30 Nov 2012

പൂമ്പാറ്റകള്‍ പറക്കുന്ന പാളങ്ങളിലൂടെ


Sakleshpur Trekking: A Railway Track Trek Through The Green Route

നമുക്കൊരു 'റെയില്‍വേ ട്രാക്ക് ട്രെക്കിങ്ങി' നു (Railway Track Trekking) പോയാലോ എന്നൊരു സുഹൃത്തിന്റെ ചോദ്യം. പണ്ട് തൊട്ടേ യാത്ര പോകാമെന്നു കേള്‍ക്കുമ്പോള്‍ 'എന്ത്? എവിടേക്ക്? എങ്ങനെ?' എന്നൊക്കെ തിരിച്ച് ചോദിക്കുന്നതിനു പകരം 'ഓ.. പൂവ്വാലോ... എന്നാ?' എന്നു ചോദിച്ച് ശീലിച്ച ഞാന്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. റെയില്‍ പാതയിലൂടെയുള്ള ട്രെക്കിങ്ങ് എനിക്ക് പുതിയ അറിവായിരുന്നു. അവിടെ എന്താണ് കാണാനുള്ളതെന്നതും വലിയ അറിവുണ്ടായിരുന്നില്ല.

ബാംഗ്ലൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന പ്രധാന പാതയില്‍ (NH 48) പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സക്ലേഷ്പൂര്‍. അവിടം തൊട്ട് കുക്കെ സുബ്രഹ്മണ്യ വരെയാണ് 50 കി.മി. യില്‍ കൂടുതല്‍ നീളമുള്ള 'ഗ്രീന്‍ റൂട്ട്' (Green Route) എന്ന് വിശേഷിപ്പിക്കുന്ന ട്രെക്കിങ് റൂട്ട്. ഹാസ്സനില്‍ നിന്ന് മംഗലാപുരം വരെയുള്ളതാണീ പ്രകൃതി ആസ്വാദകര്‍ക്കും യാത്രാസ്‌നേഹികള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഒരേപോലെ പ്രിയപ്പെട്ട റെയില്‍പാത.

അങ്ങനെ ബാക്ക്പാക്കും ടെന്റും സ്ലീപിങ്ങ്ബാഗും മറ്റ് അവശ്യ സാധനങ്ങളുമായി ഞങ്ങള്‍ ഒന്‍പത് പേര്‍ ഒരു വെള്ളിയാഴ്ച്ച രാത്രി 11 മണിക്ക് വാടകക്കെടുത്ത ടെമ്പോട്രാവലറില്‍ ബാംഗ്ലൂരില്‍ നിന്ന് ഏതാണ്ട് 230 കി.മി അകലെയുള്ള സക്ലേഷ്പൂരിലേക്കു യാത്ര തിരിച്ചു.
പുലര്‍ച്ചെ സ്ഥലത്തെത്തി. വളരെ ചുരുക്കം കടകളേയുള്ളു. അതില്‍ തന്നെ തുറന്നിരിക്കുന്ന ഹോട്ടലുകള്‍ വിരളം. പിന്നെ കുറച്ചു ദൂരം പിന്നാക്കം വന്നു ചെറിയൊരു ഹോട്ടല്‍ കണ്ടു പിടിച്ച് ചായ കുടിച്ച് തയ്യാറായി ഞങ്ങള്‍ വീണ്ടും വണ്ടിയില്‍ കയറി, യാത്ര ആരംഭിക്കന്‍ തീരുമാനിച്ച സ്ഥലത്തിറങ്ങി.ഇതിനു മുമ്പ് ഈ യാത്ര ചെയ്തവരുടെ നിര്‍ദ്ദേശപ്രകാരം ടെമ്പോട്രാവലര്‍ സാരഥിയോട് പിറ്റേന്ന് രാവിലെ 10 മണിക്ക് കെംപെഹോളേ എന്ന സ്ഥലത്തെത്താന്‍ പറഞ്ഞേല്‍പ്പിച്ചു. സക്ലേഷ്പൂരില്‍ നിന്ന് 25 കി.മി അപ്പുറത്തുള്ള യെടുകുമരി സ്‌റ്റേഷനടുത്ത് റോഡ് പോകുന്ന സ്ഥലമാണ് കെംപഹോളെ.
സക്ലേഷ്പൂരിനും ധോണിഗലിനും ഇടയില്‍ തീവണ്ടി പാതയില് 47/100 എന്നു അടയാളപ്പെടുത്തിയിടത്ത് നിന്നാണ് ഞങ്ങള്‍ യാത്ര ആരംഭിച്ചത്. ചെറിയൊരു കാപ്പി തോട്ടം കടന്നു വേണം പ്രധാനപാതയില്‍ നിന്ന് ഇവിടേക്കെത്താന്‍.

ആദ്യമായി തീവണ്ടി പാത കണ്ട ചെറിയകുട്ടിയ്ക്കുണ്ടാവുന്ന അത്ഭുതമായിരുന്നു ഞങ്ങള്‍ക്കെല്ലാം. മലര്‍ന്നും കമിഴ്ന്നും കിടന്ന് ഫോട്ടോ എടുക്കുന്നതിനിടയില്‍ തീവണ്ടിയുടെ വിളി കേട്ടു. ഞാനുള്‍പ്പടെയുള്ളവര്‍ തീവണ്ടിയുടെ പടങ്ങളെടുത്തു. വെറുമൊരു വണ്ടി മാത്രമാണ് ഈ വഴി കടന്നു പോകുന്നതെന്നായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന വിവരം.

ആ തീവണ്ടി പോയ ശേഷം സന്തോഷപൂര്‍വ്വം ഞങ്ങള്‍ യാത്ര ആരംഭിച്ചു. ചുറ്റും പച്ചപ്പ്. ആദ്യമൊക്കെ പ്രധാനപാത കുറച്ചു നേരം കണ്ടിരുന്നു. പിന്നീട് ഹോണുകളുടെ ശബ്ദം മാത്രമായി മാറി. പിന്നെ അതുമില്ലാതെയായി.
രണ്ട് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ 'ധോണിഗല്‍' സ്‌റ്റേഷനെത്തി. ആളും അനക്കവുമില്ലാത്ത ഒരു സ്‌റ്റേഷന്‍. ഈ സ്‌റ്റേഷനെത്തും മുമ്പുള്ള പാതയുടെ ഓരങ്ങള്‍ മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കള്‍ നിറഞ്ഞതായിരുന്നു. ഒരു കൊച്ചു പൂന്തോട്ടത്തിലെത്തിയ പ്രതീതി. വീണ്ടും ട്രെയിനിന്റെ കൂക്കി വിളി. അതിശയത്തോടെ ഞങ്ങള്‍ വണ്ടിയെ വരവേറ്റു. യഥാര്‍ത്ഥത്തില്‍ ഈ വഴിയില്‍ ഒരു പാസഞ്ചര്‍ വണ്ടിയേ ഓടുന്നുവുള്ളുവെങ്കിലും ചരക്കു ഗതാഗതം ഉണ്ട്.
കുറേകാലം ഈ വഴിയില്‍ തീവണ്ടി ഗതാഗതം വിലക്കിയിരുന്നു. 2005 മുതല്‍ ഇവിടെ ചരക്കു വണ്ടികള്‍ പോകുന്നുണ്ട്. ഒരേയൊരു പാസഞ്ചറും ഈ വഴിക്കുണ്ട്. അന്‍പതിലേറെ ടണലുകളും നൂറിലേറെ പാലങ്ങളും ഇരുപതില്‍ കൂടുതല് വെള്ളച്ചാട്ടങ്ങളുമുണ്ടീ വഴിക്ക്.
നാലഞ്ച് കിലോമീറ്റര്‍ നടന്നാണ് ഞങ്ങള്‍ യാത്രയിലെ ആദ്യത്തെ പാലമെത്തിയത്.. പിന്നെ തുടരെ തുടരെ പാലങ്ങളും തുരങ്കങ്ങളും ആയിരുന്നു.

ആദ്യ തുരങ്കത്തെയും ആദ്യ പാലത്തെയും വരന്റെ വീട്ടിലേക്ക് വലതുകാല് വെച്ച് കേറുന്ന നവവധുവിനെ പോലെയാണു ഞങ്ങള്‍ വരവേറ്റത്. അമ്പരപ്പും ആശ്ചര്യവും സന്തോഷവും കലര്‍ന്ന ഭാവത്തോടെ.

അങ്ങനെ ആദ്യ തുരങ്കവുമെത്തി. ബാഗില്‍ നിന്നു ടോര്‍ച്ചുകളെടുത്ത് ഒരുങ്ങി. തീവണ്ടിയിലിരുന്നു കൊണ്ട് തുരങ്കത്തിനുള്ളിലൂടെ കടന്നു പോകുന്ന പോലെയല്ല അതിലൂടെയുള്ള നടത്തം. ആദ്യമാദ്യം വെളിച്ചമുണ്ടാകും, വളരെ കുറച്ചുനേരത്തേക്ക്. പിന്നെ പിന്നെ ഇരുട്ട് മാത്രമാകും. തുരങ്കത്തിന്റെ നീളമനുസരിച്ച് പൊട്ടു പോലെ അതിന്റെ മറ്റേ അറ്റത്തു നിന്നുള്ള വെളിച്ചം കാണാം. വളവുള്ള പാതയാണെങ്കില്‍ അതും കാണില്ല. ആ കൂരിരുട്ടില്‍ വവ്വാലുകളുടെ ചിറകടിയും പിന്നെ പരിചയമുള്ളതും ഇല്ലാത്തതുമായ പല ശബ്ദങ്ങളും കേള്‍ക്കാം. ടോര്‍ച്ചടിച്ചായിരുന്നു നടന്നു നീങ്ങിയത്. 

ചുറ്റും മരങ്ങളും പൂക്കളും നദിയും പൂമ്പാറ്റകളും മാത്രം. പ്രകൃതിയോടടുത്തുള്ള യാത്ര തുടര്‍ന്നു..


ആദ്യം കണ്ട പാലം നീളത്തില്‍ തീരെ ചെറുതായിരുന്നു. താഴെ നല്ല ആഴത്തില്‍ ഒരു വീതി കുറഞ്ഞ തോടൊഴുകുന്നു. അതു തന്നെ മനോഹരമായ കാഴ്ച്ചയായിരുന്നു. പിന്നീട് പിന്നിട്ട പാലങ്ങള്‍ക്ക് ഇതിന്റെ അഞ്ചും ആറും ഇരട്ടി നീളമുണ്ടായിരുന്നു. ഒരു 4 കി.മി കൂടി നടന്ന ശേഷം കുറച്ചുനേരം വിശ്രമിച്ചു. ബിസ്‌ക്കറ്റും മറ്റും കഴിച്ച് വീണ്ടും നടന്നു തുടങ്ങി. 

ടെന്റും സ്ലീപിങ്ങ് ബാഗും പിന്നെ തീറ്റ സാമഗ്രികളുമേന്തിയുള്ള ആ നടത്തത്തിനു വിശ്രമം അവശ്യമായിരുന്നു. വെയിലിനു ചൂടു കൂടി വരുന്നു.റെയില്‍വേ ട്രാക്കിലൂടെയുള്ള യാത്ര ഇത്രമാത്രം രസകരമായിരിക്കുമെന്ന് ഞാന്‍ അന്ന് മനസ്സിലാക്കി. ചിലനേരം പാതയുടെ ഇരുവശവും കാട്, മറ്റു ചിലപ്പേള്‍ വെറും പാറ, പിന്നെ വെള്ളച്ചാട്ടം, ഇടക്കിടെ പൂക്കള്‍, പാലങ്ങള്‍ക്കു താഴെ തോടുകള്‍ അങ്ങനെ വ്യത്യസ്തമായ കാഴ്ച്ചകള്‍..

ആ പാതയില്‍ ചിലയിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. പാറ പൊട്ടിച്ച് നിരപ്പാക്കല്‍, പിന്നെ വശങ്ങളില്‍നിന്ന് പാറക്കല്ലുകള്‍ ട്രാക്കിലേക്ക് വീഴാതിരിക്കാന്‍ ഇരുമ്പുകമ്പികള്‍ കൊണ്ടുണ്ടാക്കിയ വല ഉപയോഗിച്ച് പാറയെ പൊതിയല്‍ തുടങ്ങിയവ. കര്‍ണാടകയുടെ ഉള്‍പ്രദേശമായ അവിടെയും മലയാളികളെ കണ്ടുമുട്ടി. അവരോട് ഞാന്‍ മലയാളത്തില്‍ സംസാരിക്കുന്നത് കേട്ട് കൂട്ടത്തിലുണ്ടായിരുന്ന കന്നട സുഹൃത്ത് 'Here also you found a Mallu' എന്നും പിന്നെ ഒരു തത്വം പറയുന്ന പോലെ 'These mallus are everywhere' എന്നും പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. മല്ലു എന്നത് കേരളത്തിനു പുറത്ത് മലയാളിക്കുള്ള 'ഓമന'പേരാണല്ലോ..

ഒരുപാട് തീവണ്ടികള്‍ നമ്മളെ കടന്ന് പോയി ഇതിന്നിടയില്‍. എണ്ണുന്നത് ഞങ്ങള്‍ നിര്‍ത്തിയിരുന്നു.

വളരെ നീളം കൂടിയതും ഒരുപാട് ഉയരത്തിലുള്ളതുമായ ഒരു പാലമെത്തി. താഴെ ഇടത്തു വശത്ത് വെള്ളച്ചാട്ടം. വലതു വശത്ത് ആ വെള്ളം ഒരു തോടായി ഒഴുകുന്നു. ആ ഭംഗി ആസ്വദിക്കുമ്പോഴാണ് ആ തോടിനു കുറുകെ മരപ്പലകകള്‍ കൊണ്ടുണ്ടാക്കിയ ചെറുതും മനോഹരവുമായ പാലം കണ്ടത്. ആരുണ്ടാക്കിയതാണോ ആവോ. ചില പലകകള്‍ പൊട്ടി പോയതായും കാണാം. ആ കാഴ്ച്ചയും സുന്ദരം തന്നെ. പാലത്തിന്റെ മധ്യത്തില്‍ നിന്ന് താഴോട്ട് നോക്കിയാല്‍ വെള്ളവും കല്ലുകളും പുല്ലും ചെടികളും കുറെ പൂക്കളും പിന്നെ ഈ പാലവും. എല്ലാം കൂടി ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീന്‍സേവര്‍ പോലെ. അവിടെ നിന്ന് ആരും 'ആഹാ എത്ര സുന്ദരമീ സ്ഥലം' എന്ന് പറഞ്ഞു പോകും.

ആ മരപ്പാലത്തിന്നടുത്തെത്താന്‍ ഞങ്ങളില്‍ ഞാനുപ്പടെയുള്ള നാല് പേര്‍ ഒരു ശ്രമം നടത്തി നോക്കി. പാലം കഴിഞ്ഞ് അതിന്റെ അറ്റത്തു നിന്നു ആദ്യം പാലത്തിനു താഴെയുള്ള ഇരുമ്പു കമ്പികളിലും പിന്നെ വള്ളികളിലും മറ്റും പിടിച്ച് താഴേക്കിറങ്ങി. ഏകദേശം ഒരു 300 മീറ്റര്‍ താഴ്ച്ച വരെ മാത്രമേ ഞങ്ങള്ക്കു എത്തിപ്പെടാന്‍ കഴിഞ്ഞുള്ളു. ചെടികള്‍ വകഞ്ഞു മാറ്റി പിന്നെയും കുറച്ചിറങ്ങിയെങ്കിലും വലിയ മരത്തടികള്‍ തടസ്സത്തിനെത്തി. അതിനും അപ്പുറത്തേക്ക് വന്‍് താഴ്ച്ചയായിരുന്നു. ഇറങ്ങാന്‍ പറ്റിയാലും തിരിച്ച് കേറാന്‍ സാധിക്കില്ല എന്നുറപ്പുള്ളതു കൊണ്ട് ആ ശ്രമം ഞങ്ങളുപേക്ഷിച്ചു. അതു വരെയുള്ള യാത്രയില്‍ ഞങ്ങള്‍ ഒന്‍പത് പേര്‍ ആ റെയില് പണി നടന്നിരുന്നിടത്തല്ലാതെ വേറെ ആരെയും കണ്ടില്ലായിരുന്നു. ഒരു സഹായത്തിനു വിളിക്കാന്‍ ആളും ഫോണിന് റേഞ്ചുമില്ലാത്ത സ്ഥലമല്ലേ..

പക്ഷെ മറ്റൊരു പാലത്തിന് താഴെയുള്ള ചെറിയ പുഴയുടെ അടുത്തെത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അവിടെ കുറച്ചു നേരം വെള്ളത്തില്‍ കാലിട്ടു ഇരുന്ന് വിശ്രമിക്കാനും പറ്റി.

നീളമുള്ള പാലങ്ങള്‍ രസകരമാണ്. മുകളില്‍ വിശാലമായ ആകാശം. താഴേക്ക് അഗാധത നടുവില്‍ നമ്മള്‍ നില്‍്ക്കുന്ന ആ ഭാഗമൊഴിച്ച്. രസകരം എന്ന പോലെ അപകടകരവുമാണത് അമിതമായി സാഹസികത കാണിക്കുന്നവര്‍ക്ക്. 
നീളമുള്ള പാലങ്ങളില്‍ ഇടവിട്ട് വശങ്ങളിലായി വണ്ടി വരുമ്പോള്‍ കേറി നില്‍ക്കാനുള്ള സ്റ്റാന്‍്ഡ് കാണാറുണ്ട്. ആള്‍് സഞ്ചാരമില്ലാത്ത വഴിയായതുകൊണ്ടാകാം ഇവിടത്തെ പലകകളില്‍ ചിലത് തുരുമ്പിച്ച് പൊട്ടി കിടക്കുന്നു. മറ്റു ചില സ്റ്റാന്‍ഡുകളില്‍ നില്‍ക്കാനുള്ള പലകകളേ ഇല്ല.

വളവുകള്‍ നിറഞ്ഞ പാത ആയതു കൊണ്ട് ദൂരെ നിന്നു വണ്ടികള്‍ വരുന്നത് കാണാന്‍ പലപ്പോഴും പറ്റില്ല. പക്ഷെ ശബ്ദം കേള്‍ക്കാം. എന്നാലും എത്ര ദൂരത്തുനിന്നാണാ ശബ്ദമെന്നു പ്രവചിക്കാന്‍ കഴിയില്ല. കാരണം തുരങ്കങ്ങളും വളവുകളും തന്നെ

ഈ ഒരബദ്ധം ഞങ്ങള്‍ക്കും പറ്റി. ഒരു നീളമുള്ള പാലത്തില്‍ വെച്ച്. എന്നാല്‍ തീവണ്ടിയുടെ ശബ്ദം കേട്ടതുകൊണ്ട് അതു പോയ ശേഷം മതി പാലത്തിലൂടെയുള്ള നടത്തമെന്നും തീരുമാനിച്ചു. വണ്ടിയുടെ തൊട്ടു പിന്നാലെ ഞങ്ങളും പാലത്തില്‍ കേറി. മൂന്ന് പേര്‍ കുറച്ചു മുന്നില്‍ നടന്നു നീങ്ങി. ഞാനും മറ്റു രണ്ടു പേരും പാലത്തിന്റെ നടുവില്‍ നിന്ന് ഫോട്ടോയെടുത്ത് തുടങ്ങി. മറ്റേ മൂന്ന് പേര്‍ പാലത്തില്‍ കേറാതെ പൂക്കളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു.


കടന്നു പോയ തീവണ്ടി ദൂരെ പാലം കഴിഞ്ഞതും വളവു തിരിയുന്നത് കാണാമായിരുന്നു. കൂക്കി വിളി പിന്നെയും കേള്‍ക്കാം. അതു വളവു തിരിയുന്നതു കൊണ്ടായിരിക്കുമെന്നും വിചാരിച്ച് ഞങ്ങള്‍ പാലത്തിന്റെ തൂണുകളുടെ നീളമെത്രയെന്നു ആശ്ചര്യപ്പെട്ട് ഫോട്ടോ എടുക്കുന്നതില്‍ മുഴുകി നിന്നു. അപ്പോഴാണ് ആ വളവു തിരിഞ്ഞു മറ്റൊരു തീവണ്ടി ഞങ്ങള്‍ക്കെതിരെ വരുന്നത് കണ്ടത്. ആദ്യം നടന്നു പോയ രണ്ട് പേര്‍ മുന്നോട്ടേക്കോടി പാലം കടന്നു. ഒരാള്‍ അവിടെ വശത്തുള്ള രണ്ടു പലകകള്‍ മാത്രമുള്ള സ്റ്റാന്‍ഡില്‍ അഭയം പ്രാപിച്ചു. ഒത്ത നടുവില്‍ നില്‍ക്കുന്ന ഞങ്ങള്‍ ആദ്യമൊന്നു അമ്പരന്നു. താഴേക്ക് നല്ല ആഴം. വശത്തെ സ്റ്റാന്‍ഡ് പൊട്ടി പൊളിഞ്ഞിരിക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല. തിരിഞ്ഞോടുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. എന്തായാലും രക്ഷപ്പെട്ടു. ഇതെല്ലാം കണ്ട പാലത്തില്‍ കേറിയിട്ടില്ലായിരുന്ന ശ്രീവത്സ തന്റെ ക്യാമറയില്‍ ഞങ്ങളുടെ ഓട്ടവും പിന്നെ വശത്തെ സ്റ്റാന്‍ഡില്‍ കേറി ഒതുങ്ങി നിന്ന് മഞ്ജുനാഥിനേയും ക്യാമറയില്‍ പതിപ്പിച്ചിരുന്നു.

സമയം ഉച്ച കഴിഞ്ഞിരുന്നു. ഒരു ചെറിയ വെള്ളച്ചാട്ടത്തിന്നടുത്തെത്തി. കാലും മുഖവും കഴുകി കുറച്ചു നേരം ഞണ്ടിനേയും മറ്റും ഫോട്ടോ എടുത്തു. കൂട്ടത്തിലുണ്ടായിരുന്ന ബിനു ചേട്ടന്‍ പൂമ്പാറ്റകളുടെ പിന്നാലെ ക്യാമറയുമായി കുറെ നേരം ചുറ്റുന്നുണ്ടായിരുന്നു. പിന്നെ ചപ്പാത്തിയും ജാമും കഴിച്ചു. കരുതാന്‍ എളുപ്പമാണല്ലോ. 
അപ്പോഴും കൂക്കി വിളിച്ചുക്കൊണ്ട് ഒരു വണ്ടി കടന്നു പോയി. ഇതെത്രാമത്തെയാണോ ആവോ.

അന്‍പതോ നൂറോ മീറ്റര്‍ തൊട്ടു ഏതാണ്ട് ഒരു കി.മി വരെ നീളമുള്ള തുരങ്കങ്ങളുണ്ട് ഈ റൂട്ടില്. ചില സ്ഥലങ്ങളില്‍ ഇരട്ട തുരങ്കങ്ങളും കാണാം. അതായത് ഒരു തുരങ്കം കഴിഞ്ഞു അധികം വീതിയില്ലാതെ വെളിച്ചം വീഴുന്നത് കാണാം. പിന്നെ കാലെടുത്തു വെക്കുന്നത് അടുത്ത തുരങ്കത്തിലേക്ക്. ചില തുരങ്കങ്ങളില് വശങ്ങളില്‍ ചെറിയ വെള്ളച്ചാട്ടങ്ങളും ഉണ്ടാകും. 
ഒരു നീളന്‍ തുരങ്കത്തിന്റെ ഏകദേശം മദ്ധ്യഭാഗത്ത് വലതു വശത്ത് പുറത്തേക്ക് ഒരാള്‍ വലിപ്പത്തിലുള്ള ഒരു ദ്വാരമുണ്ടായിരുന്നു. അതിലൂടെ കടന്നു പുറത്തേക്കു നോക്കിയാല്‍ താഴെ പേടി ഉളവാക്കുന്നത്രയും നല്ല ഒഴുക്കില്‍ ഒഴുകുന്ന ഒരു നദിയും കാണാമായിരുന്നു.

അതു പോലെ മറ്റൊരു നീളമുള്ള തുരങ്കത്തിനുള്ളില്‍ ഞങ്ങള്‍ തീവണ്ടിയെ വരവേറ്റു. ഒന്‍പതു പേരും വരിവരിയായി തുരങ്കത്തിനു വശത്ത് ചേര്‍ന്ന് നിന്നു. തൊട്ടു മുന്നിലൂടെ കയ്യെത്തുന്ന ദൂരത്ത് ഭയാനകമായ ശബ്ദമുണ്ടാക്കി ആ വണ്ടി കടന്നു പോയി. അതൊരു പെട്രോളിയം വണ്ടി ആയിരുന്നെന്നാണെന്റെ ഓര്‍മ.


യാത്ര ഒരു 17 കി.മി കഴിഞ്ഞപ്പോള്‍ നമ്മളെ പോലെ റെയില്‍വേ ട്രാക്ക് ട്രെക്കിങ്ങിന്നിറങ്ങിയ മറ്റൊരു കൂട്ടരേയും കണ്ടു. പിന്നെയും നടന്ന് 20 കി.മി കഴിഞ്ഞപ്പോള്‍ ലക്ഷ്യ സ്ഥാനമായ യെടുകുമരി സ്‌റ്റേഷന്‍ കണ്ടു.


67/300 എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്താണ് ഇരു വശത്തും കാടും മുന്നില്‍ റെയില്‍ പാതയുമുള്ള ഈ സ്‌റ്റേഷന്‍. ഇവിടെ പാര്‍പ്പിടങ്ങളില്ല എന്നു തന്നെ പറയാം. ഉള്ളവര്‍ വീട്ടു സാധനങ്ങളും മറ്റും വാങ്ങാനായി ടൗണില്‍ പോകുന്നത് 24 കി.മി അപ്പുറത്തുള്ള സക്ലേഷ്പൂരിലേക്കാണ് അല്ലെങ്കില്‍ 25ല്‍ കൂടുതല്‍ കി.മി മറുവശത്തുള്ള സുബ്രഹ്മണ്യത്തിലേക്ക്. ഇവിടെ ടോയ്‌ലറ്റ് സൗകര്യങ്ങളൊന്നുമില്ല. പിന്നെ റോഡുള്ളത് നാലര കി.മി അപ്പുറത്താണെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. മലയിറങ്ങി കാടു കടന്നു വേണം അവിടെയെത്താന്‍. കെംപഹോളെ എന്നാണ് സ്ഥലപേര്. അവിടെയാണു ഞങ്ങള്‍ പിറ്റേന്നു ഡ്രൈവറോട് എത്താന്‍ പറഞ്ഞിട്ടുള്ളതും.

സ്‌റ്റേഷനെത്തി ഒരരമണിക്കൂര്‍ വിശ്രമിച്ച ശേഷം കുറച്ചു പേര്‍ കാട്ടില്‍ പോയി ചുള്ളിക്കമ്പുകള്‍ പെറുക്കി കൊണ്ടു വന്നു. പിന്നെ പ്ലാറ്റ്‌ഫോമിലെ പൈപ്പില്‍ നിന്ന് വെള്ളവും പിടിച്ചു. 

മൂന്ന് കല്ലുകള്‍ വെച്ച് അടുപ്പുണ്ടാക്കി ചുള്ളിക്കമ്പുകളുപയോഗിച്ച് തീകൂട്ടി കയ്യില്‍് കരുതിയിരുന്ന പാത്രത്തില്‍ വെള്ളം തിളപ്പിച്ചു. തറവാട്ടില്‍ പണ്ടെങ്ങാണ്ട് അടുപ്പില് തീക്കൂട്ടുന്നത് കണ്ടിട്ടുള്ള ഞങ്ങള്‍ ഊതി ഊതി തീ കത്തിച്ചു. പിന്നെ 'ഡിയോഡറന്റ് (Deodorant) അതിലേക്ക് അടിച്ച് ആളി കത്തിപ്പിച്ചു. നൂഡില്‍സ് ഉണ്ടാക്കി കഴിക്കാനായിരുന്നു ഈ പാടുപ്പെട്ടത്. അതിനകം മറ്റു കുറച്ചു പേര്‍ ടെന്റ് ഉയര്‍ത്തി. 

പിന്നെ വേഗം ഇരുട്ടു വീണു തുടങ്ങി. ഭക്ഷണം കഴിച്ച് കഥകള്‍ പറഞ്ഞിരുന്നും പാട്ടുകള്‍ പാടിയും കുറച്ച് സമയം ചെലവിട്ടശേഷം ഉറക്കത്തിലേക്ക് വീണു.. നല്ല തണുപ്പുള്ള രാത്രിയായിരുന്നു. അര്‍ദ്ധരാത്രിയില് ആ വഴി കടന്നു പോയ വണ്ടികളുടെ ശബ്ദം കേട്ടതു പോലുമില്ല. പിറ്റേന്നും ഇതു പോലെ ഭക്ഷണം ഉണ്ടാക്കി കഴിച്ച ശേഷം തുടര്‍ന്നുള്ള യാത്രയ്‌ക്കൊരുങ്ങി. 10 മണിക്കു കെംപഹോളെ എത്തണം. യെടുകുമരി സ്‌റ്റേഷന്റെ പിറകു വശത്തൂടെ അര കി.മി. മലയിറങ്ങിയാല്‍് ഒരു തോടെത്തും. ആ തോട് മുറിച്ച് കടന്നു പിന്നെ 3 കി.മി നടന്നാല്‍ റോഡെത്തുമെന്നൊക്കെയാണ് ലഭിച്ച വിവരം. 

അങ്ങനെ മലയിറങ്ങി. തോട്ടിലെ വെള്ളത്തില്‍ കളിച്ച ശേഷം നടപ്പു തുടര്‍ന്നു. മൂന്നില് കൂടുതല് കിലോമീറ്റര്‍ നടന്നിട്ടും റോഡിന്റെ പൊടി പൊലും കാണാനില്ല. എന്നു മാത്രമല്ല ഇടക്കെല്ലാം കയറ്റങ്ങളും ഉണ്ടായിരുന്നതുക്കൊണ്ട് സാമാന്യം തളരുകയും ചെയ്തു.. അവസാനം വീണ്ടും റെയില്‍വേ ട്രാക്കിലെത്തിയപ്പോള്‍് മനസ്സിലായി വഴി തെറ്റിയെന്ന്. 

അതും വഴി തെറ്റി എത്തിയത് 70/500 എന്ന് അടയാളപ്പെടുത്തിയ റെയില്‍പാതയില്... അതായത് സ്‌റ്റേഷനില്‍ നിന്ന് വെറും 3 കി.മി. നേരെ ട്രാക്കിലൂടെ നടന്നാല് എത്തുന്ന സ്ഥലത്തേക്കാണ് കാടും തോടും കയറ്റങ്ങളും താണ്ടി കൂടുതല്‍ ദൂരം നടന്ന് എത്തി ചേര്‍ന്നത്. 

സത്യം പറഞ്ഞാല്‍ ഒന്‍പത് പേരും ആ നിമിഷം പൊട്ടിച്ചിരിക്കുകയാണുണ്ടായത്. ആദ്യം നടന്നവര്‍ക്കു മാത്രമല്ല പിറകേ വന്നവരും ഒരേപോലെ വഴി തെറ്റിച്ചല്ലോ. അതിന്റെ ഓര്‍മയ്ക്കായി ട്രാക്കിലിരുന്നു ദു:ഖമഭിനയിച്ചുള്ള ഒരു ഫോട്ടോ എടുക്കാനും മറന്നില്ല.

പിന്നെ മറ്റൊരു വഴി കണ്ടു പിടിക്കാനാകാതെ വീണ്ടും കുറച്ച് ദൂരം നടന്നപ്പോള്‍ ട്രാക്കില് പണിയെടുക്കുന്ന ചില നല്ല ദേശവാസികളെ കണ്ടുമുട്ടി. അവരുടെ സഹായത്തോടെ നമ്മള് യഥാര്‍ത്ഥ വഴിയിലെത്തി. ദൂരെ റോഡ് കാണാമായിരുന്നു. എന്നാല്‍് അവിടേക്കെത്തണമെങ്കില്‍ പുഴ കടക്കണം. 

ഷൂസെല്ലാം ഊരി വഴുക്കിയും വീണും പുഴ കടന്നപ്പോള്‍ ദാ 10 മണി മുതല്‍ കാത്തിരിക്കുന്ന ഡ്രൈവര്‍    ചേട്ടന്‍!. അപ്പൊ സമയം 3 മണി കഴിഞ്ഞിരുന്നു എന്നാണെന്റെ ഓര്‍മ.

സ്‌റ്റേഷനില്‍ നിന്ന് മലയിറങ്ങി ആ തോട് മുറിച്ച് വലതു ഭാഗത്ത് കാണുന്ന വഴിയില് നേരെ നടക്കുന്നതിനു പകരം മുകളിലോട്ട് കയറിയതാണ് പ്രശ്‌നമായത്. നേരെയുള്ള വഴി ഞങ്ങള്‍ ശദ്ധിച്ചതേയില്ല എന്നതാണ് വസ്തുത.

തിരിച്ച് വീണ്ടും ബാംഗ്ലൂരിലേക്ക്. വഴിയില് ഭക്ഷണത്തിനായി ഒരിടത്ത് നിര്‍്ത്തിയെന്ന് മാത്രം. തിരികെ ബസ്സില് എല്ലാരും ആ യാത്ര ആസ്വദിച്ചതിന്റെ സന്തോഷത്തിലായിരുന്നു.. ട്രെയിനുകളും റെയില്‍പാതയും ചെറിയ പേടി തോന്നിയ നിമിഷങ്ങളും 

അങ്ങനെ പൂമ്പാറ്റകള്‍ പറന്നു നടക്കുന്ന റെയില്‍വേട്രാക്കിലൂടെയുള്ള ആ യാത്ര അവസാനിച്ചു, വ്യത്യസ്തമായ ഒരു അനുഭവം നല്കിക്കൊണ്ട്. കൂടെ നല്ല പാഠങ്ങളും ഓര്‍മകളും സൗഹൃദവും...


 
Destination: Sakleshpur - Dhonigal - Yedukumari Railway Route - KempeHole
Total Distance Covered : Between 25 and 30 km

Route Taken: (1) Bangalore to Sakleshpur by Rented Van
                 (2) Railway Track Trekking through Sakleshpur - Dhonigal - Yedukumari Railway Path
                 (3) Stay at Yedukumari Railway Station
                 (4) Yedukumari to Kempehole Main Road - Walking through the forest,
                 (5) Kempehole - Bangalore by Rented Van
Travel Freaks Involved: Bhumika, Binu, Chandan, Chethan, Indu, Manjunath, Rahul, SriVatsa and me.. Varsha
Required Items for the trek: Sleeping Bag, Tents, Torch, Salt (for Leeches), Glucose, Enough food and water
Photos By: Binu, Chethan, Chandan, Varsha
Mathrubhmi Yathra Travelogue Link: 

Print Edition: March-April, 2010

7 comments:

കുമാരന്‍ | kumaaran said...

മാതൃഭൂമി യാത്രയിൽ കണ്ടെന്ന് ഓർത്താണ് വായിച്ചത്. അവസാനം ലിങ്ക് കൊടുത്തത് നന്നായി. വിവരണം വളരെ നന്നായിരുന്നു, പടങ്ങൾ കുറച്ചൂടെ ആകാമായിരുന്നു.
പ്ലസ്സിലും എഫ്.ബി.യിലും ബ്ലോഗ് ലിങ്ക് കൊടുക്കുന്നു.

Sneha said...

നല്ലൊരു യാത്രാനുഭവം രസിച്ച് വായിച്ചു.

ജീവി കരിവെള്ളൂർ said...

കുമാരേട്ടൻ വഴിയാണ് എത്തിയത്. വിവരണം നന്നായി . ഈ യാത്രയ്ക്കായി റെയിൽ‌വേയുടേയോ വനംവകുപ്പിന്റേയോ മറ്റോ അനുമതി വേണമോ എന്നൊന്നും എഴുതി കണ്ടില്ല . വേണ്ടായെന്നു കരുതുന്നു. എന്നെങ്കിലും ആ വഴിയേ പോകുമ്പോൾ ഒന്നു പരീക്ഷിക്കാലോ എന്ന ചിന്തയുമില്ലാതില്ല

വര്‍ഷ said...

@കുമാരന്‍ , സ്നേഹ : നന്ദി.... കൂടുതല്‍ യാത്രകളുമായി വീണ്ടും കാണാം.

@ജീവി കരിവെള്ളൂര്‍ : ഈ യാത്രക്കു പ്രത്യേക അനുമതിയൊന്നും ആവശ്യമുണ്ടായിരുന്നില്ല. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന യാത്ര ഇഷ്ടപ്പെടുന്നവര്‍ (നടത്തവും ) ഒരിക്കലെങ്കിലും പോകാന്‍ ശ്രമിക്കുന്ന പാതയാണിത്. കുറച്ചു നേരം നല്ല വായു ശ്വസിക്കാന്‍ പറ്റുമെന്നതു കൊണ്ട് ഒന്നാഞ്ഞു തന്നെ ശ്രമിക്കുക.

Kaaliyan said...

യാത്ര ഒരു അനുഭൂതി ആവുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണെത്രേ ..

നല്ല വിവരണം.. അനുഭവിച്ചറിഞ്ഞു യെടുക്കുമുറി ...

http://kaaliyan.blogspot.in/
http://roadsiderazi.wordpress.com/

Pisharody Krishnakumar said...

നന്നായി എന്ജോയ്‌ ചെയ്തു അല്ലെ ?

ഒരു യാത്രികന്‍ said...

നല്ല യാത്ര. യാത്രികനും ഇഷ്ടമായി ഈയാത്ര. കൂടുതൽ യാത്രകൾക് ആശംസകൾ.....സസ്നേഹം