12 Jun 2009

ചില നാടക പരീക്ഷണങ്ങള്‍ - 1

നാടക കമ്പം
ഈ നാടകം ന്നൊക്കെ വെച്ചാല്‍ ന്താ ..???
"മനുഷ്യ മനസ്സുകളെ ഉത്ബോധിപ്പിക്കാനും ഉണര്‍ത്താനുമൊക്കെയുള്ള ഒരു ദൃശ്യ കാവ്യം.. " എന്നൊക്കെ പറയാം ലെ... ഈ ഉണര്‍വ്വും ഉത്ബോധനവുമൊക്കെ ഞാന്‍ സ്കൂളില്‍ വെച്ചേ തുടങ്ങിയിരുന്നു.. ഒന്നിലും രണ്ടിലുമൊക്കെ പഠിക്കുമ്പൊ മോണോ ആക്റ്റിലായിരുന്നു താല്പര്യമെങ്കിലും പിന്നീട് കമ്പം നാടകത്തോടായി.. ആദ്യമായി ചെയ്തത് സയന്‍സ് ക്ലബ്ബിന്റെ വാര്ഷിക ഉദ്ഘാടനത്തിനോടനുബന്ധിച്ചുള്ള ഒന്നായിരുന്നു. കെമിസ്ട്രി എന്ന വിഷയത്തോട് വെറുപ്പും പേടിയുമുള്ള ഒരു കുട്ടിയുടെ മുന്നില്‍ ഓക്സിജനും നൈട്രജനും ഹൈഡ്രജനും ക്ലോറിനും എല്ലാം മനുഷ്യരൂപം പൂണ്ട് കുട്ടിയുടെ സ്വപ്നത്തില്‍ വന്നു കെമിസ്ട്രിയുടെ മനോഹാരിത പറഞ്ഞു കൊടുക്കുയും പിന്നെ കളിയിലൂടെ കെമിസ്ട്രി പഠനം നടത്താന്‍ പഠിപ്പിക്കുന്നതുമായിരുന്നു അത്.. അതിലെ കെമിസ്ട്രി വിരോധിയായ കുട്ടി ഞാനായിരുന്നു.. ആദ്യ നാടകമെ ചീറ്റി പോകേണ്ട അവസ്ഥ വന്നതായിരുന്നു. കാരണം ഈ കുട്ടി ഇതൊക്കെ സ്വപ്നം കാണുകയാണല്ലോ.. അപ്പൊ ഉറങ്ങണമല്ലോ... ആ കസേരയില്‍ കിടന്നു ഉറക്കം അഭിനയിച്ച സമയത്ത് ഞാന്‍ എന്ന കുട്ടി അറിയാതെ ഉറങ്ങി പോയി. തലേന്നു ഡയലോഗുകള്‍ മന:പാഠമാക്കുന്നതിനിടയില്‍ ഉറങ്ങാന്‍ അധിക നേരം കിട്ടിയിരുന്നില്ല എന്നത് എന്റെ ഭൌതിക ദേഹത്തിനു നന്നേ ബോധമുണ്ടായിരുന്നിരിക്കണമല്ലോ.. പക്ഷെ ഭാഗ്യത്തിനു എന്റെ ആത്മാര്‍ത്ഥ സുഹൃത്തും മുന്‍കോപിയും ആയ നാടകത്തിലെ ഓക്സിജന്‍ 'ഡയലോഗ് ഡെലിവെറി'യുടെ ഇടയില്‍ കാലിലേക്ക് സാമാന്യം നല്ലൊരു ചവിട്ടു തന്നപ്പൊ യാതൊരു പ്രശ്നങ്ങളുമുണ്ടാക്കാതെ അടുത്ത ഡയലോഗ് ആയ “I never knew that Chemistry was this beautiful.." എന്നു തുടങ്ങുന്ന വരികള്‍ റിഹേഴ്സലിലും ഗംഭീരമായി ഞാന്‍ വേദിയില്‍ അവതരിപ്പിച്ചു.

അതിനു ശേഷം എത്രയെത്ര നാടകങ്ങള്‍ പരിപാടികള്‍.. സയന്‍സ്‌ ക്ലബ്‌ , ആര്‍ട്സ് ക്ലബ്ബ്, യുവജനോത്സവം പരിപാടികള്‍ക്കു പുറമെ ജില്ലയില്‍ നടക്കുന്ന മറ്റ്‌ കലാ പരിപാടികള്‍ക്കും ഞാനും ഒരു സെറ്റ് കുട്ടി അഭിനേതാക്കളും ഇറങ്ങിത്തിരിക്കാറുണ്ട്..

അങ്ങനെ ഞാന്‍ പ്ലസ് 2 പഠിക്കാന്‍ തൃശ്ശൂരിലെത്തി. പി.സി സാറുടെ ദിവസവുമുള്ള കോച്ചിങ്ങിനെ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ക്രാഷ് കോഴ്സാക്കി മാറ്റി ജീവിതം ജിംഗലാലയായി ആസ്വദിച്ചു നടന്നപ്പോഴും നാടക കമ്പത്തെ കൂടെ കൊണ്ടു നടന്നിരുന്നു. സ്കൂളുകളിലെ സ്പൂണ്‍ ഫീഡിങ്ങ്, അഴിമതി, അഭിനവ ഭാരതത്തിലെ പ്രശ്നങ്ങള്‍ എന്നിവക്കു പുറമെ ചില നാടകകൃത്തുക്കളുടെ നാടകങ്ങളും നമ്മള്‍ സ്കൂള്‍ വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ആ സ്കൂളില്‍ സാമാന്യം നല്ലൊരു ‘പേര്‌’ എനിക്കും എന്റെ പ്രിയ സ്നേഹിതയായ ഈര്‍ക്കില്‍ വലിപ്പത്തിലുള്ള ചിമിട്ടിനും ഉണ്ടായിരുന്നു. കോലു പോലെയാണെങ്കിലും അവള്‍ക്കൊരു വിശാലമായ കലാഹൃദയമുണ്ടായിരുന്നു.. ആ ഹൃദയത്തിനു പുറമെ അവശ്യം വേണ്ട അവിഭാജ്യ ഘടകങ്ങളായ തൊലി കട്ടി, നാണമില്ലായ്മ, എന്തും നേരിടാനുള്ള ചങ്കുറപ്പ്, ആവശ്യസമയത്ത്‌ വേദിയില്‍ വെച്ച്‌ പുതിയ ഡയലോഗുകള്‍ സൃഷ്ടിക്കാനുള്ള ബോധം എന്നിവയുമുണ്ടായിരുന്നു ചിമിട്ടിന്‌.. അങ്ങനെ അവിടെ എന്തെങ്കിലും ഒരു സംഭവം സ്റ്റേജില്‍ അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ ആദ്യം നമ്മളെ വിളിക്കുമായിരുന്നു. നമ്മളാണെങ്കിലോ.. ഇതൊക്കെ ആസ്വദിച്ച്‌ "നമ്മടെ ഓരോരോ കാര്യങ്ങളേയ്‌" എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു ഏത് വേദിയിലും കയറിപറ്റുകയും ചെയ്തിരുന്നു. ആ സമയത്ത്‌ നമ്മള്‍ മൈമിലുമൊന്ന്‌ കൈ കടത്തി. അന്ന്‌ ജില്ലാ തല മത്സരവേദിയില്‍ നിന്ന്‌ സാമാന്യം നല്ല രീതിയില്‍ ചമ്മി തല കുനിച്ച് തിരിച്ച് വരേണ്ടി വന്നിരുന്നു.. ആ കഥ പിന്നെടെപ്പോഴെങ്കിലുമൊക്കെയായി പറയാം.

അങ്ങനെ ഇരിക്കുമ്പോള്‍ സ്കൂള്‍ വാര്‍ഷികമായി... "Annual Day".. പതിവുപോലെ ഞാനും ചിമിട്ടും "ബാക്കി വേദിയില്‍.." എന്നു പറഞ്ഞ്‌ സ്റ്റേജ്‌ പരിപാടികളില്‍ ഒരെണ്ണം ഏറ്റെടുത്തു വെടിപ്പാക്കാന്‍. പക്ഷെ അന്നത്തെ പരിപാടികളില്‍ അവസാനം ഒരു ബൈബിള്‍ നാടകം കൂടി ഉണ്ടായിരുന്നു. സ്കൂളിന്റെ പുറത്തു നിന്നുള്ള ഒരു കലാസ്നേഹി അച്ചന്‍ (പള്ളീലച്ചന്‍) ആയിരുന്നു നാടകത്തിന്റെ ചുക്കാന്‍. കൂടാതെ സംവിധായകന്‍, മേക്കപ്‌ മാന്‍ ഒക്കെ പുറത്തു നിന്നായിരുന്നു. മറ്റൊരു പരിപാടിയില്‍ ഉള്ളതുകൊണ്ടോ അതോ നമുക്ക്‌ പറ്റുന്ന വേഷമില്ലാത്തതുകൊണ്ടോ എന്നറിയില്ല ഞാനും ചിമിട്ടും ഉണ്ടായിരുന്നില്ല ആ സംഭവബഹുലമായ നാടകത്തില്‍. ഇതറിയാതെ "നിങ്ങള്‍ ഏത് റോളിലാ?" എന്നു ചോദിക്കുന്ന പിള്ളേരോട് നമ്മള്‍ എന്ത്‌ കൊണ്ട് ആ നാടകത്തിനു പോകണ്ട എന്നു തീരുമാനിച്ചു എന്നു വിശദീകരിക്കുന്ന ഈ ഉത്തരം പറഞ്ഞിരുന്നു - 'നമ്മള്‍ ആദ്യമേ ഒരു പരിപാടി ഏറ്റെടുത്തല്ലോ.. രണ്ട് പരിപാടികളില്‍ പങ്കെടുക്കുമ്പോ മെക്കപ്പിനോന്നും സമയം കിട്ടില്ലല്ലൊ'..

പക്ഷെ സത്യത്തില്‍ പറഞ്ഞാല്‍ നമ്മള്‍ക്ക് ഇത്തിരി സങ്കടം ഉണ്ടായിരുന്നു.. കാരണം ആ നാടകത്തിന്റെ പ്രാക്റ്റീസും റിഹേഴ്സലും എല്ലാം നല്ല ചിട്ടയിലും എന്നാലോ പുറമെ ആരെയും കാണിപ്പിക്കാതെയുമായി നടത്തിയിരുന്നു. അതിനും മുന്നത്തെ വര്‍ഷം ഇതു പോലെ ഒരു നാടകം നടന്നപ്പൊ ഞാനൊക്കെ ചുരിദാറിന്റെ ടോപ്പിട്ട്‌ അരയില്‍ ഷാള്‍ കെട്ടി ഇസ്രായേലി ഗ്രാമത്തലവനായി അഭിനയിച്ചതാ.. അന്നു എന്തായിരുന്നു ലൈറ്റ്‌ എഫക്റ്റ്‌.. ഈ നാടകത്തിനും ലൈറ്റും സൌണ്ടും പശ്ചാത്തല സംഗീതവും ഗംഭീരമായിരിക്കുമെന്ന്‌ ഇതിന്റെ സംഘാടകരിലൊരാളായ സിസ്റ്ററമ്മ പറയുന്നത് കേട്ടു. അതോടെ എനിക്കും ചിമിട്ടിനും ഊണും ഉറക്കവുമില്ലാതായി.. ഇടക്കിടെ നമ്മള്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു ദയനീയമായ നോട്ടം നോക്കുമായിരുന്നു.. വാക്കുകളില്ലാതെ നമ്മള്‍ അന്യോന്യം പറഞ്ഞു - "എങ്കിലും നമ്മള്‍ ഇതില്‍ ഇല്ലാതായല്ലോടാ" എന്ന്‌..

ബൈബിള്‍ നാടകവും ചിമിട്ടും പിന്നെ ഞാനും

അങ്ങനെ നാടക ദിവസം എത്തി. രാവിലെ എന്നെയും ചിമിട്ടിനെയും കലാസ്നേഹി അച്ചന്‍ വിളിക്കുന്നെന്നു ആരോ വന്നു പറഞ്ഞു. നമ്മടെ പട്ടി പോകും അങ്ങോട്ട് എന്നു പറഞ്ഞു കൊണ്ട് ഞങ്ങള്‍ അച്ചനെ കാണാന്‍ പോയി. ഞങ്ങളെ കണ്ടതും ഇതല്ലേ ഞാന്‍ തേടിയ രണ്ട്‌ വള്ളികള്‍ എന്ന മുഖഭാവത്തില്‍ അച്ചന്‍ എഴുന്നേറ്റ്‌ നിന്ന്‌ പറഞ്ഞു - 'നാടകത്തിലെ തുടക്കത്തില്‍ രണ്ട്‌ നല്ല ആര്‍ട്ടിസ്റ്റ്സ് വേണം. എന്നാലേ നാടകത്തിന്‌ പൂര്‍ണത വരുള്ളു. പെട്ടന്നു വന്ന ആശയമാ. ഇവിടെ എല്ലാരോടും ചോദിച്ചപ്പൊ നിങ്ങടെ രണ്ടു പേരുടെയും പേരാണ്‌ കേട്ടത്.' .. ഞങ്ങളുടെ മുഖത്ത്‌ ആയിരം സൂര്യന്‍മാര്‍ ഒന്നിച്ചുദിച്ചു. അച്ചന്‍ തുടര്‍ന്നു- 'നിങ്ങളാകുമ്പോ പ്രാക്ടീസ്‌ പോലും ആവശ്യമില്ലല്ലോ...'. എന്റെ ദൈവമേ!!! അങ്ങ്‌ എത്ര മഹാനാണ്‌.. ഇന്നലെ വരെ വിളിച്ച എല്ലാ ചീത്തയും തിരിച്ചെടുത്തിരിക്കുന്നു. പിന്നെ ഇതൊക്കെ ചുറ്റും നില്‍ക്കുന്നവരൊക്കെ കേള്‍ക്കുന്നില്ലേ എന്നുറപ്പ്‌ വരുത്തി. അവര്‍ക്കും ഈ തുടക്കത്തെ ക്കുറിച്ചൊന്നും അറിയില്ലെന്നു മുഖത്തു നിന്ന്‌ മനസ്സിലാക്കാം. അങ്ങനെ ഞങ്ങളും പരമ രഹസ്യമായ നാടകത്തിലെ അതിലും പരമ രഹസ്യമായ ഒരു രംഗം മനസ്സിലാക്കുന്നു.. മേക്കപ്പിനെത്ര നേരമെടുക്കുമെന്ന ഞങ്ങളുടെ ചോദ്യത്തിന്നു നിങ്ങളുടെ മുഖത്തെ ഭാവത്തിനാണ്‌ പ്രാധാന്യം എന്നാണ്‌ അച്ചന്‍ മറുപടി പറഞ്ഞത്..

ഞാനും ചിമിട്ടും ഫ്ലാറ്റ്! ഡ്രസ്സ്‌ ആയി പാന്റ്സും ടോപും മതി. വലിയ ലൂസുള്ള ഷര്‍ട്ടൊന്നും വേണ്ട എന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു. ഒന്നു പാന്റ്സിട്ടാല്‍ അല്ലെങ്കില്‍ ടോപ്പൊന്നു ചെറുതായാല്‍ മുഖം ചുളിക്കുന്ന സിസ്റ്റര്‍മാരുടെ മുന്നില്‍ വെച്ചാണ്‌ അച്ചന്‍ ഇത്രയും പറഞ്ഞത്.
ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം - അത്‌ ഞങ്ങള്‍ ഒരിക്കലും പാഴാക്കില്ല എന്നു തീരുമാനിച്ചു... മാത്രമല്ല ഇതു പോലെ ഉള്ള പരിപാടിക്ക്‌ അപ്പുറത്തെ സ്കൂളുകളില്‍ നിന്നൊക്കെ ആള്‍ക്കാര്‍ വരുമല്ലോ എന്നും നിഷ്കളങ്കരായ നമ്മള്‍ വെറുതെ ഓര്‍ത്തു.

വൈകുന്നേരമായി.. അപ്പൊഴേക്കും നാടകത്തിലെ പ്രധാനികള്‍ എന്ന പോലെ റിഹേഴ്സല്‍ റൂമിലും മേക്കപ്പ് റൂമിലുമൊക്കെ നമ്മള്‍ ചുറ്റിക്കറങ്ങി. ആദവും ഹവ്വയും പിന്നെ ദൈവവും തമ്മിലുള്ള ഒരു രംഗമാണ്‌ നമ്മള്‍ ആദ്യം അഭിനയിക്കേണ്ടത്. നാടകത്തെ ക്കുറിച്ചുള്ളതെല്ലാം രഹസ്യമായതുക്കൊണ്ട് നമ്മളും ഒന്നും പറഞ്ഞില്ല മറ്റ്‌ സുഹൃത്തുക്കളോട്.. അങ്ങനെ ഞാനും ചിമിട്ടുമുള്ള ആദ്യ പരിപാടി തീര്‍ന്നു. നമ്മള്‍ ഹോസ്റ്റലില്‍ പോയി ഏറ്റവും പുതിയ പാന്റ്സും ടോപും ഒക്കെയിട്ട്‌ ഇറങ്ങി. ആദ്യം അച്ചനെ പോയി കണ്ടു. അച്ചന്‍ നമ്മളുടെ അത്മാര്‍ത്ഥതയും സമര്‍പ്പണ മനോഭാവവും ഒക്കെ കണ്ട്‌ ഹാപ്പി. നമ്മള്‍ അതിലേറെ ഹാപ്പി..

ആദ്യം തന്നെ വളരെയധികം സ്നേഹത്തോടെ അച്ചന്റെ സഹായി ചേട്ടന്‍ എന്റെ കയ്യില്‍ ഒരു ആപ്പിള്‍ ഏല്‍പിച്ചു. വിലക്കപെട്ട കനിയായി ഒരു ഭാഗം കടിച്ച ഈ അപ്പിളിനെ ഉയര്‍ത്തിക്കാണിച്ച്‌ ദൈവത്തിന്റെ ചീത്തയും ശാപവും ഭാവാഭിനയത്തോടെ ഏറ്റു വാങ്ങുന്ന രംഗം ആണത്. അവിടെയാണ്‌ ഈ നാടകം ആരംഭിക്കുന്നത് തന്നെ. ആപ്പിള്‍ ആദ്യ കടി കടിച്ചു. വീണ്ടും മേക്കപ് റൂമില്‍ കേറി നടന്നു. ദൈവമായി അഭിനയിക്കുന്ന കണ്ണൂരുകാരിയുടെ മുഖം മുഴുവന്‍ താടിയും മുടിയും ഒട്ടിച്ച് ഒരു സംഭവമാക്കി മാറ്റിയിരിക്കുന്നത് കണ്ടപ്പൊ നമ്മള്‍ ആ മേക്കപ്പ്മാനെ വാനോളം പുകഴ്ത്താന്‍ നിന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പൊ ആ ആപ്പിള്‍ അങ്ങ് ഇല്ലാതായി പോയി. ചിലപ്പൊ ഞാനങ്ങ് കഴിച്ചു കാണും. ആ.. ആര്‍ക്കറിയാം...

അങ്ങനെ നാടകത്തിന്റെ ആരംഭമായി.. പുറകില്‍ നിന്ന്‌ അച്ചന്‍ ഇടിവെട്ട്‌ ശബ്ദത്തില്‍ എന്തൊക്കെയോ പറഞ്ഞു. സ്റ്റേജിന്റെ പുറകിലായതു ക്കൊണ്ട് നമ്മള്‍ക്ക്‌ പ്രത്യേകിച്ചൊന്നും മനസ്സിലായില്ല. പിന്നെ കുറേ ലൈറ്റു വെച്ചുള്ള കളികളും പുറകില്‍ നിന്നുള്ള സംഭാഷണങ്ങളൂം ഉണ്ടായിരുന്നു. സ്റ്റേജിന്റെ മുകളില്‍ താടി കൊണ്ട് മൂടിയ ദൈവമാണ്‌ ഇപ്പൊ എന്തൊക്കെയോ പറയുന്നത്. ദൈവം ഭൂമിയെ സൃഷ്ടിച്ചതാണെന്ന്‌ തോന്നുന്നു രംഗം. അപ്പോഴെക്കും കര്‍ട്ടന്‍ ചേട്ടന്റെ കൂടെ നിന്നിരുന്ന സംവിധായകന്റെ സഹായി ചേട്ടന്‍ നമ്മളെ വിളിച്ചു. വിളി കേള്‍ക്കേണ്ട താമസം നമ്മള്‍ അവിടെ ഹാജര്‍. സഹായി ചേട്ടന്‍ എന്റെ ആപ്പിളിന്റെ അവസ്ഥ കണ്ട് കണ്ണു തുറിച്ചു. എന്നിട്ട് മുഷിഞ്ഞ സഞ്ചിയില്‍ നിന്നു അടുത്ത ആപ്പിള്‍ എടുത്തു തന്നു. എന്നിട്ട് അതില്‍ ഒരു കഷണം മാത്രം കടിക്കാന്‍ പറഞ്ഞു. ഒരിക്കല്‍ പോലും തിരുമ്പിയിട്ടിലാത്ത ആ സഞ്ചിയില്‍ നിന്നെടുത്ത ആപ്പിള്‍ ഞാന്‍ നാടകത്തിനു വേണ്ടി മനസ്സില്ലാമനസ്സോടെ കടിച്ചു.

പറഞ്ഞു തന്നതിലും നന്നായി രംഗം ഭംഗിയാക്കാനും ചെറിയ റോളില്‍ പോലും നമ്മള്‍ എത്ര മനോഹരമായി തിളങ്ങും എന്നു കാണിക്കുന്നതിനും ആയി നമ്മള്‍ കഥാപാത്രങ്ങളായി മാറി. ഞാന്‍ ആപ്പിള്‍ കൈകളില്‍ പൊക്കി വെച്ച്‌ വിഷമത്തോടെ ദൈവത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നതായി അഭിനയിച്ചു. എന്റെ മുന്നില്‍നില്‍ക്കുന്ന ചിമിട്ടാകട്ടെ മുഖത്ത് ഭാവങ്ങള്‍ മാറ്റി മാറ്റി കളിക്കുകയായിരുന്നു. നമ്മള്‍ക്കു മൈക്കൊന്നും ഇല്ലായിരുന്നെങ്കില്‍ കൂടി ചിമിട്ട് ചില നേരത്തൊക്കെ ഗദ്ഗദ ശബ്ദം ഉണ്ടാക്കുന്നുണ്ടായിരുന്നു. ഒട്ടും കുറക്കാന്‍ പാടില്ല എന്നുള്ളതുക്കൊണ്ട് ഞാനും ചില പുതിയ അഭിനയമേഖലയിലേക്ക്‌ കടക്കാന്‍ തുനിഞ്ഞപ്പൊ സഹായി ചേട്ടന്‍ പറഞ്ഞു - "ആ.. നിങ്ങടെ റോളായിക്ക്‌ണൂ. ഈ നില്പ്‌ ഇതു പോലെ നിന്നോളു.. കര്‍ട്ടന്‍ ടീം.. ലൈറ്റ്സ്... റെഡി.. "

നല്ല മാന്യമായ രീതിയില്‍ ചമ്മി എന്നു മനസ്സിലായെങ്കിലും അതെല്ലാം മറച്ചു വെച്ചു കൊണ്ട് ഞങ്ങള്‍ വീണ്ടും 'ഭാവ ഭാണ്ഡം' തുറന്നു.. കര്‍ട്ടനും ദൈവവും അശരീരിയുമൊന്നും നമ്മള്‍ അന്വേഷിക്കാന്‍ നിന്നില്ല. ഇപ്രാവശ്യം ചിമിട്ടിനു മുന്നെ ഞാന്‍ ഗദ്ഗദം ഇറക്കി. ദൈവ ശാപത്തിനു മുന്നില്‍ എന്താണ്ട് കട്ടെടുത്ത കുട്ടിയുടെ കുമ്പസാരഭാവവും വരുത്തി തല കുനിച്ച് നിന്ന ചിമിട്ടും ഒട്ടും മോശമല്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പൊ സ്റ്റേജില്‍ അത്രയും നേരമുണ്ടായിരുന്ന പ്രകാശം അണഞ്ഞു. അങ്ങനെ മത്സരിച്ച് അഭിനയിച്ച് തകര്‍ത്ത് നമ്മള്‍ പുറത്തേക്കിറങ്ങി.

ആദ്യം കണ്ടത് സ്റ്റേജിനു മുന്നില്‍ നിന്നും പിന്നിലേക്ക് ഞങ്ങളെ അഭിനന്ദിക്കാന്‍ എത്തുന്ന അച്ചനെയാണ്‌.
"ഓ.. ഇതിലൊക്കെ എന്തിരിക്കുന്നു" എന്ന മട്ടില്‍ നമ്മള്‍ ചിരിച്ചു.

ഇനി അടുത്ത പരിപാടി എന്താ..
നാടകം കണ്ടു എന്നു ഉറപ്പുള്ള ആള്‍ക്കാരുടെ മുന്നില്‍ പോയി നാടകത്തിന്റെ ലൈറ്റിങ്ങിനേയും രംഗ സജ്ജീകരണത്തേയും കുറിച്ച് സംസാരിക്കുക. അപ്പൊ നമ്മള്‍ ആ നാടകത്തില്‍ ഉണ്ടായിരുന്നു എന്നു അറിവുള്ളവരാണെങ്കില്‍ നമ്മളെ അഭിനന്ദിക്കും. കേള്‍ക്കാന്‍ സുഖമുള്ള കാര്യമല്ലെ. അതു പകുതി കേട്ട ശേഷം നമ്മള്‍ അടുത്ത ആളുടെ അടുത്തെത്തും. ഒരാള്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ..

പക്ഷെ ആദ്യ വ്യക്തി തന്നെ ഒന്നും ചോദിച്ചില്ല. അപ്പൊ നമ്മള്‍ അടവു മാറ്റി. നമ്മള്‍ ഉണ്ടായിരുന്ന സീന്‍ എങ്ങനെ ആയിരുന്നു . കണ്ടില്ലേ എന്നു ചോദിക്കാന്‍ തീരുമാനിച്ചു. അത് ചോദിച്ചതും "സംഭവം കൊള്ളാമായിരുന്നു" എന്നു പറഞ്ഞ്‌ ഇങ്ങോട്ട് മറു ചോദ്യം " നിങ്ങള്‍ കുപ്പായമൊന്നും ഇട്ടിരുന്നില്ലേ..?". അത് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല.. "പിന്നല്ലാണ്ട്" എന്നു മാത്രം പറഞ്ഞുക്കൊണ്ട് നമ്മള്‍ അടുത്ത ഗ്രൂപ്പിന്റെ അടുത്തെത്തി.

അവരും ഇതേ ചോദ്യം തന്നെയാണ്‌ ചോദിച്ചത്.. ഞാനും ചിമിട്ടും യഥാര്‍ത്ഥ ആദിമ മനുഷ്യനെ പോലെ തന്നെയാണോ സ്റ്റേജില്‍ നിന്നതെന്ന്‌. കുപ്പായമില്ലാതെ. ഞങ്ങള്‍ ശരിക്കും അന്ധാളിച്ചു.

പിന്നീടല്ലെ മനസ്സിലായത്.. ആ സ്റ്റേജില്‍ ഞങ്ങള്‍ വെറും നിഴലുകളായിരുന്നു. അതും ഇടത്തുള്ള ദൈവത്തിന്റെ നേരെ വശം ചെരിഞ്ഞു നിന്ന രണ്ട് നിഴലുകള്‍.. അത് കൊണ്ടായിരുന്നു സാധാരണയില്‍ കവിഞ്ഞ പ്രകാശം ആ വേദിയില്‍ ഉണ്ടായിരുന്നത്. പോരാത്തതിന് ഞങ്ങള്‍ക്കും കാണികള്‍ക്കുമിടയില്‍ ഒരു കര്‍ട്ടനും ഉണ്ടായിരുന്നു. ആക്രാന്തം മൂത്ത് കാണിച്ച ഗദ്ഗദവും മറ്റ് ഭാവങ്ങളും വെറുതെയായി എന്നു മാത്രമല്ല വസ്ത്രം ധരിക്കാത്ത ആദിമ മനുഷ്യനെ പോലെ ആയിരങ്ങളുടെ മുന്നില്‍ നിന്ന്‌ നല്ല രീതിയില്‍ തന്നെ നാറുകയും ചെയ്തു.

ആദത്തിന്റെയും ഹവ്വുടെയും നിഴലുകള്‍ക്ക് ആടയാഭരണങ്ങള്‍ വേണ്ടല്ലോ.. വെറുതെയാണോ ആ അച്ചന്‍ പാന്റ്സും ലൂസല്ലാത്ത ടോപും ഇട്ടു വരാന്‍ പറഞ്ഞത്...
പിന്നെ ഞങ്ങള്‍ ആരോടും നാടകത്തെ കുറിച്ച് അഭിപ്രായം ചോദിച്ചില്ല എന്നു മാത്രമല്ല നാടകത്തെ കുറിച്ച് ആരു സംസാരിക്കന്‍ തുടങ്ങിയാലും "അയ്യോ.. നാളെ മാത്സ്‌ എന്തോ ചെയ്യാനില്ലേ?" എന്നും പറഞ്ഞു വലിയും.

തൊലിയുടെ കട്ടി നല്ലോണം ഉണ്ട് എന്ന്‌ തോന്നിയതുകൊണ്ടായിരിക്കുമോ ഞങ്ങളെ തന്നെ അച്ചനും സിസ്റ്ററും ഇതിനു തിരഞ്ഞെടുക്കാന്‍ കാരണം? ആകാം.. ആകാതിരിക്കാം..

26 May 2009

കേളു നായരും ആല്‍മരച്ചോടും...

നമ്മടെ കേളു നായര്‍ അമ്പല മുറ്റത്തെ ആല്‍മരച്ചുവട്ടില്‍ ഇരിക്കുന്നതെന്തിന്നാന്നറിയ്വോ ?

ഈ ഒരു ചോദ്യത്തിനു ഒരു ചെറിയ കടംകഥ പോലുള്ള ഉത്തരമായിരുന്നു കേളു നായര്‍ക്ക്‌ പറയാനുണ്ടായിരുന്നത്.. അതിങ്ങനെ ആയിരുന്നു..

ഒരുത്തന്‍ പോയി ഒരുത്തിയായി
ഒരുത്തിയാല്‍ ഇരുവരായി
ഇരുവരും കരുത്തരായി
കരുത്തരില്‍ വിരുദ്ധരായി
വിരുദ്ധരില്‍ ഒരുത്തന്റെ ബന്ധുവിന്റെ ശത്രുവിന്റെ
ഇല്ലം ചുട്ടവന്റെ അച്ഛനെ കാത്തിരിക്ക്യാ...


വല്ലതും മനസ്സിലായോ? കേളു നായര്‍ എന്തിനെ കാത്തിരിക്ക്യാന്ന്‌ള്ളത് വല്ല പിടിയും കിട്ടിയോ?

ഇത് ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പൊ മുത്തശ്ശി പറഞ്ഞു തന്നതായിരുന്നു. ഇത്‌ ഇപ്പൊ ഓര്‍ക്കാന്‍ രണ്ട് കാരണങ്ങളുണ്ടായി. ഒന്നു ഈ കടംകഥക്ക്‌ ബാലി സുഗ്രീവനുമായി ബന്ധമുണ്ട്. ഈ മാസം ആദ്യം ഹംപി കാണാന്‍ പോയപ്പൊ അത് പഴയ കിഷ്കിന്ധ സാമ്രാജ്യമായിരുന്നെന്നും ഇവിടെയാണ്‌ ബാലി സുഗ്രീവ യുദ്ധം നടന്നത് എന്നും അറിഞ്ഞപ്പൊ ഈ കേളു നായരെ കുറിച്ച് ഇന്ദൂസിനോട് ഞാന്‍ പറഞ്ഞിരുന്നു. പിന്നെ മിനിഞ്ഞാന്ന്‌ കാസര്‍ഗ്ഗോഡു നിന്ന്‌ കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ട്രെയിനില്‍ വെച്ച്‌ വാങ്ങിയ പുരാണ കഥകളുള്ള ഒരു പത്ത് രൂപയുടെ പുസ്തകത്തില്‍ ബാലി - സുഗ്രീവന്‍ എന്നു കണ്ടപ്പൊ ഞാന്‍ വീണ്ടും ഓര്‍ത്തു മുത്തശ്ശിയെയും കേളു നായരെയും.. അപ്പോഴും ഈ "ഒരുത്തന്‍ പോയി ഒരുത്തിയായി..." എന്നുള്ളത് ഞാന്‍ ചൊല്ലി കേള്‍പ്പിച്ചിരുന്നു കൂടെയുള്ളവര്‍ക്ക്.

ശരി.
നമുക്കിനി കേളുനായരുടെ ഉത്തരം എന്താ ഉദ്ദേശിക്കുന്നതെന്ന്‌ നോക്കാം...

സൂര്യദേവന്റെ തേരാളിയായ  അരുണന്‍  സ്ത്രീകള്‍ക്കു മാത്രം പ്രവേശനം ഉണ്ടായിരുന്ന ഇന്ദ്രസഭയിലെ ഒരു അപ്സര നൃത്തം കാണാന്‍ സ്ത്രീ വേഷധാരിയായി ചെന്നു. ആ സുന്ദരിയില്‍ ദേവേന്ദ്രന്‍ മോഹിതനായി. അങ്ങനെ അവര്‍ക്കു ജനിച്ചതാണ്‌ ബാലി. അരുണന്‍ വരാന്‍ വൈകിയത്‌ അന്വേഷിച്ച സൂര്യനു മുന്നില്‍ അരുണന്‍ ഈ കഥ പറഞ്ഞു. ആ മോഹിനീ വേഷം തനിക്കും കാണണമെന്നു പറഞ്ഞ സൂര്യ ദേവനു മുന്നില്‍ വീണ്ടും സ്ത്രീ വേഷം ധരിച്ചു അരുണന്‍ . ആ സൌന്ദര്യ ധാമത്തില്‍ സൂര്യദേവനും മോഹിതനായി. അങ്ങനെ അവര്‍ക്കുണ്ടായതാണ്‌ സുഗ്രീവന്‍.

"അപ്പോള്‍ ഒരുത്തന്‍ പോയി ഒരുത്തിയായി.. ഒരുത്തിയാല്‍ ഇരുവരായി" എന്നതിന്റെ അര്‍ത്ഥം മനസ്സിലായില്ലെ..?

"ഇരുവരും കരുത്തരായി
കരുത്തരില്‍ വിരുദ്ധരായി "
ബാലിയും സുഗ്രീവനും ആദ്യം ഗൌതമമുനിയുടെ ആശ്രമത്തിലും പിന്നെ വാനര സാമ്രാജ്യമായ കിഷ്കിന്ധയുടെ രാജകൊട്ടാരത്തിലും കരുത്തരായി വളര്‍ന്നു. പിന്നീട് മായാവി എന്ന അസുരന്റെ മായ പ്രയോഗത്തില്‍ അവര്‍ തമ്മില്‍ തെറ്റി പിരിഞ്ഞു.. അങ്ങനെ അവര്‍ കരുത്തരില്‍ വിരുദ്ധരുമായി..

ഇനി ഈ വിരുദ്ധരില്‍ ഒരുത്തനായ സുഗ്രീവന്റെ ബന്ധു ആയി പറയുന്നത് രാമനെ ആണ്‌.- ഈ ബന്ധു എന്നു പറയുന്നത് സ്നേഹിതന്‍ എന്നൊക്കെയുള്ള നിലയിലായിരിക്കാം.. അങ്ങനെ സുഗ്രീവന്റെ ബന്ധുവായ രാമന്റെ ശത്രുവായ രാവണന്റെ ലങ്ക വാലിലെ തീ കൊണ്ട് ചുട്ടു കരിച്ചല്ലോ ഹനുമാന്‍ സീതയെ അന്വേഷിക്കുന്നതിന്നിടയില്‍.. അപ്പൊ രാവണന്റെ ലങ്ക എന്ന ഇല്ലം ചുട്ട ഹനുമാന്റെ അച്ഛന്‍ ആരാണ്‌? സാക്ഷാല്‍ വായു ഭഗവാന്‍..
അതായത് നമ്മടെ കേളു നായരു അമ്പലമുറ്റത്തെ ആല്‍ ചുവട്ടില്‍ ഇരുന്നത് കാറ്റ്‌ കൊള്ളാനായിരുന്നു എന്ന്‌...

ഇതാണ്‌ “വിരുദ്ധരില്‍ ഒരുത്തന്റെ ബന്ധുവിന്റെ ശത്രുവിന്റെ ഇല്ലം ചുട്ടവന്റെ അച്ഛനെ കാത്തിരിക്കയാ” എന്ന സംഗതി...


ഇന്ന്‌ രാവിലെ വീട്ടില്‍ക്ക്‌ വിളിച്ച് അമ്മമ്മയോട് സംസാരിച്ചിരുന്നു.. അപ്പൊ വെറുതെ പണ്ടത്തെ ഓരോന്ന്‌ ഓര്‍ത്തു. അപ്പൊ ബാലി സുഗ്രീവന്‍ കഥകളും ഇതും ഒക്കെ ആയപ്പൊ ഈ കൊച്ചു കടംകഥ ഇവിടെയൊന്നു പകര്‍ത്താമെന്ന്‌ വിചാരിച്ചുവെന്ന്‌ മാത്രം...

13 May 2009

കഥകള്‍ പറയുന്ന ഹംപിയിലേക്ക്‌...

എവിടെയോ വായിച്ചു - "സ്വപ്നങ്ങള്‍ കല്ലുകളാല്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഹംപിയില്‍ ആണ്`" എന്ന്‌. അപ്പൊ ഉറപ്പിച്ചതാ ഈ സ്ഥലം ഒന്നു കാണണമെന്നത്.... ഇതിനു മുമ്പും ഇവിടം കാണാന്‍ പോകാന്‍ തോന്നിയിട്ടുണ്ട്.. പക്ഷെ ഇത്ര മാത്രം മോഹം തോന്നിയിരുന്നില്ല..

ആദ്യം ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഹംപിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. അതിനു ശേഷം സുഹൃത്തുക്കള്‍ക്കൊക്കെ ഹംപിയെ ക്കുറിച്ചുള്ള ഒരു വിശദമായ മെയില്‍ അയച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ്‌ മെയ്‌ ദിനവും ശനിയും ഞായറും ഒരുമിച്ച് വന്നത്.. ഇനി ആളെ കണ്ടൂ പിടിക്കാനൊന്നും നേരമില്ല.. ഹംപി എന്റെ കണ്‍മുന്നിലെത്തിക്കഴിഞ്ഞിരിക്കുന്നു ... 

അങ്ങനെ ഈ യാത്രയില്‍ രണ്ടേ രണ്ടു സ്വപ്ന ജീവികള്‍ .. യാത്രാ പ്രേമികള്‍ - ഞാനും ഇന്ദുവും  ഉടനെ കെ.എസ്.ആര്‍.ടി.സി. യും ഐ.ആര്‍.സി.ടി.സി യും കേറി പരതി നോക്കി പോകാനും വരാനുമുള്ള ടിക്കറ്റ്‌ ഒപ്പിച്ചു. ടിക്കറ്റ്‌ എടുക്കുന്നത് നമ്മള്‍ക്ക് പണ്ടും പുത്തരിയല്ല.. പക്ഷെ ആ ബസ്സ്‌ പിടിക്കുന്നത് സാമാന്യം നല്ല തലവേദനയാ.. കാരണം വേറെയൊന്ന്വല്ല... കഴിഞ്ഞ തവണ ഊട്ടിക്കടുത്തുള്ള തായ്‌ഷോലക്ക്‌ ഞാനും ഇന്ദൂസും പോയത്‌ രാജഹംസ ബസ്സില്‍ ഡ്രൈവര്‍ക്കു പിന്നിലുള്ള ബെഡ്ഡില്‍ ഇരുന്നുക്കൊണ്ടാണ്‌.. ടിക്കറ്റ് എടുക്കാഞ്ഞിട്ടോ കിട്ടാഞ്ഞിട്ടോ അല്ല.. നമ്മളെത്തുന്നതിനു മുമ്പെ ബസ് സ്റ്റാന്‍ഡ് വിട്ടിരുന്നു. പിന്നെ കണ്ടക്ടറെ സോപ്പിട്ടു പതപ്പിച്ചാണ്‌ അടുത്ത ബസ്സില്‍ ഇതെങ്കിലും ഒത്തു കിട്ടിയത്... "

ഹംപി.. വിജയനഗര സാമ്രാജ്യം.." എന്നൊക്കെ പറഞ്ഞാല്‍ കുറെ പേരെങ്കിലും "ആഹ്.. എവിടെയോ കേട്ടിട്ടുണ്ടല്ലോ.." എന്നു പറയുമായിരിക്കും. പക്ഷെ തെനാലി രാമന്റെ സ്ഥലം എന്നു പറഞാല്‍ പെട്ടന്നു മുഖത്തൊരു പരിചയഭാവവും നിറയും. അതെ നമ്മുടെ സ്വന്തം തെനാലി രാമന്റെ ജന്മ സ്ഥലമാണ് ഹംപി. അവിടേയായിരുന്നു ആ 2 ദിവസങ്ങള്‍...

മറ്റു യാത്രകള്‍ക്കൊക്കെ സംഭവിച്ചിട്ടുള്ള പോലെ ഉള്ള ചീത്ത പേരു ഒരു തരി പോലും കളയാതെ 11 മണിയുടെ മജസ്റ്റിക് ഇല്‍ നിന്നു പുറപ്പെടുന്ന ബസ്സിനു 10 മണിക്ക്‌ ക്യാമറയുടെ ചാര്‍ജറും തപ്പി 400 ചതുരശ്ര അടി തികച്ചില്ലാത്ത വീട്ടിനുള്ളില്‍ 15 തവണ മുഖം ചുളിച്ച് നടന്നു അവസാനം അത് കണ്ട് പിടിച്ച് പുറത്തിറങ്ങി. ഇനി അടുത്ത തലവേദനയായ ഓട്ടോ പിടുത്തം.. പണ്ടേ ഞാനും ഓട്ടോക്കാരുടെ യാത്രാക്കൂലിയും ഒരു വണ്ടിക്കു കേറാത്തതു കാരണം പിന്നെയും സമയം ശറപറാ എന്നു പറന്നു. അങ്ങനെ ഇന്ദൂസും ഞാനും ഒരു വിധത്തില്‍ മജസ്റ്റിക്‌ പിടിച്ചു. പിന്നെ അച്ചടക്ക ബോധം ബസ്സിന്റെ തേരാളികള്‍ക്കില്ലാത്ത കാരണം 11:05 നു നമ്മള്‍ എത്തിയപ്പോഴും ബസ്സില്‍ സാരഥി കേറിയിരുന്നില്ല..

ആ യാത്ര വിശേഷമായിരുന്നു ട്ടോ.. എന്താന്നു വെച്ചാല്‍ പുലര്‍ച്ചെ സൂര്യോദയത്തിനു മുമ്പെ ഞാന്‍ കണ്ണു മിഴിച്ചു. രണ്ടു വശത്തും ചുവന്ന മണ്ണ്‌.. വീടുകളോ കടകളോ ഇല്ല. കണ്ണു തട്ടാതിരിക്കാന്‍ എന്ന പോലെ ഇടക്കെവിടെയൊ ആയി ഒന്നോ രണ്ടോ മരം.. പിന്നെ കുറച്ചൂടെ കഴിഞ്ഞപ്പോള്‍ കുറച്ച് പച്ചപ്പ്‌ കണ്ടു.. കുറച്ചു മരങ്ങളുണ്ടായിരുന്നു അവിടെ.. അതിനു തൊട്ടടുത്തു തന്നെ 5-6 വീടുകള്‍. രണ്ടു മൂന്ന്‌ മനുഷ്യര്‍ പുറത്തുണ്ട്.. അത്ര മാത്രം. ആകെ ഒരുതരം മരുപ്രദേശത്തിന്റെ പ്രകൃതം... പിന്നെയും കുറെ കഴിഞ്ഞപ്പൊ കാളവണ്ടിയില്‍ രണ്ടു പേര്‍ കുറച്ചു ചാക്കൊക്കെ വെച്ചു പോകുന്നു. പിന്നെ എപ്പോഴോ ആയി കുറച്ചു കടകള്‍ കണ്ടു. പെട്ടിക്കടകള്‍ എന്നു തന്നെ പറയാം.. അതു ഒരു ചെറിയ ടൌണ്‍ ആയിരുന്നു. അവിടെ ബസ്സില്‍ നിന്നു 2 പേരിറങ്ങി.

അപ്പോള്‍ എനിക്കോര്‍മ വന്നത്‌ കഴിഞ്ഞ ഡിസംബറില്‍ പാലക്കാട്‌ നിന്നു തൊടുപുഴ വരെയും പിന്നെ അവിടുന്നു തിരുവനന്തപുരം വരെയും ബസ്സില്‍ നടത്തിയ യാത്രയായിരുന്നു. ആ യാത്രയില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം ഇതായിരുന്നു - ഗ്രാമങ്ങളുടെ അഭാവം.. മരപ്പലകകള്‍ കൊണ്ടു പൂട്ടിയിരുന്ന പെട്ടി പീടികകളും സര്‍ബത്ത് കടയും പിന്നെ നല്ല ഓടിട്ട വീടുകളും ഒക്കെ ഇരുവശ കാഴ്‌ച്ചകളില്‍ പ്രതീക്ഷിച്ച ഞാന്‍ ബ്യൂട്ടി പാര്‍ലറുകളും പെപ്സിയും പിന്നെ ടെറസ്സ്‌ വീടുകളും ഒക്കെയാണ്‌ പലയിടത്തും കണ്ടത്. പച്ചപ്പെല്ലാം ഉണ്ടായിരുന്നു... പക്ഷെ ചെറിയ ഒരു കടക്കു മുന്നില്‍ പോലും ഐശ്വര്യാ റായിയും കട്രീന കൈഫും ഒക്കെ ചുമര്‍ചിത്രങ്ങളില്‍ ചിരിച്ചോണ്ട്‌ നില്‍ക്കുന്നുണ്ടായിരുന്നു. ഈ മാറ്റങ്ങള്‍ ചീത്തയാണെന്നോ അനാവശ്യമാണെന്നോ എനിക്ക് അഭിപ്രായമില്ല. പക്ഷെ ഇതെന്നെ ഏറെ ആശ്ചര്യപ്പെടുത്തിയെന്നു മാത്രം...

ഗ്രാമീണ കര്‍ണാടകക്ക്‌ മറ്റൊരു പരിവേഷമായിരുന്നു ആ വഴികളില്‍... പിന്നെ ഹോസ്പേട് എത്തി.. സാമാന്യം നല്ലൊരു ടൌണ്‍. അതു കഴിഞ്ഞ്‌ ഹംപിയിലെക്ക്. ബസ്സിലുള്ള സായിപ്പിനോടും മദാമ്മയോടും റോഡിലെ പിള്ളേര്‍ 'ഹവ്വാര്‍ യൂ' എന്നൊക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
ഹംപി യിലേക്കുള്ള ആ 13 കിലോമീറ്റര്‍ തന്നെ പഴയ വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ച വിളിച്ചോതുന്നതായിരുന്നു. വലിയ ബോളു പോലിരിക്കുന്ന പാറക്കഷണങ്ങള്‍ അവിടവിടെ ചിതറി കിടക്കുന്നു.. കരിങ്കല്‍ തൂണുകള്‍ താങ്ങി നിര്‍ത്തുന്ന ചെറുതും വലുതുമായ വിശ്രമ കേന്ദ്രങ്ങള്‍.. തകര്‍ന്ന ശില്പങ്ങള്‍... അതൊക്കെയായിരുന്നു കാഴ്ച്ചകള്‍..

ഹംപിയെത്തി... ആദ്യം തന്നെ ഒരുകൂട്ടം പേര്‍ നമ്മളെ വളഞ്ഞു. ഹംപി കാണിക്കാം താമസ സ്ഥലം തരാമെന്നൊക്കെ പറഞ്ഞ്‌... ഒരാഴ്ച്ച മൊത്തം രാത്രി രണ്ടും മൂന്നും വരെ ഇരുന്നു ഹംപിയിലെ ഓരോ സ്ഥലവും അതിന്റെ പ്രത്യേകതയും കാണാപാഠമാക്കിയ നമ്മള്‍ ഹംപിയെ സംബന്ധിച്ച ഒരു പുസ്തകം മാത്രം വശത്താക്കി നേരെ ഒരു ഗസ്റ്റ്‌ ഹൌസിലേക്ക് ചെന്നു മുറിയെടുത്തു.


ഹംപിയില്‍ എന്തെല്ലാമുണ്ട് കാണാന്‍? ഈ ചോദ്യം ചോദിച്ചപ്പൊ "ഹംപി എന്നത് വെറും പാറകള്‍ നിറഞ്ഞ സ്ഥലമല്ലെ?" എന്ന മറു ചോദ്യം ചോദിച്ച സുഹൃത്തിനെ സ്മരിക്കുന്നു.. ഗസ്റ്റ്‌ ഹൌസിനു തൊട്ടടുത്തുള്ള വിരുപാക്ഷ അമ്പല സമുച്ചയമാണ്‌ നമ്മള്‍ ആദ്യം കണ്ടത്‌. അതിലെ ഓരോ കല്ലും കഥകള്‍ കൊണ്ട്‌ അലങ്കരിച്ചതാണ്‌.. ഹംപിയില്‍ എവിടെയും കാണുന്ന പോലെ അവിടെയുള്ള പല ശില്പങ്ങളും മുഗളന്‍മാരുടെ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.. തുമ്പിക്കയ്യില്ലാത്ത ആനയും തലയില്ലാത്ത ഹനുമാനും ഒരുഭാഗം പൊട്ടി പോയ തൂണുകളും ചുമരുകളുമൊക്കെ കാണാം അതിന്റെ ബാക്കിപത്രമായി..

തുംഗഭദ്ര നദിയുടെ തീരത്താണ്‌ ഹംപി. ആ നദിയിലും പല സ്ഥലത്തായി വലിയ പാറക്കല്ലുകള്‍ കാണാം. അതിനു പിന്നിലുമുണ്ട്‌ ഒരു കഥ.. രാമായണത്തിലെ പഴയ കിഷ്കിന്ധാ സമ്രാജ്യമാണത്രെ ഹംപി. ഇവിടെ വെച്ചാണ്‌ സീതയെ അന്വേഷിച്ചു പോയ ശ്രീരാമനും ലക്ഷ്മണനും സുഗ്രീവനെയും ഹനുമാനെയും കണ്ടുമുട്ടിയത്.. ബാലിയെ പേടിച്ചു സുഗ്രീവന്‍ ഒളിച്ചിരുന്ന ബാലികേറാമല അഥവാ "മാതുംഗ ഹില്‍" സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ്‌.
അപ്പൊ ഈ പാറക്കല്ലുകളുടെ കഥ പറയട്ടെ... ഏട്ടനും അനിയനും ആയ സുഗ്രീവനും ബാലിയും തമ്മില്‍ ഒരു യുദ്ധം നടന്നിരുന്നു. രാമന്റെ സഹായത്തോടെ ബാലിയെ ചതിച്ചു കൊന്ന കഥയിലെ അതേ യുദ്ധം തന്നെ. അപ്പൊ അവരങ്ങോട്ടുമിങ്ങോട്ടും വലിച്ചെറിഞ്ഞ പാറക്കല്ലുകളാണ്‌ ഹംപിയില്‍ അവിടെയുമിവിടെയുമായി കാണപ്പെടുന്നത് പോലും. പണ്ട്‌ വീട്ടില്‍ ഞാനും ഏട്ടനും തല്ലു കൂടുമ്പോള്‍ റബ്ബറും പെന്‍സിലും പിന്നെ പേപ്പറുണ്ടകളും വലിച്ചെറിയുമായിരുന്നു. അത് നമ്മടെ വീട്ടിലെ നിലത്തും അവിടെയും ഇവിടെയും ആയി പതിക്കാറുണ്ടായിരുന്നു. ആ മനോഹരമായാ പേപ്പറുണ്ടകളും മറ്റു സാധനങ്ങളും കാണുമ്പോള്‍ അമ്മ രൌദ്രഭാവത്തില്‍ ഉണ്ടക്കണ്ണുരുട്ടി ചൂലുമായി വന്നിരുന്നു. എന്നാല്‍ അവിടെ ഹംപിയില്‍ ആ എറിഞ്ഞ പാറക്കഷണങ്ങള്‍ കാണാന്‍ വേനല്‍ക്കാലത്ത്‌ പോലും ആളുകള്‍ ആകാംക്ഷ കണ്ണുകളില്‍ ഒതുക്കി യാത്ര നടത്തുന്നു.. വിരോധാഭാസം !!!ഭക്ഷണത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയാല്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഉണ്ട് ഇവിടെ. ഏത് ചെറിയ ഹോട്ടലില്‍ പോയാലും 'മെക്സിക്കന്‍', 'ഇറ്റാലിയന്‍', 'ഇസ്രായേലി', 'ഗ്രീക്' വിഭവങ്ങള്‍ ലഭ്യമാണ്‌.. അതില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്‌ ഇസ്രായേലി ആണ്‌. എന്നു മാത്രമല്ല അവിടെ പലയിടത്തും വഴിയോര ബോര്‍ഡുകളില്‍ ഇംഗ്ലീഷിനു പുറമെ ഹീബ്രു ഭാഷയിലും എഴുത്ത്‌ കാണാം. ടൂറിസത്തിന്റെ വളര്‍ച്ച...

ഹംപിയുടെ ഭംഗി അതിന്റെ ഔന്നത്ത്യത്തിലെത്തുന്നത് സൂര്യാസ്തമയ സമയത്താണ്‌.. മഹത്തായ വിജയനഗര സാമ്രാജ്യത്തിന്റെ മഹത്വത്തിന്റെയും അതു പോലെ പതനത്തിന്റെയും കഥ പറയുന്ന ഓരോ കല്ലിലും അസ്തമ്യ സൂര്യന്റെ കിരണങ്ങള്‍ തട്ടുമ്പോള്‍ ഉണ്ടാകുന്ന ഉണര്‍വ്വും ഗര്‍വ്വും കാണേണ്ട കാഴ്ച്ച തന്നെയാണ്‌..ഫെറിയിലൂടെയോ മറ്റു നൌകയിലൂടെയോ തുംഗഭദ്ര മുറിച്ചു കടന്നാലാണ്‌ വിരാപ്പൂര്‍ ഗഡ്ഡെ അഥവാ ഹംപി തുരുത്ത്‌.. അവിടെ കുറെ റിസ്സോര്‍ട്ടുകളും നെല്‍പാടങ്ങളും പാറക്കല്ലുകള്‍ കൂട്ടി വെച്ചുള്ള മലകളും കാണാം. അവിടുന്നു 5 കിലോമീറ്റര്‍ അപ്പുറത്തുള്ള അഞ്ജനാദ്രിയുടെ ഏറ്റവും മുകളില്‍ നിന്നു ഹംപി മുഴുവനായും കാണാം. ഇവിടെയാണ്‌ ഹനുമാന്‍ ജനിച്ചതത്രെ. ഒരു അമ്പലവും ഉണ്ടവിടെ. പിറ്റേന്ന്‌ പുലര്‍ച്ചെയാണ്‌ നമ്മളിവിടം സന്ദര്‍ശിച്ചത്.. മടി തീരെ ഇല്ലാത്ത കാരണം നമ്മള്‍ക്ക്‌ സൂര്യോദയം കാണാന്‍ കഴിഞ്ഞില്ല.. അല്ലെങ്കിലും അസ്തമയ സൂര്യന്റെ ഭംഗി ഉദയ സൂര്യനില്ല..പിന്നെ കൃഷ്ണ ദേവരായ ചക്രവര്‍ത്തിയുടെ രാജകുലത്തിന്റെ കാലഘട്ടത്തിലുള്ള നിര്‍മിതികള്‍ കാണാനായി ഇറങ്ങി. വെയിലിന്റെ ഉപദ്രവം കാരണം സൈക്കിളും 2-വീലറുമൊന്നും വാടകക്കെടുത്തില്ല. ഓട്ടോയെ ആണ്‌ ആശ്രയിച്ചത്. ഹംപിയിലെ ഓരോ കല്ലിനും ഓരോ കഥ പറയാനുണ്ട്. അതും ഹംപിയുടെ പ്രത്യേകത തന്നെ... 5 നില കെട്ടിടത്തിലും വലിപ്പത്തില്‍ അന്യോനം ചേര്‍ന്നു നില്‍ക്കുന്ന ഏതാണ്ട് ഒരു പോലിരിക്കുന്ന രണ്ടു കല്ലുകള്‍ പണ്ട് സഹോദരിമാരായിരുന്നത്രെ.. അസൂയ മൂത്ത് ഹംപിയെക്കുറിച്ച് എന്തോ കുറ്റം പറഞ്ഞതിനു ഹംപിയിലെ ദേവത അവരെ കല്ലാക്കി മാറ്റിയതാണ്‌ പോലും..
അതിനു ശേഷം അവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍ തേടി യാത്ര തിരിച്ചു.

ബാദാവി ലിംഗം (വെള്ളത്തില്‍ നില്‍ക്കുന്ന വലിയ ശിവ ലിംഗം.. സൌഭാഗ്യം തന്റെ വഴിക്ക്‌ വരികയാണെങ്കില്‍ ഒരു ശിവ ലിംഗം പണിയാമെന്നു ശപഥമെടുത്ത ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ്‌ ഈ ശിവ ലിംഗം പണിതതെന്നും കഥയുണ്ട്... ഏതാണ്ട് 12 അടി കാണും), ശശിവേകലു ഗണേശാ - ഈ ഗണപതി ശില്‍പത്തിന്റെ വയറില്‍ ബെല്‍ട്ട് പോലെ ഒരു പാമ്പുണ്ട്... അതെന്താണെന്നു വെച്ചാല്‍.. ഗണപതി ആളൊരു ഭക്ഷണ പ്രിയന്‍ ആണല്ലോ.. ഒരു ദിവസം നമ്മടെ ഗണപതി കുറേ ഭക്ഷണം കഴിച്ചു. അങ്ങനെ വയറങ്ങ്‌ട്‌ പൊട്ടാറായി... അപ്പൊ അത് പൊട്ടിത്തെറിക്കാതിരിക്കാനായി ഒരു പാമ്പിനെ എടുത്തു വയറിനു ചുറ്റും മുറുക്കി കെട്ടിയതാത്രെ.. , ലക്ഷ്മി നരസിംഹ പ്രതിമ - ഈ നരസിംഹ പ്രതിമയുടെ മടിയില്‍ പണ്ട് ലക്ഷ്മി ദേവിയുടെ ഒരു പ്രതിമയും ഉണ്ടായിരുന്നത്രെ. അതെല്ലാം വിജയനഗരത്തിന്റെ പതനത്തോടെ നശിപ്പിക്കപ്പെട്ടിരുന്നു.. പക്ഷെ ഇപ്പോഴും ലക്ഷ്മിദേവിയുടെ കൈ നരസിംഹത്തെ കെട്ടിപിടിച്ചുകൊണ്ട് ബാക്കിയുണ്ട്.., പിന്നെ വിത്തല അമ്പല സമുച്ചയം - അത് ഏറെ നേരമെടുത്ത്‌ കാണേണ്ട ഒരു സ്ഥലമാണ്‌.. വേണമെങ്കില്‍ ഒരു ഗൈഡിനെയും കൂട്ടാം. അവിടെ ഒരു മണ്ഡപത്തിലെ തൂണുകളില്‍ കുതിരയുടെ മുകളില്‍ ഇരിക്കുന്ന പോരാളികളെ കൊത്തി വെച്ചിട്ടുണ്ട്.. ഗൈഡ്‌ പറഞ്ഞപ്പോഴാണ്‌ നമ്മള്‍ അത് ശ്രദ്ധിച്ചത്.. അതിലെ ഓരോ പോരാളിയും വ്യത്യസ്തമായിരുന്നു മുഖ ഭാവത്തിലും വസ്ത്രധാരണത്തിലും എടുപ്പിലും എല്ലാം. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും ഒരു പോരാളി വടക്കേ ഇന്ത്യന്‍ വസ്ത്ര ധാരന രീതിയിലാണെങ്കില്‍ അടുത്ത ആള്‍ ഫ്രഞ്ച്.. മട്ടേത് ചീനയില്‍ നിന്നുള്ളത്.. അടുത്തത് മുസ്ലീം പോരാളി.. അതിനപ്പുറത്ത്‌ പോര്‍ച്ചുഗീസ്‌. അങ്ങനെ അങ്ങനെ.. പിന്നെ തട്ടിയാല്‍ സംഗീതാത്മകമായ സ്വരങ്ങള്‍ പുറപ്പെടുവിക്കുന്ന തൂണുകളും ഇവിടത്തെ ഒരു മണ്ഡപത്തിലുണ്ട്.

പിന്നെ അടുത്തതായി രാജാക്കന്മാരുടെ കൊട്ടാരാവശിഷ്ടങ്ങള്‍, ചുറ്റുപാടും പടവുകളുള്ള മനോഹരമായ കുളം , പിന്നെ ആനകള്‍ക്കായി കെട്ടിയ പന്തിക്കൊട്ടില്‍, താഴെ ഹൈന്ദവരീതിയിലും മുകളില്‍ ഇസ്ലാമിക രീതിയിലും നിര്‍മിച്ച 'ലോട്ടസ്‌ മഹള്‍', കൊട്ടാരത്തിലെ അന്തപുരത്തിലുള്ളവര്‍ക്കായുള്ള നീന്തല്‍ക്കുളം, മനോഹരമായി നിര്‍മിച്ച ഒരു മുസ്ലിം പള്ളിയുടെ അവശിഷ്ടങ്ങള്‍ അങ്ങനെ അങ്ങനെ നീളുന്നു ഹംപിയിലെ കാഴ്ച്ചകള്‍...
പക്ഷെ ഇത്രേടം വന്നിട്ടും തെനാലി രാമന്റെ വീടും പിന്നെ കോദണ്ഢരാമ അമ്പലവും കാണാന്‍ കഴിഞ്ഞില്ല... ഇനി ബാദാമി യാത്രക്ക്‌ പോകുമ്പോള്‍ വിട്ടു പോയ ഈ സ്ഥലങ്ങള്‍ കാണാന്‍ ശ്രമിക്കണം.. അല്ലെങ്കില്‍ "അച്ഛനെ കൂട്ടാതെ അമ്മു പോയല്ലോ ഹംപിയിലേക്ക്‌.." എന്നു എപ്പൊ ഫോണ്‍ ചെയ്താലും പരിഭവം പറയുന്ന അച്ഛന്റെ കൂടെ പോകാം..

Destination: Hampi, Old capital of VijayaNagara Kingdom
Route: (1) Bangalore to Hospet by Direct Train
           (2) Hospet to Hampi by Local Bus
           (3) Within Hampi - Travel can be done by walking, hiring an auto-rikshaw, renting motor bike, cycle, etc
           (4) To Anjanadri - We have chosen Auto to reach Anjanadri, You can even go there by cycle. 
           (5) Return: To Hospet - Local Bus & To Bangalore by Train.
Travel Freaks involved in this Yathra : Indu, Varsha