4 Dec 2008

എന്റെ പ്രണയത്തിനിതേതു നിറം???

'പ്രണയിച്ചിട്ടുണ്ടോ അതോ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?' എന്നാരോ ഈയടുത്ത് എന്നോട് ചോദിച്ചു .. ഒരുപാട്‌ നിറഭേദങ്ങളുണ്ടത്രെ പ്രണയത്തിനു്‌...

ഉണ്ട് എന്നോ ഇല്ല എന്നോ ഞാന്‍ ഉത്തരം പറഞ്ഞില്ല...'ഒരിക്കലെങ്കിലും പ്രണയിക്കാത്ത മനുഷ്യരുണ്ടോ?'. ഇല്ല.. എങ്കില്‍ എന്റെ പ്രണയം ആരോടായിരുന്നു? എപ്പോഴായിരുന്നു?? എന്റെ പ്രണയത്തിനെന്താണ്‌ നിറം?

പ്രണയമെന്തെന്ന്‌ അറിയും മുമ്പെ "എന്നെ ഇഷ്ടമാണോ?" എന്നു ചോദിച്ച ആ 9-ആം ക്ലാസ്സുകാരനോടെനിക്ക്‌ പ്രണയമായിരുന്നൊ?
സ്കൂള്‍ ബസ്സ്‌ കേറാന്‍ പോകുമ്പോള്‍ സ്ഥിരം സൈക്കിളില്‍ വന്നു ഒരു ചിരി സമ്മാനിച്ചിരുന്ന പേരറിയാത്ത സുഹൃത്തിന്റെ മുഖവും പിന്നെ ദിവസവും ട്യൂഷന്‍ കഴിഞ്ഞാല്‍ മിഠായി വാങ്ങി തരുമായിരുന്ന ആ പഴയ സുഹൃത്തിന്റെ മുഖവും ഈയടുത്ത് ഓര്‍ത്തെടുത്തപ്പൊ ഞാന്‍ അറിയാതെ എന്റെ ചുണ്ടുകളില്‍ ഒരു ചിരി വിടര്‍ന്നിരുന്നു. അത്‌ പ്രണയമാണോ?

1-ആം ക്ലാസ്സില്‍ ദിവസവും നടന്ന കാര്യങ്ങള്‍ കുറിക്കാനായി എഴുതി തുടങ്ങിയ ഡയറി മുതല്‍ കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ എന്റേതായി സൂക്ഷിക്കുന്ന എന്റെ ചിന്തകള്‍ അടങ്ങിയ ഡയറി ത്താളുകളോട്‌ പ്രണയമായിരുന്നില്ലെ എനിക്ക്? ആ എഴുതുന്ന ശീലത്തോടും എനിക്കതുതന്നെയായിരുന്നില്ലേ വികാരം?

പ്രണയമായിരുന്നെനിക്ക്...

വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മുന്നിലൂടെ കാത്തിരിപ്പിന്റെ മുഷിച്ചില്‍ ശമിപ്പിചുക്കൊണ്ട് റെയില്‍വേ ഗേറ്റിനപ്പുറം അതിവേഗതയോടെ പാഞ്ഞു പോകുന്ന തീവണ്ടിയോട്..
വീട്ടിലേക്കുള്ള യാത്രയില്‍ അല്ലെങ്കില്‍ സിറ്റിയിലെ ചെറുദൂര യാത്രകളില്‍ വെറും നിമിഷങ്ങള്‍ മാത്രം കാണുന്ന ചില സഹയാത്രികരോട്...
അമ്പലമുറ്റത്തെ ആല്‍മരത്തോട്..
എല്‍.പി. സ്ക്കൂളിന്റെ വരാന്തകളിലൂടെ അസംബ്ലിക്ക്‌ നടന്നു പോകുമ്പോള്‍ എന്തു വികൃതി കാട്ടണമിന്നെന്ന്‌ കണ്‍കളിലൂടെ ചോദിക്കുന്ന ആ സൌഹൃദത്തോട്...

ചട്ടയുള്ള പുസ്തകത്തില്‍ ഞാന്‍ കുറിച്ചിട്ട വാക്കുകളോടായിരുന്നു എന്റെ ആദ്യത്തെ പ്രണയം.
പിന്നെ 6-ആം ക്ലാസ്സില്‍ കള്ളന്‍ കട്ടെടുത്തു പോയ സൈക്കിള്‍, ഹോസ്റ്റല്‍ മുറിയിലെ ഏകാന്തത എന്നിങ്ങനെ പല പല വഴികളിലൂടെ സഞ്ചരിച്ച്‌ എന്നെ ഈ ലോകത്തിലേക്കടുപ്പിച്ച്‌ വീണ്ടും തുടര്‍ന്നു കൊണ്ടേയിരിക്കുന്ന എത്രയെത്ര പ്രണയങ്ങള്‍..

ചിലപ്പോള്‍ ഒരുപാട് പേര്‍ കൂടുന്ന സദസ്സിനോട്.. മറ്റു ചിലപ്പോള്‍ നിഴല്‍ പോലും കൂട്ടിനില്ലാത്ത ഏകാന്തതയോട്..

പ്രണയമാണെനിക്ക്...

ഇന്നലെ ഓഫീസ്സിറങ്ങി നടക്കുമ്പോള്‍ ഉന്മാദത്തോടെ വാച്ചിലേക്ക്‌ വീണ മഴത്തുള്ളിയോട്...

പിസ്സാ ഹട്ടിന്റെ 4 ചുമരുകള്‍ക്കിടയില്‍ ചുവന്ന വസ്ത്രമണിഞ്ഞവരുടെയിടയില്‍ കൈമാറിയ ഒരു പിസാ കഷണത്തില്‍ തുടങ്ങി നീണ്ട 4 വര്‍ഷക്കാലമായി തുടരുന്ന മനോഹര സ്വപ്നത്തോട്..

വിമാനത്തിന്റെ ജനലിലൂടെ നോക്കുമ്പോള്‍ കാണുന്ന മേഘപാളികളോട്..

നിന്നെ പിരിയാന്‍ എനിക്കതിയായ വിഷമമുണ്ടെന്ന്‌ പറഞ്ഞ സുഹൃത്തിനോട്..

ഇഷ്ടമാണൊരുപാടെന്നു ഓരോ നിമിഷവുമെന്നെ ഓര്‍മിപ്പിക്കുന്ന ആ സ്നേഹത്തോട്.. ആ വാക്കുകളിലെ വിശ്വാസതയോട്...

ജീവിതത്തോട്...
പുതിയ അനുഭവങ്ങളും കാഴ്ച്ചകളും സമ്മാനിക്കുന്ന യാത്രകളോട്...
ഒരു കൂട്ടായി എന്നും എനിക്കോടോപ്പം നടക്കുന്ന എനിക്കൊപ്പം ഉറങ്ങുന്ന സ്നേഹപൂര്‍വ്വം എന്നുമെന്നെ വിളിച്ചുണര്‍ത്തുന്ന ആശ്വാസത്തിന്റെ വാക്കുകള്‍ കാതിലേക്കെത്തിക്കുന്ന എന്റെ സ്വന്തം മൊബൈല്‍ ഫോണിനോട്..
എന്റെ വീട്ടിലേക്കുള്ള ഇരുണ്ട കോണിപ്പടികളോട്..

പ്രണയമാണെനിക്ക്...
മഴയോട്.. മഞ്ഞിനോട്.. മരങ്ങളോട്.. മനുഷ്യരോട്...
പുസ്തകങ്ങളോട്.. ഓര്‍മകളോട്...

നിമിഷങ്ങളും മണിക്കൂറുകളും ചിലപ്പൊ ദിവസങ്ങളും നീണ്ടൂ നില്ക്കുന്ന എത്രയെത്ര പ്രണയങ്ങള്‍..ഞാനറിയാതെ തന്നെ എന്നില്‍ പൂവിട്ട.. ആ സ്നേഹ സാമീപ്യം നഷ്ടപ്പെടുമ്പോള്‍ മാത്രം ഞാന്‍ മനസ്സിലാക്കിയ ചില മനോഹര പ്രണയങ്ങള്‍..

ഈ പ്രണയ സങ്കല്‍പത്തോട് പോലും പ്രണയമാണെനിക്ക്‌..

എങ്കിലും എന്റെ പ്രണയത്തിനിതേത്‌ നിറം?

രക്തത്തിനും അപകടത്തിനും ഹൃദയത്തിനും 'രാഗ'ത്തിനുംപിന്നെ എന്റെയുള്ളിലെ രൌദ്രത്തിനും നിറം ചുവപ്പ്‌...

ആകാശത്തിനും ആഴക്കടലിനും എന്റെ സ്വപ്നങ്ങള്‍ക്കും നീല നിറമാണ്‌..പിന്നെ എനിക്ക് കൂട്ടായി ചിറകു വിരിച്ച്‌ പറന്നുയരുന്ന ഭാവനക്കും ഇതു തന്നെ നിറം..

സമാധാനത്തിന്റെ നിറം വെള്ളയത്രെ.. പലപ്പോഴും പ്രണയത്തിന്റെ നിലനില്പ്‌ വിട്ടുവീഴ്ച്ചയിലേക്ക്‌ മാറാറുണ്ടെങ്കിലും... അതല്ല അതിന്റെ നിറം..

മരങ്ങളും ചെടികളും പല നിറത്തിലുള്ള പൂക്കളും പിന്നെ മനുഷ്യരും ഉള്‍ പ്പെട്ട പ്രകൃതിയുടെ നിറമാണ്‌ പച്ച. ഈ പ്രകൃതി തന്നെയല്ലെ സ്നേഹം? അങ്ങനെ ഇനിയും ഏറെയുണ്ട് നിറങ്ങള്‍.

പക്ഷെ ഇതൊന്നുമല്ല എന്റെ പ്രണയത്തിന്റെ നിറം..
എന്റെ പ്രണയത്തിന്റെ നിറം കറുപ്പാണ്‌..
എല്ലാം ഉള്ളിലൊതുക്കുന്ന
അനിഷ്ടങ്ങളെ പോലും ഇഷ്ടങ്ങളാക്കി സ്വീകരിക്കുന്ന ..
എന്നാല്‍ ഒരുപാട് നിഗൂഢതകള്‍ സൂക്ഷിക്കുന്ന
ഏഴഴകുള്ള കറുപ്പ്‌...

39 comments:

Anonymous said...

വട്ടാണല്ലേ...!!!

Tomkid! said...

പക്ഷെ ഇതൊന്നുമല്ല എന്റെ പ്രണയത്തിന്റെ നിറം..
എന്റെ പ്രണയത്തിന്റെ നിറം കറുപ്പാണ്‌..

ഒരിക്കലുമല്ല. പ്രണയത്തിന്റെ നിറം “ഫ്ലൂറസന്റ് പച്ച”

ചേട്ടായി said...

പ്രണയത്തിനു നിറം ഉണ്ടെന്നു അറിയില്ലായിരുന്നു. :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പള്ളീ... ഞാനറിഞ്ഞില്ലല്ലോ ചക്കരേ നിനക്കെന്നോട് ആത്മാര്‍ത്തതയില്‍ വാളംപുളികലക്കാത്ത പ്രണയാന്ന്... ഇനി ഞാനെന്തോന്ന് ചെയ്യും നിന്റെ ആ പ്രണയം സാക്ഷാത്കരിക്കാന്... ഒരു വാക്കെന്നോട്... പോട്ടെ കൂടെയുണ്ടായിരുന്ന നിന്റെ കൂട്ടുകാരിയോട് പോലും നീപറഞ്ഞത് ഞാന്‍ കേട്ടില്ലാ... മിസ്സാക്കി... എന്തായാലും നിന്നോടെനിക്ക് മുടിഞ്ഞ പ്രേമായിരുന്നു... പക്ഷെ പറയാന്‍ തുടങ്ങുമ്പോഴേക്കും നീ എന്നെ തിന്നുക്കളഞ്ഞില്ലേ... കഷ്ടം...
എന്ന് ,
പ്രണയത്തോടെ സ്വന്തം ...
അന്നു നീ തിന്ന പിസ്സാ

Chullanz said...

ശരിയാവും ഞാനും സമ്മതിക്കുന്നു. പക്ഷെ ഒരു പാട്‌ പേരുടെ ഹ്റിദയത്തില്‍ നിന്നൊഴുകിയ ചോരകൊണ്ടാവം പ്രണയത്തിനു ചുവപ്പെന്നെല്ലാവരും പറയുന്നത്‌

ലതി said...

കൊള്ളാം.

കുമാരന്‍ said...

അതു പ്രണയമാണോ? ഇഷ്ടം മാത്രമല്ലേ!!

പിരിക്കുട്ടി said...

പ്രണയം അതെങ്ങനാന്നു പോലും എനിക്കറിയില്ല പിന്നെങ്ങനാ നിറം അറിയുക പെണ്‍കൊടി

മാറുന്ന മലയാളി said...

“പിസ്സാ ഹട്ടിന്റെ 4 ചുമരുകള്‍ക്കിടയില്‍ ചുവന്ന വസ്ത്രമണിഞ്ഞവരുടെയിടയില്‍ കൈമാറിയ ഒരു പിസാ കഷണത്തില്‍ തുടങ്ങി നീണ്ട 4 വര്‍ഷക്കാലമായി തുടരുന്ന മനോഹര സ്വപ്നത്തോട്“

ഈ ഭാഗത്ത് എന്തോക്കെയോ കുരുങ്ങി കിടക്കുന്നുണ്ടല്ലോ........വെറുതെ ഒരു ഡൌട്ട്......:)

ശ്രീ said...

പ്രണയം ആരോടൊക്കെ ആയാലും ശരി, പ്രണയത്തിന്റെ നിറവും മണവും എന്തൊക്കെ ആയാലും ശരി, ഏതു പ്രായത്തിലും പ്രണയാതുരമായ മനസ്സ് കാത്തു സൂക്ഷിയ്ക്കാന്‍ കഴിയണം. അത്രേയുള്ളൂ...
:)

Sarija N S said...

പ്രണയം - അത് ചിലപ്പോള്‍ ഒതുക്കിപ്പിടിച്ച ഒരു ചിരി പോലെ, കണ്ണുകളിലൊരു തിളക്കം വന്നു പോയ പോലെ, മനസ്സില്‍ ഒരു മഴ ചാറുന്ന പോലെ, കണ്ടിട്ടും കാണാതെ പോകുന്ന പോലെ, അറിഞ്ഞിട്ടും അറിയാത്ത പോലെ, അങ്ങനെ അങ്ങനെ...

പക്ഷെ ഇതിനൊക്കെയിടയില്‍ അതിന്‍റെ നിറമെന്തെന്നു നോക്കാന്‍ മറന്നു പോയി. അല്ല അതിനു നിറമില്ലായിരുന്നു. :)

Aadityan said...

പോസ്റ്റ് നന്നായി . പിന്നെ സംഗതി സത്യന്‍ അന്തികാട് കയറി സാഗര്‍ ഏലിയാസ് ജാക്കി സംവിധാനം ചെയ്തത് പോലെ ആയോ എന്നൊരു സംശയം .പഴയ സിമ്പിള്‍ ലൈന്‍ അല്ലെ നല്ലത് ? വെറുതെ ഒരു vayanakaranthe സംശയമാന്നെ . ഇഷ്ട പെട്ടിലെങ്ങില്‍ ക്ഷമിച്ചു കള.

ഉപാസന || Upasana said...

Color of Love is VIBJEOR
:-)
Upasana

യാമിനിമേനോന്‍ said...

നന്നായിരിക്കുന്നു

സാബിത്ത്.കെ.പി said...

നാലാം ക്ലാസ്സു മുതല്‍ ഗോപാല കൃഷ്ണന്‍ സാറിന്റെ കയ്യില്‍ നിന്നും പെണ്‍കൊടി സ്ഥിരമായി ചൂരലിന്റെ ഉറപ്പു ടെസ്റ്റ് ചെയ്തിരുന്നതും പ്രണയം കൊണ്ടാണോ ?

Anonymous said...

ha ha ha! Black, Even Americans also loves.......

തോന്ന്യാസി said...

പെണ്ണേ പ്രണയത്തിന് പ്രത്യേകിച്ച് നിറമൊന്നുമില്ല.

നമുക്ക് ഇഷ്ടപ്പെടുന്ന നിറമേതോ അതെടുത്ത് പ്രണയത്തിന് കൊടുക്കുക.

Madhavan said...
This comment has been removed by the author.
Madhavan said...

Nirangalku satyathil entha niram ??
nee kanunna chuvapano njan kanunna
chuvappu, ninte pacha avillya ente pacha

വരവൂരാൻ said...

പ്രണയം മഞ്ഞു മുടിയ താഴവരയിലേക്കു എടുത്തെറിയപ്പെട്ട ഒരു കല്ലു പോലെയാണു അറിയില്ലാ എത്ര ആഴമുണ്ടെന്ന്

I n' U said...

"എല്ലാം ഉള്ളിലൊതുക്കുന്ന
അനിഷ്ടങ്ങളെ പോലും ഇഷ്ടങ്ങളാക്കി സ്വീകരിക്കുന്ന.."

കൊള്ളാം... മനോഹരമായ ഈ പ്രണയത്തിന്നു ഒരു തുള്ളി കണ്ണുന്നീര്‍...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...
This comment has been removed by the author.
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അപ്പോന്നാ ഓര്‍ക്കുട്ടില്‍ സ്റ്റാറ്റസ്സ് മാറ്റുകയല്ലെ?

ഒരു പ്രണയത്തിന്റെ സുന്ദരമായ മധുരം ഇങ്ങടുത്തെത്തിയിരിക്കുന്നപോലെ പെണ്ണുകയറി റൊമാന്റിക്കായിത്തുടങ്ങിയല്ലേ...

അല്ലാ... ഈ കറുപ്പിഷ്ടപ്പെടുന്ന മറ്റൊരു ബ്ലോഗ്ഗറെ എവിടെയോ കണ്ടപോലെ തോന്നുന്നൂ...

ഉം...ഡീബഗ്ഗിങ്ങ്മെമ്മറീസ് എന്നും പ്രണയാതുരങ്ങളാണല്ലെ???

പെണ്‍കൊടി said...

എന്റെ ഗുരുവായൂരപ്പോ...
ഇത് ഇപ്പൊ എന്റെ പ്രണയത്തിന്റെ നിറമായിരുന്നില്ലേ...
അല്ലാ.. അങ്ങനെ തന്നെയായിരുന്നില്ലേ.... ?

നമ്മുടെ തൊമ്മച്ചാര്‍ക്കു ഫ്ലൂറസന്റ് പച്ച യാത്രെ പ്രണയത്തിന്റെ നിറം..പക്ഷെ എന്തായാലും ചേട്ടായിയെയും തോന്ന്യാസി ചേട്ടനെയും പോലെ പ്രണയത്തിനു നിറമുണ്ടോ എന്ന കാര്യത്തില്‍ ചുള്ളന്‍സിനും ഉപാസനക്കും സംശയംല്യാ...

പിന്നെ മാധവ്ജി പറഞ്ഞത്‌ ശരിയാ... എന്റെ പച്ചയല്ല നിന്റെ പച്ച... എന്റെ കറുപ്പല്ല നിന്റെ കറുപ്പ്... എന്റെ പ്രണയമല്ല നിന്റെ പ്രണയം... എന്നിട്ടും നിന്റെ ഇഷ്ടങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നെങ്കില്‍ പിന്നെ നിന്റെ പച്ചയല്ലെ എനിക്കും പച്ച..?

വീണ്ടും കുഴങ്ങി മറിഞ്ഞോ...?

കുളത്തില്‍ കല്ലിട്ട കുരുത്തം കെട്ട ചേട്ടോ.. ആ പിസ്സാ കഷ്ണോം പിടിച്ച് അമേരിക്കയില്‍ അങ്ങിരുന്നോ.. നമ്മുടെ "ശാന്തി സുന്ദരമായ കേരളത്തിലേക്ക്" എന്നാണ്‌..? ഹി ഹി ഹി ... ഒരു പോസ്റ്റെഴുതിയതിനു ഓര്‍ക്കുട്ടില്‍ സ്റ്റാറ്റസ് മാറ്റണോ...?

@ആദിത്യന്‍ - വായനക്കാരന്റെ സംശയത്തെ മാനിച്ചിരിക്കുന്നു ട്ടോ..

@മാറുന്ന മലയാളി - അതെയ്.. സ്വപ്നങ്ങള്‍ക്ക്‌ അതിരുകളില്ലല്ലോ..

പിന്നെ.. ഇവിടെ വരെ വന്നു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാര്‍ക്കും ഏറെ നന്ദി...

smitha adharsh said...

ആകെ പ്രണയമയം..എനിക്കീ പോസ്റ്റ് വായിച്ചപ്പോള്‍..പെണ്കൊടിയോടു പ്രണയം...കൂടെ ഈ പോസ്റ്നോടും.

Rahul S. Nair said...

'പ്രണയിച്ചിട്ടുണ്ടോ അതോ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?'
ഇതു ചോദിച്ച്ചവനെ വേണം തല്ലാന്‍ ...
വെറുതെ ഇരുന്നു ഇത്രെയൊക്കെ ആലോചിച്ചു കൂട്ടിയില്ലേ?
പ്രണയം ഒരു സങ്കല്പം മാത്രമാണ്.. നിനക്കറിയാത്ത വികാരങ്ങള്‍ക്ക് നീ ഇടുന്ന പേരു ...

Sankar said...

പെണ്കൊടി‌ടെ കാര്‍മേഘം പോലെ കറുത്ത ഈ പ്രണയം വൈകാതെ തന്നെ മഴയായി പെയ്ത് ഇറങട്ടെ എന്ന് ആശംസിക്കുന്നു.
നല്ല പോസ്റ്റ് ഇഷ്ടായി.....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

വേണ്ടാ വേണ്ടാ... വലിപ്പീരു വേണ്ടാ...

--xh-- said...

കൊള്ളാമല്ലൊ മാഷെ ഈ നിറത്തിന്റെ പുരാണം... പ്രണയത്തിന്റെയും...

ഗൗരിനാഥന്‍ said...

:) :) :)

Shravan said...

pranayathinte niram karuppu thanne ennu sammadikkunnu.. orupaadu adjustmentsum orupaadu understanding okke venam.. appo than paranja pole, karappu thanne niram.

vayichappol oru samshayam bakki.. aa pizzahut-il 4 varsham aayi entanu nadakkunne ennu... onnum paranjillellum ento paranjille ennoru cheriya sandeham..

-shravan-

ഒരു സ്നേഹിതന്‍ said...

പക്ഷെ ഇതൊന്നുമല്ല എന്റെ പ്രണയത്തിന്റെ നിറം..
എന്റെ പ്രണയത്തിന്റെ നിറം കറുപ്പാണ്‌..

പക്ഷെ ഇതൊന്നുമല്ല പെണ്‍കൊടി, ഉള്ളിലൊതുക്കുന്ന
അനിഷ്ടങ്ങളെ പോലും ഇഷ്ടങ്ങളാക്കി സ്വീകരിക്കുന്ന .. എന്നാല്‍ ഒരുപാട് നിഗൂഢതകള്‍ സൂക്ഷിക്കുന്ന
ഏഴഴകുള്ള പെണ്‍കൊടി...
പ്രണയിനിയാ‍യ പെണ്‍കൊടി...

പെണ്‍കൊടി said...

@Smitha Adarsh
ശ്ശോ !!!!!

@Rahul S. Nair
പ്രണയം എനിക്ക്‌ ഒരു സങ്കല്‍പം മാത്രമല്ല.. മഴയെപോലെ ജീവിതത്തില്‍ ഏകതാളത്തിന്റെ വൈരസ്യമകറ്റുന്ന ഒരു സാന്നിദ്ധ്യമാണത്‌..
പക്ഷെ ആ പറഞ്ഞത് ശരിയാ.. ഇതു ചോദിച്ചവനെ തല്ലുക തന്നെ വേണം.. ഹീ ഹീ..

@ കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!
ഇതെന്തു വലിപ്പീരു മാഷേ....

@Shravan
അത്ര മാത്രം സന്ദേഹിക്കാനുണ്ടായിരുന്നോ...? ആ...

Sankar,
--xh--,
@ഗൌരി നാഥന്‍ ,
@ഒരു സ്നേഹിതന്‍ ..
ഇവിടെ വന്ന്‌ എന്റെ ഭ്രാന്ത് ചിന്തകള്‍ക്ക്‌ അഭിപ്രായങ്ങള്‍ അറിയിച്ചതിനു നന്ദി.

നിരക്ഷരന്‍ said...

ഇന്നലെ ഓഫീസ്സിറങ്ങി നടക്കുമ്പോള്‍ ഉന്മാദത്തോടെ വാച്ചിലേക്ക്‌ വീണ മഴത്തുള്ളിയോട്...

ഒന്നൊന്നര പ്രണയം തന്നെ :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അപ്പോ ഹാപ്പി ക്രിസ്മസ്

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

Happy New Year

Anonymous said...

enthathu
ennittenthayi
oru karakkadutho kuttey thante parnayam

nakkwt said...

പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍
അവനെ അനുഗമിക്ക.
അവന്റെ വഴികള്‍ കഠിനവും ചെങ്കുത്തായതും
ആണെങ്കിലും.
അവന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍
അവന് കീഴ്വഴങ്ങുക.
അവന്റെ തൂവലുകള്‍ക്കിടയില്‍
ഒളിപ്പിച്ച ഖഡ്ഗം
നിങ്ങളെ മുറിവേല്‍പ്പിക്കുമെങ്കിലും ...

.................. ഖലില്‍ ജിബ്രാന്‍

Divya Rinosh said...

വളരെ നന്നായിട്ടുണ്ട് വര്‍ഷ....എഴുതിയതൊക്കെ വായിക്കുമ്പോള്‍ കുട്ടിയോട് നേരിട്ട് അടുപ്പം ഉള്ളതായി തോന്നും....നിഷ്ക്കളങ്കവും ഭാവനാസമ്പന്നവുമാണ് വര്‍ഷയുടെ വരികള്‍ ....