13 Aug 2008

കയ്പയ്ക്ക റബ്ബറും ചില ഓര്‍മകളും


ചൊട്ടയിലെ ശീലം ചുടല വരെ എന്നു പറയുന്നത്‌ എത്ര ശരിയാ.. പ്രൊഫഷണലിസം എന്നു നാഴികക്ക്‌ 40 വട്ടം പറഞ്ഞു നടക്കുന്ന കോര്‍പറേറ്റ്‌ മുഖങ്ങളുടെ ഇടയിലാണെങ്കിലും എന്റെ ക്യുബിക്കിളില്‍ കംപ്യൂട്ടറിന്നടുത്ത് ഒരു ബൊമ്മക്കുട്ടിയും ആമയുടെ രൂപത്തിലുള്ള കട്ടറും പിന്നെ ചെരുപ്പു പോലെയുള്ള മൊബൈല്‍ സ്റ്റാന്‍ഡും ഒക്കെയുണ്ട്. ഏത്‌ കടയിലും സൂപ്പര്‍ മാര്‍ക്കറ്റിലും ഷോപ്പിങ് മാളിലും എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്ന ഘടകം ഇതു തന്നെയണ്‌ - സ്റ്റേഷനറി. കിട്ടുന്ന സമയം കൊണ്ട് അവിടത്തെ ഓരോ ഫയല്‍, പേന, പെന്‍സില്‍, റബ്ബര്‍, കട്ടര്‍ എന്നിവ ഞന്‍ മൂന്നും നാലും തവണ തിരിച്ചും മറിച്ചും നോക്കി കഴിഞ്ഞിരിക്കും.

ബള്‍ബിന്റെയും ട്യുബ്‌ ലൈറ്റിന്റെയും കോട്ടിന്റെയും ആമയുടെയും എന്നു വേണ്ട പല രൂപത്തിലും തരത്തിലുമുള്ള ഒരു വന്‍ കട്ടര്‍ (sharpener) ശേഖരം തന്നെ എനിക്കുണ്ട്. കട്ടര്‍ മാത്രമല്ല.. റബ്ബര്‍, സ്കെയില്‍, പൂട്ടി വെക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ വിവിധ നിറങ്ങളിലുള്ള പുസ്തകങ്ങള്‍, പലവിധ ആവശ്യങ്ങള്‍ക്ക്‌ ഉപകരിക്കുന്ന ഫയലുകള്‍, സ്കെറ്റ്ച്‌ പേനകള്‍ എന്നങ്ങിനെ ഒരു വമ്പന്‍ ശേഖരത്തിന്റെ ഉടമയാണ്‌ ഞാന്‍.. അങ്ങനെയുള്ള എനിക്ക്‌ പറ്റിയ ഒരു അമളിയാണ്‌ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്‌.

പാലക്കാട് ജില്ലയിലെ ഒരു ചെറിയ പഞ്ചായത്ത്‌. പ്രദേശത്തെ 4 വരെ മാത്രമുള്ള സി.ബി.എസ്.ഇ. സ്കൂളില്‍ ഞാന്‍ ഒന്നില്‍ പഠിക്കുന്ന സമയം. അന്ന്‌ അവിടെ ഒരു കൊച്ചു താരം ആയിരുന്നു ഞാന്‍. അതിമാനുഷിക കഴിവുകള്‍ ആയിരുന്നില്ലാട്ടോ കാരണം.. ഗള്‍ഫില്‍ നിന്നു ലീവിനു വരുന്ന അച്ഛന്‍ കൊണ്ടു വരുന്ന അതിവിശേഷമായ ഭംഗിയുള്ള സാധനങ്ങള്‍ തന്നെ. സമയം സ്കൂളില്‍ പോകാനുള്ള എന്റെ പ്രത്യേക താത്പര്യത്തിനു കാരണവും അതു തന്നെയായിരുന്നു. അച്ചന്‍ വന്ന സമയമാണെങ്കില്‍ വക "ആക്രി മാക്രി" (ഏട്ടച്ചാരുടെ ഭാഷയാണേ ഇത്‌..) സാമഗ്രികള്‍ ക്ലാസ്സിലെ എല്ലാരുടെയും മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള വ്യഗ്രതയില്‍ തലേന്ന്‌ തന്നെ ടൈം ടേബിള്‍ പ്രകാരം ബാഗില്‍ പുസ്തകങ്ങള്‍ ഒതുക്കി വെയ്ക്കുകയും പിറ്റേന്ന്‌ അതിരാവിലെ എഴുന്നേറ്റ്‌ എല്ലാ കാര്യങ്ങളും ഏട്ടനേക്കാള്‍ മുമ്പെ ചെയ്ത്‌ ഓട്ടോ കേറാന്‍ റെഡിയായി നില്‍ക്കാറുമുണ്ടായിരുന്നു ഞാന്‍. എന്നാല്‍ മറ്റു ദിവസങ്ങളില്‍ ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. സ്കൂളില്‍ പോകാന്‍ തീരെ മടിയില്ലാത്ത കുട്ടി ആയിരുന്നുവെങ്കിലും ഒരു "പതുക്കെ പുഴുങ്ങിത്തര"ത്തിനു അടിമയാണ്‌ ഞാന്‍. ഓട്ടോ വന്ന്‌ കാത്ത്‌  നില്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു കൂട്ടി എന്നും ഏട്ടന്റെ കണ്ണുരുട്ടലിനു വിധേയയാകാറുണ്ട്.. ഏട്ടനാണെങ്കിലോ 'എപ്പൊ റെഡിയായി' എന്നു ചോദിച്ചാല്‍ മതി എന്ന പോലെയാണ്‌ താനും. (പക്ഷെ പിന്നീടു ഞങ്ങള്‍ പഠിച്ചതു വേറെ വേറെ സ്കൂളുകളിലായിരുന്നു കേട്ടോ.. എന്റെ ഭാഗ്യം.. ഏട്ടന്റെയും.. )

അങ്ങനെ കൊല്ലം അച്ഛന്റെ വരവില്‍ എനിക്ക്‌ ലഭിച്ച "ആക്രി മാക്രി"കളില്‍ വെച്ചു എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌ ഷൂ പോലുള്ള കട്ടറും കയ്‌പയ്‌ക്ക റബ്ബറും ആയിരുന്നു. ഒരു നാട്ടിന്‍പുറത്തായിരുന്നു എന്റെ സ്കൂള്‍ എന്നു പറഞ്ഞുവല്ലോ.. അവിടെ ഗള്‍ഫില്‍ നിന്നു കൊണ്ടു വരുന്ന കളര്‍ഫുള്‍ സാധനങ്ങള്‍ക്ക് വളരെയധികം കാഴ്ചക്കാരുണ്ടായിരുന്നു. എന്നും മലയാളികള്‍ക്ക് ഗള്‍ഫ്  സ്വപ്നങ്ങളുടെ വിളഭൂമിയാണല്ലോ..

ഒരു യഥാര്‍ത്ഥ കയ്‌പയ്‌ക്ക കത്തി ഉപയോഗിച്ചു നല്ല ഭംഗിയായി അരിഞ്ഞ് അതിന്റെ നടുക്കിലെ ഒരു കഷണം എടുത്താല്‍ എങ്ങനെയിരിക്കും? അതു പോലെയായിരുന്നു നമ്മുടെ കേന്ദ്രകഥാപാത്രത്തിന്റെലുക്ക്‌’. റബ്ബറിന്റെ നടു ഭാഗത്ത് ഒരു മഞ്ഞ വട്ടവും അതിനു ചുറ്റും  ചുവന്ന നിറത്തിലുള്ള അധികം വീതിയില്ലാത്ത വട്ടവും പിന്നെ പൂ പോലുള്ള ഭാഗത്ത് നല്ല ഭംഗിയുള്ള പച്ച നിറവും ആയിരുന്നു..


എന്റെ കയ്‌പയ്‌ക്കാ റബ്ബര്‍ തൊട്ടു നോക്കാന്‍ വരുന്നവര്‍ക്കു മുന്നില്‍ ഞാന്‍ വലിയ 'പോസ്‌' കാണിച്ച്‌ "അധികം തൊട്ടു കേട് വരുത്തല്ലേ" എന്നും പിന്നെ കുറച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ "എന്റെ വീട്ടില്‍ അലമാറയില്‍ എല്ലാ 'ഫ്രൂട്ട്‌സി'ന്റെയും 'വെജിറ്റബിള്‍സി'ന്റെയും റബ്ബറുകളുണ്ട്. അത് അമ്മ സൂക്ഷിച്ച് വെച്ചിരിക്കയാ" എന്നും മൊഴിയാറുണ്ട്.

അങ്ങനെ നമ്മുടെ കഥാപാത്രത്തിന്റെ പ്രശസ്തി കൂടി ക്കൂടി വന്നു. കൂടെ ചെറുതായി എന്റെയും. എന്റെ തൊട്ടടുത്തിരിക്കുന്ന കുട്ടി - നമുക്ക് ചക്കി എന്നു വിളിക്കാം - ഇടക്കിടെ എന്നെയും ഇതിനെയും മാറി മാറി നോക്കാറുണ്ടെങ്കിലും വലിയ പ്രാധാന്യം ഒന്നും കൊടുത്തു കണ്ടില്ല. അങ്ങനെയിരിക്കെ പുസ്തകത്തില്‍ പെന്‍സില്‍ കൊണ്ട് വരച്ച ഒരു ചിത്രം ആവേശത്തൊടെ മായ്ക്കുന്നതിന്നിടയില്‍ എന്റെ നൂറു കോടി വിലമതിക്കുന്ന കയ്പയ്‌ക്ക  റബ്ബറിന്റെ പച്ച നിറമുള്ള ഒരു ഭാഗത്ത്‌ കുറച്ച്‌ കറുപ്പ് നിറം ആയി.

കാര്യമായ ഒരു കാര്യത്തിനു ഇതുവരെ കരഞ്ഞിട്ടില്ലാത്ത എന്റെ കണ്ണുകളില്‍ ഒരു ചെറിയ തടാകം ഉണ്ടാകാന്‍ തുടങ്ങി. കണ്ണൂനീര്‍ തടാകം ആരും കാണുന്നില്ലല്ലോ എന്നുറപ്പു വരുത്താന്‍ പോലും നില്ക്കാതെ ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യങ്ങളെയെല്ലാം നിഷ്ക്കരുണം മറന്നുക്കൊണ്ട് ദൈവത്തിനുള്ളത് നല്ല രീതിയില്‍ തന്നെ കൊടുത്തു തീര്‍ത്തു.

എന്റെ പരാക്രമങ്ങള്‍ കണ്ടിട്ടാവണം അയല്‍വാസിയായ ചക്കി എന്നെ ആശ്വസിപ്പിക്കാന്‍ മുന്നോട്ട് വന്നു എന്റെ കയ്പക്ക റബ്ബറിന്റെ കറുത്തു പോയ ഭാഗം നോക്കി പറഞ്ഞു -'സങ്കടപ്പെടുകയൊന്നും വേണ്ട. സാരമില്ല. ഇതിനൊരു വഴിയുണ്ട്. റബ്ബറൊന്നു താ'. ഇത്രയും കേട്ടപ്പോള്‍ തന്നെ എന്റെ കണ്ണുകള്‍ തിളങ്ങി. പിന്നെ വേറൊന്നും ആലോചിക്കാതെ ഞാന്‍ റബ്ബര്‍ അവള്ക്ക് നേരെ നീട്ടി.

അവശ്യമായ സമയത്ത് ഒരു മാലാഖയെ പോലെ വന്ന അവള്‍ അവളുടെ സ്വന്തം റബ്ബറെടുത്ത്‌ എന്റെ റബ്ബറിലെ കറുപ്പ്‌ നിറമുള്ള ഭാഗം വൃത്തിയാക്കാന്‍ തുടങ്ങി. കുറെ നേരത്തെ കഠിന പ്രയത്നം കൊണ്ട് അത്‌ ഏതാണ്ട് പഴയ രൂപത്തിലായി. മനസ്സുക്കൊണ്ട് അവളെ ഒരുപാട് നേരം പ്രശംസിച്ചു ഞാന്‍. അത് എന്നെ തിരിച്ചേല്‍പ്പിച്ച ശേഷം അവള്‍ പറഞ്ഞു - 'ഇന്നു ഞാന്‍ ഇവിടുള്ളതോണ്ടും പിന്നെ അതില്‍ അത്രയധികം കറുപ്പ്‌ നിറം ആകാത്തതോണ്ടും പ്രശ്നമില്ല.. പക്ഷെ നാളെ ഇതൊന്നു പൊട്ടുകയോ മറ്റോ ചെയ്താലോ?'

എനിക്ക്‌ ആകെ പരിഭ്രാന്തിയായി. അത്‌ പൊട്ടുക എന്നത്‌ വളരെ സങ്കടകരമായ അവസ്ഥ തന്നെ. പക്ഷെ കൂടുതല്‍ സങ്കടം ഉമ ടീച്ചര്‍ടെ മകനും കൂട്ടുകാരും അതില്‍ ഒരുപാട് സന്തോഷിക്കില്ലേ എന്നോര്‍ത്തായിരുന്നു. അപ്പൊ നമ്മുടെ ചക്കി തുടര്‍ന്നു പറഞ്ഞു - 'ഒരു കാര്യം ചെയ്യാം. ഞാന്‍ റബ്ബറിനെ എന്റെ വീട്ടില്‍ കുഴിച്ചിടാം. സമയത്തിനു വെള്ളമൊഴിച്ചാല്‍ ഒരു രണ്ടാഴ്ച്ച കഴിയുമ്പോഴേക്കും അത് വളര്‍ന്നു വലുതാകും. പിന്നെ കൂടിയാല്‍ ഒരാഴ്ച്ച. പിന്നെ അതില്‍ നിന്നു കുറെ കയ്പക്ക റബ്ബറുകള്‍ ഉണ്ടാകും. അപ്പൊ പിന്നെ ഒരെണ്ണം ചീത്തയായാലെന്താ?'

വളരെ ന്യായമായ കാര്യം. വായനശാല വക നല്ല കര്‍ഷകനുള്ള പുരസ്കാരം കരസ്ഥമാക്കിയ അവളുടെ മുത്തശ്ശന്‍ പരിപാലിക്കുമല്ലോ എന്റെ കയ്പക്ക റബ്ബര്‍ ചെടിയേയും. അങ്ങനെ അതില്‍ മിനിമം ഒരു 10 റബ്ബര്‍ അല്ലെങ്കില്‍ വേണ്ട ഒരു 5 എണ്ണമെങ്കിലും ഉണ്ടാകില്ലെ.. അധികം ആക്രാന്തമില്ലാത്ത എനിക്ക്‌ അത്രയും മതിയായിരുന്നു. അപ്പോള്‍ എന്നിലെ പരോപകാരി ഉണര്‍ന്നു. അതിലെ ഒരെണ്ണം അവള്‍ക്കു നല്‍കാമെന്നു ഞാന്‍ അപ്പൊ തന്നെ ഏറ്റു.. പിന്നെ ക്ലാസ്സിലെ ഹീറോയും പോസ്റ്റിലെ കേന്ദ്ര കഥാപാത്രവുമായ കയ്പക്കറബ്ബറിനു ഒരു 3 മിനുട്ട്‌ ദൈര്‍ഘ്യമുള്ള ഉമ്മ സമ്മാനിച്ച ശേഷം ഞാന്‍ അത് അവളെ ഏല്‍പ്പിച്ചു. ഇത് വീട്ടില്‍ എന്നല്ല ആരോടും പറയണ്ട. അവസാനം എല്ലാവരെയും അത്ഭുതപ്പെടുത്താമെന്നും ചക്കി കൂട്ടിചേര്‍ത്തു. അവള്‍ പിന്നെ പറഞ്ഞ എന്തിനും എനിക്ക്‌ 100 ശതമാനം യോജിപ്പും സമ്മതവും ആയിരുന്നു.

കൃത്യം 2 ആഴ്ച്ച കഴിഞ്ഞതും ഞന്‍ റബ്ബറിനെ കുറിച്ച്‌ അന്വേഷിച്ചു. എന്നാല്‍ അതിനിട്ട വളം പോരായിരുന്നു എന്നായിരുന്നു ചക്കിയുടെ മറുപടീ. അപ്പൊ അവളുടെ മുത്തശ്ശന്‍ എത്രയോ ദൂരെ നിന്ന്‌ ഒരു പ്രത്യേക തരം വളം ഓഡര്‍ ചെയ്തിട്ടുണ്ടത്രെ! ഞാന്‍ വീണ്ടും സ്വപ്നലോകത്തിലേക്ക്‌ തിരിഞ്ഞു.

പിന്നെയും ആഴ്ച്ചകള്‍ കഴിഞ്ഞു. 2 മാസം കഴിഞ്ഞു. എന്റെ റബ്ബര്‍ മാത്രം കിട്ടിയില്ല.
ഓരോ പ്രാവശ്യം ചോദിക്കുമ്പോഴും ചക്കിക്ക്‌  ഓരോരോ ഉത്തരങ്ങള്‍ ഉണ്ടായിരുനു. എന്നോട്‌ എന്നെങ്കിലും അമ്മയോ ഏട്ടനോ്‌ എവിടെ നീ കുറേ കാലം കൊട്ടിഘോഷിച്ചു നടന്ന കയ്പക്ക റബ്ബര്‍ എന്നു ചോദിക്കുമ്പൊ ഞാനും പലവിധത്തിലുള്ള ഉത്തരങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ ഞാന്‍ മനസ്സില്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു - 'ഒന്നോ? ഒന്നല്ല ഒരു പത്തെണ്ണമെങ്കിലും കൊണ്ട് ഞാന്‍ എന്റെ ബോക്സ്‌ നിറയ്ക്കും. അപ്പൊ കാണാം'.

പിന്നെ പരീക്ഷാത്തിരക്ക്‌. അതു കഴിഞ്ഞ്‌ അടുത്ത കൊല്ലം തൊട്ട്‌ ഞാനും ഏട്ടനും പഠിച്ചത്  ടൌണിലെ സ്കൂളിലായിരുന്നു. അങ്ങനെ കയ്പക്കറബ്ബര്‍ ഒരു ഓര്‍മയായി മാറി..

പിന്നീട് വളരെ നാളുകള്‍ക്ക്‌ ശേഷം നാട്ടിലേക്ക്‌ പോകുന്ന വഴിയില്‍ ബസ്സ്‌ ഇറങ്ങുമ്പൊ നമ്മുടെ ചക്കിയെ കണ്ടുമുട്ടി. ചിരിച്ചോ എന്നോര്‍മയില്ല. കുറച്ച്‌ നടന്ന ശേഷം ഇതെന്റെ കൂടെ ഒന്നാം ക്ലാസില്‍ ഉണ്ടായിരുന്ന കുട്ടിയാണെന്ന്‌ അമ്മയെ അറിയിച്ചപ്പൊ പിന്നെ എന്തേ പരിചയപ്പെടുത്താതിരുന്നത് എന്ന ചോദ്യത്തിന്‌ മറുപടി ആയി ഞാന്‍ സത്യം പറഞ്ഞു. അല്ലെങ്കില്‍ അന്നാണ്‌ ഞാന്‍ സത്യം പറഞ്ഞത്‌ -
'എന്റെ കയ്പക്ക റബ്ബര്‍ ചെടിയില്‍ ഉണ്ടായ എല്ലാ റബ്ബറും അവളെടുത്തു. ഒന്നു പോലും തന്നില്ല.. അപ്പൊ ഞാന്‍ എന്തിന്‌ പരിചയപ്പെടുത്തണം? '

അമ്മയുടെ അപ്പോഴത്തെ മുഖഭാവം ഓര്‍മയില്ല.
പക്ഷെ വീട്ടില്‍ എല്ലാര്‍ക്കും കുറേ കാലത്തേക്ക്‌ എന്റെ പല ചെയ്തികള്‍ക്കുമുള്ള മറുപടി സംഭവം എന്നെ ഓര്‍മപ്പെടുത്തുക എന്നത്‌ മാത്രമായിരുന്നു എന്നു മാത്രം ഓര്‍മയുണ്ട്...

19 comments:

... n ! x ... said...

ഹാറ്റ്സ് ഓഫ് 2 മിസ്സ് ച്ക്കി... അന്നേ റബ്ബര്‍ കര്‍ഷകയായിരുന്നെങ്കില്‍ ഇന്നവള്‍ എവിടെ എത്തിയിട്ടുണ്ടാവണം? ചക്കിയെപോലെയുള്ള യുവകര്‍ഷകരെയാണു നമ്മുടെ അച്ചുമാമ്മന്‍ തേടി നടക്കുന്നത്, കേരളത്തിന്റെ കാര്ഷികാഭിവ്രിദ്ധിക്കുവേണ്ടി...

പിന്നെ, എന്റെ ഒരമ്മാവന്‍ അടുത്ത മാസം ചന്ദ്രനിലേക്കു പോണുണ്ട്.... അവിടത്തെ മണ്ണ്‌ ഈ റബ്ബര്‍ കട്ടര്‍ എന്നിവയുടെ ക്രിഷിക്കനുയോജ്യമായതാണ്. പക്ഷെ പെന്‍സില്‍ സ്കെയില്‍ എന്നിവയ്ക്കു പറ്റിയതല്ലാ ട്ടോ... അപ്പോ നീ നിന്റെ ക്യുബിക്കിളിനെ അലങ്കരിച്ചുവച്ചിരിക്കുന്ന ആ ആക്രി മാക്രി സാദനങ്ങള്‍ വെണേല്‍ നമുക്ക് ആളുടെ കയ്യില്‍ കൊടുത്തുവിടാം... മിനിമം അതുപോലത്തെ ഒരു 20 എണ്ണമെങ്കിലും നമുക്ക് വിളവെടുക്കാം... ബട്ട് 20% കമ്മീഷന്‍ തരേണ്ടി വരും. എന്താ ഒരുക്കമാണോ???

... n ! x ... said...

ഹാറ്റ്സ് ഓഫ് 2 മിസ്സ് ച്ക്കി... അന്നേ റബ്ബര്‍ കര്‍ഷകയായിരുന്നെങ്കില്‍ ഇന്നവള്‍ എവിടെ എത്തിയിട്ടുണ്ടാവണം? ചക്കിയെപോലെയുള്ള യുവകര്‍ഷകരെയാണു നമ്മുടെ അച്ചുമാമ്മന്‍ തേടി നടക്കുന്നത്, കേരളത്തിന്റെ കാര്ഷികാഭിവ്രിദ്ധിക്കുവേണ്ടി...
പിന്നെ, എന്റെ ഒരമ്മാവന്‍ അടുത്ത മാസം ചന്ദ്രനിലേക്കു പോണുണ്ട്.... അവിടത്തെ മണ്ണ്‌ ഈ റബ്ബര്‍ കട്ടര്‍ എന്നിവയുടെ ക്രിഷിക്കനുയോജ്യമായതാണ്. പക്ഷെ പെന്‍സില്‍ സ്കെയില്‍ എന്നിവയ്ക്കു പറ്റിയതല്ലാ ട്ടോ... അപ്പോ നീ നിന്റെ ക്യുബിക്കിളിനെ അലങ്കരിച്ചുവച്ചിരിക്കുന്ന ആ ആക്രി മാക്രി സാദനങ്ങള്‍ വെണേല്‍ നമുക്ക് ആളുടെ കയ്യില്‍ കൊടുത്തുവിടാം... മിനിമം അതുപോലത്തെ ഒരു 20 എണ്ണമെങ്കിലും നമുക്ക് വിളവെടുക്കാം... ബട്ട് 20% കമ്മീഷന്‍ തരേണ്ടി വരും. എന്താ ഒരുക്കമാണോ???

keralainside.net said...

Your post is being listed by www.keralainside.net.
please categorise Your post.
Thank You

Rahul S. Nair said...

പണ്ടു സര്ഫിന്റെ കൂടെ റബ്ബര് ഫ്റീ കിട്ടുവായിരുന്നു . നിന്റെ ആ പച്ച റബ്ബര് കണ്ടപ്പോള് അതാ ഓര്മ്മ വന്നത്.
ഞാന് വിചാരിച്ചിരുന്നത് പല തരത്തില്ലുള്ള ഡയറി വാങ്ങുന്ന സ്വഭാവം എനിക്ക്ക് മാത്രമുള്ള ഒരു പ്രത്യേക രോഗം ആണെന്നാണ് .. ഇപ്പൊ ആശ്വാസമായി !!!

കൊള്ളാം ഒരു പാടു ചിരിച്ചു...

Indu said...

Sathyam parayallo.. Ninakku idakkeppozho asthanathu adikittiyappol aanu ingane aayi poyathenna njan karuthiye. Pande nanachu valamittu kondu vannathanee budhiyillayma ennu ippozhalle manasilaye ...

Enthayalum kollam. Manoharamaya post :)

ദേശാടകന്‍ said...

ഇന്നു ഞാന്‍ വീട്ടില്‍ ചെന്നിട്ടു അമ്മയെ വിളിച്ചു ചോദിക്കും

ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ കൊണ്ടു തന്ന ആ പച്ച നിറത്തില്‍ പുറം ചട്ടയുള്ള നോട്ട് ബുക്ക് ഇപ്പോഴും എന്റെ പെട്ടിക്കുള്ളിലുണ്ടോ എന്ന്


ഇഷ്ടമായി ഒരുപാട്
ഇനിയും കാണാം

പെണ്‍കൊടി said...

ആദ്യമേ പറയട്ടെ..എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക്‌ വളരെയേറെ നന്ദി..
@n!x
ചന്ദ്രനിലേക്ക്‌ പോകുന്ന അമ്മാവന്റെ വിലാസം തന്നോളൂ.. നമുക്ക്‌ ഈ കൃഷി കാര്യം ആലോചിക്കാം...
@Rahul
ഡയറി വാങ്ങി വെക്കുക മാത്രമല്ല.. പല ഡയറിയിലും ഒരു വാക്ക്‌ മാത്രം എഴുതി എത്രയോ വിലപ്പെട്ടതാണെന്ന വിശ്വാസത്തോടെ ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട് ഞാന്‍.. സമാന മനസ്കരെ കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു..
@Indu
നനച്ച്‌ വളമിട്ട്‌ വളര്‍ത്താന്‍ പണ്ട് ചക്കിയുണ്ടായിരുന്നു.. ഇനിയിപ്പൊ നീയുണ്ടല്ലൊ.. ആശ്വാസം!!
@ദേശാടകന്‍
പെട്ടിക്കുള്ളില്‍ നിന്നാ നോട്ടുപുസ്തകം കണ്ടെടുത്ത്വോ?? അതിനെ ചുറ്റി പറ്റിയുള്ള ഓര്‍മകളും അവിടെത്തന്നെയില്ലേ??

സുല്‍ |Sul said...

ഹഹഹ
അതു കൊള്ളാം.
ഒന്നില്‍ പഠിക്കുമ്പോഴേ റബ്ബര്‍ കൃഷിയില്‍ തല്പരയായിരുന്നല്ലേ.

(ഈ പെണ്‍കൊടികളെല്ലാം മന്ദബുദ്ധികളാണോ തമ്പുരാനേ?)
-സുല്‍

asha said...

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ പറയാനാവാത്ത ഒരു feeling.ഇതിനെയാവും നൊസ്റ്റാള്‍ജിയ എന്ന് വിളിക്കുക ല്ലേ?

വളരെ നന്നായി എഴുതി ട്ടോ.കയ്പ്പക്ക റബ്ബറും ചക്കിയെയും പെണ്കൊടിയെയും ഒക്കെ ഞാന്‍ എന്റെ മനസ്സില്‍ കണ്ടു.

രാവിലെ മുതല്‍ ഏതോ അമേരിക്കകാര്‍ക്ക് വേണ്ടി കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു മടുത്തു.
ഇങ്ങനെയുള്ള ഓരോ സംഭവം വായിക്കുമ്പോള്‍ എന്തോ ഒരു സന്തോഷം..
കുട്ടിക്കാലം തിരിച്ചു കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു.

അതൊക്കെ പോട്ടെ..
" ബുദ്ധി " വെച്ചതിനു ശേഷം എന്നെങ്കിലും ചക്കിയെ കണ്ടിട്ടുണ്ടോ??

ഇനിയും ഇതു പോലെയുള്ള സംഭവങ്ങള്‍ എഴുതു ട്ടോ.

Tony said...

കൊള്ളാം! ചൊട്ടയിലെ ശീലം ചുടല വരെ എന്നത് കൊണ്ടു ഉദേശിച്ചത്‌ ബുദ്ധിയില്ലായ്മയെ ആണ് ആല്ലേ? പക്ഷെ അതിന്റെ ഒരു അഹങ്കാരവും നീ കാട്ടാറില്ലല്ലോ? :)
ഈ റബ്ബര്‍ ചെറുപ്പത്തില്‍ എവിടെയോ കണ്ട നല്ല പരിചയം ഉണ്ട് ! ചക്കിയുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലാട്ടോ! :)

ഇങ്ങനത്തെ ധാരാളം മണ്ടത്തരങ്ങള്‍ ജീവിതത്തില്‍ കാട്ടിക്കൂട്ടിയിട്ടുണ്ടാവും എന്നെനിക്കുറപ്പുണ്ട് ! അതെല്ലാം എഴുതിക്കോളൂ! ഞാന്‍ ചിരിച്ചോളാം! :)

Aadityan said...

വിക്രംസ് ദര്‍ബാറില്‍ നിന്നാണ് ഇവിടെ വന്നത് .എല്ലാം വായിച്ചു.നന്നയിതുണ്ട് .പോസ്റ്റ് കല്‍ തമ്മിലുള്ള ടൈം ഗാപ് കുറിക്കാന്‍ ശ്രമിക്കാമോ ? വായനക്കാര്‍ക്ക്‌ അത് സന്തോഷമായിരിക്കും . പിന്നെ സ്ഥിരമായി വൈക്കാറുള്ള ഒരു ബ്ലോഗ്
സ്നേഹപൂര്‍വ്വം ഞാന്‍ (http://snehapoorvamnjan.blogspot.com) ആകുന്നു .
രണ്ടും ഒരാള്‍ അന്നോ ? നല്ല similarity.
ഏതായാലും എന്നിയും വരാം. എല്ലാ ആശംസകളും

ഓഫ് : word verification‍ ഒന്നു മാറ്റിയാല്‍ സന്തോഷം

മാലാഘന്‍ | Malaghan said...

അമ്മാവന്‍,
ബാംഗ്ളൂര്‍ 59
എന്ന വിലാസത്തിലയച്ചോളൂ...
അമ്മാവന്‍ ആളു ഫേയ്മസ്സാണേയ്...

പെണ്‍കൊടി said...

അഭിപ്രായങ്ങള്‍ക്ക്‌ വളരെയധികം നന്ദി..

@Sul
നമ്മള്‍ വെറും പാവം.. ഈ കൃഷിയും ചതിയുമൊന്നും നമുക്ക് വശമില്ലേയ്.. അതാ പെണ്‍കൊടികളെല്ലാം ഇങ്ങനെയാണോ എന്ന സംശയം സുല്‍-ഇനു തോന്നിയത്.

@Asha
ഇതിനെയാണോ നൊസ്റ്റാള്‍ജിയ എന്നു പേരിട്ട്‌ വിളിക്കേണ്ടത്? യാതൊരു പിടിയുമില്ല.. എങ്കിലും താങ്കളെ ഇത് കുട്ടിക്കാലത്തേക്ക് എത്തിച്ചു എന്നറിഞ്ഞപ്പൊ സന്തോഷം.. ഇനി ചക്കിയെ കണ്ടുമുട്ടുകയാണെങ്കില്‍ അറിയിക്കാംട്ടോ..
@Tony
ഇനി അഥവാ ചക്കിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അന്നുണ്ടായതില്‍ നിന്നു ഒരു റബ്ബര്‍ എനിക്ക്‌ തരാന്‍ പറയണംട്ടോ..

@Aadityan
വിക്രംസ്‌ ദര്‍ബാറില്‍ നിന്നു ഇവിടെയെത്തി ഈ പോസ്റ്റുകള്‍ വായിച്ചതില്‍ സന്തോഷം. പോസ്റ്റുകള്‍ തമ്മിലുള്ള അകലം കുറയ്ക്കണമെന്നാഗ്രഹമുണ്ടെങ്കിലും ഈ ജോലിയിലെ ചിലപ്പോഴെല്ലമുള്ള തിരക്ക്‌ അത് സമ്മതിക്കുന്നില്ല. എങ്കിലും തുടര്‍ന്നും ശ്രമിക്കുന്നതാണ്‌.
‘സ്നേഹപൂര്‍വ്വം ഞാന്‍’ എന്നത് എന്റെ ബ്ളോഗ്‌ അല്ല. നല്ലൊരെണ്ണത്തിലേക്ക് വഴി കാണിച്ച്‌ തന്നതിന്‌ നന്ദി.
പിന്നെ.. താങ്കള്‍ പറഞ്ഞ പോലെ word verification മാറ്റിയിരിക്കുന്നു..

@maalaakhan
ഹൊ!!! അമ്മാവന്‍ ഇത്രമാത്രം പ്രസിദ്ധന്‍ ആയിരുന്നൊ?? എന്തായാലും വിലാസം കുറിച്ച്‌ വെച്ചിട്ടുണ്ട്..

അര്‍ഷാദ് said...

സുല്‍ പറഞ പോലെ പെണ മ്പളെര്‍ എല്ലാവരും മന്ദബുദ്ധികള്‍ അല്ല ചിലര്‍ ആണുതാനും
ഇത് വഴിചപ്പൊള്‍ നോട്ട് ബുക്ക് എന്ന ഫിലിമില്‍ റോമ ഒരു ചെടിക്ക് രസ്ന ഒഴിചു കൊടുക്കുന്നതാണു ഓര്‍മ്മ വന്നത്

പിരിക്കുട്ടി said...

kollam kayppakka rubber

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കയ്ക്കാത്ത റബ്ബറും കയ്ക്കുന്ന ഓര്‍മ്മകളും..(അതോ മധുരിക്കും ഓര്‍മ്മകളോ?)

Kripssmart said...
This comment has been removed by the author.
Helmut Dempewolf said...


Incredible story there. What occurred after? Good luck! paypal login

Werner Ebner said...


A fascinating discussion is worth comment. I think that you ought to write more on this issue, it might not be a taboo matter but typically people don't discuss such issues. To the next! Cheers!! itunes account login