഈ നോവലില്‍ ഒരു ഉപകഥയായി ചേര്‍ത്തിട്ടുണ്ട്. ഹൈപേഷ്യയുടെ പല കണ്ടുപിടിത്തങ്ങളും കൃസ്ത്യന്‍സഭയുടെ നിലപാടുകള്‍ക്കെതിരെയായിരുന്നു എന്നതുകൊണ്ട് തന്നെ ഹൈപേഷ്യ മരിച്ച ശേഷവും അവരുടെ ആശയങ്ങള്‍ പഠിപ്പിച്ചിരുന്ന വിദ്യാലയങ്ങള്‍  -  ഹൈപേഷ്യന്‍ സ്കൂളുകള്‍ - കുറേക്കാലം രഹസ്യമായാണ്‌ പ്രവര്‍ത്തിച്ചിരുന്നത്. നോവലിലെ ഫ്രാന്‍സിസ് ഇട്ടിക്കോരയും ഇത്തരമൊരു സ്കൂളില്‍ പഠിച്ചിരുന്നു. ഹൈപേഷ്യയെ കൂടാതെ മൈക്കളാഞ്ചലോയും അദ്ദേഹത്തിന്റെ പിയേത്തായും (Pieta) ഒക്കെ ഈ നോവലില്‍ വരുന്നുണ്ട്.

രേഖ, രശ്മി, ബിന്ദു തുടങ്ങിയവര്‍ പല ബ്ലോഗിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റും ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഗണിത ബന്ധങ്ങള്‍ അറിയുന്നു. ഇനി അദ്ദേഹത്തിന്റെ കുന്നംകുളം ബന്ധം അറിയാന്‍ ഇവരെ സഹായിക്കാന്‍ കുറച്ചു കഥാപാത്രങ്ങള്‍കൂടി നോവലിലുണ്ട്.  'ദി സ്കൂള്‍ ' ഇവര്‍ക്ക് രഹസ്യമായ ഒരു 'കലാ കച്ചവടമാണ്‌'. സമൂഹത്തില്‍ മാന്യമായ ജോലികള്‍ ചെയ്യുന്നവരാണ്‌ ഈ 3 പേരും. തങ്ങളുടെ സുഹൃത്തായ സൂസന്നയെ കള്ളു കുടിപ്പിച്ചും അതുകൂടാതെ പല വഴിക്കും ഇവര്‍ കുന്നംകുളത്തുള്ള ഇട്ടിക്കോര കുടുംബത്തെക്കുറിച്ചറിയാന്‍ നടത്തുന്ന അന്വേഷണവും തുടര്‍ന്നുള്ള സംഭവങ്ങളും നോവലിനെ ഒരു "Thriller" ആക്കി മാറ്റുന്നു. കുന്നംകുളത്തുകാര്‍ക്കു അദ്ദേഹം "കോരപാപ്പാന്‍ " ആണ്‌ . 'പതിനെട്ടാം കൂറ്റുകാര്‍' എന്നറിയപ്പെടുന്ന  അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്ക് ബൈബിളിനുപുറമെ മറ്റൊരു  വേദപുസ്തകമുണ്ട്. പിന്നെ പള്ളിയുമായും സഭയുമായും ബന്ധമില്ലാത്ത ഇന്നും തുടര്‍ന്നു പോരുന്ന എനാല്‍ അതീവ രഹസ്യമായ അനേകം ആചാരങ്ങളും. ഇവര്‍ക്ക് കോരപാപ്പാന്‍ കാരണവരും ദൈവവുമൊക്കെയാണ്‌ . പ്രീതിപ്പെടുത്തിയാല്‍ സമ്പത്ത് തന്നനുഗ്രഹിക്കുന്ന ദൈവം. 

പിന്നെ നോവല്‍ നമ്മളെ കൊണ്ടു പോകുന്നത് കോരപാപ്പാന്‍ ജീവിച്ച 15-ആം നൂറ്റാണ്ടിലേക്കാണ്‌ . കൊച്ചി രാജാവും അന്നത്തെ കുന്നംകുളവും "ഇയ്യാലെ കോതയും ", കുരുമുളക് കച്ചവടവും, ഇറ്റലിയിലെ കൊട്ടാരവും, വാസ്കോഡഗാമയും, കടല്‍ യാത്രയും ഒക്കെ ടി.ഡി.രാമകൃഷ്ണന്റെ സങ്കല്‍പം, ചരിത്രം, കാല്‍പനികത എന്നീ ഇഴകളില്‍ ഭദ്രം.

പോക്കായ പോപ്പും സഭയുടെ ചീത്ത നിലപാടുകളും മടിയന്മാരായ നമ്പൂതിരിമാരും , അവരുടെ മേല്‍ക്കൊയ്മയും ഒക്കെ പരാമര്‍ശിക്കപ്പെടുന്ന നോവലില്‍ കഥാകൃത്തു പല സ്ഥാപിത ബിംബങ്ങള്‍ക്ക് മേലേയും നിശിത വിമര്‍ശനങ്ങള്‍ എറിയുന്നുണ്ട്.  

ഗണിത ശാസ്ത്രത്തെക്കുറിച്ചുള്ള ചില അദ്ധ്യായ ഭാഗങ്ങള്‍ വിരസമായി തോന്നിയെങ്കിലും കഥയിലെ നിഗൂഢതയും സസ്പെന്‍സുമെല്ലാം ഭംഗിയായി തോന്നി. ഭാഷയുടെ ഭംഗിയ്ക്കുള്ള ഉദാഹരണമായി "ഫ്രാന്‍സിസ് ഇട്ടിക്കോര"യെ പറയാനാകുമെന്നു തോന്നുന്നില്ല. പക്ഷെ ആഖ്യാനത്തില്‍ വിരസതയില്ലായിരുന്നു. വലുതായി വിമര്‍ശിക്കാനുള്ള അറിവെനിക്കില്ല എന്നതുകൊണ്ട് തന്നെ ഇതെല്ലാമെനിക്ക് തോന്നിയ കാര്യങ്ങള്‍ മാത്രമാണ്. 

ഈ നോവല്‍ വായിച്ച് തീരുമ്പോള്‍ ചരിത്രത്തിലെ അറിയാത്ത പല കാര്യങ്ങളും പുതുതായി അറിയാനാകും. അതുപോലെ ഏതാണ്‌ ചരിത്രം ഏതാണ്‌ കഥ എന്ന് വേര്‍തിരിച്ചറിയാനാകത്തത്രയും നന്നായി സംഭവങ്ങളും കഥകളുമെല്ലാം ചേര്‍ത്തു വെച്ചിട്ടുണ്ട് ടി.ഡി.രാമകൃഷ്ണന്‍ ഈ നോവലില്‍ . ഇത്രയും നന്നായി എഴുതണമെങ്കില്‍  കഥാകൃത്ത് എത്രമാത്രം ഗൃഹപാഠം ചെയ്തിട്ടുണ്ടാകുമെന്നാലോചിക്കുമ്പോള്‍ ശരിക്കും അത്ഭുതം തോന്നിപോകുന്നു - വിദേശ രാജ്യങ്ങളുടെ ഭൂമിശാസ്ത്രം, ഗണിത ശാസ്ത്രം, കത്തോലിക്കാ സഭ ചരിത്രം, കേട്ടു കേള്‍വികള്‍, ചരിത്രകാരന്മാര്‍, ഇറാഖ്-സദ്ദാം കഥകള്‍, ഗറില്ലാ യുദ്ധങ്ങള്‍ , നരഭോജികള്‍ , അങ്ങനെ എത്രയെത്ര കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു . പലപ്പോഴും ചരിത്രം പറയുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുവോ , കൂടിപ്പോയോ എന്നും തോന്നാം. വാസ്കോഡ ഗാമയാണ്‌ ആദ്യം യൂറോപ്പ് - ഇന്ത്യ കടല്‍മാര്‍ഗ്ഗം കണ്ടുപിടിച്ചതെന്ന വാദത്തെ പുന:പരിശോധനക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് എഴുത്തുകാരന്‍ . 

2009 -ഇല്‍ ഇറങ്ങിയ ഏതാണ്ട് 300 പേജുകളുള്ള ഈ നോവല്‍ ഇതിനകം തന്നെ ഒരുപാട് പ്രതികള്‍ വിറ്റഴിക്കപ്പെട്ടിരിക്കുന്നു കേരളത്തില്‍. വലിയ പ്രയാസമില്ലാതെ തന്നെ വായിച്ചു തീര്‍ക്കാം ഇതിലെ മിക്ക അദ്ധ്യായങ്ങളും. ഇതില്‍ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ഭാഷ തന്നെയാണുള്ളത് എന്നതായിരിക്കാമൊരു കാരണം. 

വായിക്കാത്തവര്‍ വായിച്ചു നോക്കുക. വായന വളരട്ടെ. 

Novel : Francis Itty cora (Malayalam, 2009)
Author: T.D. Ramakrishnan, currently working as Deputy Chief Controller in Southern Railway - Palakkad Division

You can buy the book online here - DC Books Online Store - Rs.144 (on 30 Jan, 2013)

This review on Francis Ittycora is my thoughts - May not be accepted by everyone - Varsha

3 Jan 2013

ജീവിക്കുന്ന അനേകം ജ്യോതിമാര്‍ക്ക് - ഭാഗം 2

ഈ എഴുത്തിന്റെ ഭാഗം - 1  ഇവിടെ വായിക്കാം.

ഏതൊരു വ്യക്തിയുടെയും സ്വഭാവ രൂപീകരണം നടക്കുന്നത് അവരുടെ അനുഭവങ്ങള്‍ , ചുറ്റും കാണുന്ന കാഴ്ച്ചകള്‍ എന്നിവയില്‍ നിന്നാണ്‌ . അതും പ്രധാനമായി ഇത് നടക്കുന്നത് 18 വയസ്സിനു മുമ്പെയാണെന്നു തന്നെ പറയാം . അപ്പൊ അതില്‍ വീട്ടുകാര്‍ക്കുള്ള പങ്ക് എത്രയെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. അങ്ങനെയെങ്കില്‍ ഈ കാലഘട്ടത്തില്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെ ക്കുറിച്ച് ആലോചിച്ചു നോക്കൂ്‌ . അത് ഓരോ പെണ്‍കുട്ടിയുടെയും ഭാവി ജീവിതത്തെ എത്ര മാത്രം ബാധിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളൂ.

ഇനി 18 വയസ്സു കഴിഞ്ഞാലോ..
നമ്മള്‍ ഈ ലോകത്തെ പലപ്പോഴും ഒറ്റക്കു തന്നെ നേരിടേണ്ടിയിരിക്കുന്നു....

ഇവിടെയും ഞാന്‍ കണ്ട കാഴ്ചകള്‍ സ്ത്രീ - പുരുഷ അസമത്വം കാണിക്കുന്നതായിരുന്നു.

പ്രായം: 18 - 22

അങ്ങനെ ഞാന്‍ കോയമ്പത്തൂരിലെ എഞ്ചിനീയറിംഗ് കോളേജിലെത്തി. അവിടെ സഹപാഠിയെ പോലും ചരക്കെന്നു വിളിച്ച് ചിരിക്കുന്നവരെ ഞാന്‍ കണ്ടൂ. നേരില്‍ കാണൂമ്പോള്‍ നല്ലവന്‍ .. പെണ്‍കുട്ടിയുടെ അടുത്ത് നിന്നു മാറിയാല്‍ പിന്നെ "അവള്‍ വേണമെങ്കില്‍ നിന്നു തരുംട്ടോ.. ഒന്നു ശ്രമിച്ചോടാ " എന്നൊക്കെ പറയുന്നവരെ കണ്ടു. എല്ലാവരും ഇത്തരക്കാരെന്നു ഞാന്‍ പറയുന്നില്ലെങ്കിലും കൂട്ടുകാരുടെ മുന്നില്‍ താന്‍ പോരിമ കാണിക്കാനായി പലപ്പോഴും നല്ലവരായ പെണ്‍കുട്ടികളുടെ പേരുകള്‍ വലിച്ചിഴക്കപ്പെടുന്നതു കണ്ടു. ഇവിടെ പെണ്‍കുട്ടികളുടെ ഇടയിലും ഞാന്‍ യൂദാസുമാരെ കണ്ടിരുന്നു പക്ഷെ കൂടുതല്‍ ആണുങ്ങളായിരുന്നു. സ്വയം സംഭവമാണെന്നു ധരിച്ച് തങ്ങളെ വലിയ ആളായി കണക്കാക്കാത്തവരുമായി തല്ലു കൂടുന്ന ഈഗോ വീരന്മാര്‍ . കൂക്കലായാലും കോളേജ്‌ വികൃതികള്‍ ആയാലും തങ്ങള്‍ ചെയ്താല്‍ ശരി. എന്നാല്‍ മറ്റുള്ളവര്‍ ചെയ്താല്‍ അതിലോളം വലിയ കുറ്റമില്ല എന്നു കരുതിയ വിഡ്ഢികള്‍ . പക്ഷെ ഇതൊന്നുമല്ല എന്നെ ചൊടിപ്പിച്ചത്. 

ഞങ്ങളുടെയെല്ലാം സുഹൃത്തായ ഒരു പെണ്‍കുട്ടി. രൂപ എന്നു വിളിക്കാം. അവള്‍ ആണ്‍കുട്ടികളുമായും പെണ്‍കുട്ടികളൂമായും നല്ല സൌഹൃദത്തില്‍ തന്നെ. എല്ലാവര്‍ക്കും എപ്പോഴും ഉപകാരം ചെയ്യാന്‍ തയ്യാറായി നിന്നിരുന്ന അവള്‍ നൃത്തത്തിലും ഉണ്ടായിരുന്നു. അങ്ങനെ ഒരു ആഘോഷ സമയത്ത് ദ്രുത താളത്തിലുള്ള ഒരു സിനിമാപാട്ടിനു നൃത്തം വെക്കാന്‍ അവളുള്‍പ്പടെ 7 പേര്‍ വേദിയില്‍ കയറി. ഇവര്‍ കോളേജില്‍ ഏറ്റവും നന്നായി്‌ നൃത്തം ചെയ്യുന്ന സംഘം ആയിരുന്നു. നീളമുള്ള ബ്ലൌസും പാവാടയും പിന്നെ മാറിലൂടെ ഒരു ദുപ്പട്ടയും ആയിരുന്നു വേഷം.  എന്നാല്‍ നൃത്തത്തിനിടയില്‍ ഈ കുട്ടിയുടെ ദുപ്പട്ട സ്ഥാനം തെറ്റി. ഇതാര്‍ക്കും സംഭവിക്കാം. എങ്കിലും അധികം പതറാതെ അവള്‍ ദുപ്പട്ട ശരിയാക്കിയശേഷം നൃത്തം തീര്‍ത്തു. 

എന്നാല്‍ പിറ്റേന്ന് ക്ലാസില്‍ എത്തിയപ്പോള്‍ എന്റെയും അവളുടെയും സുഹൃത്തുക്കള്‍ എന്നു കരുതിയിരുന്നവര്‍ എന്നെ നേരിട്ടത് രൂപയുടെ 'സ്ട്രക്ചറിനെ'ക്കുറിച്ച് സംസാരിച്ചായിരുന്നു. നാണമില്ലെ സുഹൃത്തിനെ കുറിച്ച് ഇങ്ങനെ പറയാന്‍ എന്നു ചോദിച്ച എന്നോട് "അതിനെന്താ അവള്‍ പെണ്ണല്ലേ" എന്നാണവര്‍ പറഞ്ഞത്. ഇപ്പോള്‍ നിങ്ങള്‍ ഡെല്ഹിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജ്യോതി എന്ന പെണ്‍ക്കുട്ടിയെക്കുറിച്ച് സങ്കടപ്പെടുന്നു. ഇവിടെ രൂപയും മറ്റൊരു ജ്യോതി തന്നെ. നിങ്ങളോ ? ആ 6 ക്രൂരന്‍മാരില്‍ നിന്നു ഒട്ടും വ്യത്യസ്തരല്ല എന്നു മനസ്സിലാക്കുക ..
നിങ്ങള്‍ക്കിന്നു പണ്ടു ചെയ്ത പ്രവൃത്തികളില്‍ ശരിക്കും ദു:ഖം തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ വീട്ടിലെങ്കിലും ആന്‍ - പെണ്‍ അസമത്വം കാണിക്കാതിരിക്കുക. പരസ്പരം ബഹുമാനത്തോടെ കുട്ടികളെ വളരാന്‍ സഹായിക്കുക. 'ആണ്‍കുട്ടികള്‍ കരയില്ല പെണ്‍കുട്ടികളല്ലേ കരയുക' എന്നതു പോലെ വളരെ നിര്‍ദോഷം എന്നു നിങ്ങള്‍ക്കു തോന്നിയേക്കാവുന്ന ഇത്തരം വാക്കുകള്‍ പറഞ്ഞു പെണ്‍കുട്ടികള്‍ കരയേണ്ടവരാണെന്നു സമര്‍ത്ഥിക്കാതിരിക്കുക. 

കമ്പ്യൂട്ടര്‍ ലാബില്‍ ഇരിക്കുമ്പോ ഭാനു എന്ന സുഹൃത്തിനോട് ചാറ്റ് വിന്‍ഡോവിലൂടെ "നിന്റെ ഒരു രാത്രിക്കു എന്തു വില വരുമെന്നു' ചോദിച്ച പ്രവീണിനെ എനിക്കറിയാം. 'നിന്റെ അനിയത്തിയും ഞാനും ഒരേ വില തന്നെയാണ്‌ നിശ്ചയിച്ചിരിക്കുന്നത്' എന്നു പറഞ്ഞപ്പോള്‍ ലാബില്‍ വലിയ ബഹളം സൃഷ്ടിച്ചതും അതേ പ്രവീണ്‍ തന്നെ. വീട്ടിലിരിക്കുന്നവരെക്കുറിച്ചാണോ കണ്ണില്‍ കണ്ടത് പറയുന്നത് എന്നു ചിലരെങ്കിലും ചോദിക്കുമായിരിക്കും . ചിലര്‍ ചിലതര്‍ഹിക്കുന്നു. 

ഇത് ഒരു സാധാരണ തമാശയായി നിങ്ങള്‍ക്ക് തോന്നിയോ? കളിയാക്കപ്പെടുന്നവന്റെ വേദന അറിയില്ല കളിയാക്കുന്നവര്‍ക്ക്. 

പ്രായം: 23 മുതല്‍  

പിന്നെ ഞാന്‍ ബാംഗ്ലൂരിലെത്തി പ്രശസ്തമായ ഐ.ടി. കമ്പനിയില്‍ ചേര്‍ന്നു. അവിടെ ഞാന്‍ മറ്റൊരു ലോകമാണ്‌ കണ്ടത്. ആണ്‍ - പെണ്‍ വ്യത്യാസമില്ല. ആദ്യമൊക്കെ കളികളില്‍ "ടീം ബില്‍ഡിംഗ്' ആക്ടിവിറ്റിയില്‍ എല്ലാം ദേഹം നോക്കി നോക്കി സംശയത്തോടെ പങ്കെടുത്തു. പിന്നെ മനസ്സിലായി ഞാന്‍ നേര്‍ത്തെ പറഞ്ഞ അവയവങ്ങള്‍ മാത്രമല്ല എന്നു കരുതുന്നവര്‍ ഒരുപാടുണ്ടിവിടെ എന്നു. എങ്കിലൂം ജെ.പി നഗറില്‍ ഞാനും ഇന്ദുവും കൂടി നടന്നു വരുമ്പോള്‍ കാറില്‍ 4 വട്ടം ഞങ്ങളുടെ അടുത്ത് വന്നു 'വരുന്നോ' എന്നു ചോദിച്ചിട്ടുണ്ട് ഒരാള്‍ . അയാളുടെ തുറിച്ചു നോക്കിയുള്ള ക്രൂരമായ ചിരി ബലാത്സംഗം പോലെ നികൃഷ്ടമായിരുന്നു. അങ്ങനെ ഒരാള്‍ മാത്രമല്ല. എത്രയെത്ര പേര്‍ .  ഇല്ലെന്നു തറപ്പിച്ചു പറഞ്ഞാല്‍ ഒട്ടു മിക്കരും മാറി തന്നിരുന്നു. മാറാതെ വീണ്ടും പുറകെ വന്നവരും ഉണ്ട്.

നിങ്ങളുടെ കൂടെ രാത്രി പങ്കിടാനായി വരുന്ന ആണും പെണ്ണും കാണുമായിരിക്കാം . പക്ഷെ  വഴിയില്‍ കാണുന്ന ആളുകള്‍ "മുട്ടി" നില്‍ക്കുന്നവരാണെന്നെങ്ങനെ നിങ്ങള്‍ കരുതുന്നു?

എനിക്ക് ബാംഗ്ലൂരില്‍ നല്ലൊരു സുഹൃത്തുണ്ടായിരുന്നു. അവന്‍ കേരളത്തില്‍ പഠിച്ചു വളര്‍ന്ന മറ്റ് മിക്ക ആണ്‍കുട്ടികളെ പോലെയും "ജീന്‍സിട്ട പെണ്ണ്‌ പിഴയാണെന്നു പറഞ്ഞു നടന്നിരുന്നു..". ഇന്നു അവനും മാറിയെന്നു ഞാനറിയുന്നു. ആ കാലത്ത് ഞാനും ഇന്ദുവും പിന്നെ "ഡാറ്റാ വെയര്‍ഹൌസിങ്ങിലെ" 18 പേരും കൂടി "ടീം ജോയ് ട്രിപിന്റെ" ഭാഗമായി കൂര്‍ഗ് യാത്രയാണ്‌ ഒരു വര്‍ഷം നടത്തിയത്. ആ 18 പേരും ആണുങ്ങളായിരുന്നെന്നു പറയട്ടെ. അതിമനോഹരമായിരുന്നു യാത്ര. തലകാവേരിയും സൂര്യാസ്തമയവുമെല്ലാം കണ്ട് "ഹോം സ്റ്റേ"യുടെ രസകരമായ നിമിഷങ്ങള്‍ ആഘോഷിക്കുകയായിരുന്നു. രാത്രി ബാംഗ്ലൂരില്‍ നിന്നു ഫോണ്‍ വിളിച്ച എന്റെ ഈ സുഹൃത്ത് പലതും പറയുന്നതിനിടയില്‍ അവരുടെ സഹമുറിയന്‍മാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഞങ്ങളുടെ യാത്രയില്‍ 2 പെണ്‍കുട്ടികള്‍ ആണെന്നറിഞ്ഞപ്പൊ ഒരു കമന്റടിച്ചതിനെക്കുറിച്ച് പറഞ്ഞു  " അവളുമാരൊക്കെ അവന്‍മാരുമായി അത് ചെയ്തിട്ടുണ്ടാകുമല്ലെ" എന്നു. എന്നിട്ടവന്‍ പറഞ്ഞു - "നീ ഇപ്പോ ഈ രാത്രിയില്‍ എന്റെ അടുത്ത് സംസാരിക്കുന്നെന്ന് എനിക്കറിയാം പക്ഷെ അവന്മാര്‍ അങ്ങനൊന്നും വിചാരിക്കില്ല.. അങ്ങനെയാടാ എല്ലാ ആണുങ്ങളും ".. എന്തൊരു സഹജീവി സ്നേഹം !!
പക്ഷെ അങ്ങനെയല്ല എല്ലാ ആണുങ്ങളും. അല്ലാത്തവരെയും അറിയാമെനിക്ക്.

ബാംഗ്ലൂരിലെ ബസ്സിലും ഓട്ടോയിലുമൊക്കെ വീണ്ടും പത്തു കണ്ണുമായി ഞാന്‍ യാത്ര ചെയ്തു. ഞരമ്പ് രോഗികള്‍ക്ക് വേഷം ഒരു പ്രശ്നമല്ലെന്നു ഞാന്‍ മനസ്സിലാക്കി. അവരുടെ കാഴ്ച്ചപ്പാടിലാണ്‌ പ്രശ്നം...  അവരുള്‍പ്പെടുന്ന നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെയും ... ചിലര്‍ പറയാറുണ്ട് പെണ്ണുങ്ങളുടെ ദേഹം ഭര്‍ത്താവു മാത്രം കാണാനുള്ളതാണെന്ന്. അതു പോലെ തന്നെ ആണുങ്ങളുടെയും എന്നു പറഞ്ഞാല്‍ മുണ്ടു മടക്കി കുത്തി അറ്റം വരെ കാണിച്ച് നടക്കുന്നവര്‍ എന്തു ചെയ്യും ? തന്റെ സുഖവും സൌകര്യവും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്‌. അതു പോലെ തന്നെ മറ്റുള്ളോരുടേയും. ജീന്‍സിട്ടതുകൊണ്ട് ആരും പിഴയാകുന്നില്ല സുഹൃത്തെ . 

പാവാട ഇടുമ്പോള്‍ കാണുന്ന കാലുകള്‍ കണ്ടൊ അല്ലെങ്കില്‍ 'കയ്യില്ലാത്ത ടോപ്' ഇടുമ്പോള്‍ കാണുന്ന കക്ഷമോ കയ്യോ കണ്ടിട്ടോ വികാരങ്ങള്‍ വരുമെന്നു പറയുന്നവരോടൊരു ചോദ്യം . നിങ്ങളുടെ വീടുകളില്‍ താമസിക്കുന്ന അമ്മയൊ പെങ്ങളോ വസ്ത്രം മാറുന്നതോ അല്ലെങ്കില്‍ അടിച്ചു വാരാന്‍ സാരി കുത്തുമ്പോള്‍ കാണുന്ന കാലുകളോ കണ്ടാല്‍ നിങ്ങള്‍ അവരെയും കേറി പിടിക്കുമോ ?ഇല്ലല്ലോ ലേ..  സ്വന്തം അമ്മയേയും പെങ്ങന്മാരേയും നിങ്ങള്‍ക്ക് അപ്പോള്‍ തിരിച്ചറിയാന്‍  കഴിയുമെന്നല്ലേ അതിനര്‍ത്ഥം?? അങ്ങനെയെങ്കില്‍ രോഗിയായ നിങ്ങള്‍ക്കും നിങ്ങളുടെ കാഴ്ച്ചപ്പാടായ രോഗത്തിനുമാണ്‌ ചികിത്സ വേണ്ടത്. അല്ലാതെ വഴിയിലൂടെ പൂര്‍ണ ആരോഗ്യത്തോടെ കടന്നു പോകുന്ന ആള്‍ക്കല്ല. . 

ട്രെക്കിങ്ങും ഫോട്ടോഗ്രാഫി പ്രേമവും എഴുത്തുമൊക്കെയായി നടന്ന എനിക്ക് കല്യാണ സമയമായി. അമ്മയുടെ ആദ്യ ഉപദേശം - 'നീ അവരോടൊന്നും കേറി "ആണും പെണ്ണും വ്യത്യാസമില്ല" എന്നു പറയരുത്.. അവരൊക്കെ പഴയ ആള്‍ക്കാരാ..' പഴയവരായലും പുതിയവരായാലും ആണും പെണ്ണും ഒരുപോലെ സമൂഹത്തിന്റെ നിലനില്‍പിനു ആവശ്യമാണ്‌ എന്നറിയാത്തവര്‍ ഉണ്ടാകുമോ?

നമ്മള്‍ ആരെയാണീ പേടിക്കുന്നതെന്നാണെനിക്ക് മനസ്സിലാകാത്തത്. എന്തിണോടൊക്കെയോ ഉള്ള പേടി. അതാണു നമ്മുടെ ജീവിതത്തെ നയിക്കുന്നത്. സ്ട്രെസ്സ്, പ്രെഷര്‍, ടെന്‍ഷന്‍ - ഇതിനൊക്കെ ഒരു പരിധി വരെ നമ്മള്‍ തന്നെയല്ലെ ഉത്തരവാദി ?

പിന്നെ ഏറ്റവും വലിയ പ്രശ്നത്തിലേക്ക് കടന്നു. ഞാന്‍ അണിയേണ്ട ആഭരണങ്ങള്‍ .രണ്ടില്‍ കൂടുതല്‍ മാല ഇടില്ലെന്നു തറപ്പിച്ചു പറഞ്ഞ എന്നെ ഉപദേശിക്കാന്‍ ചില അമ്മായി, വകയിലുള്ള വലിയമ്മ, വലിയച്ഛന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് എന്റെ തീരുമാനങ്ങളെ മാറ്റാന്‍ കഴിഞ്ഞില്ല. അതുപോലെ ഗള്‍ഫ്കാരന്റെ സമ്പാദ്യങ്ങളെ പൊങ്ങച്ചത്തോടെ കാണിക്കാന്‍ വേണ്ടി അച്ഛന്‍ എന്നെ 'ചില്ലിട്ട ഷോക്കേസ്' ആക്കാനും കൂട്ടു നിന്നില്ല. വിവാഹവേദിയില്‍ രണ്ടു മാല ഇട്ടു നിന്ന എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് "നന്നായി മോളെ" എന്നു പറഞ്ഞവര്‍ ഉണ്ട്. 3 വര്‍ഷം കഴിഞ്ഞു ഇപ്പോഴും "ഇതു പോലെ പെണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങട്ടെ" എന്നു പറയുന്നവരും ഇല്ലാതില്ല. 

സ്വര്‍ണം കുറഞ്ഞു പോയാല്‍ ചെക്കന്റെ വീട്ടുകാര്‍ എന്തു ചിന്തിക്കുമെന്നു ഭയപ്പെടുന്നോ? ജയദേവിനു ജീവിതം തുടങ്ങാന്‍ എന്റെ അച്ഛന്റെ സമ്പാദ്യങ്ങള്‍ ആവശ്യമില്ല. അതുകണ്ട് സ്വപ്നങ്ങള്‍ നെയ്യുകയുമില്ല. മറ്റൊരു വീട്ടിലെ പൈസ കിട്ടി തറവാട് മോടി പിടിപ്പിക്കണമെന്നു വിചാരിക്കുന്ന വീട്ടിലേക്ക് പോകുന്നതിലും ഭേദം കല്യാണം കഴിക്കാതിരിക്കുന്നതല്ലേ?

ഈയടുത്ത് വിദ്യാ സമ്പന്നന്നായ എന്റെ ഒരു സുഹൃത്ത് മക്കള്‍ക്കായി ഇന്‍ഷൂറന്‍സ് പോളിസി എടുത്തു. അദ്ദേഹത്തിനു രണ്ടു മക്കള്‍ ആണ്‌ - ആണും പെണ്ണും. കുറെ ആലോചിച്ച ശേഷം മകനു വിദ്യാഭ്യാസ ചിലവിനും മകള്‍ക്ക് കല്യാണ ചിലവിനുമാണ്‌ ഇന്‍ഷൂറന്‍സ് എടുത്തത്. അതും വിദ്യാഭ്യാസം ആണും പെണ്ണും ഒരു പോലെ കാണുന്ന കാലഘട്ടത്തില്‍ . എന്തുകൊണ്ട്?

ഭര്‍ത്താവ് എന്നത് സ്ത്രീധനം എന്ന പേരില്‍ പെണ്ണിന്റെ അച്ഛനുമമ്മയ്ക്കും പൈസ കൊടുത്തു വാങ്ങാന്‍ മാത്രം ഒരു പലച്ചരക്കു സാധനമല്ല എന്ന സാമാന്യ ബോധം എല്ലാ ആണുങ്ങള്‍ക്കും ഉണ്ടാകട്ടെ. താന്‍ ഒരു പലചരക്കു സാധനത്തിനു സമാനമാണെന്നു വിശ്വസിക്കുന്ന ആണുങ്ങള്‍ ഇന്നുമുണ്ടെന്നത് എത്ര നാണക്കേടാണ്‌ . 

അതു പോലെ മകളുടെ കല്യാണം നടത്തിയതിനു തീരാ കടങ്ങള്‍ കൂട്ടാവുന്ന അച്ഛനമ്മമാരെ സൃഷ്ടിക്കാതിരിക്കാന്‍ ഓരോ മകളും ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ വയസ്സുകാലം അവര്‍ക്കാഘോഷിക്കാനുള്ളതാണ്‌ . അവരുടെ ചെറുപ്രായത്തില്‍ അവര്‍ക്കനുഭവിക്കാന്‍ പറ്റാതിരുന്ന പുതിയകാലത്തെ ഈ സൌകര്യങ്ങള്‍ റിട്ടയര്‍മെന്റിനു ശേഷം യാത്രകളായോ കൂടുതല്‍ സൌകര്യങ്ങള്‍ക്കായി പൈസ ചിലവഴിച്ചോ അവര്‍ക്കു സുഖിക്കാനുള്ളതാണ്‌ . അല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിയും സ്ത്രീധനം തന്നും മിച്ചം വന്ന പൈസ കണക്കു കൂട്ടി, കടക്കാരെ പേടിച്ച് നാമജപം കഴിച്ചു ജീവിക്കാനുള്ളതല്ല.. 

'നിങ്ങള്‍ക്കു ഇഷ്ടമുള്ളത് തന്നോളൂ" എന്ന രീതിയില്‍ സംസാരിക്കുന്നവര്‍ സ്ത്രീധനം എണ്ണിപ്പറഞ്ഞു വാങ്ങുന്നവരേക്കാളും ചെറ്റകള്‍ ആണെന്നറിയുക. 

ഇങ്ങനെയെല്ലാം ചെയ്ത നിങ്ങള്‍ ഡെല്‍ഹി സംഭവത്തെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുന്നോ? അതിനുള്ള അര്‍ഹത നിങ്ങള്‍ക്കുണ്ടോ? പക്ഷെ ഈ ദു:ഖം ഭാവിയില്‍ ഒരു മാറ്റത്തിനു നിങ്ങളെ തയ്യാറാക്കുമെങ്കില്‍ പ്രവൃത്തിയില്‍ അതു കാണിക്കുക. ആ പ്രവൃത്തികള്‍ നിങ്ങളുടെ വീട്ടില്‍ നിന്നു തുടങ്ങേണ്ടതാണ്‌ .

കല്യാണ ശേഷം പാസ്‌പോര്‍ട്ട്  പുതുക്കാന്‍ പോയപ്പോള്‍ 'പേരു മാറ്റണോ' എന്നു ചോദിച്ച ഒരു ഉദ്യോഗസ്ഥനെ ഞാന്‍ ദുബായിലെ ഇന്ത്യന്‍ പാസ്പോര്‍ട്ടാഫീസ്സില്‍ കണ്ടു. 'അല്ലാ കല്യാണം കഴിഞ്ഞ സ്ഥിതിക്കു ഭര്‍ത്താവിന്റെ പേര്‍ പുറകില്‍ വരുത്തുന്നതല്ലെ നല്ലത്?' എന്നു ചോദിച്ചു. 
എന്റെ പേരിനു പുറകില്‍ അച്ഛന്റെ പേരാണുള്ളത്. നായര്‍ തറവാട്ടുകളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്  അമ്മ വീടിന്‍ പേരാണ്‌ പേരിനു പുറകില്‍ ഉണ്ടാകാറുള്ളത്. ഇതു രണ്ടിനോടും എനിക്ക് അഭിപ്രായ വ്യത്യാസമില്ല. പേരിനു പുറകില്‍ അമ്മയുടെ പേരു വെച്ചിട്ടുള്ള 3 സുഹൃത്തുക്കള്‍ എനിക്കുണ്ട്. അതും നല്ലതല്ലേ? "അതെന്താ അങ്ങനെ വെച്ചേ? അയ്യേ !!!" എന്നു പറഞ്ഞവരെയും ഞാന്‍ കണ്ടിട്ടുണ്ട്.

പക്ഷെ കല്യാണം കഴിഞ്ഞാല്‍ പിന്നെ ഞാന്‍ അറിയപ്പേടേണ്ടത് ഭര്‍ത്താവിന്റെ പേരിലാണോ? അപ്പൊ ഇതുവരെയുള്ള ഞാന്‍ ഇനി ഇല്ലേ? ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കുന്നവരുണ്ടാകും . അവരൊക്കെ എന്തു പേരു വിളിച്ചാലും തിരിഞ്ഞു നോക്കുമോ? പേരില്‍ കാര്യമുണ്ട്. എന്നെക്കുറിച്ചോ എന്റെ പ്രവൃത്തികളെ കുറിച്ചോ ആളുകള്‍ ഓര്‍ക്കുന്നത് എന്റെ പേര്‍ പറഞ്ഞു കൊണ്ടാണ്‌ . അല്ലാതെ വായില്‍ തോന്നുന്ന പേര്‍ പറഞ്ഞല്ല. ഒരേ ഒരു ഞാന്‍ തന്നെയാണ്‍ കല്യാണത്തിനും മുന്നും പിന്നും ജീവിക്കുന്നത്. ഇങ്ങനെ തോന്നാത്തവര്‍ക്ക് പേരു മാറ്റാം അതവരുടെ ഇഷ്ടം. പക്ഷെ അതാണ്‌ നല്ലതു എന്നു തോന്നുന്നവരും മേല്‍ പറഞ്ഞ അതേ അസമത്വം തന്നെയല്ലെ കാണിക്കുന്നത്?

ഇവിടെ ദുബായിലൊരു ദിവസം യൂടൂബില്‍ "ശരണ്യ ചാലിശ്ശേരി"എന്ന പേരില്‍ ഒരു വീഡിയോ കണ്ടു. ഒരു കാമുകന്‍ കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തി ഇന്റെര്‍നെറ്റില്‍ ഇട്ടിരിക്കുന്നു. അതിനു താഴെ അവളെ "വെടി" എന്നു വിളിച്ചും "എട മോനേ ഒരു ദിവസത്തേക്ക് കിട്ടുമോ" എന്നുമൊക്കെയുള്ള കമന്റുകള്‍ താഴെയുണ്ട്. ഇത്രയും കണ്ട ഞാന്‍ കേരളാ പോലീസിന്റെയും തൃശ്ശൂര്‍ സൈബര്‍ പോലീസിന്റെയും ഇമേയിലുകളിലേക്ക് ഇതു സൂചിപ്പിച്ച് കത്തയച്ചു. ഇപ്പൊ ആ വീഡിയോ കാണുന്നില്ല. പക്ഷെ തിരിച്ച് ഒരു മറുപടി എനിക്ക് ലഭിച്ചതുമില്ല. 

ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഡെല്‍ഹിയിലേ ജ്യോതിയുടെ മരണ വാര്‍ത്ത കണ്ട് എന്റെ അച്ഛന്‍ പറഞ്ഞു - മക്കളെ ആണായാലും പെണ്ണായാലും 23 വയസ്സു വരെ വളര്‍ത്തിയത് അവരുടെ ഇഷ്ടങ്ങള്‍ക്കു കൂട്ടു നിന്നത് ഇങ്ങനെ ചിലര്‍ക്കു കൊല്ലാന്നായിരുന്നോ? 
അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞതായി ഞാന്‍ കണ്ടു. 
അതെ. ആ വേദന സ്നേഹ നിധിയായ അച്ഛനും അമ്മയ്ക്കും മനസ്സിലാകും.

ഡെല്‍ഹിയില്‍ നടന്ന ഈ ക്രൂരതയുടെ വാര്‍ത്ത വിവരിച്ചുള്ള ഒരു ബ്ലോഗിലും പിന്നെ ഒരു ഓണ്‍ലൈന്‍ പത്രത്തിലും ഒരു "മാന്യ"ദേഹത്തിന്റെ കമന്റ് ഞാന്‍ വായിച്ചത് ഇപ്രകാരമായിരുന്നു : "ചില പെണ്ണൂങ്ങളെ കാണുമ്പോള്‍ തോന്നാറുണ്ട് - ഇവളെയൊന്നും ബലാല്‍സംഗം ചെയ്യാന്‍ ആരുമില്ലേ എന്ന്? "
ഈയൊരവസരത്തിലും ഇങ്ങനെ പറയാന്‍ അയാള്‍ക്കെങ്ങനെ പറ്റി? തന്നേക്കാള്‍ സമര്‍ത്ഥയായ ഒരു സ്ത്രീയെ പാഠം പഠിപ്പിക്കാനോ തന്റെ മേല്‍ക്കോയ്മ അംഗീകരിക്കാത്ത ഒരു പെണ്ണിനെ അടിച്ചമര്‍ത്താനോ ഉപയോഗിക്കേണ്ട ഒരു ഉപകരണമാണോ ബലാല്‍സംഗം? ചെറുപ്പം മുതലേ സ്ത്രീയെ തുല്യരായി ബഹുമാനിച്ച് കാണാന്‍ പഠിക്കാത്തതു തന്നെയാണ്‌ ഇത്തരത്തിലുള്ള നികൃഷ്ട ജന്തുക്കളുടെ പ്രശ്നം.

ഇത് ഒന്നോ രണ്ടോ പേരെ ബാധിക്കുന്ന കാര്യമായിരുന്നെങ്കില്‍ ഇത്തരത്തില്‍ എഴുതാന്‍ ഞാന്‍ മുതിരില്ലായിരുന്നു.. എന്നാല്‍ ഇത് ഞാനടക്കമുള്ള പെണ്‍കുട്ടികളെ .. സ്ത്രീകളെ സംബന്ധിച്ച് ദിവസവും നേരിടുന്ന ഒന്നാണ്‌. അതുകൊണ്ട് തന്നെ കേരളത്തില്‍ ജനിച്ചു വളര്‍ന്നതു മുതല്‍ ഞങ്ങള്‍ അനേകം ജ്യോതിമാര്‍ ദിവസവും ചിലരുടെ ക്രൂര തമാശകള്‍ വേദനയോടെ നേരിടുന്നു. 

നിങ്ങള്‍ നിങ്ങടെ പെണ്‍കുട്ടിക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാറുണ്ടോ? ചെറുപ്പം തൊട്ടേ അവളിലെ ആത്മവിശ്വാസം കെടുത്താന്‍ പല വിധേന ശ്രമിക്കാറുണ്ടോ? മകള്‍ ഒരു ബാധ്യതയാണെന്നു കൂടെക്കൂടെ ഓര്‍മപ്പെടുത്താറുണ്ടോ?
പാചകമെന്ന കലയോട് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും അതവളില്‍ അടിച്ചേല്‍പ്പിക്കാറുണ്ടോ ? കുടുംബങ്ങള്‍ ഒത്തു കൂടുന്ന നിമിഷത്തില്‍ പൊതുകാര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ "ഇത് നിങ്ങള്‍ക്കുള്ളതല്ല, ബുദ്ധിയുള്ളവര്‍ക്കാണ്‌ " എന്നു സ്വന്തം ഭാര്യയോട് പോലും പറഞ്ഞു കളിയാക്കാറുണ്ടോ ? ഒരു സംഘം മുന്‍വശത്തും മറ്റൊരു സംഘം അടുക്കളയിലും എന്ന ചേരി തിരിവു നടത്താറുണ്ടോ?

അങ്ങനെയുള്ള നിങ്ങള്‍ക്ക് ഈ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ എങ്ങനെ പറ്റി???

ഭാവിയില്‍ എനിക്ക് ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഉണ്ടായാല്‍ , അവരെ എങ്ങനെ വളര്‍ത്തണമെന്നെനിക്ക് ഈ സമൂഹം കാണിച്ചു തന്നു. .. സംസ്കാരവും ആര്‍ദ്രമായ മനസ്സും അവരിലുണ്ടാക്കുക. അവരില്‍ അസമത്വത്തിന്റെ ബീജങ്ങള്‍ നടാതിരിക്കുക.
ഇനിയും ഇതുപോലെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ നടന്നാല്‍ അതിനു ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹമാണ്‌ ഉത്തരവാദി എന്നറിയുക. അതുകൊണ്ട് നാളെ മറ്റൊരു ജ്യോതിയെ നരഭോജിക്കു വിട്ടുകൊടുക്കാതിരിക്കാന്‍ നമുക്കിന്നു തൊട്ടെങ്കിലും ശ്രമിക്കാം.