31 Dec 2012

ജീവിക്കുന്ന അനേകം ജ്യോതിമാര്‍ക്ക് - ഭാഗം 1

അറിഞ്ഞോ അറിയാതെയോ നമ്മളിലോരോരുത്തരും ഭാഗഭാക്കായ സാമൂഹിക അനീതിയുടെ ഇരയായി മരിച്ച ഡെല്‍ഹി പെണ്‍കുട്ടിയെ ഓര്‍ത്തുകൊണ്ട്... അത്ര തന്നെ അല്ലെങ്കില്‍  അതിലേറെ സങ്കടകരമായ അവസ്ഥയിലൂടെ ദിവസവും കടന്നു പോകുന്ന അനേകലക്ഷം സ്ത്രീ ജന്മങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട്.. 

തലസ്ഥാന നഗരിയില്‍ ഇത്തരമൊരു ക്രൂരത നടന്നപ്പോള്‍ നാടൊന്നാകെ നടുങ്ങി. സ്ത്രീ പുരുഷ ഭേദമന്യേ വേദനിക്കുന്നു.
എന്നാല്‍ ഇതെന്തുകൊണ്ട് നടക്കുന്നു?കാരണങ്ങള്‍ ഒരുപാടുണ്ടാകാം.അതു പഠനവിധേയമാക്കേണ്ട വിഷയം തന്നെയാണ്‌. എന്നാല്‍ എനിക്ക് തോന്നിയ ചിലത് ഇവിടെ പറയണമെന്നു തോന്നി. ഇനിയും വൈകരുതല്ലോ. 

1. വിദ്യാഭ്യാസ ക്കുറവ്‌ 
ഈ ക്രൂരത ചെയ്തവര്‍ അധികം വിദ്യാഭ്യാസമില്ലാത്തവരായിരുന്നു. അതുകൊണ്ട് വിദ്യാഭ്യാസം കൂടിയാല്‍ ഇതു നടക്കാതിരിക്കുമോ? അങ്ങനെയെങ്കില്‍ 100 ശതമാനം സാക്ഷരത അവകാശപ്പെടുന്ന ദിവസവും വാര്‍ത്തകള്‍ വായിക്കുന്ന കേരള സമൂഹത്തില്‍ എങ്ങനെ കിളിരൂര്, സൂര്യനെല്ലി, വിതുര കഥകള്‍ ഉണ്ടായി? എന്നിരുന്നാലും വിദ്യാഭ്യാസത്തിനു ഒരു പരിധി വരെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനാകും എന്നതുകൊണ്ട് ഇതും ഒരു ഖടകം തന്നെ. 

2. കടുത്ത ശിക്ഷാ നടപടികളുടെ ആവശ്യകത. 
തീര്‍ച്ചയായും ഇതു വേണ്ടതു തന്നെ. വധശിക്ഷ വിധിക്കപ്പെടുമ്പോള്‍ മരണഭീതിയില്‍ കുറ്റവാളികള്‍ ജീവിക്കുന്നു. പക്ഷെ വധശിക്ഷ നടപ്പിലാക്കാന്‍ ഇന്ത്യ പോലുള്ള രാജ്യത്ത് അനേകം കടമ്പകള്‍ കടക്കേണ്ടതുണ്ട്. മാത്രവുമല്ല,  അധികം സമയം വേദന അനുഭവിച്ച് കിടക്കുന്നില്ല എന്നതുകൊണ്ട് ഈ വിധം ക്രൂരത ചെയ്യുന്നവര്‍ക്കു വധശിക്ഷ ഒരു വിധത്തില്‍ ചെറിയ ശിക്ഷയാണ്‌. ഇപ്പോള്‍ 10 വര്‍ഷം വരെയാണ്‌ സ്ത്രീപീഠനത്തിന്റെ തടവ് . ഈ ശിക്ഷാരീതി തുടരട്ടെ. പക്ഷെ ഒന്നുകൂടി ചെയ്യേണ്ടതുണ്ട്. ഇവരെ ഷണ്ഡന്മാരാക്കുക. 10 വര്‍ഷം തടവു കഴിഞ്ഞു നിരത്തില്‍ അവരിറങ്ങി നടക്കട്ടെ.. രാവിലെയും രാത്രിയും ഒറ്റയായും കൂട്ടായും നടക്കുന്ന പലവിധത്തിലും തരത്തിലുമുള്ള വസ്ത്രം ധരിച്ചിരിക്കുന്ന സ്ത്രീകളെ കാണട്ടെ.. വികാരങ്ങള്‍ തോന്നട്ടെ.. എന്നിട്ട് തങ്ങളുടെ പോരായ്മ എന്തായിരുന്നെന്നു മനസ്സിലാക്കട്ടെ. ഇതു മറ്റു സംസ്കാരശൂന്യര്‍ക്കും പാഠമാകട്ടെ. 

പക്ഷെ ഇതിലെല്ലാമുപരി മറ്റൊന്നു മാറേണ്ടതുണ്ട്. അതിനു സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ മുന്നിട്ടിറങ്ങണം. 

3. സ്ത്രീപുരുഷ അസമത്വം തൂടച്ചു നീക്കണം. 
സമൂഹത്തിലെ ഈ അസമത്വ ചിന്താഗതി കൊണ്ട് പുരുഷനു സ്ത്രീയുടെ മേല്‍ എന്തൊക്കെയോ അധികാരം ഉണ്ടെന്നും അവള്‍ തിരിച്ചോ മറിച്ചോ പറയാതെ താന്‍ പറയുന്നത് അനുസരിക്കണമെന്നും ഇത്രയും ചെയ്തില്ലെങ്കില്‍ അവള്‍ക്കുമേല്‍ കടന്നാക്രമണം നടത്താന്‍ തനിക്കു അവകാശമുണ്ടെന്നും പരക്കെ വിശ്വസിക്കപ്പേടുന്നു.. ഞാനടക്കമുള്ളവര്‍ വളര്‍ന്നു വന്നത് തനിക്ക് എന്തൊക്കെയോ കുറവുകള്‍ ഉണ്ടെന്നു സ്വയം വിശ്വസിച്ചു കൊണ്ടാണ്‌ . പുറമേയുള്ളവര്‍ക്കു 'ഇതിലെന്തിരിക്കുന്നു' എന്നു തോന്നാം. പക്ഷെ അനുഭവിക്കുന്ന ആളുടെ വേദന - അത് മറ്റൊരാള്‍ക്ക് അറിയാന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ എന്നെക്കുറിച്ച് പറയാം .. ഞാന്‍ കണ്ടതും ഞാന്‍ അനുഭവിച്ചതും..
                       
                             *****************************************

പ്രായം: 0 - 13

ഏട്ടനും ഞാനും ഒരേ പോലെ സ്കൂളില്‍ പോകുന്നു. രണ്ടു പേരും വലുതാകുമ്പോള്‍ ജോലി വാങ്ങിക്കുമെന്നും പൈസ സമ്പാദിക്കുമെന്നും ആഗ്രഹിച്ചു. എനിക്കും ഏട്ടനും അമ്മ പക്ഷഭേദമില്ലാതെ മിഠായി തന്നു. മറ്റു ആവശ്യങ്ങള്‍ നിറവേറ്റി . പഠനത്തില്‍ വളരെ നന്നായി മുന്നോട്ട് പോയിരുന്ന ഞാന്‍ പഠനേതരകാര്യങ്ങളിലും നന്നായി പ്രവര്‍ത്തിച്ചു. ഒരു പക്ഷെ കൂടെയുണ്ടായിരുന്ന മറ്റു ആണ്‍കുട്ടികളേക്കാളും നന്നായി തന്നെ. . പക്ഷെ ഇതേ ഞാന്‍ ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ ഒരു തവണ ഏതോ ഒരു സാധനത്തിന്റെ പേരില്‍ അവകാശം പറഞ്ഞു ഏട്ടനുമായി തല്ലു കൂടിയപ്പോള്‍ കണ്ടു നിന്ന വീട്ടിലെ ഒരു മുതിര്‍ന്ന അംഗം എന്നോട് പറഞ്ഞു "അവന്‍ ആണ്‍കുട്ടിയല്ലെ.. അവനു കൊടുത്തേക്ക്" എന്ന്‌. .ഇത് എന്റെ ആത്മാഭിമാനത്തെ എന്റെ കൊച്ചു മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചെന്നോ.... പക്ഷെ 'ആണ്‍കുട്ടിക്കെന്താ കൊമ്പുണ്ടോ" എന്നു ചോദിച്ച് പിന്തിരിഞ്ഞില്ലെങ്കിലും ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ചിലപ്പോഴൊക്കെ ശക്തമായി തിരിച്ചടിച്ചു. എന്നിട്ടാരും കാണാതെ കുറെ കരഞ്ഞു. ചിലപ്പോഴൊക്കേ എല്ലാരുടെ മുന്നിലും കണ്ണില്‍ വെള്ളം വന്നും ധൈര്യം പോയ്യിലെന്നു വരുത്തി തീര്‍ക്കാന്‍ പാടുപെട്ടു നിന്നു. 

മറ്റൊരു തവണ എനിക്കിഷ്ടമുള്ളൊരു ഉപ്പേരി അടുക്കളയില്‍ പാത്രത്തില്‍ തയ്യാറാകുന്നത്ക ണ്ടപ്പോള്‍ മുതല്‍ വിശപ്പിന്റെ വിളി ആക്രമിച്ച എന്നോട് "ആദ്യം ആണ്‍ക്കുട്ടികളും ആമ്പിള്ളേരും ഭക്ഷണം കഴിക്കട്ടെ.. എന്നിട്ടാകാം ബാക്കിയുള്ളവര്" എന്നു പറഞ്ഞു മാറ്റി നിര്‍ത്തി. പ്രായം 13. വലിയ പെണ്‍കുട്ടിയായിത്രെ ഞാന്‍. പിന്നീട് ഭക്ഷണം വിളമ്പി തന്നപ്പോള്‍ ഉപ്പേരിയെല്ലാം തീര്‍ന്നിരുന്നു. അന്നു ഞാന്‍ കഴിച്ച ചോറിനു ഉപ്പുരസം കൂടുതലായിരുന്നു. എന്റെ സങ്കടം അമ്മോട് പറഞ്ഞപ്പൊ അമ്മ പറഞ്ഞു "ചില ആള്‍ക്കാര്‍ അങ്ങനെയാണ്‌. അമ്മ പിന്നെ ഉണ്ടാക്കി തരാം" എന്നു. പക്ഷെ എന്റെ കൂടെ കളിച്ചു വളര്‍ന്ന കസിന്‍സിനു (ആണ്‍ കസിന്‍സ് എന്നു പറയേണ്ടി വരും ) ഉള്ളതില്‍ നിന്നു എന്തു കുറവാണ്‌ എനിക്കുള്ളത്? ഒരുപക്ഷെ അവരേക്കാള്‍ നന്നായി പഠിക്കാനും വിദ്യാലയത്തില്‍ ശോഭിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി അങ്ങനെ കഴിഞ്ഞിട്ടില്ലെങ്കില്‍ കൂടി എന്തിനാണീ വേര്‍തിരിവു? 

ഇത് ഒന്നോ രണ്ടോ സംഭവങ്ങളല്ല.. ഇങ്ങനെ എത്ര തവണ? എത്ര സ്ഥലത്തു വെച്ച്?

എങ്കിലും ഞാന്‍ വിട്ടുകൊടുത്തില്ല.. തിരിച്ചടിച്ചു. പലപ്പോഴും എന്റെ വാദം കേള്‍പ്പിക്കാനായി ഉറക്കെ സംസാരിച്ചു. അപ്പോഴും പെണ്‍കുട്ടികളുടെ ശബ്ദം പുറത്തേക്ക് കേള്‍ക്കാന്‍ പാടില്ല എന്നു പറഞ്ഞവരുണ്ടായിരുന്നു. അപ്പോള്‍ വീണ്ടും വീണ്ടും  ഉറക്കെ സംസാരിച്ചു. എനിക്കെന്തിന്റെ കുഴപ്പമാണെന്നു ചോദിച്ചവരുണ്ട്. അമ്മ എനിക്ക് പലപോഴും കൂട്ടായി നിന്നിട്ടുണ്ടെങ്കിലും ചിലപ്പോഴൊക്കെ എന്നോട് പറഞ്ഞു "നീ പറഞ്ഞതില്‍ ന്യായമുണ്ടാകാം. പക്ഷെ ഇങ്ങനെയാണ്‌ നമ്മടെ സമൂഹം ".  അമ്മയും എപ്പോഴും എന്നോടൊപ്പമില്ലായിരുന്നു. എപ്പോഴെല്ലാം ഏട്ടനു കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടിയോ അപ്പോഴെല്ലാം എന്റെ വാശിയും കൂടി. ഒരിക്കല്‍ പോലും ആണായി പിറന്നാല്‍ മതിയായിരുന്നു എനിക്ക് തോന്നിയില്ല. പെണ്ണായി തന്നെ നന്നായി ജീവിക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ഇതിനിടയില്‍ ഞാന്‍ വീട്ടുക്കാര്‍ക്കിടയില്‍ "റെബല്‍ " എന്ന പേരു സമ്പാദിച്ചു കഴിഞ്ഞിരുന്നു. പക്ഷെ അതുകൊണ്ടൊരു ഗുണമുണ്ടായി .. എന്റെ വീട്ടില്‍ ആണ്‍ പെണ്‍ വ്യത്യാസം കുറഞ്ഞുകൊണ്ടിരുന്നു. 

പ്രായം: 13 - 17

ഞാന്‍ വളരുന്നു. . പാലക്കാട്ടെ ബസ്സുകളില്‍ തനിയെ സഞ്ചരിച്ചു തുടങ്ങി. ഇവിടെ എന്നെ വേദനിപ്പിച്ചത് എന്റെ അനുവാദമില്ലാതെ ദേഹത്ത് തൊടുന്നവരായിരുന്നു. ബസ്സില്‍ നില്‍ക്കുമ്പോള്‍ ഇരിക്കുമ്പോള്‍ എല്ലാം തൊട്ടടുത്ത് ഒരു കയ്യോ കാലോ ദേഹമോ എന്റെ ദേഹത്തോട് ചേര്‍ന്നു നില്‍ക്കും. എനിക്ക് ധൈര്യത്തിനു കുറവുണ്ടായിരുന്നില്ല എന്നതു കൊണ്ട് ഞാന്‍ തിരിച്ചു ചോദിക്കുമായിരുന്നു. അവരെ ബസ്സില്‍ നാണം കെടുത്തുമായിരുന്നു. ഒരു "സുഗമാ ഹിന്ദി പരീക്ഷാ ദിവസം" (ഈ പരീക്ഷകള്‍ അവധി ദിവസത്തില്‍ ആണ്‌ നടക്കാറുള്ളത് എന്നതു കൊണ്ട് സ്കൂള്‍ ബസ്‌ ഉണ്ടായിരിക്കുന്നതല്ല. അപ്പോള്‍ സുഹൃത്തുക്കള്‍ ഒരുമിച്ച് ലൈന്‍ ബസ്സിലാണ്‌ യാത്ര) പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി ബസ്സില്‍ നിന്നിറങ്ങി എന്നോട് കൂടെയുണ്ടായിരുന്ന സാബിത കരഞ്ഞു കൊണ്ട് പറഞ്ഞു - "ഡാ.. നമുക്കെവിടേലുമിരിക്കാം എനിക്ക് തലചുറ്റുന്ന പോലെ" എന്നു . പാലക്കാട് മുന്‍സിപ്പല്‍ സ്റ്റാന്‍ഡിന്റെ മുന്‍ഭാഗത്തുള്ള കടകളുടെ ഒരു ഭാഗത്ത് ഞാന്‍ അവളെ താങ്ങി നിര്‍ത്തി. കലങ്ങിയ കണ്ണുകളോടെ അവള്‍ പറഞ്ഞത് കേട്ടു ഞാന്‍ ഞെട്ടി. അവളുടെ നീല യൂണിഫോം സ്കര്‍ട്ടിനു മുകളില്‍ തൊട്ടുരുമ്മി നിന്ന ഒരുത്തന്‍ അവളുടെ ദയനീയമായ നോട്ടം കണ്ടു പ്രതികരിക്കുന്നില്ല എന്നറിഞ്ഞു കൂടുതല്‍ ആവേശത്തോടെ കൈകള്‍ ഷര്‍ട്ടിനടിയിലൂടെ കേറ്റി ദേഹത്തു തിരുമ്മല്‍ തുടങ്ങി. വളരെ മെല്ലെയെങ്കിലും ആ കൈകള്‍ 14 വയസ്സുള്ള കുട്ടിയുടെ ദേഹത്തില്‍ തൊട്ടും തലോടിയും ചിലഭാഗത്ത് വേദനിപ്പിക്കാനായി അമര്‍ത്തിയും നീങ്ങി. തിരക്കുള്ള ബസ്സില്‍ ഉച്ച നേരത്താണിതെന്നോര്‍ക്കണം.

അവളുടെ വേഷത്തെ കുറ്റപ്പെടുത്തണ്ട. അവള്‍ സാരിയല്ല ധരിച്ചിരുന്നത് എന്നതു ഭാഗ്യം . ഇനി അവള്‍ പ്രതികരിച്ചില്ല എന്നു പറഞ്ഞു കുറ്റപ്പെടുത്താന്‍ നിങ്ങള്‍ തുനിയുന്നോ? എങ്കില്‍.. നിങ്ങള്‍ അങ്ങിനെയാണോ അവളെ വളര്‍ത്തിയത്? മറുത്തു പറയാന്‍ പാടില്ലാത്ത വീട്ടിലെ ഏട്ടന്റെയോ അനിയന്റെയോ കൂടെ നില്‍ക്കാന്‍ അവകാശമില്ലാതെ അടുക്കള ജോലി അറിയേണ്ടവളാണെന്നു പറഞ്ഞു പണി പഠിക്കാന്‍ ആവശ്യപ്പെട്ട് ഭാവിയിലെന്നോ നടക്കാനിരിക്കുന്ന കല്യാണത്തിനായി എത്ര സ്വര്‍ണം ഉണ്ടാക്കി ബുദ്ധിമുട്ടണമെന്നു ഓര്‍മപ്പെടുത്തിയല്ലേ നിങ്ങള്‍ അവളെ വളര്‍ത്തിയത്? അവള്‍ എങ്ങനെ പ്രതികരിക്കും? അവള്‍ക്കും പ്രതികരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ വാക്കുകള്‍ പുറത്തേക്ക് വന്നില്ലത്രെ. അവള്‍ എന്നോടായത്കൊണ്ട് പൊട്ടി പൊട്ടി കരഞ്ഞു പറഞ്ഞു. വീട്ടില്‍ പറഞ്ഞാല്‍ ഇനി കൂട്ടുകാരുടെ കൂടെ പോകേണ്ട എന്നു പറയുമെന്നു അവള്‍ പേടിച്ചിരുന്നു. അതോടു കൂടി ഞാന്‍ എന്റെ കൂടെ വരുന്ന സുഹൃത്തുക്കളെ പേടി കൂടാതെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കാനുള്ള ചുമതല കൂടി ഏറ്റെടുത്തു. തോണ്ടല്‍ വിരുതന്‍മരെ ചീത്ത പറയുമ്പോള്‍ മറ്റു യാത്രക്കാര്‍ കൂടെ നിന്നു. ചിലപ്പോള്‍ അപമാനിതയും ആയിട്ടുണ്ട്. ഒരു തവണ ഒരു ആന്റി പറഞ്ഞു - "ഇതൊക്കെ സാധാരണമല്ലേ ?.. കണ്ടില്ല കേട്ടില്ല എന്നു വെക്കണം" എന്നു. എത്ര എളുപ്പം ? ചിലപ്പോഴൊക്കെ ഞാനും പ്രതികരിക്കാതെ വിട്ടിട്ടുണ്ടായിരുന്നു. പക്ഷെ ആ ചോദ്യത്തൊടെ ഞാന്‍ തീരുമാനമെടുത്തു - ഇതില്‍ ചെറുത് വലുത് എന്നില്ല... എന്റെ സ്വകാര്യതയുടെ മേല്‍ എന്റെ മാത്രമായ ദേഹത്തിനുമേല്‍ എനിക്കു മാത്രമാണ്‌ അധികാരം . ആ ചോദ്യവും തുടര്‍ തോണ്ടലുകളും എന്നെ പോലെ ചിലരെ കൂടുതല്‍ വാശി പിടിപ്പിക്കുമെങ്കില്‍ മറ്റു ചിലരെ ശരിക്കും തളര്‍ത്തും. മിനിയും ലിസയും അങ്ങനെ തന്നെ. എന്നാല്‍ രമ്യയും ദിവ്യയും ഞാനുള്ളപ്പോള്‍ പ്രതികരിച്ചു തുടങ്ങി. 

സിനിമാ തിയേറ്ററിനുള്ളില്‍ , പുറത്തെ തിരക്കില്‍ എല്ലാം ഞാന്‍ രോഗികളെ കണ്ടു. എന്നെ മുന്നിലെയും പിന്നിലെയും മാത്രം അവയവങ്ങളായി കണ്ട രോഗികളെ.  "സിനിമക്കൊന്നും പോകേണ്ട, തൊടാനും പിടിക്കനും കുറെ പേരുണ്ടാകും " എന്നു പറഞ്ഞവരോട് കൂട്ട് നില്‍ക്കാന്‍ ആയില്ല. എന്റെ വീട്ടിലെ പട്ടി എന്റെ തന്നെ വീട്ടിലെ ഒരു വ്യക്തിയെ കടിച്ചാല്‍ വീട്ടുകാര്‍ പട്ടിയെ ആണ്‌ കെട്ടിയിടുക. അല്ലാതെ വ്യക്തിയെ അല്ല. സമൂഹത്തിലെ ചില പട്ടികള്‍ കാരണം നല്ല വ്യക്തികള്‍ പുറത്തിറങ്ങരുത് എന്നു പറയുന്നതിലെന്തു ന്യായം? ഞാന്‍ പുറത്തേക്കിറങ്ങാതിരുന്നില്ല. അങ്ങനെ ഇറങ്ങുന്തോറും എന്റെ ആത്മവിശ്വാസം കൂടി. ധൈര്യം കൂടി. "വാനപ്രസ്ഥം" കാണാന്‍ അമ്മയോടൊപ്പം പോയപ്പോള്‍ പുറകില്‍ നിന്നു തോണ്ടിയ രോഗിയെ എല്ലാവരുടെയും മുന്നില്‍ വെച്ച് എഴുന്നേറ്റ് നിന്നു ഞാന്‍ ചീത്ത പറഞ്ഞു. അയാള്‍ പിന്നെ വന്നു ഉപദ്രവിച്ചാലോ എന്നു അമ്മ പേടിച്ചു. കേരളത്തില്‍ ജനിച്ച് അവിടെ തന്നെ പഠിച്ച് അവിടെ തന്നെ വളര്‍ന്ന ഞാന്‍ എല്ലാരെയും പേടിച്ച് എന്റെ സ്വാതന്ത്ര്യം വേണ്ടെന്നു വെക്കണമോ? സമൂഹം നന്നാവാന്‍ കാത്തുനില്‍ക്കാതെ സ്വയം മാറി ചിന്തിച്ചു തുടങ്ങുന്നതല്ലേ നല്ലത് ?

ഈ ധൈര്യവും ആത്മവിശ്വാസവും എല്ലാവര്‍ക്കും തനിയെ ഉണ്ടാകില്ല. വീട്ടിലെ ഒരു ചെറിയ ഇകഴ്ത്തല്‍ മതി നമ്മുടെ ആത്മവിശ്വാസം തകരാന്‍ . അപകര്‍ഷതാ ബോധം വളര്‍ത്താന്‍ . 

"എന്തേ എനിക്കു തന്നില്ല എന്തേ ഏട്ടനു മാത്രം" എന്നു ചോദിച്ച് ന്യായം നോക്കിയ എന്നൊട് തിരിച്ചൊരു ചോദ്യം "അര്‍ദ്ധരാത്രിയില്‍ കോട്ടമൈതാനത്ത് പോകാന്‍ നിനക് പറ്റുമോ? പക്ഷെ നിന്റെ ഏട്ടനു പറ്റും . അതു തന്നെയാണ്‌ വ്യത്യാസം ". എനിക്കു അര്‍ദ്ധരാത്രി കോട്ടമൈതാനത്ത് പോകാന്‍ പറ്റില്ലെങ്കില്‍ അത് എന്റെ കുറ്റമാവുന്നത് എങ്ങനെ? അതിനു എന്നെ കുറ്റപ്പെടുത്തി പറയുന്നത് എന്റെ ആത്മവിശ്വാസം തകര്‍ക്കുകയല്ലെ ചെയ്യുക? ഇത് ഞാന്‍ മാത്രം കേട്ടതല്ല. ഒരുപാട് പേര്‍ നേരിട്ടിട്ടുണ്ട്. വീട്ടില്‍ അസമത്വം കാണിക്കാതെ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ശ്രദ്ധിച്ച് കൂടെ ജാഗ്രത പുലര്‍ത്തുന്നത് നല്ലതുതന്നെ എന്നു പറയേണ്ട വീട്ടുകാര്‍ ഇങ്ങനെ ചെയ്താലോ?

എന്തിനേറെ? നൂറു ദിവസം തികച്ചോടിയ മമ്മൂട്ടിയുടെ "കിംഗ്" എന്ന സിനിമയില്‍ പറയുന്നു - "നീ പെണ്ണാണ്‌. വെറുമൊരു പെണ്ണ്‌ ". ഇത് കേട്ടു കയ്യടിച്ച ഓരോരുത്തരും ഈ സാമൂഹിക അനീതിക്കു കൂട്ടു നിന്നവരാണ്‌. ഇത് ഒരു സിനിമയില്‍ മാത്രമല്ല.. പല സിനിമകളില്‍ പല ആള്‍ക്കാരില്‍ നിന്ന് കേള്‍ക്കുന്നു. ഇനി മലയാളം സിനിമകളുടെ കാര്യം പറയേണ്ട. നടി തല്ലു കൂടുന്നു.. ഉറക്കെ സംസാരിക്കുന്നു. പിന്നീട് നടന്റെ കയ്യില്‍ നിന്നൊരു തല്ലു, അല്ലെങ്കില്‍ ചീത്ത. അതോടെ അടുത്ത സീനില്‍ നടിയുടെ മുഖം ഒരല്‍പം താഴേക്കു നോക്കി കൊണ്ടായിരിക്കും . അതുവരെയുള്ള സീനുകളില്‍ ധരിച്ചിരുന്നത് ജീന്‍സോ ടോപ്പോ ചുരിദാരോ ആണെങ്കില്‍ കൂടി അടി\ചീത്ത കിട്ടിയ ശേഷമുള്ള സീനില്‍ സാരിയായിരിക്കും ധരിക്കുന്നത്. വിഡ്ഡിത്തം ! അല്ല്ലതെന്തു പറയാന്‍ ! അതു കണ്ട് വീട്ടില്‍ "കണ്ടില്ലേടീ ആണുങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും " എന്നു പറഞ്ഞവരെയും എനിക്കറിയാം . 

സഹോദരരേ.. ഒന്നാലോചിച്ചു നോക്കൂ.. തമാശ പറഞ്ഞു കൂട്ടുകാരുടെ കൂടെ നടക്കുമ്പോഴും രണ്ടൂ കണ്ണുകളെ പത്താക്കി ചുറ്റും പരതി പേടിച്ച് നടക്കേണ്ട അവസ്ഥ... വീട്ടിലും ചുറ്റിലും സിനിമയിലുമെല്ലാം താഴ്ത്തികാണിക്കുന്ന ഈ പ്രവണത നല്ലതാണോ?

സമൂഹത്തില്‍ സാരമായ വ്യത്യാസം വരുത്താന്‍ നിങ്ങള്‍ ഒറോരുത്തര്‍ക്കും പങ്കുണ്ടെന്നു മനസ്സിലാക്കുക. 

ഞാന്‍ വളര്‍ന്നു. പ്രീഡിഗ്രി കോളേജുകളില്‍ ഇല്ല.. തുടര്‍ന്നും സ്കൂള്‍ പഠനം തന്നെ. ഞാന്‍ എത്തിപ്പെട്ടത് തൃശ്ശൂരിലെ പ്രശസ്തമായ ഒരു പെണ്‍കുട്ടികളുടെ വിദ്യാലയത്തില്‍ . അവിടെ വെച്ചു ഞാന്‍ ആദ്യമായി പെണ്‍കുട്ടികള്‍ തമ്മില്‍ സ്നേഹിക്കാറുണ്ടെന്നറിഞ്ഞു. അവരെ ഇംഗ്ലീഷില്‍ "ലെസ്ബിയന്സ്' എന്നു വിളിക്കുമെന്നും അറിഞ്ഞു.  അതില്‍ ഒരാളായ ടീനയുടെ വീട് തൃശൂരില്‍ തന്നെ. പക്ഷെ 3-4 ദിവസം അവധി വരുമ്പോഴൊന്നും അവള്‍ പോകുന്നില്ല. ഇവിടെ തന്നെ.  ഞങ്ങളില്‍ ഒരുപാട് പേര്‍ അവളേയും കൂട്ടുകാരിയേയും അടക്കം പറഞ്ഞു കളിയാക്കിയിരുന്നു.  ആദ്യമാദ്യം അവളൊന്നും പറഞ്ഞില്ല. പിന്നീടെപ്പോഴോ ആയി അറിഞ്ഞു അവളുടെ സ്വന്തം അച്ഛനും കൂട്ടുകാരും കൂടുന്ന വീട്ടിലെ കള്ളുസഭയില്‍ അവളെയും വിളിച്ചിരുന്നു. വലുതാകുന്തോറും സ്വന്തം അച്ഛനില്‍ നിന്നു വരെ നല്ല പെരുമാറ്റം കിട്ടാതായപ്പോല്‍ ഹോസ്റ്റല്‍ ജീവിതത്തിലേക്ക് കയറി. സ്വാഭാവികമായും ആണുങ്ങളോട് നല്ല രീതിയില്‍ ഇടപഴകാനാകാതെ അവള്‍ പെണ്‍കുട്ടികളെ സ്നേഹിച്ചു തുടങ്ങി. 

തൃശ്ശൂരില്‍ എന്നെ എതിരേറ്റത് മറ്റൊരു പുതിയ അനുഭവം കൂടിയായിരുന്നു. ഹോസ്റ്റലില്‍ 98 ശതമാനം സയന്‍സ് ഗ്രൂപ് വിദ്യാര്‍ഥികള്‍ ആയിരുന്നു. എന്റെ ഹോസ്റ്റലിലെ മിക്ക സയന്‍സ് വിദ്യാര്‍ത്ഥികളും പി.സി.തോമസ്‌ മാഷുടെയോ അജിത് സാറിന്റെയോ ട്യൂഷന്‍ - എന്‍ട്രന്‍സ്   ക്ലാസ്സുകള്‍ക്കായി രാവിലെ 6:30ക്കു തന്നെ ഹോസറ്റ്ലില്‍ നിന്നിറങ്ങും.  തിരിച്ച് 8:30ക്ക്‌ നേരെ ഹോസ്റ്റലിലേക്കും. അതൊരോട്ടമാണ്‌. കാരണം നടന്നു ഹോസ്റ്റല്‍ എത്തി പ്രഭാത ഭക്ഷണവും കഴിച്ച് ക്ലാസ്സിലെത്തണം. 5-6 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ ആയാണ്‌ ഞങ്ങള്‍ നടക്കാറുള്ളത്.  2-3 ആഴ്ച്ചയേ ആയുള്ളൂ ക്ലാസ്സുകള്‍ തുടങ്ങിയിട്ടെങ്കിലും നമ്മളെല്ലാം സുഹൃത്തുക്കള്‍ ആയിക്കഴിഞ്ഞിരുന്നു. ഒരു ദിവസം തിരിച്ച് നടന്നു വരുമ്പോള്‍ ഞാന്‍ കണ്ടത് കരഞ്ഞു തളര്‍ന്നു വരുന്ന രേശ്മയെയാണ്‌ . കാര്യം തിരക്കിയപ്പോള്‍ അറിഞ്ഞത് തൃശ്ശൂരിലെ ചില ഞരമ്പു രോഗികളെക്കുറിച്ച്. ഇത് അവിടെ സ്ഥിരമായ കാര്യം. പതിനഞ്ചും പതിനാറും വയസ്സുള്ള പെണ്‍കുട്ടികള്‍ നടന്നു പോകുമ്പോള്‍ "ശ്ശ് ശ്ശ്" എന്നു വിളി കേള്‍ക്കാം . മനുഷ്യനല്ലേ.. തിരിഞ്ഞു നോക്കും. അപ്പോള്‍ കാണുന്നത് മുണ്ട് പൊക്കുന്ന ഒരു പുരുഷനെയാണ്‌. തന്റെ നഗ്നത കാണിക്കുന്നതില്‍ താല്‍പര്യമുള്ള പുരുഷന്‍മാര്‍ ഒരുപാടുണ്ടവിടെ. ഇത്തരത്തില്‍ ഒരു  കാഴ്ച്ച തൊട്ടടുത്ത് നിന്നു കാണേണ്ടി വന്നതാണ്‌ രേശ്മ കരയാനിടയാക്കിയത്. അന്നേ ദിവസം ആ പാവത്തിനു ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞില്ല. ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ക്കും. പിന്നീട് ഈ ഞാന്‍ തന്നെ പത്തിലേറെ തവണ നഗ്നത പ്രദര്‍ശനം കണ്ടിട്ടുണ്ട്. ആത്മ വിശ്വസത്തോടെ കണ്ണുരുട്ടി കാണിച്ച് പോകാന്‍ പറഞ്ഞാല്‍ അയാള്‍ പോകുമെന്നു വിചാരിച്ച എനിക്കു തെറ്റു പറ്റി. അയാള്‍ കൂടുതല്‍ വികൃതമായ ചേഷ്ടകളോടെ അതു തുടര്‍ന്നൂ.  പിന്നീട് തിരിച്ച് നാടെത്തിയിട്ടും പുറകില്‍ നിന്നൊരാളു വിളിച്ചാല്‍ ഞാന്‍ തിരിഞ്ഞു നോക്കാതായി. 

പന്ത്രണ്ടാം ക്ലാസ്സു കഴിഞ്ഞു തുടര്‍പഠനം ചെയ്യാതെ കല്യാണം കഴിച്ച ഒരു സുഹൃത്തു എനിക്കുണ്ട്. ഭര്‍ത്താവുമായി ഒന്നു ഇണങ്ങുന്നതിനു മുന്നെ, സെക്സെന്നതിനെക്കുറിച്ച് അറിയാതിരുന്ന അവളെ ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു അയാള്‍ . അതും ബലാല്‍സംഗത്തിനു തുല്യമല്ലേ? ഇതു പോലെ എത്രയെത്ര പേര്‍ ചെയ്യുന്നുണ്ട്.

ഈ അസമത്വത്തിനു ഒരു പരിധി വരെ മതങ്ങളും മത പുസ്തകങ്ങളും ഒരു കാരണം തന്നെയാണ്‌. അതൊരു പക്ഷെ ഓഷോ പറഞ്ഞതു പോലെ പുരുഷന്റെ പേടിയില്‍ നിന്നു ഉത്ഭവിച്ചതാകാം. പുതു തലമുറയെ സൃഷ്ടിക്കാന്‍ സ്ത്രീയും പുരുഷനും ഒരു പോലെ അവശ്യമാണ്‌ . എന്നാല്‍ ആ ഭ്രൂണത്തെ ഗര്‍ഭം ധരിക്കാന്‍ സ്ത്രീക്കേ കഴിയുകയുള്ളു.  അപ്പൊ തന്നേക്കാള്‍ വലുതായേക്കുമോ അവള്‍ എന്ന പേടിയില്‍ നിന്നാകാം പിന്നീട് ഓരോ ചുവടും വെച്ചത്. പക്ഷെ ഇന്നത്തെ തലമുറയും അതു കൊണ്ടു പിടിക്കുന്നതിനെ കുറിച്ചാലോചിക്കുമ്പൊ ചിരിയാണ്‌ വരുന്നത്. പക്ഷെ ആ ചിരിക്കു ഇന്നു രക്തത്തിന്റെ മണമുണ്ട്. അതുണ്ടാക്കുന്നത് നമ്മള്‍ ഓരോരുത്തരുമാണ്.

" മുമ്പേ ഗമിക്കും ഗോവിനു പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം " എന്നു കേട്ടിട്ടില്ലേ.. അത്ര തന്നെ.

( ഭാഗം - 2  ഇവിടെ വായിക്കാം )

5 comments:

വര്‍ഷ said...

"ഇന്നലത്തെ അബദ്ധം നാളത്തെ ശാസ്ത്രമായതാണ്‌ " ഇന്നു നാം കാണുന്ന സ്ത്രീ-പുരുഷ അസമത്വം. അതു തന്നെയാണ്‌ സ്ത്രീപീഠനങ്ങള്‍ക്കു ഒരു പരിധി വരെയുള്ള കാരണവും. ഇതിനു ഒരു മാറ്റമുണ്ടാകണമെങ്കില്‍ നമ്മളിലോരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രമിക്കേണ്ടതുണ്ട്.

മലക്ക് said...

@"അവന്‍ ആണ്‍കുട്ടിയല്ലെ.. അവനു കൊടുത്തേക്ക്" എന്ന്‌. .ഇത് എന്റെ ആത്മാഭിമാനത്തെ എന്റെ കൊച്ചു മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചെന്നോ.... പക്ഷെ 'ആണ്‍കുട്ടിക്കെന്താ കൊമ്പുണ്ടോ" എന്നു ചോദിച്ച് പിന്തിരിഞ്ഞില്ലെങ്കിലും ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ചിലപ്പോഴൊക്കെ ശക്തമായി തിരിച്ചടിച്ചു. എന്നിട്ടാരും കാണാതെ കുറെ കരഞ്ഞു. ചിലപ്പോഴൊക്കേ എല്ലാരുടെ മുന്നിലും കണ്ണില്‍ വെള്ളം വന്നും ധൈര്യം പോയ്യിലെന്നു വരുത്തി തീര്‍ക്കാന്‍ പാടുപെട്ടു നിന്നു.

അവന്‍ ആണ്‍കുട്ടി അല്ലെ എന്ന് ചോദിച്ചത് വെറുതെ അല്ല. പല കാര്യങ്ങളും അന്കുട്ടികള്‍ക്ക് മാത്രമേ ചെയ്യുവാന്‍ കഴിയൂ, അത് തന്നെ. ഉദാഹരണത്തിന് ഒരാള്‍ മുണ്ട് പൊക്കി കാണിച്ചാല്‍ തിരിച്ചു പാവാട പൊക്കി കാണിക്കാന്‍ ഒരു പെണ്‍കുട്ടിക്ക് കഴിയില്ല. ഒരു ബീച്ചില്‍ കൂടി മേല്‍ വസ്ത്രം ധരിക്കാതെ ഒരു പെണ്‍കുട്ടിക്ക് നടക്കുവാന്‍ സാധിക്കുമോ? തെറ്റിദ്ധരിക്കണ്ട, ആണ്‍കുട്ടികളുടെ തൊലിക്കട്ടി കുറച്ചു കൂടുതല്‍ ആണ്. ആണുങ്ങളുടെ ശരീരം കുറച്ചു കൂടി സ്ട്രോങ്ങ്‌ ആണ്, ജനറ്റിക്കലി പ്രകൃതി പുരുഷനെ സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണ്. അതുകൊണ്ട് കൂടുതല്‍ ഊര്‍ജം വേണ്ട ജോലികള്‍ ആണ്‍കുട്ടികള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലത്. അതുപോലെ താടിയും മീശയും വരുന്നത് ആണുങ്ങളുടെ മാത്രം പ്രത്യേകത അല്ലെ? ആണ്‍കുട്ടികള്‍ ചെയ്യുന്ന പോലെ തല മൊട്ട അടിച്ചു നടക്കാന്‍ ധൈര്യമുണ്ടോ? ഞാന്‍ പറയാന്‍ ഉദ്ദേശ്ശിക്കുന്നത്‌ ആണ്‍കുട്ടി ആണ്‍കുട്ടിയായും പെണ്‍കുട്ടി പെണ്‍കുട്ടിയായും നില്‍ക്കുന്നതാണ് എപ്പോഴും നല്ലത്.

കാര്യങ്ങള്‍ അപഗ്രധിക്കുന്നതിലും പ്രശ്നങ്ങളെ അഭിമുഘീകരിക്കുന്നതിലും ഒരുപാട് വ്യത്യാസങ്ങള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഉണ്ടെന്നു മനസിലാക്കാം. വര്‍ഷ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ തന്നെ ഉദാഹരണമായി എടുക്കാം. പണ്ട് അവന്‍ ആണ്‍കുട്ടി അല്ലെ എന്ന് ചോദിച്ചപ്പോള്, വര്‍ഷങ്ങള്‍ക്കു മുന്‍പ്‍ വര്‍ഷയുടെ മനസ്സ് വേദനിച്ചു എന്ന് പറഞ്ഞല്ലോ? ഇതുപോലുള്ള പല സംഭവങ്ങളും ആണ്‍കുട്ടികള്‍ക്കും ഉണ്ടാവാര്‍ ഉണ്ട്. അവള്‍ പെണ്‍കുട്ടി അല്ലെ എന്ന് പറഞ്ഞു പല കാര്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഇവിടെ വ്യത്യാസം എന്തെന്നാല്‍, ഒന്ന്; ആണ്‍കുട്ടി ഇത്തരത്തില്‍ ഉള്ള നിസ്സാര സംഭവങ്ങള്‍ ഒരു അഭിമാന പ്രശ്നമായി എടുക്കില്ല എടുത്താല്‍ തന്നെ വെറും നിമിഷങ്ങളിലേക്ക് മാത്രം, രണ്ടു; ഇതിന്റെ പേരില്‍ ആരും കാണാതെ പോയിരുന്നു കരയില്ല, മൂന്നു; വര്‍ഷങ്ങള്‍ അല്ല, മണിക്കൂറുകള്‍ പോലും അവന്‍ അത് മനസ്സില്‍ കൊണ്ടുനടക്കില്ല.

മലക്ക് said...

@"ആദ്യം ആണ്‍ക്കുട്ടികളും ആമ്പിള്ളേരും ഭക്ഷണം കഴിക്കട്ടെ.. എന്നിട്ടാകാം ബാക്കിയുള്ളവര്"

അമ്മ ചെയ്തതു അല്ലെ ശരി? വീട്ടില്‍ വന്ന അതിഥികളെ സല്ക്കരിക്കെണ്ടേ? എനിക്കുറപ്പുണ്ട് അന്ന് വര്‍ഷയുടെ അമ്മയ്ക്കും ഉപ്പേരി കിട്ടിക്കാണില്ല. അന്ന് അമ്മ മുഴുവന്‍ ഉപ്പേരിയും വര്‍ഷക്ക് തന്നിരുന്നു എങ്കില്‍ വേറെ ആരെക്കെങ്കിലും ലഭിക്കാതെ പോകില്ലേ? അവരെ അമ്മക്ക് വര്ഷയെ ആസ്വസിപ്പിച്ച പോലെ ആശ്വസിപ്പിക്കുവാന്‍ കഴിയുമോ? വര്‍ഷ തന്റെ സങ്കടം പറഞ്ഞതും അമ്മയോടല്ലേ? അച്ഛനോടോ എട്ടനോടോ അല്ലല്ലോ? ആണ്‍ കസ്സിന്സിനു ഉള്ളതിലും ഒരു കുറവും വര്‍ഷക്കില്ല, പക്ഷെ ആരും തന്റെ കുറവുകള്‍ പങ്കു വയ്ക്കുന്നത് എപ്പോഴും തനിക്കു ഇഷ്ടമുള്ളതും സ്വാധീനിക്കാന്‍ കഴിയുന്നതുമായ വ്യതിയുമായി ആയിരിക്കില്ലേ? വര്‍ഷയുടെ അമ്മയും അത്രയെ ചെയ്തുള്ളൂ.

@അമ്മ എനിക്ക് പലപോഴും കൂട്ടായി നിന്നിട്ടുണ്ടെങ്കിലും ചിലപ്പോഴൊക്കെ എന്നോട് പറഞ്ഞു "നീ പറഞ്ഞതില്‍ ന്യായമുണ്ടാകാം. പക്ഷെ ഇങ്ങനെയാണ്‌ നമ്മടെ സമൂഹം ".

അതെ സമൂഹം ഇങ്ങനെ ആണ്. അതിനെ ശരിയാക്കുവാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാത്രം പോരാ. അതിലേക്കു ഞാന്‍ തിരിച്ചു വരാം.

മലക്ക് said...

ഈ ധൈര്യവും ആത്മവിശ്വാസവും എല്ലാവര്‍ക്കും തനിയെ ഉണ്ടാകില്ല. വീട്ടിലെ ഒരു ചെറിയ ഇകഴ്ത്തല്‍ മതി നമ്മുടെ ആത്മവിശ്വാസം തകരാന്‍ . അപകര്‍ഷതാ ബോധം വളര്‍ത്താന്‍.

"എന്തേ എനിക്കു തന്നില്ല എന്തേ ഏട്ടനു മാത്രം" എന്നു ചോദിച്ച് ന്യായം നോക്കിയ എന്നൊട് തിരിച്ചൊരു ചോദ്യം "അര്‍ദ്ധരാത്രിയില്‍ കോട്ടമൈതാനത്ത് പോകാന്‍ നിനക് പറ്റുമോ? പക്ഷെ നിന്റെ ഏട്ടനു പറ്റും . അതു തന്നെയാണ്‌ വ്യത്യാസം ". എനിക്കു അര്‍ദ്ധരാത്രി കോട്ടമൈതാനത്ത് പോകാന്‍ പറ്റില്ലെങ്കില്‍ അത് എന്റെ കുറ്റമാവുന്നത് എങ്ങനെ? അതിനു എന്നെ കുറ്റപ്പെടുത്തി പറയുന്നത് എന്റെ ആത്മവിശ്വാസം തകര്‍ക്കുകയല്ലെ ചെയ്യുക? ഇത് ഞാന്‍ മാത്രം കേട്ടതല്ല. ഒരുപാട് പേര്‍ നേരിട്ടിട്ടുണ്ട്. വീട്ടില്‍ അസമത്വം കാണിക്കാതെ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ശ്രദ്ധിച്ച് കൂടെ ജാഗ്രത പുലര്‍ത്തുന്നത് നല്ലതുതന്നെ എന്നു പറയേണ്ട വീട്ടുകാര്‍ ഇങ്ങനെ ചെയ്താലോ?


ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും ചെറിയ തിരിച്ചടികള്‍ ആത്മവിശ്വാസം തകര്‍ക്കപ്പെടുവാന്‍ കാരനമാകരുത്. ജീവിതത്തില്‍ എല്ലാവര്ക്കും പ്രശ്നങ്ങളും പരിഭവങ്ങളും ഉണ്ട്, അവൈക്ക് കീഴ്പ്പെടുന്നതിനേക്കാള്‍ അവയെ തരണം ചെയ്യക എന്നതല്ലേ ഉചിതം?

അര്‍ദ്ധരാത്രി കോട്ടമൈതാനത്ത് പോകാന്‍ പറ്റില്ലെങ്കില്‍ അത് ഒരിക്കലും വര്‍ഷയുടെ കുറ്റമല്ല. പക്ഷെ വര്‍ഷയുടെ ഏട്ടന്റെയും കുറ്റമല്ല. ആരുടേയും കുറ്റമല്ല. വര്ഷയെ അപേക്ഷിച്ച് എട്ടനുള്ള ഒരു ചെറിയ കഴിവ് മാത്രം. ഇവിടെ വര്ഷയെ കുറ്റപ്പെടുത്തി പറഞ്ഞതല്ല ഏട്ടനെ പുകഴ്ത്തി പറഞ്ഞതാണ്. മറ്റുള്ളവരെ പുകഴ്ത്തുന്നതും താങ്കളുടെ ആത്മവിശ്വാസം കെടുത്തുമോ?

മലക്ക് said...

സഹോദരരേ.. ഒന്നാലോചിച്ചു നോക്കൂ.. തമാശ പറഞ്ഞു കൂട്ടുകാരുടെ കൂടെ നടക്കുമ്പോഴും രണ്ടൂ കണ്ണുകളെ പത്താക്കി ചുറ്റും പരതി പേടിച്ച് നടക്കേണ്ട അവസ്ഥ... വീട്ടിലും ചുറ്റിലും സിനിമയിലുമെല്ലാം താഴ്ത്തികാണിക്കുന്ന ഈ പ്രവണത നല്ലതാണോ?

സമൂഹത്തില്‍ സാരമായ വ്യത്യാസം വരുത്താന്‍ നിങ്ങള്‍ ഒറോരുത്തര്‍ക്കും പങ്കുണ്ടെന്നു മനസ്സിലാക്കുക.


വര്‍ഷ പറഞ്ഞ പല സംഭവങ്ങളും മനസിലായി. അത്തരം ഞരമ്പ് രോഗികളെ സഹായിക്കാനാണ് എന്റെ ശ്രമം എന്ന് വിചാരിക്കരുത്.

വളരെ തിരക്കുള്ള ഒരു റോഡ്‌ മുറിച്ചു കടക്കാന്‍ ഒരാള്‍ ശ്രമിക്കുന്നു. അതുവഴി അപ്പുറം കടക്കരുത് നടപ്പാത വഴി വേണം അപ്പുറം എത്താന്‍ എന്ന് ഒരാള്‍ പറഞ്ഞു തന്നു. അപ്പോള്‍ അതെന്തുകൊണ്ടാണ്? എന്തെ വണ്ടികള്‍ക്ക് എനിക്ക് കടക്കാന്‍ ഒന്ന് നിര്‍ത്തി തന്നുകൂടെ എന്ന് ചോദിച്ചു അയാള്‍ നടന്നു തുടങ്ങി. ഒരു പക്ഷെ ചിലപ്പോള്‍ വണ്ടികള്‍ നിര്‍ത്തി കൊടുക്കുമായിരിക്കും എന്നാല് ഏതെങ്കിലും വണ്ടി അയാളെ വന്നിടിച്ച്ചാല്‍ അതിനു ഉത്തരവാദി അയാള്‍ മാത്രമാണ്. ഇവിടെ അയാളെ പ്രോത്സാഹിപ്പിച്ചാല്‍ നാളെ എല്ലാവരും അതിലെ നടന്നു തുടങ്ങും. അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തില്‍ ആക്കുക അല്ലെ ചെയ്യൂ?

ആ റോഡിലൂടെ ഓടുന്ന വണ്ടികള്‍ പോലെയാണ് സമൂഹം. നല്ല ഡ്രൈവര്‍ വണ്ടി നിര്‍ത്തി തരും എന്നാല്‍ എല്ലാവരും നിര്‍ത്തണം എന്നില്ല. അതുകൊണ്ട് നമ്മുടെ മുതിര്‍ന്നവര്‍ പറഞ്ഞു തന്ന നിയന്ത്രണങ്ങള്‍ പാലിച്ചു പുരുഷന്മാര്‍ സഞ്ചരിക്കേണ്ട വഴിയില്‍ പുരുഷന്മാരും സ്ത്രീകള്‍ സഞ്ചരിക്കേണ്ട വഴിയെ സ്ത്രീകളും സഞ്ചരിക്കുന്നത് അല്ലെ ഉചിതം? സ്ത്രീ ആയാലും പുരുഷന്‍ ആയാലും പല പല നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിക്കാന്‍ ബാധ്യസ്തര്‍ ആണ്. നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്രിരിക്കാം പക്ഷെ അതുമൂലം എന്തെങ്കിലും ഭവിഷത് ഉണ്ടായാല്‍ അനുഭവിക്കെണ്ടാവര്‍ അവര്‍ തന്നെ. ഒരു ഉദാഹരണം പറഞ്ഞാല്‍‍ നല്ല വസ്ത്രമോ മോശം വസ്ത്രമോ ധരിക്കാം ഒരു കുഴപ്പവും ഇല്ല, പക്ഷെ അതുമൂലം എന്തെങ്കിലും ഭവിഷത് ഉണ്ടായാല്‍ അതിനു ഉത്തരവാദി താനും കൂടി ആണെന്ന് മനസിലാക്കണം.