13 Aug 2012

മാനഭംഗവും ചാമിയും പിന്നെ അമേരിക്കയും

വാര്‍ത്ത:
പതിനാറിനോടടുത്ത "നിഷ്കളങ്ക" എന്ന പാവം പെണ്‍കുട്ടിയെ രണ്ടു മൂന്നു ദുഷ്ടന്‍മാര്‍ മാനഭംഗപ്പെടുത്തി കൊന്നു. ആ ഭ്രാന്തന്‍മാരെ വേണമെങ്കില്‍ (ആര്‍ക്കെങ്കിലും) ഗോവിന്ദച്ചാമിമാര്‍ എന്നു വിളിക്കാം. ഇന്ത്യ എന്നു രാജ്യത്തെ കേരളം എന്നു പേരുള്ള ഒരു സംസ്ഥാനത്തിലാണ്‌ ഇതു നടന്നത്.

ഇതിന്റെ പേരില്‍ "കണ്ണിനു പകരം കണ്ണ്‌" എന്നു പറഞ്ഞു നിഷ്കളങ്കയുടെ ചില ബന്ധുക്കള്‍ ഗോവിന്ദച്ചാമിമാരെയും അയാളുടെ ബന്ധുക്കളെയും കൊന്നു.

ഗോവിന്ദച്ചാമിമാരുടെ ബന്ധുക്കളും വിട്ടു കൊടുത്തില്ല.. വാളും പരിചയും എടുത്തു തിരിച്ചടിച്ചു.
അപ്പൊ പിന്നെ നിഷ്കളങ്കയുടെ ബന്ധുക്കള്‍ എന്തു ചെയ്തെന്നു എടുത്തു പറയേണ്ടതില്ലല്ലൊ.. അങ്ങനെ ഇതു വലിയൊരു ലഹളയായി കേരളം എന്ന പ്രദേശത്ത്.
 
തുടര്‍ന്നു വായിക്കുക:
ഈ ഗോവിന്ദച്ചാമിമാരുടെ ബന്ധുക്കളില്‍ ഒരാള്‍ പണ്ട് മൂക്ക് തുടച്ചിരുന്ന ടവ്വല്‍ എങ്ങനെയൊ അമേരിക്ക എന്ന രാജ്യത്തിലെ പണിയൊന്നും ഇല്ലാതെ നടന്നിരുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ക്കു ലഭിക്കുകയും അതു കൊണ്ടെന്തു ചെയ്യണമെന്നു പോലും അറിയാതെ അവര്‍ പകച്ചു നില്‍ക്കുകയയും ചെയ്തിരുന്നു. എന്തായാലും ഒരു നിധി പോലെ ആ ടവ്വല്‍ സൂക്ഷിച്ചിരുന്ന സമയത്താണ്‌ കേരളം, ഗോവിന്ദചാമി, ലഹള എന്നൊക്കെ കേള്ക്കാനിട വന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി അവര്‍ അമേരിക്ക എന്ന രാജ്യത്തെ ന്യൂ യോര്‍ക്ക് എന്ന തിരക്കുള്ള നഗരത്തിലെ അമേരിക്കന്‍ ജംങ്ക്ഷന്‍ എന്ന കവലയില്‍ 'കേരളം' എന്നു ജീവിതത്തില്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാതിരുന്ന, സ്വൈര്യമായി ജീവിച്ചിരുന്ന അവിടത്തെ പാവം ഇരു കാലികളെ കല്ലേറിഞ്ഞും തീ കൊളുത്തിയും ഉപദ്രവിച്ചു. നിയമ പാലകര്‍ എന്ന പേരില്‍ സമാധാനം പാലിക്കാന്‍ ശ്രമിച്ചവരെയും വെറുതെ വിട്ടില്ല.
 
വാല്‍ കുറിപ്പ്‌:
ഇതിലും രസം മേല്‍പറഞ്ഞ കാര്യത്തില്‍ "നി", "ഗോ", "കേ" എന്നു മാത്രം കേട്ട, എന്താണ്‌ നടന്നത് എന്നു പോലും മനസ്സിലാക്കാത്ത ചില ശുംഭന്‍മാര്‍ ഗോവിന്ദച്ചാമിയുടെയോ നിഷ്കളങ്കയുടെയോ ഭാഗം ചേര്‍ന്ന് "മുഖ പുസ്തകം", "നീ പൈപ്പു" തുടങ്ങിയ സമൂഹ്യ സ്ഥലങ്ങളില്‍ ജപ്പാന്‍ ചൈന എന്നീ രാജ്യങ്ങളിലെ പ്രകൃതി ദുരന്തങ്ങളുടെ ചിത്രം കാണിച്ചു അത് കേരളമാണെന്നും ആ ചിത്രങ്ങളിലെ മുഖങ്ങള്‍ അവരുടെ വശത്തെ അവശ ബന്ധുക്കളാണെന്നും കാലങ്ങളായി മൃഗീയമായി ഉപദ്രവിക്കപ്പേടുന്നവരാണെന്നും കാണിച്ച് ഇതൊരു ആഗോള ലഹള ആക്കി മാറ്റാന്‍ അതീവ താല്‍പര്യത്തോടെ കഠിനമായി പ്രയത്നിക്കുന്നുണ്ട്.
നിങ്ങളുടെ പ്രയത്നങ്ങള്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്നറിയില്ല. എല്ലാം പ്രവചനാതീതം! അപ്രതീക്ഷിതം!

(ഏതോ രാജ്യത്ത് നടന്ന ഒരു മാനഭംഗക്കേസിന്റെ പേരില്‍ രണ്ടു വിഭാഗക്കാര്‍ നടത്തിയ ലഹളയെക്കുറിച്ച് 'പകുതി കേട്ടും പകുതി കേള്‍ക്കാതെയും' മറ്റൊരു രാജ്യമായ ഇന്ത്യയിലെ  മുംബൈ എന്ന വന്‍നഗരത്തില്‍ സമരം നടത്തിയ ചില വിഡ്ഢികളുടെ വാര്‍ത്തയുമായി ഈ പോസ്റ്റിനെ കൂട്ടി വായിച്ചാല്‍ പരാതിയില്ല.. 
ആ സമരത്തില്‍ ചില ജീവനുകള്‍ പൊലിഞ്ഞിരുന്നു എന്നോര്‍ക്കുക. 
മനുഷ്യനെ നന്നാക്കാന്‍ ഇനിയും മത പുസ്തകങ്ങള്‍ക്ക്‌ പറ്റിയിട്ടില്ല എന്ന സത്യം തുറന്നു കാണിച്ചിരിക്കുകയാണ്‌ ഈ ജീവനുകളിലൂടെ... ഇതൊരു വന്‍ പരാജയം തന്നെ .. 

ഓര്‍ക്കുക ! മതങ്ങളിലോ മത പുസ്തകങ്ങളില്ലോ അല്ല യഥാര്‍ത്ഥ സത്യം . അതു നമ്മുടെ ഉള്ളില്‍ തന്നെയാണ്‌ ...      )