31 Dec 2012

ജീവിക്കുന്ന അനേകം ജ്യോതിമാര്‍ക്ക് - ഭാഗം 1

അറിഞ്ഞോ അറിയാതെയോ നമ്മളിലോരോരുത്തരും ഭാഗഭാക്കായ സാമൂഹിക അനീതിയുടെ ഇരയായി മരിച്ച ഡെല്‍ഹി പെണ്‍കുട്ടിയെ ഓര്‍ത്തുകൊണ്ട്... അത്ര തന്നെ അല്ലെങ്കില്‍  അതിലേറെ സങ്കടകരമായ അവസ്ഥയിലൂടെ ദിവസവും കടന്നു പോകുന്ന അനേകലക്ഷം സ്ത്രീ ജന്മങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട്.. 

തലസ്ഥാന നഗരിയില്‍ ഇത്തരമൊരു ക്രൂരത നടന്നപ്പോള്‍ നാടൊന്നാകെ നടുങ്ങി. സ്ത്രീ പുരുഷ ഭേദമന്യേ വേദനിക്കുന്നു.
എന്നാല്‍ ഇതെന്തുകൊണ്ട് നടക്കുന്നു?കാരണങ്ങള്‍ ഒരുപാടുണ്ടാകാം.അതു പഠനവിധേയമാക്കേണ്ട വിഷയം തന്നെയാണ്‌. എന്നാല്‍ എനിക്ക് തോന്നിയ ചിലത് ഇവിടെ പറയണമെന്നു തോന്നി. ഇനിയും വൈകരുതല്ലോ. 

1. വിദ്യാഭ്യാസ ക്കുറവ്‌ 
ഈ ക്രൂരത ചെയ്തവര്‍ അധികം വിദ്യാഭ്യാസമില്ലാത്തവരായിരുന്നു. അതുകൊണ്ട് വിദ്യാഭ്യാസം കൂടിയാല്‍ ഇതു നടക്കാതിരിക്കുമോ? അങ്ങനെയെങ്കില്‍ 100 ശതമാനം സാക്ഷരത അവകാശപ്പെടുന്ന ദിവസവും വാര്‍ത്തകള്‍ വായിക്കുന്ന കേരള സമൂഹത്തില്‍ എങ്ങനെ കിളിരൂര്, സൂര്യനെല്ലി, വിതുര കഥകള്‍ ഉണ്ടായി? എന്നിരുന്നാലും വിദ്യാഭ്യാസത്തിനു ഒരു പരിധി വരെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനാകും എന്നതുകൊണ്ട് ഇതും ഒരു ഖടകം തന്നെ. 

2. കടുത്ത ശിക്ഷാ നടപടികളുടെ ആവശ്യകത. 
തീര്‍ച്ചയായും ഇതു വേണ്ടതു തന്നെ. വധശിക്ഷ വിധിക്കപ്പെടുമ്പോള്‍ മരണഭീതിയില്‍ കുറ്റവാളികള്‍ ജീവിക്കുന്നു. പക്ഷെ വധശിക്ഷ നടപ്പിലാക്കാന്‍ ഇന്ത്യ പോലുള്ള രാജ്യത്ത് അനേകം കടമ്പകള്‍ കടക്കേണ്ടതുണ്ട്. മാത്രവുമല്ല,  അധികം സമയം വേദന അനുഭവിച്ച് കിടക്കുന്നില്ല എന്നതുകൊണ്ട് ഈ വിധം ക്രൂരത ചെയ്യുന്നവര്‍ക്കു വധശിക്ഷ ഒരു വിധത്തില്‍ ചെറിയ ശിക്ഷയാണ്‌. ഇപ്പോള്‍ 10 വര്‍ഷം വരെയാണ്‌ സ്ത്രീപീഠനത്തിന്റെ തടവ് . ഈ ശിക്ഷാരീതി തുടരട്ടെ. പക്ഷെ ഒന്നുകൂടി ചെയ്യേണ്ടതുണ്ട്. ഇവരെ ഷണ്ഡന്മാരാക്കുക. 10 വര്‍ഷം തടവു കഴിഞ്ഞു നിരത്തില്‍ അവരിറങ്ങി നടക്കട്ടെ.. രാവിലെയും രാത്രിയും ഒറ്റയായും കൂട്ടായും നടക്കുന്ന പലവിധത്തിലും തരത്തിലുമുള്ള വസ്ത്രം ധരിച്ചിരിക്കുന്ന സ്ത്രീകളെ കാണട്ടെ.. വികാരങ്ങള്‍ തോന്നട്ടെ.. എന്നിട്ട് തങ്ങളുടെ പോരായ്മ എന്തായിരുന്നെന്നു മനസ്സിലാക്കട്ടെ. ഇതു മറ്റു സംസ്കാരശൂന്യര്‍ക്കും പാഠമാകട്ടെ. 

പക്ഷെ ഇതിലെല്ലാമുപരി മറ്റൊന്നു മാറേണ്ടതുണ്ട്. അതിനു സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ മുന്നിട്ടിറങ്ങണം. 

3. സ്ത്രീപുരുഷ അസമത്വം തൂടച്ചു നീക്കണം. 
സമൂഹത്തിലെ ഈ അസമത്വ ചിന്താഗതി കൊണ്ട് പുരുഷനു സ്ത്രീയുടെ മേല്‍ എന്തൊക്കെയോ അധികാരം ഉണ്ടെന്നും അവള്‍ തിരിച്ചോ മറിച്ചോ പറയാതെ താന്‍ പറയുന്നത് അനുസരിക്കണമെന്നും ഇത്രയും ചെയ്തില്ലെങ്കില്‍ അവള്‍ക്കുമേല്‍ കടന്നാക്രമണം നടത്താന്‍ തനിക്കു അവകാശമുണ്ടെന്നും പരക്കെ വിശ്വസിക്കപ്പേടുന്നു.. ഞാനടക്കമുള്ളവര്‍ വളര്‍ന്നു വന്നത് തനിക്ക് എന്തൊക്കെയോ കുറവുകള്‍ ഉണ്ടെന്നു സ്വയം വിശ്വസിച്ചു കൊണ്ടാണ്‌ . പുറമേയുള്ളവര്‍ക്കു 'ഇതിലെന്തിരിക്കുന്നു' എന്നു തോന്നാം. പക്ഷെ അനുഭവിക്കുന്ന ആളുടെ വേദന - അത് മറ്റൊരാള്‍ക്ക് അറിയാന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ എന്നെക്കുറിച്ച് പറയാം .. ഞാന്‍ കണ്ടതും ഞാന്‍ അനുഭവിച്ചതും..
                       
                             *****************************************

പ്രായം: 0 - 13

ഏട്ടനും ഞാനും ഒരേ പോലെ സ്കൂളില്‍ പോകുന്നു. രണ്ടു പേരും വലുതാകുമ്പോള്‍ ജോലി വാങ്ങിക്കുമെന്നും പൈസ സമ്പാദിക്കുമെന്നും ആഗ്രഹിച്ചു. എനിക്കും ഏട്ടനും അമ്മ പക്ഷഭേദമില്ലാതെ മിഠായി തന്നു. മറ്റു ആവശ്യങ്ങള്‍ നിറവേറ്റി . പഠനത്തില്‍ വളരെ നന്നായി മുന്നോട്ട് പോയിരുന്ന ഞാന്‍ പഠനേതരകാര്യങ്ങളിലും നന്നായി പ്രവര്‍ത്തിച്ചു. ഒരു പക്ഷെ കൂടെയുണ്ടായിരുന്ന മറ്റു ആണ്‍കുട്ടികളേക്കാളും നന്നായി തന്നെ. . പക്ഷെ ഇതേ ഞാന്‍ ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ ഒരു തവണ ഏതോ ഒരു സാധനത്തിന്റെ പേരില്‍ അവകാശം പറഞ്ഞു ഏട്ടനുമായി തല്ലു കൂടിയപ്പോള്‍ കണ്ടു നിന്ന വീട്ടിലെ ഒരു മുതിര്‍ന്ന അംഗം എന്നോട് പറഞ്ഞു "അവന്‍ ആണ്‍കുട്ടിയല്ലെ.. അവനു കൊടുത്തേക്ക്" എന്ന്‌. .ഇത് എന്റെ ആത്മാഭിമാനത്തെ എന്റെ കൊച്ചു മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചെന്നോ.... പക്ഷെ 'ആണ്‍കുട്ടിക്കെന്താ കൊമ്പുണ്ടോ" എന്നു ചോദിച്ച് പിന്തിരിഞ്ഞില്ലെങ്കിലും ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ചിലപ്പോഴൊക്കെ ശക്തമായി തിരിച്ചടിച്ചു. എന്നിട്ടാരും കാണാതെ കുറെ കരഞ്ഞു. ചിലപ്പോഴൊക്കേ എല്ലാരുടെ മുന്നിലും കണ്ണില്‍ വെള്ളം വന്നും ധൈര്യം പോയ്യിലെന്നു വരുത്തി തീര്‍ക്കാന്‍ പാടുപെട്ടു നിന്നു. 

മറ്റൊരു തവണ എനിക്കിഷ്ടമുള്ളൊരു ഉപ്പേരി അടുക്കളയില്‍ പാത്രത്തില്‍ തയ്യാറാകുന്നത്ക ണ്ടപ്പോള്‍ മുതല്‍ വിശപ്പിന്റെ വിളി ആക്രമിച്ച എന്നോട് "ആദ്യം ആണ്‍ക്കുട്ടികളും ആമ്പിള്ളേരും ഭക്ഷണം കഴിക്കട്ടെ.. എന്നിട്ടാകാം ബാക്കിയുള്ളവര്" എന്നു പറഞ്ഞു മാറ്റി നിര്‍ത്തി. പ്രായം 13. വലിയ പെണ്‍കുട്ടിയായിത്രെ ഞാന്‍. പിന്നീട് ഭക്ഷണം വിളമ്പി തന്നപ്പോള്‍ ഉപ്പേരിയെല്ലാം തീര്‍ന്നിരുന്നു. അന്നു ഞാന്‍ കഴിച്ച ചോറിനു ഉപ്പുരസം കൂടുതലായിരുന്നു. എന്റെ സങ്കടം അമ്മോട് പറഞ്ഞപ്പൊ അമ്മ പറഞ്ഞു "ചില ആള്‍ക്കാര്‍ അങ്ങനെയാണ്‌. അമ്മ പിന്നെ ഉണ്ടാക്കി തരാം" എന്നു. പക്ഷെ എന്റെ കൂടെ കളിച്ചു വളര്‍ന്ന കസിന്‍സിനു (ആണ്‍ കസിന്‍സ് എന്നു പറയേണ്ടി വരും ) ഉള്ളതില്‍ നിന്നു എന്തു കുറവാണ്‌ എനിക്കുള്ളത്? ഒരുപക്ഷെ അവരേക്കാള്‍ നന്നായി പഠിക്കാനും വിദ്യാലയത്തില്‍ ശോഭിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി അങ്ങനെ കഴിഞ്ഞിട്ടില്ലെങ്കില്‍ കൂടി എന്തിനാണീ വേര്‍തിരിവു? 

ഇത് ഒന്നോ രണ്ടോ സംഭവങ്ങളല്ല.. ഇങ്ങനെ എത്ര തവണ? എത്ര സ്ഥലത്തു വെച്ച്?

എങ്കിലും ഞാന്‍ വിട്ടുകൊടുത്തില്ല.. തിരിച്ചടിച്ചു. പലപ്പോഴും എന്റെ വാദം കേള്‍പ്പിക്കാനായി ഉറക്കെ സംസാരിച്ചു. അപ്പോഴും പെണ്‍കുട്ടികളുടെ ശബ്ദം പുറത്തേക്ക് കേള്‍ക്കാന്‍ പാടില്ല എന്നു പറഞ്ഞവരുണ്ടായിരുന്നു. അപ്പോള്‍ വീണ്ടും വീണ്ടും  ഉറക്കെ സംസാരിച്ചു. എനിക്കെന്തിന്റെ കുഴപ്പമാണെന്നു ചോദിച്ചവരുണ്ട്. അമ്മ എനിക്ക് പലപോഴും കൂട്ടായി നിന്നിട്ടുണ്ടെങ്കിലും ചിലപ്പോഴൊക്കെ എന്നോട് പറഞ്ഞു "നീ പറഞ്ഞതില്‍ ന്യായമുണ്ടാകാം. പക്ഷെ ഇങ്ങനെയാണ്‌ നമ്മടെ സമൂഹം ".  അമ്മയും എപ്പോഴും എന്നോടൊപ്പമില്ലായിരുന്നു. എപ്പോഴെല്ലാം ഏട്ടനു കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടിയോ അപ്പോഴെല്ലാം എന്റെ വാശിയും കൂടി. ഒരിക്കല്‍ പോലും ആണായി പിറന്നാല്‍ മതിയായിരുന്നു എനിക്ക് തോന്നിയില്ല. പെണ്ണായി തന്നെ നന്നായി ജീവിക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ഇതിനിടയില്‍ ഞാന്‍ വീട്ടുക്കാര്‍ക്കിടയില്‍ "റെബല്‍ " എന്ന പേരു സമ്പാദിച്ചു കഴിഞ്ഞിരുന്നു. പക്ഷെ അതുകൊണ്ടൊരു ഗുണമുണ്ടായി .. എന്റെ വീട്ടില്‍ ആണ്‍ പെണ്‍ വ്യത്യാസം കുറഞ്ഞുകൊണ്ടിരുന്നു. 

പ്രായം: 13 - 17

ഞാന്‍ വളരുന്നു. . പാലക്കാട്ടെ ബസ്സുകളില്‍ തനിയെ സഞ്ചരിച്ചു തുടങ്ങി. ഇവിടെ എന്നെ വേദനിപ്പിച്ചത് എന്റെ അനുവാദമില്ലാതെ ദേഹത്ത് തൊടുന്നവരായിരുന്നു. ബസ്സില്‍ നില്‍ക്കുമ്പോള്‍ ഇരിക്കുമ്പോള്‍ എല്ലാം തൊട്ടടുത്ത് ഒരു കയ്യോ കാലോ ദേഹമോ എന്റെ ദേഹത്തോട് ചേര്‍ന്നു നില്‍ക്കും. എനിക്ക് ധൈര്യത്തിനു കുറവുണ്ടായിരുന്നില്ല എന്നതു കൊണ്ട് ഞാന്‍ തിരിച്ചു ചോദിക്കുമായിരുന്നു. അവരെ ബസ്സില്‍ നാണം കെടുത്തുമായിരുന്നു. ഒരു "സുഗമാ ഹിന്ദി പരീക്ഷാ ദിവസം" (ഈ പരീക്ഷകള്‍ അവധി ദിവസത്തില്‍ ആണ്‌ നടക്കാറുള്ളത് എന്നതു കൊണ്ട് സ്കൂള്‍ ബസ്‌ ഉണ്ടായിരിക്കുന്നതല്ല. അപ്പോള്‍ സുഹൃത്തുക്കള്‍ ഒരുമിച്ച് ലൈന്‍ ബസ്സിലാണ്‌ യാത്ര) പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി ബസ്സില്‍ നിന്നിറങ്ങി എന്നോട് കൂടെയുണ്ടായിരുന്ന സാബിത കരഞ്ഞു കൊണ്ട് പറഞ്ഞു - "ഡാ.. നമുക്കെവിടേലുമിരിക്കാം എനിക്ക് തലചുറ്റുന്ന പോലെ" എന്നു . പാലക്കാട് മുന്‍സിപ്പല്‍ സ്റ്റാന്‍ഡിന്റെ മുന്‍ഭാഗത്തുള്ള കടകളുടെ ഒരു ഭാഗത്ത് ഞാന്‍ അവളെ താങ്ങി നിര്‍ത്തി. കലങ്ങിയ കണ്ണുകളോടെ അവള്‍ പറഞ്ഞത് കേട്ടു ഞാന്‍ ഞെട്ടി. അവളുടെ നീല യൂണിഫോം സ്കര്‍ട്ടിനു മുകളില്‍ തൊട്ടുരുമ്മി നിന്ന ഒരുത്തന്‍ അവളുടെ ദയനീയമായ നോട്ടം കണ്ടു പ്രതികരിക്കുന്നില്ല എന്നറിഞ്ഞു കൂടുതല്‍ ആവേശത്തോടെ കൈകള്‍ ഷര്‍ട്ടിനടിയിലൂടെ കേറ്റി ദേഹത്തു തിരുമ്മല്‍ തുടങ്ങി. വളരെ മെല്ലെയെങ്കിലും ആ കൈകള്‍ 14 വയസ്സുള്ള കുട്ടിയുടെ ദേഹത്തില്‍ തൊട്ടും തലോടിയും ചിലഭാഗത്ത് വേദനിപ്പിക്കാനായി അമര്‍ത്തിയും നീങ്ങി. തിരക്കുള്ള ബസ്സില്‍ ഉച്ച നേരത്താണിതെന്നോര്‍ക്കണം.

അവളുടെ വേഷത്തെ കുറ്റപ്പെടുത്തണ്ട. അവള്‍ സാരിയല്ല ധരിച്ചിരുന്നത് എന്നതു ഭാഗ്യം . ഇനി അവള്‍ പ്രതികരിച്ചില്ല എന്നു പറഞ്ഞു കുറ്റപ്പെടുത്താന്‍ നിങ്ങള്‍ തുനിയുന്നോ? എങ്കില്‍.. നിങ്ങള്‍ അങ്ങിനെയാണോ അവളെ വളര്‍ത്തിയത്? മറുത്തു പറയാന്‍ പാടില്ലാത്ത വീട്ടിലെ ഏട്ടന്റെയോ അനിയന്റെയോ കൂടെ നില്‍ക്കാന്‍ അവകാശമില്ലാതെ അടുക്കള ജോലി അറിയേണ്ടവളാണെന്നു പറഞ്ഞു പണി പഠിക്കാന്‍ ആവശ്യപ്പെട്ട് ഭാവിയിലെന്നോ നടക്കാനിരിക്കുന്ന കല്യാണത്തിനായി എത്ര സ്വര്‍ണം ഉണ്ടാക്കി ബുദ്ധിമുട്ടണമെന്നു ഓര്‍മപ്പെടുത്തിയല്ലേ നിങ്ങള്‍ അവളെ വളര്‍ത്തിയത്? അവള്‍ എങ്ങനെ പ്രതികരിക്കും? അവള്‍ക്കും പ്രതികരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ വാക്കുകള്‍ പുറത്തേക്ക് വന്നില്ലത്രെ. അവള്‍ എന്നോടായത്കൊണ്ട് പൊട്ടി പൊട്ടി കരഞ്ഞു പറഞ്ഞു. വീട്ടില്‍ പറഞ്ഞാല്‍ ഇനി കൂട്ടുകാരുടെ കൂടെ പോകേണ്ട എന്നു പറയുമെന്നു അവള്‍ പേടിച്ചിരുന്നു. അതോടു കൂടി ഞാന്‍ എന്റെ കൂടെ വരുന്ന സുഹൃത്തുക്കളെ പേടി കൂടാതെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കാനുള്ള ചുമതല കൂടി ഏറ്റെടുത്തു. തോണ്ടല്‍ വിരുതന്‍മരെ ചീത്ത പറയുമ്പോള്‍ മറ്റു യാത്രക്കാര്‍ കൂടെ നിന്നു. ചിലപ്പോള്‍ അപമാനിതയും ആയിട്ടുണ്ട്. ഒരു തവണ ഒരു ആന്റി പറഞ്ഞു - "ഇതൊക്കെ സാധാരണമല്ലേ ?.. കണ്ടില്ല കേട്ടില്ല എന്നു വെക്കണം" എന്നു. എത്ര എളുപ്പം ? ചിലപ്പോഴൊക്കെ ഞാനും പ്രതികരിക്കാതെ വിട്ടിട്ടുണ്ടായിരുന്നു. പക്ഷെ ആ ചോദ്യത്തൊടെ ഞാന്‍ തീരുമാനമെടുത്തു - ഇതില്‍ ചെറുത് വലുത് എന്നില്ല... എന്റെ സ്വകാര്യതയുടെ മേല്‍ എന്റെ മാത്രമായ ദേഹത്തിനുമേല്‍ എനിക്കു മാത്രമാണ്‌ അധികാരം . ആ ചോദ്യവും തുടര്‍ തോണ്ടലുകളും എന്നെ പോലെ ചിലരെ കൂടുതല്‍ വാശി പിടിപ്പിക്കുമെങ്കില്‍ മറ്റു ചിലരെ ശരിക്കും തളര്‍ത്തും. മിനിയും ലിസയും അങ്ങനെ തന്നെ. എന്നാല്‍ രമ്യയും ദിവ്യയും ഞാനുള്ളപ്പോള്‍ പ്രതികരിച്ചു തുടങ്ങി. 

സിനിമാ തിയേറ്ററിനുള്ളില്‍ , പുറത്തെ തിരക്കില്‍ എല്ലാം ഞാന്‍ രോഗികളെ കണ്ടു. എന്നെ മുന്നിലെയും പിന്നിലെയും മാത്രം അവയവങ്ങളായി കണ്ട രോഗികളെ.  "സിനിമക്കൊന്നും പോകേണ്ട, തൊടാനും പിടിക്കനും കുറെ പേരുണ്ടാകും " എന്നു പറഞ്ഞവരോട് കൂട്ട് നില്‍ക്കാന്‍ ആയില്ല. എന്റെ വീട്ടിലെ പട്ടി എന്റെ തന്നെ വീട്ടിലെ ഒരു വ്യക്തിയെ കടിച്ചാല്‍ വീട്ടുകാര്‍ പട്ടിയെ ആണ്‌ കെട്ടിയിടുക. അല്ലാതെ വ്യക്തിയെ അല്ല. സമൂഹത്തിലെ ചില പട്ടികള്‍ കാരണം നല്ല വ്യക്തികള്‍ പുറത്തിറങ്ങരുത് എന്നു പറയുന്നതിലെന്തു ന്യായം? ഞാന്‍ പുറത്തേക്കിറങ്ങാതിരുന്നില്ല. അങ്ങനെ ഇറങ്ങുന്തോറും എന്റെ ആത്മവിശ്വാസം കൂടി. ധൈര്യം കൂടി. "വാനപ്രസ്ഥം" കാണാന്‍ അമ്മയോടൊപ്പം പോയപ്പോള്‍ പുറകില്‍ നിന്നു തോണ്ടിയ രോഗിയെ എല്ലാവരുടെയും മുന്നില്‍ വെച്ച് എഴുന്നേറ്റ് നിന്നു ഞാന്‍ ചീത്ത പറഞ്ഞു. അയാള്‍ പിന്നെ വന്നു ഉപദ്രവിച്ചാലോ എന്നു അമ്മ പേടിച്ചു. കേരളത്തില്‍ ജനിച്ച് അവിടെ തന്നെ പഠിച്ച് അവിടെ തന്നെ വളര്‍ന്ന ഞാന്‍ എല്ലാരെയും പേടിച്ച് എന്റെ സ്വാതന്ത്ര്യം വേണ്ടെന്നു വെക്കണമോ? സമൂഹം നന്നാവാന്‍ കാത്തുനില്‍ക്കാതെ സ്വയം മാറി ചിന്തിച്ചു തുടങ്ങുന്നതല്ലേ നല്ലത് ?

ഈ ധൈര്യവും ആത്മവിശ്വാസവും എല്ലാവര്‍ക്കും തനിയെ ഉണ്ടാകില്ല. വീട്ടിലെ ഒരു ചെറിയ ഇകഴ്ത്തല്‍ മതി നമ്മുടെ ആത്മവിശ്വാസം തകരാന്‍ . അപകര്‍ഷതാ ബോധം വളര്‍ത്താന്‍ . 

"എന്തേ എനിക്കു തന്നില്ല എന്തേ ഏട്ടനു മാത്രം" എന്നു ചോദിച്ച് ന്യായം നോക്കിയ എന്നൊട് തിരിച്ചൊരു ചോദ്യം "അര്‍ദ്ധരാത്രിയില്‍ കോട്ടമൈതാനത്ത് പോകാന്‍ നിനക് പറ്റുമോ? പക്ഷെ നിന്റെ ഏട്ടനു പറ്റും . അതു തന്നെയാണ്‌ വ്യത്യാസം ". എനിക്കു അര്‍ദ്ധരാത്രി കോട്ടമൈതാനത്ത് പോകാന്‍ പറ്റില്ലെങ്കില്‍ അത് എന്റെ കുറ്റമാവുന്നത് എങ്ങനെ? അതിനു എന്നെ കുറ്റപ്പെടുത്തി പറയുന്നത് എന്റെ ആത്മവിശ്വാസം തകര്‍ക്കുകയല്ലെ ചെയ്യുക? ഇത് ഞാന്‍ മാത്രം കേട്ടതല്ല. ഒരുപാട് പേര്‍ നേരിട്ടിട്ടുണ്ട്. വീട്ടില്‍ അസമത്വം കാണിക്കാതെ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ശ്രദ്ധിച്ച് കൂടെ ജാഗ്രത പുലര്‍ത്തുന്നത് നല്ലതുതന്നെ എന്നു പറയേണ്ട വീട്ടുകാര്‍ ഇങ്ങനെ ചെയ്താലോ?

എന്തിനേറെ? നൂറു ദിവസം തികച്ചോടിയ മമ്മൂട്ടിയുടെ "കിംഗ്" എന്ന സിനിമയില്‍ പറയുന്നു - "നീ പെണ്ണാണ്‌. വെറുമൊരു പെണ്ണ്‌ ". ഇത് കേട്ടു കയ്യടിച്ച ഓരോരുത്തരും ഈ സാമൂഹിക അനീതിക്കു കൂട്ടു നിന്നവരാണ്‌. ഇത് ഒരു സിനിമയില്‍ മാത്രമല്ല.. പല സിനിമകളില്‍ പല ആള്‍ക്കാരില്‍ നിന്ന് കേള്‍ക്കുന്നു. ഇനി മലയാളം സിനിമകളുടെ കാര്യം പറയേണ്ട. നടി തല്ലു കൂടുന്നു.. ഉറക്കെ സംസാരിക്കുന്നു. പിന്നീട് നടന്റെ കയ്യില്‍ നിന്നൊരു തല്ലു, അല്ലെങ്കില്‍ ചീത്ത. അതോടെ അടുത്ത സീനില്‍ നടിയുടെ മുഖം ഒരല്‍പം താഴേക്കു നോക്കി കൊണ്ടായിരിക്കും . അതുവരെയുള്ള സീനുകളില്‍ ധരിച്ചിരുന്നത് ജീന്‍സോ ടോപ്പോ ചുരിദാരോ ആണെങ്കില്‍ കൂടി അടി\ചീത്ത കിട്ടിയ ശേഷമുള്ള സീനില്‍ സാരിയായിരിക്കും ധരിക്കുന്നത്. വിഡ്ഡിത്തം ! അല്ല്ലതെന്തു പറയാന്‍ ! അതു കണ്ട് വീട്ടില്‍ "കണ്ടില്ലേടീ ആണുങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും " എന്നു പറഞ്ഞവരെയും എനിക്കറിയാം . 

സഹോദരരേ.. ഒന്നാലോചിച്ചു നോക്കൂ.. തമാശ പറഞ്ഞു കൂട്ടുകാരുടെ കൂടെ നടക്കുമ്പോഴും രണ്ടൂ കണ്ണുകളെ പത്താക്കി ചുറ്റും പരതി പേടിച്ച് നടക്കേണ്ട അവസ്ഥ... വീട്ടിലും ചുറ്റിലും സിനിമയിലുമെല്ലാം താഴ്ത്തികാണിക്കുന്ന ഈ പ്രവണത നല്ലതാണോ?

സമൂഹത്തില്‍ സാരമായ വ്യത്യാസം വരുത്താന്‍ നിങ്ങള്‍ ഒറോരുത്തര്‍ക്കും പങ്കുണ്ടെന്നു മനസ്സിലാക്കുക. 

ഞാന്‍ വളര്‍ന്നു. പ്രീഡിഗ്രി കോളേജുകളില്‍ ഇല്ല.. തുടര്‍ന്നും സ്കൂള്‍ പഠനം തന്നെ. ഞാന്‍ എത്തിപ്പെട്ടത് തൃശ്ശൂരിലെ പ്രശസ്തമായ ഒരു പെണ്‍കുട്ടികളുടെ വിദ്യാലയത്തില്‍ . അവിടെ വെച്ചു ഞാന്‍ ആദ്യമായി പെണ്‍കുട്ടികള്‍ തമ്മില്‍ സ്നേഹിക്കാറുണ്ടെന്നറിഞ്ഞു. അവരെ ഇംഗ്ലീഷില്‍ "ലെസ്ബിയന്സ്' എന്നു വിളിക്കുമെന്നും അറിഞ്ഞു.  അതില്‍ ഒരാളായ ടീനയുടെ വീട് തൃശൂരില്‍ തന്നെ. പക്ഷെ 3-4 ദിവസം അവധി വരുമ്പോഴൊന്നും അവള്‍ പോകുന്നില്ല. ഇവിടെ തന്നെ.  ഞങ്ങളില്‍ ഒരുപാട് പേര്‍ അവളേയും കൂട്ടുകാരിയേയും അടക്കം പറഞ്ഞു കളിയാക്കിയിരുന്നു.  ആദ്യമാദ്യം അവളൊന്നും പറഞ്ഞില്ല. പിന്നീടെപ്പോഴോ ആയി അറിഞ്ഞു അവളുടെ സ്വന്തം അച്ഛനും കൂട്ടുകാരും കൂടുന്ന വീട്ടിലെ കള്ളുസഭയില്‍ അവളെയും വിളിച്ചിരുന്നു. വലുതാകുന്തോറും സ്വന്തം അച്ഛനില്‍ നിന്നു വരെ നല്ല പെരുമാറ്റം കിട്ടാതായപ്പോല്‍ ഹോസ്റ്റല്‍ ജീവിതത്തിലേക്ക് കയറി. സ്വാഭാവികമായും ആണുങ്ങളോട് നല്ല രീതിയില്‍ ഇടപഴകാനാകാതെ അവള്‍ പെണ്‍കുട്ടികളെ സ്നേഹിച്ചു തുടങ്ങി. 

തൃശ്ശൂരില്‍ എന്നെ എതിരേറ്റത് മറ്റൊരു പുതിയ അനുഭവം കൂടിയായിരുന്നു. ഹോസ്റ്റലില്‍ 98 ശതമാനം സയന്‍സ് ഗ്രൂപ് വിദ്യാര്‍ഥികള്‍ ആയിരുന്നു. എന്റെ ഹോസ്റ്റലിലെ മിക്ക സയന്‍സ് വിദ്യാര്‍ത്ഥികളും പി.സി.തോമസ്‌ മാഷുടെയോ അജിത് സാറിന്റെയോ ട്യൂഷന്‍ - എന്‍ട്രന്‍സ്   ക്ലാസ്സുകള്‍ക്കായി രാവിലെ 6:30ക്കു തന്നെ ഹോസറ്റ്ലില്‍ നിന്നിറങ്ങും.  തിരിച്ച് 8:30ക്ക്‌ നേരെ ഹോസ്റ്റലിലേക്കും. അതൊരോട്ടമാണ്‌. കാരണം നടന്നു ഹോസ്റ്റല്‍ എത്തി പ്രഭാത ഭക്ഷണവും കഴിച്ച് ക്ലാസ്സിലെത്തണം. 5-6 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ ആയാണ്‌ ഞങ്ങള്‍ നടക്കാറുള്ളത്.  2-3 ആഴ്ച്ചയേ ആയുള്ളൂ ക്ലാസ്സുകള്‍ തുടങ്ങിയിട്ടെങ്കിലും നമ്മളെല്ലാം സുഹൃത്തുക്കള്‍ ആയിക്കഴിഞ്ഞിരുന്നു. ഒരു ദിവസം തിരിച്ച് നടന്നു വരുമ്പോള്‍ ഞാന്‍ കണ്ടത് കരഞ്ഞു തളര്‍ന്നു വരുന്ന രേശ്മയെയാണ്‌ . കാര്യം തിരക്കിയപ്പോള്‍ അറിഞ്ഞത് തൃശ്ശൂരിലെ ചില ഞരമ്പു രോഗികളെക്കുറിച്ച്. ഇത് അവിടെ സ്ഥിരമായ കാര്യം. പതിനഞ്ചും പതിനാറും വയസ്സുള്ള പെണ്‍കുട്ടികള്‍ നടന്നു പോകുമ്പോള്‍ "ശ്ശ് ശ്ശ്" എന്നു വിളി കേള്‍ക്കാം . മനുഷ്യനല്ലേ.. തിരിഞ്ഞു നോക്കും. അപ്പോള്‍ കാണുന്നത് മുണ്ട് പൊക്കുന്ന ഒരു പുരുഷനെയാണ്‌. തന്റെ നഗ്നത കാണിക്കുന്നതില്‍ താല്‍പര്യമുള്ള പുരുഷന്‍മാര്‍ ഒരുപാടുണ്ടവിടെ. ഇത്തരത്തില്‍ ഒരു  കാഴ്ച്ച തൊട്ടടുത്ത് നിന്നു കാണേണ്ടി വന്നതാണ്‌ രേശ്മ കരയാനിടയാക്കിയത്. അന്നേ ദിവസം ആ പാവത്തിനു ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞില്ല. ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ക്കും. പിന്നീട് ഈ ഞാന്‍ തന്നെ പത്തിലേറെ തവണ നഗ്നത പ്രദര്‍ശനം കണ്ടിട്ടുണ്ട്. ആത്മ വിശ്വസത്തോടെ കണ്ണുരുട്ടി കാണിച്ച് പോകാന്‍ പറഞ്ഞാല്‍ അയാള്‍ പോകുമെന്നു വിചാരിച്ച എനിക്കു തെറ്റു പറ്റി. അയാള്‍ കൂടുതല്‍ വികൃതമായ ചേഷ്ടകളോടെ അതു തുടര്‍ന്നൂ.  പിന്നീട് തിരിച്ച് നാടെത്തിയിട്ടും പുറകില്‍ നിന്നൊരാളു വിളിച്ചാല്‍ ഞാന്‍ തിരിഞ്ഞു നോക്കാതായി. 

പന്ത്രണ്ടാം ക്ലാസ്സു കഴിഞ്ഞു തുടര്‍പഠനം ചെയ്യാതെ കല്യാണം കഴിച്ച ഒരു സുഹൃത്തു എനിക്കുണ്ട്. ഭര്‍ത്താവുമായി ഒന്നു ഇണങ്ങുന്നതിനു മുന്നെ, സെക്സെന്നതിനെക്കുറിച്ച് അറിയാതിരുന്ന അവളെ ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു അയാള്‍ . അതും ബലാല്‍സംഗത്തിനു തുല്യമല്ലേ? ഇതു പോലെ എത്രയെത്ര പേര്‍ ചെയ്യുന്നുണ്ട്.

ഈ അസമത്വത്തിനു ഒരു പരിധി വരെ മതങ്ങളും മത പുസ്തകങ്ങളും ഒരു കാരണം തന്നെയാണ്‌. അതൊരു പക്ഷെ ഓഷോ പറഞ്ഞതു പോലെ പുരുഷന്റെ പേടിയില്‍ നിന്നു ഉത്ഭവിച്ചതാകാം. പുതു തലമുറയെ സൃഷ്ടിക്കാന്‍ സ്ത്രീയും പുരുഷനും ഒരു പോലെ അവശ്യമാണ്‌ . എന്നാല്‍ ആ ഭ്രൂണത്തെ ഗര്‍ഭം ധരിക്കാന്‍ സ്ത്രീക്കേ കഴിയുകയുള്ളു.  അപ്പൊ തന്നേക്കാള്‍ വലുതായേക്കുമോ അവള്‍ എന്ന പേടിയില്‍ നിന്നാകാം പിന്നീട് ഓരോ ചുവടും വെച്ചത്. പക്ഷെ ഇന്നത്തെ തലമുറയും അതു കൊണ്ടു പിടിക്കുന്നതിനെ കുറിച്ചാലോചിക്കുമ്പൊ ചിരിയാണ്‌ വരുന്നത്. പക്ഷെ ആ ചിരിക്കു ഇന്നു രക്തത്തിന്റെ മണമുണ്ട്. അതുണ്ടാക്കുന്നത് നമ്മള്‍ ഓരോരുത്തരുമാണ്.

" മുമ്പേ ഗമിക്കും ഗോവിനു പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം " എന്നു കേട്ടിട്ടില്ലേ.. അത്ര തന്നെ.

( ഭാഗം - 2  ഇവിടെ വായിക്കാം )

3 Dec 2012

ബീഹാറിലും താലിബാനോ?

ഇന്നു (03 Dec, 2012) പല മാധ്യമങ്ങളിലായി വന്ന ഒരു വാര്‍ത്ത ഇതാണ്.

ബീഹാറിലെ കിഷന്‍ഗന്‍ജ് ജില്ലയിലെ സുന്ദര്‍ബാദി ഗ്രാമത്തില്‍ ഇനി സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ അടക്കേണ്ടി വരും . കല്യാണം കഴിച്ചവരാണെങ്കില്‍ 2000 രൂപ, കല്യാണം കഴിക്കാത്തവര്‍ക്കു 10,000 രൂപ..

ആ നാട്ടില്‍ ഉണ്ടാകുന്ന പ്രേമ വിവാഹം, ഒളിച്ചോടല്‍ എന്നിവയ്ക്കു കാരണം മൊബൈല്‍ ഫോണാത്രെ.

അപ്പൊ ന്യായമായും ഒരു സംശയം... ഈ മൊബൈല്‍ ഫോണ്‍ ഒരാള്‍ മാത്രം ഉപയോഗിച്ചാല്‍ ഒളിച്ചോട്ടം നടത്താന്‍ പറ്റുമോ? അതോ... ഇനി സുന്ദര്‍ബാദി ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ തമ്മിലാണോ ഒളിച്ചോട്ടം ?


ബീഹാറിലെ 38 ജില്ലകളിലൊന്നായ ഈ "കിഷന്‍ഗന്‍ജ്" ജില്ലയില്‍ സാക്ഷരതാ ശതമാനം 54.07 ശതമാനം മാത്രം. ദേശീയ ശരാശരിയിലും (59.5%) താഴെ. അതില്‍ തന്നെ പുരുഷന്മാരുടേത്‌ 60 ശതമാനമെങ്കില്‍ സ്ത്രീകളുടേത് 28 ശതമാനം മാത്രം.

സാക്ഷരതയെ കാര്യമായി എടുക്കാത്തവരായതു കൊണ്ട് ഉള്ള വിദ്യാഭ്യാസവും കൂടി വേണ്ടെന്നു വെയ്ക്കുന്ന ഉത്തരവും വരാന്‍ സാധ്യത ഇല്ലാതില്ല. താലിബാന്‍ ചെയ്ത പോലെ ഇനി അടുത്ത ലക്ഷ്യം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കലാകുമോ?
വിദ്യാഭ്യാസവും സാമാന്യ വിവരവും ഇല്ലാത്തതു കൊണ്ടുണ്ടാകുന്ന ഓരോരോ കാര്യങ്ങളേയ്..
വിവരമില്ലായ്‌മ ഒരു കുറ്റമല്ലെങ്കിലും അതിനും ഒരു പരിധി ഇല്ലേ?

മലാലമാരെ സൃഷ്ടിക്കാന്‍ സുന്ദര്‍ബാദിക്കാകട്ടെ എന്നു ആശംസിക്കുന്നു..

30 Nov 2012

പൂമ്പാറ്റകള്‍ പറക്കുന്ന പാളങ്ങളിലൂടെ


Sakleshpur Trekking: A Railway Track Trek Through The Green Route

നമുക്കൊരു 'റെയില്‍വേ ട്രാക്ക് ട്രെക്കിങ്ങി' നു (Railway Track Trekking) പോയാലോ എന്നൊരു സുഹൃത്തിന്റെ ചോദ്യം. പണ്ട് തൊട്ടേ യാത്ര പോകാമെന്നു കേള്‍ക്കുമ്പോള്‍ 'എന്ത്? എവിടേക്ക്? എങ്ങനെ?' എന്നൊക്കെ തിരിച്ച് ചോദിക്കുന്നതിനു പകരം 'ഓ.. പൂവ്വാലോ... എന്നാ?' എന്നു ചോദിച്ച് ശീലിച്ച ഞാന്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. റെയില്‍ പാതയിലൂടെയുള്ള ട്രെക്കിങ്ങ് എനിക്ക് പുതിയ അറിവായിരുന്നു. അവിടെ എന്താണ് കാണാനുള്ളതെന്നതും വലിയ അറിവുണ്ടായിരുന്നില്ല.

ബാംഗ്ലൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന പ്രധാന പാതയില്‍ (NH 48) പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സക്ലേഷ്പൂര്‍. അവിടം തൊട്ട് കുക്കെ സുബ്രഹ്മണ്യ വരെയാണ് 50 കി.മി. യില്‍ കൂടുതല്‍ നീളമുള്ള 'ഗ്രീന്‍ റൂട്ട്' (Green Route) എന്ന് വിശേഷിപ്പിക്കുന്ന ട്രെക്കിങ് റൂട്ട്. ഹാസ്സനില്‍ നിന്ന് മംഗലാപുരം വരെയുള്ളതാണീ പ്രകൃതി ആസ്വാദകര്‍ക്കും യാത്രാസ്‌നേഹികള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഒരേപോലെ പ്രിയപ്പെട്ട റെയില്‍പാത.

അങ്ങനെ ബാക്ക്പാക്കും ടെന്റും സ്ലീപിങ്ങ്ബാഗും മറ്റ് അവശ്യ സാധനങ്ങളുമായി ഞങ്ങള്‍ ഒന്‍പത് പേര്‍ ഒരു വെള്ളിയാഴ്ച്ച രാത്രി 11 മണിക്ക് വാടകക്കെടുത്ത ടെമ്പോട്രാവലറില്‍ ബാംഗ്ലൂരില്‍ നിന്ന് ഏതാണ്ട് 230 കി.മി അകലെയുള്ള സക്ലേഷ്പൂരിലേക്കു യാത്ര തിരിച്ചു.
പുലര്‍ച്ചെ സ്ഥലത്തെത്തി. വളരെ ചുരുക്കം കടകളേയുള്ളു. അതില്‍ തന്നെ തുറന്നിരിക്കുന്ന ഹോട്ടലുകള്‍ വിരളം. പിന്നെ കുറച്ചു ദൂരം പിന്നാക്കം വന്നു ചെറിയൊരു ഹോട്ടല്‍ കണ്ടു പിടിച്ച് ചായ കുടിച്ച് തയ്യാറായി ഞങ്ങള്‍ വീണ്ടും വണ്ടിയില്‍ കയറി, യാത്ര ആരംഭിക്കന്‍ തീരുമാനിച്ച സ്ഥലത്തിറങ്ങി.ഇതിനു മുമ്പ് ഈ യാത്ര ചെയ്തവരുടെ നിര്‍ദ്ദേശപ്രകാരം ടെമ്പോട്രാവലര്‍ സാരഥിയോട് പിറ്റേന്ന് രാവിലെ 10 മണിക്ക് കെംപെഹോളേ എന്ന സ്ഥലത്തെത്താന്‍ പറഞ്ഞേല്‍പ്പിച്ചു. സക്ലേഷ്പൂരില്‍ നിന്ന് 25 കി.മി അപ്പുറത്തുള്ള യെടുകുമരി സ്‌റ്റേഷനടുത്ത് റോഡ് പോകുന്ന സ്ഥലമാണ് കെംപഹോളെ.
സക്ലേഷ്പൂരിനും ധോണിഗലിനും ഇടയില്‍ തീവണ്ടി പാതയില് 47/100 എന്നു അടയാളപ്പെടുത്തിയിടത്ത് നിന്നാണ് ഞങ്ങള്‍ യാത്ര ആരംഭിച്ചത്. ചെറിയൊരു കാപ്പി തോട്ടം കടന്നു വേണം പ്രധാനപാതയില്‍ നിന്ന് ഇവിടേക്കെത്താന്‍.

ആദ്യമായി തീവണ്ടി പാത കണ്ട ചെറിയകുട്ടിയ്ക്കുണ്ടാവുന്ന അത്ഭുതമായിരുന്നു ഞങ്ങള്‍ക്കെല്ലാം. മലര്‍ന്നും കമിഴ്ന്നും കിടന്ന് ഫോട്ടോ എടുക്കുന്നതിനിടയില്‍ തീവണ്ടിയുടെ വിളി കേട്ടു. ഞാനുള്‍പ്പടെയുള്ളവര്‍ തീവണ്ടിയുടെ പടങ്ങളെടുത്തു. വെറുമൊരു വണ്ടി മാത്രമാണ് ഈ വഴി കടന്നു പോകുന്നതെന്നായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന വിവരം.

ആ തീവണ്ടി പോയ ശേഷം സന്തോഷപൂര്‍വ്വം ഞങ്ങള്‍ യാത്ര ആരംഭിച്ചു. ചുറ്റും പച്ചപ്പ്. ആദ്യമൊക്കെ പ്രധാനപാത കുറച്ചു നേരം കണ്ടിരുന്നു. പിന്നീട് ഹോണുകളുടെ ശബ്ദം മാത്രമായി മാറി. പിന്നെ അതുമില്ലാതെയായി.
രണ്ട് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ 'ധോണിഗല്‍' സ്‌റ്റേഷനെത്തി. ആളും അനക്കവുമില്ലാത്ത ഒരു സ്‌റ്റേഷന്‍. ഈ സ്‌റ്റേഷനെത്തും മുമ്പുള്ള പാതയുടെ ഓരങ്ങള്‍ മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കള്‍ നിറഞ്ഞതായിരുന്നു. ഒരു കൊച്ചു പൂന്തോട്ടത്തിലെത്തിയ പ്രതീതി. വീണ്ടും ട്രെയിനിന്റെ കൂക്കി വിളി. അതിശയത്തോടെ ഞങ്ങള്‍ വണ്ടിയെ വരവേറ്റു. യഥാര്‍ത്ഥത്തില്‍ ഈ വഴിയില്‍ ഒരു പാസഞ്ചര്‍ വണ്ടിയേ ഓടുന്നുവുള്ളുവെങ്കിലും ചരക്കു ഗതാഗതം ഉണ്ട്.
കുറേകാലം ഈ വഴിയില്‍ തീവണ്ടി ഗതാഗതം വിലക്കിയിരുന്നു. 2005 മുതല്‍ ഇവിടെ ചരക്കു വണ്ടികള്‍ പോകുന്നുണ്ട്. ഒരേയൊരു പാസഞ്ചറും ഈ വഴിക്കുണ്ട്. അന്‍പതിലേറെ ടണലുകളും നൂറിലേറെ പാലങ്ങളും ഇരുപതില്‍ കൂടുതല് വെള്ളച്ചാട്ടങ്ങളുമുണ്ടീ വഴിക്ക്.
നാലഞ്ച് കിലോമീറ്റര്‍ നടന്നാണ് ഞങ്ങള്‍ യാത്രയിലെ ആദ്യത്തെ പാലമെത്തിയത്.. പിന്നെ തുടരെ തുടരെ പാലങ്ങളും തുരങ്കങ്ങളും ആയിരുന്നു.

ആദ്യ തുരങ്കത്തെയും ആദ്യ പാലത്തെയും വരന്റെ വീട്ടിലേക്ക് വലതുകാല് വെച്ച് കേറുന്ന നവവധുവിനെ പോലെയാണു ഞങ്ങള്‍ വരവേറ്റത്. അമ്പരപ്പും ആശ്ചര്യവും സന്തോഷവും കലര്‍ന്ന ഭാവത്തോടെ.

അങ്ങനെ ആദ്യ തുരങ്കവുമെത്തി. ബാഗില്‍ നിന്നു ടോര്‍ച്ചുകളെടുത്ത് ഒരുങ്ങി. തീവണ്ടിയിലിരുന്നു കൊണ്ട് തുരങ്കത്തിനുള്ളിലൂടെ കടന്നു പോകുന്ന പോലെയല്ല അതിലൂടെയുള്ള നടത്തം. ആദ്യമാദ്യം വെളിച്ചമുണ്ടാകും, വളരെ കുറച്ചുനേരത്തേക്ക്. പിന്നെ പിന്നെ ഇരുട്ട് മാത്രമാകും. തുരങ്കത്തിന്റെ നീളമനുസരിച്ച് പൊട്ടു പോലെ അതിന്റെ മറ്റേ അറ്റത്തു നിന്നുള്ള വെളിച്ചം കാണാം. വളവുള്ള പാതയാണെങ്കില്‍ അതും കാണില്ല. ആ കൂരിരുട്ടില്‍ വവ്വാലുകളുടെ ചിറകടിയും പിന്നെ പരിചയമുള്ളതും ഇല്ലാത്തതുമായ പല ശബ്ദങ്ങളും കേള്‍ക്കാം. ടോര്‍ച്ചടിച്ചായിരുന്നു നടന്നു നീങ്ങിയത്. 

ചുറ്റും മരങ്ങളും പൂക്കളും നദിയും പൂമ്പാറ്റകളും മാത്രം. പ്രകൃതിയോടടുത്തുള്ള യാത്ര തുടര്‍ന്നു..


ആദ്യം കണ്ട പാലം നീളത്തില്‍ തീരെ ചെറുതായിരുന്നു. താഴെ നല്ല ആഴത്തില്‍ ഒരു വീതി കുറഞ്ഞ തോടൊഴുകുന്നു. അതു തന്നെ മനോഹരമായ കാഴ്ച്ചയായിരുന്നു. പിന്നീട് പിന്നിട്ട പാലങ്ങള്‍ക്ക് ഇതിന്റെ അഞ്ചും ആറും ഇരട്ടി നീളമുണ്ടായിരുന്നു. ഒരു 4 കി.മി കൂടി നടന്ന ശേഷം കുറച്ചുനേരം വിശ്രമിച്ചു. ബിസ്‌ക്കറ്റും മറ്റും കഴിച്ച് വീണ്ടും നടന്നു തുടങ്ങി. 

ടെന്റും സ്ലീപിങ്ങ് ബാഗും പിന്നെ തീറ്റ സാമഗ്രികളുമേന്തിയുള്ള ആ നടത്തത്തിനു വിശ്രമം അവശ്യമായിരുന്നു. വെയിലിനു ചൂടു കൂടി വരുന്നു.റെയില്‍വേ ട്രാക്കിലൂടെയുള്ള യാത്ര ഇത്രമാത്രം രസകരമായിരിക്കുമെന്ന് ഞാന്‍ അന്ന് മനസ്സിലാക്കി. ചിലനേരം പാതയുടെ ഇരുവശവും കാട്, മറ്റു ചിലപ്പേള്‍ വെറും പാറ, പിന്നെ വെള്ളച്ചാട്ടം, ഇടക്കിടെ പൂക്കള്‍, പാലങ്ങള്‍ക്കു താഴെ തോടുകള്‍ അങ്ങനെ വ്യത്യസ്തമായ കാഴ്ച്ചകള്‍..

ആ പാതയില്‍ ചിലയിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. പാറ പൊട്ടിച്ച് നിരപ്പാക്കല്‍, പിന്നെ വശങ്ങളില്‍നിന്ന് പാറക്കല്ലുകള്‍ ട്രാക്കിലേക്ക് വീഴാതിരിക്കാന്‍ ഇരുമ്പുകമ്പികള്‍ കൊണ്ടുണ്ടാക്കിയ വല ഉപയോഗിച്ച് പാറയെ പൊതിയല്‍ തുടങ്ങിയവ. കര്‍ണാടകയുടെ ഉള്‍പ്രദേശമായ അവിടെയും മലയാളികളെ കണ്ടുമുട്ടി. അവരോട് ഞാന്‍ മലയാളത്തില്‍ സംസാരിക്കുന്നത് കേട്ട് കൂട്ടത്തിലുണ്ടായിരുന്ന കന്നട സുഹൃത്ത് 'Here also you found a Mallu' എന്നും പിന്നെ ഒരു തത്വം പറയുന്ന പോലെ 'These mallus are everywhere' എന്നും പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. മല്ലു എന്നത് കേരളത്തിനു പുറത്ത് മലയാളിക്കുള്ള 'ഓമന'പേരാണല്ലോ..

ഒരുപാട് തീവണ്ടികള്‍ നമ്മളെ കടന്ന് പോയി ഇതിന്നിടയില്‍. എണ്ണുന്നത് ഞങ്ങള്‍ നിര്‍ത്തിയിരുന്നു.

വളരെ നീളം കൂടിയതും ഒരുപാട് ഉയരത്തിലുള്ളതുമായ ഒരു പാലമെത്തി. താഴെ ഇടത്തു വശത്ത് വെള്ളച്ചാട്ടം. വലതു വശത്ത് ആ വെള്ളം ഒരു തോടായി ഒഴുകുന്നു. ആ ഭംഗി ആസ്വദിക്കുമ്പോഴാണ് ആ തോടിനു കുറുകെ മരപ്പലകകള്‍ കൊണ്ടുണ്ടാക്കിയ ചെറുതും മനോഹരവുമായ പാലം കണ്ടത്. ആരുണ്ടാക്കിയതാണോ ആവോ. ചില പലകകള്‍ പൊട്ടി പോയതായും കാണാം. ആ കാഴ്ച്ചയും സുന്ദരം തന്നെ. പാലത്തിന്റെ മധ്യത്തില്‍ നിന്ന് താഴോട്ട് നോക്കിയാല്‍ വെള്ളവും കല്ലുകളും പുല്ലും ചെടികളും കുറെ പൂക്കളും പിന്നെ ഈ പാലവും. എല്ലാം കൂടി ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീന്‍സേവര്‍ പോലെ. അവിടെ നിന്ന് ആരും 'ആഹാ എത്ര സുന്ദരമീ സ്ഥലം' എന്ന് പറഞ്ഞു പോകും.

ആ മരപ്പാലത്തിന്നടുത്തെത്താന്‍ ഞങ്ങളില്‍ ഞാനുപ്പടെയുള്ള നാല് പേര്‍ ഒരു ശ്രമം നടത്തി നോക്കി. പാലം കഴിഞ്ഞ് അതിന്റെ അറ്റത്തു നിന്നു ആദ്യം പാലത്തിനു താഴെയുള്ള ഇരുമ്പു കമ്പികളിലും പിന്നെ വള്ളികളിലും മറ്റും പിടിച്ച് താഴേക്കിറങ്ങി. ഏകദേശം ഒരു 300 മീറ്റര്‍ താഴ്ച്ച വരെ മാത്രമേ ഞങ്ങള്ക്കു എത്തിപ്പെടാന്‍ കഴിഞ്ഞുള്ളു. ചെടികള്‍ വകഞ്ഞു മാറ്റി പിന്നെയും കുറച്ചിറങ്ങിയെങ്കിലും വലിയ മരത്തടികള്‍ തടസ്സത്തിനെത്തി. അതിനും അപ്പുറത്തേക്ക് വന്‍് താഴ്ച്ചയായിരുന്നു. ഇറങ്ങാന്‍ പറ്റിയാലും തിരിച്ച് കേറാന്‍ സാധിക്കില്ല എന്നുറപ്പുള്ളതു കൊണ്ട് ആ ശ്രമം ഞങ്ങളുപേക്ഷിച്ചു. അതു വരെയുള്ള യാത്രയില്‍ ഞങ്ങള്‍ ഒന്‍പത് പേര്‍ ആ റെയില് പണി നടന്നിരുന്നിടത്തല്ലാതെ വേറെ ആരെയും കണ്ടില്ലായിരുന്നു. ഒരു സഹായത്തിനു വിളിക്കാന്‍ ആളും ഫോണിന് റേഞ്ചുമില്ലാത്ത സ്ഥലമല്ലേ..

പക്ഷെ മറ്റൊരു പാലത്തിന് താഴെയുള്ള ചെറിയ പുഴയുടെ അടുത്തെത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അവിടെ കുറച്ചു നേരം വെള്ളത്തില്‍ കാലിട്ടു ഇരുന്ന് വിശ്രമിക്കാനും പറ്റി.

നീളമുള്ള പാലങ്ങള്‍ രസകരമാണ്. മുകളില്‍ വിശാലമായ ആകാശം. താഴേക്ക് അഗാധത നടുവില്‍ നമ്മള്‍ നില്‍്ക്കുന്ന ആ ഭാഗമൊഴിച്ച്. രസകരം എന്ന പോലെ അപകടകരവുമാണത് അമിതമായി സാഹസികത കാണിക്കുന്നവര്‍ക്ക്. 
നീളമുള്ള പാലങ്ങളില്‍ ഇടവിട്ട് വശങ്ങളിലായി വണ്ടി വരുമ്പോള്‍ കേറി നില്‍ക്കാനുള്ള സ്റ്റാന്‍്ഡ് കാണാറുണ്ട്. ആള്‍് സഞ്ചാരമില്ലാത്ത വഴിയായതുകൊണ്ടാകാം ഇവിടത്തെ പലകകളില്‍ ചിലത് തുരുമ്പിച്ച് പൊട്ടി കിടക്കുന്നു. മറ്റു ചില സ്റ്റാന്‍ഡുകളില്‍ നില്‍ക്കാനുള്ള പലകകളേ ഇല്ല.

വളവുകള്‍ നിറഞ്ഞ പാത ആയതു കൊണ്ട് ദൂരെ നിന്നു വണ്ടികള്‍ വരുന്നത് കാണാന്‍ പലപ്പോഴും പറ്റില്ല. പക്ഷെ ശബ്ദം കേള്‍ക്കാം. എന്നാലും എത്ര ദൂരത്തുനിന്നാണാ ശബ്ദമെന്നു പ്രവചിക്കാന്‍ കഴിയില്ല. കാരണം തുരങ്കങ്ങളും വളവുകളും തന്നെ

ഈ ഒരബദ്ധം ഞങ്ങള്‍ക്കും പറ്റി. ഒരു നീളമുള്ള പാലത്തില്‍ വെച്ച്. എന്നാല്‍ തീവണ്ടിയുടെ ശബ്ദം കേട്ടതുകൊണ്ട് അതു പോയ ശേഷം മതി പാലത്തിലൂടെയുള്ള നടത്തമെന്നും തീരുമാനിച്ചു. വണ്ടിയുടെ തൊട്ടു പിന്നാലെ ഞങ്ങളും പാലത്തില്‍ കേറി. മൂന്ന് പേര്‍ കുറച്ചു മുന്നില്‍ നടന്നു നീങ്ങി. ഞാനും മറ്റു രണ്ടു പേരും പാലത്തിന്റെ നടുവില്‍ നിന്ന് ഫോട്ടോയെടുത്ത് തുടങ്ങി. മറ്റേ മൂന്ന് പേര്‍ പാലത്തില്‍ കേറാതെ പൂക്കളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു.


കടന്നു പോയ തീവണ്ടി ദൂരെ പാലം കഴിഞ്ഞതും വളവു തിരിയുന്നത് കാണാമായിരുന്നു. കൂക്കി വിളി പിന്നെയും കേള്‍ക്കാം. അതു വളവു തിരിയുന്നതു കൊണ്ടായിരിക്കുമെന്നും വിചാരിച്ച് ഞങ്ങള്‍ പാലത്തിന്റെ തൂണുകളുടെ നീളമെത്രയെന്നു ആശ്ചര്യപ്പെട്ട് ഫോട്ടോ എടുക്കുന്നതില്‍ മുഴുകി നിന്നു. അപ്പോഴാണ് ആ വളവു തിരിഞ്ഞു മറ്റൊരു തീവണ്ടി ഞങ്ങള്‍ക്കെതിരെ വരുന്നത് കണ്ടത്. ആദ്യം നടന്നു പോയ രണ്ട് പേര്‍ മുന്നോട്ടേക്കോടി പാലം കടന്നു. ഒരാള്‍ അവിടെ വശത്തുള്ള രണ്ടു പലകകള്‍ മാത്രമുള്ള സ്റ്റാന്‍ഡില്‍ അഭയം പ്രാപിച്ചു. ഒത്ത നടുവില്‍ നില്‍ക്കുന്ന ഞങ്ങള്‍ ആദ്യമൊന്നു അമ്പരന്നു. താഴേക്ക് നല്ല ആഴം. വശത്തെ സ്റ്റാന്‍ഡ് പൊട്ടി പൊളിഞ്ഞിരിക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല. തിരിഞ്ഞോടുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. എന്തായാലും രക്ഷപ്പെട്ടു. ഇതെല്ലാം കണ്ട പാലത്തില്‍ കേറിയിട്ടില്ലായിരുന്ന ശ്രീവത്സ തന്റെ ക്യാമറയില്‍ ഞങ്ങളുടെ ഓട്ടവും പിന്നെ വശത്തെ സ്റ്റാന്‍ഡില്‍ കേറി ഒതുങ്ങി നിന്ന് മഞ്ജുനാഥിനേയും ക്യാമറയില്‍ പതിപ്പിച്ചിരുന്നു.

സമയം ഉച്ച കഴിഞ്ഞിരുന്നു. ഒരു ചെറിയ വെള്ളച്ചാട്ടത്തിന്നടുത്തെത്തി. കാലും മുഖവും കഴുകി കുറച്ചു നേരം ഞണ്ടിനേയും മറ്റും ഫോട്ടോ എടുത്തു. കൂട്ടത്തിലുണ്ടായിരുന്ന ബിനു ചേട്ടന്‍ പൂമ്പാറ്റകളുടെ പിന്നാലെ ക്യാമറയുമായി കുറെ നേരം ചുറ്റുന്നുണ്ടായിരുന്നു. പിന്നെ ചപ്പാത്തിയും ജാമും കഴിച്ചു. കരുതാന്‍ എളുപ്പമാണല്ലോ. 
അപ്പോഴും കൂക്കി വിളിച്ചുക്കൊണ്ട് ഒരു വണ്ടി കടന്നു പോയി. ഇതെത്രാമത്തെയാണോ ആവോ.

അന്‍പതോ നൂറോ മീറ്റര്‍ തൊട്ടു ഏതാണ്ട് ഒരു കി.മി വരെ നീളമുള്ള തുരങ്കങ്ങളുണ്ട് ഈ റൂട്ടില്. ചില സ്ഥലങ്ങളില്‍ ഇരട്ട തുരങ്കങ്ങളും കാണാം. അതായത് ഒരു തുരങ്കം കഴിഞ്ഞു അധികം വീതിയില്ലാതെ വെളിച്ചം വീഴുന്നത് കാണാം. പിന്നെ കാലെടുത്തു വെക്കുന്നത് അടുത്ത തുരങ്കത്തിലേക്ക്. ചില തുരങ്കങ്ങളില് വശങ്ങളില്‍ ചെറിയ വെള്ളച്ചാട്ടങ്ങളും ഉണ്ടാകും. 
ഒരു നീളന്‍ തുരങ്കത്തിന്റെ ഏകദേശം മദ്ധ്യഭാഗത്ത് വലതു വശത്ത് പുറത്തേക്ക് ഒരാള്‍ വലിപ്പത്തിലുള്ള ഒരു ദ്വാരമുണ്ടായിരുന്നു. അതിലൂടെ കടന്നു പുറത്തേക്കു നോക്കിയാല്‍ താഴെ പേടി ഉളവാക്കുന്നത്രയും നല്ല ഒഴുക്കില്‍ ഒഴുകുന്ന ഒരു നദിയും കാണാമായിരുന്നു.

അതു പോലെ മറ്റൊരു നീളമുള്ള തുരങ്കത്തിനുള്ളില്‍ ഞങ്ങള്‍ തീവണ്ടിയെ വരവേറ്റു. ഒന്‍പതു പേരും വരിവരിയായി തുരങ്കത്തിനു വശത്ത് ചേര്‍ന്ന് നിന്നു. തൊട്ടു മുന്നിലൂടെ കയ്യെത്തുന്ന ദൂരത്ത് ഭയാനകമായ ശബ്ദമുണ്ടാക്കി ആ വണ്ടി കടന്നു പോയി. അതൊരു പെട്രോളിയം വണ്ടി ആയിരുന്നെന്നാണെന്റെ ഓര്‍മ.


യാത്ര ഒരു 17 കി.മി കഴിഞ്ഞപ്പോള്‍ നമ്മളെ പോലെ റെയില്‍വേ ട്രാക്ക് ട്രെക്കിങ്ങിന്നിറങ്ങിയ മറ്റൊരു കൂട്ടരേയും കണ്ടു. പിന്നെയും നടന്ന് 20 കി.മി കഴിഞ്ഞപ്പോള്‍ ലക്ഷ്യ സ്ഥാനമായ യെടുകുമരി സ്‌റ്റേഷന്‍ കണ്ടു.


67/300 എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്താണ് ഇരു വശത്തും കാടും മുന്നില്‍ റെയില്‍ പാതയുമുള്ള ഈ സ്‌റ്റേഷന്‍. ഇവിടെ പാര്‍പ്പിടങ്ങളില്ല എന്നു തന്നെ പറയാം. ഉള്ളവര്‍ വീട്ടു സാധനങ്ങളും മറ്റും വാങ്ങാനായി ടൗണില്‍ പോകുന്നത് 24 കി.മി അപ്പുറത്തുള്ള സക്ലേഷ്പൂരിലേക്കാണ് അല്ലെങ്കില്‍ 25ല്‍ കൂടുതല്‍ കി.മി മറുവശത്തുള്ള സുബ്രഹ്മണ്യത്തിലേക്ക്. ഇവിടെ ടോയ്‌ലറ്റ് സൗകര്യങ്ങളൊന്നുമില്ല. പിന്നെ റോഡുള്ളത് നാലര കി.മി അപ്പുറത്താണെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. മലയിറങ്ങി കാടു കടന്നു വേണം അവിടെയെത്താന്‍. കെംപഹോളെ എന്നാണ് സ്ഥലപേര്. അവിടെയാണു ഞങ്ങള്‍ പിറ്റേന്നു ഡ്രൈവറോട് എത്താന്‍ പറഞ്ഞിട്ടുള്ളതും.

സ്‌റ്റേഷനെത്തി ഒരരമണിക്കൂര്‍ വിശ്രമിച്ച ശേഷം കുറച്ചു പേര്‍ കാട്ടില്‍ പോയി ചുള്ളിക്കമ്പുകള്‍ പെറുക്കി കൊണ്ടു വന്നു. പിന്നെ പ്ലാറ്റ്‌ഫോമിലെ പൈപ്പില്‍ നിന്ന് വെള്ളവും പിടിച്ചു. 

മൂന്ന് കല്ലുകള്‍ വെച്ച് അടുപ്പുണ്ടാക്കി ചുള്ളിക്കമ്പുകളുപയോഗിച്ച് തീകൂട്ടി കയ്യില്‍് കരുതിയിരുന്ന പാത്രത്തില്‍ വെള്ളം തിളപ്പിച്ചു. തറവാട്ടില്‍ പണ്ടെങ്ങാണ്ട് അടുപ്പില് തീക്കൂട്ടുന്നത് കണ്ടിട്ടുള്ള ഞങ്ങള്‍ ഊതി ഊതി തീ കത്തിച്ചു. പിന്നെ 'ഡിയോഡറന്റ് (Deodorant) അതിലേക്ക് അടിച്ച് ആളി കത്തിപ്പിച്ചു. നൂഡില്‍സ് ഉണ്ടാക്കി കഴിക്കാനായിരുന്നു ഈ പാടുപ്പെട്ടത്. അതിനകം മറ്റു കുറച്ചു പേര്‍ ടെന്റ് ഉയര്‍ത്തി. 

പിന്നെ വേഗം ഇരുട്ടു വീണു തുടങ്ങി. ഭക്ഷണം കഴിച്ച് കഥകള്‍ പറഞ്ഞിരുന്നും പാട്ടുകള്‍ പാടിയും കുറച്ച് സമയം ചെലവിട്ടശേഷം ഉറക്കത്തിലേക്ക് വീണു.. നല്ല തണുപ്പുള്ള രാത്രിയായിരുന്നു. അര്‍ദ്ധരാത്രിയില് ആ വഴി കടന്നു പോയ വണ്ടികളുടെ ശബ്ദം കേട്ടതു പോലുമില്ല. പിറ്റേന്നും ഇതു പോലെ ഭക്ഷണം ഉണ്ടാക്കി കഴിച്ച ശേഷം തുടര്‍ന്നുള്ള യാത്രയ്‌ക്കൊരുങ്ങി. 10 മണിക്കു കെംപഹോളെ എത്തണം. യെടുകുമരി സ്‌റ്റേഷന്റെ പിറകു വശത്തൂടെ അര കി.മി. മലയിറങ്ങിയാല്‍് ഒരു തോടെത്തും. ആ തോട് മുറിച്ച് കടന്നു പിന്നെ 3 കി.മി നടന്നാല്‍ റോഡെത്തുമെന്നൊക്കെയാണ് ലഭിച്ച വിവരം. 

അങ്ങനെ മലയിറങ്ങി. തോട്ടിലെ വെള്ളത്തില്‍ കളിച്ച ശേഷം നടപ്പു തുടര്‍ന്നു. മൂന്നില് കൂടുതല് കിലോമീറ്റര്‍ നടന്നിട്ടും റോഡിന്റെ പൊടി പൊലും കാണാനില്ല. എന്നു മാത്രമല്ല ഇടക്കെല്ലാം കയറ്റങ്ങളും ഉണ്ടായിരുന്നതുക്കൊണ്ട് സാമാന്യം തളരുകയും ചെയ്തു.. അവസാനം വീണ്ടും റെയില്‍വേ ട്രാക്കിലെത്തിയപ്പോള്‍് മനസ്സിലായി വഴി തെറ്റിയെന്ന്. 

അതും വഴി തെറ്റി എത്തിയത് 70/500 എന്ന് അടയാളപ്പെടുത്തിയ റെയില്‍പാതയില്... അതായത് സ്‌റ്റേഷനില്‍ നിന്ന് വെറും 3 കി.മി. നേരെ ട്രാക്കിലൂടെ നടന്നാല് എത്തുന്ന സ്ഥലത്തേക്കാണ് കാടും തോടും കയറ്റങ്ങളും താണ്ടി കൂടുതല്‍ ദൂരം നടന്ന് എത്തി ചേര്‍ന്നത്. 

സത്യം പറഞ്ഞാല്‍ ഒന്‍പത് പേരും ആ നിമിഷം പൊട്ടിച്ചിരിക്കുകയാണുണ്ടായത്. ആദ്യം നടന്നവര്‍ക്കു മാത്രമല്ല പിറകേ വന്നവരും ഒരേപോലെ വഴി തെറ്റിച്ചല്ലോ. അതിന്റെ ഓര്‍മയ്ക്കായി ട്രാക്കിലിരുന്നു ദു:ഖമഭിനയിച്ചുള്ള ഒരു ഫോട്ടോ എടുക്കാനും മറന്നില്ല.

പിന്നെ മറ്റൊരു വഴി കണ്ടു പിടിക്കാനാകാതെ വീണ്ടും കുറച്ച് ദൂരം നടന്നപ്പോള്‍ ട്രാക്കില് പണിയെടുക്കുന്ന ചില നല്ല ദേശവാസികളെ കണ്ടുമുട്ടി. അവരുടെ സഹായത്തോടെ നമ്മള് യഥാര്‍ത്ഥ വഴിയിലെത്തി. ദൂരെ റോഡ് കാണാമായിരുന്നു. എന്നാല്‍് അവിടേക്കെത്തണമെങ്കില്‍ പുഴ കടക്കണം. 

ഷൂസെല്ലാം ഊരി വഴുക്കിയും വീണും പുഴ കടന്നപ്പോള്‍ ദാ 10 മണി മുതല്‍ കാത്തിരിക്കുന്ന ഡ്രൈവര്‍    ചേട്ടന്‍!. അപ്പൊ സമയം 3 മണി കഴിഞ്ഞിരുന്നു എന്നാണെന്റെ ഓര്‍മ.

സ്‌റ്റേഷനില്‍ നിന്ന് മലയിറങ്ങി ആ തോട് മുറിച്ച് വലതു ഭാഗത്ത് കാണുന്ന വഴിയില് നേരെ നടക്കുന്നതിനു പകരം മുകളിലോട്ട് കയറിയതാണ് പ്രശ്‌നമായത്. നേരെയുള്ള വഴി ഞങ്ങള്‍ ശദ്ധിച്ചതേയില്ല എന്നതാണ് വസ്തുത.

തിരിച്ച് വീണ്ടും ബാംഗ്ലൂരിലേക്ക്. വഴിയില് ഭക്ഷണത്തിനായി ഒരിടത്ത് നിര്‍്ത്തിയെന്ന് മാത്രം. തിരികെ ബസ്സില് എല്ലാരും ആ യാത്ര ആസ്വദിച്ചതിന്റെ സന്തോഷത്തിലായിരുന്നു.. ട്രെയിനുകളും റെയില്‍പാതയും ചെറിയ പേടി തോന്നിയ നിമിഷങ്ങളും 

അങ്ങനെ പൂമ്പാറ്റകള്‍ പറന്നു നടക്കുന്ന റെയില്‍വേട്രാക്കിലൂടെയുള്ള ആ യാത്ര അവസാനിച്ചു, വ്യത്യസ്തമായ ഒരു അനുഭവം നല്കിക്കൊണ്ട്. കൂടെ നല്ല പാഠങ്ങളും ഓര്‍മകളും സൗഹൃദവും...


 
Destination: Sakleshpur - Dhonigal - Yedukumari Railway Route - KempeHole
Total Distance Covered : Between 25 and 30 km

Route Taken: (1) Bangalore to Sakleshpur by Rented Van
                 (2) Railway Track Trekking through Sakleshpur - Dhonigal - Yedukumari Railway Path
                 (3) Stay at Yedukumari Railway Station
                 (4) Yedukumari to Kempehole Main Road - Walking through the forest,
                 (5) Kempehole - Bangalore by Rented Van
Travel Freaks Involved: Bhumika, Binu, Chandan, Chethan, Indu, Manjunath, Rahul, SriVatsa and me.. Varsha
Required Items for the trek: Sleeping Bag, Tents, Torch, Salt (for Leeches), Glucose, Enough food and water
Photos By: Binu, Chethan, Chandan, Varsha
Mathrubhmi Yathra Travelogue Link: 

Print Edition: March-April, 2010

29 Nov 2012

ഒരിക്കല്‍ കൂടി കാതോര്‍ത്തുക്കൊണ്ട്...(എന്നും പരീക്ഷയുടെ ചൂട്‌ ദേഹത്ത്‌ കയരുമ്പോള്‍ എനിക്ക് മുകുന്ദനോടും എം.ടി.യോടും മാധവിക്കുട്ടിയോടും എല്ലാം വല്ലാത്ത സ്നേഹം തോന്നാറുണ്ട്. പഠന വിഷയം 'എഞ്ചിനീയറിങ്ങ്‌' ആയതു കൊണ്ടാകാം ആ ദിവസങ്ങളില്‍ എനിക്ക്‌ സാഹിത്യ വിഷയങ്ങളോടാണ്‌ കൂടുതല്‍ താത്പര്യം തോന്നാറുള്ളത്‌. മാത്രമല്ല, പഠിക്കാനുള്ളതല്ലാത്ത എന്തും വായിക്കാന്‍ വല്ലാത്തൊരു വെമ്പലും. 'എഞ്ചിനീയറിങ്ങി'ന്റെ 4 വര്‍ഷങ്ങളും പിന്നെ കോളേജിനു പിന്നിലെ മനോഹരമായ മലകളും ഹോസ്റ്റലിനു മുന്നിലൂടെ പോകുന്ന റെയില്‍ പാതയും മധുരമാര്‍ന്ന ഓര്‍മകളും ഇടക്കിടെ എന്റെ ഭാവനയെ വികസിപ്പിച്ചുക്കൊണ്ട് ഇതേ പോലെ കടന്നു പോയി.
അങ്ങനെയിരിക്കേ ഏതോ പരീക്ഷക്ക്‌ മുമ്പ് എപ്പോഴോ ആയി ഞാന്‍ കുറിച്ചിട്ടതാണിത്‌.)മംഗലാപുരം എക്സ്പ്രസ്സ് എനിക്ക് മുമ്പിലൂടെ കൂകി വിളിച്ചു കൊണ്ട് കടന്നു പോകുന്നു .. വാളയാര്‍ ചുരം കടന്ന് കരിമ്പനകളുടെ നാട്ടിലേക്കുള്ള ഈ നെടുനീളന്‍ വണ്ടിയുടെ പ്രവേശനം ഞാന്‍ മനസ്സില്‍ കാണുകയാണിപ്പോള്‍...

നല്ല കുളിര്‍മ .. ചെറിയൊരു തണുത്ത കാറ്റ്‌ വീശുന്നുമുണ്ട്... ജനല്‍ കമ്പികളില്‍ പിടിച്ചു നില്‍ക്കുന്നതുകൊണ്ടാകാം കൈകള്‍ വല്ലാതെ തണുത്തിരിക്കുന്നു .. ഞാന്‍ കാത്തിരിക്കുകയാണ്‌ അടുത്ത തീവണ്ടിയുടെ വരവിനായി ... അപ്പോഴും , പാലക്കാടന്‍ കാറ്റും തമിഴ് മണവും ഒരുപോലെ വഹിച്ച് കരിമ്പനകള്‍ക്കിടയിലൂടെ വയലോലകളെ പകുത്തു , കുതിച്ചു ക്കൊണ്ടേയിരിക്കുന്ന ആ വണ്ടിയുടെ ചിത്രം ഞാന്‍ മനസ്സില്‍ വരച്ചുക്കൊണ്ടേയിരുന്നു ...

ഇവിടെ തീവണ്ടി ഒരതിശയമല്ല. ഒരു ദിവസം തന്നെ എത്രയെണ്ണം !
എന്തായാലും ഒന്നിനെ കൂടി കണ്ടിട്ടാകാം പുസ്തകത്തിന്റെ ഉള്ളിലേക്ക് വലിയുവാനുള്ള ശ്രമം.. എന്താണിതെനിക്ക്‌ നല്‍കുന്നത് ??? എന്താണിതെന്നെ ഓര്‍മിപ്പിക്കുന്നത്???
ഗൃഹാതുരത്വം ??
അല്ല.. അതൊരു പഴഞ്ചന്‍ പ്രയോഗമാണ് ... അല്ലെങ്കിലും അങ്ങനെയല്ല അതിനെ വിശേഷിപ്പിക്കേണ്ടത്‌.. എത്ര തന്നെ കണ്ടാലും മതി വരാത്ത ഒരു കൌതുകം! ഓരോ പ്രാവശ്യവും വീട്ടിലേക്ക് പോകുന്നതിനായി ഈ വന്‍ തേരട്ടയെ കാത്ത്‌ നില്‍ക്കുമ്പോഴും ആദ്യമായി ഇതില്‍ കേറാന്‍ പോവുകയാണെന്ന് തോന്നി പോകാറുണ്ടെനിക്ക്‌. ഒരുപാട് പരിഭ്രമവും അത്ര തന്നെ ആശ്ചര്യവും സന്തോഷവും മനസ്സില്‍ കളിക്കുമപ്പോള്‍...

ഈ കൌതുകത്തെ കുറിച്ച് പലപ്പോഴും കൂട്ടുകാരുടെ മുമ്പില്‍ വാചാലയാകാറുണ്ട് ഞാന്‍. ഒരുപക്ഷെ കളിയായിട്ടാകാം അവരില്‍ പലരുമെന്റെ വാക്കുകളെ കേള്‍ക്കാറുള്ളത്‌. എന്നാലും വെറുതെയിങ്ങനെ നോക്കിനില്‍ക്കുമ്പോള്‍ മനസ്സിനൊരു സന്തോഷം.. ഈ ലോകത്തിലെ വേദനകളോ സങ്കടങ്ങളോ ബാഹ്യമോ ആന്തരികമോ ആയ മുറിപ്പാടുകളോ എന്നെ സ്പര്‍ശിക്കുന്നതേയില്ല എന്നൊരു തോന്നല്‍.. ഈ വണ്ടിക്കൊപ്പം എന്റെ വേദനകളും ഒരുപാട് ദൂരത്തേക്ക്‌ പോകുന്നതായി ഞാന്‍ അറിയുന്നു.
അല്ല .. ചൂളം വിളിച്ച് അകലങ്ങളിലേക്ക് പായുന്ന ഈ വണ്ടികള്‍ ഒരു ഗൃഹാതുരത്ത്വ ഓര്‍മയല്ലെനിക്ക്‌. .. പകരം ..... എന്റെ പരിഭവങ്ങളും പരിഭ്രമങ്ങളും നൊമ്പരങ്ങളും വഹിച്ചു അകലങ്ങളിലേക്ക് പായുന്ന ഒരു സാന്ത്വനാനുഭൂതിയാണ് .. എന്നിലേക്ക്‌ മധുരമാര്‍ന്ന മഹത്തായ രണ്ട് സംസ്കാരങ്ങള്‍ പകര്‍ന്ന്‌ തരുന്ന വിജ്ഞാന ഭണ്ഢാരമാണ്‌.
മനസ്സിനെ കുറെ കാലം വേട്ടയാടിയിരുന്ന ഒരു പദപ്രശ്നം പൂരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയില്‍ ജനലിന്റെ കമ്പികളില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ പുറത്ത്‌ അടുത്ത ചൂളം വിളി കേള്‍ക്കുകയായ്‌..
ഇപ്പോള്‍ ആ ശബ്ദത്തെ ആവാഹിക്കുകയാണ്‌ ഞാന്‍ എന്റെ മനസ്സിലേക്ക്‌... ...

7 Sep 2012

നിങ്ങളെന്നെ സവര്‍ണനാക്കി..

ഞാന്‍ ഒരു സാധാരണ ഇന്ത്യന്‍. രാജീവ് എന്നോ ഭവ്യ എന്നോ എന്നെ വിളിക്കാം. ("Gender" പ്രശ്നമേ അല്ല.)


ചെറുപ്പത്തില്‍ തന്നെ എനിക്കൊരു സ്വപ്നം ഉണ്ടായിരുന്നു. ഡോക്ടറാവുക എന്നതായിരുന്നു അത്.

നല്ല ചികിത്സ കിട്ടാതെ അകാലത്തില്‍ മരിച്ച അമ്മാവന്റെയും പൈസ ഇല്ലാത്തതു കൊണ്ട് ഇന്നും തീരാ രോഗിയായി ഇരിക്കുന്ന ലത ചേച്ചിയുടെയും ദുരവസ്ഥ എന്നെ ഒരു "സഹാനുഭൂതിയുള്ള സഹജീവി സ്നേഹമുള്ള ഒരു നല്ല ഡോക്ടാറാകണം" എന്ന ശപഥം ചെയ്യാന്‍ പ്രേരിപ്പിച്ചു.

ആ ഒരു സ്വപ്ന സാക്ഷാത്കരത്തിനായി ഞാന്‍ ബയോളജിയും കെമിസ്ട്രിയുമെല്ലാം അതീവ ശ്രദ്ധയോടെ പഠിച്ചു. മനുഷ്യരൂടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മനസ്സിലാക്കി തുടങ്ങി.

പത്താം ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ തൃശ്ശൂരിലെ പ്രശസ്തമായ കോച്ചിങ്ങ് സെന്ററില്‍ ചേര്‍ന്നു. പന്ത്രണ്ടാം ക്ലാസ്സിലും എന്‍ട്രന്‍സ് പരീക്ഷയിലും ഞാന്‍ നല്ല റാങ്ക് വാങ്ങി. എന്നിട്ടും ഞാന്‍ ഡോക്ടറായില്ല..

പക്ഷെ എന്റെ അമ്മയുടെ ഓഫീസ്സിലെ മേധാവിയായ അങ്കിളിന്റെ മകള്‍ എനിക്കും എത്രയോ താഴെ റാങ്ക് വാങ്ങിച്ചുവെങ്കിലും ഡോക്ടറായി. ഒരു പ്രത്യേക മത വിഭാഗക്കാര്‍ നടത്തുന്ന കോളേജില്‍ മാനേജ്മെന്റിനു ലക്ഷങ്ങള്‍ പൈസ കൊടുത്ത് ഡോക്ടറാകാനുള്ള ശേഷി ഇല്ലാത്തതു കൊണ്ട് ആ മോഹം പൊലിഞ്ഞു.

ഇന്നു ഞാന്‍ ഒരു സര്‍ക്കാര്‍ ജോലി ചെയ്യുന്നു. ചെയ്യുന്ന ജോലിയില്‍ ഞാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും കഴിവും കൊണ്ട് സ്ഥാനക്കയറ്റം കിട്ടും എന്നു എല്ലാവരും പറയുന്നു. പക്ഷെ അതും എന്നില്‍ നിന്നു തട്ടിത്തെറിപ്പിക്കാന്‍ ചിലര്‍ തയ്യാറെടുത്തിരിക്കുന്നു..

എനിക്കും ജീവിക്കണ്ടെ?

എനിക്കും ഇല്ലേ ആഗ്രഹിച്ചത് പഠിക്കാനുള്ള ആഗ്രഹം?

കഴിവുണ്ടായിട്ടും അതൊന്നും നേടാന്‍ എനിക്കു മാത്രം എന്താ പറ്റാത്തത്?

എന്റെ മുന്നിലൂടെ എന്നേക്കാളും പണവും അധികാരവും ഉള്ള എന്റെ അത്ര പോലും കഴിവില്ലാത്ത ചിലര്‍ എന്റെ സ്വപ്നങ്ങളും തട്ടിയെടുത്ത് നടക്കുമ്പോള്‍ കൈയ്യും കെട്ടി ഞാന്‍ നില്‍ക്കണമോ?

ഇതുവരെയും ഞാന്‍ വിശ്വസിച്ചിരുന്നു നമ്മള്‍ ഇന്ത്യക്കാരെല്ലാം ഒന്നാണെന്ന്‌.. ഈ 21-ആം നൂറ്റാണ്ടില്‍ ജീവിക്കുന്ന എനിക്ക് ജാതിയിലും മതത്തിലും വിശ്വാസമില്ലായിരുന്നു.

പക്ഷെ ഇപ്പോള്‍ ഞാന്‍ പറയുന്നു ഇത്തരത്തില്‍ അനര്‍ഹമായ അംഗീകാരം ആഗ്രഹിക്കുന്ന കൈനീട്ടി വാങ്ങുന്ന നാണമില്ലാത്ത ഒരു ജാതി ഇവിടെ ഉണ്ട്. ഒട്ടും നാണമില്ലാതെ അവര്‍ക്ക് വേണ്ടി വാദിക്കുന്ന ഒരു പറ്റം രാഷ്ട്രീയക്കാര്‍ അടങ്ങുന്ന മറ്റൊരു ജാതിയും...

അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ മുന്നോക്കക്കാരന്‍ തന്നെ. വാദിക്കാന്‍ ആളില്ലാഞ്ഞിട്ടും പിടിച്ചെഴുനേല്‍പ്പിക്കാന്‍ സഹായ ഹസ്തങ്ങള്‍ ഇല്ലാഞ്ഞിട്ടും തുടര്‍പഠനം നടത്താന്‍ ഒരു മതത്തിന്റെ ചിഹ്നവും ഇല്ലാതിരുന്നിട്ടും ആരുടെ മുന്നിലും കൈ നീട്ടാതെ സ്വന്തം അദ്ധ്വാനം കൊണ്ട് ജീവിതം കൊണ്ടു പോകുന്നു.
അഭിമാനത്തോടെ പറയുന്നു ഞാന്‍ ഒരു മുന്നോക്കക്കാരന്‍ തന്നെ.

കൊങ്കണ്‍പാതയും ദൂത് സാഗറും

യാത്രകള്‍.. 
യാത്രകള്‍ പലവിധത്തിലുണ്ട്. ചില യാത്രകള്‍ നേരത്തെ കൂട്ടി ആസൂത്രണം ചെയ്തവയാണ്‌. എവിടെ താമസിക്കണം എന്ത് കഴിക്കണം എങ്ങനെ സഞ്ചരിക്കണം എന്തൊക്കെ കാണണം എന്നൊക്കെ മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടാകും. പലപ്പോഴും ഒരു ഗൈഡ് അഥവാ വഴികാട്ടിയെക്കൂടി തയ്യാറാക്കിയിട്ടുണ്ടാകും. എന്നാല്‍ മറ്റു ചില യാത്രകള്‍ പെട്ടെന്ന്‌ തീരുമാനിക്കപ്പെടുന്നവയാണ്‌. ചിലപ്പോ എന്ത് കാണണമെന്ന്‌ മാത്രം മനസ്സിലുണ്ടാകും. എങ്ങനെ എത്തിപ്പെടുമെന്നോ എവിടെ താമസിക്കുമെന്നോ എന്നൊന്നും അറിവുണ്ടാവില്ല. അങ്ങനെയുള്ള യാത്രയില്‍ ചിലപ്പോഴെല്ലാം നമ്മള്‍ മനസ്സില്‍ എന്നോ ചെയ്യണമെന്നാഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ എങ്ങനെയോക്കെയോ നടപ്പിലാകും. അല്ലെങ്കില്‍ തീര്‍ത്തും വിചാരിക്കാത്ത പുതിയ അനുഭവങ്ങള്‍ സ്വായത്തമാക്കാനാകും. ഈ യാത്ര അത്തരത്തിലൊന്നാണ്‌. 

സഹപ്രവര്‍ത്തകരിലെ സമാനമനസ്ക്കര്‍ തുടങ്ങി വെച്ച ട്രെക്കിങ് ക്ലബ്ബിലൂടെയും അല്ലാതെയും യാത്രകള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയ സമയത്ത് ഒരു വ്യാഴാഴ്ച്ച പെട്ടെന്നൊരു തോന്നല്‍ - ഗോവയ്ക്ക് പോണം. ദൂത്‌ സാഗര്‍ വെള്ളച്ചാട്ടം കാണണം. പിറ്റേന്ന് വെള്ളിയാഴ്ച്ച! അതു കഴിഞ്ഞാല്‍ ശനിയും ഞായറും അവധി. അപ്പൊ പിറ്റേന്ന് തന്നെ  പോകണം. 

ഗൂഗിളിന്റെ സഹായത്തോടെ മനസ്സില്‍ ഒരു ചെറിയ യാത്ര നടത്തി.  മഡ്‌ഗോവയില്‍ നിന്നു വടക്കേ ഇന്ത്യയിലേക്കുള്ള തീവണ്ടി യാത്രയില്‍ വലതു വശത്തായി ഈ വെള്ളച്ചാട്ടം കാണാം. ഗോവ സംസ്ഥാനത്തില്‍ വരുന്ന കുലേം എന്ന റെയില്‍വേ സ്റ്റേഷന്റെയും കര്‍ണാടക സംസ്ഥാനത്തില്‍ വരുന്ന കാസില്‍ റോക്ക് (Castle rock) എന്ന സ്റ്റേഷന്റെയും ഇടയിലാണ്‌ ദൂത്‌സാഗര്‍. അവിടെ ചെറിയൊരു സ്റ്റേഷനുമുണ്ട്.  യാത്രാ വണ്ടികള്‍ അവിടെ നിര്‍ത്തുമെന്നും ഇല്ലെന്നും പലയിടത്തായി വായിച്ചു. കുലേം തൊട്ട് ദൂത്‌സാഗര്‍ വരെയുള്ള 10 കിലോമീറ്റര്‍ നടന്ന് പോകുന്നവരുമുണ്ട്. അല്ലെങ്കില്‍ കാസില്‍ റോക്ക് തൊട്ട് ദൂത്‌സാഗര്‍ വരെ റെയില്‍വേ ട്രാക്കിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കാം. പക്ഷെ അങ്ങനെയെങ്കില്‍ ടെന്റും സാമഗ്രികളുമൊക്കെയായി വേണം പോകാന്‍. മാത്രവുമല്ല സക്ലേഷ്പൂര്‍ തൊട്ട് യെടുകുമരി വരെ ട്രെക്കിങ്‌ ക്ലബ്‌ അംഗങ്ങളുമൊത്ത് ഒരു റെയില്‍വേ ട്രാക്ക് ട്രെക്കിങ്ങ് നടത്തി അധിക ദിവസങ്ങളായതുമില്ല. 

അടുത്ത വഴിയെന്ത്?  എന്തായാലും ദൂത്‌സാഗര്‍ കാണാന്‍ ആദ്യം കുലേം എത്തണം. കുലേമിന്‌ തൊട്ടടുത്തുള്ള പ്രധാന സ്റ്റേഷന്‍ മഡ്ഗോവയാണ്‌. മാഡ്‌ഗോവയെന്ന്‌ കേട്ടപ്പോള്‍ തന്നെ പണ്ട് തൊട്ടുള്ള ഒരു ആഗ്രഹം പുറത്തേക്ക് വന്നു. പകല്‍ നേരത്ത് കൊങ്കണ്‍ പാതയിലൂടെ യാത്ര നടത്തണമെന്നതാണത്. എങ്കില്‍ ഇതു രണ്ടും ഒരു യാത്രയില്‍ തന്നെ എന്നുറപ്പിച്ച്‌ കൂടെ താമസിക്കുന്ന ഇന്ദുവിനെയും യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ബംഗാളിയായ അനിയെയും എന്റെ യാത്രാ പദ്ധതി അറിയിച്ചു. ബീച്ചുകള്‍ക്ക് പ്രസിദ്ധമായ ഗോവയിലേക്ക് വെള്ളച്ചാട്ടം കാണാനായൊരു യാത്ര..!  അവരുടെ മുഖം വിടര്‍ന്നു. എന്നു മാത്രമല്ല  തുറമുഖ പട്ടണങ്ങളായ മംഗലാപുരത്തെയും മുംബെയെയും ഒന്നിപ്പിക്കുന്ന കൊങ്കണ്‍ റെയില്‍ പാതയിലെ കാഴ്ച്ചകളും ആസ്വദിക്കാം. കൂടുതല്‍ ആലോചിക്കാതെ "നാളെ തന്നെ പോകാം" എന്നു യാത്രപ്രേമികളായ അവര്‍ കൂടെ പറഞ്ഞപ്പോള്‍ എന്റെ പദ്ധതിക്ക് ജീവന്‍ വെച്ചു.

പെട്ടെന്നെടുത്ത ആ തീരുമാനത്തിന്റെ കൂടെ മറ്റൊരു തീരുമാനം കൂടി നമ്മള്‍ എടുത്തു. ഈ യാത്രയില്‍ നമ്മള്‍ പെണ്‍കുട്ടികള്‍ മാത്രം മതി. വെറും വെറുതെ.. അല്ലെങ്കില്‍ വെറുതെ ഒരു വ്യതാസത്തിന്. അങ്ങനെ നമ്മള്‍ മൂന്നു പേരോടൊപ്പം 2 പേര്‍ കൂടി ചേര്‍ന്നു. നിഖിലയും ഓറീസ്സക്കാരിയായ നീലിമയും. അവരുടെ ഇത്തരത്തിലുള്ള കന്നി യാത്രയാണ്‌.


അവസാന നിമിഷത്തിലെ തീരുമാനമായതുകൊണ്ട്  ബാംഗ്ലൂര്‍ തൊട്ട് മംഗലാപുരം വരെ പോകാന്‍ പിറ്റേ ദിവസമായ വെള്ളിയാഴ്ച്ചയ്ക്ക് സാധാരണ ബസ് ടിക്കറ്റേ കിട്ടിയുള്ളു. പിന്നെ കൊങ്കണ്‍ റെയില്‍ പാതയിലൂടെയുള്ള യാത്ര ആസ്വദിക്കാനായി മംഗലാപുരം തൊട്ട്  മഡ്‌ഗോവ വരേക്കും പാസഞ്ചര്‍ തീവണ്ടിയില്‍ ടിക്കറ്റെടുത്തു. 

അങ്ങനെ ആ വെള്ളിയാഴ്ച ബാംഗ്ലൂരില്‍ നിന്നു മംഗലാപുരത്തേക്ക് നമ്മള്‍ പുറപ്പെട്ടു. ബസ്സില്‍ ഏറ്റവും പുറകിലുള്ള സീറ്റ് കിട്ടിയതുകൊണ്ട് റോഡിലെ കുഴികളുടെ എണ്ണവും വ്യാപ്തിയും നല്ല രീതിയില്‍ മനസ്സിലാക്കിക്കൊണ്ട് യാത്ര ചെയ്തു. പുലര്‍ച്ചെ 5 നു മുമ്പു തന്നെ മംഗലാപുരം എത്തി. നേരെ ഓട്ടോ പിടിച്ച് സെന്ട്രല്‍ സ്റ്റേഷനിലേക്ക്. പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞ ശേഷം നമ്മള്‍ വണ്ടിയില്‍ കേറി. ചെറിയൊരു ഫീസ് ഉണ്ടെങ്കിലും സ്ത്രീകളുടെ മുറിയിലെ ശൌച്യാലയത്തിനു നല്ല വൃത്തിയുണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെ.. 

സൂറത്കല്‍, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ്, ഭട്കല്‍, മുരുദേശ്വര്‍, ഹൊന്നാവര്‍, കുംത, ഗോകര്‍ണാ റോഡ്, കാര്‍വാര്‍, കണ്‍കോണാ എന്നിവയാണ്‌  മഡ്‌ഗോവക്കു മുമ്പുള്ള പ്രധാന റെയില്‍വെ നിലയങ്ങള്‍. കടല്‍ തീരവും മല നിരകളുമുണ്ട് ഈ വഴിയില്‍. മുന്നൂറോളം കിലോമീറ്ററുകള്‍ താണ്ടിയുള്ള ഈ യാത്രക്കിടയില്‍ എത്രയെത്ര അരുവികള്‍, പുഴകള്‍, ഭംഗിയുള്ള കൃഷിയിടങ്ങള്‍, ഉള്‍നാടന്‍ പ്രദേശങ്ങള്‍, ആള്‍ പാര്‍പ്പുള്ള ഗ്രാമങ്ങള്‍..! എവിടെയും പ്രസന്നത പകരുന്ന സമൃദ്ധമായ പച്ചപ്പു തന്നെ.. കിലോമീറ്ററുകള്‍ നീളമുള്ള ടണലുകളിലൂടെ പോകുമ്പോള്‍ ശരിക്കും അത്ഭുതപെട്ടു പോയിരുന്നു. സഹയാത്രികരായ കുടുംബങ്ങളോടൊപ്പം പാട്ടു പാടിയും ടണലുകള്‍ വരുമ്പോള്‍ കൂക്കി വിളിച്ചും അതി മനോഹരമായ പുറം കാഴ്ചകള്‍ ആസ്വദിച്ചും സമയം മുന്നോട്ടു പോയതറിഞ്ഞില്ല. മഴക്കാലമായതിനാല്‍ ചിലയിടങ്ങളിലെല്ലാം പുതുമണ്ണിന്റെ സുഗന്ധവും ഏറ്റുവാങ്ങികൊണ്ടായിരുന്നു യാത്ര..

മൂന്നു സംസ്ഥാനങ്ങളിലൂടെയുള്ള 741 കി.മി. കൊങ്കണ്‍ പാതയില്‍ തൊണ്ണൂറോളം  ടണലുകളും രണ്ടായിരത്തോളം പാലങ്ങളുമുണ്ട്. നിരവധി പ്രതിസന്ധികളും പ്രശ്നങ്ങളും തരണം ചെയ്ത് എത്രയോ ആള്‍ക്കാരുടെ ബുദ്ധിയുടെയും വിയര്‍പ്പിന്റെയും ഫലമായി രൂപപ്പെട്ട ഈ പാതയില്‍ പണിക്കിടയിലായി എഴുപതോളം ആളുകളുടെ ജീവന്‍ പൊലിഞ്ഞിരുന്നെന്നു എവിടെയൊ വായിച്ചിരുന്നു. നീളമുള്ള തുരങ്കങ്ങളും അഗാധമായ താഴ്ചയുള്ള പാലങ്ങളും കൂടിയ ആ പദ്ധതിയുടെ ആവിഷ്കരണം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ അവര്‍ക്കുള്ള പ്രശംസനീയമായ പങ്ക് ഇവിടെ പറയാതിരിക്ക വയ്യ..

മഡ്ഗോവ റെയില്‍ നിലയത്തിലിറങ്ങി ദൂത്‌സാഗറിലേക്ക് ടിക്കറ്റെടുക്കാന്‍ നില്‍ക്കുമ്പോഴാണ്‌ അറിഞ്ഞത് ആ സ്റ്റേഷനില്‍ ഇപ്പോള്‍ ഒരു പാസഞ്ചര്‍ വണ്ടി പോലും നിര്‍ത്തുന്നില്ല എന്നത്. ഇനിയെന്ത്?  കുലേമില്‍ നിന്ന് റെയില്‍പാത വഴി നടന്നാല്‍ 10 കി.മി. ദൂരെയാണ്‌ ദൂത്‌സാഗര്‍. ചുറ്റും വനമേഖലയാണ്‌. മറ്റൊരു വഴിയുള്ളത് മൊള്ളം വനം വകുപ്പതിര്‍ത്തി കടന്നു സ്വപ്നഗന്ധവനത്തിലൂടെ ജീപില്‍ യാത്ര ചെയ്ത് വെള്ളച്ചാട്ടത്തിന്നടുത്തെത്തുന്നതാണ്‌ എന്ന് വായിച്ചിട്ടുണ്ട്. അങ്ങനെ എത്താനാകുമോ എന്നന്വേഷിച്ചപ്പോള്‍ മഴവെള്ളം കയറി ആ വഴി സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണെന്ന് അറിയാന്‍ കഴിഞ്ഞു. 

കുലേമിനു ശേഷം പിന്നെ തീവണ്ടി നിര്‍ത്തുന്നത് കര്‍ണാടക അതിര്‍ത്തിയില്‍ വരുന്ന കാസില്‍ റോക്കിലാണ്‌. പടിഞ്ഞാറന്‍ മലനിരകളുടെ നിത്യഹരിത താഴ്‌വാരയില്‍ ഒളിച്ചിരിക്കുന്ന ഈ വിസ്മയത്തെ വളരെ അടുത്തു നിന്നു കാണാന്‍ ഈ വഴി യാത്രയില്‍ സാധിക്കും. അങ്ങിനെ ട്രെയിന്‍ യാത്ര നടത്തുകയാണെങ്കില്‍ ഒരു നോട്ടം മാത്രമേ ലഭിക്കുകയുള്ളൂ. വെള്ളത്തിലിറങ്ങാനുമാകില്ല.

പക്ഷെ മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ. 32 കി.മി ദൂരെയുള്ള കുലേമിലേക്ക് ടിക്കറ്റെടുത്തു.  പുതിയ അനുഭവങ്ങള്‍ക്ക് പലപ്പോഴും അടിത്തറയാകുന്നത് ഒരുപക്ഷെ ഇത്തരത്തിലുള്ള തടസ്സങ്ങളാകാം. അധികം ആലോചിക്കാന്‍ നില്‍ക്കാതെ അവിടെ നിന്നിരുന്ന പാസ്സഞ്ച്ചര്‍ വണ്ടിയില്‍ കേറി കുലേമിലെത്തി. വളരെ വിശാലമായ എന്നാല്‍ തിരക്കൊഴിഞ്ഞ ഒരു റെയില്‍വേ നിലയമാണ്‌ കുലേം. തീവണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ 2 ഫ്രഞ്ച് വിദ്യാര്‍ത്ഥികളെ കൂട്ടിന്‌ കിട്ടി. അവരുടെയും ലക്ഷ്യം ദൂത് സാഗര്‍ തന്നെ.

ഇനിയെന്ത് ചെയ്യണമെന്ന വ്യക്തതയില്ല. അങ്ങനെ സ്റ്റേഷന്‍ പരതിയപ്പോള്‍ അവിടെ കട നടത്തുന്ന സഞ്ജയ്‌  ഭായെ പരിചയപ്പെട്ടു. നമ്മുടെ ലക്ഷ്യം പറഞ്ഞപ്പോള്‍ 1500 രൂപക്ക് അവിടെ കൊണ്ട് പോയി തിരിച്ച് കൊണ്ട് വരാന്‍ സഹായിക്കാമെന്നേറ്റു. അത് പിശകി പിശകി 800-ഇല്‍ എത്തിച്ചു ഞാന്‍. സംഗതി നടന്നാല്‍ പൈസ തരാമെന്നേറ്റ് ഭക്ഷണം കഴിക്കാന്‍ സ്ഥലം തേടി നടന്നു. റെയില്‍വേ മേല്‍പ്പാലം കടന്നാല്‍ ഒരു അങ്ങാടിയാണ്. പഴയകാല മലയാള സിനിമയില്‍ കണ്ടിരുന്ന പോലുള്ള ചായക്കട, ബാര്‍ബര്‍ ഷോപ്പ്, ചെറിയ മറ്റു കടകള്‍, വളരെ സാധാരണക്കാരായ ജനങ്ങള്‍... കാര്യമായ ബഹളങ്ങളില്ല. അവധി ദിനമായതിനാല്‍ പല കടകളും അടഞ്ഞു കിടന്നിരുന്നു.

അങ്ങാടിയിലൊരിടത്ത്  മേശയും കസേരയും മാത്രമുള്ള, എന്നാല്‍ നല്ല വൃത്തിയുള്ള ഒരു ഭക്ഷണ ശാല കണ്ടു. സൌമ്യമായ മുഖമുള്ള അവിടത്തെ ചേച്ചിയുടെ അടുത്തു നിന്നും ഗോവന്‍ ശൈലിയിലുള്ള ഭക്ഷണം കഴിച്ച് വീണ്ടും സ്റ്റേഷനില്‍  ഭായ്‌ടെ അടുത്തെത്തി.

ഏതെങ്കിലും പാസഞ്ചര്‍ വരാന്‍ കാത്തിരിക്കേണ്ടി വരുമെന്നാണ്‌ നമ്മള്‍ ധരിച്ചത്. എന്നാല്‍ ഭായ് ചൂണ്ടി കാണിച്ച് കേറാന്‍ പറഞ്ഞത് അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന എഞ്ചിനിലായിരുന്നു. 2 എഞ്ചിന്‍ മാത്രമാണ്‌ അതിലുള്ളത്. ആദ്യത്തെ എഞ്ചിനില്‍ ഒരു സംഘം വിദ്യാര്‍ത്ഥികളും രണ്ടാമത്തേതില്‍ ഫ്രഞ്ചുകാരും നമ്മളും പിന്നെ ഭായും.

എഞ്ചിന്റെ വശങ്ങളില്‍ ഒരു ബാല്‍ക്കണിയില്‍ എന്ന പോലെ നിന്ന്‌ വനഭംഗി ആസ്വദിച്ചു കൊണ്ടുള്ളൊരു യാത്ര. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. എഞ്ചിനിലും ചരക്കു വണ്ടിയിലുമൊക്കെ കയറണമെന്ന് പലപ്പോഴും അവയെ കാണുമ്പോള്‍ തോന്നിയിട്ടുണ്ട്. പക്ഷെ, കാടിനു നടുവിലൂടെ മഴയും തണുപ്പും പ്രകൃതിയുമൊക്കെ ആസ്വദിച്ച് ഇതു പോലെ സഞ്ചരിക്കാനാകുമെന്നത് ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല. 

കുലേം എത്തുന്നതു വരെ ചെറുതായി പെയ്തിരുന്ന മഴ അപ്പോഴേക്കും തോര്‍ന്നിരുന്നു. വശങ്ങളില്‍ മലനിരകളും താഴ്‌വാരവും.. എവിടെയും കാട് മാത്രം. ദൂരെ നിന്നു ദൂത് സാഗറിനെ കാണാന്‍ പ്രത്യേക ഭംഗിയാണ്‌. പാല്‍ നിറമാണ്‌ തീവണ്ടിപ്പാതയ്ക്കു മുകളിലും താഴെയുമായി ഒഴുകുന്ന ദൂത് സാഗറിന്‌. അടുത്തേക്കെത്തുന്തോറും വളവുകളും തിരിവുകളും മൂലം ഇടക്കിടെ വെള്ളച്ചാട്ടം കാണാനാകാതാകും.

ഊറി വരുന്ന വെള്ളം മൂലം നനഞ്ഞു നില്ക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള ഇരട്ട തുരങ്കം കഴിഞ്ഞാണ്‌ ഈ വെള്ളച്ചാട്ടം. കുറച്ചുകൂടെ കഴിഞ്ഞാല്‍ ചെറിയൊരു സ്റ്റേഷനുമുണ്ട്. വേറെ ആള്‍താമസം ഒന്നുമില്ല.. എവിടെയും കാട് മാത്രം. ഇതുപോലുള്ള എഞ്ചിനുകളോ ചരക്കു വണ്ടികളോ നിര്‍ത്താറുണ്ടെന്നാണ്‌ അവിടെ ഒരാള്‍ പറഞ്ഞത്.  എഞ്ചിനില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ ഞാന്‍ ശരിക്കും അതിശയിച്ചു പോയി. ഇത്രയും വലിയ വെള്ളച്ചാട്ടമോ? ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്‌ ദൂത് സാഗര്‍. പേരു പോലെ തന്നെ "പാലിന്റെ സാഗരം". 

പാല്‍വെള്ള നിറത്തില്‍ വളരെ ഉയരത്തില്‍ നിന്നു പാറയില്‍ തട്ടിത്തെറിച്ച് പ്രൌഢിയോടെ ഒഴുകുന്ന ദൂത് സാഗര്‍ ജൈവ വൈവിദ്ധ്യത്തിന്‌ പേരു കേട്ട ബ്രഗാഞ്ച ഘട്ടിലാണ്‌ സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന്നടുത്ത് ചെറിയൊരു വിശ്രമകേന്ദ്രമുണ്ട്. കാസില്‍ റോക്ക് തൊട്ടോ അല്ലെങ്കില്‍ കുലേമില്‍ നിന്നോ നടന്നു വരുന്ന പ്രകൃതി സ്നേഹികളായ ട്രക്കിങ്ങുകാര്‍ ഇവിടെയാണ്‌ ടെന്റടിക്കാറുള്ളത്.

റെയില്‍പാലത്തിന്റെ നിരപ്പില്‍ നിന്നും വളരെ മുകളില്‍ നിന്ന്‌ താഴേക്ക് പതിക്കുന്ന വെള്ളം പാലത്തിനു താഴെ കുറച്ചു ദൂരം ഒരു സമതലത്തില്‍ ഒഴുകി വീണ്ടും താഴേക്ക് പതിക്കുന്നുണ്ട്. ആ സമതലത്തിലേക്കിറങ്ങാന്‍  പടികളും അതില്‍ കൈവരികളും ഉണ്ട്. അടുത്തേക്കെത്തുന്തോറും ദേഹത്തേക്ക് വെള്ളത്തുള്ളികള്‍ തെറിച്ചു കൊണ്ടിരുന്നു. വെള്ളത്തിലിറങ്ങണമെന്നുണ്ടെങ്കില്‍ കുറച്ച് ബുദ്ധിമുട്ടി ഒരല്‍പം കൂടി താഴേക്കിറങ്ങണം. അങ്ങനെ ഇറങ്ങി ആ തണുത്ത വെള്ളത്തില്‍ കുറച്ച് നേരം നിന്നപ്പോള്‍ തന്നെ നല്ല ഉന്മേഷം ലഭിച്ചു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഫ്രഞ്ചുകാരും പ്രകൃതിയുടെ ഈ ഭംഗിയും ശക്തിയും വളരെയധികം ആസ്വദിക്കുന്നുണ്ടായിരുന്നു. ഒഴുക്കിന്റെ വേഗത കൂടുമെന്നതിനാല്‍ അവിടെ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഒരുപാട് അപ്പുറത്തേക്ക് പോകരുതെന്നും ഭായ് നമ്മളോട് പറഞ്ഞു. മാത്രവുമല്ല പലയിടത്തും വിചാരിക്കുന്നതിലുമപ്പുറം താഴ്ച്ചയുമുണ്ടാകാം ത്രെ. 


വെള്ളത്തിലുള്ള കളി അവസാനിപ്പിച്ച ശേഷം നമ്മള്‍ പാളത്തിലേക്ക് കേറിയപ്പോള്‍ നിസാമുദ്ദീനിലേക്കുള്ള വണ്ടി അതുവഴി വേഗത കുറച്ച് കടന്നു പോയി. അതിനുള്ളിലേവരും ഒരത്ഭുതം കണ്ടെന്ന പോലെ ദൂത് സാഗര്‍ നോക്കുന്നുണ്ടായിരുന്നു.അവരോടൊപ്പം തിരിഞ്ഞു നോക്കിയപ്പോള്‍ പാറയും പച്ചപ്പും പിന്നെ പാല്‍ നിറവും വളരെ മനോഹരമായി തോന്നി.

തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒറ്റ നോട്ടത്തില്‍ കാണുന്ന ഭംഗിയില്ല അവിടെ ഇറങ്ങി നടക്കുമ്പോള്‍ കണ്ടത്. മലയും മണ്ണും മരങ്ങളും മഴയും പിന്നെ ആ പ്രകൃതിയെ വീണ്ടും മനോഹരിയാക്കുന്ന വെള്ളച്ചാട്ടവും അവിടെയുള്ള ജീവജാലങ്ങളും എല്ലാം അത്രമേല്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു. വെള്ളച്ചാട്ടത്തിന്റെ ഉഗ്ര ശബ്ദത്തിലും ആ കാടിനു നടുവില്‍ ഒരു നിശബ്ദത അനുഭവപ്പെട്ടു.  നഗരത്തില്‍ നിന്നും കാറുകളുടെയും ബസ്സുകളുടെയും ചീറിപ്പാഞ്ഞുള്ള ഓട്ടത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നും പിന്നെ തിരക്കു പിടിച്ച ജീവിതത്തില്‍ നിന്നും ഒരുപാട് അകലെ, ഒരുള്‍പ്രദേശത്തെ ഏതോ മലമുകളില്‍ ശുദ്ധ വായു ശ്വസിച്ച് പ്രകൃതി,യുടെ തലോടലും ഏറ്റു വാങ്ങി നില്‍ക്കുന്ന ആ സുഖാനുഭവം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴും എനിക്ക് അതേ വ്യാപ്തിയോടെ ഓര്‍ത്തെടുക്കാനാകുന്നുണ്ട്. ഒരിക്കലും പ്രകൃതിയില്‍ നിന്ന് മാറി ജീവിക്കേണ്ടവരല്ല നമ്മള്‍. അതിനെ കീഴടക്കുകയുമരുത്. അതിനെ സ്നേഹിച്ച്  അതിന്റെ ലാളനങ്ങള്‍ ഏറ്റുവാങ്ങി അതിനോടൊപ്പം വേണം നാം ജീവിക്കുന്നത്. ശുദ്ധവായു, അത് ശ്വസിക്കുമ്പോഴുള്ള കുളിര്‍മ, ചുറ്റും പച്ച നിറം എല്ലാം ആസ്വദിച്ച് കുറെ നേരം  നടന്നു. 

കുറച്ചു കൂടി നടന്നാല്‍ നമ്മള്‍ കടന്നു വന്ന ഇരട്ട തുരങ്കം കാണാം. അതിന്നടുത്തായി പകുതി പൊളിഞ്ഞു വീണ ഒരു കെട്ടിടത്തിന്റെ ബാക്കിയുള്ള ചുമരില്‍ ദൂത് സാഗര്‍ എന്നെഴുതി വെച്ചിരുന്നു. ഏതൊക്കെയോ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന പായല്‍ പിടിച്ച ആ ചുമര്‍ എത്രയോ പഴക്കമുള്ള ഒരു സ്മാരകമെന്നവണ്ണം ആ പ്രകൃതിയോട്  ചേര്‍ന്ന് നില്‍ക്കുന്നു. ഇരട്ടത്തുരങ്കങ്ങള്‍ക്കിടയില്‍ ആ പാല്‍ വെള്ളച്ചാട്ടത്തിന്റെ ചെറിയൊരു ബാക്കി പതിക്കുന്നുണ്ടായിരുന്നു. മാറിയും മറിഞ്ഞും ഫോട്ടോകള്‍ എടുത്ത ശേഷം നമ്മള്‍ വീണ്ടും ഭായ്‌ടെ അടുത്തെത്തി. 

ഇനി തിരിച്ച് കുലേം എത്തണം. അവിടെ നിന്ന് മഡ്ഗോവയും. മഡ്‌ഗോവയില്‍ നിന്ന്‌ രാത്രി ഒമ്പത് ഒമ്പതരക്കുള്ള വണ്ടിയിലാണ്‌  ബാംഗ്ലൂരിലേക്ക് ടിക്കറ്റ് എടുത്തിട്ടുള്ളത്. 

ദൂത് സാഗര്‍ സ്റ്റേഷനരികില്‍ ഏറെ നേരം കാത്തിരുന്ന ശേഷമാണ്‌ ഒരു ചരക്ക് തീവണ്ടി വന്നത്. പിന്നെ അതിന്റെ പുറകില്‍ അവസാന ബോഗിയില്‍ പരന്നു കിടക്കുന്ന പ്ലാറ്റ് ഫോറം പോലുള്ളതില്‍ കേറി കുലേമിലേക്ക്. അതും ആദ്യാനുഭവം. പലപ്പോഴും സിനിമാപാട്ടിന്നിടയില്‍ അവസാന ബോഗിയില്‍ നിന്നു കൊണ്ടുള്ള  ഇത്തരം  യാത്രകള്‍ കണ്ടിരുന്നപ്പോള്‍ ഏറെ ആശിച്ചതായിരുന്നു ഇതു പോലൊരു അവസരം..

ഇരുട്ട് വീണ വഴികള്‍ താണ്ടി കുലേം എത്തി.  ഇപ്പോള്‍ ആ സ്ഥലവും സ്ഥലവാസികളും നമ്മള്‍ക്കപരിചിതരല്ല.ഇനി മഡ്‌ഗോവ വരെ പോയാല്‍ ഒരു പക്ഷെ സമയത്തിനെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യാത്രാവണ്ടി നഷ്ടപ്പെടുമെന്നതിനാല്‍ അത് കുലേമിലെത്തുമ്പോള്‍ കേറാമെന്നു നമ്മള്‍ തീരുമാനിച്ചു. വീണ്ടും ആദ്യം ഭക്ഷണം കഴിച്ച അതേ ഭക്ഷണ ശാലയില്‍ കേറി. ചൂടോടെയുള്ള ചപ്പാത്തി കഴിക്കുമ്പോള്‍ ഞങ്ങളുടെ സംസാരത്തില്‍ ഇന്നു കണ്ട കാഴ്ചകള്‍ മാത്രമായിരുന്നു.

ഒരു മനോഹരമായ ഏട് ജീവിതത്തില്‍ ചേര്‍ക്കാന്‍  സാധിച്ചതില്‍ സന്തോഷിച്ചു കൊണ്ട് ഞങ്ങള്‍ അഞ്ച് പേരും മടക്കവണ്ടിക്കായി കാത്തിരുന്നു. 


Destination: Konkan Route &  Dudh Sagar Water Falls (Or Doodh sagar waterfalls) , Goa
Route Taken: (1) Bangalore to Mangalore by BMTC Bus
                     (2) Through Konkan : Passenger Train from Mangalore (Karnataka) to Madgaon (Goa)
                     (3) Passenger Train from Madgaon to Kulem
                     (4) Travel by Train Engine to Dudh Sagar Water Falls
                     (5) Return to Kulem by Goods Train
                     (6) Kulem to Bangalore (Yeswanthpur) by Train 
Travel freaks involved: Anindita, Indubala, Nikhila, Nilima & me ... Varsha

Mathrubhmi Yathra Travelogue Link: http://www.mathrubhumi.com/yathra/travel_blog/article/152955/index.html

13 Aug 2012

മാനഭംഗവും ചാമിയും പിന്നെ അമേരിക്കയും

വാര്‍ത്ത:
പതിനാറിനോടടുത്ത "നിഷ്കളങ്ക" എന്ന പാവം പെണ്‍കുട്ടിയെ രണ്ടു മൂന്നു ദുഷ്ടന്‍മാര്‍ മാനഭംഗപ്പെടുത്തി കൊന്നു. ആ ഭ്രാന്തന്‍മാരെ വേണമെങ്കില്‍ (ആര്‍ക്കെങ്കിലും) ഗോവിന്ദച്ചാമിമാര്‍ എന്നു വിളിക്കാം. ഇന്ത്യ എന്നു രാജ്യത്തെ കേരളം എന്നു പേരുള്ള ഒരു സംസ്ഥാനത്തിലാണ്‌ ഇതു നടന്നത്.

ഇതിന്റെ പേരില്‍ "കണ്ണിനു പകരം കണ്ണ്‌" എന്നു പറഞ്ഞു നിഷ്കളങ്കയുടെ ചില ബന്ധുക്കള്‍ ഗോവിന്ദച്ചാമിമാരെയും അയാളുടെ ബന്ധുക്കളെയും കൊന്നു.

ഗോവിന്ദച്ചാമിമാരുടെ ബന്ധുക്കളും വിട്ടു കൊടുത്തില്ല.. വാളും പരിചയും എടുത്തു തിരിച്ചടിച്ചു.
അപ്പൊ പിന്നെ നിഷ്കളങ്കയുടെ ബന്ധുക്കള്‍ എന്തു ചെയ്തെന്നു എടുത്തു പറയേണ്ടതില്ലല്ലൊ.. അങ്ങനെ ഇതു വലിയൊരു ലഹളയായി കേരളം എന്ന പ്രദേശത്ത്.
 
തുടര്‍ന്നു വായിക്കുക:
ഈ ഗോവിന്ദച്ചാമിമാരുടെ ബന്ധുക്കളില്‍ ഒരാള്‍ പണ്ട് മൂക്ക് തുടച്ചിരുന്ന ടവ്വല്‍ എങ്ങനെയൊ അമേരിക്ക എന്ന രാജ്യത്തിലെ പണിയൊന്നും ഇല്ലാതെ നടന്നിരുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ക്കു ലഭിക്കുകയും അതു കൊണ്ടെന്തു ചെയ്യണമെന്നു പോലും അറിയാതെ അവര്‍ പകച്ചു നില്‍ക്കുകയയും ചെയ്തിരുന്നു. എന്തായാലും ഒരു നിധി പോലെ ആ ടവ്വല്‍ സൂക്ഷിച്ചിരുന്ന സമയത്താണ്‌ കേരളം, ഗോവിന്ദചാമി, ലഹള എന്നൊക്കെ കേള്ക്കാനിട വന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി അവര്‍ അമേരിക്ക എന്ന രാജ്യത്തെ ന്യൂ യോര്‍ക്ക് എന്ന തിരക്കുള്ള നഗരത്തിലെ അമേരിക്കന്‍ ജംങ്ക്ഷന്‍ എന്ന കവലയില്‍ 'കേരളം' എന്നു ജീവിതത്തില്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാതിരുന്ന, സ്വൈര്യമായി ജീവിച്ചിരുന്ന അവിടത്തെ പാവം ഇരു കാലികളെ കല്ലേറിഞ്ഞും തീ കൊളുത്തിയും ഉപദ്രവിച്ചു. നിയമ പാലകര്‍ എന്ന പേരില്‍ സമാധാനം പാലിക്കാന്‍ ശ്രമിച്ചവരെയും വെറുതെ വിട്ടില്ല.
 
വാല്‍ കുറിപ്പ്‌:
ഇതിലും രസം മേല്‍പറഞ്ഞ കാര്യത്തില്‍ "നി", "ഗോ", "കേ" എന്നു മാത്രം കേട്ട, എന്താണ്‌ നടന്നത് എന്നു പോലും മനസ്സിലാക്കാത്ത ചില ശുംഭന്‍മാര്‍ ഗോവിന്ദച്ചാമിയുടെയോ നിഷ്കളങ്കയുടെയോ ഭാഗം ചേര്‍ന്ന് "മുഖ പുസ്തകം", "നീ പൈപ്പു" തുടങ്ങിയ സമൂഹ്യ സ്ഥലങ്ങളില്‍ ജപ്പാന്‍ ചൈന എന്നീ രാജ്യങ്ങളിലെ പ്രകൃതി ദുരന്തങ്ങളുടെ ചിത്രം കാണിച്ചു അത് കേരളമാണെന്നും ആ ചിത്രങ്ങളിലെ മുഖങ്ങള്‍ അവരുടെ വശത്തെ അവശ ബന്ധുക്കളാണെന്നും കാലങ്ങളായി മൃഗീയമായി ഉപദ്രവിക്കപ്പേടുന്നവരാണെന്നും കാണിച്ച് ഇതൊരു ആഗോള ലഹള ആക്കി മാറ്റാന്‍ അതീവ താല്‍പര്യത്തോടെ കഠിനമായി പ്രയത്നിക്കുന്നുണ്ട്.
നിങ്ങളുടെ പ്രയത്നങ്ങള്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്നറിയില്ല. എല്ലാം പ്രവചനാതീതം! അപ്രതീക്ഷിതം!

(ഏതോ രാജ്യത്ത് നടന്ന ഒരു മാനഭംഗക്കേസിന്റെ പേരില്‍ രണ്ടു വിഭാഗക്കാര്‍ നടത്തിയ ലഹളയെക്കുറിച്ച് 'പകുതി കേട്ടും പകുതി കേള്‍ക്കാതെയും' മറ്റൊരു രാജ്യമായ ഇന്ത്യയിലെ  മുംബൈ എന്ന വന്‍നഗരത്തില്‍ സമരം നടത്തിയ ചില വിഡ്ഢികളുടെ വാര്‍ത്തയുമായി ഈ പോസ്റ്റിനെ കൂട്ടി വായിച്ചാല്‍ പരാതിയില്ല.. 
ആ സമരത്തില്‍ ചില ജീവനുകള്‍ പൊലിഞ്ഞിരുന്നു എന്നോര്‍ക്കുക. 
മനുഷ്യനെ നന്നാക്കാന്‍ ഇനിയും മത പുസ്തകങ്ങള്‍ക്ക്‌ പറ്റിയിട്ടില്ല എന്ന സത്യം തുറന്നു കാണിച്ചിരിക്കുകയാണ്‌ ഈ ജീവനുകളിലൂടെ... ഇതൊരു വന്‍ പരാജയം തന്നെ .. 

ഓര്‍ക്കുക ! മതങ്ങളിലോ മത പുസ്തകങ്ങളില്ലോ അല്ല യഥാര്‍ത്ഥ സത്യം . അതു നമ്മുടെ ഉള്ളില്‍ തന്നെയാണ്‌ ...      )