7 Oct 2008

അപ്പൂപ്പന്‍ജി

ഓര്‍മ പുസ്തകം എന്നെല്ലാം പറയുമ്പോള്‍ കുറെയേറെ തിളങ്ങുന്ന മുഖങ്ങളും അതിലും തിളക്കമേറിയ സംഭവങ്ങളും ഉണ്ടാകുമല്ലോ.. എന്റെ ജീവിതത്തെ അനുഗ്രഹിച്ചുക്കൊണ്ട് എന്റെ ഓര്‍മ പുസ്തകത്തെ ഏറെ പ്രിയപ്പെട്ടതും മനോഹരവും ആക്കിയ ഒരു മുഖമുണ്ട്. എന്റെ അപ്പൂപ്പന്‍ജിയുടേത്‌.

അപ്പൂപ്പന്‍ജി ..
ഇതെന്തു പേരാണെന്നല്ലേ... ദുബായില്‍ നിന്നു നാടെത്തിയപ്പൊ എന്റെ ഏട്ടച്ചാര്‍ക്ക്‌ എല്ലാരെയും ഒരു 'ജി' കൂട്ടി വിളിക്കുന്ന പതിവുണ്ടായിരുന്നു.. അങ്ങനെ അമ്മ 'അമ്മാജീ' ആയി.. അച്ഛന്‍ 'അച്ഛന്‍ ജി' ആയി. അപ്പൂപ്പന്‍ 'അപ്പൂപ്പന്‍ജി'യും അയി... അപ്പൂപ്പന്‍ എന്നു പറഞ്ഞാല്‍ എന്റെ അമ്മമ്മയുടെ അച്ഛന്‍ ആണ്‌.. ഞാനും ഏട്ടനും എല്ലാം 4-ആം തലമുറയിലെ അംഗങ്ങള്‍.. പക്ഷെ ഏട്ടന്‍ വലുതായി വന്നതോടെ 'അമ്മാജീ' യും 'അച്ഛന്‍ ജി' യും ലോപിച്ച് അമ്മയും അച്ഛനും തന്നെയായി.. പക്ഷെ 'അപ്പൂപ്പന്‍ജി' എന്ന വിളി മാത്രം എല്ലാം അതിജീവിച്ചു നിന്നു.. അല്ലെങ്കിലും അപ്പൂപ്പന്‍ജിയും അങ്ങനെ തന്നെയായിരുന്നു.. ഇന്നും നാട്ടിലേക്ക്‌ പോകുമ്പൊ "മാഷ്‌ടെ പേരക്കുട്ടി ആണല്ലേ" എന്ന്‌ സ്നേഹത്തോടെ ചോദിച്ച്‌ അടുത്തു വരുന്നവരില്‍ നിന്നും മനസ്സിലാക്കാം അപ്പൂപ്പന്‍ജി അവര്‍ക്കു എത്ര വേണ്ടപ്പെട്ട ഒരാളായിരുന്നു എന്ന്‌. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്ക്‌ ഒരിക്കലും മറക്കാനാകാത്ത പ്രകൃതം. നാട്ടിലെ എല്ലാവര്‍ക്കും 'മാഷ്‌'... എനിക്കും എന്റെ ഏട്ടനും അപ്പൂപ്പന്‍ജി.. മറ്റു പെപ്പേര കുട്ടികള്ക്കു (പേര കുട്ടികളുടെ മക്കള്‍ക്ക്‌ -അതായത്‌ എന്റെ വലിയമ്മമാരുടെ മക്കള്‍ക്ക്‌) 'മുത്തശ്ശന്‍'.. വീട്ടില്‍ പേരക്കുട്ടികളും ബന്ധുക്കളും ഉള്‍പ്പടെ എല്ലാവര്‍ക്കും 'വലിയച്ഛന്‍'.. അപ്പൂപ്പന്‍ജിയും മുത്തശ്ശിയും അന്യോന്യം വിളിക്കുന്നത്‌ കേള്‍ക്കാനും രസമാണ്‌. അപ്പൂപ്പന്‍ജി മുത്തശ്ശിയെ "ഏയ്.." എന്നാണ്‌ വിളിക്കാറുള്ളത്. മുത്തശ്ശി തിരിച്ച് പ്രത്യേകിച്ചൊന്നും വിളിക്കാറില്ല.. എങ്കിലും "ദാ...”, “ നോക്കു" എന്നൊക്കെയാ പതിവ്‌.

ഇന്നു അപ്പൂപ്പന്‍ജിയെ ക്കുറിച്ച്‌ എഴുതുമ്പൊ ഇതെല്ലാം വീണ്ടും ഓര്‍ക്കുമ്പൊ ഒരു സന്തോഷം തോന്നുന്നു. അപ്പൂപ്പന്‍ജിയുടെ ആ മുഖവും നടത്തവും എല്ലാം ഓര്‍മ വരുന്നു.. ഖദര്‍ വേഷം മാത്രേ ധരിക്കുള്ളു.. മുട്ടോളമെത്തുന്ന ഒരു വെള്ള ഖദര്‍ ജുബ്ബയും ഒരു കരയുള്ള മുണ്ടും ആണു വേഷം. കയ്യില്‍ ഒരു വാച്ചും കറുത്ത ഫ്രെയിം ഉള്ള ഒരു കണ്ണാടിയും പിന്നെ ജുബ്ബയുടെ പോക്കെറ്റില്‍ ഒരു സ്വര്‍ണ പേനയും വേണം. ആ പേന മിക്കവാറും എന്റെ അച്ചന്‍ കൊണ്ടു വരുന്ന ഗള്‍ഫ് പേന ആയിരിക്കും. കൂടെ ഒരു കറുത്ത കാലന്‍ കുടയും കൂടിയായാല്‍ പൂര്‍ണം.

വലിയ ശുണ്ഠിക്കാരന്‍ ആയിരുന്നത്രെ അപ്പൂപ്പന്‍ജി.. അമ്മയും അമ്മമ്മയും ഒക്കെ ഇങ്ങനെ പറയുമ്പൊ എനിക്ക്‌ അതൊന്നും വിശ്വസിക്കാന്‍ പോലും പറ്റുമായിരുന്നില്ല. നാട്ടിലെ സ്കൂളില്‍ നിന്ന്‌ ഹെഡ് മാഷായി വിരമിച്ച ശേഷം നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി മുഴുവന്‍ നേരവും ചെലവഴിക്കുന്ന അവരുടെ കേസും കാര്യങ്ങളും നോക്കാന്‍ അവരെയെല്ലാം സഹായിക്കാന്‍ 15 കിലോമീറ്ററില്‍ കൂടുതല്‍ നടന്ന്‌ പാലക്കാട് ടൌണ്‍ വരെ പോകാറുള്ള മിക്കവാറും രാത്രിയില്‍ മാത്രം വീട്ടില്‍ ഉണ്ടാകുന്ന എന്റെ അപ്പൂപ്പന്‍ജി എനിക്ക്‌ മുന്നില്‍ സൌമ്യനും ശാന്തനും ആയിരുന്നു..

വീട്ടില്‍ എല്ലാവരും വളരെ പേടിയോടെ മാത്രം കണ്ടിരുന്ന അദ്ദേഹം രാവിലെ തന്നെ ഈ പറഞ്ഞ കാര്യങ്ങള്‍ക്കായി യാത്ര തുടങ്ങും. കോലായിലേക്ക്‌ ഇറങ്ങുന്നതിനു തൊട്ടു മുമ്പെ അപ്പൂപ്പന്‍ജി "ളൂ" എന്നു ഉറക്കെ വിളിക്കുമായിരുന്നു. അത്‌ എനിക്കുള്ള വിളിയായിരുന്നു.. "മോളൂ" എന്നതിന്റെ ചുരുക്ക പേരാണ്‌ "ളൂ".. ആ വിളിയുടെ ഉദ്ദേശം എനിക്ക്‌ വളരെ നന്നായി തന്നെ അറിയാം. അതിന്‌ കാതോര്‍ത്തിരിക്കുമായിരുന്ന ഞാന്‍ അത് കേട്ടതും ഓടി വന്നു ആ കവിളില്‍ ഒരുമ്മ കൊടുത്ത ശേഷം മെല്ലെ ചെവിയില്‍ ഒരു കാര്യം പറയും.

എന്താണ്‌ അന്നത്തെ ദിവസം ഈ 'ളൂ' വിന്‌ പ്രത്യേകമായി കൊണ്ടുവരേണ്ടത് എന്നതാണ്‌ ആ പറയുന്ന രഹസ്യം. ഉറക്കെ പറഞ്ഞാല്‍ ഒരു പക്ഷെ അമ്മ എന്നെ ചീത്ത പറയും 'എത്ര തിരക്കുണ്ടാവും വലിയച്ഛന്‌.. അതിനിടയിലാ ഇവള്‍ടെ ഓരോ ശൃംഗാരം'.. പക്ഷെ അതുണ്ടോ എന്നെ ഏശുന്നു... അപ്പൂപ്പന്‍ജിയും എന്റെ ഭാഗത്താണല്ലോ.. അങ്ങനെ 'രണ്ടു തലയുള്ള പെന്‍സില്‍', പിന്നെ വളരെക്കാലം എനിക്ക്‌ പ്രിയപ്പെട്ടതായിരുന്ന 'സിഗററ്റ് മിഠായി' (ഇപ്പൊ അത് എനിക്ക്‌ കിട്ടാറേയില്ല... കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പൊ പോലും ടോപ് നോട്‌ചിലും മറ്റും ഞാന്‍ ഈ അന്യം വന്നു പോയ മിഠായി അന്വേഷിച്ചിരുന്നു..), 'പച്ചയില്‍ സ്വര്‍ണ പൊട്ടുള്ള കുപ്പിവള', 'റേഡിയോ ജീരക മിഠായി' തുടങ്ങി അന്ന്‌ വേണം എന്ന്‌ എനിക്ക്‌ തോന്നുന്ന എന്തുമാകാം ഞാന്‍ അപ്പൂപ്പന്‍ജിയോട്‌ പറയുന്ന ആ രഹസ്യത്തിലെ മുഖ്യ കഥാപാത്രം.
പിന്നെ കാലുകള്‍ പൊന്തിച്ച്‌ ഇറയത്ത്‌ തൂക്കിയിട്ടിരിക്കുന്ന കാലന്‍ കുട എത്തി പിടിച്ച് എടുത്തു ആ കൈകളിലേക്ക്‌ കൊടുക്കും. അതും എന്റെ അവകാശമാണല്ലോ...

അപ്പൂപ്പന്‍ജി യുടെ ചിട്ടയും വൃത്തിയും ഒന്നു വേറെ തന്നെയായിരുന്നു എന്നു അമ്മ പറയാറുണ്ട്. അത് എന്റെ അമ്മയുടെ ജീവിതത്തെ എത്ര കണ്ട് സ്വാധീനിച്ചിട്ടുണ്ടെന്നു ഞാന്‍ കാണുന്നതുമാണ്‌... ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിലെ റെഡ്‌ ഓക്സൈഡ്‌ നിലത്ത് ചോക്കുപയോഗിച്ച്‌ ഞാന്‍ എന്തെങ്കിലും വരച്ചാല്‍ അതിന്‌ അമ്മയോ മറ്റോ ചീത്ത പറഞ്ഞാല്‍ 'കുട്ടികളുടെ മനസ്സ്‌ വേദനിപ്പിക്കരുത്' എന്ന്‌ പറഞ്ഞ്‌ എന്റെ പക്ഷം പിടിക്കാറുണ്ട് അപ്പൂപ്പന്‍ജി..

വൈകുന്നേരം കളികളെല്ലാം കളിച്ച്‌ തീര്‍ത്ത്‌ കുളിച്ച് നാമം ചൊല്ലിയ ശേഷം ഹോം വര്‍ക്ക്‌ പരിപാടികളുമായി ഇരിക്കുമ്പൊ അല്ലെങ്കില്‍ ഏട്ടനും അമ്മയും ആയുള്ള പഠന മല്‍പിടിത്തത്തിന്‌ സാക്‌ഷ്യം വഹിക്കുമ്പോള്‍ ഞാന്‍ പാടത്തേക്ക്‌ കണ്ണും നട്ടിരിക്കും. ഒരു കയ്യില്‍ കാലന്‍ കുടയും മറു കയ്യില്‍ ടോര്‍ച്ചുമായി വീടിനു മുന്നിലുള്ള വരമ്പിലേക്കു ആരെങ്കിലും തിരിയുന്നുണ്ടോ എന്ന്‌..

അപ്പൂപ്പന്‍ജി പടി കടന്ന്‌ മുറ്റത്തേക്ക്‌ കേറുന്നതും എന്നെ വിളിച്ചു കൊണ്ടായിരിക്കും. എനിക്കുള്ള പൊതി എന്നെ ഏല്‍പിച്ച ശേഷം ഇറയത്ത് കുട തൂക്കി വീട്ടിലെ ഓരോരുത്തരെയും അന്വേഷിക്കും. അതു കഴിഞ്ഞു അപ്പൂപ്പന്‍ജിയുടെ "ഏയ്..." കൊണ്ടു വരുന്ന വെള്ളം കുടിച്ച ശേഷം അന്നു നടന്ന കാര്യങ്ങളും കണ്ടു മുട്ടിയ ആള്‍ക്കാരെക്കുറിച്ചും വിശദീകരിക്കും.. പൂമുഖത്ത്‌ ഇരിക്കുന്ന എല്ലാരും ആ കാര്യങ്ങള്‍ കേട്ടു കൊണ്ടിരിക്കണം. അങ്ങനെ നിര്‍ബന്ധമുണ്ടോ എന്നറിയില്ല.. പക്ഷെ അതാണ്‌ ശീലം. വലുതായി ഒന്നും മനസ്സിലാക്കാനില്ലെങ്കിലും മിഠായിയും നുണഞ്ഞുക്കൊണ്ട് ഞാനും അതെല്ലാം കേട്ടോണ്ടിരിക്കും. സ്കൂളിലേയും കോളേജിലേയും കാര്യങ്ങള്‍ ഞാന്‍ വീട്ടില്‍ വന്ന്‌ പറയുമ്പോ അമ്മയും അച്ഛനും പറയാറുണ്ട് "നിനക്ക്‌ വലിയച്ഛന്റെ സ്വഭാവാണല്ലോ" ന്ന്‌. പക്ഷെ ഞാന്‍ കുറച്ച്‌ കഠിനമാണ്‌. ഞാന്‍ കഥകള്‍ പറയുമ്പോ ആരും വേറെ കാര്യങ്ങള്‍ ഇടയിലൂടെ സംസാരിക്കുന്നത്‌ എനിക്കിഷ്ടമല്ല. പ്രത്യേകിച്ച്‌ അമ്മ അന്ന് ഉണ്ടാക്കാനുള്ള സാമ്പാറിലെ കഷണത്തെക്കുറിച്ച് പറയുന്നത്..

ഈ സ്നേഹപൂര്‍വ്വമായ തലോടലും കൊഞ്ചലും എനിക്ക് നഷ്ടപ്പെട്ട് 13 വര്‍ഷമായിരിക്കുന്നു. എന്റെ 5-ആം ക്ലാസ്സ് കൊല്ല പരീക്ഷയുടെ അവസാന ദിവസത്തിന്റെ തലേന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്. എന്റെ മനസ്സിലെ വലിയൊരു മുറിപ്പാടായിരുന്ന അച്ഛച്ഛന്റെ മരണം നടന്നു ഒരു വര്‍ഷം തികഞ്ഞിരുന്നില്ല അപ്പോഴേക്കും... ഒരു 5-ആം ക്ലാസ്സുകാരിയുടെ വേദന എത്രപേര്‍ മനസ്സിലാക്കുമെന്നെനിക്കറിയില്ല. പക്ഷെ ഒന്നറിയാം . ഞാന്‍ ഇന്നും അതോര്‍ത്ത് സങ്കടപ്പെടാറുണ്ട്.. എന്റെ മലയാളം പരീക്ഷയ്ക്കിടയില്‍ എപ്പോഴോ എന്തെല്ലാമൊക്കെയോ തെറ്റുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. തിരിച്ച് വീടെത്തിയപ്പോള്‍ അതിന്റെ കാരണവും അറിഞ്ഞു.

പിറ്റേന്ന് ശവദാഹം. അന്ന്‌ എനിക്ക്‌ ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവം കൂടി നടന്നു. സ്ത്രീകളാരും ചിതയ്ക്ക്‌ തീ കൊളുത്തുന്ന സ്ഥലത്തേക്ക്‌ പോകാറില്ലത്രെ. പക്ഷെ തനി ചെറുതായതു കൊണ്ടോ അതോ അപ്പൂപ്പന്‍ജിയുടെ ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടി ആയതുകൊണ്ടോ എന്തോ അന്ന്‌ എന്നെ ആരും വിലക്കിയില്ല.

ഇപ്പോഴും എനിക്ക് ഒരു നിമിഷം പോലും വിടാതെ ഓര്‍ത്തെടുക്കാന്‍ പറ്റുന്നത്‌ തീയുടെ ചൂടില്‍ നിന്നു രക്ഷപ്പെട്ട്‌ അപ്പൂപ്പന്‍ജിയുടെ ആത്മാവ്‌ ദൈവത്തിന്റെ അടുത്തേക്ക്‌ പോകുന്ന ആ കാഴ്ച്ചയാണ്‌.. അത്‌ എത്ര പേര്‍ കണ്ടെന്നോ എത്ര പേര്‍ ശ്രദ്ധിച്ചെന്നോ എനിക്കറിയില്ല.. ആ പുകയിലൂടെ പ്രത്യേക രൂപമില്ലാത്ത, നിറമില്ലാത്ത, സാന്ദ്രത കൂടിയ എന്തോ ഒന്ന്‌ മുകളിലേക്ക്‌ പൊന്തി പൊന്തി പോകുന്നുണ്ടായിരുന്നു. എന്റെ കണ്ണിനു മുന്നില്‍ നിന്ന്‌ മറയുന്ന അത്രയും നേരം വരെ ഞാന്‍ ആ രൂപത്തെ നോക്കി നിന്നിരുന്നു.
അപ്പൊ ആ രൂപമില്ലാത്ത രൂപം എന്നെ നോക്കി കൈ വീശി ചിരിച്ചിരുന്നുവോ....????

ആ... അറിയില്ല...
പക്ഷെ ഇന്നും പലപ്പോഴും സ്നേഹപൂര്‍വ്വമുള്ള ഒരു തലോടലായി ആ സാന്നിദ്ധ്യം ഞാന്‍ അറിയാറുണ്ട്..

32 comments:

മാലാഖന്‍ | Malaghan said...

നന്നായിരുന്നൂ കണ്‍നിറയ്ക്കുന്ന ഈ ഓര്‍മ്മകള്‍. എപ്പൊഴോ അറിയാതെ കണ്‍നിറഞ്ഞുപോയി വായനക്കിടയില്‍.

ഒരുപാടിഷ്ടമുള്ളതുകൊണ്ടായിരിക്കണം നിനക്കുമാത്രം അപ്പൂപന്‍ജിയെ കാണാന്‍ കഴിഞ്ഞത്, അല്ലെങ്കില്‍ അപ്പൂപ്പന്‍ജിയുടെ മോളുവിനോടുയാത്രപറഞ്ഞതായിരിക്കും...

ഇഷ്ടപ്പെടുന്നവരോടുള്ള വേര്‍പാടുകളും യാത്ര പറയലുകളും എന്നും മനസ്സിനെ വിഷമിപ്പിക്കുന്നതാണ്...

വികടശിരോമണി said...

തപ്തമായ ഓർമ്മ...ആശംസകൾ.....

Indu said...

Enthokkeyo ezhuthanam ennundu.. pakshe enthanennu ariyilla.. ninte ee lokathu ethumbol ennum mazha peyyunna pole..

വരവൂരാൻ said...

ഒരു കയ്യില്‍ കാലന്‍ കുടയും മറു കയ്യില്‍ ടോര്‍ച്ചുമായി വീടിനു മുന്നിലുള്ള വരമ്പിലേക്കു ആരെങ്കിലും തിരിയുന്നുണ്ടോ എന്ന്‌..
എന്റെ മലയാളം പരീക്ഷയ്ക്കിടയില്‍ എപ്പോഴോ എന്തെല്ലാമൊക്കെയോ തെറ്റുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. തിരിച്ച് വീടെത്തിയപ്പോള്‍ അതിന്റെ കാരണവും അറിഞ്ഞു.
നിറമില്ലാത്ത, സാന്ദ്രത കൂടിയ ഒരു രൂപം മുകളിലേക്ക്‌ പൊന്തി പൊന്തി പോകുന്നുണ്ടായിരുന്നു. എന്റെ കണ്ണിനു മുന്നില്‍ നിന്ന്‌ മറയുന്ന അത്രയും നേരം വരെ ഞാന്‍ ആ രൂപത്തെ നോക്കി നിന്നിരുന്നു.
അപ്പൊ ആ രൂപമില്ലാത്ത രൂപം എന്നെ നോക്കി കൈ വീശി ചിരിച്ചിരുന്നുവോ....????
പക്ഷെ ഇന്നും പലപ്പോഴും ഒരു സ്നേഹപൂര്‍വ്വമുള്ള തലോടലായി ആ സാന്നിദ്ധ്യം ഞാന്‍ അറിയാറുണ്ട്..
മനോഹരമായിരിക്കുന്നു, ആശംസകളോടെ

smitha adharsh said...

നന്നായിരിക്കുന്നു..വീണ്ടും,വീണ്ടും ഓര്‍ക്കാന്‍ ഇഷ്ടമുള്ള ഓര്‍മ്മകള്‍..

പെണ്‍കൊടി said...

അപ്പൂപ്പന്‍ജിയുടെ വേര്‍പാടില്‍ ദു:ഖിക്കുന്നതിലേറെ അദ്ദേഹം എന്റെ അപ്പൂപ്പന്‍ ആയിരുന്നല്ലോ എന്നോര്‍ത്ത്‌ ഒരുപാട് സന്തോഷിക്കുന്നുണ്ട് ഞാന്‍ ...
മാലാഖന്‍,
വികടശിരോമണി,
ഇന്ദു,
വരവൂരാന്‍,
സ്മിത,
അഭിപ്രായങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും ഏറെ നന്ദി...

Kunjipenne - കുഞ്ഞിപെണ്ണ് said...

കഷ്ടിച്ച് 27 വയസ്സുതുടങ്ങുന്ന ഒരാള് ചോദിക്കാന്‍ പടുള്ള ചോദ്യമാണോ ഇത്. എന്തിനീ ബ്ലോഗ്?
ഇപ്പം മനസ്സിലായിക്കാണും അല്ലെ.തന്‍റെ അപ്പൂപ്പനെകുറിച്ച് ഞാനും അറിഞ്ഞില്ലേടോ....

--xh-- said...

എനിക്കും ഉണ്ടായിരുന്നു ഇങനത്തെ ഒരു അപ്പൂപ്പന്‍ ജി - എന്റെ അച്ചാചന്‍. വെളുത്ത സില്‍ക് ജുബയും പോളിസ്റ്റര്‍ ഡബിളും, കറുത്ത കട്ടി ഫ്രയിം ഉള്ള് കണ്ണടയും കറുത്ത കാലന്‍ കുടയും... സിഗരറ്റ് മിഠായി, ഗ്യാസ് മിഠായി, കപ്പ് കേക്ക്, ക്രീം ബിസ്കറ്റ്... എന്റെ ലിസ്റ്റ് ഇതൊക്കെയായിരുന്നു....

ഞാന്‍ എം സി എ ക്കു പഠീച്ചുകൊണ്ടിരിക്കുമ്പോളാ അച്ചാച്ചന്‍ മരിച്ചത്‌ - എന്റെ സ്റ്റാറ്റി എക്സാമിന്റെ തലേ ദിവസം....

ഈ പോസ്റ്റ് വായിച്ചപ്പൊ എനിക്കു എന്റെ അച്ചാച്ചനെ മുന്നില്‍ കണ്ട പോലെ....

വളരെ നന്നയിരിക്കുന്നു പോസ്റ്റ്....

പിരിക്കുട്ടി said...

appoppanji ...
touching ...

"njaan orikkalum kandittillatha...
photoyil mathram ariyunna appooppanjiye ormippichu"

Aadityan said...

നന്നായിരുന്നു .രണ്ടു അപ്പൂപ്പന്‍ മാരും ഇല്ലാതെ (ഞാന്‍ janichallope രണ്ടുപേരും പൊയ് കഴിഞ്ഞിരുന്നു ) എന്നെ പോലെയുള്ളവര്‍ക്ക് തീര്ച്ചയായും നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്ന പോസ്റ്റ് . Really touching. ഇനിയും എഴുതണം .മടി പിടിക്കരുത് . All the best once again

ഉപാസന || Upasana said...

Boradippichchilla...

ee pOst ente manassilum chial smaraNakaL uNarththi ttO
:-)
Upasana

Rahul S. Nair said...

വളരെ നന്നായിട്ടുണ്ട് എഴുതിയത്..
ഇത്രയും കാലത്തിനു ശേഷവും ഇത്രയധികം ഓര്‍മ്മകള്‍ ഇത്രധികം സ്വച്ഛതയോടെ എഴുതണമെന്കില്‍ നിങ്ങള്‍ തമ്മില്‍ നല്ലൊരു ബന്ധം ആയിരുന്നിരിക്കണം ..

പെണ്‍കൊടി said...

@കുഞ്ഞിപ്പെണ്ണ്‌
എന്തിനു തുടങ്ങണം ഈ ബ്ലോഗ് എന്നൊരു ചെറിയ സംശയം ഉണ്ടായിരുന്നു .. പക്ഷെ 27 വയസ്സാവന്‍ ഇനിയും 5 വര്‍ഷം വേണം എന്നുള്ളതോണ്ടാകാം ആ സംശയം മാറ്റാന്‍ ഞാന്‍ ഒരു ന്യായം ഉണ്ടാക്കിയത്...
@--xh--
ഈ സിഗററ്റ് മിഠായി എല്ലാര്‍ക്കും ഇഷ്ടമായിരുന്നു അല്ലേ..
@ആദിത്യന്‍
മടി പിടിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. കുറെ ജോലി തിരക്കാണ്‌ട്ടോ..
@പിരിക്കുട്ടി
@ഉപാസന
അഭിപ്രായങ്ങള്‍ക്ക്‌ വളരെ നന്ദി
@രാഹുല്‍
ഇങ്ങനെയുള്ള ഓര്‍മകളല്ലേ നമുക്കൊക്കെ ദൈവം തന്ന അനുഗ്രഹങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്നത്..

bin said...

valluvanadinte abimanamayi maaratte....nannayruunnu , vayichal kannu nirayum....bagyamulla viralukal....iniyum pratheeshikunnu...

jayadev said...

nanyitund....
Very touching...
keep posting...

asha said...

really touching post..
oru kunju midukki penkuttiyeyum appoppanjiyeyum okke ippo ente manassil und..

ശ്രീ said...

പോസ്റ്റ് ഇഷ്ടമായി. പലതും ഓര്‍മ്മിപ്പിച്ചു അപ്പൂപ്പന്‍‌ജിയുടെ ഈ ഓര്‍മ്മക്കുറിപ്പ്.

കുമാരന്‍ said...

ഓര്‍മ്മകള്‍ എത്ര സുവ്യക്തം..
നല്ല ശൈലി.
ആശംസകള്‍

പെണ്‍കൊടി said...

bin,
jayadev,
asha,
ശ്രീ,
കുമാരന്‍,
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി..

സ്നേഹപൂര്‍വ്വം
-പെണ്‍കൊടി

ഗോപക്‌ യു ആര്‍ said...

ഇന്നും പലപ്പോഴും ഒരു സ്നേഹപൂര്‍വ്വമുള്ള തലോടലായി ആ സാന്നിദ്ധ്യം ഞാന്‍ അറിയാറുണ്ട്..

first time to ur blog
good one...

liked the story of appuuppan...

കാസിം തങ്ങള്‍ said...

ഉള്ളൊന്നു പിടച്ചു വായിച്ച് തീര്‍ന്നപ്പോള്‍. അപ്പൂപ്പന്റെ അദൃശ്യ സാന്നിധ്യം ഒരു നിറവായി എന്നും കൂടെയുണ്ടാവട്ടെ, ആശംസകള്‍.

എതിരന്‍ കതിരവന്‍ said...

പെങ്കൊടി:
എന്റെ സിനിമാക്ക്വിസ് പൊസ്റ്റിലെ കമന്റ് കണ്ടു. വനം വകുപ്പും വിദ്യാഭ്യ്യാസോം വകുപ്പുകളും എടുക്കാന്‍ പോകുന്നു. കാശിനു ആവശ്യമുണ്ട്.നന്നായി കൈക്കൂലി കിട്ടുന്ന വകുപ്പുകളാണ്.(സ്വാശ്രയം വല്ലതും അനുവദിച്ചു തരണോ? ചന്ദനം വല്ലോം കടത്തണോ? ചോയിച്ചാ മതി)

അപ്പൂപ്പന്‍ ജി ഇപ്പോഴും വന്നു കാണാറുണ്ടോ?

BS Madai said...

this is first time in your blog. its a good one, a touchy one. nanutha ormakal unarthiyathinu nandi. aasamsakal.

Sapna Anu B.George said...

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍...ഓലോലം തകരുമീ തീരങ്ങളെ,,,,, കണ്ടതിലും വായിച്ചതിലും സന്തോഷം പെണ്‍കൊടി

ചെറിയനാടന്‍ said...

എവിടെങ്കിലും പോയിട്ടുവരുമ്പോൾ മുട്ടിനു താഴെ ഇറക്കമുള്ള ജുബ്ബയുടെ നീളമുള്ള കീശയിൽ എനിക്കായി എന്നും ഒരു നെയ്യപ്പം കരുതുന്ന ഒരപ്പൂപ്പൂപ്പന്റെ ഒർമ്മ എന്നിലും നിറഞ്ഞു നിൽക്കുന്നു.

എഴുതുകുഞ്ഞേ എഴുത്.....

ആശംസകൾ

തോന്ന്യാസി said...

മനോഹരമ്മായിരിയ്ക്കുന്നു പെണ്‍കൊടീ......

പിന്നെ സിഗററ്റ് മിട്ടായി ടോപ്നോച്ചിലും,ബിഗ്ബസാറിലുമൊന്നും കിട്ടൂല്ല, നാട്ടിന്‍‌‌പുറത്തെ പെട്ടിക്കടകളില്‍ പോയി അന്വേഷിക്കൂ.....കിട്ടാതിരിയ്ക്കില്ല

കുമാരന്‍ said...

ദേ നമ്മുടെ ശ്രീക്കുട്ടനു കൊടുക്കേണ്ട കമന്റ് വഴി തെറ്റി എനിക്കാണു കിട്ടിയത്..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നിയമപരമായ മുന്നറിയിപ്പ്:
സിഗററ്റ് മിഠായി ആരൊഗ്യത്തിന്‍ വല്ല്യ ഹാനികരമൊന്നുമല്ല.
ന്നാലും പൊതുസ്ഥലത്തു വെച്ച് തിന്നാന്‍ പാടില്ല.
എനിക്കും കുളത്തില്‍ കല്ലിടുന്ന ബാക്കി ടീംസിനും കൊതി വരും.
നിനക്കു വയറു വേദനയും!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല പോസ്റ്റുകള്‍. ആശംസകള്‍.

പ്രയാസി said...

അപ്പൂപ്പന്‍‌ജി ടെച്ചിംഗ്‌ജി..

ചാളിപ്പാടൻ| chalippadan said...

ഒരു ആറു വയസ്സുകാരനു ചെണ്ട വാങാനായി ബോംബെയിൽ നിന്നും നാട്ടിലേക്കു പൊയ അച്ഛാച്ഛനെ പിന്നീടെപ്പൊഴോ ഓർമ്മ വെച്ചപ്പോൾ നടുമുറിയിൽ മാലയൊക്കെ ഇട്ടിട്ടുള്ള ഫോട്ടോയിൽ കണ്ട പരിചയം മാത്രം. നന്ദി. ഓർമ്മകൾ അയവിറക്കാൻ അവസരം തന്നതിനു.

Kripssmart said...
This comment has been removed by the author.