16 May 2010

അക്ഷയ തൃതീയയും സുവർ‍ണ്ണ നിമിഷങ്ങളും‍

"നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ ഒരു Golden Moment പറയൂ.. ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് ഒരു വലിയ ജുവല്ലറിയുടെ എത്രയോ ഗ്രാം സ്വര്‍ണമാണ്.അതും അക്ഷയതൃതീയ ദിവസത്തില്‍ ലഭിക്കും..."

കുറച്ചു ദിവസങ്ങളായി ഇങ്ങനെയൊക്കെ ഞാന്‍ റേഡിയോയില്‍ കേട്ടുക്കൊണ്ടേയിരിക്കുന്നു.. ഈ അടുത്തായി കൂടിയതാണല്ലൊ അക്ഷയ തൃതീയയുടെ മഹത്വവും ജനകീയതയും. ഇതിനു മുന്പും അക്ഷയ തൃതീയ ഉണ്ടായിരുന്നു. അന്നു എന്തെങ്കിലും പുതിയത് തുടങ്ങാന്‍ വളരെ നല്ല ദിവസമാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. വീട്ടിൽ‍ അനങ്ങാനും‍ നിൽ‍ക്കാനും‍ പോലും‍ ആഴ്ചയും‍ ദിവസവും ഒക്കെ നോക്കിയിരുന്നതിനാൽ‍  അതു പോലൊന്നു എന്നതില്‍ കവിഞ്ഞു ഞാന്‍ ഇതിനു മറ്റു പ്രത്യേകതകള്‍ കണ്ടിട്ടില്ലായിരുന്നു.ഇന്നു അതെല്ലാം മാറി സ്വര്‍ണം വാങ്ങുന്നതിനു മാത്രമാണു പ്രാധാന്യം കൊടുക്കുന്നത്.പക്ഷെ റേഡിയോയിലെ ഈ വാചകങ്ങള്‍ അതിനെകുറിച്ചല്ല കൂടുതല്‍ ചിന്തിപ്പിച്ചത്. എന്റെ ജീവിതത്ത്ലെ ഏറ്റവും 'സുവര്‍ണ'മൂല്യമുള്ള നിമിഷമേതെന്നതായിരുന്നു.

ഞാന്‍ സന്തോഷിച്ച ഒരുപാട് ദിവസങ്ങളുണ്ട്. വലുതും ചെറുതും ആയി.. ഒരുപക്ഷെ മറ്റുള്ളവര്‍ക്കു വളരെ ബാലിശമെന്നു തോന്നിക്കുന്ന ചില കാര്യങ്ങള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. റാങ്ക് കിട്ടിയതും സ്വന്തം മകന്റെയൊ മകളുടെയോ മുഖം ആദ്യമായി കണ്ടതും കാമുകി പ്രണയത്തിനു മൂളിയതും ഒക്കെ ആരൊക്കെയോ തങ്ങളെ സന്തോഷിപ്പിച്ചതായി റേഡിയോയിലൂടെ പറഞ്ഞിരുന്നു. ഒരുപാട് പേര്‍ അപ്പൊ തങ്ങൾക്കേറ്റവും‍ ആഹ്ലാദമേകിയ ദിവസത്തെ അല്ലെങ്കിൽ‍ നിമിഷത്തെ പറ്റി ആലോചിച്ചു കാണും. ഉറപ്പ്... ഞാനും. 

അപ്പൊ എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത്????

ആദ്യമായി വാക്കുകള്‍ കൂട്ടി യോജിച്ച് 'ചിത്രഭൂമി' എന്ന ഒറ്റ വാക്ക് മാതൃഭൂമി പത്രത്തില്‍ വായിച്ചത്.. ഏട്ടനും ഞാനും കളിക്കുമ്പൊള്‍ നേരിട്ട ചെറിയ ചെറിയ ജയങ്ങള്‍... സ്കൂളിലും കോളേജിലും സുഹൃത്തുക്കളുടെ കൂടെ ഉണ്ടായ ചില നിമിഷങ്ങള്‍... കോണ്‍വെന്റ് ഹോസ്റ്റലില്‍ വാര്‍ഡന്‍ സിസ്റ്ററെ പറ്റിച്ചത്..
അങ്ങനെ അങ്ങനെ പല പല മുഹൂര്‍ത്തങ്ങള്‍ മുന്നിലൂടെ കടന്നു പോയി.
പക്ഷെ അതൊന്നുമായിരുന്നില്ല എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിചത്... ഒരു ദിവസം മുഴുവന്‍ സന്തോഷം കൊണ്ട് തുള്ളി ചാടിപ്പിച്ചത്..

ചെറുതായിരുന്നപ്പോള്‍ എന്റെ ചില "സാമൂഹിക"കവിതകള്‍ സ്കൂള്‍ മാഗസിനില്‍ വന്നിരുന്നു. അവയെ സാമൂഹികം എന്നു വിളിക്കന്‍ കാരണം മറ്റൊന്നുമല്ല.. ചില പത്ര വാര്‍ത്തകള്‍, കാടു വെട്ടല്‍, പ്രകൃതിയെ ഉപദ്രവിക്കല്‍, അക്രമം, അനീതി എന്നിവ എന്നെ വളരെയധികം രോഷം കൊള്ളിച്ചിരുന്നു. അങ്ങനെയുള്ള സമയത്തു ചിലപ്പോഴൊക്കെ ഞാന്‍ കവിതകള്‍ എന്ന പേരില്‍ ചിലതൊക്കെ കുറിക്കാറുണ്ടായിരുന്നു. ചെറിയ കുട്ടിയല്ലെ എന്നു വിചാരിച്ചിട്ടാകാം സ്കൂള്‍ മാഗസിനിലൊക്കെ അതില്‍ ചിലതെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ അടുത്തെപ്പോഴോ എന്റെ ഒരു സമൂഹിക അക്രമം വായിച്ച് ഞാന്‍ ഞെട്ടി തരിച്ചിരുന്നു എന്നു വേറെ കാര്യം. അപ്പൊ പറഞ്ഞു വന്നത് മാഗസിനില്‍ പ്രത്യക്ഷപ്പെടുന്ന ചില സൃഷ്ടികളുടെ കാര്യമാണ്.
അന്നു വീട്ടില്‍ പൂമ്പാറ്റയോടും ബാലഭൂമിയോടുമൊപ്പം (ബാലരമ അപ്പുറത്തെ വീട്ടില്‍ നിന്നു വാങ്ങിയാണ്‌ ഞാന്‍ വായിച്ചിരുന്നത് ട്ടോ) 'ഗോകുലം' എന്നൊരു കുട്ടി പ്രസിദ്ധീകരണം കൂടി വാങ്ങിച്ചിരുന്നു. ഈ വക പ്രസിദ്ധീകരണങ്ങളിലൊക്കെ എപ്പൊഴൊക്കെയൊ ഞാന്‍ വായനക്കാരുടെ പംക്തിയിലേക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്. ഇനി എന്റെ അഭിപ്രായങ്ങല്‍ അവരെ അറിയിക്കാതിരുന്നുകൂടല്ലോ എന്നു വിചാരിച്ച് ചെയ്യുന്നതാണ്‌. ചിലപ്പൊഴൊക്കെ അടുത്ത ലക്കം നോക്കുമ്പോ എന്റെ അഭിപ്രായവും അതില്‍ കാണാമായിരുന്നു.

അങ്ങനെയിരിക്കെ വീട്ടിലെ സംസാരത്തില്‍ എപ്പൊഴൊ ആരോ തട്ടിവിട്ട ഒരു തമാശ അല്ലെങ്കില്‍ ഈ ഫലിത ബിന്ദു എന്നു പറയുന്ന സാധനം വെറുതെ ഒരു രസത്തിനു ഞാന്‍ എഴുതി വെച്ചിരുന്നത് ഗോകുലം എന്ന കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് മാസികയിലെ ചില താളുകളില്‍ Fun Corner എന്ന പേരിലോ മറ്റോ അച്ചടിച്ചു വരുന്ന പംക്തിയിലേക്കു ആംഗലേയീകരിച്ച ശേഷം അയച്ചു കൊടുത്തു. അച്ചടിച്ചു വന്നാലും ഇല്ലെങ്കിലും ഒരിക്കലും തളരാത്ത എന്റെ മുന്നിലൂടെ വളരെ സാധാരണമായി ദിവസങ്ങള്‍ കടന്നു പോയി. ഗോകുലവും ബാലഭൂമിയുമൊക്കെ ഞാന്‍ വായിച്ചു തള്ളി. അങ്ങനെ ഒരു ലക്കം ഗോകുലത്തില്‍ എന്റെ ഫലിതബിന്ദുവും പ്രത്യക്ഷപ്പെട്ടു. അതും പേരിനു താഴെ 'കാണിക്കമാത സ്കൂള്‍' (ഞാന്‍ പഠിച്ച സ്കൂളാണേ) എന്നും വെച്ച്. അതിനു തൊട്ടടുത്ത് ഒരു കാര്‍ട്ടൂണ്‍ ചിത്രവും ആരോ വരച്ചിട്ടുണ്ട്. ഇതെല്ലാം ഒരു പത്തു പതിനൊന്നു വയസ്സുള്ള എന്നെ നല്ലോണം സന്തോഷിപ്പിച്ചു. പിന്നെയും നാളുകള്‍ കടന്നു പോയി. ഒരു ദിവസം പോസ്റ്റ്‌മാന്‍ വന്നപ്പൊള്‍ എന്നെ അമ്മ കോലായയിലേക്ക്‌ വിളിച്ചു. ഞാന്‍ ഒപ്പിട്ടു വാങ്ങിക്കേണ്ട ഒരു പോസ്റ്റ്. ഞാന്‍ പേരെഴുതി കൊടുത്തു. അപ്പൊ ആ മഹാനായ പോസ്റ്റ് മാൻ‍  മനുഷ്യന്‍ എന്റെ കയ്യിലേക്കു  വെച്ചു തന്നു ഒരു അഞ്ച് രൂപ.

അത് ആ ലക്കം ഗോകുലം മാസികയിലേക്കുള്ള എന്റെ എളിയ സംഭാവനയ്ക്ക്‌ ലഭിച്ച പ്രതിഫലം അയിരുന്നു. എന്റെ ആദ്യ സമ്പാദ്യം !!

വലതു കയ്യില്‍ ആ 5 രൂപയും ഇടതു കയ്യില്‍ മണി ഓര്‍ഡര്‍ സ്ലിപും പിടിച്ച് ഞാന്‍ കുറച്ചു നേരം അനങ്ങാതെ നിന്നു. അതു കഴിഞ്ഞ്‌ കുറെ നേരം സന്തോഷം കൊണ്ട് തുള്ളി ചാടി എന്നു തോന്നുന്നു. പിന്നെ വീട്ടിലെ ഓരോരുത്തരെയും കാണിച്ചു എന്റെ ആദ്യ സമ്പാദ്യം. ആ സ്ലിപ്പിലെ എന്റെ പേരും 5 രൂപ ഗോകുലം പ്രതിഫലമായി നല്‍കുന്നു എന്നെഴുതിയതും ഞാന്‍ എത്ര തവണ വായിച്ചു എന്നറിയില്ല. കണ്ണില്‍ നിന്നു കുടു കുടെ വെള്ളം വരുന്ന അത്രയും ഞാന്‍ ചിരിച്ചിരുന്നു.. ആ 5 രൂപ കൊണ്ട് മിഠായി അല്ലാതെ കാര്യമായൊന്നും വാങ്ങിക്കാന്‍ കഴിയില്ലെന്നറിയാമെങ്കിലും എന്റെ അദ്ധ്വാനത്തിന്റെ ആദ്യ പ്രതിഫലം എന്നത് അതിന്റെ മൂല്യം എനിക്ക്‌ വില മതിക്കാനാകാത്തതാക്കി മാറ്റി. പിന്നെ നിധി പോലെ എന്റെ മുത്തുമണി ചെപ്പില്‍ ആ സ്ലിപും പൈസയും സൂക്ഷിചു വെച്ചു. പിന്നെയും കുറച്ചു കാലം ഇടക്കിടെ ഞാന്‍ അതിനെ എടുത്തു നോക്കുമായിരുന്നു. താലോലിക്കുമായിരുന്നു. പിന്നീട് മണി ഓര്‍ഡറുകള്‍ ഇതിലും വലിയ തുകയായി ലഭിച്ചുവെങ്കിലും എനിക്ക് കിട്ടിയ ആദ്യ പ്രതിഫലം എന്റെ ആ അഞ്ച് രൂപ തന്നെ.

അന്നു ചിരിച്ച ചിരിയുടെ ബാക്കി എന്ന പോലെ ഇപ്പൊഴും ചുണ്ടിൽ ഒരു ചിരി വിരിയുന്നതുകൊണ്ടാകാം‍ എന്റെ ലോകത്തിലെ ഈ അപ്പൂപ്പൻ‍താടികളിൽ‍ ഈ "Golden" അപ്പൂപ്പൻ‍‍താടിയെപറ്റി ഞാൻ‍ ഇത്രയും‍ ഓർ‍ത്തുപോയത്. എഴുതുന്നതും വായിക്കുന്നതും‍ ഓർ‍ക്കുന്നതും‍ വെറുതെ കുത്തിക്കുറിക്കുന്നതും‍ കം‍പ്യൂട്ടറിലേക്ക്‌ പകർ‍ത്താനുള്ള വിഷമമോ മടിയോ ഇവിടെ എന്നെ ബാധിച്ചില്ലെന്ന്‌ തോന്നുന്നു...

8 comments:

Indu said...

Penkodi kku Happy Akshaya Thrithiya :)


Pinne ninne thulli chadikkan ippolum oru 5 roopakku kolu mittayi thannal pore ;)

ഉപാസന || Upasana said...

:-)

Sankar said...

കുറെ നാളുകള്‍ക്കും ശേഷം വീണ്ടും പുതിയ പോസ്റ്റുമായി കാണാന്‍ ആയതില്‍ സന്തോഷം. ..
നല്ല പോസ്റ്റ്‌
ആ അഞ്ചു രൂപയും കത്തും ഇപ്പോളും ഉണ്ടോ കയില്‍?
അടുത്ത പോസ്റ്റ്‌ ഇത്ര വൈകേണ്ട കേട്ടോ..

ശ്രീ said...

ഒരു നല്ല ഓര്‍മ്മ തന്നെ.
ആ നിമിഷത്തിന്റെ സന്തോഷം എനിയ്ക്കും ശരിയ്ക്കും മനസ്സിലാക്കാന്‍ സാധിയ്ക്കും. കാരണം ഇതേ പോലെ ഒരു ദിവസം ഞാനും ഞെട്ടി നിന്നിട്ടുള്ളതാണ്.
ആദ്യത്തെ തവണ ഞാനെഴുതിയ കഥ ബാലരമയില്‍ വന്നതിന്റെ പ്രതിഫലമായി 40 രൂപയുടെ മണി ഓര്‍ഡര്‍ കൈപ്പറ്റാന്‍ പോസ്റ്റ് ഓഫീസിലേയ്ക്ക് ചെല്ലാന്‍ അറിയിപ്പു വന്ന ദിവസം.

കുമാരന്‍ | kumaran said...

കുട്ടിക്കാലത്തെ വലിയ സന്തോഷങ്ങള്‍.!

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

:)

ശാശ്വത്‌ :: Saswath Tellicherry said...

:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഓ.... ഇതെപ്പ സാധിച്ചു ??? വല്യ വല്യ തിരക്കുള്ള അഡ്മിനിസ്ട്രേറ്റര്‍ എപ്പൊ തുടങ്ങീ വീണ്ടും ഇളമൊഴിയെടുക്കന്‍? പിന്നെ... അതൊക്കെ അവീടെ നിക്കട്ടെ. ഇതിന്റെ, ഈ അഞ്ചു രൂപേടെ ചിലവെപ്പൊഴാ? തന്നേ പറ്റൂ...