13 May 2009

കഥകള്‍ പറയുന്ന ഹംപിയിലേക്ക്‌...

എവിടെയോ വായിച്ചു - "സ്വപ്നങ്ങള്‍ കല്ലുകളാല്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഹംപിയില്‍ ആണ്`" എന്ന്‌. അപ്പൊ ഉറപ്പിച്ചതാ ഈ സ്ഥലം ഒന്നു കാണണമെന്നത്.... ഇതിനു മുമ്പും ഇവിടം കാണാന്‍ പോകാന്‍ തോന്നിയിട്ടുണ്ട്.. പക്ഷെ ഇത്ര മാത്രം മോഹം തോന്നിയിരുന്നില്ല..

ആദ്യം ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഹംപിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. അതിനു ശേഷം സുഹൃത്തുക്കള്‍ക്കൊക്കെ ഹംപിയെ ക്കുറിച്ചുള്ള ഒരു വിശദമായ മെയില്‍ അയച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ്‌ മെയ്‌ ദിനവും ശനിയും ഞായറും ഒരുമിച്ച് വന്നത്.. ഇനി ആളെ കണ്ടൂ പിടിക്കാനൊന്നും നേരമില്ല.. ഹംപി എന്റെ കണ്‍മുന്നിലെത്തിക്കഴിഞ്ഞിരിക്കുന്നു ... 

അങ്ങനെ ഈ യാത്രയില്‍ രണ്ടേ രണ്ടു സ്വപ്ന ജീവികള്‍ .. യാത്രാ പ്രേമികള്‍ - ഞാനും ഇന്ദുവും  ഉടനെ കെ.എസ്.ആര്‍.ടി.സി. യും ഐ.ആര്‍.സി.ടി.സി യും കേറി പരതി നോക്കി പോകാനും വരാനുമുള്ള ടിക്കറ്റ്‌ ഒപ്പിച്ചു. ടിക്കറ്റ്‌ എടുക്കുന്നത് നമ്മള്‍ക്ക് പണ്ടും പുത്തരിയല്ല.. പക്ഷെ ആ ബസ്സ്‌ പിടിക്കുന്നത് സാമാന്യം നല്ല തലവേദനയാ.. കാരണം വേറെയൊന്ന്വല്ല... കഴിഞ്ഞ തവണ ഊട്ടിക്കടുത്തുള്ള തായ്‌ഷോലക്ക്‌ ഞാനും ഇന്ദൂസും പോയത്‌ രാജഹംസ ബസ്സില്‍ ഡ്രൈവര്‍ക്കു പിന്നിലുള്ള ബെഡ്ഡില്‍ ഇരുന്നുക്കൊണ്ടാണ്‌.. ടിക്കറ്റ് എടുക്കാഞ്ഞിട്ടോ കിട്ടാഞ്ഞിട്ടോ അല്ല.. നമ്മളെത്തുന്നതിനു മുമ്പെ ബസ് സ്റ്റാന്‍ഡ് വിട്ടിരുന്നു. പിന്നെ കണ്ടക്ടറെ സോപ്പിട്ടു പതപ്പിച്ചാണ്‌ അടുത്ത ബസ്സില്‍ ഇതെങ്കിലും ഒത്തു കിട്ടിയത്... "

ഹംപി.. വിജയനഗര സാമ്രാജ്യം.." എന്നൊക്കെ പറഞ്ഞാല്‍ കുറെ പേരെങ്കിലും "ആഹ്.. എവിടെയോ കേട്ടിട്ടുണ്ടല്ലോ.." എന്നു പറയുമായിരിക്കും. പക്ഷെ തെനാലി രാമന്റെ സ്ഥലം എന്നു പറഞാല്‍ പെട്ടന്നു മുഖത്തൊരു പരിചയഭാവവും നിറയും. അതെ നമ്മുടെ സ്വന്തം തെനാലി രാമന്റെ ജന്മ സ്ഥലമാണ് ഹംപി. അവിടേയായിരുന്നു ആ 2 ദിവസങ്ങള്‍...

മറ്റു യാത്രകള്‍ക്കൊക്കെ സംഭവിച്ചിട്ടുള്ള പോലെ ഉള്ള ചീത്ത പേരു ഒരു തരി പോലും കളയാതെ 11 മണിയുടെ മജസ്റ്റിക് ഇല്‍ നിന്നു പുറപ്പെടുന്ന ബസ്സിനു 10 മണിക്ക്‌ ക്യാമറയുടെ ചാര്‍ജറും തപ്പി 400 ചതുരശ്ര അടി തികച്ചില്ലാത്ത വീട്ടിനുള്ളില്‍ 15 തവണ മുഖം ചുളിച്ച് നടന്നു അവസാനം അത് കണ്ട് പിടിച്ച് പുറത്തിറങ്ങി. ഇനി അടുത്ത തലവേദനയായ ഓട്ടോ പിടുത്തം.. പണ്ടേ ഞാനും ഓട്ടോക്കാരുടെ യാത്രാക്കൂലിയും ഒരു വണ്ടിക്കു കേറാത്തതു കാരണം പിന്നെയും സമയം ശറപറാ എന്നു പറന്നു. അങ്ങനെ ഇന്ദൂസും ഞാനും ഒരു വിധത്തില്‍ മജസ്റ്റിക്‌ പിടിച്ചു. പിന്നെ അച്ചടക്ക ബോധം ബസ്സിന്റെ തേരാളികള്‍ക്കില്ലാത്ത കാരണം 11:05 നു നമ്മള്‍ എത്തിയപ്പോഴും ബസ്സില്‍ സാരഥി കേറിയിരുന്നില്ല..

ആ യാത്ര വിശേഷമായിരുന്നു ട്ടോ.. എന്താന്നു വെച്ചാല്‍ പുലര്‍ച്ചെ സൂര്യോദയത്തിനു മുമ്പെ ഞാന്‍ കണ്ണു മിഴിച്ചു. രണ്ടു വശത്തും ചുവന്ന മണ്ണ്‌.. വീടുകളോ കടകളോ ഇല്ല. കണ്ണു തട്ടാതിരിക്കാന്‍ എന്ന പോലെ ഇടക്കെവിടെയൊ ആയി ഒന്നോ രണ്ടോ മരം.. പിന്നെ കുറച്ചൂടെ കഴിഞ്ഞപ്പോള്‍ കുറച്ച് പച്ചപ്പ്‌ കണ്ടു.. കുറച്ചു മരങ്ങളുണ്ടായിരുന്നു അവിടെ.. അതിനു തൊട്ടടുത്തു തന്നെ 5-6 വീടുകള്‍. രണ്ടു മൂന്ന്‌ മനുഷ്യര്‍ പുറത്തുണ്ട്.. അത്ര മാത്രം. ആകെ ഒരുതരം മരുപ്രദേശത്തിന്റെ പ്രകൃതം... പിന്നെയും കുറെ കഴിഞ്ഞപ്പൊ കാളവണ്ടിയില്‍ രണ്ടു പേര്‍ കുറച്ചു ചാക്കൊക്കെ വെച്ചു പോകുന്നു. പിന്നെ എപ്പോഴോ ആയി കുറച്ചു കടകള്‍ കണ്ടു. പെട്ടിക്കടകള്‍ എന്നു തന്നെ പറയാം.. അതു ഒരു ചെറിയ ടൌണ്‍ ആയിരുന്നു. അവിടെ ബസ്സില്‍ നിന്നു 2 പേരിറങ്ങി.

അപ്പോള്‍ എനിക്കോര്‍മ വന്നത്‌ കഴിഞ്ഞ ഡിസംബറില്‍ പാലക്കാട്‌ നിന്നു തൊടുപുഴ വരെയും പിന്നെ അവിടുന്നു തിരുവനന്തപുരം വരെയും ബസ്സില്‍ നടത്തിയ യാത്രയായിരുന്നു. ആ യാത്രയില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം ഇതായിരുന്നു - ഗ്രാമങ്ങളുടെ അഭാവം.. മരപ്പലകകള്‍ കൊണ്ടു പൂട്ടിയിരുന്ന പെട്ടി പീടികകളും സര്‍ബത്ത് കടയും പിന്നെ നല്ല ഓടിട്ട വീടുകളും ഒക്കെ ഇരുവശ കാഴ്‌ച്ചകളില്‍ പ്രതീക്ഷിച്ച ഞാന്‍ ബ്യൂട്ടി പാര്‍ലറുകളും പെപ്സിയും പിന്നെ ടെറസ്സ്‌ വീടുകളും ഒക്കെയാണ്‌ പലയിടത്തും കണ്ടത്. പച്ചപ്പെല്ലാം ഉണ്ടായിരുന്നു... പക്ഷെ ചെറിയ ഒരു കടക്കു മുന്നില്‍ പോലും ഐശ്വര്യാ റായിയും കട്രീന കൈഫും ഒക്കെ ചുമര്‍ചിത്രങ്ങളില്‍ ചിരിച്ചോണ്ട്‌ നില്‍ക്കുന്നുണ്ടായിരുന്നു. ഈ മാറ്റങ്ങള്‍ ചീത്തയാണെന്നോ അനാവശ്യമാണെന്നോ എനിക്ക് അഭിപ്രായമില്ല. പക്ഷെ ഇതെന്നെ ഏറെ ആശ്ചര്യപ്പെടുത്തിയെന്നു മാത്രം...

ഗ്രാമീണ കര്‍ണാടകക്ക്‌ മറ്റൊരു പരിവേഷമായിരുന്നു ആ വഴികളില്‍... പിന്നെ ഹോസ്പേട് എത്തി.. സാമാന്യം നല്ലൊരു ടൌണ്‍. അതു കഴിഞ്ഞ്‌ ഹംപിയിലെക്ക്. ബസ്സിലുള്ള സായിപ്പിനോടും മദാമ്മയോടും റോഡിലെ പിള്ളേര്‍ 'ഹവ്വാര്‍ യൂ' എന്നൊക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
ഹംപി യിലേക്കുള്ള ആ 13 കിലോമീറ്റര്‍ തന്നെ പഴയ വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ച വിളിച്ചോതുന്നതായിരുന്നു. വലിയ ബോളു പോലിരിക്കുന്ന പാറക്കഷണങ്ങള്‍ അവിടവിടെ ചിതറി കിടക്കുന്നു.. കരിങ്കല്‍ തൂണുകള്‍ താങ്ങി നിര്‍ത്തുന്ന ചെറുതും വലുതുമായ വിശ്രമ കേന്ദ്രങ്ങള്‍.. തകര്‍ന്ന ശില്പങ്ങള്‍... അതൊക്കെയായിരുന്നു കാഴ്ച്ചകള്‍..

ഹംപിയെത്തി... ആദ്യം തന്നെ ഒരുകൂട്ടം പേര്‍ നമ്മളെ വളഞ്ഞു. ഹംപി കാണിക്കാം താമസ സ്ഥലം തരാമെന്നൊക്കെ പറഞ്ഞ്‌... ഒരാഴ്ച്ച മൊത്തം രാത്രി രണ്ടും മൂന്നും വരെ ഇരുന്നു ഹംപിയിലെ ഓരോ സ്ഥലവും അതിന്റെ പ്രത്യേകതയും കാണാപാഠമാക്കിയ നമ്മള്‍ ഹംപിയെ സംബന്ധിച്ച ഒരു പുസ്തകം മാത്രം വശത്താക്കി നേരെ ഒരു ഗസ്റ്റ്‌ ഹൌസിലേക്ക് ചെന്നു മുറിയെടുത്തു.


ഹംപിയില്‍ എന്തെല്ലാമുണ്ട് കാണാന്‍? ഈ ചോദ്യം ചോദിച്ചപ്പൊ "ഹംപി എന്നത് വെറും പാറകള്‍ നിറഞ്ഞ സ്ഥലമല്ലെ?" എന്ന മറു ചോദ്യം ചോദിച്ച സുഹൃത്തിനെ സ്മരിക്കുന്നു.. ഗസ്റ്റ്‌ ഹൌസിനു തൊട്ടടുത്തുള്ള വിരുപാക്ഷ അമ്പല സമുച്ചയമാണ്‌ നമ്മള്‍ ആദ്യം കണ്ടത്‌. അതിലെ ഓരോ കല്ലും കഥകള്‍ കൊണ്ട്‌ അലങ്കരിച്ചതാണ്‌.. ഹംപിയില്‍ എവിടെയും കാണുന്ന പോലെ അവിടെയുള്ള പല ശില്പങ്ങളും മുഗളന്‍മാരുടെ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.. തുമ്പിക്കയ്യില്ലാത്ത ആനയും തലയില്ലാത്ത ഹനുമാനും ഒരുഭാഗം പൊട്ടി പോയ തൂണുകളും ചുമരുകളുമൊക്കെ കാണാം അതിന്റെ ബാക്കിപത്രമായി..

തുംഗഭദ്ര നദിയുടെ തീരത്താണ്‌ ഹംപി. ആ നദിയിലും പല സ്ഥലത്തായി വലിയ പാറക്കല്ലുകള്‍ കാണാം. അതിനു പിന്നിലുമുണ്ട്‌ ഒരു കഥ.. രാമായണത്തിലെ പഴയ കിഷ്കിന്ധാ സമ്രാജ്യമാണത്രെ ഹംപി. ഇവിടെ വെച്ചാണ്‌ സീതയെ അന്വേഷിച്ചു പോയ ശ്രീരാമനും ലക്ഷ്മണനും സുഗ്രീവനെയും ഹനുമാനെയും കണ്ടുമുട്ടിയത്.. ബാലിയെ പേടിച്ചു സുഗ്രീവന്‍ ഒളിച്ചിരുന്ന ബാലികേറാമല അഥവാ "മാതുംഗ ഹില്‍" സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ്‌.
അപ്പൊ ഈ പാറക്കല്ലുകളുടെ കഥ പറയട്ടെ... ഏട്ടനും അനിയനും ആയ സുഗ്രീവനും ബാലിയും തമ്മില്‍ ഒരു യുദ്ധം നടന്നിരുന്നു. രാമന്റെ സഹായത്തോടെ ബാലിയെ ചതിച്ചു കൊന്ന കഥയിലെ അതേ യുദ്ധം തന്നെ. അപ്പൊ അവരങ്ങോട്ടുമിങ്ങോട്ടും വലിച്ചെറിഞ്ഞ പാറക്കല്ലുകളാണ്‌ ഹംപിയില്‍ അവിടെയുമിവിടെയുമായി കാണപ്പെടുന്നത് പോലും. പണ്ട്‌ വീട്ടില്‍ ഞാനും ഏട്ടനും തല്ലു കൂടുമ്പോള്‍ റബ്ബറും പെന്‍സിലും പിന്നെ പേപ്പറുണ്ടകളും വലിച്ചെറിയുമായിരുന്നു. അത് നമ്മടെ വീട്ടിലെ നിലത്തും അവിടെയും ഇവിടെയും ആയി പതിക്കാറുണ്ടായിരുന്നു. ആ മനോഹരമായാ പേപ്പറുണ്ടകളും മറ്റു സാധനങ്ങളും കാണുമ്പോള്‍ അമ്മ രൌദ്രഭാവത്തില്‍ ഉണ്ടക്കണ്ണുരുട്ടി ചൂലുമായി വന്നിരുന്നു. എന്നാല്‍ അവിടെ ഹംപിയില്‍ ആ എറിഞ്ഞ പാറക്കഷണങ്ങള്‍ കാണാന്‍ വേനല്‍ക്കാലത്ത്‌ പോലും ആളുകള്‍ ആകാംക്ഷ കണ്ണുകളില്‍ ഒതുക്കി യാത്ര നടത്തുന്നു.. വിരോധാഭാസം !!!ഭക്ഷണത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയാല്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഉണ്ട് ഇവിടെ. ഏത് ചെറിയ ഹോട്ടലില്‍ പോയാലും 'മെക്സിക്കന്‍', 'ഇറ്റാലിയന്‍', 'ഇസ്രായേലി', 'ഗ്രീക്' വിഭവങ്ങള്‍ ലഭ്യമാണ്‌.. അതില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്‌ ഇസ്രായേലി ആണ്‌. എന്നു മാത്രമല്ല അവിടെ പലയിടത്തും വഴിയോര ബോര്‍ഡുകളില്‍ ഇംഗ്ലീഷിനു പുറമെ ഹീബ്രു ഭാഷയിലും എഴുത്ത്‌ കാണാം. ടൂറിസത്തിന്റെ വളര്‍ച്ച...

ഹംപിയുടെ ഭംഗി അതിന്റെ ഔന്നത്ത്യത്തിലെത്തുന്നത് സൂര്യാസ്തമയ സമയത്താണ്‌.. മഹത്തായ വിജയനഗര സാമ്രാജ്യത്തിന്റെ മഹത്വത്തിന്റെയും അതു പോലെ പതനത്തിന്റെയും കഥ പറയുന്ന ഓരോ കല്ലിലും അസ്തമ്യ സൂര്യന്റെ കിരണങ്ങള്‍ തട്ടുമ്പോള്‍ ഉണ്ടാകുന്ന ഉണര്‍വ്വും ഗര്‍വ്വും കാണേണ്ട കാഴ്ച്ച തന്നെയാണ്‌..ഫെറിയിലൂടെയോ മറ്റു നൌകയിലൂടെയോ തുംഗഭദ്ര മുറിച്ചു കടന്നാലാണ്‌ വിരാപ്പൂര്‍ ഗഡ്ഡെ അഥവാ ഹംപി തുരുത്ത്‌.. അവിടെ കുറെ റിസ്സോര്‍ട്ടുകളും നെല്‍പാടങ്ങളും പാറക്കല്ലുകള്‍ കൂട്ടി വെച്ചുള്ള മലകളും കാണാം. അവിടുന്നു 5 കിലോമീറ്റര്‍ അപ്പുറത്തുള്ള അഞ്ജനാദ്രിയുടെ ഏറ്റവും മുകളില്‍ നിന്നു ഹംപി മുഴുവനായും കാണാം. ഇവിടെയാണ്‌ ഹനുമാന്‍ ജനിച്ചതത്രെ. ഒരു അമ്പലവും ഉണ്ടവിടെ. പിറ്റേന്ന്‌ പുലര്‍ച്ചെയാണ്‌ നമ്മളിവിടം സന്ദര്‍ശിച്ചത്.. മടി തീരെ ഇല്ലാത്ത കാരണം നമ്മള്‍ക്ക്‌ സൂര്യോദയം കാണാന്‍ കഴിഞ്ഞില്ല.. അല്ലെങ്കിലും അസ്തമയ സൂര്യന്റെ ഭംഗി ഉദയ സൂര്യനില്ല..പിന്നെ കൃഷ്ണ ദേവരായ ചക്രവര്‍ത്തിയുടെ രാജകുലത്തിന്റെ കാലഘട്ടത്തിലുള്ള നിര്‍മിതികള്‍ കാണാനായി ഇറങ്ങി. വെയിലിന്റെ ഉപദ്രവം കാരണം സൈക്കിളും 2-വീലറുമൊന്നും വാടകക്കെടുത്തില്ല. ഓട്ടോയെ ആണ്‌ ആശ്രയിച്ചത്. ഹംപിയിലെ ഓരോ കല്ലിനും ഓരോ കഥ പറയാനുണ്ട്. അതും ഹംപിയുടെ പ്രത്യേകത തന്നെ... 5 നില കെട്ടിടത്തിലും വലിപ്പത്തില്‍ അന്യോനം ചേര്‍ന്നു നില്‍ക്കുന്ന ഏതാണ്ട് ഒരു പോലിരിക്കുന്ന രണ്ടു കല്ലുകള്‍ പണ്ട് സഹോദരിമാരായിരുന്നത്രെ.. അസൂയ മൂത്ത് ഹംപിയെക്കുറിച്ച് എന്തോ കുറ്റം പറഞ്ഞതിനു ഹംപിയിലെ ദേവത അവരെ കല്ലാക്കി മാറ്റിയതാണ്‌ പോലും..
അതിനു ശേഷം അവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍ തേടി യാത്ര തിരിച്ചു.

ബാദാവി ലിംഗം (വെള്ളത്തില്‍ നില്‍ക്കുന്ന വലിയ ശിവ ലിംഗം.. സൌഭാഗ്യം തന്റെ വഴിക്ക്‌ വരികയാണെങ്കില്‍ ഒരു ശിവ ലിംഗം പണിയാമെന്നു ശപഥമെടുത്ത ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ്‌ ഈ ശിവ ലിംഗം പണിതതെന്നും കഥയുണ്ട്... ഏതാണ്ട് 12 അടി കാണും), ശശിവേകലു ഗണേശാ - ഈ ഗണപതി ശില്‍പത്തിന്റെ വയറില്‍ ബെല്‍ട്ട് പോലെ ഒരു പാമ്പുണ്ട്... അതെന്താണെന്നു വെച്ചാല്‍.. ഗണപതി ആളൊരു ഭക്ഷണ പ്രിയന്‍ ആണല്ലോ.. ഒരു ദിവസം നമ്മടെ ഗണപതി കുറേ ഭക്ഷണം കഴിച്ചു. അങ്ങനെ വയറങ്ങ്‌ട്‌ പൊട്ടാറായി... അപ്പൊ അത് പൊട്ടിത്തെറിക്കാതിരിക്കാനായി ഒരു പാമ്പിനെ എടുത്തു വയറിനു ചുറ്റും മുറുക്കി കെട്ടിയതാത്രെ.. , ലക്ഷ്മി നരസിംഹ പ്രതിമ - ഈ നരസിംഹ പ്രതിമയുടെ മടിയില്‍ പണ്ട് ലക്ഷ്മി ദേവിയുടെ ഒരു പ്രതിമയും ഉണ്ടായിരുന്നത്രെ. അതെല്ലാം വിജയനഗരത്തിന്റെ പതനത്തോടെ നശിപ്പിക്കപ്പെട്ടിരുന്നു.. പക്ഷെ ഇപ്പോഴും ലക്ഷ്മിദേവിയുടെ കൈ നരസിംഹത്തെ കെട്ടിപിടിച്ചുകൊണ്ട് ബാക്കിയുണ്ട്.., പിന്നെ വിത്തല അമ്പല സമുച്ചയം - അത് ഏറെ നേരമെടുത്ത്‌ കാണേണ്ട ഒരു സ്ഥലമാണ്‌.. വേണമെങ്കില്‍ ഒരു ഗൈഡിനെയും കൂട്ടാം. അവിടെ ഒരു മണ്ഡപത്തിലെ തൂണുകളില്‍ കുതിരയുടെ മുകളില്‍ ഇരിക്കുന്ന പോരാളികളെ കൊത്തി വെച്ചിട്ടുണ്ട്.. ഗൈഡ്‌ പറഞ്ഞപ്പോഴാണ്‌ നമ്മള്‍ അത് ശ്രദ്ധിച്ചത്.. അതിലെ ഓരോ പോരാളിയും വ്യത്യസ്തമായിരുന്നു മുഖ ഭാവത്തിലും വസ്ത്രധാരണത്തിലും എടുപ്പിലും എല്ലാം. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും ഒരു പോരാളി വടക്കേ ഇന്ത്യന്‍ വസ്ത്ര ധാരന രീതിയിലാണെങ്കില്‍ അടുത്ത ആള്‍ ഫ്രഞ്ച്.. മട്ടേത് ചീനയില്‍ നിന്നുള്ളത്.. അടുത്തത് മുസ്ലീം പോരാളി.. അതിനപ്പുറത്ത്‌ പോര്‍ച്ചുഗീസ്‌. അങ്ങനെ അങ്ങനെ.. പിന്നെ തട്ടിയാല്‍ സംഗീതാത്മകമായ സ്വരങ്ങള്‍ പുറപ്പെടുവിക്കുന്ന തൂണുകളും ഇവിടത്തെ ഒരു മണ്ഡപത്തിലുണ്ട്.

പിന്നെ അടുത്തതായി രാജാക്കന്മാരുടെ കൊട്ടാരാവശിഷ്ടങ്ങള്‍, ചുറ്റുപാടും പടവുകളുള്ള മനോഹരമായ കുളം , പിന്നെ ആനകള്‍ക്കായി കെട്ടിയ പന്തിക്കൊട്ടില്‍, താഴെ ഹൈന്ദവരീതിയിലും മുകളില്‍ ഇസ്ലാമിക രീതിയിലും നിര്‍മിച്ച 'ലോട്ടസ്‌ മഹള്‍', കൊട്ടാരത്തിലെ അന്തപുരത്തിലുള്ളവര്‍ക്കായുള്ള നീന്തല്‍ക്കുളം, മനോഹരമായി നിര്‍മിച്ച ഒരു മുസ്ലിം പള്ളിയുടെ അവശിഷ്ടങ്ങള്‍ അങ്ങനെ അങ്ങനെ നീളുന്നു ഹംപിയിലെ കാഴ്ച്ചകള്‍...
പക്ഷെ ഇത്രേടം വന്നിട്ടും തെനാലി രാമന്റെ വീടും പിന്നെ കോദണ്ഢരാമ അമ്പലവും കാണാന്‍ കഴിഞ്ഞില്ല... ഇനി ബാദാമി യാത്രക്ക്‌ പോകുമ്പോള്‍ വിട്ടു പോയ ഈ സ്ഥലങ്ങള്‍ കാണാന്‍ ശ്രമിക്കണം.. അല്ലെങ്കില്‍ "അച്ഛനെ കൂട്ടാതെ അമ്മു പോയല്ലോ ഹംപിയിലേക്ക്‌.." എന്നു എപ്പൊ ഫോണ്‍ ചെയ്താലും പരിഭവം പറയുന്ന അച്ഛന്റെ കൂടെ പോകാം..

Destination: Hampi, Old capital of VijayaNagara Kingdom
Route: (1) Bangalore to Hospet by Direct Train
           (2) Hospet to Hampi by Local Bus
           (3) Within Hampi - Travel can be done by walking, hiring an auto-rikshaw, renting motor bike, cycle, etc
           (4) To Anjanadri - We have chosen Auto to reach Anjanadri, You can even go there by cycle. 
           (5) Return: To Hospet - Local Bus & To Bangalore by Train.
Travel Freaks involved in this Yathra : Indu, Varsha

           

23 comments:

ശ്രീ said...

യാത്രാവിവരണം ഇഷ്ടപ്പെട്ടു. ചിത്രങ്ങള്‍ കുറച്ചു കൂടി ആകാമായിരുന്നില്ലേ എന്ന സംശയം മാത്രം (വലുപ്പവും കുറവല്ലേ?)

നിരക്ഷരന്‍ said...

പലപ്പോഴും പോകണമെന്ന് ആഗ്രഹിച്ചിരുന്ന സ്ഥലം. ബാംഗ്ലൂര്‍ ജീവിക്കുന്ന കാലത്ത് ഒരിക്കല്‍ അങ്ങോട്ടേക്കുള്ള ഭാണ്ഡം മുറുക്കുകയും ചെയ്തു. പക്ഷെ ചിക്കന്‍ പോക്സ് പിടിച്ചതുകൊണ്ട് അത് നടന്നില്ല.

ഇത് വായിച്ചുകഴിഞ്ഞപ്പോള്‍ എത്രയും പെട്ടെന്ന് അങ്ങോട്ട് പോകണമെന്ന് തോന്നുന്നു.

നന്ദി ഈ വിവരണത്തിന്.

സന്തോഷ്‌ പല്ലശ്ശന said...

Narration excellent

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നിങ്ങളു തിരിച്ചുവന്നിട്ടാണോന്നറിയില്ല, ഒരു വാര്‍ത്തകണ്ടൂ പത്രതില്‍. ഹനുമാന്റെ ജന്‍മസ്ഥലമായ ഹമ്പിയില്‍ കുരങ്ങന്‍മാരുടെ എണ്ണം കൂറഞ്ഞു വരുന്നൂന്ന്...

ഈ പ്രവശ്യമെങ്കിലും ബസ്സ് കിട്ടീല്ലെ... സംഭവം തന്നെ...
വിവരണം കൊള്ളായിരുന്നു.. ചിത്രങ്ങളും .

the man to walk with said...

nannyitto ...
ennenkilum pokum hambiyil..

ശ്രീലാല്‍ said...

പോസ്റ്റ് വായിക്കാമേ.., അതിനു മുൻപ് നിരക്ഷരനോടൊരു ഓഫ്... ഇനി ഭാണ്ഡം മുറുക്കുമ്പോ ഭാംഗ്ലൂരു വന്നിട്ട് മുറുക്ക്..ഈയുള്ളവനും കൂടാം. :)

നിരക്ഷരന്‍ said...

ഓഫ്.ടോപ്പിക്ക്.

@ ശ്രീലാല്‍ - ഞാനെവിടെ വേണമെങ്കിലും വന്ന് ഭാണ്ഡം മുറുക്കാം. പക്ഷെ മാഷിന് സമയവും സൌകര്യവുമൊക്കെ ഉണ്ടാകുമോ ? ഈയിടെയായി ഒരു പോസ്റ്റ് ഇടാന്‍ പോലും സമയം കിട്ടുന്നില്ലാന്ന് തോന്നുന്നു. മാന്ദ്യകാലമായിട്ടും ഇത്രയ്ക്ക് തിരക്കോ ?

ഓഫ് അടിച്ചതിന് പെണ്‍‌കൊടി ക്ഷമിക്കണം.

ലതി said...

ഹംപിയില്‍ കൊണ്ടുപോയതിനു നന്ദി.

പെണ്‍കൊടി said...

എന്റെ നിരക്ഷരന്‍ ചേട്ടാ ഓഫ്ഫൊക്കെ നടക്കട്ടെ.. ഒരു പുതിയ സ്ഥലം കാണാനല്ലേ... അതെയ്.. അവിടെ പൂവ്വാന്നുള്ള പറ്റിയ സമയം വേനല്‍ കഴിഞ്ഞിട്ടാണ്‌.. ഡിസംബറില്‍ ആണെങ്കില്‍ ഹംപി ഉത്സവവും ഉണ്ടാവും. പക്ഷെ തിരക്ക്‌ കൂടും... ബാംഗ്ലൂരില്‍ നിന്ന്‌ ഹംപി എക്സ്പ്രസ്സ്‌ ട്രെയിന്‍ ഉണ്ട് സൌകര്യപ്രദമായ സമയത്താണ്‌...
ശ്രീലാല്‍ ഭായ്.. തിരക്കൊക്കെ ഒന്നു മാറ്റി വെച്ചോളൂ ഈ യാത്രക്ക്‌...
ശ്രീ... ശ്രീടെ അഭിപ്രായം മാനിച്ച്‌ ഞാന്‍ ഫോട്ടോസ്‌ കൂടുതല്‍ ഇടാം ട്ടോ..
കുളത്തില്‍ കല്ലിട്ടോണ്ടിരിക്കുന്ന ചോട്ടാ.. ഇടക്ക്‌ കേറി ഗോളടിക്കല്ലേ...
സന്തോഷ് ഭായ്.. the man to walk with.. ലതി ചേച്ചീ ... അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.

cALviN::കാല്‍‌വിന്‍ said...

നന്നായിരിക്കുന്നു....
ഓടോ:
കോദണ്ഢരാമന്‍ എന്നാണ് ശരി

പെണ്‍കൊടി said...

@കാല്‍വിന്‍ - വളരെ നന്ദി ചൂണ്ടിക്കാണിച്ചതില്‍.. ഇത്തരത്തിലുള്ള അക്ഷര തെറ്റ് തീരെ പൊറുക്കാനാകില്ല... അബദ്ധം പറ്റിയതാണേ..

-പെണ്‍കൊടി...

smitha adharsh said...

ഹംപി ഇത്രയും ഭംഗിയുള്ള സ്ഥലമാണ് അല്ലെ?
ആ സൂര്യാസ്തമയം കാണാന്‍ കൊതി തോന്നുന്നു..

Santhosh | പൊന്നമ്പലം said...

ഹം‌പിയികെ നരസിംഹമൂര്‍ത്തി ലക്ഷ്മീനരസിംഹം അല്ല, യോഗ നരസിംഹം ആണ്... തിരുത്തുമല്ലൊ അല്ലെ?

പെണ്‍കൊടി said...

@സന്തോഷ് -
അല്ല മാഷേ.. അത് ലക്ഷ്മി നരസിംഹം തന്നെയാണ്‌.. ഉഗ്ര നരസിംഹം എന്നൊക്കെ വായിച്ചാണ്‌ ഞാനും ഹംപി എത്തിയത്. പക്ഷെ അവിടത്തെ ഗൈഡും പിന്നെ ഓട്ടോക്കാരും നരസിംഹത്തിന്റെ കഥ പറഞ്ഞു തന്നു. എന്തിനു ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌ നമ്മടെയൊക്കെ തെറ്റിദ്ധാരണ തിരുത്താന്‍ അവിടെ വെച്ചിട്ടുള്ള ബോര്‍ഡില്‍ പോലും ഇത് ലക്ഷ്മി നരസിംഹം ആണെന്ന്‌ എഴുതി വെച്ചിട്ടുണ്ട്..

Indu said...

അല്ലെങ്കിലും അസ്തമയ സൂര്യന്റെ ഭംഗി ഉദയ സൂര്യനില്ല..:)


Photo valuthakki idu kutti....

ശ്രീലാല്‍ said...

Nice writing....
വായിച്ചപ്പോൾ ഹം‌പി യാത്രയ്ക്കുള്ള ആഗ്രഹം ഒന്ന് കൂടെ കൂടി. ( ഹം‌പെ എന്നാണ് ശരിയായ കന്നഡ ഉച്ചാരണം എന്ന് തൊട്ടടുത്തിരിക്കുന്ന്ന കന്നഡിഗ).
എന്തായാലും പോണം അടുത്തുതന്നെ..

ഇനിയും എഴുതൂ.

@നിരാക്ഷസൻ.. സോറി, നിരക്ഷരൻ..
പോസ്റ്റ് വായിക്കാനേ ടൈം ഇല്ലാണ്ടുള്ളൂ‍... പടങ്ങൾ മുറയ്ക്ക് പോസ്റ്റുന്നുണ്ട്.. :)

Anonymous said...

beautiful writing.ishtappettu

Vidya said...

Ammayude kannu thuripikkal ennathu ulkonda virodhabhasam kenkemam:):) Pics are marveolous.... Is it naer to vijayawada in AP??We had been there 4 a yr...amma ketiitundathre ere ee sthalathe kurichu:)

Vidya said...

Ammayude kannu thuripikkal ennathu ulkonda virodhabhasam kenkemam:):) Pics are marveolous.... Is it naer to vijayawada in AP??We had been there 4 a yr...amma ketiitundathre ere ee sthalathe kurichu:)

കുഞ്ഞായി said...

യാത്രാവിവരണം ഇഷ്ടപ്പെട്ടു,പടങ്ങളും സൂപ്പര്‍.

ചിസിന്‍ റാം നാട്ടിക said...

നന്നായിരിക്കുന്നു....... ആശംസകള്‍

...karthika... said...

hey good one. u can write travelogues well i think.

aathman / ആത്മന്‍ said...

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ഉണ്ട്.
കണ്ട് അഭിപ്രായം പറയുമല്ലൊ...
http://puramkazhchakal.blogspot.com/2010/03/humpi.html