28 Oct 2008

എന്റെ നീതി ന്യായ ബോധം


നിലത്ത് ഒരു പായയും വിരിച്ച് കുറേ സ്ഥാവര ജംഗമ വസ്തുക്കളുടെ ഇടയില്‍ മലര്‍ന്നു കിടന്ന്‌ എങ്ങനെ സമയം കളയാം എന്ന് ചിന്തിച്ച് സമയം പോയതറിഞ്ഞില്ല. ഇതായിരുന്നു എന്റെ ഈ വീക്കെന്‍ഡ്.

കുറച്ച്‌ ദിവസം മുന്നെ രക്തം ദാനം ചെയ്യാന്‍ പോയപ്പൊ ഹീമോഗ്ലോബിന്‍ (haemoglobin) കുറവാണെന്ന്‌ പറഞ്ഞ് എന്നെ തിരിച്ചയച്ചിരുന്നു. അതെങ്ങനെ കുറയാതിരിക്കും? രക്തത്തില്‍ മുക്കാല്‍ ഭാഗവും അലസത എന്ന സുഹൃത്ത് കൈവശപ്പെടുത്തിയിരിക്കുകയാണല്ലോ. കഴിഞ്ഞ കുറച്ച്‌ ആഴ്ച്ചകളില്‍ കാര്യമായി എന്തെങ്കിലും ചെയ്തു എന്നു പറയാനുള്ളത് രണ്ട്-മൂന്ന്‌ ആഴ്ച്ചകളായ് സമാധാനം നഷ്ടപ്പെടുത്തിയിരുന്ന ബ്രോക്കറേജ് പ്രശ്നം ഒതുക്കി തീര്‍ത്തു എന്നതാണ്‌. അതും അവര്‍ ഇങ്ങോട്ട്‌ വന്നപ്പോ.. പുതീയ വാടക വീട്‌ എടുത്തപ്പൊ തൊട്ട്‌ തുടങ്ങിയ പൊല്ലാപ്പാ..

പണ്ട് തറവാട്‌ വീട്ടില്‍ വൈകുന്നേരങ്ങളില്‍ ഇങ്ങനെ അലസമായി കിടക്കുമ്പോള്‍ മുത്തശ്ശി പറയുമായിരുന്നു -'ചേട്ട തലോടീട്ടാണ്‌ ഇങ്ങനെ മടി പിടിച്ചിരിക്കുന്നത് ' എന്ന്‌. ഈ 'ചേട്ട' എന്ന്‌ പറഞ്ഞാല്‍ സാക്ഷാല്‍ മൂദേവി. അത് കേള്‍ക്കാന്‍ കാത്ത്‌ നിന്ന പോലെ ഇവിടെ തറുതല റെഡി ആക്കി വെച്ചിട്ടുണ്ടാകും. അതും കേട്ട് മുത്തശ്ശി ദേഷ്യപ്പെട്ട്‌ പോയതും ആരും കാണാതെ മെല്ലെ എഴുന്നേറ്റ് ഉടുപ്പൊക്കെ കുടഞ്ഞ് 4 ചാട്ടം ചാടും. ചേട്ടയെ പുറത്താക്കാനാണേ..! ആരുടെയെങ്കിലും മുമ്പില്‍ വെച്ച്‌ ചെയ്താല്‍ പോയില്ലേ ഗമ...

ഈ പറേണ ചേട്ടയെ ഒന്നു മാറ്റി നിര്‍ത്തിയാല്‍ പിന്നെ ഞാന്‍ ഒരു 'ജഗജാല കില്ലാഡി'യാണ്‌ ട്ടോ.. ആവശ്യവും അനാവശ്യവും ആയ നീതി ന്യായ ബോധവും സമൂഹ തിന്മകള്‍ക്കെതിരെ തിളയ്ക്കുന്ന ചോരയും പൊരുതുന്ന മനസ്സും ലേശം സ്ത്രീ പക്ഷവും ദേശഭക്തിയില്‍ രോമാഞ്ചം കൊള്ളുന്ന ഹൃദയവും അങ്ങനെ അങ്ങനെ ഒരു ഭാണ്ഡം കൂട്ടിനുണ്ട് എനിക്ക്‌.

ഒരു 7-ആം ക്ലാസ്‌ തൊട്ട് 12 വരെ ആയിരുന്നു എന്റെ പ്രതികരണ ശേഷി അതിന്റെ മൂര്‍ദ്ധന്യത്തില്‍.. എന്റെ ഈ കില്ലാഡി സ്വഭാവം വെച്ച് ഞാന്‍ അന്ന്‌ ഏറ്റവും കൂടുതല്‍ നടത്തിയിട്ടുള്ളത് 'മീറ്റര്‍ കാശ്‌' വാദമാണെന്നു തോന്നുന്നു.. ഓട്ടോക്കാരുമായി.. പിന്നെ എം.ആര്‍.പി യില്‍ കൂടുതല്‍ കാശ്‌ വാങ്ങിക്കുന്നവര്‍, പൊതു സ്ഥലത്ത്‌ സിഗററ്റ് വലിക്കുന്നവര്‍, കൈക്കൂലി വാങ്ങുന്നവര്‍, റോഡില്‍ കടലാസുകളും മിഠായി കവറുകളും വലിച്ചെറിയുന്നവര്‍, അഴിമതി നടത്തുന്നവര്‍ തുടങ്ങിയുള്ളവരെയെല്ലാം ഞാന്‍ എന്റെ എതിര്‍പക്ഷത്താണ്‌ കണ്ടിരുന്നത്.

റോഡില്‍ മിഠായി കടലാസ്‌ വലിച്ചെറിയുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ തല്ലിടാന്‍ പോയിട്ടുള്ളത് വേറെ ആരോടുമല്ല.. എന്റെ സ്വന്തം ഏട്ടച്ചാരോടാണ്‌.. ഇതേ ഏട്ടന്‍ ദുബായിലെത്തിയാല്‍ ‘വെയ്‌സ്റ്റ്‌ ബാസ്കറ്റ്‌' അന്വേഷിച്ച്‌ നടക്കും.. ഇവിടെ എന്തേ നാട്ടിലെ പോലെ അങ്ങനെ ചെയ്യാത്തേ എന്നു ചോദിച്ചാല്‍ ഏട്ടന്‍ പറയും 'നീ ഒറ്റൊരുത്തി വിചാരിച്ചാലൊന്നും ഇന്ത്യ നന്നാവില്ല. അത് പോലാണോ ദുബായ്‌.. ഇവിടെയൊക്കെ എല്ലാരും അങ്ങനെയാ'.
വെറുതെയാണോ നമ്മടെ നാട് നന്നാവാത്തെ...!

അങ്ങനെയുള്ള ഒരു സമയത്താണ്‌ ഈ സംഭവവും നടക്കുന്നത്...

ഞാന്‍ ഒമ്പതില്‍ പഠിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കൈരളി പരീക്ഷാദിനം. സ്ക്കൂളിലേക്കുള്ള ദിവസ യാത്ര സ്ക്കൂള്‍ ബസ്സില്‍ ആയിരുന്നു. പക്ഷെ ഈ പരീക്ഷ ശനിയാഴ്ച്ചയാണല്ലോ നടക്കുക. അപ്പൊ നമ്മള്‍ അന്ന്‌ രാവിലെ ഓട്ടോയിലാണ്‌ സ്ക്കൂളിലേക്ക്‌ തിരിച്ചതെങ്കിലും തിരിച്ച്‌ ലൈന്‍ ബസ്സില്‍ വരാനാണ്‌ തീരുമാനിച്ചത്‌. ഞങ്ങള്‍ 4 പേര്‍. പരീക്ഷ കഴിഞ്ഞ്‌ സ്കൂളിന്നടുത്തുള്ള സ്റ്റോപ് വരെ നടന്ന്‌ ആദ്യ ബസ്സ് കേറി. പിന്നെ സ്റ്റേഡിയം ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന്‌ അടുത്ത ബസ്സും പിടിച്ചു.

ബസ്സ്‌ കയറിയപ്പൊ തന്നെ ഡ്രൈവര്‍ ചേട്ടന്റെ സൈഡിലുള്ള ഒഴിഞ്ഞു കിടന്ന സീറ്റില്‍ ഞാന്‍ ചാടിക്കേറി ഇരുന്നു. വലിയ തിരക്കില്ല. ബസ് സ്റ്റാന്‍ഡിലും കൂടുതല്‍ ആളുകളില്ലായിരുന്നു.സ്ക്കൂള്‍ യൂണിഫോം ആയതു കൊണ്ട് നമുക്ക്‌ student concession ഉണ്ടായിരുന്നു. 50 പൈസക്ക്‌ യാത്ര ചെയ്യാം. എന്നാല്‍ എന്റെ കൂടെയുണ്ടായിരുന്ന ഒരു കുട്ടിയ്ക്ക്‌ - ശാഹിദ എന്നു വിളിക്കാം - ആ സീറ്റില്‍ ഇരിക്കാന്‍ ഒരു മടി. 50 പൈസയ്ക്ക്‌ യാത്ര ചെയ്യുന്നു എന്ന inferiority complex!!!

എത്ര ഇരിക്കാന്‍ പറഞ്ഞിട്ടും അവള്‍ ഇരിക്കുന്നില്ല. എന്നാലാവുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു നോക്കി. കാര്യമില്ലെന്നറിയാമായിരുന്നു. കാരണം ഇതിനു മുമ്പ് കയറിയ ബസ്സില്‍ നമ്മുടെ അത്ര തന്നെ പ്രായമുള്ള ഒരു കുട്ടി കയറിയപ്പൊ ശാഹിദ എഴുന്നേറ്റു കൊടുത്തിരുന്നു. അതിനു കാരണം കുറച്ചു മുമ്പെ പറഞ്ഞതു തന്നെ. നമ്മള്‍ 50 പൈസ കൊടുത്തല്ലേ യാത്ര ചെയ്യുന്നത്. അവരാണെങ്കിലോ മുഴുവന്‍ കാശും കൊടുക്കുന്നുമുണ്ട്.

ഇതിലും വ്യത്യസ്തമായൊരു കാഴ്ച്ചപ്പാടുമായി നടന്ന എനിക്ക്‌ ഇത് മനസ്സിലായതേയില്ല. 'പ്രായമായവരോ അല്ലെങ്കില്‍ ചെറിയ കുട്ടികളുള്ള അമ്മമാരോ നില്‍ക്കുന്നതായി കണ്ടാല്‍ മാത്രം അവരുടെ അത്ര തന്നെ പ്രശ്നങ്ങളില്ലാത്ത നമുക്ക്‌ എഴുന്നേറ്റ്‌ കൊടുക്കാം' എന്നൊക്കെ ഞാന്‍ അവളോട്‌ പറഞ്ഞു നോക്കി. ആര്‌ കേള്‍ക്കാന്‍! അപ്പൊഴേക്കും ബസ്സില്‍ ഉണ്ടായിരുന്ന ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. എന്റെ ഡയലോഗുകളും അവളുടെ പേടിച്ചരണ്ട മുഖവും.

ഇവിടെ സീറ്റുണ്ടായിട്ട്‌ പോലും അവള്‍ ഇരിക്കാന്‍ കൂട്ടാക്കുന്നതേയില്ല.അവളെയും പറഞ്ഞിട്ട് കാര്യമില്ല. യൂണിഫോമിട്ട്‌ നമ്മള്‍ ബസ്സില്‍ കേറുമ്പോള്‍ തന്നെ ഒരു അവജ്ഞാ നോട്ടം വിട്ടിരുന്നു ആ കണ്ടക്ടര്‍ ചേട്ടന്‍. പിന്നെ 50 പൈസ എടുത്ത്‌ നീട്ടുമ്പൊ പുച്ഛവും. വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍ക്കാര്‍ വിധിച്ചിരിക്കുന്ന ഈ ആനുകൂല്യത്തെ ഇവരില്‍ ചിലരെല്ലാം എന്തോ ദാനം ചെയ്യുന്ന പോലെയായിരുന്നു കണ്ടിരുന്നത്.

ഞാന്‍ പറഞ്ഞുവല്ലോ..നീതി, ന്യായം, അവകാശം, കടമ തുടങ്ങി എല്ലാ കാര്യത്തിലും (വിഡിഢിത്തരമാണെങ്കില്‍ കൂടി) എനിക്ക്‌ എന്റേതായ ഒരു അഭിപ്രായമുണ്ടായിരുന്നു.അങ്ങനെയുള്ള എനിക്ക്‌ സീറ്റുണ്ടായിട്ടു കൂടി ഇരിക്കാന്‍ കൂട്ടാക്കാതെ കമ്പിയില്‍ തൂങ്ങി നിന്ന്‌ കഷ്ടപ്പെടുന്ന ശാഹിദയെ കണ്ട്‌ സഹിച്ചില്ല.
കഴിഞ്ഞ കുറെ ഡയലോഗുകള്‍ കൊണ്ട് ബസ്സിലുള്ള ആളുകളുടെ മുന്നില്‍ ഒരു ഹീറോയിന്‍ ഇമേജ്‌ സൃഷ്ടിച്ചിട്ടുണ്ടെന്ന്‌ സ്വയം വിശ്വസിച്ച ഞാന്‍ ഇടക്കണ്ണിട്ട്‌ എല്ലാരെയും ഒന്നു നോക്കി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു - 'മടിക്കേണ്ട.. നീ ഇരിക്ക്‌.. ഈ സീറ്റ്‌ നമ്മുടെ അവകാശമാണ്‌'.. വീണ്ടും എല്ലാരെയും ഒന്നു ചെറുതായി നോക്കിയ ശേഷം ശബ്ദം ഒന്നു കൂടി ശരിയാക്കി അടുത്ത ഡയലോഗിനു വാ തുറക്കുന്നതിനു മുമ്പെ ഡ്രൈവര്‍ ചേട്ടന്‍ അത്ര തന്നെ ശബ്ദത്തില്‍ യാതൊരു കൂസലുമില്ലാതെ പറഞ്ഞു - 'എങ്കില്‍ മോളേ.. സ്റ്റോപ് എത്തുമ്പൊ ആ സീറ്റു കൂടി എടുത്ത്‌ വീട്ടിലേക്ക്‌ നടന്നോ...'

ഉയര്‍ത്തി പിടിച്ചിരിക്കുന്ന മുഖം കൊണ്ട് ഞാന്‍ ചുറ്റും നോക്കിയോ???
ആകെ ഇരുട്ട്‌...
അല്ലെങ്കിലും ന്യായത്തിനും നീതിക്കുമൊക്കെ നമ്മുടെ നാട്ടിലുണ്ടോ വില...

എന്നു കരുതി ഞാന്‍ ഇതില്‍ നിന്നൊന്നും പിന്‍വാങ്ങിയിട്ടില്ലാട്ടോ.. കഴിഞ്ഞ തവണ നാട്ടില്‍ നിന്ന്‌ തിരിച്ച്‌ രാവിലെ 7 മണിക്ക് ബാംഗ്ലൂര്‌ സില്‍ക്ക്‌ ബോര്‍ഡിന്റെ അവിടെ ബസ്സിറങ്ങി ഓട്ടോക്കാര്‍ക്ക്‌ വെറും 35 രൂപയുടെ ദൂരത്തിനു അവര്‌ പറഞ്ഞ 150 രൂപ കൊടുക്കാന്‍ തയ്യാറാകാതെ ബസ് സ്റ്റോപ്‌ വരെ നടന്നു 1 മണിക്കൂര്‍ തികച്ച്‌ അവിടെ നിന്ന് ബസ്സ് കേറി വീടെത്തി. എന്നു മാത്രമോ? ഓഫീസ്സില്‍ വന്ന് ആ ഭാഗത്തെ ഓട്ടോക്കാര്‍ക്കെതിരെ ബാംഗ്ലൂര്‍ പോലീസിന്റെ വെബ്‌ സൈറ്റില്‍ പരാതിയും നല്‍കി. പക്ഷെ ആ പരാതി ആരും ഇതുവരെ പരിഗണിച്ചതായി കണ്ടില്ലാ..

ഇതിനേക്കാളും നല്ലത് നമ്മുടെ ‘ചേട്ട’യുടെ തലോടലില്‍ സുഖിച്ച് കിടക്കുന്നതു തന്നെയാണോ???..

(വാല്‍ക്കഷ്ണം : തൊലിക്ക് ഒരല്പം കട്ടിയുള്ളതോണ്ട് ഇറങ്ങാന്‍ നേരത്ത് "ചേട്ടാ.. ഈ സീറ്റ് ഇപ്പൊ തന്നെ എടുത്ത് കൊണ്ടുപോണോ അതോ രാത്രി വരെ കാക്കണോ" എന്നു ചോദിച്ചാണ്‌ ഞാന്‍ ഇറങ്ങിയത്. )

7 Oct 2008

അപ്പൂപ്പന്‍ജി

ഓര്‍മ പുസ്തകം എന്നെല്ലാം പറയുമ്പോള്‍ കുറെയേറെ തിളങ്ങുന്ന മുഖങ്ങളും അതിലും തിളക്കമേറിയ സംഭവങ്ങളും ഉണ്ടാകുമല്ലോ.. എന്റെ ജീവിതത്തെ അനുഗ്രഹിച്ചുക്കൊണ്ട് എന്റെ ഓര്‍മ പുസ്തകത്തെ ഏറെ പ്രിയപ്പെട്ടതും മനോഹരവും ആക്കിയ ഒരു മുഖമുണ്ട്. എന്റെ അപ്പൂപ്പന്‍ജിയുടേത്‌.

അപ്പൂപ്പന്‍ജി ..
ഇതെന്തു പേരാണെന്നല്ലേ... ദുബായില്‍ നിന്നു നാടെത്തിയപ്പൊ എന്റെ ഏട്ടച്ചാര്‍ക്ക്‌ എല്ലാരെയും ഒരു 'ജി' കൂട്ടി വിളിക്കുന്ന പതിവുണ്ടായിരുന്നു.. അങ്ങനെ അമ്മ 'അമ്മാജീ' ആയി.. അച്ഛന്‍ 'അച്ഛന്‍ ജി' ആയി. അപ്പൂപ്പന്‍ 'അപ്പൂപ്പന്‍ജി'യും അയി... അപ്പൂപ്പന്‍ എന്നു പറഞ്ഞാല്‍ എന്റെ അമ്മമ്മയുടെ അച്ഛന്‍ ആണ്‌.. ഞാനും ഏട്ടനും എല്ലാം 4-ആം തലമുറയിലെ അംഗങ്ങള്‍.. പക്ഷെ ഏട്ടന്‍ വലുതായി വന്നതോടെ 'അമ്മാജീ' യും 'അച്ഛന്‍ ജി' യും ലോപിച്ച് അമ്മയും അച്ഛനും തന്നെയായി.. പക്ഷെ 'അപ്പൂപ്പന്‍ജി' എന്ന വിളി മാത്രം എല്ലാം അതിജീവിച്ചു നിന്നു.. അല്ലെങ്കിലും അപ്പൂപ്പന്‍ജിയും അങ്ങനെ തന്നെയായിരുന്നു.. ഇന്നും നാട്ടിലേക്ക്‌ പോകുമ്പൊ "മാഷ്‌ടെ പേരക്കുട്ടി ആണല്ലേ" എന്ന്‌ സ്നേഹത്തോടെ ചോദിച്ച്‌ അടുത്തു വരുന്നവരില്‍ നിന്നും മനസ്സിലാക്കാം അപ്പൂപ്പന്‍ജി അവര്‍ക്കു എത്ര വേണ്ടപ്പെട്ട ഒരാളായിരുന്നു എന്ന്‌. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്ക്‌ ഒരിക്കലും മറക്കാനാകാത്ത പ്രകൃതം. നാട്ടിലെ എല്ലാവര്‍ക്കും 'മാഷ്‌'... എനിക്കും എന്റെ ഏട്ടനും അപ്പൂപ്പന്‍ജി.. മറ്റു പെപ്പേര കുട്ടികള്ക്കു (പേര കുട്ടികളുടെ മക്കള്‍ക്ക്‌ -അതായത്‌ എന്റെ വലിയമ്മമാരുടെ മക്കള്‍ക്ക്‌) 'മുത്തശ്ശന്‍'.. വീട്ടില്‍ പേരക്കുട്ടികളും ബന്ധുക്കളും ഉള്‍പ്പടെ എല്ലാവര്‍ക്കും 'വലിയച്ഛന്‍'.. അപ്പൂപ്പന്‍ജിയും മുത്തശ്ശിയും അന്യോന്യം വിളിക്കുന്നത്‌ കേള്‍ക്കാനും രസമാണ്‌. അപ്പൂപ്പന്‍ജി മുത്തശ്ശിയെ "ഏയ്.." എന്നാണ്‌ വിളിക്കാറുള്ളത്. മുത്തശ്ശി തിരിച്ച് പ്രത്യേകിച്ചൊന്നും വിളിക്കാറില്ല.. എങ്കിലും "ദാ...”, “ നോക്കു" എന്നൊക്കെയാ പതിവ്‌.

ഇന്നു അപ്പൂപ്പന്‍ജിയെ ക്കുറിച്ച്‌ എഴുതുമ്പൊ ഇതെല്ലാം വീണ്ടും ഓര്‍ക്കുമ്പൊ ഒരു സന്തോഷം തോന്നുന്നു. അപ്പൂപ്പന്‍ജിയുടെ ആ മുഖവും നടത്തവും എല്ലാം ഓര്‍മ വരുന്നു.. ഖദര്‍ വേഷം മാത്രേ ധരിക്കുള്ളു.. മുട്ടോളമെത്തുന്ന ഒരു വെള്ള ഖദര്‍ ജുബ്ബയും ഒരു കരയുള്ള മുണ്ടും ആണു വേഷം. കയ്യില്‍ ഒരു വാച്ചും കറുത്ത ഫ്രെയിം ഉള്ള ഒരു കണ്ണാടിയും പിന്നെ ജുബ്ബയുടെ പോക്കെറ്റില്‍ ഒരു സ്വര്‍ണ പേനയും വേണം. ആ പേന മിക്കവാറും എന്റെ അച്ചന്‍ കൊണ്ടു വരുന്ന ഗള്‍ഫ് പേന ആയിരിക്കും. കൂടെ ഒരു കറുത്ത കാലന്‍ കുടയും കൂടിയായാല്‍ പൂര്‍ണം.

വലിയ ശുണ്ഠിക്കാരന്‍ ആയിരുന്നത്രെ അപ്പൂപ്പന്‍ജി.. അമ്മയും അമ്മമ്മയും ഒക്കെ ഇങ്ങനെ പറയുമ്പൊ എനിക്ക്‌ അതൊന്നും വിശ്വസിക്കാന്‍ പോലും പറ്റുമായിരുന്നില്ല. നാട്ടിലെ സ്കൂളില്‍ നിന്ന്‌ ഹെഡ് മാഷായി വിരമിച്ച ശേഷം നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി മുഴുവന്‍ നേരവും ചെലവഴിക്കുന്ന അവരുടെ കേസും കാര്യങ്ങളും നോക്കാന്‍ അവരെയെല്ലാം സഹായിക്കാന്‍ 15 കിലോമീറ്ററില്‍ കൂടുതല്‍ നടന്ന്‌ പാലക്കാട് ടൌണ്‍ വരെ പോകാറുള്ള മിക്കവാറും രാത്രിയില്‍ മാത്രം വീട്ടില്‍ ഉണ്ടാകുന്ന എന്റെ അപ്പൂപ്പന്‍ജി എനിക്ക്‌ മുന്നില്‍ സൌമ്യനും ശാന്തനും ആയിരുന്നു..

വീട്ടില്‍ എല്ലാവരും വളരെ പേടിയോടെ മാത്രം കണ്ടിരുന്ന അദ്ദേഹം രാവിലെ തന്നെ ഈ പറഞ്ഞ കാര്യങ്ങള്‍ക്കായി യാത്ര തുടങ്ങും. കോലായിലേക്ക്‌ ഇറങ്ങുന്നതിനു തൊട്ടു മുമ്പെ അപ്പൂപ്പന്‍ജി "ളൂ" എന്നു ഉറക്കെ വിളിക്കുമായിരുന്നു. അത്‌ എനിക്കുള്ള വിളിയായിരുന്നു.. "മോളൂ" എന്നതിന്റെ ചുരുക്ക പേരാണ്‌ "ളൂ".. ആ വിളിയുടെ ഉദ്ദേശം എനിക്ക്‌ വളരെ നന്നായി തന്നെ അറിയാം. അതിന്‌ കാതോര്‍ത്തിരിക്കുമായിരുന്ന ഞാന്‍ അത് കേട്ടതും ഓടി വന്നു ആ കവിളില്‍ ഒരുമ്മ കൊടുത്ത ശേഷം മെല്ലെ ചെവിയില്‍ ഒരു കാര്യം പറയും.

എന്താണ്‌ അന്നത്തെ ദിവസം ഈ 'ളൂ' വിന്‌ പ്രത്യേകമായി കൊണ്ടുവരേണ്ടത് എന്നതാണ്‌ ആ പറയുന്ന രഹസ്യം. ഉറക്കെ പറഞ്ഞാല്‍ ഒരു പക്ഷെ അമ്മ എന്നെ ചീത്ത പറയും 'എത്ര തിരക്കുണ്ടാവും വലിയച്ഛന്‌.. അതിനിടയിലാ ഇവള്‍ടെ ഓരോ ശൃംഗാരം'.. പക്ഷെ അതുണ്ടോ എന്നെ ഏശുന്നു... അപ്പൂപ്പന്‍ജിയും എന്റെ ഭാഗത്താണല്ലോ.. അങ്ങനെ 'രണ്ടു തലയുള്ള പെന്‍സില്‍', പിന്നെ വളരെക്കാലം എനിക്ക്‌ പ്രിയപ്പെട്ടതായിരുന്ന 'സിഗററ്റ് മിഠായി' (ഇപ്പൊ അത് എനിക്ക്‌ കിട്ടാറേയില്ല... കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പൊ പോലും ടോപ് നോട്‌ചിലും മറ്റും ഞാന്‍ ഈ അന്യം വന്നു പോയ മിഠായി അന്വേഷിച്ചിരുന്നു..), 'പച്ചയില്‍ സ്വര്‍ണ പൊട്ടുള്ള കുപ്പിവള', 'റേഡിയോ ജീരക മിഠായി' തുടങ്ങി അന്ന്‌ വേണം എന്ന്‌ എനിക്ക്‌ തോന്നുന്ന എന്തുമാകാം ഞാന്‍ അപ്പൂപ്പന്‍ജിയോട്‌ പറയുന്ന ആ രഹസ്യത്തിലെ മുഖ്യ കഥാപാത്രം.
പിന്നെ കാലുകള്‍ പൊന്തിച്ച്‌ ഇറയത്ത്‌ തൂക്കിയിട്ടിരിക്കുന്ന കാലന്‍ കുട എത്തി പിടിച്ച് എടുത്തു ആ കൈകളിലേക്ക്‌ കൊടുക്കും. അതും എന്റെ അവകാശമാണല്ലോ...

അപ്പൂപ്പന്‍ജി യുടെ ചിട്ടയും വൃത്തിയും ഒന്നു വേറെ തന്നെയായിരുന്നു എന്നു അമ്മ പറയാറുണ്ട്. അത് എന്റെ അമ്മയുടെ ജീവിതത്തെ എത്ര കണ്ട് സ്വാധീനിച്ചിട്ടുണ്ടെന്നു ഞാന്‍ കാണുന്നതുമാണ്‌... ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിലെ റെഡ്‌ ഓക്സൈഡ്‌ നിലത്ത് ചോക്കുപയോഗിച്ച്‌ ഞാന്‍ എന്തെങ്കിലും വരച്ചാല്‍ അതിന്‌ അമ്മയോ മറ്റോ ചീത്ത പറഞ്ഞാല്‍ 'കുട്ടികളുടെ മനസ്സ്‌ വേദനിപ്പിക്കരുത്' എന്ന്‌ പറഞ്ഞ്‌ എന്റെ പക്ഷം പിടിക്കാറുണ്ട് അപ്പൂപ്പന്‍ജി..

വൈകുന്നേരം കളികളെല്ലാം കളിച്ച്‌ തീര്‍ത്ത്‌ കുളിച്ച് നാമം ചൊല്ലിയ ശേഷം ഹോം വര്‍ക്ക്‌ പരിപാടികളുമായി ഇരിക്കുമ്പൊ അല്ലെങ്കില്‍ ഏട്ടനും അമ്മയും ആയുള്ള പഠന മല്‍പിടിത്തത്തിന്‌ സാക്‌ഷ്യം വഹിക്കുമ്പോള്‍ ഞാന്‍ പാടത്തേക്ക്‌ കണ്ണും നട്ടിരിക്കും. ഒരു കയ്യില്‍ കാലന്‍ കുടയും മറു കയ്യില്‍ ടോര്‍ച്ചുമായി വീടിനു മുന്നിലുള്ള വരമ്പിലേക്കു ആരെങ്കിലും തിരിയുന്നുണ്ടോ എന്ന്‌..

അപ്പൂപ്പന്‍ജി പടി കടന്ന്‌ മുറ്റത്തേക്ക്‌ കേറുന്നതും എന്നെ വിളിച്ചു കൊണ്ടായിരിക്കും. എനിക്കുള്ള പൊതി എന്നെ ഏല്‍പിച്ച ശേഷം ഇറയത്ത് കുട തൂക്കി വീട്ടിലെ ഓരോരുത്തരെയും അന്വേഷിക്കും. അതു കഴിഞ്ഞു അപ്പൂപ്പന്‍ജിയുടെ "ഏയ്..." കൊണ്ടു വരുന്ന വെള്ളം കുടിച്ച ശേഷം അന്നു നടന്ന കാര്യങ്ങളും കണ്ടു മുട്ടിയ ആള്‍ക്കാരെക്കുറിച്ചും വിശദീകരിക്കും.. പൂമുഖത്ത്‌ ഇരിക്കുന്ന എല്ലാരും ആ കാര്യങ്ങള്‍ കേട്ടു കൊണ്ടിരിക്കണം. അങ്ങനെ നിര്‍ബന്ധമുണ്ടോ എന്നറിയില്ല.. പക്ഷെ അതാണ്‌ ശീലം. വലുതായി ഒന്നും മനസ്സിലാക്കാനില്ലെങ്കിലും മിഠായിയും നുണഞ്ഞുക്കൊണ്ട് ഞാനും അതെല്ലാം കേട്ടോണ്ടിരിക്കും. സ്കൂളിലേയും കോളേജിലേയും കാര്യങ്ങള്‍ ഞാന്‍ വീട്ടില്‍ വന്ന്‌ പറയുമ്പോ അമ്മയും അച്ഛനും പറയാറുണ്ട് "നിനക്ക്‌ വലിയച്ഛന്റെ സ്വഭാവാണല്ലോ" ന്ന്‌. പക്ഷെ ഞാന്‍ കുറച്ച്‌ കഠിനമാണ്‌. ഞാന്‍ കഥകള്‍ പറയുമ്പോ ആരും വേറെ കാര്യങ്ങള്‍ ഇടയിലൂടെ സംസാരിക്കുന്നത്‌ എനിക്കിഷ്ടമല്ല. പ്രത്യേകിച്ച്‌ അമ്മ അന്ന് ഉണ്ടാക്കാനുള്ള സാമ്പാറിലെ കഷണത്തെക്കുറിച്ച് പറയുന്നത്..

ഈ സ്നേഹപൂര്‍വ്വമായ തലോടലും കൊഞ്ചലും എനിക്ക് നഷ്ടപ്പെട്ട് 13 വര്‍ഷമായിരിക്കുന്നു. എന്റെ 5-ആം ക്ലാസ്സ് കൊല്ല പരീക്ഷയുടെ അവസാന ദിവസത്തിന്റെ തലേന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്. എന്റെ മനസ്സിലെ വലിയൊരു മുറിപ്പാടായിരുന്ന അച്ഛച്ഛന്റെ മരണം നടന്നു ഒരു വര്‍ഷം തികഞ്ഞിരുന്നില്ല അപ്പോഴേക്കും... ഒരു 5-ആം ക്ലാസ്സുകാരിയുടെ വേദന എത്രപേര്‍ മനസ്സിലാക്കുമെന്നെനിക്കറിയില്ല. പക്ഷെ ഒന്നറിയാം . ഞാന്‍ ഇന്നും അതോര്‍ത്ത് സങ്കടപ്പെടാറുണ്ട്.. എന്റെ മലയാളം പരീക്ഷയ്ക്കിടയില്‍ എപ്പോഴോ എന്തെല്ലാമൊക്കെയോ തെറ്റുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. തിരിച്ച് വീടെത്തിയപ്പോള്‍ അതിന്റെ കാരണവും അറിഞ്ഞു.

പിറ്റേന്ന് ശവദാഹം. അന്ന്‌ എനിക്ക്‌ ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവം കൂടി നടന്നു. സ്ത്രീകളാരും ചിതയ്ക്ക്‌ തീ കൊളുത്തുന്ന സ്ഥലത്തേക്ക്‌ പോകാറില്ലത്രെ. പക്ഷെ തനി ചെറുതായതു കൊണ്ടോ അതോ അപ്പൂപ്പന്‍ജിയുടെ ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടി ആയതുകൊണ്ടോ എന്തോ അന്ന്‌ എന്നെ ആരും വിലക്കിയില്ല.

ഇപ്പോഴും എനിക്ക് ഒരു നിമിഷം പോലും വിടാതെ ഓര്‍ത്തെടുക്കാന്‍ പറ്റുന്നത്‌ തീയുടെ ചൂടില്‍ നിന്നു രക്ഷപ്പെട്ട്‌ അപ്പൂപ്പന്‍ജിയുടെ ആത്മാവ്‌ ദൈവത്തിന്റെ അടുത്തേക്ക്‌ പോകുന്ന ആ കാഴ്ച്ചയാണ്‌.. അത്‌ എത്ര പേര്‍ കണ്ടെന്നോ എത്ര പേര്‍ ശ്രദ്ധിച്ചെന്നോ എനിക്കറിയില്ല.. ആ പുകയിലൂടെ പ്രത്യേക രൂപമില്ലാത്ത, നിറമില്ലാത്ത, സാന്ദ്രത കൂടിയ എന്തോ ഒന്ന്‌ മുകളിലേക്ക്‌ പൊന്തി പൊന്തി പോകുന്നുണ്ടായിരുന്നു. എന്റെ കണ്ണിനു മുന്നില്‍ നിന്ന്‌ മറയുന്ന അത്രയും നേരം വരെ ഞാന്‍ ആ രൂപത്തെ നോക്കി നിന്നിരുന്നു.
അപ്പൊ ആ രൂപമില്ലാത്ത രൂപം എന്നെ നോക്കി കൈ വീശി ചിരിച്ചിരുന്നുവോ....????

ആ... അറിയില്ല...
പക്ഷെ ഇന്നും പലപ്പോഴും സ്നേഹപൂര്‍വ്വമുള്ള ഒരു തലോടലായി ആ സാന്നിദ്ധ്യം ഞാന്‍ അറിയാറുണ്ട്..